ആഗ്രയിൽ നിന്നും തിരികെ ഡൽഹിയിലേക്കുള്ള യാത്രയിൽ എല്ലാവരും വളരെ നിശബ്ദരായിരുന്നു, ഇടക്കൊക്കെ ഉറക്കം തൂങ്ങിയെങ്കിലും എല്ലാവരുടെയും മനസ്സ് മുഗൾ രാജവംശത്തിന്റെ യുഗത്തിലായിരുന്നു.
താജ്മഹൽ നിർമ്മിച്ച രാജശില്പി ഷാജഹാൻ ചക്രവർത്തിയെ കുറിച്ചോർത്തു, അദ്ദേഹത്തിന്റെ പ്രിയ പത്നിയെകുറിച്ചോർത്തു.
പ്രേമത്തിന് ഒരു ജാതിയും, മതവും, ദൈവവും, മാത്രമല്ല പ്രായവുമില്ല. കഴിഞ്ഞ ദിവസം എഴുതിയ കഥ വായിച്ചിട്ടു എന്നെ അനുമോദിച്ചു John Cherian സാർ അയച്ചു തന്ന പടം ഞാനിവിടെ ചേർക്കുന്നു, സാറും, സുകിചേച്ചിയും 2016–ൽ താജ്മഹൽ കാണാൻ പോയപ്പോൾ എടുത്ത പടം. ഞങ്ങളുടെ കൂടെ 1981- ൽ ടൂറിനു വന്നതിനു ശേഷം 35 വര്ഷങ്ങള്ക്കു ശേഷം, പ്രേമത്തിന്റെ, സ്നേഹത്തിന്റെ മൗനം ആസ്വദിക്കാൻ, അനുഭവിക്കാൻ ഒരു തിരിച്ചു പോക്ക്,
സത്യത്തിൽ നമ്മൾ ഓരോരുത്തരും ഒരു വട്ടം കൂടി പോകാൻ അവസരം കിട്ടിയാൽ പോകണം.ഓർത്തു വെച്ചിരിക്കുന്ന ആഗ്രഹങ്ങൾ ഉണ്ടെങ്കിൽ അത് സ്നേഹത്തോടെ, പ്രേമത്തോടെ നിറവേറ്റാൻ പറ്റിയ ഇടമാണ് താജ്മഹൽ.
എട്ടാം ക്ളാസിൽ സോഷ്യൽ സ്റ്റഡീസിൽ പഠിച്ച, കാവൽമാലാഖയെ പോലെ ഇന്ത്യ ഭരിച്ചിരുന്ന അക്ബർ ചക്രവർത്തിയുടെ സമഗ്രമായ പരിഷ്കാരങ്ങളും, പരിഷ്കരണങ്ങളും ഓർത്തു, അദ്ദേഹം നിരക്ഷരൻ ആയിരുന്നു. എങ്കിലും വിശാലമനസ്ഥിതി ഉള്ള ഭരണാധികാരി ആയിരുന്നു. എല്ലാ പരീക്ഷക്കും ചോദിക്കുന്ന ഒരു സ്ഥിരം ചോദ്യം ആയിരുന്നു. അക്ബർ ചക്രവർത്തിയുടെ ഭരണ പരിഷ്കാരങ്ങൾ, അതുകൊണ്ടുതന്നെ കുറെ കാര്യങ്ങൾ അക്കമിട്ടു പഠിച്ചിരുന്നു.
അദ്ദേഹത്തിന്റെ കൊട്ടാരത്തിലെ രാജസദസ്സിനെ പറ്റിയുള്ള വിവരണങ്ങൾ എന്നും ഓർമ്മയിൽ തിളങ്ങി നിന്നിരുന്നു . മതങ്ങളോടുള്ള അദ്ദേഹത്തിന്റെ സഹിഷ്ണുതയും, പ്രാപ്തിയുള്ള, തീവ്രമായ അഭിനിവേശമുള്ള, ജനസ്വാധീനമുള്ള പല നാട്ടുരാജാക്കന്മാരെയും തന്റെ രാജസദസ്സിലെ അംഗങ്ങൾ ആക്കിയിരുന്ന പ്രവണതയും ഓർത്തു. പഠിച്ചിരുന്നപ്പോൾ ഇതൊന്നും തന്നെ അത്ര വലിയ ഒരു ധർമ്മ ചിന്തയായി എനിക്ക് തോന്നിയില്ല, കാരണം സ്കൂളിൽ പഠിക്കുമ്പോൾ ജാതി, മതം ഇതൊന്നും ഞങ്ങളാരും തന്നെ നോക്കിയിരുന്നില്ല, അതൊന്നും തന്നെ ഇപ്പോഴത്തെ വളർന്നു മുതുക്കെത്തിയവരെ പോലെ ഉറക്കത്തിലും ഊണിലും അലട്ടുന്ന പ്രശ്നവും ആയിരുന്നില്ല . പഠിക്കണം, കളിക്കണം, എല്ലാവരെയും സ്നേഹിക്കണം, വീട്ടു ജോലി ചെയ്യണം, കുസൃതികളുമായി ഓടി നടക്കണം സ്കൂളിന് വേണ്ടി അല്ലെങ്കിൽ കോളേജിന് വേണ്ടി ഓരോന്നൊക്കെ ചെയ്യണം, എന്നൊക്കെ ആയിരുന്നു ചിന്ത.
അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിലെ മുന്തിയ കലാകാരന്മാരെ കുറിച് ഓർക്കാതിരിക്കാൻ പറ്റില്ല, വലിയ പാട്ടുകാരും, കവികളും, ഒക്കെയുള്ള ദർബാർ, ഇപ്പോളതെല്ലാം പല പല സിനിമയിലും കാണാറുണ്ട്, എത്രയോ ഭാര്യമാർ, അവർക്കെല്ലാം തോഴിമാർ, അവരുടെ അതിശയിപ്പിക്കുന്ന ഭംഗിയുള്ള വേഷ വിധാനങ്ങൾ, മുത്തും പവിഴവും തുന്നി പിടിപ്പിച്ച ചേലകൾ, വിമലമ്മാമ്മ തുന്നുന്ന അതി മനോഹരമായ ഉടുപ്പുകൾ ഇടാനും, തയ്യൽക്കാർ തുന്നുന്നതു കാണാനും എന്റെ അമ്മയുടെ Cross Stitch തൈയ്ച്ച തുണിത്തരങ്ങൾ ഉപയോഗിക്കാനും അവസരം കിട്ടിയ ഞാൻ അതിശയിച്ചതു അന്നത്തെ തയ്യൽകാരെ പറ്റി ഓർത്താണ്, അവരെങ്ങനെയാണ് ഇതൊക്കെ തൈച്ചിരുന്നത് ; എല്ലാം കൈ കൊണ്ടാവാനേ വഴിയുള്ളു. പിന്നെ എന്റെ ഭാവന ചിറകടിച്ചു പറന്നു പറന്നു അടുക്കളയിലും തീൻമേശപുറത്തുമെത്തി. ഭക്ഷണം.
ഇത്രയധികം ആൾക്കാർക്കു എങ്ങനെ ഉള്ള പാത്രങ്ങളിൽ ആവും ബിരിയാണിയും, ചോറും, കറിയുമൊക്കെ ഉണ്ടാക്കിയത്, അരിയും,മുളകും, ഉപ്പുമൊക്കെ എങ്ങനെ ഉള്ള പാത്രത്തിൽ ഇട്ടു വെച്ചിട്ടുണ്ടാവും? അന്ന് എങ്ങനെ ആണ് ഭക്ഷണം വിളമ്പിയിരുന്നത്. എല്ലാം ഇങ്ങനെ ഭാവനയിൽ കാണാനും കണ്ണടച്ചിരുന്നു ആ കാലത്തിലൂടെ സഞ്ചരിക്കാനും ഒത്തിരി ഇഷ്ടമായിരുന്നു.
ഇടയ്ക്കിടെ അക്ബർ ചക്രവർത്തി ആജ്ഞാപിക്കുന്നതായി സ്വപ്നം കാണും, ആരവിടെ, അക്ബറിന്റെ കൊട്ടാരത്തിലും ……
ചക്രവർത്തിയുടെ കൊട്ടാരത്തിൽ പല വകുപ്പുകൾ ഉണ്ടായിരുന്നു എന്ന് പഠിച്ചതോർക്കുന്നു, നികുതി എന്ന വാക്കു ആദ്യം കേൾക്കുന്നതപ്പോൾ ആണ്, എനിക്കറിയാവുന്ന ആരും അന്നൊന്നും ആ വാക്കു ഉപയോഗിച്ച് കേട്ടിട്ടില്ല, നികുതി പിരിക്കാൻ, ചെലവ് നടത്താൻ, നീതി നടത്താൻ ഇതിനൊക്കെ മന്ത്രിമാരുണ്ടായിരുന്നു. നൂറു കണക്കിന് വർഷങ്ങൾക്കപ്പുറം നിരക്ഷരനായ ഒരു ഭരണാധികാരി എത്രമാത്രം പുരോഗമനചിന്താഗതിയുള്ള ആളായിരിന്നിരിക്കണം.
