ഈ ഇടെയായി എന്റെ സകലമാന പാചകവും പ്രഷർ കുക്കറിലാണ്
ജമീലാത്തയുടെ നല്ല തലശ്ശേരി ബിരിയാണി അതായതു കൊഞ്ചും, മീനും, ഇറച്ചിയും തൊട്ട് വിന്താലു, നാടൻ ബീഫ് തേങ്ങാക്കൊത്തിട്ട് ഉലർത്തിയത് താറാവ് റോസ്റ്, കപ്പ വേവിച്ചത്, ചക്ക പുരട്ടിയത്, അവിയൽ എന്ന് വേണ്ട, എല്ലാം കൈ കൊണ്ട് ഇളക്കി ഇളക്കി വശം കെടാതെ, ഡെറിവേഷൻ തെളിയിക്കുന്ന പോലെ എളുപ്പത്തിൽ.
സംഗതി സമയവും ലാഭം, രുചിക്കൊട്ടു കുറവുമില്ല
ഇലക്ഷൻ സമയത്തു കോളേജ് ഒരു പ്രഷർ കുക്കർ പോലെ ആണ്, പല പല കുട്ടികളും, അവരുടെ ഒന്നൊന്നര പ്രശ്നങ്ങളും, ചട്ടങ്ങളും ചട്ടക്കൂടുകളും, ചതിയും, വഞ്ചനയും, പാരയും, കെണിയും, നൂലാമാലകളും.
എല്ലാം കൂടി പ്രഷർ കുക്കറിലിടും; വെയിറ്റിടുന്നതിനു മുന്നേ ഒരു തരം ചീറ്റൽ, അതൊരു മുന്നറിയിപ്പ്, അപ്പോൾ സാധാരണ അവിടെയും ഇവിടെയും റോന്തു ചുറ്റുന്ന ചില സാറന്മാർ വന്നു പതുക്കെ വെയിറ്റിട്ടു ചീറ്റൽ ഒന്ന് നിർത്തും.
ഇച്ചിരി കഴിയുമ്പോൾ എല്ലാ സൂക്ഷാണുക്കളും കൂടി വിചാരിക്കുന്നതിലും വേഗത്തിൽ അകത്തു കിടന്നു അങ്ങ് വേകാൻ തുടങ്ങും, വെന്തു കുഴഞ്ഞിട്ടു്, പ്രഷർ കുക്കറിൽ നിന്ന് ചീറ്റി വരുന്ന ഞെങ്ങി നിന്ന സമ്മര്ദ്ദം ഒരു ശീല്കാര ശബ്ദത്തോടെ പുറത്തോട്ടു പൊട്ടിത്തെറിച്ചു വരും, വിട്ട് വിട്ട് ഒരേ ഇടവേളയിൽ,
ഇലക്ഷന് മുന്നേ ഇത്തരം പൊട്ടിത്തെറികൾ സർവ സാധാരണമായിരുന്നു, കാര്യം നിസ്സാരം പക്ഷെ കന്നംതിരുവ് കാണിച് ഗുരുതരമാക്കാൻ ചില അയ്യോ പാവത്താന്മാർ ശ്രമിക്കുന്നത് കാരണമാണീ പൊട്ടിത്തെറികൾ.
തിരഞ്ഞെടുക്കണ്ട സ്ഥാനത്തേക്കുള്ള സ്ഥാനാർത്ഥികളുടെ പേര് വിവരങ്ങൾ ഉള്ള ഒരു പാനൽ ആണ് ആദ്യം ഉണ്ടാവുന്നത്, അതിനൊരു കൺവീനർ ഉണ്ടാവും. ആ കൺവീനർ ഒരു താരമാണ്.
പുള്ളിക്കാരൻ ആരൊക്കെ സ്ഥാനാർത്ഥികൾ ആവണമെന്ന് , അണികളിലെ മുതിർന്നവരുമായി തീരുമാനിച്ചുറക്കും .
നാമനിര്ദ്ദേശ പത്രിക കൊടുക്കുന്ന ചടങ്ങിന് അന്തിമ സമയവും, ദിവസവുമുണ്ട്.
