കപ്പൽ വളരെ സാവധാനത്തിലാണ് നീങ്ങി തുടങ്ങിയത്, ഞങ്ങൾ അങ്ങനെ അറബി കടലിന്റെ നെക്ളേസ് എന്ന് വിളിക്കുന്ന, എല്ലാത്തരം ആൾക്കാരും എന്തങ്കിലും ചെയ്തു ജീവിതത്തിൽ മുന്നേറാമെന്ന വിശ്വാസത്തോടെ വണ്ടികയറി വരുന്ന പ്രഗത്ഭരുടേയും, പണക്കാരുടെയും, പാവപ്പെട്ടവരുടെയും നഗരത്തിനോട് വിട പറഞ് പതിയെ തെക്കോട്ടുള്ള മടക്ക യാത്ര ആരംഭിച്ചു.
വെയിലുറച്ചെങ്കിലും കാറ്റിന് നല്ല കുളിർമ ആയിരുന്നു. ഉപ്പു ചുവയുള്ള കാറ്റിനു വല്ലാത്തൊരു സുഖമായിരുന്നു . വെള്ളത്തിൽ നിന്ന് നഗരം നോക്കി കാണുമ്പോൾ ബോംബെ നഗരം നമ്മുടെ മനസ്സിൽ കുടിയേറിയ പോലെ തോന്നും, നിറഞ്ഞു നിൽക്കുന്ന പോലെ, കഴിഞ്ഞ കുറെ ദിവസങ്ങളായി കണ്ട കാഴ്ചകളെക്കാൾ, അവിടെ പരിചയപ്പെട്ടതും കണ്ടതുമായ മനുഷ്യർ മനസ്സിൽ കുടിയേറി പാർത്ത പോലെ.
ലോഡ്ജിലെ എന്റെ സില്ബന്ധി പയ്യനും, തട്ടുകടയിലെ അണ്ണാച്ചിയും, നാസറിന്റെ കസിൻ ഇഖ്ബാലും, കാമാത്തിപുരയിൽ കണ്ട പല വേഷത്തിലും ഭാവത്തിലുമുള്ള മനുഷ്യരും ഹൃദയത്തിൽ നിറഞ്ഞങ്ങനെ നില്ന്നുക്കു.
അവരുടെ ജീവിതത്തിലെ മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും അംശം കമ്പിയില്ലാ കമ്പി വഴി എന്റെ ഉള്ളിലേക്ക് കടത്തി വിട്ട പോലെ. അറിയാതെ കൈ വീശി യാത്ര പറഞ്ഞു, തിരികെ കൈ വീശാൻ ആരും ഉണ്ടായിരുന്നില്ല എന്നിരുന്നാലും മനസ്സിന് ഒരു സുഖംതോന്നി .
ഒരു പത്തു മിനിട്ടു കഴിഞ്ഞപ്പോൾ വെളിയിൽ വെച്ച് കണ്ട കാക്കി വേഷമിട്ട മലയാളി ഞങ്ങളുടെ അടുത്തേക്ക് വന്നു. പുള്ളിക്കാരനെ കണ്ടതും സംശയങ്ങളുടെ പെരു മഴ വീണ്ടും ആരംഭിച്ചു.
എല്ലാവര്ക്കും പൊതുവായി ഒരു ചോദ്യമാണുണ്ടായിരുന്നത് ഭക്ഷണത്തിന്റെ വിവരങ്ങൾ, എപ്പോൾ? എങ്ങിനെ? എവിടെ? പുള്ളിക്കാരൻ സാവകാശം എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞു.
