Delhi domestic എയർപോർട്ടിൽ എത്തി എല്ലാവരുടെയും ബാഗുകൾ ഒരുമിച്ചു കയറ്റി, അതൊരു സംഭവമായിരുന്നു. ഇന്നങ്ങനെ നടക്കില്ല. എല്ലാവരുടെയും പേര് ഒരു നീണ്ട ലിസ്റ്റിലാണ് ഉൾപ്പെടുത്തിയിരുന്നത്, ഗ്രൂപ്പ് ചെക്കിങ് ആയിരുന്നു. മൊത്തം അനുവദിച്ച ഭാരം കണക്കാക്കിയതനുസരിച്ചു ഒരുമിച്ചു ഭാരം നോക്കി, ബാഗുകൾ ഒരുമിച്ചു ടാഗ് ചെയ്തു കയറ്റി. സുരക്ഷാ പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന സമയം. കൈയ്യിൽ കുപ്പിയും വെള്ളവുമൊക്കെ കൊണ്ട് പോകാവുന്ന സമയം.
എയർ ഇന്ത്യയുടെ വിമാനമാണ്.
ഞങ്ങൾ വരിവരിയായി വിമാനത്താവളത്തിലെ കൗണ്ടറിൽ നിൽക്കുമ്പോൾ Boeing Boeing Cinema- യിൽ കണ്ടപോലെ വാനിറ്റി ബാഗ് കൈയ്യിൽ തൂക്കി Air India-യിലെ Air hostess-മാർ നടന്നു വരുന്നു. ആരും നോക്കി നിന്ന് പോകും, അവർ ഉടുത്തിരുന്നത് എയർ ഇന്ത്യക്കു വേണ്ടി പ്രത്യേകമായി നെയ്തു ഉണ്ടാക്കുന്ന Kashmir printed silk സാരികൾ. ഇവർ എല്ലാവരും ഒരേ രീതിയിൽ ആണ് സാരി ഉടുത്തിരുന്നത്, സാരിയുടെ പല്ലു മുട്ടും കഴിഞ്ഞു തറയിൽ മുട്ടുന്നതിനു ഒരു 4 ഇഞ്ചു ഉയരത്തിൽ നിൽക്കും.
ഞൊറിവുകൾ അടുക്കി വൃത്തിയായി സേഫ്റ്റി പിൻ കൊണ്ട് ബ്ലൗസിൽ കുത്തി വെച്ചിരിക്കും, വളരെ സഭ്യമായ രീതിയിൽ ദേഹത്തിന്റെ ഭാഗങ്ങളൊന്നും പുറത്തു കാണാതെയാണ് സാരി ഉടുക്കാറ്. പിന്നെ ഹൈ നെക്ക് ബ്ലൗസ് പുറം മുഴുവൻ മറച്ചതു.
വളരെ ഭംഗിയുള്ള അഴകുള്ള നിറങ്ങൾ, മുടി ഒതുക്കി പിന്നിലൊരു കൊച്ചു കൊണ്ടയും കെട്ടിയുള്ള രൂപം.
താറാക്കൂട്ടം പോലെ ഞങ്ങൾ ഇടനാഴികളിലൂടെ നടന്നു നടന്നു കുറച്ചു പോലീസുകാരും ഉദ്യോഗസ്ഥരും നിൽക്കുന്നൊരിടത്തു എത്തി. അവർ ഞങ്ങളെ ഓരോരുത്തരെ ആയി ഒരു വാതിലിന്റെ ചട്ടക്കൂട്ടിനുള്ളിലൂടെ കടത്തി ദേഹത്തൂടെ ഒക്കെ കൈ കൊണ്ട് തപ്പി നോക്കി. ഞാനാണേൽ ആരെങ്കിലും ദേഹത്തു തൊടാൻ വന്നാൽ അപ്പോൾ ചിരിക്കാൻ തുടങ്ങും. ഹിന്ദിക്കാരി പോലീസുകാരിയാണ് പരിശോധിക്കുന്നത്, അവര് എന്റെ മുഖത്തു നോക്കാതെ കൈയിലൂടെ അവരുടെ കൈ ഓടിച്ചു ഞാനങ്ങോട്ടു ചിരിക്കാനും തുടങ്ങി, ആകെ ചമ്മൽ അവരൊരു പാവം ആയിരുന്നു; അതുകൊണ്ടു ചീത്ത പറയാതെ പെട്ടെന്ന് തന്നെ തപ്പിയിട്ട് എന്റെ കൈയ്യിലുള്ള കാർഡിൽ ഒരു മുദ്ര വെച്ചിട്ടു വിട്ടു.
