തമിഴ്നാടു വിടാൻ ഇനി അധിക നേരമില്ല, കുറച്ചു നേരം കൂടി ഉണർന്നിരിക്കാൻ തീരുമാനിച്ചു, കാട്പാടി കൂടി കഴിഞ്ഞിട്ടുറങ്ങാം, പിന്നങ്ങോട്ട് ആന്ധ്രാപ്രദേശിൽ കൂടിയാണ് അടുത്ത ദിവസത്തെ യാത്ര. ചീട്ടു കളിക്കാർ പതുക്കെ കുണുക്കൊക്കെ അഴിച്ചു വെച്ച് കിടക്കാനുള്ള വട്ടക്കൂട്ടായി. അടുത്ത ദിവസം രാത്രി ഒരു കൂട്ടം കുട്ടികൾ ഉണർന്നിരിക്കാൻ തീരുമാനിച്ചിരുന്നു, വടക്കേ ഇന്ത്യയിലേക്ക് വണ്ടി കയറിയാൽ പിന്നെ തോന്നിയപോലെ ആൾക്കാർ കയറും എന്ന് TTE ഓര്മിപ്പിച്ചതിൽ കാര്യമില്ലാതില്ല എന്ന ബോധം വന്നത് സേലത്തു വെച്ച് ഞങ്ങളുടെ ബോഗിയിലേക്കു കയറാൻ ശ്രമിച്ച രണ്ടു പേരുമായി ചില്ലറ വാക്കുതർക്കം ഉണ്ടായപ്പോഴാണ്. ഒരു വിധത്തിൽ ആണ് അവരെ അടുത്ത ബോഗിയിലേക്കു പറഞ്ഞു വിട്ടത്. പൊതുവായിട്ടുള്ള ബോഗിയുടെ അടുത്തായിരുന്നു ഞങ്ങളുടെ സ്പെഷ്യൽ ബോഗി ഘടിപ്പിച്ചിരുന്നത്, അതൊരു പ്രശ്നം ആയിരുന്നു. രണ്ടു മണിക്കൂർ കഴിയുമ്പോൾ കാട്പാടി എത്തും, ഞാനെന്റെ പ്രിയപ്പെട്ട പുസ്തകം കൈയ്യിലെടുത്തു, കിടക്കയുടെ തലവശത്തായി ഒരു ചെറിയ ലൈറ്റ് ഉണ്ട് വായിക്കാൻ ഉപയോഗിക്കാൻ. ബോഗിയിലുടനീളം വെളിച്ചം വരില്ല വായിക്കാൻ മാത്രമായി കത്തുന്ന കുഞ്ഞൊരു വിളക്ക്. Ayn Rand-ന്റെ The Fountain Head, ഇന്നും വായിക്കാൻ പുതുമയുള്ള പുസ്തകം എത്രമാത്രം സൂക്ഷ്മമായ വിവരണങ്ങളാണീ പുസ്തകം മുഴുവൻ, Architecture-ന്റെ തലതൊട്ടപ്പന്മാരിൽ ഒരാൾ എന്ന് ഞാൻ കരുതുന്ന Frank Lloyd Wright-ന്റെ സവിശേഷവ്യക്തിത്വവും അതിന്റെ സൂക്ഷ്മ ഭാവങ്ങളും,നിറഞ്ഞു നിൽക്കുന്ന മുഖ്യ കഥാപാത്രം. സ്വതന്ത്രനായ ധര്മ്മിഷ്ടൻ, സത്യനിഷ്ഠ പാലിക്കുന്ന അഹംഭാവി എന്ന് പറയാം. പുസ്തകത്തിന്റെ ഓരോ താളും ഓരോ യുഗത്തിലൂടെ എന്നെ കൊണ്ടുപൊയ്ക്കൊണ്ടിരുന്നു, ഇടക്കിടെ പുറത്തു നിന്ന് വെളിച്ചം അകത്തേക്ക് കടന്നു വരും ഒരു മിന്നായം പോലെ, മിന്നാമിനുങ്ങിന്റെ
നുറുങ്ങു വെട്ടം പോലെ അപ്പോൾ അറിയാം ഏതോ സ്റ്റേഷനിലൂടെ കടന്നു പോകുന്നു എന്ന്. ഓടുന്ന തീവണ്ടിക്കൊപ്പം ഞാനും ദൂരെ ദൂരെയുള്ള തട്ടകത്തിലെ കഥാപാത്രങ്ങളുടെ ഒപ്പം കഥയുടെ അഗാധതയിലേക്ക് ആണ്ടുപോയി. അഞ്ചാമത്തെ സെമെസ്റ്ററിൽ Architecture and Town Planning പരീക്ഷക്ക് Falling Waters – നെ കുറിച്ചെഴുതിയപ്പോൾ ആഗ്രഹിച്ചിരുന്നതാണ് എന്നെങ്കിലും ഈ വിശ്വോത്തര വാസ്തു ശില്പിയുടെ സൃഷ്ടികൾ നേരിൽ കാണണം എന്ന്, അത് സഫലീകരിക്കാൻ വർഷങ്ങൾ കാത്തിരുന്നു, കണ്ടപ്പോൾ ഞാനെന്റെ കൂട്ടുകാരെ എല്ലാം കാലത്തിനൊപ്പം കൂടെ ചേർത്ത പോലെ തോന്നി.
