Dal നദിയിലെ യാത്രക്ക് ശേഷം നേരെ പോയത്, ASPIN മരങ്ങൾ ഇടതൂര്ന്നു നിൽക്കുന്ന തടാകത്തിന്റെ ഒരു വശത്തുള്ള ഉദ്യാനത്തിലേക്കാണ്. Jahangir ചക്രവർത്തി തന്റെ പ്രിയപത്നി നൂർജഹാന് പണിയിച്ച രമണീയമായ ഉദ്യാനമാണ് ഇന്നത്തെ ഷാലിമാർ,
കണ്ണെത്താദൂരത്തോളം നീണ്ടു പരന്നു കിടക്കുന്ന. കാല്പനികമായ മാന്ത്രിക ശക്തി നിറഞ്ഞു തുളുമ്പി നിൽക്കുന്ന ഒരുദ്യാനം വര്ണ്ണിക്കാനൊക്കാത്ത വണ്ണം, മരത്തിന്റെ തണലിൽ ഇരുണ്ടിരിക്കുന്ന വഴികൾ, തടാകത്തിലെ ജലം തോടുകളിലൂടെ ഉദ്യാനത്തിലൂടെ കടത്തി വിട്ടിരിക്കുന്നു, പാളിപോലെ ഒഴുകി, ഇടയ്ക്കിടെയുള്ള പടിക്കെട്ടുകളിലൂടെ തത്തികളിച്ചു ഇറങ്ങിവരുന്ന വെള്ളം, പല തട്ടിൽ നിന്നായി വരുന്ന വെള്ളം കൈവഴികളായി ഒഴുകുകയാണങ്ങനെ ശാന്തമായി.
തുള്ളിച്ചാടി ഒറ്റക്കാലിൽ ചവുട്ടി ചവുട്ടി പോകാനായി കല്ലുകൾ വെള്ളത്തിൽ ഒന്നിന് പിറകെ ഒന്നായി നിരത്തി ഇട്ടിരിക്കുന്നു. കുട്ടികൾക്കൊപ്പം മുതിർന്നവർക്കും ചവുട്ടി നടന്ന് ആസ്വദിക്കാനുള്ള പാറക്കല്ലുകൾ. ആദ്യമായിട്ടാണ് ഞാനിത്ര അധികം ജലധാരകൾ, fountains കാണുന്നത് , ആനന്ദകരമായ കാഴ്ചയാണ് നിരനിരയായുള്ള ജലധാരകൾ, മരങ്ങൾ, ചെടികൾ, പൂക്കൾ രാജോചിതമായ ഷാലിമാറിന്റെ നിഗൂഢമായ സൗന്ദര്യം അനിർവചനീയമാണ്.
ഒഴിവുസമയങ്ങൾ ആനന്ദപൂര്ണമാക്കാൻ ചക്രവർത്തിമാർക്കും റാണിമാർക്കും ഇരിക്കാനുള്ള മണ്ഡപങ്ങൾ കൊണ്ട് നിറഞ്ഞ പ്രേമപൂർണ്ണമായ ഉദ്യാനം.
കമാനങ്ങളും, കവാടങ്ങളും, തളങ്ങളും, മരങ്ങളും, ഇടവഴികളും, ചെടികളും, പൂക്കളും, പരന്നൊഴുകുന്ന നീർചാലുകളുമെല്ലാം ചേർന്ന് ഉദ്യാനത്തിന്റെ പരിപൂര്ണ്ണതയുടെ ഉച്ചസ്ഥാനം കറുത്ത Marble-ൽ കൊത്തിവെച്ച മണ്ഡപമായിരുന്നു, ചുറ്റും പരന്നൊഴുകുന്ന Dal തടാകത്തിലെ വെള്ളചാലുകളിൽ വീണ പച്ചനിറത്തിലെ പ്രതിബിംബം ആകാശം മുട്ടെ ഇലകൾ തിങ്ങി നിൽക്കുന്ന സൈപ്രസ് മരങ്ങളിലും കാണാമായിരുന്നു. മുഗൾ ശില്പകലയുടെ ഒരു പ്രത്യേകത ആണിത് , കെട്ടിടം ആവട്ടെ, ഉദ്യാനം ആവട്ടെ, ഓരോ ഘടകത്തിനും ഒരു പരമോച്ച സ്ഥാനം ഉണ്ടായിരിക്കും, നാടകം പോലെ. ഒരു ക്ലൈമാക്സ്.