അവിടെ നിന്ന് പുറത്തിറങ്ങിയത് സ്കൂളിലെ ഓഡിറ്റോറിയത്തിന്റെ വലിപ്പത്തിലുള്ള ഒരു ഹാളിലേക്കായിരുന്നു. അതിന്റെ സൈഡിലായി ഒരു പുസ്തക കട പിന്നെ കുറെ കരകൗശല സാധനങ്ങൾ നിരത്തി വെച്ചിരിക്കുന്ന ചെറിയ ഒരു കട, ഞങ്ങൾക്കാകെ അറിയേണ്ടത് എങ്ങനെ വിമാനത്തിൽ കയറും എന്ന് മാത്രമായിരുന്നു, എതിലെ ആണ് പോകേണ്ടത് എന്നൊക്കെ ആലോചിച്ചു അങ്ങോട്ടുമിങ്ങോട്ടുമൊക്കെ പതുക്കെ നടന്നു നോക്കി. അപ്പോഴുണ്ട് നേരത്തെ കണ്ട Air hostess-മാരും, ടിപ്പ് ടോപ് ആയിട്ട് പാന്റും ഷർട്ടും കോട്ടും തൊപ്പിയും വെച്ച പൈലറ്റും ഞങ്ങളുടെ മുന്നിലൂടെ നടന്നു പോകുന്നു. അവർ ഒരു കതകിന്റെ അടുത്ത് ചെന്നു അത് തുറന്നപ്പോൾ പുറത്തോട്ടു റൺവെയിലോട്ടുള്ള വഴി ആണെന്ന് മനസ്സിലായി. ആ കതകിനൊരു നമ്പർ ഉണ്ടായിരുന്നു, അധികം താമസിയാതെ മൈക്കിലൂടെ ആരോ വിളിച്ചു പറഞ്ഞു ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്കു പോകുന്ന യാത്രക്കാർ ഇന്ന ഗേറ്റിലൂടെ പോകാൻ തയ്യാറാവാൻ. ഞങ്ങൾ ഒറ്റക്കൂട്ടമായി അങ്ങോട്ട് നീങ്ങി , വീണ്ടും അവിടെ നിന്ന ഉദ്യോഗസ്ഥ ഞങ്ങളുടെ കൈയ്യിലുള്ള മുദ്ര വെച്ച കാർഡ് പരിശോധിച്ച് ഞങ്ങളോട് മുന്നോട്ടു പൊയ്ക്കോളാൻ പറഞ്ഞു. കതകു തുറന്നപ്പോൾ ഒരു Ashok Leyland ബസ് ഞങ്ങളെ കാത്തു കിടക്കുന്നു. ഓരോരുത്തരായി ബസിൽ കയറി. ബസിൽ പരമാവതി ആളിനെയും കയറ്റി, വണ്ടി നേരെ പോയി , പിന്നെ വളഞ്ഞു പുളഞ്ഞു Runway-യിൽ പാർക്ക് ചെയ്തിരിക്കുന്ന പല വിമാനങ്ങളെയും താണ്ടി ഞങ്ങളുടെ വിമാനത്തിന്റെ അടുത്തെത്തി. താഴെ ഒരു Air hostess, ഞങ്ങൾ പടി കയറി മുകളിലെത്തി, അവിടെ വീണ്ടും 2 പേര് . അവർ ഞങ്ങളെ കൈ കൂപ്പി സ്വീകരിച്ചു, ആനയിച്ചു ഒരു സീറ്റിൽ കൊണ്ടുപോയി ഇരുത്തി. വിമാനത്തിൽ കയറി കഴിഞ്ഞതും ആർക്കും ഇരിക്കേണ്ട എല്ലാവരും