തീവണ്ടി കാട്പാടി എത്തി, അവിടെ ഇറങ്ങിയവരിൽ മിക്കവരും Vellore-ലേക്കു പോകുന്നവരാണ്. നാഡിപിടിച്ചു കാര്യങ്ങൾ പറയുന്ന വൈദ്യന്മാർ വളരെ വിരളമാണ്, എനിക്കറിയാവുന്ന ഒരു മിടുക്കൻ വൈദ്യൻ ഉണ്ട്. അദ്ദേഹം ദുബൈയിലാണ്, അദ്ദേഹം പറഞ്ഞതൊക്കെ അച്ചിട്ടു സംഭവിച്ചിട്ടുമുണ്ട്, അങ്ങനെ ഒരു വൈദ്യൻ കൊല്ലത്തു ചവറയിൽ ഉണ്ടായിരുന്നു, അദ്ദേഹം പറഞ്ഞതാണ് എന്റെ അമ്മയുടെ ശരീരത്തു കത്തി വെക്കരുതെന്നു, ശസ്ത്രക്രിയ ചെയ്താൽ പിന്നെ തീരാത്ത ഓരോ വ്യാധിയായി മാറുമെന്നും. അങ്ങനെ തന്നെ സംഭവിച്ചു, അങ്ങ് ഇംഗ്ലണ്ടിൽ നിന്ന് പഠിച്ചു വന്ന ഏതോ ഒരു ഡോക്ടർ പറഞ്ഞതനുസരിച്ചു , ശസ്ത്രക്രീയക്ക് വിധേയായ എന്റെ ‘അമ്മ മരിക്കുവോളം വലിവിന് അടിമ ആയി, മാത്രമല്ല 9 ശസ്ത്രക്രീയയും ചെയ്തു, അതിൽ ഒരെണ്ണം Vellore Christian Medical College- ൽ. അങ്ങനെ ആണ് ഞങ്ങൾ കാട്പാടിയിൽ എഴുപതുകളുടെ തുടക്കത്തിൽ വണ്ടി ഇറങ്ങിയതും Vellore- ൽ പോയതും
Vellore ആശുപത്രിയുടെ ഒരു വലിയ പ്രത്യേകത നാട്ടിൽ അന്ന് വരെ പോയ ആശുപത്രികളിലെ lotion-ന്റെ മണം ഇല്ല എന്നുള്ളതാണ്, മരുന്നിന്റെ മണമില്ലാത്ത ഇടം. കുറെയധികം കെട്ടിടങ്ങൾ പല തരത്തിലുള്ളവ, പല വലിപ്പത്തിൽ ഒരു നില മുതൽ പല നിലയിൽ റോഡരുകിൽ നിറയെ കുട്ടി കുട്ടി കടകൾ, എല്ലാ സ്ഥാപനങ്ങളും വ്യവഹാരങ്ങളും ആശുപത്രിയെ ചുറ്റി പറ്റിയുള്ളവ.