അപ്പോൾ കാക്കി നിക്കറിട്ട ഒരു പയ്യൻ, ഒരു ബക്കറ്റ് നിറയെ കുപ്പികളുമായി ഞങ്ങളുടെ അടുത്തേക്ക് വന്നു, ബക്കറ്റിൽ താഴെയായി ഐസ് പൊട്ടിച്ചിട്ടിട്ടുണ്ട്. അതിൽ Limca- യുടെയും Thums Up-ന്റെയും കുപ്പികൾ കുത്തിത്തിരുകി വെച്ചിരിക്കുന്നു. ആവശ്യക്കാർക്കു കാശുകൊടുത്തു വാങ്ങി കുടിക്കാം,
പയ്യന്റെ കാക്കി മേലങ്കി പോലത്തെ ഉടുപ്പ് നിറയെ വലിയ പോക്കറ്റുകൾ. വളരെ പ്രത്യേകത തോന്നുന്ന ഉടുപ്പ്, അതിന്റെ ഓരോ പോക്കറ്റിൽ നിന്നും അടപ്പുകൾ പുറത്തോട്ടു കാണാം. താഴോട്ടുള്ള കുപ്പിയോ അതിന്റെ ഉള്ളിലുള്ളതെന്താണെന്നോ കാണാൻ പറ്റുന്നില്ല. ചിലരെ കാണുമ്പോൾ ഒന്നും മിണ്ടാതെ തന്നെ അവൻ അതെടുത്തു കൊടുക്കുന്നു, കാശ് വാങ്ങുന്നു.
ഞാൻ ആദ്യമായി Limca കാണുന്നത് കൊല്ലം റെയിൽവേ സ്റ്റേഷനിൽ 1978 February 14-നാണു. എന്റെ സൈക്കിളിൽ കയറി മുതിർന്ന ക്ലാസ്സിലെ കുട്ടിയെ കാണാൻ പോയപ്പോഴാണ്, കടപ്പലഹാരം തിന്നു നല്ല ശീലമുള്ള പുള്ളിക്കാരൻ എനിക്ക് Limca വാങ്ങി തന്നത്.
ഇങ്ങനെയുള്ള പാനീയങ്ങൾ ഒന്നും കുടിക്കില്ല എന്ന് പറഞ്ഞു നോക്കി. അപ്പോൾ പുള്ളിക്കാരൻ അന്തം വിട്ടെന്നെ നോക്കി, വിശ്വാസമില്ലാത്ത പോലെ എന്നിട്ടു പറഞ്ഞു ഒരല്പം സിപ് ചെയ്തു നോക്കൂ, ഇഷ്ടപ്പെട്ടില്ല എങ്കിൽ പുള്ളിക്കാരൻ കുടിച്ചോളാം എന്നു പറഞ്ഞു. അതും കൂടെ കേട്ടപ്പോൾ എനിക്കാകെ അങ്കലാപ്പായി കാരണം നമ്മൾ കുടിച്ച ഗ്ലാസ്സോ കുപ്പിയോ വേറൊരാൾക്കു കൂടി കുടിക്കാൻ കൊടുക്കണമെങ്കിൽ വക്കു മുത്തി കുടിക്കാൻ പറ്റില്ല. കുപ്പി ഉയർത്തി തൊണ്ടയിലോട്ടു അല്പം കമഴ്ത്തിയതും, എന്റെ മൂക്കിൽ കൂടിയും വായിൽകൂടിയുമെല്ലാം നുരയും പതയുമെല്ലാം വന്ന്ഞാൻ വീണ്ടും ഓട്ടോറിക്ഷ സ്റ്റാർട്ട് ആക്കുന്ന പോലെ ചീറ്റാനും തുമ്മാനും തുടങ്ങി. ഒരു തരം പുളിയും മധുരവുമുള്ള ഗ്യാസ്. വയറ്റിനകത്തു കുത്തി കയറിയ പോലെ. ആദ്യത്തെ കവിളറിക്കിയതോടെ ഞാൻ നിർത്തി.
Thums Up- ന്റെ കാര്യം അതിലും തമാശയായി തോന്നി, പ്രെസ്സിൽ അച്ചടിക്കുന്ന ഓരോ matter-ന്റേയും അക്ഷര തെറ്റുകൾ നോക്കി നടന്ന എനിക്ക്, ആ കുപ്പിയിലെ ലോഗോയിൽ കാണിച്ചിരിക്കുന്ന കൈ വിരലിന്റെ ആംഗ്യത്തിന്റെ, ശരിയായ ഇംഗ്ലീഷ് വാക്ക് എഴുതാൻ കൈ തരിച്ചു കൊണ്ടേ ഇരുന്നു. ഇവരെഴുതിയപ്പോ എങ്ങനെയാണീ B എന്ന അക്ഷരം വിട്ടത്? അമേരിക്കക്കാരുടെ സാധനം ആയിരുന്നെങ്കിൽ സമ്മതിക്കാമായിരുന്നു, പകുതി അക്ഷരമേ കാണൂ. പക്ഷെ ഈ സാധനം ഇന്ത്യക്കാരുടേതാണ്. എനിക്കൊന്നും മനസ്സിലായില്ല. Thumbs up- ൽ B ഇല്ല വെറും Thums up മാത്രം.
