രാത്രി തിരികെ വന്നപ്പോൾ എല്ലാവരും ഒരു തീരുമാനമെടുത്തു, ചെറിയ ചെറിയ സംഘങ്ങളായി രാവിലെ അവരവരുടെ ഇഷ്ടം പോലെ പോകുന്നു. രാത്രിയിൽ തിരികെ എത്തുന്നു. തിരികെ കോളേജിൽ എത്തുമ്പോൾ project report എഴുതേണ്ട കാര്യം ഓർത്തോണം, John Cherian Sir ഓർമ്മിപ്പിച്ചു. കാഴ്ചകളുടെ എണ്ണവും വിവരണവും കൂടുന്നതനുസരിച്ചു മാർക്കും കൂടും എന്നൊരു സൂചന ആയിരുന്നു അത്. രാവിലെ ആറുമണിക്ക് റെഡി ആയി താഴെവന്നിട്ട്, കാപ്പി കുടിച്ചതും, ആദ്യമാദ്യം റെഡി ആയി വരുന്നവരുമായി സംഘം ചേർന്ന് പോകാനായിരുന്നു പരിപാടി.
ഒരിക്കലും മറക്കാത്ത ഒരു ദിനമായിരുന്നു അത്, തലേന്ന് പേര് എഴുതിയെടുത്ത സ്റ്റേഷനുകളിലെല്ലാം പോകാൻ തീരുമാനിച്ചു, അങ്ങനെ ഞങ്ങൾ ബോംബെയുടെ വിരിമാറിലൂടെ ട്രെയിനിൽ കയറി ഇറങ്ങി. ഓരോരോ station-ന്റെ അടുത്തുള്ള സ്ഥലങ്ങളിലെ എന്തെങ്കിലുമൊക്കെ വിശേഷപ്പെട്ട കാഴ്ചകളുടെ അടുത്തൊക്കെ പോയി, ഒരിടത്തും അകത്തു കയറാൻ നിന്നില്ല, അങ്ങനെ കയറിയാൽ എങ്ങും എത്തില്ല എന്നറിയാമായിരുന്നു. യാത്ര ചെയ്യാനും, ഭാഷ പറയാനും, കാഴ്ചകൾ കാണാനുമുള്ള ഒരു പരിശീലനം അത്രയേ മനസ്സിൽ കണ്ടുള്ളൂ. അത് ഞങ്ങൾ നന്നായി ആസ്വദിച്ചു. പേരക്കയും, മാങ്ങയും, പഴവുമൊക്കെ വാങ്ങി കഴിച്ചുകൊണ്ടൊരു യാത്ര. രാത്രി വളരെ വൈകിയാണ് തിരികെ ലോഡ്ജിൽ എത്തിയത്, തിരികെ വന്നപ്പോൾ നല്ല വിശപ്പായിരുന്നു , ഭാഗ്യത്തിന് ഞങ്ങൾക്കു കഴിഞ്ഞ കുറച്ചു ദിവസമായി ദോശ തന്ന കടക്കാരൻ അപ്പോഴും അവിടെ തന്നെ ഉണ്ടായിരുന്നു, ആർത്തിയോടെ ഞങ്ങൾ ചൂട് ദോശ വാങ്ങി കഴിച്ചു.