മിക്കവാറും 2 പാനൽ ആണ് ഉള്ളത്, ഒരു മിശ്രിതമാണ്, രണ്ട് ഹോസ്റ്റലിലുള്ളവരും, വീട്ടിൽ നിന്നും, അവിടെയും ഇവിടെയുമുള്ള ലോഡ്ജുകളിൽ നിന്ന് വരുന്നവരും, പിന്നെ സദാ സമയത്തും ഹോസ്റ്റലിൽ അന്തിയുറങ്ങുന്ന കുറെ ഓസന്മാരും.
സ്ഥാനാർഥി നിർണ്ണയത്തിലെ ഒരു അഭിവാജ്യ ഘടകമാണ് പെൺ കുട്ടികളെ സ്വാധീനിച്ചു വോട്ടാക്കി മാറ്റാനുള്ള കഴിവ്.
ചിലരാണേൽ മാഗസിനിൽ ഒരു തവണ എങ്കിലും പടം വരാനായി സ്ഥാനാർഥി ആകാൻ ഏതറ്റം വരെയും പോകും.
കൺവീനർ, സ്ഥാനാർത്ഥികളെ നിർണയിച്ചു കഴിഞ്ഞാൽ പിന്നെ മാറ്റങ്ങൾ ഉണ്ടാവാൻ പറ്റില്ല.
കാരണം സ്ഥാനാർത്ഥികളുടെ ഫോട്ടോ പല തുണ്ടുകൾ ആക്കി, അത് ഒട്ടിച്ചുണ്ടാക്കിയ -കൊളാഷ് – പോസ്റ്ററുകൾ ആയിരുന്നു ഒരു പ്രമേയം
ഇതൊക്കെ കുട്ടികൾക്കും സാറന്മാർക്കും ആദ്യത്തെ അനുഭവം ആയിരുന്നു,
കോളേജിലെ ഈ പോസ്റ്റർ വിപ്ലവം കാണാൻ തെക്കു വടക്കുള്ള പല പല കോളേജിലെ കുട്ടികൾ നിരന്തരം വരുമായിരുന്നു.
ഒരു വശത്തെ കൺവീനർ എന്തിനും പോരുന്ന കുശാഗ്രബുദ്ധിയുടെ മൂർത്തീഭാവമായ M A NAZER
മറുവശത്തേത് ഒരു സാദാ പൗരൻ
ഇലക്ഷന് എന്ന് പറഞ്ഞാൽ ഞങ്ങൾക്കെല്ലാം ഉത്സവമാണ്
ഞങ്ങളുടെ കോളേജിനെ സുന്ദരി ആക്കുക എന്നത് ഓരോ വിദ്യാര്ഥിയുടെയും ധാര്മ്മികബാദ്ധ്യത ആയിട്ടാണ് കണ്ടിരുന്നത് , അതിന്റെ മുന്നോടിയായി ഓരോ വർഷവും ഓരോ തരം ശില്പങ്ങൾ കോളേജിന്റെ അങ്കണത്തിൽ സ്ഥാപിക്കും, ഇതാവും ഞങ്ങളുടെ ആ വർഷത്തെ MASCOT,
ശീമയിലെ സായിപ്പ്
രണ്ടാം ലോക മഹായുദ്ധത്തിൽ ഉപയോഗിച്ച പട്ടാള വണ്ടി
മൗണ്ട്ബാറ്റൺ സായിപ്പു , കൊല്ലത്തു വന്നപ്പോൾ സായിപ്പിന്റെ മദാമ്മക്ക് പൊക്കത്തിലിരുന്നു കൊല്ലം കാണാൻ കപ്പലിൽ കയറ്റി തങ്കശ്ശേരി കടപ്പുറത്തിറക്കി ;
മദാമ്മ കൊല്ലം കണ്ടു കണ്ടു കരിക്കോട് എത്തിയപ്പോൾ ദേ കിടക്കുന്നു,
വണ്ടിയുടെ ടയർ പഞ്ചറായി
അപ്പൊ പിന്നെ വണ്ടി ഒതുക്കി പാലത്തിന്റെ സൈഡിലുള്ള പറമ്പിൽ കയറ്റി ഇട്ടു
ആ പറമ്പാണ് പിൽക്കാലത്തു ജനാബ് മുസലിയാർ കരിക്കോട്ടു കോളേജ് പണിയാൻ വാങ്ങിയതു.