ഒരു കാര്യം തീർച്ച ഈ കുപ്പികളിൽ നിറച്ച ഓരോരോ പാനീയങ്ങൾ ഞാനെന്തായാലും ഒരിക്കലും കുടിക്കാൻ പോകുന്നില്ല. ഇന്നും എന്നേ കൊണ്ട് പറ്റില്ല, ചൂടുവെള്ളം തന്നെ ശരണം.
അപ്പോൾ പിന്നെ വിട്ടേക്കാം, എന്ന് ആത്മഗതമെന്നോണം പറഞ്ഞിട്ട് പയ്യന്റെ ഉടുപ്പിന്റെ പോക്കറ്റുകളിൽ കണ്ട, അകത്തുള്ളതെന്താണെന്നു കാണാൻ പറ്റാത്ത കുപ്പിയിലെന്താണെന്നു ചോദിച്ചപ്പോ പയ്യൻ പറഞ്ഞു ഇത് “ഫെനി”.
അപ്പോൾ ഞങ്ങൾ മലയാളി ഉദ്യോഗസ്ഥന്റെ മുഖത്തേക്ക് നോക്കി. ഞങ്ങളുടെ ഭാവം കണ്ടതും പുള്ളിക്ക് മനസ്സിലായി, ട്യൂബ് ലൈറ്റ് കത്തിയിട്ടില്ല എന്ന്. അദ്ദേഹം പറഞ്ഞു , എളുപ്പത്തിൽ പറഞ്ഞു തരാം നമ്മുടെ നാട്ടിലെ കള്ളില്ലേ, അത് തെങ്ങു ചെത്തി എടുക്കുന്നു, ഇത് പറങ്കിപ്പഴം വാറ്റി ഉണ്ടാക്കുന്ന ഒരു മദ്യം ആണ്, പച്ച മലയാളത്തിൽ പറഞ്ഞാൽ ചാരായം, പട്ട എന്നൊക്കെ പറയില്ലേ, അത്പോലെ ഒരു സാധനം, ഇതിനു വലിയ വീര്യമാണ്, പിന്നെ ആവശ്യത്തിന് മണവും, നാറ്റം എന്ന് പറയാഞ്ഞത് ബഹുമാനസൂചകമായിട്ടാണെന്നു പിന്നെ മനസ്സിലായി, സത്യത്തിൽ ഒരു വല്ലാത്ത രൂക്ഷ ഗന്ധമാണിതിന്.
പയ്യന്റെ കൈയ്യിൽ നിന്ന് ഞങ്ങളുടെ കൂട്ടത്തിലുള്ള ഒന്നുരണ്ടു പേര് ഓരോരോ Limca-യും Thums Up-പ്പുംവാങ്ങി, ഒറ്റയ്ക്ക് കുടിക്കാനല്ല വെറുതെ പങ്കു വെച്ച് കുടിക്കാൻ, രുചി നോക്കാൻ.
കപ്പൽ തീരത്തോട് ചേർന്ന് പതിയെ നീങ്ങിക്കൊണ്ടിരുന്നു, ഞങ്ങൾ കപ്പലിന്റെ കൈവരികളിൽ പിടിച്ചു കൊണ്ട് കരയിലേക്ക് നോക്കി നിന്നു. തെങ്ങുകൾ നിരന്നു നിൽക്കുന്ന തീരപ്രദേശം, കേരളത്തിലെ കാഴ്ചകൾ കണ്ടവർക്കിതു വലിയ പുതുമയുള്ള കാഴ്ചയല്ല, എന്നിരുന്നാലും മനസ്സിന് കുളിരു തരുന്ന കാഴ്ചയാണെന്നുള്ളതിനു യാതൊരു സംശയവുമില്ല താനും. കുറച്ചു നേരം അപ്പുറത്തെ വശത്തു പോയി നിന്ന് കടലിലേക്ക് നോക്കാമെന്നു പറഞ്ഞു ഞങ്ങൾ കുറച്ചു പേര് മറുവശത്തേക്കു നടന്നു.