ഇന്നത്തെ ദിവസം വളരെ പ്രത്യേകത ഉള്ളതായിരുന്നു, August 5, 2019. വെളുപ്പിനെ മുതൽ കുറെ Messages വന്നിരുന്നു, Forwarded Messages എനിക്ക് കിട്ടുന്നത് വളരെ വിരളമാണ്, പക്ഷെ ഇന്ന് വെളുപ്പിനു 5 മണിക്ക് വന്ന ഒരു വാർത്ത ഇന്ത്യയുടെ ജമ്മു കാശ്മീരിനെ കുറിച്ചായിരുന്നു. സന്തോഷം തോന്നി, ബ്രിട്ടീഷ് ഭരണകൂടത്തിൽ നിന്ന് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഇന്ത്യയെ രണ്ടായി വെട്ടിമുറിച്ചതോർത്തു മനസ്സ് വിഷമിക്കുന്ന ആളാണ് ഞാൻ. ഒരിക്കലും വെട്ടി മുറിക്കരുതായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ത്യയുടെ ഭൂപടം വരച്ചു തുടങ്ങിയപ്പോളും, ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നയങ്ങൾ പഠിച്ചപ്പോളും മനസ്സിൽ പറഞ്ഞു നടന്നതാണ് ഒരിക്കലും ഭാഗിക്കരുതായിരുന്നു എന്ന്, ആൾക്കാർ എന്ത് പിഴച്ചു? ബന്ധുക്കൾ ഉണ്ടായിരുന്നു അവിടെ. എത്രയോ വര്ഷം മാറി താമസിക്കണ്ട വന്നവർ. ഒഴിവാക്കാവുന്നതായിരുന്നു ആ വിഭജനം എന്ന് പൂർണ്ണമായി വിശ്വസിക്കുന്ന ആളാണ് ഞാൻ. 7. ദശാബ്ദക്കാലം കഴിഞ്ഞിട്ടും തീരാത്ത ജീവഹാനി, എത്രയോ ഭടന്മാരുടെ ജീവനാണ് പൊലിഞ്ഞു പോയത്. ബ്രിട്ടീഷ് ഭരണകൂടം ലോകത്താകമാനം വരുത്തി വെച്ച ഭിന്നിപ്പുണ്ടാക്കി ഭരിക്കുന്ന രീതിയുടെ പരിണതഫലം.
അക്ബർ ചക്രവർത്തിയുടെ ഭരണ പരിഷ്കാരങ്ങൾ പോലെ വീണ്ടും ഇന്ത്യയുടെ ഭരണഘടനയിൽ ഉണ്ടായ ഒരു ഉത്തമ പരിഷ്കാരം, കുറച്ചു നാൾ കൂടി പ്രശ്നങ്ങൾ ഉണ്ടാവാം, രക്തച്ചൊരിച്ചിൽ ഉണ്ടാവരുതേ എന്ന് പ്രാർത്ഥിക്കുന്നു. എന്തായാലും കുറച്ചു നാളുകൾക്കു ശേഷം നാടിനും നാട്ടാർക്കും സന്തോഷിക്കാവുന്ന ഒരു വിളംബരം ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
മുഗൾ രാജവംശത്തിന്റെ കഥകൾ ഓർത്തു മയങ്ങിപ്പോയ ഞാൻ വണ്ടി യൂത്ത് ഹോസ്റ്റലിൽ എത്തിയതേ അറിഞ്ഞില്ല.
ചെന്ന് കിടന്നതറിയാം ഉറങ്ങി പോയി വീണ്ടും വെളുപ്പിനെ എഴുന്നേറ്റു ചാന്ദിനി ചൗക്ക്, റെഡ് ഫോർട്ട് തുടങ്ങിയ സ്ഥലങ്ങൾ കാണാൻ പോയി.
ഇത്രയധികം ആൾക്കാർ തിങ്ങി നിറഞ്ഞു തുളുമ്പി നടക്കുന്ന ഒരിടം അതിനു മുന്നേ കണ്ടിട്ടേ ഇല്ല, എന്തൊക്കെ കച്ചവടങ്ങളാണവിടെ. പോരാത്തതിന് റോഡിൻറെ രണ്ടു വശത്തും പലതരത്തിലും, നിറത്തിലും, ഭാവത്തിലുമുള്ള ഭക്ഷണം ഉണ്ടാക്കുന്ന പെട്ടിക്കടകളുടെ സമ്മേളന സ്ഥലമാണ്. മൊത്തവ്യാപാരികളുടെ സങ്കേതം. പലതരം ജൗളിത്തരങ്ങൾ, light fittings, കെട്ടിടപണിക്കു വേണ്ടുന്ന എല്ലാ വിധ സാധനങ്ങളും. Plumbing, Sanitary Ware.