രാത്രി കിടക്കുന്നതിനു മുന്നേ എല്ലാം ബാഗിനുള്ളിൽ അടുക്കി വെച്ചു, മേലു കഴുകി കിടന്നപ്പോൾ പന്ത്രണ്ടു മണി ആയി. രാവിലെ 10 മണിക്കാണ് ഗോവയ്ക്കുള്ള കപ്പൽ. രാവിലെ 7 മണിക്ക് തന്നെ ലോഡ്ജിൽ നിന്ന് പുറപ്പെട്ടു ജെട്ടിയിൽ എട്ടരയോടെ എത്തണം, ടിക്കറ്റ് എടുക്കാൻ Q നിൽക്കണം, എല്ലാവരുടെയും ആദ്യത്തെ കപ്പൽ യാത്രയാണ്. Steamer എന്ന് ഇംഗ്ലീഷിൽ പറയുന്ന കപ്പലിൽ Bombay-യിൽ നിന്ന് Goa വരെ 24 മണിക്കൂറാണ് യാത്ര, ഞങ്ങളുടെ ഓൾ ഇന്ത്യ ടൂർ-ന്റെ സവിശേഷതകളിൽ ഒന്നായിരുന്നു പലതരം ഗതാഗത സംവിധാനം ഉപയോഗിച്ചുള്ള യാത്രകൾ, Goa എത്തുന്നതോടു കൂടി ഞങ്ങൾ വിമാനത്തിലും , തീവണ്ടിയിലും , ബസിലും കപ്പലിലും, എല്ലാം കയറി ഇരിക്കും. Autoയിലും
സമയത്തിനെ പറ്റി ഇപ്പോൾ എല്ലാവര്ക്കും നല്ല ധാരണയുള്ളതുകൊണ്ടു രാവിലെ റെഡി ആവുന്നതിനെ പറ്റി ഓർമ്മിപ്പിക്കണ്ട വന്നില്ല ,
ആദ്യമായി വിമാനത്തിൽകയറിയപ്പോൾ പുത്തനുടുപ്പൊക്കെ ഇട്ട് മിനുങ്ങി ഇറങ്ങിയപോലെ, നേരം വെളുത്തതും പെട്ടിയും പ്രമാണവുമായി താഴെ ഇറങ്ങിയ കൂട്ടുകാരെ കണ്ടു ഞാൻ ഞെട്ടി. തലേന്ന് ബോംബയിലെ തെരുവുകളിൽ നിന്ന് വാങ്ങിയ ചെത്ത് ഉടുപ്പാണ് മിക്കവരും ഇട്ടിരുന്നത്, പുതിയ തുണി വാങ്ങിയാൽ കഴുകാതെ ഇടാൻ പാടില്ല എന്നത് വീട്ടിലെ ഒരു ശീലമാണ്, അതുകൊണ്ടു ഞാൻ ആരോടൊക്കെയോ പോയി പറഞ്ഞു നിങ്ങളെന്തിനാ കഴുകാതെ ഇതിട്ടതു, റോഡ് സൈഡിൽ കിടന്നതല്ലേ ആരൊക്കെ തൊട്ടതാ, പിന്നെ പോരാഞ്ഞിട്ട് പൊടിയും അഴുക്കും കാണില്ലേ. അവരാരും എന്നേ മൈൻഡ് ചെയ്തത് പോലുമില്ല, അപ്പോളാണ് ആരോ വിനയനോട് പറയുന്നത് കേട്ടത്, കപ്പലിലെ ഹോസ്റ്റസ്സുമാരുടെ ഇടയിൽ നമുക്കൊരു മതിപ്പുണ്ടാക്കാനും ഒന്ന് ചെത്തി നടക്കാനും സമ്മതിക്കില്ല, ഇതിന്റെ ഒരു കാര്യം.
ങേ, ഉണ്ണിയുടെ ശബ്ദമായിരുന്നു അത് അപ്പോൾ കപ്പലിൽ ഹോസ്റ്റസ്സുമാരുണ്ടോ Plane-ലെ പോലെ, ശ്ശെ, ഞാനറിഞ്ഞില്ലല്ലോ? എന്നാൽ ഞാനാ നിറമുള്ള ഉടുപ്പിട്ടേനെ, പടം പിടിക്കുമ്പോൾ തെളിഞ്ഞു കിടന്നേനെ. ഇനിയിപ്പോ സമയം പോയി.
ഞാനെന്റെ സില്ബന്തി പയ്യനുമായി ബോംബയിലെ അവസാനത്തെ ദിവസത്തെ ഭക്ഷണത്തിനു പുറത്തേക്കിറങ്ങി.
