Coonoor-ലെ സുഹൃത്തുക്കളുടെ വീട്ടിൽ നിന്ന് സ്റ്റേഷനിൽ പോകുന്നതിനു മുന്നേ അടുത്തുള്ള Wellington എന്ന സ്ഥലത്തെ അതിപ്രധാനമായ Madras Regimental Center – MRC കാണാനുള്ള ഏർപ്പാട് ചെയ്തിരുന്നു,
Defence Services Staff കോളേജ്, നിലകൊള്ളുന്ന സ്ഥലം സ്വതന്ത്ര ഭാരതത്തിന്റെ 3 സേനകളിലുമുള്ളവരെയും ഒരു കുടകീഴിൽ പരിശീലിപ്പിക്കുന്ന പ്രതിരോധ വകുപ്പിന്റെ പരിശീലന കേന്ദ്യ്രം.
എനിക്കാണെങ്കിൽ വലിയ ആഗ്രഹമായിരുന്നു പട്ടാളത്തിൽ ചേർന്ന് രാജ്യത്തെ സേവിക്കണമെന്ന്, എന്റെ രണ്ടു അമ്മാച്ചന്മാരും ഇന്ത്യയുടെ ആർമിയിൽ സേവനം അനുഷ്ടിച്ചവരായിരുന്നു, ചിട്ടകളിലും ചട്ടങ്ങളിലും അടിയുറച്ചു വിശ്വസിക്കുന്നതുകൊണ്ടു എനിക്കേറ്റവും പ്രതിപത്തി ഉള്ള മേഖല ആയിരുന്നു പോലീസും പട്ടാളവും.
MRC യുടെ മുന്നിലായുള്ള റോഡരുകിൽ ഒരു വലിയ ബോര്‍ഡില്‍ ഒരു സന്ദേശം എഴുതി വച്ചിട്ടുണ്ട്: നിങ്ങൾ തിരികെ പോകുമ്പോൾ, മറ്റുള്ളവരോട് പറയുക, അവരുടെ നാളേക്ക് വേണ്ടി ഞങ്ങളുടെ ഇന്നേകളെ ഞങ്ങൾ സമർപ്പിച്ചെന്നു.
അതിൽ തന്നെ മദ്രാസ് റെജിമെന്റിനു ലഭിച്ച ആനയുടെ പടം ആലേഖനം ചെയ്ത ചിഹ്നം ഉണ്ട്, ഒരു ഭടന് വേണ്ടുന്ന ഗുണഗണങ്ങൾ ഇവിടെ അടയാളപടുത്തിയിരിക്കുന്നു നെഞ്ചുറപ്പ്, സഹനശക്തി, ബുദ്ധികൂര്‍മ്മത, ത്രാണി, ആത്മവിശ്വാസം, ആജ്ഞാനുവര്‍ത്തി, വിശ്വസ്തത.
അകത്തുള്ള കെട്ടിടത്തിന്റെ കവാടത്തിന്റെ മുകളിലായി ഒരു മുദ്രാവാക്യം എഴുതി വെച്ചിരിക്കുന്നു:
“വിവേകത്തോടെ യുദ്ധത്തിന് പോകുക” .
വലിയ ആദരവോടെ പറഞ്ഞുനടന്ന പേരാണ് ഫീൽഡ് മാർഷൽ Maneksha, രണ്ടാം ലോക മഹായുദ്ധം മുതൽ പല യുദ്ധങ്ങളിലും പങ്കാളിയായ ഭാരതത്തിന്റെ ധീര യോദ്ധാവ്, പുള്ളിക്കാരൻ ഭടന്മാരോട് ഉദ്ധരിച്ച ഒരു സന്ദേശമുണ്ട്,
“ഒരു കാര്യം ഒരിക്കലും മാറുന്നില്ല നിങ്ങളുടെ കര്‍ത്തവ്യവും ചുമതലയും, നിങ്ങളുടെ ചുമതല രാജ്യത്തെ രക്ഷിക്കുക എന്നതാണ്, അതിനു യുദ്ധം ചെയ്യണ്ടി വരും, യുദ്ധം ചെയ്യുമ്പോൾ നിങ്ങൾ ജയിച്ചിരിക്കണം, അല്ലാതെ തോറ്റു പിന്മാറാനുള്ളവരല്ല; നിങ്ങൾ തോറ്റാൽ പിന്നെ തിരികെ വരാതിരിക്കുക”.