വളരെ പുരാതനമായ അലങ്കാരത്തിന്റെ ഭാഗമായ കല്ലിൽ കൊത്തിവെച്ച പെർഗോളകൾ, ആഴമില്ലാത്ത തിണ്ണകൾ, അതിലൂടെ പാളിപോലെ ഒഴുകിയെത്തുന്ന Dal തടാകത്തിലെ വെള്ളം, അതിൽ പതിക്കുന്ന സൗന്ദര്യമുള്ള എന്തിന്റെയൊക്കെയോ പ്രതിബിംബം.
ഭാരത യാത്രയിലൂടെ അഞ്ചാമത്തെ സെമെസ്റ്ററിൽ പഠിച്ച മുഗൾ Architecture-ന്റെ പ്രത്യേകതകൾ നേരിട്ട് അനുഭവിച്ചു അറിയുക ആയിരുന്നു ഞങ്ങൾ ഓരോരുത്തരും. ഇന്ത്യൻ സിനിമയിലെ പല രംഗങ്ങളും ചിത്രീകരിച്ചു അനശ്വരമാക്കിയ ഇടമാണ് ഈ മനോഹരമായ ഉദ്യാനം. ഇന്നിപ്പോൾ സിനിമകളിലൂടെ മാത്രമേ പലർക്കും കാശ്മീറിന്റെ സൗന്ദര്യം ആസ്വദിക്കാൻ പറ്റൂ, ആ നില ഉടൻ മാറട്ടെ എന്ന് മോഹിക്കുന്നു. മനോഹരമാണ് നമ്മുടെ സ്വന്തം നാട്, നമ്മുടെ കാശ്മീർ.
സ്കൂൾ പഠനകാലത്തു വിരലിൽ എണ്ണാവുന്ന വിഷയങ്ങളേ ഉണ്ടായിരുന്നുള്ളൂ, ഭാഷകൾ, ജനറൽ സയൻസ്, സോഷ്യൽ സ്റ്റഡീസ്, കണക്ക്. ഇതിൽ സോഷ്യൽ സ്റ്റഡീസിലാണ് ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പേരുകൾ പഠിച്ചത്, ആൻഡ് ചേർത്ത കുറച്ചു പേരുകളിൽ ഒരു പേരായിരുന്നു ജമ്മു ആൻഡ് കാശ്മീർ, ശിശിരത്തിലും, വേനലിലും രണ്ടു തലസ്ഥാനമുള്ള സംസ്ഥാനം, ജമ്മുവും ശ്രീനഗറും. ഞങ്ങൾ എത്തിപെട്ടിരിക്കുന്നതു വേനൽ തലസ്ഥാനമായ ശ്രീനഗറിൽ അടുത്ത ദിവസം പോകുന്നത് ശിശിരത്തിലെ തലസ്ഥാനമായ ജമ്മുവിലേക്കു.
കാഴ്ചകൾ ഒക്കെ കണ്ടു തിരികെ ഹോട്ടലിൽ വന്നപ്പോൾ മിലിറ്ററി ഓഫീസറും ഭാര്യയും വീണ്ടും എന്നെ കാണാൻ വന്നിരിക്കുന്നു, എനിക്കൊരു ചെറിയ പൊതി തന്നു, അമ്മക്ക് കൊടുക്കാൻ മസ്ലിൻ തുണിയുടെ ഒരു സുന്ദരി പൊതിയിൽ ബസുമതി അരി.
