തലേന്നത്തെ പോലെ, കൈയും വീശി ഇറങ്ങാൻ പറ്റില്ല, 6 മണി തൊട്ട് എല്ലാവരും അവരവരുടെ പെട്ടികളുമായി താഴെ റിസപ്ഷനിൽ എത്തി തുടങ്ങി, മുറിയുടെ ഒരു ഭാഗത്തായി പെട്ടി വെച്ചിട്ടു വന്നവർ വന്നവർ കാപ്പി കുടിക്കാൻ അകത്തേക്കു പോയി, പെട്ടിക്കു കാവലായി കുറച്ചു പേര് നിന്നു, മാറി മാറി എല്ലാവരും കാപ്പി കുടിച്ചു.
ജോൺ ചെറിയാൻ സാറും, accommodation കമ്മറ്റിക്കാരും കൂടെ കണക്കൊക്കെ നോക്കി കാശു കൊടുത്തു. പെട്ടികളുടെ എണ്ണം കൃത്യമായി എടുത്തു, തലേന്ന് ഏർപ്പാട് ചെയ്ത ബസിൽ, തല എണ്ണി ആൾക്കാരെ കയറ്റി, നേരെ Jammu Thawi Railway Station- ലേക്ക് പുറപ്പെട്ടു.
റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴും പെട്ടിയും, തലയും, രണ്ടും തെറ്റാതെ എണ്ണി; പ്ലാറ്റഫോമിൽ പിടിച്ചിട്ടിരിക്കുന്ന ട്രെയിനിൽ കയറി.
Chalo Chandigarh!
ഹിമാലയ പർവതം നിറുകയിൽ വഹിച്ചു നിൽക്കുന്ന Jammu and Kashmir സംസ്ഥാനത്തിന്, തലസ്ഥാനമായി രണ്ടു സുന്ദരികൾ ശ്രീനഗറും, ജമ്മുവും, ഹിമാലയത്തിന്റെ അടിവാരത്തിലുള്ള പ്രൗഢസുന്ദരിയായ Chandigarh രണ്ടു ബലവാന്മാരായ സംസ്ഥാനങ്ങളുടെ, പഞ്ചാബിന്റെയും ഹര്യാനയുടെയും തലസ്ഥാനം.
ആരും അത്ര കേട്ടിട്ടില്ലാത്ത Chandigarh കാണാൻ ഞങ്ങൾ സിവിൽ എഞ്ചിനീയറിംഗ് ബാച്ചുകാർ, തീരുമാനിച്ചതെന്ത് കൊണ്ടാണ് എന്ന് അറിയാൻ മറ്റു department- കാർക്ക് വല്ലാത്ത ഒരു ജിജ്ഞാസ ആയിരുന്നു.
Architecture and Town Planning പഠിച്ചപ്പോൾ മുതൽ ഉരുത്തിരിഞ്ഞ ആശയായിരുന്നു Le Corbusier-ന്റെ ഭാരതത്തിലെ ആദ്യത്തെ planned city കാണണമെന്ന്.
ഭാസുരമായ ഒരു പുത്തൻ ഭാരതം, അതായിരുന്നു ലക്ഷ്യം.തനതായ ഇന്ത്യൻ Architecture-ൽ നിന്നും വ്യത്യസ്തമായ ഡിസൈൻ ആയിരിക്കണം Chandigarh-ന്; എന്നൊരു നിബന്ധന വെച്ചത് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആയ Jawaharlal Nehru ആണ്. അദ്ദേഹത്തിന്റെ ദീർഘ വീക്ഷണത്തിന്റെ ഉപോല്പന്നം ആയ Chandigarh, Swiss- French Architect ആയ Le Corbusier -ന്റെ ഹൃദയത്തോട് ചേർന്ന പദ്ധതി ആയി.നഗരങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ മുൻപന്തിയിലുള്ള Architect ആയിരുന്നു അദ്ദേഹം. നഗരം നരകം ആകാതിരിക്കാൻ അദ്ദേഹം വളരെ സമഗ്രമായ പദ്ധതികൾ വിഭാവനം ചെയ്തിരുന്നു.
