എനിക്കെത്രയും പ്രിയപ്പെട്ട ജമീല ആന്റിയുടെ വാപ്പ, Western India Plywoods-ന്റെ സ്ഥാപകൻ; ഞങ്ങളെല്ലാം സ്നേഹത്തോടെ വിളിച്ചിരുന്ന; ഉപ്പൂപ്പായുടെ ദൈനം ദിന ജീവിത രീതിയും, വേഷവും, പെരുമാറ്റ രീതിയും, വ്യവസായം ചെയ്യുന്ന രീതിയും, ആഹാരവും, എല്ലാം തന്നെ വളരെയധികം പ്രത്യേകത ഉള്ളതായിരുന്നു. സത്യത്തിൽ ഉപ്പുപ്പാനെ കാണുമ്പോൾ ആദ്യം അനുഭവപ്പെടുന്നത് എന്താണെന്നു ചോദിച്ചാൽ ഒന്നേ പറയാനുള്ളു !! മനസ്സമാധാനം.
വളരെ സൗമ്യമായി മാത്രം സംസാരിക്കുന്ന, നിർമ്മലനും പരിശുദ്ധനുമായ മനുഷ്യൻ, ഉപ്പുപ്പയുടെ തെളിഞ്ഞ മുഖം പളുങ്കു പോലെ തിളങ്ങുന്ന ആത്മാവിന്റെ പ്രതിഫലനം.
എല്ലാവരുടെയും സമയത്തിനെ ബഹുമാനിക്കുന്ന വിശാലമനസ്കൻ, കൃത്യനിഷ്ഠ ശീലമാക്കിയ നല്ലവൻ, ശുഭ്രവസ്ത്രധാരിയായി മാത്രമേ അദ്ദേഹത്തെ കണ്ടിരുന്നുള്ളൂ.
ലളിതമായ ഭക്ഷണ രീതി, വീട്ടിന്റെ പിന്നാമ്പുറത്തു വലിയ കരുതലൊന്നുമില്ലാതെ വളരുന്ന സാധാരണ പഴങ്ങളും, പച്ചക്കറികളും ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തിയിരുന്ന ഒരു ശീലമായിരുന്നു പുള്ളിക്കാരന്റേതു; പ്രാതലിനു ഓമയ്ക്ക അതായതു പപ്പായ എന്നും രാവിലെ മുടങ്ങാതെ കഴിച്ചിരുന്നു. ആരോഗ്യത്തിന് അത്യുത്തമം,ആയുസ്സിനും.
ഭക്ഷണത്തിനു എന്നും എപ്പോഴും രുചിയും, ഭാവവും, സംഗതിയും ഉണ്ടാകണം എന്ന് ബോധ്യപെട്ടത് മുതിർന്ന തലമുറയിലെ പല അമ്മമാരുടെ ജീവിതവുമായി ഇഴുകി ചേർന്നപ്പോഴാണ്. എന്റെ വല്യമ്മച്ചിയെ പറ്റി ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്, മറ്റൊരു പ്രഗത്ഭയായിരുന്നു ജമീല ആന്റിയിടെ ഉമ്മ അയ്ഷ ഉമ്മ, പുള്ളിക്കാരിയുടെ മേൽനോട്ടത്തിൽ പാകം ചെയ്ത കൊതിയൂറുന്ന സ്നേഹം തുളുമ്പുന്ന ഭക്ഷണം കഴിക്കാനുള്ള അസുലഭ അവസരം കിട്ടിയ ഞാൻ, പള്ളിക്കുന്നിലെ ആദിത്യ മര്യാദയും ഉപ്പൂപ്പയുടെയും ഉമ്മയുടെയും പെരുമാറ്റ രീതിയൊക്കെ കണ്ടു ഒത്തിരി ഒത്തിരി സന്തോഷിച്ചിട്ടുണ്ട്, ഒരു കാര്യം നെഞ്ചത്ത് കൈ വെച്ച് പറയാം അന്നത്തെ തലമുറക്കാരുടെ മനസ്സിന്റെ പുണ്യത്തെ വെല്ലാൻ ആർക്കും സാധിക്കില്ല.