ആതുര സേവനം ചെയ്യാനായി തയ്യാറായവർ, കരുണയും അനുകമ്പയും വഴിഞ്ഞൊഴുകുന്ന സ്ഥലം, പഠനത്തിന് ശേഷം ചൊല്ലിയ Hippocratic പ്രതിജ്ഞാവാചകം അപ്പാടെ പിന്തുടരുന്നവർ. ഏറ്റെടുത്ത കർത്തവ്യം നിറവേറ്റാൻ പ്രതിജ്ഞാബദ്ധരായി സ്വയം സമർപ്പിച്ച ആതുര സേവകർ. വെല്ലൂർ പഠിച്ച പലരെയും നേരിട്ടറിയാവുന്ന എനിക്കൊരു കാര്യം തീർത്തു പറയാം, ഇവിടെ പഠിച്ചിറങ്ങിയ ഡോക്ടർമാർ ആവട്ടെ നേഴ്സ് ആവട്ടെ, എല്ലാവരും വളരെയധികം പ്രത്യേകത ഉള്ളവരായിരുന്നു. ‘അമ്മ അവിടെ കിടക്കുന്ന അവസരത്തിൽ ഞാൻ ആ ആശുപത്രിയിൽ അങ്ങോളം ഇങ്ങോളം നടക്കുമായിരുന്നു. കുട്ടികളുടെ കാൻസർ വാർഡ് കണ്ടു ഞാൻ തരിച്ചു നിന്നുപോയി, അന്നൊന്നും കാൻസർ എന്ന രോഗത്തിന്റെ തീവ്രതയെ പറ്റി കൂടുതലായി ഒന്നും അറിയില്ലായിരുന്നു, ഇവിടെ ജനിച്ചു വീണ കുഞ്ഞു മുതൽ പല പ്രായത്തിലുള്ള നൂറു കണക്കിന് കുട്ടികൾ നിരന്നു കിടക്കുന്നു. മിക്ക കുട്ടികളുടെയും തലമുടിയെല്ലാം കൊഴിഞ്ഞു, മെലിഞ്ഞ കുട്ടികൾ, പലരുടെയും കൈയ്യിൽ തൂങ്ങുന്ന മരുന്നിന്റെ ട്യൂബുകൾ, ദയനീമായ കിടപ്പു, മരുന്നില്ലാത്തപ്പോൾ ഒന്നും അറിയാതെ അതിലെ ഇതിലെ എല്ലാം നടക്കുന്ന കുട്ടികൾ. കാൻസർ വാർഡിലെ കുട്ടികളുടെ കൂടെ സമയം ചെലവഴിക്കുമ്പോൾ, ഈ ലോകത്തെ എല്ലാ ബുദ്ധിമുട്ടുകളും നമ്മൾ മറന്നു പോകുന്നു.
തൊഴിലിൽ ഇത്രയധികം നൈതികത പുലർത്തുന്ന ആതുരസേവകരെ മറ്റൊരു സ്ഥാപനത്തിലും ഞാൻ കണ്ടിട്ടില്ല, ഇവിടെ ഒരാളല്ല എല്ലാവരും ഒരേ പോലെ ധർമ്മം പാലിക്കുന്നു, ഏതു രോഗിക്കും വലിപ്പ ചെറുപ്പമില്ലാതെ ശുശ്രൂഷയും, ശ്രദ്ധയും ഒരുപോലെ കൊടുക്കാൻ പരിചയിച്ചവർ. ആരോടും പ്രത്യേകത കാണിക്കാത്ത പരിചരണം. ഇവിടെ ചികിത്സയിൽ ഏർപ്പെടുന്നവർക്ക്, സാധാരണ ആശുപത്രിയിൽ പെട്ട് പോയാൽ വേണ്ടുന്ന ശുപാര്ശ ആവശ്യമില്ല. അർഹിക്കുന്ന പരിചരണവും ശ്രദ്ധയും ചോദിക്കാതെ തന്നെ ചെറു ചിരിയോടെ സ്നേഹത്തോടെ അറിഞ്ഞു ചെയ്യുന്ന ആതുര സേവകർ.
മരുന്നും മന്ത്രവും മാത്രമല്ല രോഗികകൾക്കു ആശ്വാസം തരിക മനുഷ്യത്വത്തോടെ ഉള്ള പരിചരണം കൂടി ആണെന്ന് ബോദ്ധ്യപ്പെടുത്തുന്ന ആശുപത്രി, എത്ര വലിയ രോഗവുമായി ചെന്നാലും, നമ്മൾ ഒരു രോഗിയാണെന്നും ഇനി ഒരു രക്ഷയില്ല എന്നും തോന്നിപ്പിക്കാത്ത പെരുമാറ്റം, ഒത്തിരി ഒത്തിരി ആത്മവിശ്വാസം തരുന്ന അന്തരീക്ഷവും, പെരുമാറ്റവുമാണിവിടത്തെ പ്രത്യേകത. പ്രാര്ഥനാനിര്ഭരമായ വൃത്തിയുള്ള അന്തരീക്ഷം. തമിഴ്നാട്ടിൽ ആയതു കൊണ്ട് തന്നെ പൊതുവെ എല്ലാവരും സസ്യഭുക്കുകളാണ്, ദോശയും ഇഡലിയും ഉപ്പുമാവും നിർലോഭം കിട്ടുന്ന ഇടം.