Salihu Sir-ന്റെ Geology- യിൽ പലതും, വായിച്ചു, പഠിച്ചു, പരീക്ഷ എഴുതി എന്നല്ലാതെ നേരിൽ കണ്ടു ആസ്വദിക്കാനും, മനസ്സിലാക്കാനും, അവസരങ്ങൾ കിട്ടിയിട്ടില്ല, എന്നാൽ ഭാരത യാത്രയിൽ പലയിടത്തും ജിയോളജി എന്ന ശാസ്ത്രത്തിന്റെ സൂക്ഷ്മ ഭാവങ്ങൾ തൊട്ടറിയാൻ സാധിച്ചു എന്ന് തന്നെ പറയാം.
ഭീമാകാരമായ മഞ്ഞു മലയായ ഹിമാലയത്തിലെ പാറ പൊടിഞ്ഞു വീണുണ്ടാകുന്ന മണല് കൊണ്ടും, ജൈവാവശിഷ്ടങ്ങള് കൊണ്ടും, ഉണ്ടായ പർവത നിരകളാണ് Shivalik മലകൾ, മലയിടുക്കിൽ നിന്നൊഴുകി എത്തിയ അരുവിയിലെ വെള്ളം താഴ്വാരത്തിൽ കെട്ടി നിർത്തി Le Corbusier- ന്റെ നേതൃത്വത്തിൽ പണിത തടാകമാണ് Sukhna.
തടാകം പണിഞ്ഞതും അദ്ദേഹം ഒരു കാര്യം തീരുമാനിച്ചു, കാലാകാലങ്ങളോളം ഈ തടാകം പ്രശാന്ത സുന്ദരമായി നിലകൊള്ളണമെങ്കിൽ കുറച്ചു വ്യവസ്ഥകൾ വെച്ചേ മതിയാവൂ. ഒരു കാരണവശാലും യന്ത്രവൽകൃത ബോട്ടുകൾ ഈ വെള്ളത്തിൽ കയറ്റില്ല, തടാകത്തിനോട് ചേർന്നുള്ള അണക്കെട്ടിൽ വാഹനങ്ങളൊന്നും തന്നെ അനുവദിക്കുന്നതുമല്ല.
ഒരു പക്ഷെ, പ്രകൃതിയെ സംരക്ഷിക്കുന്ന കാര്യത്തിലുള്ള നമ്മുടെ ഉത്തരവാദിത്വമില്ലായ്മയുടെ, ഒരു രീതി അറിയാവുന്നതു കൊണ്ടാവാം അദ്ദേഹം അന്നേ അങ്ങനെയുള്ള നിബന്ധനകൾ വെച്ചത്, മനസ്സിന് ശാന്തിയും, സന്തോഷവും, ഉല്ലാസവും തരേണ്ട ഇടമായിട്ടാണ് ഈ പട്ടണം തന്നെ വിഭാവനം ചെയ്തത്. ചുറ്റും പക്ഷികളും, പൂക്കളും, ജലാശയങ്ങളും, അതിനോടൊക്കെ ചേർന്ന് പുത്തൻ പട്ടണത്തിന്റെ ഹൃദയഭാഗത്തു നിർമ്മിച്ച സർക്കാർ സ്ഥാപനങ്ങളെല്ലാം തന്നെ പരുക്കനായ അപൂര്ണമാണെന്നു തോന്നിപ്പിക്കുന്ന കോൺക്രീറ്റിലാണ് പണിഞ്ഞിരിക്കുന്നതു, തട്ടടിക്കുന്ന പലകയുടെ പാടുകൾ കാണുന്ന കോൺക്രീറ്റ്.
വര്ഷങ്ങള്ക്കു ശേഷം 1989-ൽ Sydney-യിലെ 259 George Street-ൽ World Trade Center എന്ന കെട്ടിടത്തിൽ ഒരു ഓഫീസ് നടത്തി. പിന്നെ അത് AAP Center ആയി, പച്ചയായ സൗന്ദര്യം, ആഡംബരങ്ങളില്ലാത്ത പരുക്കൻ കോൺക്രീറ്റ്, തട്ടില്ല, കെട്ടിടത്തിന്റെ structural members, building services, airconditioning ducts എല്ലാം കാണാം. ഈ കെട്ടിടം പണിഞ്ഞവരുടെ ജോലിയിലുള്ള നൈപുണ്യത്തിനു നൂറിൽ നൂറു മാർക്ക് കൊടുക്കാതെ പറ്റില്ല; അത്രയ്ക്ക് ഗംഭീരമാണ് പണി .