എന്തെല്ലാം തരത്തിലുള്ള കറികളാണ്, വിറകടുപ്പിലും, മൺചട്ടിയിലും, കൽച്ചട്ടിയിലും, ഇരുമ്പുചട്ടിയിലും വെച്ചുണ്ടാക്കിയ വിഭവങ്ങൾ. വാത്സല്യത്തോടെ വിളമ്പുന്ന അമ്മമാർ. മധുര പലഹാരങ്ങളുടെ ഒരു ശൃംഖല തന്നെ ഉണ്ടാവും; അതിൽ എന്നെ അതിശയിപ്പിച്ചത് മുട്ടമാലയാണ്. വിരലുകൾ തീർക്കുന്ന കാവ്യങ്ങൾ കാണാനും, രുചിയുള്ള വൃത്തിയുള്ള, സ്നേഹത്തോടെ പാചകം ചെയ്ത ഭക്ഷണം കഴിക്കാനുമുള്ള യോഗം കിട്ടിയത് ഒരു പുണ്യമായി കരുതുന്നു.
ഭക്ഷണം എന്നും രമണീയമായ കലാശില്പങ്ങൾ പോലെ ആണ് ഉപ്പുപ്പയുടെ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സി-ലെ ഏതൊരു സാധനം എടുത്താലും അതിനൊക്കെ നിഗൂഢമായ, കാല്പനികതയിൽ പൊതിഞ്ഞ ഒരു അഴകുണ്ടായിരുന്നു. പല മരങ്ങൾ ഒത്തുചേർന്ന സാന്ദ്രമായ പ്ലൈവുഡിൽ, കൊത്തിയെടുത്ത ശില്പങ്ങൾ, വളരെ ശ്രദ്ധയോടെ നെയ്യുന്ന പട്ടുചേല പോലെ, ഊടും പാവും പല വർണ്ണത്തിലെ കണികകൾ കൊണ്ട് തീർത്തത്. മേന്മയേറിയ Furniture, ഒരേ അച്ചിൽ വാർത്ത വൻ തോതിലുള്ള ഉല്പന്നമാണെന്നു തോന്നുകയേ ഇല്ല, എന്തെങ്കിലുമൊരു പ്രത്യേകത കാണും ഒരോ തരം Furniture-നും. ഓരോന്നിന്റെയും കണികകൾ വ്യത്യസ്തമായിരുന്നു.,.
ഉപ്പുപ്പയുടെ ഫാക്ടറിയിലാണ്, ആദ്യമായി വീടിനാവശ്യമായ എല്ലാവിധ Furniture- കളും, വിഘടിച്ചു യോജിപ്പിക്കുന്ന രീതി കണ്ടത്, അതിശയത്തോടെ നോക്കി നിന്നിട്ടുണ്ട്. പിന്നെ അത് കശ്മീരിലെ കടയിൽ കണ്ടു; വിദേശ രാജ്യങ്ങളിൽ യാത്ര ചെയ്യുന്നതിന് എത്രയോ മുൻപാണ് ഇതൊക്കെ കണ്ടു ശീലിച്ചത്. എങ്ങനെ ചെയ്യണം എന്നുള്ള നിര്ദ്ദേശങ്ങളും ,പടവും, Allen Key- യും കാണും. അത്യാവശ്യം Screw driver, plier, ചുറ്റിക, ഒക്കെ ഉപയോഗിക്കാനുള്ള ഒരു കൈവേഗവും, ആള്താമസവും, എല്ലാത്തിലും ഉപരി താല്പര്യവും, ക്ഷമയും വേണം.
ഇരുന്നാലും കിടന്നാലും, ക്ഷീണവും, അസ്വസ്ഥതയും തോന്നാത്ത കസേര, സോഫ, കട്ടിൽ. വൈശിഷ്ട്യമാര്ന്ന പണികൾ. മെച്ചപ്പെട്ട സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഉണ്ടാക്കിയതിനാൽ, അഴിച്ചിട്ടു വീണ്ടും കൂട്ടിച്ചേർക്കുമ്പോൾ ഒന്നും അടർന്നു പോകില്ല.