തലേന്ന് ചോറുണ്ടപ്പോൾ, ഞാൻ അവരോടു പറഞ്ഞിരുന്നു ഇത്ര മൃദുലമായ, പിച്ചിപ്പൂവിന്റെ മണമുള്ള, ഉരുട്ടി വായിൽ വെക്കുമ്പോൾ ചവക്കാതെ തന്നെ അലിഞ്ഞില്ലാതാവുന്ന ചോറ് ഞാൻ ഇന്ന് വരെ കഴിച്ചിട്ടേ ഇല്ല എന്ന്; മാത്രമല്ല അമ്മയുടെ ബിരിയാണി ഈ അരിയിലെങ്ങാനും ഉണ്ടാക്കാൻ പറ്റിയാൽ സൂപ്പർ ആയിരുന്നേനെ എന്ന്.ഞങ്ങളുടെ നാട്ടിൽ കിട്ടുന്ന ബസുമതി അരിക്കിങ്ങനെ മണമില്ല, ഇത്രമാത്രം സ്വാദുമില്ല. എന്റെ കൊതിപറച്ചിലിന്റെ ആധിക്യം കാരണം അവർ അമ്മക്കു കൊടുക്കാൻ കൊണ്ടുവന്നതു സാക്ഷാൽ R S Pura -ത്തിലെ ബസുമതി അരി. അവർ അതിന്റെ പ്രത്യേകതയും പറഞ്ഞു തന്നു. വീണ്ടും കാണാം എന്ന് പറഞ്ഞു, എന്നെ ചേർത്ത് പിടിച്ചപ്പോൾ ഇന്ത്യയെ കാക്കുന്ന സൈനികന്റെയും ഭാര്യയുടെയും നല്ല മനസ്സിന് ഞാൻ ഒരായിരം നന്ദി പറഞ്ഞു.
എന്റെ കൈയ്യിലെ പൊതി കണ്ടതും ചക്കപ്പഴത്തിൽ ഈച്ച പൊതിയും പോലെ കുറച്ചു പേര് ചുറ്റും കൂടി, യാതൊരു വിഷമവുമില്ലാതെ ഞാൻ പൊതി കൈ മാറി; മണപ്പിച്ചു നോക്കിയിട്ടു എന്താണെന്ന് പറയാൻ പറഞ്ഞു. കോളേജിലെ ഏറ്റവും വലിയ പാഠ്യേതര വിഷയമാണ് മണപ്പിക്കൽ, പെൺകുട്ടികളുടെ പുറകെ നടന്നു പ്രേമിച്ചു ബിരുദാനന്തര ബിരുദം എടുക്കുന്നതിനു മണപ്പിക്കുക എന്നാണ് പറയാറ്. എഞ്ചിനീയറിംഗ് കോളേജിന്റെ മാത്രം സ്വന്തം ഐച്ഛിക വിഷയം…
പലരും മണപ്പിച്ചു അപ്പോൾ ആരോ പറഞ്ഞു ഇതിപ്പോ പേർഷ്യയിൽ നിന്നും വരുന്നവരുടെ അത്തറിന്റെ മണം പോലെ…. ആരൊക്കെയോ സുല്ലിട്ടു – അപ്പോൾ ഞാൻ പറഞ്ഞു ഇതാണ് സാക്ഷാൽ ബസ്മതി അരി, അല്പസമയത്തിനു മുന്നേ ചൊല്ലികേട്ട കാര്യങ്ങൾ എന്റെ കൂട്ടുകാരോട് അവതരിപ്പിച്ചു.