അടുത്ത ആൾ വരാനായി കാത്തു നില്ക്കാൻ തുടങ്ങി, ഓരോരുത്തരെ ആയി കൊണ്ടിരുത്തുന്ന രീതി Air hostess-സും നിർത്തി. ഇന്ന സീറ്റ് മുതൽ ഇന്ന സീറ്റ് വരെ എവിടെ വേണമെങ്കിലും ഇരിക്കാമെന്ന ധാരണ ആയി. അങ്ങനെ അങ്ങോട്ടുമിങ്ങോട്ടും മാറിയും മറിഞ്ഞും ഇരിക്കാൻ തുടങ്ങി. ജനാലയുടെ അടുത്തിരിക്കാൻ എല്ലാവര്ക്കും ആഗ്രഹം, അങ്ങനെ അവസാനം ഒരു ഒത്തുതീർപ്പിൽ എത്തി വിമാനം പറന്നു പൊങ്ങിയതിനു ശേഷം Air hostess-നോട് ചോദിച്ചിട്ടു മാറി ഇരിക്കാം എല്ലാവര്ക്കും ഒരവസരം കിട്ടും എന്നൊരു തീർപ്പായി. ഞങ്ങൾ അത് പാലിക്കയും ചെയ്തു.
എന്നിരുന്നാലും കുറെയധികം രസകരമായ നുറുങ്ങു കുസൃതികളും ഒപ്പിക്കാൻ മറന്നില്ല. ഞങ്ങൾ എല്ലാവരും ഇരുന്നു കഴിഞ്ഞപ്പോൾ Air hostess ഒരു ചെറിയ പ്ലാസ്റ്റിക് ട്രെയിൽ കുട്ടി കുട്ടി പേപ്പർ ഗ്ലാസിൽ ഓറഞ്ച് ജ്യൂസ് കൊണ്ട് വന്നു. നുട്രിൻ മുട്ടായിയും ഉണ്ടായിരുന്നു, അപ്പോൾ തന്നെ ഞങ്ങൾ പരസ്പരം പറഞ്ഞു കാശ് കൊടുക്കണം അത് കൊണ്ട് ചില്ലറ കൈയ്യിൽ ഉള്ളവർ മാത്രം എടുത്താൽ മതിയെന്ന്, അങ്ങനെ ആദ്യം പലരും ജ്യൂസ് വേണ്ട എന്ന് പറഞ്ഞു എടുക്കാതെ ഇരുന്നു. എടുത്തവർ ഒരു രൂപയുടെ തുട്ടെടുത്തു അവരുടെ കൈയ്യിൽ കൊടുത്തു അപ്പോഴാണവർക്കു കാര്യം മനസ്സിലായത്. അവർ കാശ് തിരികെ കൊടുത്തിട്ടു പറഞ്ഞു ഇത് നിങ്ങൾക്കു ഫ്രീ ആണ് ഇത് നിങ്ങളുടെ അവകാശമാണ് എന്ന്. പിന്നെ അങ്ങോട്ട് നിർത്താതെ ജ്യൂസ് കുടി ആയി. അവരാകെ വശം കെട്ടു ആക്രാന്തം കണ്ടിട്ട്. പക്ഷെ അവർ എല്ലാവരോടും ആവശ്യത്തിന് മുട്ടായി എടുക്കാൻ നിർബന്ധിച്ചു, വിമാനം പറന്നുയരുമ്പോഴും, ഇറങ്ങുമ്പോഴും മുട്ടായി ഞുണയുന്നതു നല്ലതാണെന്നും പറഞ്ഞു. അങ്ങനെ മുട്ടായി ഞുണഞ്ഞു തിന്നാൻ തീരെ പറ്റാത്ത ഞാൻ കടിച്ചു പൊട്ടിച്ചിട്ടും ഞുണഞ്ഞു കൊണ്ടിരുന്നു.