Dr. Ninan Kuruvilla , ഞങ്ങൾ സ്നേഹപൂർവ്വം ബാലുച്ചായൻ എന്ന് വിളിക്കുന്ന ഡോക്ടർ, കൊല്ലത്തുള്ളവർക്കൊക്കെ പരിചയമുള്ള ഡോക്ടർ. Vellore CMC-യിലെ ഗോൾഡ് മെഡലിസ്റ് ആയിരുന്നു. ഉജ്ജ്വലമായ ബുദ്ധികൂര്മ്മതയുടെ പര്യായം ആയിരുന്നു, നൂറു കൂട്ടം പരീക്ഷണങ്ങളും, പരിശോധനകളും ഇല്ലാതെ, തൽക്ഷണം നടത്തുന്ന വിശകലനത്തിൽ വളരെ അസാധാരണമായതും, അന്ന് വരെ കേട്ടു കേൾവിയില്ലാത്തതുമായ രോഗങ്ങൾ ഞൊടിയിടയിൽ നിർണ്ണയിക്കുന്ന പ്രഗത്ഭനായ Doctor.
അമ്മയോടും അപ്പയോടും ഒരു പ്രത്യേക സ്നേഹവും ആദരവും ഉണ്ടായിരുന്ന പുള്ളിക്കാരൻ എന്റെ അമ്മയുടെ അപ്പച്ചനെയും അമ്മച്ചിയേയും കായങ്കുളത് പോയി കാണുമായിരുന്നു. വലിയപ്പച്ചന് ഏറ്റവും പ്രിയപ്പെട്ട ഡോക്ടർ. അവസാന നാൾവരെ പുള്ളിയുടെ ചികിത്സയിലും ആയിരുന്നു. അപ്പച്ചൻ അത്യാസന്ന നിലയിലൊന്നുമായിരുന്നില്ല, കൊല്ലത്തെ Benziger Hospital-ൽ ചെറിയ വലുവുമായി പുള്ളിയെ കാണാൻ വന്നപ്പോൾ, ഇവിടെ കിടക്കേണ്ട വീട്ടിൽ പോയി സ്വസ്ഥമായി കിടന്നോളു എന്ന് കൃത്യമായി പറയാനുള്ള പ്രാവീണ്യം ദൈവം കൊടുത്തിരുന്നു. എന്റെ വലിയപ്പച്ചൻ കേട്ട പാതി തിരികെ കായങ്കുളത് പോയി, എല്ലാ മക്കളുടെയും കൊച്ചു മക്കളുടെയും സാന്നിധ്യത്തിൽ സമാധാനമായി, സ്വന്തം കിടക്കയിൽ കിടന്നു ഈ ലോകത്തു നിന്ന് യാത്രയായി.
എന്റെ വലിയമ്മച്ചി മുറ്റം തൂത്തു കൊണ്ട് നിന്ന നിപ്പിനാണ് നടുവിന് വേദന സഹിക്കാൻ മേലാതെ, നിവരാൻ മേലാതെ കിടന്നു പോയത്, ഫോണെടുത്തു എന്റെ അമ്മയെ ഗ്രേസമ്മോ എന്ന് വിളിച്ചിട്ടു, ബാലുവുമായി നീ ഇത്രടം വരെ ഒന്ന് വരണമെന്ന് പറഞ്ഞു, ‘അമ്മ ഉടനെ തന്നെ ബാലുച്ചായനുമായി കായങ്കുളത്തേക്കു വിട്ടു. എല്ലാവരും പറഞ്ഞത് അമ്മച്ചിക്ക് നടു വെട്ടി എന്നാണ്, ബാലുച്ചായൻ പറഞ്ഞു വലിയമ്മച്ചിക്കു multiple myeloma ആണെന്ന്, ഉടനെ തന്നെ വിദഗ്ധ ചികിത്സക്ക് വിധേയ ആക്കണമെന്നും പറഞ്ഞു, അപ്പോൾ തന്നെ അമ്മച്ചിയെ ചികിത്സക്ക് വിധേയ ആക്കിയത് കൊണ്ട് കൂടുതൽ വിപത്തുണ്ടായില്ല.