കൊല്ലത്തെ കടപ്പുറത്തുകൂടി നടക്കുമ്പോൾ തിരമാലകൾ കുതിരകളെ പോലെ കുതിച്ചു ചാടി വരുന്ന കാഴ്ചയിൽ നിന്ന് വളരെ വ്യത്യസ്തമായി ശാന്തമായി ചെറിയ ഓളങ്ങൾ മാത്രമുള്ള കടൽ. നീണ്ടു പരന്നുകിടക്കുന്നു. തവിട്ടു നിറം കലർന്ന നീല നിറം, ഇടയ്ക്കിടെ വെള്ള പത ഓളങ്ങളായി പൊങ്ങിയും താണും തെന്നി കളിക്കുന്നത് കാണാം.
ഭാഗ്യമുണ്ടെങ്കിൽ കടൽപ്പന്നികളെ കാണാമെന്നു മലയാളി ഉദ്യോഗസ്ഥൻ പറഞ്ഞപ്പോൾ, ഞങ്ങൾ അവയെപ്പറ്റിയുള്ള വിവരങ്ങൾ മുഴുവനും ശേഖരിച്ചു. നിറം, മട്ട്, ഭാവം. കുറച്ചു പേരെങ്കിലും കണ്ടെന്നു പറയുമെന്നു തീർച്ചയായിരുന്നു, അപ്പോൾ എതിർ വിസ്താരം ചെയ്യാനായിരുന്നു വിശദമായി വിവരങ്ങൾ ശേഖരിച്ചത്. പല സമയത്തായി മണിക്കൂറുകളോളം കടലിലോട്ടു നോക്കി നിന്നു, ഒരെണ്ണത്തിനെ പോലും കണ്ടില്ല. പിന്നെ കണ്ടെന്നു ഞങ്ങളോട് വീമ്പിളക്കിയവരോട് കണ്ടത് വിസ്തരിക്കാൻ പറഞ്ഞപ്പോൾ കൈയ്യോടെ പിടിക്കയും ചെയ്തു.
എത്ര നോക്കി നിന്നാലും മതിവരാത്ത അനുഭൂതിയാണ് കരകാണാത്ത കടലിലോട്ടു നോക്കി നിൽക്കുമ്പോൾ. മനസ്സിലാകെ ശാന്തത എന്ന വികാരം നിറയാൻ തുടങ്ങും, അതങ്ങനെ ശരീരത്തിലേക്കും പടരും. ഒന്നും ചെയ്യാനില്ലാതെ, എങ്ങോട്ടും ഓടി പോകാനാവാതെ ഒരു തരം നിശ്ചലതക്ക് ശരീരവും മനസ്സും വികാരങ്ങളും വഴിമാറികൊടുക്കുന്ന അനുഭൂതിയാണ് കടലിലൂടെ ഉള്ള യാത്രകൾ.
പെട്ടെന്നാരോ ഓക്കാനിക്കുന്ന ശബ്ദം കേട്ടു, ചുറ്റും നോക്കി ,ഞങ്ങളുടെ കൂടെ ഉള്ള ആരുമല്ല; ഒരു പുതുമണവാട്ടിയാണ്, മണവാളൻ പയ്യൻ പുറം തടവുന്നു. കണ്ടിട്ട് പ്രശ്നമാവണ്ട എന്നുള്ള മുന്കരുതലോടെ. അങ്ങോട്ട് കൂടുതൽ നോക്കിയില്ല. അവിടെ നിന്ന് സ്ഥലം കാലിയാക്കി. പടിയുടെ അടുത്തേക്ക് പോയി താഴോട്ടിറങ്ങാൻ.
ഭാഗ്യം ഗുളിക കഴിച്ചത് അല്ലെങ്കിൽ കടൽച്ചൊരുക്കു കാരണം അവതാളത്തിലായേനെ.