അങ്ങനെ അന്ന് തൊട്ട് ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ ഓർമക്കായി പട്ടാള വണ്ടി ഹോസ്റ്റലിലെ ഫോൺ ഇരിക്കുന്ന മുറിയുടെ സൈഡിലായി സ്ഥാനം പിടിച്ചു, പതുക്കെ പതുക്കെ കമ്മ്യൂണിസ്റ് ചെടികൾ വണ്ടിയുടെ ഓരോ മുക്കിലും മൂലയിലും കയറി പറ്റി.
പുതിയ പാനലിനു LIBERATION 80 എന്ന്പേരിട്ടപ്പോൾ എടുത്ത ഉറച്ച തീരുമാനമായിരുന്നു എല്ലാത്തിനും “വിടുതൽ”, അതാണ് നമ്മുടെ ലക്ഷ്യം എന്ന്.
അങ്ങനെ മദാമ്മയുടെ മയിൽ വാഹനത്തിനും വിടുതൽ നേടി കൊടുക്കാൻ തീരുമാനിച്ചു.
കോളേജ് വിട്ട് വന്ന ഒരു വൈകുന്നേരം തുരുമ്പിൽ കുളിച്ചു കിടന്ന വണ്ടിക്ക് ചുറ്റുമുള്ള കമ്മ്യൂണിസ്റ്റ് ചെടി കോതിമാറ്റി ,
വെള്ളാനകളുടെ നാട് എന്ന മനോഹര കാവ്യത്തിലെ റോഡ് റോളർ പോലെ ഭീമാകാരനായ വണ്ടിയുടെ സ്റ്റീറിങ്ങിന്റെ പിന്നിൽ കുതിരവട്ടം പപ്പു ചേട്ടനെ പോലെ പട്ടു കയറി ഇരിപ്പായി
അണികൾ നിരന്നു, ഇവിടെയാണ് ആദ്യത്തെ വോട്ടു തിട്ടപ്പെടുത്തുന്നതു
കൃത്യമായി എത്ര സുദൃഢമായ വോട്ടു കിട്ടുമെന്ന് ഉറപ്പാക്കുന്ന പൊടികൈ
വണ്ടി തള്ളി കോളേജിന്റെ മുന്നിൽ പ്രിൻസിയുടെ മുറിയുടെ താഴെ പോർട്ടികോയുടെ മുന്നിൽ കൊണ്ട് സ്ഥാപിക്കാൻ തീരുമാനിച്ചു, പൂർണമായ വിടുതൽ.
ഒരു കൈ, പല കൈ, അങ്ങനെ 200 കൈകൾ വണ്ടിയിൽ പതിച്ചു.
വണ്ടിയിലെ തുരുമ്പിൽ സ്ഥാനം കിട്ടാത്തവർ കിട്ടിയവന്റെ പിന്നിൽ തള്ളി, വണ്ടിയുടെ തുരുമ്പിച്ച ചാടുകൾ ഉരുളാൻ തുടങ്ങി, സായിപ്പിന്റെ പണി അപാരം തന്നെ പറയാതെ വയ്യ.