All India tour-നു പുറപ്പെടുന്നതിനു മുന്നേ, വളരെ വേണ്ടപ്പെട്ടവരുടെ ഒക്കെ വീട്ടിൽ പോയി യാത്ര ചോദിച്ചിരുന്നു, ഒരു മാസത്തെ യാത്രയാണ്, അങ്ങനെ ലീലകൊച്ചമ്മയുടെയും Baluchayan-ന്റെയും അതായതു Dr. Ninan കുരുവിള യുടെ വീട്ടിൽ പോയി വിശദാംശങ്ങള് എല്ലാം പറയുന്നതിന്റെ ഇടയ്ക്കു കടലിലൂടെ ഉള്ള യാത്ര ഉണ്ടെന്നു പറഞ്ഞതും, Baluchayan പറഞ്ഞു കപ്പലിൽ കയറുന്നതിനു മുന്നേ വയറു നിറയെ ഭക്ഷണം കഴിച്ചിരിക്കണം. എന്നിട്ടു Avomine ഗുളികയുടെ ഒരു സ്ട്രിപ്പ് എനിക്ക് തരികയും ചെയ്തു, കുട്ടികളെല്ലാവരും ഇത് കഴിച്ചിരിക്കുന്നതാണ് നല്ലതു എന്ന് പറഞ്ഞു, കടല്ച്ചൊരുക്കുണ്ടാവാതിരിക്കാൻ അവോമിൻ നല്ലതാണ്, അതനുസരിച്ചു അന്ന് തന്നെ എല്ലാവര്ക്കും കൊടുക്കാനായി ഞാൻ അപ്പയോടു പറഞ്ഞു ചിന്നക്കട യിലെ Western Medical Stores-ൽ നിന്ന് ആവശ്യത്തിന് ഗുളികകൾ വാങ്ങുകയും ചെയ്തു,
ഞാൻ ഇംഗ്ലീഷ് മരുന്നിന്റെ ആളല്ല, അമ്മ എന്നും കഴിക്കുന്ന ഇടങ്ങഴി ഗുളിക കണ്ടു മനം മടുത്തിട്ടാണ്, എനിക്ക് ഗുളിക കഴിക്കാൻ ഇഷ്ടമില്ലാത്തത് . ഒരു രാവും പകലുമുള്ള യാത്രയാണെന്നു ഞാൻ പറഞ്ഞപ്പോൾ Baluchayan ഒരു കാര്യം പറഞ്ഞിരുന്നു, ഈ ഗുളിക കഴിച്ചാൽ ഉറക്കം വരും, വർത്തമാനമൊക്കെ പറഞ്ഞോ നടന്നോ അതിനെ മറികടന്ന് പകൽ കാഴ്ചകൾ കാണണം, രാത്രി കിടന്നുറങ്ങിയേക്കണം.
കപ്പലിൽ കയറുന്നതിനു മുന്നേ എല്ലാവരും ഗുളിക കഴിച്ചോ എന്ന് ഓരോരുത്തരോടായി ചോദിച്ചു ഉറപ്പു വരുത്തേണ്ട ചുമതല ഞാൻ എന്റെ ഉത്തരവാദിത്വമായിട്ടു ഏറ്റെടുത്തു. കാരണമുണ്ട് കപ്പലിൽ കയറി ആരെങ്കിലും ഓക്കാനിച്ചു തുടങ്ങിയാൽ പിന്നെ വാ നോക്കി കോട്ടുവാ പോലെ ഓരോരുത്തരായി അവരുടെ കാല്പാടുകൾ പിന്തുടർന്നാൽ ആകെ കുട്ടിച്ചോറാകും യാത്ര.
വയറു നിറയെ ഭക്ഷണം കഴിച്ചു എന്ന് മാത്രമല്ല കുറച്ചു വാങ്ങി കൈയ്യിലും വെച്ചു. കപ്പലിലെ കാര്യങ്ങൾ എങ്ങനെ ആയിരിക്കും എന്നൊരു ധാരണ ഇല്ലായിരുന്നു; അതുകൊണ്ടാണ് ഒരു മുട്ടുശാന്തിക്ക് ഒരു പാർസൽ കരുതിയത്, ഞാൻ വാങ്ങുന്നത് കണ്ടു പലരും വാങ്ങി, Ho! വേറെ പണിയൊന്നുമില്ല ഇനി ഇതും കൂടി പൊക്കിക്കൊണ്ട് പോകാനെന്നും പറഞ്ഞു ഗമയിൽ പോയവരുമുണ്ട്.
പെട്ടെന്ന് തന്നെ എല്ലാവരും കഴിച്ചു റെഡി ആയി കപ്പലിൽ കയറാനുള്ള പുറപ്പാടായി.നീണ്ടകരയിൽ മീൻപിടിക്കാൻ പോകുന്ന ബോട്ടിൽ കയറിയതാണ് എന്റെ ആകെയുള്ള കടൽ യാത്ര, വള്ളത്തിൽ അഷ്ടമുടി കായലിലൂടെ പോയിട്ടുണ്ട് പക്ഷെ ഇതൊരു സംഭവം തന്നെ വലിയ ഒരു കെട്ടിടം വെള്ളത്തിൽ.