Chandigarh- ലെ ബ്രഹത്തായ കോൺക്രീറ്റ് കെട്ടിടങ്ങളുടെ നിർമ്മാണ രീതിയിൽ ആർക്കിടെക്ട അവലംബിച്ച തത്വങ്ങളെല്ലാം നേരിട്ട് കാണാൻ സാധിച്ചു, പുസ്തകത്തിൽ പഠിക്കുന്നത് പോലെ അല്ല നേരിട്ട് കാണുമ്പോഴുള്ള അനുഭവം.
വെയിലും, നിഴലും, കെട്ടിടത്തിന്റെ ഭാഗമാക്കിയത് കാണാൻ സാധിച്ചു.ഭാരമേറിയ നിർമ്മാണവസ്തുക്കൾ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ അന്നൊന്നും ആധുനിക യന്ത്രങ്ങളോ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല, അങ്ങനെ ആണ് കുട്ടികൾ കളിക്കുന്ന സ്ലൈഡ് പോലത്തെ റാമ്പുകൾ ഉണ്ടാക്കിയത്, അത് പിന്നെ കെട്ടിടങ്ങളുടെ ഭാഗമാവുകയും ചെയ്തു.
നമ്മുടെ മണ്ണ്, നാം ജീവിക്കുന്ന ഈ ഭൂമി. ഈരേഴു ലോകങ്ങളിലും വെച്ച് മെച്ചപ്പെട്ടതാണെന്ന വിശ്വാസം, അല്ലെങ്കിൽ ശുഭപ്രതീക്ഷയാണ് അദ്ദേഹത്തിന്റെ സൃഷ്ടികളിൽ ഉണ്ടായിരുന്നത്.മതിമറന്നു ആഹ്ലാദിക്കുന്നതിൽ മുൻപന്തിയിലാണ് നമ്മൾ ഭാരതീയർ, അത് മനസ്സിലാക്കിയ അദ്ദേഹം പട്ടണത്തിന്റെ നടുവിലുള്ള സർക്കാർ സ്ഥാപനങ്ങളുടെ ചുറ്റും നടക്കാനും, കൂട്ടം കൂടി വിജയങ്ങളാഘോഷിക്കാനുമുള്ള വിഹാരകേന്ദ്രങ്ങൾ പണിഞ്ഞു.
പട്ടണത്തിന്റെ ഹൃദയഭാഗത്തുള്ള സർക്കാർ സ്ഥാപനങ്ങൾ കണ്ടു നടക്കുമ്പോൾ കെട്ടിടങ്ങളുടെ വലുപ്പവും, ഗാംഭീര്യവും എല്ലാം നമ്മുടെ ഉള്ളിൽ വളരുന്ന പോലെ തോന്നും, ശീലക്കുട തിരിച്ചു വെച്ചപോലെയുള്ള മേൽക്കൂര, വലിയ ശില്പകലപോലെ കോൺക്രീറ്റിൽ തീർത്ത പുകക്കുഴൽ, മേൽക്കൂരയിലെ വളഞ്ഞ മതിലുകൾ ഇതെല്ലം അഞ്ചാമത്തെ സെമസ്റ്ററിൽ പഠിച്ചെങ്കിലും നേരിട്ട് കണ്ടപ്പോഴാണ് പലതും മനസ്സിലായത്. സർക്കാർ ആപ്പീസുകൾ തലയ്ക്കു മുകളിൽ വലിയൊരു വടു വൃക്ഷം പോലെ പടർന്നു പന്തലിച്ചു നിൽക്കുന്ന പോലെ.