ആകെ ഒരു മണിക്കൂറാണ് യാത്ര അതിന്റെ ഇടയിൽ എന്തൊക്കെ ആണ് നടന്നത്, കയറുമ്പോൾ കുറെ കാര്യങ്ങൾ പറഞ്ഞു തന്നു, അതിനു ശേഷം പെട്ടെന്ന് തന്നെ ഒരു ലഘു ഭക്ഷണം വിളമ്പി, അത് തീരുന്നതിനു മുന്നേ ഇറങ്ങുന്നതിനു മുന്നേ ഉള്ള കുറെ കാര്യങ്ങൾ പറഞ്ഞു, ഞങ്ങളുടെ ചിരിയിലും കളിയിലും ഒരു മണിക്കൂർ കണ്ണടച്ച് തുറക്കുന്നതിനു മുന്നേ പോയി. പലർക്കും ആദ്യമായി കത്തിയും മുള്ളും ഉപയോഗിച്ച് ഭക്ഷണം കഴിച്ച അനുഭവവും ഈ യാത്രയിലായിരുന്നു. ഇന്നും എനിക്ക് തീരെ താല്പര്യമില്ലാത്ത കാര്യമാണ് യന്ത്ര സാമഗ്രികൾ ഉപയോഗിച്ച് ഭക്ഷണം കഴിക്കുക എന്നത് ഒഴിച്ച് കൂടാൻ പറ്റാത്ത ഇടങ്ങളിൽ, ചില തരം ഭക്ഷണങ്ങൾ വാങ്ങുമ്പോൾ മാത്രം ഉപയോഗിക്കുന്നു, കൈ കൊണ്ട് ചോറുരുട്ടി കഴിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെ ആണ്. പക്ഷെ വിമാനത്തിൽ വേറെ നിവർത്തിയില്ല.
പെട്ടെന്നാണ് വിമാനം ഇറങ്ങാൻ പോകുന്നു എന്നറിയിച്ചതും എല്ലാവരും അവരവരുടെ സീറ്റിൽ ബന്ധവസ്ഥരായി ഇരിക്കണം എന്നും അറിയിപ്പുണ്ടായതും . വിമാനം ഒന്നിളകാൻ തുടങ്ങി, കുടിച്ച ഓറഞ്ചു ജൂസോക്കെ വയറ്റിൽ ഇളകി മറിയാൻ തുടങ്ങിയ പോലെ. കണ്ണ് പൂട്ടി ഇരുന്നു. അപ്പോൾ ആ അസ്വസ്ഥത മാറി. പിന്നെ കണ്ണ് തുറന്നപ്പോൾ മാനം മുട്ടി നിൽക്കുന്ന ഇലപൊഴിഞ്ഞ മരങ്ങളെ കണ്ടു. ക്രിസ്മസ് സന്ദേശങ്ങളിൽ കണ്ട മരങ്ങൾ, കൂർത്ത മുനയുള്ള മരങ്ങൾ, എല്ലാം പെട്ടെന്നായിരുന്നു. ഉന്തുവണ്ടി ഗട്ടറിൽ വീഴുന്ന പോലെ തട്ടി മുട്ടി വിമാനം തറയിൽ തട്ടി ഉരുണ്ടുരുണ്ടു മുന്നോട്ടു നീങ്ങി അപ്പോൾ ഞാൻ വീണ്ടും കണ്ണടച്ച്, അറിയാതെ ഉറങ്ങി. ഇന്നും വിമാനം പൊങ്ങുമ്പോഴും ഇറങ്ങുമ്പോഴും കണ്ണടച്ചിരുന്നാൽ ഞാൻ ഉറങ്ങി പോകും. ഗാഢമായ ഉറക്കം ഒരു നിമിഷത്തേക്കാണെങ്കിലും.