താഴെ ഇറങ്ങിയതും ഉച്ചഭാഷണിയിലൂടെ തംബോലയുടെ വിളി കേട്ടു. കപ്പലിൽ നേരമ്പോക്കിന് പലതരം കളികൾ സംഘടിപ്പിച്ചിട്ടുണ്ട്; അതിൽ ഒന്നാണ് തംബോല. നേരത്തെ കുപ്പികളും കൊണ്ട് നടന്ന പയ്യനും അതുപോലെ ഒന്ന് രണ്ടു പേര് കൂടി എല്ലാവര്ക്കും തംബോലയുടെ ടിക്കറ്റുകൾ വിൽക്കാൻ തുടങ്ങി. ഞാനാകെ ഇത് കളിച്ചിട്ടുള്ളത് പള്ളിയിലെ Sale-നാണ് ജാതിമത ഭേതമന്യേ നിർദ്ധനർക്കുവീട് വെച്ച് കൊടുക്കുന്ന ഒരു പരിപാടി കൊല്ലത്തെ ഞങ്ങളുടെ പള്ളിയിൽ എല്ലാ വർഷവും നടത്താറുണ്ടായിരുന്നു, ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട് കൊല്ലത്തെ St Thomas Orthodox പള്ളിയിൽ തല്ലില്ല, വഴക്കില്ല , ശാഖയും, ചേരിയുമില്ല; എല്ലാവരും ഒറ്റക്കെട്ടായിരുന്നു.
വിപുലമായ sale ആയിരുന്നു, വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ, ഉടുപ്പുകൾ തുടങ്ങി പല പല സാധനങ്ങൾ വില്പനക്ക് കൊണ്ടുവരും. ഞങ്ങളുട പ്രെസ്സിൽ സംഭാവനയ്ക്കുള്ള ടിക്കറ്റ് അടിച്ചു റോഡ് നീളെ നടന്നു പിരിക്കും. വളരെ കുറഞ്ഞ നിരക്കാണ് ടിക്കറ്റിന് 1973-ൽ ഒന്നും രണ്ടും രൂപയായിരുന്നു. വീടുകളിൽ നിന്ന് കോഴിമുട്ട, കുല, ചക്ക, ചേന ഇതൊക്കെ ലേലം വിളിക്കാൻ കൊണ്ടുവരും.
തംബോലയുടെ ബുക്ക് ബോംബയിൽ നിന്നാണ് വരുത്തിയിരുന്നത്, എല്ലാവരും വാങ്ങും എന്നിട്ട് ഈർക്കിൽ കൊണ്ടാണ് അക്കങ്ങളിൽ കുത്തുന്നത്, കഴിയുമ്പോൾ വായിക്കാൻ പറ്റുന്ന പോലെ വേണം കുത്താൻ. ഏറ്റവും രസം ഓരോ നമ്പറും വിളിച്ചു പറയുന്ന ആളിന്റെ തമാശകളാണ്. പത്തു വന്നാൽ ഇങ്ങനെയാകും പറയുക മെലിഞ്ഞ ആലും മൂടൻ ചേട്ടന്റെ അടുത്ത് ഉരുണ്ട മീനച്ചേച്ചി. ഒന്നും പൂജ്യവും 10. പക്ഷെ ഇവിടെ കപ്പലിൽ ഇംഗ്ലീഷിൽ ആയിരുന്നു നമ്പറുകൾ വിളിച്ചു പറഞ്ഞത് ,ഈണത്തിൽ, പ്രാസം ഒപ്പിച്ചു, ചെറു കവിതകൾ പോലെ അതാണ് ഇതിന്റെ രസം മുഴുവൻ. അതും ഒരു കലയാണ്.