വര്ഷങ്ങള്ക്കു ശേഷം 1990-ൽ Sydney ലാണ് തടികൊണ്ട് മാത്രമല്ല, സ്റ്റീൽ, അലൂമിനിയം, എന്ന് വേണ്ട പലതരത്തിലുള്ള വസ്തുക്കൾ കൊണ്ടുണ്ടാക്കുന്ന Furniture-കൾ വീട്ടുപകരണങ്ങൾ, കളിക്കോപ്പുകൾ , എല്ലാം തന്നെ പൊതിഞ്ഞു കെട്ടി കാറിന്റെ പുറകിൽ വെക്കാൻ പാകത്തിന് പരന്ന പൊതികളിൽ ഭാണ്ഡകെട്ടായി വാങ്ങാൻ പറ്റുന്ന ഇടം വീണ്ടും കണ്ടത് . IKEA , നമ്മൾ തനിയെ ഒന്നിച്ചുചേർക്കണ്ട വിഘടിച്ച സാധനങ്ങൾ. തടിയുടെ സാധനങ്ങൾ മിക്കതും, ഒരു പ്രാവശ്യം ഊരിയാൽ ആശാരിമാര് പറഞ്ഞ പോലെ അറക്കപ്പൊടി പോലെ പൊടിഞ്ഞു പോകാറുണ്ട്. IKEA- യിൽ നിന്നും വാങ്ങിയ സാധനങ്ങളിൽ ഞാൻ കണ്ട ഏറ്റവും വലിയ പോരായ്മയും അതായിരുന്നു.
ഉപ്പുപ്പയുടെ Western India Plywoods-ന്റെ ഉത്പന്നങ്ങളെ കുറിച്ച് എവിടെയും പരസ്യങ്ങൾ കൊടുത്തു കണ്ടിട്ടില്ല, അതുകൊണ്ടുതന്നെ ആർക്കും, തലശ്ശേരിയിൽ ലോകോത്തരമായ ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന ഒരു ഫാക്ടറി ഉണ്ടെന്നു അറിയുക ഇല്ലായിരുന്നു. കേട്ട് കേൾവി മാത്രമായിരുന്നു ശരണം, പക്ഷെ അറിയാവുന്നവർ, ഒരുതവണ എങ്കിലും അവിടെ നിന്ന് എന്തെങ്കിലും ഉല്പ്പന്നങ്ങള് വാങ്ങിയവർ, വീണ്ടും വീണ്ടും അവിടത്തെ ഉല്പ്പന്നങ്ങള് തേടി പിടിച്ചു വാങ്ങിയിരുന്നു.
കശ്മീരിലെ ലോഡ്ജിലെ സുൽത്താൻ കാണിച്ച കടയിൽ ഓരോ മുക്കിനും മൂലക്കും ഇരിക്കുന്ന കുട്ടി കുട്ടി സാധനങ്ങളെല്ലാം ഞാൻ കൈയ്യിലെടുത്തു നോക്കി. അപ്പോഴാണ് ഒരു കൂട്ടം കണ്ടത് രണ്ടു പലക അതിന്റെ ഇടക്കൂടെ വ്യാപിരി; അപ്പോൾ കടക്കാരൻ എന്റെ അടുത്തേക്ക് ഒരു പച്ച തുകൽ ബൈന്റിട്ട പുസ്തകവുമായി വന്നു, എന്നിട്ടു പുസ്തകം തുറന്നതിൽ വെച്ചു, വിശുദ്ധഖുറാന് !! ഞാനപ്പോൾ പുള്ളികാരനോട്, ഇങ്ങനെ വേറെ ഉണ്ടോ എന്ന് തിരക്കി, കൂടുതൽ ചിത്രപ്പണികളുള്ളതു അദ്ദേഹം Walnut -ൽ തീർത്ത നിറയെ കൊത്തുപണികളുള്ള ഒരു സ്റ്റാൻഡ് എടുത്തു കാണിച്ചു. ഉപ്പുപ്പാക്ക് വിശുദ്ധഖുറാൻ തുറന്നു വെച്ച് വായിക്കാനായി കൊത്തുപണിയുള്ള സ്റ്റാൻഡ് വാങ്ങി, മടക്കി ഒരു പുസ്തകം പോലെ വെക്കാവുന്നത്. വീണ്ടും ഓരോന്ന് നോക്കാൻ തുടങ്ങി,