എന്തുകൊണ്ടും തന്ത്രപ്രധാനമായ സംസ്ഥാനമാണ് ജമ്മുകശ്മീർ, ഇന്ത്യയിലെ അതിമനോഹരമായ സംസ്ഥാനത്തിലെ ഒരു ഗ്രാമത്തിലാണ് ലോകത്തെ ഏറ്റവും വിശേഷപ്പെട്ട ബസുമതി അരി കൃഷി ചെയ്യുന്നത്; ഈ അരിയുടെ ഏറ്റവും വലിയ പ്രത്യേകത ഇതിന്റെ സൗരഭ്യമാണ്. ഞാനും എന്റെ പ്രായക്കാരും ജനിക്കുന്നതിനു മുന്നേ ആരുടെയൊക്കെയോ സ്വന്തം താല്പര്യത്തിനായി വെട്ടിമുറിച്ച രണ്ടു അയൽ രാജ്യങ്ങളിലൂടെ മൂകമായി ഒത്തിരി ഒത്തിരി നെടുവീർപ്പുകൾ മനസ്സിലൊതുക്കി ഒഴുകി പോകുന്ന ചെനാബ് നദിയുടെ താഴ്വാരത്തിലെ ഏക്കറു കണക്കിനുള്ള കൃഷിയിടങ്ങളിൽ നിന്ന് കൊയ്തെടുക്കുന്ന അരി. ഈ അരിയുടെ സവിശേഷതകൾക്ക് കാരണം, താഴ്വാരത്തിലെ വയലുകളിലൂടെ ഒഴുകുന്ന നദിയിലെ വെള്ളത്തിന്റെ പ്രത്യേകത ആണെന്നാണ് പ്രമാണം.
എന്തിനു പറയുന്നു വര്ഷങ്ങള്ക്കു ശേഷം നമ്മുടെ സ്വന്തം ബസുമതി അരിയുടെ അവകാശം ഒരു അമേരിക്കൻ കമ്പനി നേടിയെടുത്തു, കുറച്ചു നാൾ മുൻപ് നമ്മുടെ കാഞ്ചീപുരം പട്ടിന്റെ നിർമ്മാണ രഹസ്യവും ചീനന്മാർ തട്ടിയെടുത്തു എന്നാണു കേൾവി.. കാലം പോയ പോക്കേ
അടുത്ത ദിവസം ജമ്മുവിലേക്കു യാത്ര പോകയാണ്, ബസ്സിലാണ് ആ യാത്ര, അന്നത്തെ കാഴ്ച കണ്ടു തിരികെ വന്ന ഞങ്ങളെല്ലാം ഓർമ്മകൾ അയവിറക്കാൻ ഓരോ ചായക്കോപ്പയുമായി ഹോട്ടലിലെ സുൽത്താന്റെ നേതൃത്വത്തിൽ മുന്നിലെ ഓഫീസിൽ മുറിയിലെ തീയുടെ മുന്നിൽ കൂടിയിരുന്നു, ആരൊക്കെയോ മുറികൾക്കുള്ളിൽ പോയി വാങ്ങിയ സാധനങ്ങൾ ഒന്നുകൂടി അഴിച്ചു കൈയ്യിലെടുത്തു നോക്കാനും എയർ ബാഗുകളിൽ അടുക്കി വെയ്ക്കാനും.
തലേന്ന് തന്നെ എല്ലാ ജോലിയും തീർത്ത ഞങ്ങൾ കുറെ പേര് ജോൺ ചെറിയാൻ സാറിന്റെ ചുറ്റും കൂടി സൊറ പറയാൻ തുടങ്ങി, നാളെ എന്തൊക്കെ ചെയ്യണം എവിടെ എല്ലാം പോകണം എന്നൊക്കെ ആലോചിക്കാൻ തുടങ്ങി.