Architect വരകളിൽ കോറിയിട്ട്, കോൺക്രീറ്റിൽ പണിതുയർത്തിയ നഗരത്തിൽ, ഒരു അടയാളമായി കാറ്റത്തു കറങ്ങുന്ന ഭീമാകാരമായ കൈയ്യുടെ പ്രതിമ സ്ഥാപിച്ചു, പതിറ്റാണ്ടുകളായി ആ കൈ ഒരു ബോൾ ബെയറിങ്ങിൽ നിന്നു കാറ്റിനോടൊപ്പം ചുറ്റി കറങ്ങുന്നു. അതിന്റെ അടുത്ത് നിൽക്കുമ്പോൾ നമ്മൾക്ക് ഓർത്തെടുക്കാൻ പറ്റുന്നത് ഒന്ന് മാത്രമേ ഉള്ളൂ; Jonathen Swift- ന്റെ Gullivers Travels എന്ന നാടോടിക്കഥയിലെ ഗള്ളിവരും, ലില്ലിപ്പൂട്ടും.
മനുഷ്യരാശിയുടെ പ്രകൃത്യാ ഉള്ള ശീലങ്ങളാണ് പിണക്കവും, ഇണക്കവും.ശാന്തിയുടെയും, സമാധാനത്തിന്റെയും, മനുഷ്യരാശിയുടെ യോജിപ്പിന്റെയും പ്രതീകമായിട്ടാണ് അദ്ദേഹം തുറന്ന കൈയ്യുടെ പ്രതിമ സ്ഥാപിച്ചത്.
തല്ലാനും തലോടാനും, കൊടുക്കാനും വാങ്ങാനും ഉള്ളതാണ് കൈ, ആരെ തല്ലുന്നു, ആരെ തലോടുന്നു എന്നുള്ളത് അവരോരുടെ യുക്തി. എന്ത് കൊടുക്കുന്നു, എന്ത് വാങ്ങുന്നു എന്നുള്ളതിന്റെ പ്രസക്തിയും വളരെ വലുതാണ്.
കെട്ടിടങ്ങളുടെ രൂപകല്പനക്കു അദ്ദേഹം ഉപയോഗിച്ചിരുന്ന തത്വങ്ങൾ വളരെ പ്രായോഗികവും, പുതുമയേറിയതുമായിരുന്നു.
മോട്ടോർ വാഹനങ്ങൾ സഞ്ചരിക്കാനുള്ള യന്ത്രമാണ്, വിമാനം പറക്കാനുള്ള യന്ത്രമാണ്, വീടെന്നാൽ മനുഷ്യന് ജീവിക്കാനുള്ള യന്ത്രമാണ്. ഇതായിരുന്നു അദ്ദേഹത്തിന്റെ തത്വം.
കോളേജിൽ പഠിച്ച Le Corbusier- ന്റെ പ്രത്യേകതയുള്ള നിർമ്മാണ രീതികളുടെ ആവിഷ്കാരം വര്ഷങ്ങള്ക്കു ശേഷം, ഒരിക്കൽ കൂടി, കാണാൻ സാധിച്ചു.
പുരാണങ്ങളിലെ ദിവ്യന്മാർ അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്ന പോലെയുള്ള അനുഭവമാണ് 1931-ൽ പണി തീർത്ത, ഇപ്പോൾ ഫ്രഞ്ച് സർക്കാരിന്റെ ഉടമസ്ഥതിയിലുള്ള Villa Savoye കണ്ടപ്പോൾ തോന്നിയത്, പാരീസ് നഗരത്തിന്റെ പ്രാന്ത പ്രദേശത്താണീ വീട്.
വളരെ മെലിഞ്ഞ തൂണുകളുടെ ചട്ടക്കൂടിൽ തറ നിരപ്പിൽ നിന്നുയർന്ന് നിൽക്കുകയാണ് വീട്, കെട്ടിടഭാരം വഹിക്കുന്ന മതിലുകൾ ഒന്നും തന്നെ ഇല്ല. എന്ന് മാത്രമല്ല. വീടിനുള്ളിലെ മുറികൾ മനോധർമ്മം പോലെ എങ്ങനെ വേണമെങ്കിലും വിഭജനം ചെയ്യാം. മതിലുകളുടെ ചട്ടക്കൂടുകൾ ഇല്ലാത്തതിനാൽ വീടിന്റെ ഏതു വശത്തു നിന്നു നോക്കിയാലും Elevation രൂപകൽപന ചെയ്യാൻ യാതൊരു പരിമിതിയോ, നിയന്ത്രണമോ ഇല്ല. നാലുപുറവും തടസ്സങ്ങളില്ലാതെ വരിയായിട്ടുള്ള കണ്ണാടി ജനാലകൾ, പുറത്തു നിന്നുള്ള വെളിച്ചവും, കാഴ്ചകളും, മുറിക്കുള്ളിലേക്കൊഴുകി വരുന്നു പോരാഞ്ഞിട്ട് തുറന്നിട്ടാൽ വിഘ്നമില്ലാത്ത വായു സഞ്ചാരവും.