George S Patton രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്കയുടെ General! അദ്ദേഹത്തിന്റെ പേര് കേട്ട ഉദ്ധരണികൾ സ്കൂളിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ കാണാപ്പാഠമായിരുന്നു. സ്കൂളിൽ വെച്ച് എഴുതി ഉണ്ടാക്കിയ മോണോആക്റ്റിന്റെ സ്ക്രിപ്റ്റിൽ ഈ രണ്ടു നായകന്മാരുടെയും ഉദ്ധരണികൾ ഉപയോഗിച്ചിരുന്നു,
“മനുഷ്യന് പങ്കെടുക്കാവുന്ന ഏറ്റവും ഉജ്ജ്വലമായ മത്സരം യുദ്ധമാണ്; യുദ്ധത്തിൽ ഏതൊരുവന്റെയും സാഹസികമായ കഴിവിനെ പുറത്തുകൊണ്ടുവരുന്നു, കേവലമായിട്ടുള്ളതെല്ലാം ഇല്ലാതാവുന്നു, എല്ലാ മനുഷ്യരും ഒന്നുപോലെ യുദ്ധത്തെ ഭയക്കുന്നു, ഒരു ഭീരുവിന്റെ ഭയം തന്റെ കർത്തവ്യബോധത്തെ കീഴ്പ്പെടുത്തുന്നു, എന്നാൽ ഒരു ജനതയുടെ ധൈര്യം, അല്ലെങ്കിൽ പൗരുഷം അവരവരുടെ കർത്തവ്യ ബോധത്തിലാണ്”.
രണ്ടു സേനാധിപരും പറയുന്നതും പറഞ്ഞതും ഒന്നു തന്നെ, യുദ്ധം പോരാടേണ്ടത് തന്നെ, ജയിക്കാൻ വേണ്ടി വേണം പോരാടാൻ; തോൽക്കാനല്ല.
ജീവിതത്തിലെ പല സങ്കീർണ്ണ ഘട്ടങ്ങളിലും അറിയാതെ ഉരുവിടുന്ന മന്ത്രമാണിത്, തോൽക്കാൻ പാടില്ല, ഞാനൊരാളോ നമ്മൾ കുറച്ചു പേരോ ആയിട്ട് സ്വയം വരുത്തി വെച്ചതല്ല ഒരു യുദ്ധവും, തോൽക്കാൻ പാടില്ല, പൊരുതി നിന്നാലേ മതിയാവൂ.
വളരെയധികം ഗൃഹാതുരത്വം ഉണർത്തിയ ഒരു അനുഭവമായിരുന്നു, ഈ മിലിറ്ററി സങ്കേതത്തിലെ പ്രദര്ശനമുറികളിലൂടെ നടന്നതും പലതരം ആയുധങ്ങളും യുദ്ധ കോപ്പുകളും വെട്ടി തിളങ്ങുന്ന പരുവത്തിൽ തേച്ചു മിനുക്കി കണ്ണാടി കൂട്ടിൽ വെച്ചിരിക്കുന്നത് കണ്ടതും.
ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മ മഹാരാജാവ് മദ്രാസ് റെജിമെന്റിനു സമ്മാനമായി കൊടുത്ത വാളും പരിചയുമൊക്കെ തുടച്ചു മിനുക്കി കണ്ണാടി കൂട്ടിൽ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്
ഊട്ടിക്ക് പോകാൻ സ്റ്റേഷനിൽ എത്തിയതും തീവണ്ടി വരാറായിരുന്നു. സ്റ്റേഷൻ മാസ്റ്ററിനോട് നന്ദി പറയാനായി അദ്ദേഹത്തിന്റെ മുറിയുടെ വാതുക്കൽ പോയി നിന്നപ്പോൾ, കുറെ സ്കൂൾ കുട്ടികൾ അവരുടെ അധ്യാപകരുമായി എത്തി, അവരുടെ ഡേ ഔട്ട് ആണ് ഊട്ടിയിലെ ബൊട്ടാണിക്കൽ ഗാർഡൻ കാണാനായി പോകുന്നു. സ്റ്റേഷൻ മാസ്റ്റർ ഞങ്ങളെ സ്നേഹപൂർവ്വം യാത്ര അയച്ചു, തീവണ്ടിയിൽ കയറി, വീണ്ടും ഹൃദയഹാരിയായ താഴ്വരകളും, കുന്നും മലയും, പുഴയും, പാറക്കെട്ടും, പാലങ്ങളും, റ്റണലുകളും കടന്നു തീവണ്ടി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു.