കൃഷി സാധനങ്ങൾ , മീൻ കറിക്കിടുന്ന കുടംപുളി, സാമ്പാറിനും രസത്തിനും ഇടുന്ന വാളൻപുളി ,ക്രിസ്ത്യാനികളുടെ കല്യാണത്തിന് ഊണിന്റെ അവസാനം പായസത്തിനു പകരം ദഹിക്കാനും, മധുരത്തിനുമായി ഉപയോഗിക്കുന്ന പാനി, നല്ല അച്ചാറുകൾ, നീണ്ടകരയിലുള്ള ബോട്ടുടമകളായ മറ്റു ജാതിമതസ്ഥർ സംഭാവനയായി നൽകുന്ന നല്ല വിളഞ്ഞ നെയ്മീനും കൊഞ്ചുമൊക്കെ കൊണ്ടുണ്ടാക്കുന്ന അച്ചാർ, എന്തെല്ലാം സാധനകളാണെന്നോ sale-ന് കൊണ്ടുവരിക, എഴുതിയാൽ തീരാത്തത്ര വീട്ടു സാധനങ്ങൾ എല്ലാം ഓരോരുത്തർ സ്വന്തം കഴിവുപോലെ ഉണ്ടാക്കി കൊണ്ടുവന്നു ലേലം വിളിച്ചും അല്ലാതെ വിലയിട്ടു വിറ്റും വീടുപണിയാനുള്ള കാശ് സ്വരുകൂട്ടിയിരുന്നു. വലിയ ഉത്സാഹമായിരുന്നു. അമ്മയുടെ ഇഞ്ചിയും നാരങ്ങയും squash നെ ഇന്നും ഞാൻ വിളിക്കുന്നത് പള്ളിയിലെ sale-ന്റെ squash എന്നാണ്.
ടിക്കറ്റ് വില്കുന്നതിന്റെ ഇടയ്ക്കു കപ്പലിന്റെ നടുഭാഗത്തുള്ള ഡൈനിങ്ങ് ഹാളിൽ നിന്നു പള്ളിമണിയുടെ ഒച്ച കേട്ടു. അപ്പോഴേ ഞങ്ങൾക്ക് കാര്യം ബോധ്യമായി, മലയാളി ഉദോഗസ്ഥൻ പറഞ്ഞതനുസരിച്ചു ഊണിനുള്ള കാഹളമാണ്
ചോറും മീൻ കറിയുമാണ്ഭക്ഷണം. എന്റെ കാര്യം കുശാൽ, കടലിൽ നിന്നു പിടിച്ച തുള്ളിച്ചാടുന്ന പെട പെടാന്ന് പിടക്കുന്ന മീനാണ് കൂട്ടാൻ വെക്കുക ഗോവക്കാരുടെ രീതിയിൽ തേങ്ങാപ്പാലൊഴിച്ച കറി, നല്ല തുമ്പപ്പൂ പോലത്തെ വെള്ള ചോറും. ഇത്രയേ ഉള്ളൂ
ആദ്യമാദ്യം വരുന്നവർ പാത്രമെടുത്തു വരിവരിയായി ഒരു തടിയുടെ മേശയുടെ മുന്നിലൂടെ നടന്നു പോകുമ്പോൾ പിന്നിൽ നിൽക്കുന്ന കാക്കിയുടുപ്പുകാർ വിളമ്പിത്തരുന്ന ചോറും കറിയുമായി നീളത്തിൽ ഇട്ടിരിക്കുന്ന ബെഞ്ചിൽ പോയിരുന്നു കഴിക്കാം. വീതികുറഞ്ഞ മേശയുമുണ്ട് എല്ലാവര്ക്കും ഒരുമിച്ചിരിക്കാൻ പറ്റില്ല. ഇടയ്ക്കിടെ ഉച്ചഭാഷിണിയിലൂടെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു പെട്ടെന്ന് കഴിക്കണം; എല്ലാവരും കഴിച്ചു കഴിയുന്നതും തംബോല തുടങ്ങുന്നതായിരിക്കുമെന്നു.
അപ്പോഴാണ് ഗൗരിക്കും, നമ്പൂതിരി സാറിനും കഴിക്കാൻ പറ്റില്ലല്ലോ എന്നോർത്തത് ഇവിടെ വേറെ കറിയും കൂട്ടാനും കിട്ടാനുമില്ല. ഭാഗ്യം തട്ടുകടയിലെ പൂരി മസാല പൊതിക്കു സ്തുതി. ഞാൻ വാങ്ങിയ പൊതി ഗൗരിയെ ഏല്പിച്ചു. സാറും ഗൗരിയും അത് പങ്കിട്ടു കഴിച്ചു, പിന്നെ കുറെ നാളുകൾക്കു ശേഷം അവർ ജീവിതവും പങ്കിട്ടു. സന്തോഷമുള്ള വാർത്ത ആയിരുന്നു.
ഈ യാത്ര തുടരുന്നതായിരിക്കും
Leave A Comment