യാത്രയുടെ ഇടയിൽ പലയിടത്തും സ്വന്തക്കാരുടെ കൂടെ അവരുടെ വീട്ടിൽ പോകാനുള്ള അനുവാദം യാത്ര തുടങ്ങുന്നതിനു മുന്നെ ഞാൻ വാങ്ങിയിരുന്നു , ഉരുട്ടുന്ന എന്റെ ബാഗ് ഏല്പിച്ചിട്ടാണ് ഞാൻ ഓരോ ഇടത്തും പോകാറ്, തിരികെ വരുമ്പോൾ അത്യാവശ്യം എന്തെങ്കിലും കൂട്ടം എല്ലാവർക്കും തിന്നാൻ കൊണ്ടുവരാറുള്ളത് കൊണ്ട് വലിയ പരിഭവവും, പരാതിയുമില്ലാതെ എന്റെ ബാഗിനെ സ്നേഹപൂർവ്വം കൂട്ടുകാർ കൂടെ കൊണ്ടുപോയിരുന്നു.
ചായ മെല്ലെ ഊതി കുടിക്കുന്നതിന്റെ ഇടയിൽ ജോൺ ചെറിയാൻ സർ തന്റെ സ്വതസിദ്ധമായ അമര്ത്തിയുള്ള ചിരിയോടെ ചോദിച്ചു, നാളെ NH44 -ൽ കൂടി പോകുന്നതിന്റെ ഇടക്കിനി ബീനക്ക് എവിടെയെങ്കിലും പോകണ്ട വരുമോ
ഞാൻ ആകെ ഒന്ന് പരിഭ്രമിച്ചു
സാറിതെങ്ങനെ അറിഞ്ഞു എന്നായിരുന്നു എന്റെ ചിന്ത
കാരണം ഈ ഒരു കാര്യം ഞാൻ ഒരു ജീവിയോടും പറഞ്ഞിരുന്നില്ല, എന്ന് മാത്രമല്ല ഞാൻ പോലും ഞെട്ടുന്ന പോലെയുള്ള ഒരു സംഗമം ആണ് വിഭാവന ചെയ്തിരുന്നത്
എന്റെ ‘അമ്മ പറയാറുണ്ട് കള്ളം പറയുമ്പോൾ എന്റെ മുഖത്തു എഴുതി വെക്കുന്നത് പോലെ അമ്മക്ക് വായിച്ചെടുക്കാമെന്നു.
സത്യം, എന്റെ മുഖം എന്നെ ഒറ്റികൊടുത്തു
ആരൊക്കെയോ എന്നെ കൈയ്യോടെ പിടിച്ചു
സാറേ എന്തോ ചുറ്റിക്കളി ഉണ്ട്; നമ്മൾ അറിയാത്ത നമ്മളോട് പറയാത്ത എന്തോ ഉണ്ട് സാർ…
ഞാൻ ആണയിടാതെ പറഞ്ഞു, ഇല്ല സാർ ഒന്നുമില്ല ഇവിടെ ഈ അതിർത്തിയിലൂടെ ഉള്ള യാത്രക്കിടയിൽ ഞാൻ എവിടെ പോകാനാണ്?
പെട്ടെന്ന് വോൾടേജ് കുറഞ്ഞു, വെളിച്ചം കുറഞ്ഞു, അപ്പോഴേക്കും എല്ലാവരുടെയും ശ്രദ്ധ എന്നിൽ നിന്ന് മാറിയതും ഞാൻ മുങ്ങി.
പിറ്റേന് അതിരാവിലെ ഞങ്ങളുടെ ബസ് വന്നു, പതിവ് പോലെ എല്ലാവരും സഞ്ചിയും തൂക്കി ബസിൽ കയറാൻ തയ്യാറായി, ലഗ്ഗജ് കമ്മിറ്റിക്കാർ ബാഗുകൾ എണ്ണിതിട്ടപ്പെടുത്തി, എണ്ണം കൂടിയിരുന്നു, കണക്കിൽ വ്യതിയാനങ്ങൾ വരുത്തി എല്ലാവരും പുറപ്പെട്ടു ….
ഈ യാത്ര തുടരുന്നതായിരിക്കും
Leave A Comment