ഏലസ്സാ ,ഏലസ്സാ, എന്ന ആർപ്പു വിളി അങ്ങ് കുറ്റിച്ചിറ സ്റ്റാർ വരെ കേട്ടു
ജനം കൂടി
വോട്ടില്ലാത്തവരെ കൊണ്ട് തള്ളിച്ചിട്ടു കാര്യമില്ലാത്തതിനാൽ അവരോടു കൈയടിച്ചു പ്രോത്സാഹിപ്പിക്കാൻ പറഞ്ഞു , ഹോസ്റ്റലിന്റെ മുന്നിലെ റോഡിലൂടെ കയറ്റം കയറി, ഫുട്ബോൾ ഗ്രൗണ്ടിന്റെ സൈഡിലൂടെ, ലാബിന്റെ മുന്നിലൂടെ , കാന്ററ്റീനും കഴിഞ്ഞു , പുറകിലത്തെ ഗേറ്റിന്റെ മുന്നിലൂടെ കറങ്ങി തിരിഞ്ഞു, കോളേജ് ചുറ്റി 2 മണിക്കൂറുകൊണ്ട് വണ്ടി പറഞ്ഞ സ്ഥാനത്തെത്തിച്ചു.
എന്തൊക്കെയോ കീഴടക്കിയ വികാരത്തോടെ, തുരുമ്പു സൗദത്തിന്റെ മുകളിൽ വലിച്ചു കെട്ടി ഒരു കൊടിക്കൂറ LIBERATION 80
നേരം പരപരാന്നു വെളുത്തപ്പോൾ മുന്നിലത്തെ ചെടിക്കു വെള്ളം ഒഴിക്കാൻ വന്ന കുട്ടൻ ചേട്ടൻ ഞെട്ടി, ഒടി വിദ്യ ആണോ?
പണ്ടത്തെ മദാമ്മയുടെ പ്രേതം വല്ലതും തിരികെ വന്നു വണ്ടി എടുത്തു കൊണ്ട്
പോകാൻ നോക്കിയതാണോ? വീണ്ടും ടയർ പഞ്ചറായതാണോ?
ആകെ അങ്കലാപ്പാടുത്തിട്ടു ഹോസ്റ്റലിലേക്ക് ഓടി, എലെക്ട്രിക്കൽ ഡിപ്പാർട്മെന്റിന്റെ മുന്നിലൂടെ താഴോട്ടു,
കലാമേ , ഹനീഫാ എന്ന് ഉറക്കെ ഉറക്കെ വിളിച്ചു കൊണ്ട്, നിങ്ങള് കണ്ടോ? ഇവിടെ കിടന്ന വണ്ടി …………..
അപ്പോൾ ആ നിമിഷം അവര് രണ്ടാളും പൊട്ടി പൊട്ടി ചിരിച്ചോണ്ട് പറഞ്ഞു കുട്ടൻ ചേട്ടാ പേടിക്കണ്ട ഇത് നമ്മടെ സ്വന്തം പിള്ളേരുടെ പണിയാ
വിടുതൽ
രാവിലെ കോളേജിൽ വന്ന ഓരോ കുട്ടിയും അക്ഷരാർത്ഥത്തിൽ വാ പൊളിച്ചു നിന്നു
സാറന്മാർക്കെത്ര ശ്രമിച്ചിട്ടും ഒരു പിടിയും കിട്ടിയില്ല ഇതെങ്ങനെ? ഏതു? Law of Floatation അനുസരിച്ചു ഇവിടെ എത്തിച്ചു എന്ന്
മെക്കാനിക്കലിലെ സോമണ്ണൻ, ഒരു വഴിക്കു പോകുന്നത് തലയിൽ കുറിച്ചിടുന്ന latitude-o longitude-o അനുസരിച്ചാണ്
രാവിലെ കോളേജിൽ വന്ന സോമണ്ണൻ കോളേജിന്റെ മുന്നിലെ വിടുതൽ സൗധം കണ്ടിട്ട്
കോളേജ് മാറി പോയി എന്ന് പറഞ്ഞു വന്ന വഴിയേ തിരികെ പോയി …
അദ്ദേഹത്തിന്റെ മനസ്സ് മന്ത്രിച്ചു
ഇല്ല എന്തോ പിശകുണ്ട്
ഇന്നലെ വരെ കോളേജിൽ ഇല്ലാത്ത ഒരു വിടുതൽ സൗധം!!!
