എന്റെ TKM എഞ്ചിനീയറിംഗ് കോളേജ്
Symmetry, Balance, Expression, Amazing Design, Amazing Architecture…..
ഏതു പടിയിൽ കൂടി കയറിയാലും വിശാലമായ വരാന്തകളായിരുന്നു മുന്നിൽ
അകത്തളങ്ങളും നടുമുറ്റങ്ങളുമായി നീണ്ടു കിടന്ന വിദ്യാഭ്യാസ സ്ഥാപനം
ജനാബ് മുസ്ലിയാരുടെ മനസ്സ് പോലെ തന്നെ തുറന്ന വലുപ്പമുള്ള ക്ലാസ് മുറികളായിരുന്നു കോളേജിൽ
ഗജരാജൻ ഗുരുവായൂർ കേശവനെ പോലെ തലയെടുപ്പുള്ള ഒരൊന്നൊന്നര ഗാംഭീര്യമുള്ള കെട്ടിടം
എത്രമാത്രം ദീര്ഘവീക്ഷണത്തോടെയാണ് ഓരോ മുക്കും മൂലയും വരച്ചുണ്ടാക്കിയത് .. 6 ദശാബ്ദങ്ങൾക്കപ്പുറം
വിശാലമായ പോർട്ടിക്കോ, മുൻവശത്തെ പടികെട്ടുകൾക്കിടയിലെ തൂണുകൾ നടുമുറ്റം പോലെ തോന്നിക്കുന്ന Grand Entrance ഒരു Ballroom പോലെ .
സിനിമകളിൽ കാണാറുള്ള വലിയ പടികെട്ടു രണ്ടായി തിരിഞ്ഞു മുകളിൽ കയറുമ്പോൾ ഒത്ത നടുക്കായി 12 അടി യെങ്കിലും diameter ഉള്ള cut out 3 വശത്തായി കോളേജിന്റെ ഓഫീസുകൾ, പ്രിൻസിയുടെ മുറി അങ്ങനെ അങ്ങനെ എന്തെല്ലാം. കോളേജിന്റെ ഒരു സൈഡ് മുഴുവനും വലിപ്പമേറിയ ഡ്രായിങ് ഹാൾ, അത് പരീക്ഷ ഹാൾ ആയും, യാതൊരു ബുദ്ധിമുട്ടില്ലാതെ ഓഡിറ്റോറിയം ആയും മാറുന്ന ലേഔട്ട് , തടസ്സമില്ലാത്ത പരിവർത്തനങ്ങൾ, അതായിരുന്നു ഞങ്ങളുടെ കോളേജിന്റെ ഡിസൈൻ.
പോർട്ടിക്കോയിലെ തൂണുകൾക്കുള്ളിൽ പൂക്കളം ഉണ്ടാക്കുക എന്റെ ഒരു പതിവായിരുന്നു. എല്ലാ വർഷവും കോളേജ് യൂണിയൻ ഇനാഗുറേഷന് 12 അടി വലുപ്പത്തിൽ ഓരോരോ മാധ്യമങ്ങൾ ഉപയോഗിച്ച് ഓരോ മ്യൂറൽ ഉണ്ടാക്കുമായിരുന്നു; മുട്ടിലിരുന്നു ഇഴഞ്ഞു ഉണ്ടാക്കുന്നതു, മുകളിലുള്ള Cut out- ലൂടെ നോക്കുമ്പോൾ നല്ല ഭംഗിയായിരുന്നു..
ആദ്യമായി കമ്പ്യൂട്ടർ വന്നപ്പോൾ കിട്ടിയ Thermocol 1” cube ആയി മുറിച്ചത് തറയിൽ ഒട്ടിച്ചിട്ടു കോളേജിന്റെ Republic Day Illumination profile ഉണ്ടാക്കിയതും, അതിന്റെ ഇടയിൽ മുൻപിലുള്ള വാക മരത്തിന്റെ ഇലകൾ പറിച്ചു നിരത്തി, പിറ്റേന്നതെല്ലാം മരതക മുത്ത് പോലെ ആയതും, ഞങ്ങളുടെ സ്വന്തം നായ്ക്കൂട്ടങ്ങൾ കയറി നശിപ്പിക്കാതിരിക്കാൻ രാത്രി മുഴുവൻ ചുറ്റും കിടന്നുറങ്ങിയ ഞങ്ങളുടെ എല്ലാം പ്രിയപ്പെട്ട, എവിടെയോ ഒരു നക്ഷത്രം പോലെ തിളങ്ങുന്ന Shaji Sukumar, പുള്ളിക്കാരന്റെ നേതൃത്വത്തിലുള്ള പ്രിയ സുഹൃത്തുക്കളെ ഓരോരുത്തരെയും സ്നേഹത്തോടെ മാത്രമേ ഓർമ്മിക്കാൻ പറ്റൂ.
പല പല ധാന്യങ്ങൾ കൊണ്ടുണ്ടാക്കിയ ഇന്ത്യയുടെ ഭൂപടം, ഉമിക്കരി ഉപയോഗിച്ചുണ്ടാക്കിയ ആനവണ്ടിയുടെ Emblem അങ്ങനെ എന്തെല്ലാം….
ക്ലാസ് മുറികളുടെ വലിയ കതകുകൾ, അഴികളില്ലാത്ത വീതിയുള്ള പടിയുള്ള ജനാലകൾ, സത്യം ആ പടിയിൽ ഇരുന്നു സൊള്ളാത്ത ഒരൊറ്റ വിദ്യാർത്ഥിയും ഉണ്ടാവില്ല അതിൽ ചവുട്ടി ചാടി വരാന്തയിലിറങ്ങി ഓടാത്ത വില്ലന്മാരും ഉണ്ടാവില്ല.