മനസ്സിന്റെപൊരുത്തം കൊണ്ടാണോ എന്നറിയില്ല എന്റെ അപ്പ മരിച്ച അതെ ദിവസമാണ് ബാലുച്ചായനും മരിച്ചത് ഈ മാസം 17- ന്. എന്റെ അമ്മയും, അപ്പയും, പുള്ളികാരനും സ്വസ്ഥമായി വിശ്രമിക്കുന്നതും അടുത്തടുത്ത്, അമ്മക്ക് പെട്ടെന്ന് വിളിച്ചുകൊണ്ടുപോകാൻ പാകത്തിനടുത്തു
ലില്ലികുട്ടി ആന്റി, Nursing Superintendent, Telephones-ലെ വര്ഗീസ് അങ്കിളിന്റെ പ്രിയതമ Vellore CMC- യിൽ നിന്ന് പഠിച്ചു പാസ്സായ പ്രഗത്ഭ; പുള്ളിക്കാരി Kollam District Hospital- ന് ഒരു മുതല്ക്കൂട്ട് ആയിരുന്നു. രോഗികൾക്ക് ആശ്വാസം, ആശുപത്രിയിലെ ഡോക്ടർമാർക്കും മറ്റു ജീവനക്കാർക്കും മാതൃക, സ്വതസിദ്ധമായ തമാശകളിലൂടെ രോഗികളെ വിഷമങ്ങളും വേദനകളും അറിയിക്കാതെ ഏതു ദുർഘട സന്ധിയിലും എത്ര കിട്ടാത്ത ഞരമ്പും ഞൊടിയിടയിൽ തപ്പി എടുക്കുന്ന Florence Nightingale. വലിവ് കൂടിയാൽ ഞരമ്പ് കിട്ടില്ല, അപ്പോൾ പിന്നെ കാലൊക്കെ മുറിക്കണം എന്നൊക്കെ പറയുമ്പോഴേ അമ്മയുടെയും, കൂടെ നിൽക്കുന്ന ഞങ്ങളുടെയും പകുതി ജീവൻ പോകും, ഏതു പാതിരാത്രിക്കും ലില്ലിക്കുട്ടി ആന്റിയെ വിളിക്കണ്ട താമസം പുള്ളിക്കാരി വന്നു ഞരമ്പ് കണ്ടുപിടിച്ചിരിക്കും.
ഉപയോഗപ്രദമായ ചിട്ടകളും, ചട്ടങ്ങളും പ്രാവർത്തികമാക്കി രോഗികളെ സേവിക്കാൻ മാത്രം ജീവിതം ഉഴിഞ്ഞു വെച്ചവർ. ഇതൊക്കെ സർക്കാർ ആശുപത്രിയിൽ വളരെ അപൂർവമായി കാണുന്ന കാഴ്ചകൾ. എന്റെ ‘അമ്മ സ്ഥിരമായി വലിവ് കൂടി ശ്വാസം കിട്ടാതെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, അവിടെ ജോലിചെയ്യുന്ന ഓരോരുത്തരും ഞങ്ങളുടെ സ്വന്തമാവുകയും ചെയ്തിരുന്ന എന്റെ സ്കൂൾ പഠന കാലം, സ്കൂളിന്റെ മുന്നിലുള്ള തുയ്യത്തു പള്ളിയുടെ മതിലിനോട് ചേർന്നുള്ള ഇടവഴിയിലൂടെ സ്ഥിരമായി ഓടി കയറി Rotary Pay Ward-ൽ കിടക്കുന്ന അമ്മയെ കാണാൻ പോവുക പതിവായിരുന്നു. അമ്മയെ മാത്രമല്ല അമ്മയുടെ അടുത്ത മുറികളിലുള്ള എല്ലാ രോഗികളുടെയും നിത്യ സന്ദർശക ആയിരുന്നു. സുഖമില്ലാതെ കിടക്കുന്നവരെ തനിയെ എഴുതിക്കുറിച്ചുണ്ടാക്കിയ മോണോ ആക്ട് ഒക്കെ കാട്ടി ചിരിപ്പിക്കുക, വാ തോരാതെ സംസാരിച്ചു അവരുടെ വേദനകൾ മാറ്റുക, മാറി നില്കാതെ ഒരു കൈ നീട്ടി കരങ്ങൾ ഗ്രഹിക്കാൻ പഠിച്ച ഇടം.
ഈ യാത്ര തുടരുന്നതായിരിക്കും..
Leave A Comment