ഒരു വശത്തായി മതിലിന്റെ മുകൾഭാഗം മുതൽ താഴെ വരെ ജീവൻ തുളുമ്പി നിൽക്കുന്ന പലതരം പ്രതിമകൾ തൂക്കിയിട്ടിരിക്കുന്നു, ദൈവങ്ങളുടേതാണ് കൂടുതലും, കടക്കാരൻ എടുത്തു നോക്കിക്കോളാൻ പറഞ്ഞു, കണ്ടിട്ട് വലിയ ഭാരമുള്ള ലോഹം ആണെന്ന് തോന്നി, എടുക്കാതെ മാറി നിന്നു, അപ്പോഴാണ് ഞങ്ങളുടെ കൂടെ വന്ന സുൽത്താൻ, തൂവൽ എടുക്കുന്ന ലാഘവത്തോടെ വലിയ പ്രതിമ പൊക്കി എടുത്തത്, അന്തിച്ചു പോയി, എന്റെ അങ്കലാപ്പ് കണ്ടവൻ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ദയനീയ ഭാവത്തോടെ വിളിച്ചു, ദീദി … എന്നിട്ട് പ്രതിമ എന്റെ കൈയിലേക്ക് നീട്ടി, ഞാൻ അവന്റെ കൈയ്യിൽ നിന്ന് പ്രതിമ വാങ്ങി, പൊട്ടുകുത്തുന്ന ഒരു സുന്ദരിയുടെ പ്രതിമ, ഇല്ലാത്ത മസിൽ ഒന്ന് ബലപ്പിച്ചു , കൈ വിറക്കാതെ സാധനം കൈയിലേക്ക് വാങ്ങി, എനിക്കൊട്ടും വിശ്വസിക്കാൻ കഴിഞ്ഞില്ല, ഘനമില്ല എന്ന് മാത്രമല്ല, കൈയ്യിൽ അങ്ങനെ ഒരു സാധനം ഉണ്ടെന്നു പോലും തോന്നാത്ത പോലെ, ഒരു പൂ പോലെ; കടലാസ് അരച്ച് കുഴമ്പു പരുവത്തിൽ ആക്കിയിട്ടു ഉണ്ടാക്കുന്ന അതുല്യമായ കരവിരുതുകൾ; തീരെ ഘനമില്ലാത്തതു. പക്ഷെ കണ്ടാൽ ശരിക്കും വെങ്കലം പോലെ . എന്റെ കണ്ണിന്റെ തിളക്കം കണ്ടിട്ടാവാം സുൽത്താൻ കടക്കാരനോട് വില എത്രയാണെന്ന് തിരക്കി, വില കേട്ട് ഞാൻ ഞെട്ടി, വേണം എന്ന് തല ആട്ടിയില്ല അതിനു മുന്നേ തന്നെ അദ്ദേഹം അത് പൊതിയാനായി കൊണ്ടുപോയി, അങ്ങനെ കടയിൽ നിന്നിറങ്ങിയപ്പോൾ എനിക്ക് കുറെ പൊതികളായി, കൂടെയുള്ള സുൽത്താൻ അതെല്ലാം മടികൂടാതെ കൈയ്യിൽ വാങ്ങി.
ഇനി ഒരു ദിവസം കൂടി ആണ് ശ്രീനഗറിൽ ഉള്ളത് അടുത്ത പകലും രാത്രിയും കഴിഞ്ഞാൽ പിന്നെ ഒരു നീണ്ട യാത്ര ആണ്, ബസിൽ ജമ്മു തവി യിലേക്ക്. എല്ലാവരും തിരികെ താമസസ്ഥലത്തെത്തി, അടുത്ത ദിവസം രാവിലെ 9 മണിക്ക്, Dal തടാകത്തിലൂടെ വള്ളത്തിലൊരു യാത്ര, അത് കഴിഞ്ഞു 11 മണിയോടെ പട്ടണം ചുറ്റി കാണാനും പരിപാടിയിട്ടു.