ഇതൊക്കെ ആണെങ്കിലും ജാളികൾ എന്നെ എപ്പോഴും അത്ഭുതപെടുത്തിയിരുന്നു
Geometry-യുടെയും Calligraphy -യുടെയും ഒരു മിശ്രിതം
അതിന്റെ മറവിൽ നിന്ന് സല്ലപിക്കുന്നവരെ കാണുമ്പോൾ തീർത്തും അറബി കഥകളിലെ സുൽത്താനെയും, ഹൂറികളെയും ഓർത്തു പോകും
So very Romantically Morantic………
വീതിയേറിയ പടിക്കെട്ടുകൾ, Tread ഒരടിയിൽ കൂടുതൽ, Rise 15cms -നു താഴെ അതായിരുന്നു ഞങ്ങളുടെ പടിക്കെട്ടുകൾ; താറാക്കൂട്ടം പോലെ ബെല്ലടിക്കുമ്പോൾ താഴോട്ടും മുകളോട്ടും കയറാൻ, പിന്നെ തള്ളും ഇടിയും കഴിയുമ്പോൾ ആരുമില്ലാത്ത പടികളിലൂടെ, ഒന്ന് കാണാൻ , ഒന്ന് തൊടാൻ, മോഹിച്ചു ഒരിക്കലും പടിക്കെട്ടുകൾ അവസാനിക്കല്ലേ എന്ന് പറഞ്ഞു കയറുകയും ഇറങ്ങുകയും ചെയ്യുന്ന പഞ്ചാര കൂട്ടങ്ങൾ….
അങ്ങനെ ആരും കാണാനില്ല എന്ന് ഓർത്തു , പടികെട്ടുകളിലൂടെ ഇറങ്ങുകയും കയറുകയും ചെയ്യാൻ മനസ്സിൽ കുറിച്ചിടുന്നവരെ
പലപ്പോഴും ഞെട്ടിച്ചിരുന്നത് !
എല്ലാ ലാൻഡിങ്ങുകളിലെയും, ഗോപുരങ്ങളുടെ താഴെയുള്ള മൂലകളിൽ വളരെ രഹസ്യസ്വഭാവമുള്ള മുറികളിൽ നിന്ന് അന്നുണ്ടായിരുന്ന പല ഡിപ്പാർട്മെന്റിലെയും സാറന്മാർ ഓർക്കാപുറത്തു പുറത്തു വരുന്നതാണ് … ജാള്യത മറയ്ക്കാൻ
എപ്പോഴും കൈയ്യിലൊരു Assignment ചുരുട്ടി പിടിച്ചു submit ചെയ്യാനായി വന്ന പോലെ അഭിനയിക്കുന്ന മുതിർന്ന ആൺകുട്ടികൾ
എന്തെല്ലാം തട്ടിപ്പുകളായിരുന്നു കൈയ്യിൽ…
ഒന്നുമറിയാത്ത പോലെ ഒരു പുഞ്ചിരിയുമായി നടന്നകലുന്ന കണക്കു ഡിപ്പാർട്മെന്റിലെ പാവം സുന്ദരി മേനോൻ സാറും,
ആരെയും കാണാത്ത പോലെ ചരിഞ്ഞു വളഞ്ഞു പോകുന്ന കല്യാണിയേയും (സിവിൽ എഞ്ചിനീയറിംഗ് പ്രൊഫസർ കല്യാണ രാമൻ സർ) സ്നേഹത്തോടെ, ആദരവോടെ ഓർത്തു പോകുന്നു…
പിന്നെ അവർ പോയല്ലോ എന്ന സമാധാനത്തിൽ നിൽക്കു മ്പോൾ
കാലാപാനിയിൽ സായിപ് ലാടം വെച്ച ബൂട്സ് ഇട്ടു ജയിലറയിലേക്കു വരുന്ന BGM പോലെ,
വരാന്തയിലെ സിമന്റ് തറയിൽ മണ്ണ് ഞെരിഞ്ഞമരുന്ന ശബ്ദം അടുത്തടുത്ത് വരുന്നത് കേൾക്കാം, ആരാണെന്നു ആലോചിക്കേണ്ട കാര്യമില്ല
വിട്ടോടാ
എന്ന് പറയണ്ട
ഓടിയിരിക്കും!!!!!
അവിടെയാണ് ഞങ്ങളുടെ കോളേജിന്റെ വിശദമായ ലേഔട്ടിന്റെ മെറിറ്റ്
എല്ലാ മുറികളും ജനാലകളാൽ നിറഞ്ഞതായിരുന്നു
എല്ലാ ക്ലാസ്സ്മുറികളുടെയും രണ്ടു സൈഡിലും വരാന്ത
ജനാലകളെ പറ്റി എടുത്തു പറയാതെ വയ്യ
വലുപ്പമേറിയ ജനാലകൾ ഇഴഞ്ഞാലും, നടന്നാലും, ഓടിയാലും പിടി വീണിരിക്കും
വെറുതെ ശ്വാസം പിടിച്ചു നിന്നിട്ട്
സർ എന്ന വിളിയോടെ എന്തെങ്കിലും ഇംഗ്ലീഷ് പറഞ്ഞാൽ ചമ്മി രക്ഷപെടാം….
സത്യത്തിൽ ഇന്ന് ഓർക്കാനും സന്തോഷിക്കാനും ഇങ്ങനെ എത്ര എത്ര അനുഭവങ്ങൾ
അതിൽ നിന്ന് പഠിച്ച പാഠങ്ങൾ എത്രയോ വലുതാണ്
1 comment(s)