പിന്നങ്ങോട്ടുള്ള കാര്യങ്ങളൊന്നും ഞങ്ങൾ തീരെ പ്രതീക്ഷിച്ചതായിരുന്നില്ല. ഒന്നാമതായി ഞങ്ങൾ മാത്രമായിരുന്നു ഇത്രയധികം പെട്ടിയും പ്രമാണവുമായുള്ള യാത്രക്കാർ. നേരത്തെ എത്തിയതുകൊണ്ടു Q-വിൽ വളരെ കുറച്ചു പേരെ ഉണ്ടായിരുന്നുള്ളു. ഞങ്ങൾ നിന്നതും മാല പോലെ ഒരു വലിയ വരിയായി. അപ്പോൾ കാക്കി യൂണിഫോമിട്ട ഒരാൾ കപ്പലിൽ നിന്നിറങ്ങി ഞങ്ങളുടെ അരികിലൂടെ ടിക്കറ്റ് കൊടുക്കുന്നിടത്തേക്കു നടന്നു വന്നു, കപ്പലിൽ നിന്നിറങ്ങിയ ആളായത് കൊണ്ട് അയാളോട് ഒന്ന് രണ്ടു സംശയം ചോദിക്കാം എന്ന് മനസ്സിൽ കരുതിയതും പുള്ളിക്കാരൻ ഞങ്ങളുടെ അടുത്തെത്തി, , ഞങ്ങളെ ഒന്ന് നോക്കി, എന്നിട്ടു ചോദിച്ചു മലയാളികളാണല്ലേ ? ഹോ സ്വർഗം കിട്ടിയ പോലെ, എല്ലാം മറന്നു ഞങ്ങൾ അയാളുടെ ചുറ്റും വട്ടം കൂടി, അതെ എങ്ങനെയാണീ യാത്ര, ഓരോരുത്തരായി ഓരോരോ ചോദ്യങ്ങൾ തൊടുത്തുവിടാൻ തുടങ്ങി ആരും പറയുന്നത് ആർക്കും കേൾക്കാൻ മേൽ അപ്പോൾ സാറ് മുന്നോട്ടു വന്നിട്ട് പറഞ്ഞു നിങ്ങളെല്ലാവരും കൂടി ഒരുമിച്ചു ചോദിക്കാതെ പുള്ളിക്കാരൻ പറയട്ടെ ഈ യാത്രയെ പറ്റി. പുള്ളിക്കാരൻ സാറിനെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ടു ചോദിച്ചു.
നിങ്ങളാരെങ്കിലും കപ്പലിൽ യാത്ര ചെയ്തിട്ടുണ്ടോ? എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു ഇല്ലേ, ഇല്ല. കടൽച്ചൊരുക്കിനുള്ള മരുന്ന് കഴിച്ചോ? എല്ലാവരും ഉത്തരം പറഞ്ഞു കഴിച്ചു. അദ്ദേഹത്തിന് അതങ്ങു പിടിച്ചു, അദ്ദേഹത്തിന്റെ മുഖം നന്നായി തിളങ്ങി. നിങ്ങൾ പോകുന്നത് Konkan തീരം വഴിയാണെന്നറിയാമല്ലോ? അല്ലെ? അതുകൊണ്ടാണീ കപ്പലിനും Konkan എന്ന പേരുള്ളത്, കപ്പൽ വിടാൻ ഇനിയും ഒരു മണിക്കൂറുണ്ട് നിങ്ങൾ ടിക്കറ്റ് എടുത്തിട്ട് വരിയായി അകത്തു കടക്കുമ്പോൾ കൈവരിയിൽ പിടിച് തറയിൽ നോക്കി നടക്കണം, ബാഗും പെട്ടിയുമുള്ളതുകൊണ്ടു പ്രത്യേകം ശ്രദ്ധ വേണം കപ്പലിന്റെ, വാതുക്കൽ എന്നെ പോലെ കാക്കിയൂണിഫോം ഇട്ടവർ ഉണ്ടാവും, അവർ നിങ്ങളെ സഹായിക്കും, എന്നിരുന്നാലും നിങ്ങൾ ഇത്രയധികം പേരുള്ളതിനാൽ എല്ലാവരും പരസ്പരം സഹായിക്കണം. ഇത് ഞങ്ങൾക്ക് ശീലമായതിനാൽ അതൊരു പ്രശ്നമല്ലായിരുന്നു.