Lovedale Station- ലെ സ്റ്റേഷൻ മാസ്റ്റർ, സാമിച്ചായന്റെ അടുത്ത സുഹൃത്ത് ആയിരുന്നു, അദ്ദേഹത്തിന്റെ പേര് E. K. Rahulan. മലയാളി, തൃശൂർ ക്കാരനാണ്, നേരത്തെ പുള്ളിക്കാരൻ കേരളത്തിൽ പലയിടത്തും സ്റ്റേഷൻ മാസ്റ്റർ ആയി ജോലി നോക്കിയിരുന്നു. റെയിൽവേക്കാരെല്ലാം അങ്ങനെയാണ്, ഒരു വലിയ കുടുംബം പോലെ അടുപ്പവും, സ്നേഹവും ആയിരിക്കും. നാട്ടിൽ നിന്ന് കൊണ്ടുവന്ന കുറച്ചു വരിക്ക ചക്ക വഴറ്റിയതും, കുടംപുളിയും അപ്പച്ചൻ അദ്ദേഹത്തിന് കൈമാറുന്നത് കണ്ടു. പകരം അദ്ദേഹം മഞ്ഞ നിറത്തിലെ വാടാത്ത പൂക്കൾ അപ്പച്ചനും കൊടുത്തു.
Lovedale സ്റ്റേഷനിൽ രണ്ടു retiring മുറികളുണ്ട്, ഞങ്ങൾ അവിടെയാണ് താമസിച്ചത്, നേരത്തെ അറിയിച്ചിരുന്നതിനാൽ സ്റ്റേഷൻ മാസ്റ്റർ റെയിൽവേ സ്റ്റാഫിനെ കൊണ്ട് മുറിയെല്ലാം തുടച്ചു വൃത്തിയാക്കി വിരിപ്പെല്ലാം മാറ്റി ഇടീച്ചിരുന്നു. സൗകര്യമുള്ള രണ്ടു മുറികൾ, ജനാലക്കു വെളിയിലായി അതിമനോഹരമായ പൂന്തോട്ടം , നീലഗിരിയിലെ ഏറ്റവും നല്ല റെയിൽവേ പൂന്തോട്ടത്തിനുള്ള സമ്മാനം അടുത്തടുത്ത വർഷങ്ങളിൽ കിട്ടിയിരുന്നത് Lovedale സ്റ്റേഷനായിരുന്നു, ഒരു വശത്തായി ഇടതൂർന്നു നിൽക്കുന്ന യൂക്കാലിപ്റ്സ് മരങ്ങൾ ഉച്ചനേരമായാലും ആ പ്രദേശമാകെ മൂടല്‍മഞ്ഞിനാൽ ആവൃതമായിരിക്കും. നീലക്കുറിഞ്ഞി പൂക്കൾ ഒരു പൂപ്പാത്രത്തിൽ ഇരിക്കുന്നത് കണ്ടു കണ്ണിമയ്ക്കാതെ നോക്കി നിന്ന എന്നോട് മുറി വൃത്തിയാക്കാൻ വന്ന ആൾ പറഞ്ഞു ഇത് കിട്ടാൻ പാടാണ്, പന്ത്രണ്ടു വര്‍ഷത്തിലൊരിക്കലേ പൂക്കാറുള്ളു.
അവസാന തീവണ്ടി പോയിക്കഴിഞ്ഞാൽ പിന്നെ ഒരു മനുഷ്യജീവി പോലും അതിലെ എങ്ങും പോകില്ല, വല്ലപ്പോഴും ഒരു വണ്ടി അടുത്തുള്ള റോഡ് വഴി പോകുന്ന ശബ്ദം കേൾക്കും, കുറ്റാകുറ്റിരുട്ടും, നല്ല തണുപ്പും. ആകെ കേൾക്കുന്നത് തവളകളുടെ നിർത്താത്ത കരച്ചിലാണ്, അപ്പോഴേ അപ്പച്ചൻ പറഞ്ഞു ശ്രദ്ധിച്ചിരുന്നാൽ ഒരു കൂട്ടം കേൾക്കാമെന്നു, ഈ മാക്കിറികൾ സ്വയം നാശം വരുത്തി വെക്കും, പെട്ടെന്ന് ഒരു അലർച്ച പോലത്തെ കരച്ചിൽ കേൾക്കാം പിന്നെ ശാന്തം, നിർത്താത്ത കരച്ചിലിന്റെ ശബ്ദം കേട്ട് പാമ്പു വന്നു പിടിച്ചു വിഴുങ്ങിയപ്പോൾ ഉള്ള മരണവിളിയും നിശബ്ദദയും ആണ് അപ്പോൾ കേട്ടത്.കുറച്ചു കഴിഞ്ഞു വീണ്ടും തുടങ്ങി മറ്റൊരു മണ്ടൻ മാക്കിറി.