മലയാളിയുടെ മാത്രം പ്രത്യേകത അറിയാവുന്ന Air hostess വിമാനം പൂർണമായി നിൽക്കുന്നതിനു മുന്നേ ഞങ്ങളുടെ മുന്നിൽ പ്രത്യക്ഷപെട്ടു എന്നിട്ടു കൈ കൊണ്ട് കൂടി ആംഗ്യം കാണിച്ചിട്ട് ഉറക്കെ പറഞ്ഞു ആരും എഴുന്നേൽക്കരുത്. അവർ ഞങ്ങളെ നോക്കി കർശനമായി പറഞ്ഞത് കൊണ്ട് മാത്രം ഞങ്ങൾ മാന്യന്മാരെപോലെ പിടിച്ചിരുന്നു; പക്ഷെ ബെൽറ്റിന്റെ ലൈറ്റ് കെട്ടതും, സിനിമാകൊട്ടകയിലേക്കു ഇടിച്ചു കയറുന്ന പോലെ ഒരു വെപ്രാളമായിരുന്നു ആദ്യം ചാടി ഇറങ്ങാൻ.
ഞങ്ങളെ എല്ലാവരെയും സ്നേഹത്തോടെ കൈ കൂപ്പി അഭിവാദ്യം ചെയ്തു അവർ ഇറക്കി വിട്ടു
വിമാനത്തിന്റെ വാതിലിൽ അടുപ്പിച്ചു വെച്ച പടിയിലൂടെ താഴെ ഇറങ്ങി വീണ്ടും ബസിൽ കയറി പെട്ടികൾ എടുക്കാനായി ഒരു ഹാളിലേക്ക് കയറി. കുറച്ചു നേരം നിന്നതും പെട്ടികൾ ഓരോന്നായി വന്നത് പിറക്കി താഴെ വെച്ചിട്ടു എല്ലാം എണ്ണി തിട്ടപ്പെടുത്തി. ഓരോരുത്തരും അവരവരുടെ പെട്ടിയുമായി പുറത്തു കടന്നു. അവിടെ ഞങ്ങൾ താമസിക്കാൻ ഏർപ്പാടാക്കിയ Savoy ഹോട്ടലിലെ ടെമ്പോകൾ മൂന്നെണ്ണം വന്നു കിടപ്പുണ്ടായിരുന്നു.
ടെമ്പോയിൽ കയറിയപ്പോഴും പലരുടെയും ഹൃദയം വിമാനത്തിലെ മാലാഖാമാർക്കൊപ്പം ആയിരുന്നു. എന്തൊരു സൗന്ദര്യം, എന്തൊരു ആകാരവടിവ്. എന്തൊരു രസമുള്ള ജോലി പറന്നു പറന്നു നടക്കാനുള്ള ഭാഗ്യം ഇതൊക്കെ ഓർത്തു പലരുടെയും മനസ്സിൽ പല തരത്തിലെ ലഡ്ഡു പൊട്ടി.
പിൽക്കാലത്തു Singapore Airline-സിൽ സഞ്ചരിക്കാൻ തുടങ്ങിയപ്പോഴാണ് നമ്മുടെ എയർ ഇന്ത്യയിലെ മാലാഖമാർ അമ്മച്ചിമാരാണെന്ന ബോധ്യം ഉണ്ടായത്. സിങ്കപ്പൂർ എയർലൈൻസ് Air hostess കളെകണ്ടു ഞാൻ അന്തം വിട്ടിരിന്നിട്ടുണ്ട് ഒരാളല്ല എല്ലാവരും സീറോ വെയ്സ്റ്റ് സൈസ് ആണ്.
ഈ യാത്ര തുടരുന്നതായിരിക്കും
Leave A Comment