കപ്പലിന്റെ ഡെക്കിൽവളരെ കുറച്ചു ബെഞ്ചുകൾ ആണുള്ളത്, ആദ്യം ചെന്നാൽ അവിടെ ഇരിക്കാൻ പറ്റും, പിന്നെ ഉള്ളത് ചങ്ങാടങ്ങളാണ്, പൊങ്ങു തടിയില്ലേ അത്, എന്തെങ്കിലും അപകടം സംഭവിച്ചാൽ ഉപയോഗിക്കാനുള്ളതാണ്, പക്ഷെ നിങ്ങൾക്കൊരു കാര്യം ചെയ്യാം അതിന്റെ പുറത്തോട്ടു ഷീറ്റ് വിരിച്ചു, ട്രെയിനിൽ പത്രവും ബാഗുമിട്ടു സീറ്റ് പിടിക്കുന്നതുപോലെ കിടക്കാനുള്ള ഇടം പിടിക്കാം. അല്ലെങ്കിൽ തറയിൽ ഷീറ്റ് വിരിച്ചു കിടക്കാനേപറ്റൂ, ആളുകൾ എല്ലാം കയറി നിറയുമ്പോൾ പിന്നെ അവിടെയും ഇവിടെയും ആയിപ്പോകും, ഈ പറഞ്ഞ കാര്യത്തിന് ഞങ്ങൾ സെക്യൂരിറ്റി കമ്മിറ്റിക്കാരെ ചുമതലപ്പെടുത്തി.
രണ്ടു മൂന്നു പേര് പതുക്കെ ചോദിച്ചു ഭക്ഷണം വല്ലതും. അതൊക്കെ ബെല്ലടിക്കുമ്പോ കിട്ടും, ഇത്രയും പറഞ്ഞപ്പോഴേക്കും ടിക്കറ്റ് വാങ്ങാനുള്ള ആളുകളുടെ തള്ള് കൂടി കൂടി വന്നു, കപ്പലിൽ കാണാം എന്ന് പറഞ്ഞു പുള്ളിക്കാരൻ ഓഫീസിന്റെ അടുത്തേക് നടന്നു.
യുദ്ധത്തിന്റെ കാഹളം കേൾക്കുമ്പോൾ മുന്നോട്ടു ആക്രമിക്കാൻ തയ്യാറെടുക്കുന്ന പോലെ ഞങ്ങൾ എല്ലാവരും റെഡി ആയി, കപ്പലിൽ കയറി സ്ഥലം പിടിക്കാൻ.
പറഞ്ഞപോലെ തന്നെ എല്ലാവരും പടപുറപ്പാടായി. അകത്തുകയറി ഒരു മൂല പതിച്ചെടുത്തു, ഒന്നിന്റെ മുകളിൽ ഒന്നായി കയറ്റി വെച്ചിരുന്ന പൊങ്ങുതടികൾ എടുത്തു ചന്ദ്രക്കലപോലെ ഒരു വലയം സൃഷ്ടിച്ചു. കോഴികുഞ്ഞുങ്ങൾ ഒറ്റാലിൽ കയറുന്ന പോലെ വരുന്നവർ വരുന്നവർ അവരുടെ സാധനങ്ങൾ എല്ലാം ചന്ദ്രകലക്കുള്ളിൽ അടുക്കി വെച്ചു. ചങ്ങാടത്തിൽ ഷീറ്റ് വിരിച്ചു അധികാരം ഉറപ്പിച്ചു, അപ്പോഴേക്കും കാക്കി യൂണിഫോറമിട്ട മറ്റൊരാൾ ഞങ്ങളുടെ അടുത്ത് വന്നിട്ട് English – ൽ പറഞ്ഞു ഇത് ശരിയാവില്ല, ചങ്ങാടമെടുത്തിങ്ങനെ വെക്കാൻ പറ്റില്ല നീളത്തിൽ ഗ്യാപ്പിട്ട് വെക്കാം, കപ്പലിന്റെ ഓരത്തു നിന്ന് മാറ്റി വേണം സാധനങ്ങൾ വെക്കാൻ, അതും എല്ലാംകൂടി കൂട്ടി വെക്കാനും പറ്റില്ല
മാറ്റി മാറ്റി വെക്കണം. കാര്യം മനസ്സിലായതും ഞങ്ങൾ അയാൾ പറഞ്ഞ പോലെ മാറ്റി ഒതുക്കി വെച്ചു.
അപ്പോഴേക്കും പുതിയ യാത്രക്കാർ കപ്പലിൽ കയറി തുടങ്ങി.
പെട്ടെന്നാണ് കാവൽ നിന്ന കമ്മറ്റിക്കാർ ഓരോരുത്തരായി ഓരോ ഒഴിവു പറഞ്ഞു മുങ്ങാൻ തുടങ്ങിയത് , എങ്ങോട്ടാണ് ഇവർ മുങ്ങിയതെന്നു ആദ്യം ഒരു പിടിയും കിട്ടിയില്ല, പിന്നല്ലേ കാര്യം മനസ്സിലായത്..
ഈ യാത്ര തുടരുന്നതായിരിക്കും
Leave A Comment