അല്ല ഇത് TKM കോളേജ് അല്ല
പീരങ്കി മൈതാനമാണ്
അപ്പോൾ അശരീരി പോലെ
ആരോ പറഞ്ഞു
ഇത് വേറെ ആരുമല്ല , ബേപ്പൂരെ മാപ്പിള കലാസ്സികൾ ചെയ്തതാണ്.
അവർക്കു മാത്രമേ ഇതിങ്ങനെ നിഷ്പ്രയാസം ചെയ്യാൻ പറ്റൂ….
അങ്ങനെ ഞങ്ങളുടെ കോളേജിന്റെ ചരിത്രത്തിലെ ഒരു കുഞ്ഞു വിടുതൽ അധ്യായത്തിനു തുടക്കം കുറിച്ചു…..
ഇന്നിപ്പോൾ ഈ നിമിഷം ഇത് വായിക്കുമ്പോൾ എന്റെ പ്രിയപ്പെട്ട ഓരോരുത്തരുടെയും ഹൃദയത്തിലെ ക്യാമറ കണ്ണുകൾ ചിമ്മുന്നതെനിക്ക് കേൾക്കാം
ഇന്നത്തെ പോലെ മൊബൈലും പടം പിടിത്തവും ഇല്ലെങ്കിലെന്താ നമ്മുടെ ഓരോരുത്തരുടെയും മനസ്സ് നിറഞ്ഞു നിൽക്കുന്ന നമ്മുടെ കോളേജും ഒരിക്കലും മായാത്ത ഓർമ്മകളും
കഴിഞ്ഞ മൂന്നാലു ദിവസമായി പലരും എന്നെ വിളിച്ചിട്ടു അവരുടെ സന്തോഷങ്ങൾ അറിയിക്കാൻ തുടങ്ങി, ഞാനൊറ്റക്ക് എഴുതുന്നതിലും ഒത്തിരി മടങ്ങു ഹൃദ്യമാവാം നിങ്ങളും കൈ കോർത്താൽ എന്ന് തോന്നി..
പ്രായഭേദമെന്യേ എല്ലാവരും പതിനേഴിന്റെ പടിവാതിലിൽ പോയി നിൽക്കുന്ന പോലെ, ആരൊക്കെയോ കൈകൾ നീട്ടുന്നു, പൊട്ടി പൊട്ടി ചിരിക്കുന്നു, ഓരോരുത്തരും അവരവരുടെ ഓർമ്മച്ചെപ്പുകളിലെ കുഞ്ഞു തൂവലുകളെ പൊടി തട്ടി എടുത്തു മക്കളെയും, കൊച്ചു മക്കളെയും കാണിക്കുന്നു, എന്റെ ഓർമ്മകൾ ഞാൻ സഞ്ചരിച്ച വഴികളിൽ ഇന്നും കുറെ ഏറെ TKM കാരുണ്ട്, അവരുടെ വീരശൂര പരാക്രമങ്ങളുടെ ഭാഗമാണ് ഞാൻ. പിന്നെ ചെണ്ടപ്പുറത്തു കോലിടുന്നിടത്തൊക്കെ ഞാനും ഉണ്ടായിരുന്നു.
ജീവിച്ചും ജീവിക്കാൻ അനുവദിച്ചും, സ്നേഹിച്ചും, സേവിച്ചും..
ഞാനൊരു Email iD തുടങ്ങി നമ്മൾക്ക് മാത്രം നമ്മുടെ സ്വന്തം TKM-ലെ വിശേഷങ്ങൾ കുരുത്തക്കേടുകൾ പങ്കിടാൻ, ഇഷ്ടമുള്ളവർക്ക് അയക്കാം, സമയവും സന്ദർഭവും, പേരും, പറഞ്ഞാൽ ഞാൻ എന്റെ ഓര്മക്കുറിപ്പുകളുടെ കൂടെ, സ്നേഹത്തോടെ, സന്തോഷത്തോടെ അതുൾപ്പെടുത്തി അവരുടെ പങ്കാളിത്തവും രേഖപ്പെടുത്തി പ്രസിദ്ധീകരിക്കാൻ ശ്രമിക്കാം ..
Hello.tkmce@gmail.com
Leave A Comment