നേരം വെളുത്തതും കൊല്ലത്തുള്ള ഒരു സുഹൃത്തിന്റെ അനുജൻ ഞങ്ങളെ കാണാൻ വന്നു പുള്ളിക്കാരൻ അവിടെ Hindustan Photo Films Manufacturing Company Ltd- ലെ ഉദ്യോഗസ്ഥനാണ്
Xray film-, കാമറയിലെ ഫിലിം റോൾ ഒക്കെ കണ്ടിട്ടുണ്ടെന്നല്ലാതെ ഇതൊക്കെ ഉണ്ടാക്കുന്ന ഇടത്തു എത്തിപറ്റുമെന്നു ഒരിക്കലും ഓർത്തിരുന്നില്ല. സൗത്ത് ഈസ്റ്റ് ഏഷ്യ-യിലെ Photosensitized ഉല്‍പ്പന്നങ്ങൾ അതായതു medical, diagnostic , photographic, Defence, Digital market മേഖലകൾക്കാവശ്യമായ ഫിലിമുകൾ, നിർമ്മാണപ്രക്രിയ അവലംബിക്കുന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ഉപയോഗിച്ച് ഉല്പാതിപ്പിച്ചിരുന്ന ഒരേയൊരു സ്ഥാപനം ആയിരുന്നു അത്, ഇവിടെ ഉല്പാദിപ്പിക്കുന്ന ഫില്മിനെ ഇന്ദു എന്ന പേരിലാണ് അറിഞ്ഞിരുന്നത് 5000 പേരോളം ജോലി ചെയ്തിരുന്ന സ്ഥാപനം, വിഷമത്തോടെ പറയട്ടെ, പുതു യുഗത്തിലെ നൂതനമായ സാങ്കേതികതൾക്ക് വഴിമാറികൊടുത്ത ഈ സ്ഥാപനം ഇന്നിപ്പോൾ പ്രവര്ത്തനശൂന്യമായിരിക്കുന്നു, കാലഹരണപ്പെട്ടിരിക്കുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ സ്റ്റേഷൻ മാസ്റ്റർ വന്നിട്ടു പേരുകേട്ട The Lawrence School, Lovedale Boarding School ഒന്നു കണ്ടുവരാമെന്നു പറഞ്ഞു ഞങ്ങളെയും കൂട്ടി സ്കൂൾ കാണാൻ പോയി. നാട്ടിൽ നിന്ന് കുറെയധികം പേരുടെ കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. സ്റ്റേഷൻ മാസ്റ്ററും ഈ സ്കൂളിലെ കുട്ടികളും, അവരുടെ മാതാപിതാക്കളും, സാറന്മാരും, മറ്റുള്ള ഉദ്യോഗസ്ഥരുമായി വളരെ നല്ല സൗഹൃദത്തിൽ ആയിരുന്നു. നാട്ടിലുള്ള പലരും കുട്ടികളുടെ പോക്കും വരവുമൊക്കെ നോക്കിക്കാണാൻ സ്റ്റേഷൻ മാസ്റ്ററിനെ ആണ് ഏല്പിക്കാറു, എല്ലാവര്ക്കും വേണ്ടപ്പെട്ട ആളായിരുന്നു സ്റ്റേഷൻ മാസ്റ്റർ.
പ്രൗഢിയേറിയ ഉജ്ജ്വല കെട്ടിട സമുശ്ചയം, 750 ഏക്കറോളം വരുന്ന അതിമനോഹരമായ പച്ചപ്പിൽ, മരങ്ങളും, കുന്നും, മലയും താഴ്വാരങ്ങളുമുള്ള സുന്ദര പ്രദേശം. എല്ലാ വിധ സജ്ജീകരണങ്ങളുമുള്ള പബ്ലിക് സ്കൂൾ. ഇവിടെ എഴുതി വെച്ചിരിക്കുന്ന വീക്ഷണവും, ആദർശവാക്യങ്ങളും താഴെ ചേർക്കുന്നു:
സ്വഭാവഗുണം ആകസ്മികമായി സംഭവിക്കുന്നതല്ല , നിരന്തരമായ നേരായ ചിന്തയും, നിരന്തരമായ നേരായ പ്രവർത്തിയും ഒന്നുകൊണ്ടു മാത്രമേ സ്വഭാവഗുണം ഉണ്ടാവൂ.
ഒരിക്കലും തോൽവിക്കു സ്വയം വഴങ്ങാതിരിക്കുക. പൊരുതുക!!!
വിജയം വരിക്കാൻ ധീരതയോടെ, ആത്മവിശ്വാസത്തോടെ, കാരുണ്യത്തോടെ, സർഗ്ഗവൈഭവത്തോടെ, സ്വഭാവഗുണത്തോടെ പൊരുതണംഎന്ന് പഠിപ്പിക്കുന്ന സ്കൂൾ.
ഈ യാത്ര തുടരുന്നതായിരിക്കും
Leave A Comment