കർട്ടൻ കെട്ടി വെക്കുന്ന മർദ്ദവമേറിയ പല നിറത്തിലും ഭാവത്തിലുമുള്ള തൊങ്ങല്, നൂൽ, കയറു പോലെ പിണഞ്ഞിട്ട വലിയ കുഞ്ചലം. ഇത് കണ്ടപ്പോൾ ഞാൻ അതിശയിച്ചു പോയി, ഇതൊക്കെ തലശ്ശേരിയിലും കണ്ണൂരുമാണുണ്ടാക്കുന്നതു എന്ന് മനസ്സിലാക്കിയപ്പോൾ കൂടുതൽ സന്തോഷമായി, കുടിൽ വ്യവസായമാണിത്. അതിനു മുമ്പായിട്ടു ഞാൻ ഇത് നാട്ടിലെവിടെയും കണ്ടിട്ടില്ല .
എന്നെങ്കിലും വീടു അലങ്കരിക്കാൻ കർട്ടനുകൾ, light fittings, plumbing, sanitary items, Mirror frames ഇതൊക്കെ വേണ്ടി വരുമ്പോൾ ആദായ വിലക്ക് ഏറ്റവും പുതുമയേറിയ സാധനങ്ങൾ വാങ്ങേണ്ട സ്ഥലം കണ്ട സംതൃപ്തി ആയിരുന്നു എനിക്ക്.
ഞാൻ ഒരു ലൈറ്റ് കടയുടെ ഉള്ളിൽ കയറി Kapoor Lamp Shades.
അവിടത്തെ fittings selection കണ്ടു കണ്ണ് തള്ളി പോയി, മുനിസിപ്പൽ ലൈബ്രറിയിലും മറ്റും കണ്ട Interior Designs -ന്റെ പുസ്തകത്തിലെ ഇറ്റാലിയൻ fittings എല്ലാം അത് പടി ചെയ്തു വെച്ചിരിക്കുന്നു. എന്റെ ഉത്സാഹവും അമ്പരപ്പും കണ്ടിട്ട് കടയിലെ ഒരു വിൽപ്പനക്കാരൻ പറഞ്ഞു, ഇവിടെ ഇറ്റലിയിൽ ഇറങ്ങുന്ന ഏതു light fittings-o ഉണ്ടാക്കും. അങ്ങനെ തന്നെ True Copy . പക്ഷെ പിൽക്കാലത്തു ഞാൻ വാങ്ങിയ ഒരു അതി മനോഹര Fittings-ന്റെ ഉള്ളിൽ ഫ്യൂസ് ആയ ബൾബ് മാറ്റാൻ പെടാ പാടു പെട്ടു . ഏതൊരു Fitting-o ഊരണ്ടി വരും എന്ന് മാത്രം അവർ ചിന്തിച്ചില്ല കോപ്പി അടിച്ചപ്പോൾ.
ഓർമ്മ വന്നത് ജഗതി ശ്രീകുമാർ പണിഞ്ഞ കട്ടിലിനെയാണ്!
കാലു നാലും തല്ലി കൂട്ടി കഴിഞ്ഞപ്പോൾ പുരയുടെ ഉമ്മറത്തെ തൂണ് കട്ടിലിന്റെ ഉള്ളിൽ.
അങ്ങനെ ഒരു സംഭവം നടന്നത് കൊണ്ട് പിൽക്കാലത്തു എവിടെ ചെന്ന് എന്ത് വാങ്ങിയാലും ആദ്യം തുറക്കുന്നതെങ്ങനെ എന്ന് പഠിക്കും
അന്നു പതിവ് പോലെ youth ഹോസ്റ്റലിൽ എത്തിയതും എല്ലാവർക്കും അടുത്ത ദിവസത്തെ യാത്രയെ കുറിച്ചുള്ള ചിന്തയായി, പെട്ടിയെല്ലാംഅടുക്കി പെറുക്കി വെക്കണം, രാവിലെ 9 മണിക്ക് തന്നെ Delhi Domestic Airport – ൽ എത്തണം. ആദ്യമായി വിമാനത്തിൽ യാത്ര ചെയ്യാൻ പോകുന്നു. 95% പേരുടെയും ആദ്യത്തെ അനുഭവമാണ്. എല്ലാവരുടെയും ആകാംക്ഷ വിമാനത്തിൽ ശ്രീനഗറിലേക്കു പറക്കുന്നതിനെ ഓർത്തായിരുന്നു.
ഈ യാത്ര തുടരുന്നതായിരിക്കും
Leave A Comment