പിറ്റേന്നു എല്ലാവരും നേരത്തെ ഉറക്കമുണർന്നു, തയ്യാറായി, ബോട്ടിന്റെ കടവ് താമസിക്കുന്ന കെട്ടിടത്തിന്റെ തൊട്ടടുത്തായതിനാൽ എല്ലാവരും ബോട്ടിൽ കയറാൻ തയാറായി എത്തി. കാഴ്ചകൾ കണ്ടുള്ള 2 മണിക്കൂറത്തെ Boat യാത്രക്കുള്ള ഏർപ്പാടാണ് ചെയ്തിരുന്നത്. കുട്ടനാടും Munroeതുരുത്തും ഓർത്തുപോയി, നാട്ടിലെ ആഫ്രിക്കൻ പായലിനു പകരം ഇവിടെ ഉള്ളത് താമര വള്ളികൾ ആണെന് മാത്രം . കുഞ്ഞു കുട്ടി ആബാലവൃദ്ധം ആൾക്കാർക്കും നീന്താനും തുഴയാനും അറിയാം, പല തരത്തിലും ഭാവത്തിലുമുള്ള വള്ളങ്ങളാൽ നിറഞ്ഞ തടാകം. വിമാനത്തിൽ ഇറങ്ങാൻ നേരത്തു കണ്ട സൂചിമുനപോലെ ഉള്ള ഉയരം കൂടിയ മരങ്ങളും, മലകളും, താഴ്വാരങ്ങളുമാണ് ചുറ്റും. സമാധാനവും ലാളിത്യവും അനുഭപ്പെടുന്ന ഒരു യാത്ര,
തടാകത്തിലാകമാനം വള്ളങ്ങളാണ്, എന്തെല്ലാം സാധനങ്ങളാണ് കാശ്മീരികൾ വള്ളം തുഴഞ്ഞു നടന്നു വിൽക്കുന്നത് പല തരത്തിലെ പൂവുകൾ, കായ്കനികൾ, മലക്കറികൾ, ഭക്ഷണം പാകം ചെയ്യാനുള്ള അവശ്യസാധനങ്ങൾ എല്ലാം വള്ളത്തിൽ കൊണ്ടുനടന്നാണ് വിൽക്കുന്നത്, അതിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. കുട്ടനാട്ടിലെ പോലെ താറാവ് കൂട്ടം തടാകത്തിലൂടെ നീന്തി തുടിക്കുന്നു, തടാകത്തിന്റെ രണ്ടു വശത്തും തോണി പോയ വഴിയിലെല്ലാം പല തരത്തിലുള്ള കടകളാണ് വെള്ളത്തിൽ നിൽക്കുന്ന വീടുകൾ, മിക്കതും വലിയ ബോട്ടുകൾ ആയിരുന്നു., അവയുടെ മുൻവശത്തെ വരാന്തയിൽ വിൽക്കാനുള്ള സാധനങ്ങൾ നിരത്തി വെച്ചിരിക്കുന്നു അല്ലെങ്കിൽ തൂക്കി ഇട്ടിരിക്കുന്നു. നിറങ്ങളുടെ ഉത്സവം പോലെ. തോന്നിപ്പിക്കുന്ന പരവതാനി മുതൽ പവിഴം വരെ. പഴങ്ങളും, പട്ടുടുപ്പുകളും,. തടിയിലും ഈറയിലും ഉണ്ടാക്കിയ കരകൗശല സാമഗ്രികളുടെ കലവറ. തലമുടി പിന്നിക്കെട്ടി അലങ്കരിക്കാനുള്ള കുഞ്ചലങ്ങൾ, വളകൾ മാലകൾ വെള്ളികൊണ്ടുള്ള കിണ്ണങ്ങൾ, പൂപ്പാത്രങ്ങൾ, പഴങ്ങൾ അലങ്കരിച്ചു വെക്കാനുള്ള walnut -ന്റെ തടിയിൽ ഉണ്ടാക്കിയ പാത്രങ്ങൾ. ഇങ്ങനെ സവിശേഷതകളുള്ള അപൂർവ കലാവിരുതുകളുടെ കലവറയാണ് കാശ്മീർ
തലേന്ന് നടന്നപ്പോൾ കടകളിൽ കണ്ട എല്ലാ സാധനങ്ങളും വെള്ളത്തിലെ കടകളിലും ഉണ്ടായിരുന്നു, ഇവിടെ ആണെങ്കിൽ വള്ളം കടവത്തു അടുപ്പിച്ചാണ് സഞ്ചാരികൾ സാധനങ്ങൾ വാങ്ങാറ്. ഞങ്ങൾ തലേന്ന് തന്നെ സാധനങ്ങൾ വാങ്ങിയതിനാൽ, വള്ളം ഒരിടത്തും അടുപ്പിച്ചില്ല.
ഭൂമിയിലെ സ്വർഗം തന്നെ !!! അനുഗ്രഹീത നാട് , കോളേജിൽ നിന്ന് ഞങ്ങൾക്ക് ശേഷം കാശ്മീരിലേക്ക് മറ്റേതെങ്കിലും ബാച്ചിലെ വിദ്യാർഥികൾ വിനോദ സഞ്ചാരത്തിന് പോയതായി എനിക്കറിയില്ല. ഭയമില്ലാതെ ഈ സ്വർഗം കാണാനുള്ള അവസരം എല്ലാ ഇന്ത്യക്കാർക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥക്കുന്നു.
ഈ യാത്ര തുടരുന്നതായിരിക്കും
Leave A Comment