വീടിന്റെ മേൽക്കൂര പരന്നിട്ടാണ് മാത്രമല്ല; ചരൽ കല്ലും ജൈവ മണ്ണും നിറച്ച പൂത്തടങ്ങളാൽ അലംകൃതവും ആണ്. ടെറസ് വരെ പോകാൻ പാകത്തിന്.പടികളുണ്ട്, പോരാഞ്ഞിട്ട് റാമ്പുമുണ്ട്. കരയിൽ നങ്കൂരമിട്ടു കിടക്കുന്ന പട കപ്പലിനെ ഓർമിപ്പിക്കുന്ന പോലെ വലിയ പുകക്കുഴലും, കൈവരികളും, വളഞ്ഞ മതിലും, എല്ലാമായി വളരെ വ്യത്യസ്തമായ ഒരു കലാശില്പം.
അടുക്കളയുടെ മട്ടും ഭാവവും വളരെ പ്രായോഗികം ആയിരുന്നു. എന്നെ ഏറ്റവും ആകർഷിച്ചത് നമ്മുടെ കാരംബോര്ഡിനേക്കാൾ വലുപ്പത്തിലുള്ള ഒരു പലക, സ്ഥിരമായി ഉറപ്പിച്ചു വെച്ചിരിക്കുന്നു. ഇറച്ചിയും, മീനും, മലക്കറിയുമൊക്കെ അരിയാനായി. ടൈൽസ് ഒട്ടിച്ച നല്ല വലിപ്പമുള്ള രണ്ടു സിങ്കും, സാധനങ്ങൾ വെക്കാൻ ധാരാളം അലമാരകളും.
കിടപ്പുമുറിയുടെ ഓരത്തായുള്ള കുളിമുറിയുടെ വിശദാംശങ്ങള് വളരെ പ്രായോഗികം ആയിരുന്നു, മറവിനായി കർട്ടൻ ഇടാനുള്ള സംവിധാനമൊക്കെ 90 വര്ഷങ്ങള്ക്കു മുന്നേ ആലോചിച്ചിരുന്നു എന്ന് ഓർക്കുമ്പോൾ അറിയാതെ വാ പൊളിച്ചുപോകും.
നാട്ടിൽ നമ്മൾ ഉപയോഗിക്കാത്ത കൗതുകങ്ങളായ പല സാമഗ്രികൾ കണ്ടു, അതിൽ ഒന്നായിരുന്നു നീല നിറത്തിലെ ടൈൽ ഒട്ടിച്ച കോൺക്രീറ്റ് ചാരുകസേര. ആധുനിക furniture-ന്റെ ഭാഗമായി ഈ ചാരുകസേരയുടെ പകർപ്പ് ഇന്നും ഉണ്ടാക്കുന്നു. പുള്ളിക്കാരന്റെ പേരിൽ.
പ്രഗത്ഭരുടെ ആർക്കിടെക്ചർ സിദ്ധാന്തങ്ങളിലേക്കു ഒന്നെത്തി നോക്കിയാൽ, നമ്മുടെ നാട്ടിലെ ഏതു പ്രളയത്തിനെയും നേരിടാൻ ഉതകുന്ന രൂപകല്പനകൾ കാണാൻ സാധിക്കും . പൊയ്ക്കാലിൽ നിൽക്കുന്ന കൊക്കിനെ പോലെ. വെള്ളം വന്നാലും വീട്ടിനുള്ളിൽ കയറില്ല.
ഈ യാത്ര തുടരുന്നതായിരിക്കും
Leave A Comment