വഴിയോരകാഴ്ചകൾ കണ്ടു നടക്കുന്നതിന്റെ ഇടയ്ക്കു കൂടെ വന്ന ഹോട്ടലിലെ സുൽത്താൻ എന്നോട് ചോദിച്ചു ദീദി ആപ്കോ ക്യാ ചാഹിയെ, അപ്പൊ എന്റെ മനസ്സിൽ തോന്നി ഈ സുൽതാനോടെങ്ങനെയാ പറഞ്ഞു ഫലിപ്പിക്കുക, എനിക്ക് പ്രത്യേകിച്ചൊന്നും വേണ്ട, എന്റെ അമ്മ പറഞ്ഞതൊക്കെ വാങ്ങി, ഇനിയിപ്പോ അതി വിശിഷ്ടമായ എന്തെങ്കിലും കണ്ടാൽ വാങ്ങാം അത് മരത്തിൽ പണിഞ്ഞതായാൽ ഏറ്റവും നല്ലതു.
രണ്ടും കല്പിച്ചു ഞാൻ ഹിന്ദിയിൽ ഒരു കൂട്ടം പറഞ്ഞു , മുജ്ജെ നഹി ചാഹിയെ, പരന്തു തടിയിൽ ഈ തടിക്കെന്തവാ ഹിന്ദിയിൽ പറയുന്നേ ലഡ്കി.. അല്ല ലക്കടി കുച്ച് മിലെ തോ ദേഖിയെ, പയ്യന് കാര്യം മനസ്സിലായി. പക്ഷെ എന്റെ ഒപ്പം കൂടിയവരിൽ മലയാളം അരച്ച് കലക്കി കുടിച്ച റിജി ചോദിച്ചു, എന്തുവാ ചോദിച്ചേ ഇവിടന്നു പരുന്തിനെ വാങ്ങാനാണോ പ്ലാൻ… ഞാൻ കേൾക്കാത്ത ഭാവത്തിൽ നടന്നു. പണ്ടേ ഉള്ളതാണ് ഈ കൊച്ചുചെറുക്കന്മാർക്കു നമ്മളെ ഒന്ന് ഇരുത്തി രണ്ടു ഡയലോഗ് പറയണമെന്നുള്ളത്, കളിയാക്കുന്നതിൽ ഉസ്താദുക്കൾ ആണിവരെല്ലാം. അവസരങ്ങൾ കുറവേ കിട്ടാറുള്ളു എന്നാലും കിട്ടിയാൽ ഒട്ടും വിടില്ല.
ഇതായിരുന്നു അന്നത്തെ സ്നേഹബന്ധം, അങ്ങോട്ടുമിങ്ങോട്ടും ഓരോന്ന് തോപ്പം തോപ്പം പറഞ്ഞുള്ള ജീവിതം. ചിരിക്കാൻ, സന്തോഷിക്കാൻ, അല്ലലില്ലാതെ ജീവിക്കാൻ .
പയ്യൻ എന്നെ രണ്ടു കട കഴിഞ്ഞുള്ള വളവു തിരിഞ്ഞു കണ്ട ഒരു വലിയ കടയിൽ കൊണ്ടുപോയി, ഇതുവരെ കണ്ടതിലും വെച്ചേറ്റവും വലിയ കട.
പലതരത്തിലുള്ള Furniture-കൾ കൊണ്ട് നിറഞ്ഞിരിക്കുന്ന കട.
മരപ്പണി എനിക്കെന്നും ഹരമായിരുന്നു, ഒരു പാഴ്ത്തടി കിട്ടിയാൽ വീട്ടിലെ ആശാരിയുടെ കൂടെ ഇരുന്നു എന്തെങ്കിലും ഉണ്ടാക്കി എടുക്കുക എന്റെ ഏറ്റവും പ്രിയപ്പെട്ട വിനോദമായിരുന്നു. ചിന്തേരിടാനും, ഉരുപ്പടിയിൽ ഉളിയും കൊട്ടുവടിയുമെടുത്തു ഓരോന്ന് പണിഞ്ഞെടുക്കാനും എന്നും ഉത്സാഹമായിരുന്നു. Flute ഉണ്ടാക്കുന്ന ഒരാശാരി ഉണ്ടായിരുന്നു. Flute മേസ്തിരി എന്നാണ് ഞങ്ങൾ അദ്ദേഹത്തെ വിളിച്ചിരുന്നത്, പിന്നെ പുള്ളിക്കാരന്റെ അളിയൻ തടി മേസ്തിരിയും, കാതിൽ ചുവന്ന കല്ലിന്റെ കടുക്കനിട്ട ഇവർ രണ്ടു പേരും ഒരു കാര്യത്തിൽ വലിയ നിര്ബന്ധക്കാരായിരുന്നു. എന്തുണ്ടാക്കിയാലും കമ്പി ആണി ഉപയോഗിക്കില്ല, എല്ലാം മര ആണി വെച്ച് മാത്രമേ ചേർത്ത് വെക്കൂ, ഓരോ കഷ്ണം തടിയുടെ തുഞ്ചും പല തരത്തിലുള്ള ആകൃതിയിൽ മുറിച്ചിട്ട് ഇളകാത്ത വണ്ണം ചേർത്ത് വെക്കുന്ന രീതികൾ ഞാൻ ആദ്യമായി പഠിച്ചത്ഇവരിൽ നിന്നാണ്, എനിക്കന്നു 8 വയസ്സ്, എളുപ്പപ്പണിക്ക് ആണി അടിക്കാതെ വളരെ കൃത്യമായി പണിഞ്ഞ Furniture-കൾ.
തച്ചു ശാസ്ത്രം ശാസ്ത്രീയമായി അഭ്യസിച്ച കണക്കന്മാർ. അവരുടെ കഥകളുടെയും കവിതകളുടെയും കൂമ്പാരവും, സംഗതികൾ ഒപ്പിച്ചുള്ള കീർത്തനാലാപനവുമൊക്കെ ഇന്നലത്തെ പോലെ ഓർമ്മയിൽ നിൽക്കുന്നു. ഓരോരോ സന്ദര്ഭത്തിന് ചേർന്ന ഔചിത്യമുള്ള സാധനങ്ങൾ പണിതുണ്ടാക്കലായിരുന്നു എന്റെ പ്രധാന വിനോദം. അതിനു ചേർന്ന ഉരുപ്പടിയുടെ അറ്റവും തുണ്ടുമെല്ലാം ആശാരിമാരുടെ കൈയ്യിൽ നിന്ന് അടിച്ചു മാറ്റും. ഒരിക്കൽ പോലും ഞാൻ പണിഞ്ഞതൊന്നും വെറുതെ ആയില്ല. എല്ലാം വീട്ടിനും പ്രെസ്സിനും ആവശ്യമുള്ള സാധനങ്ങൾ.
ഞങ്ങൾ കയറിയ കടയിൽ തുണിയിൽ എംബ്രോയിഡറി ചെയ്യുന്ന പോലെ തടിയിൽ വിസ്തരിച്ചുള്ള കൊത്തുപണികൾ. ചെയ്ത സോഫകൾ, എഴുത്തു മേശകൾ, ടീപോയ്, ഊണ് മേശ, കസേര, അലമാര എന്ന് വേണ്ട ഒരു വീടിനു ആവശ്യമായ എല്ലാവിധ സാധനങ്ങളും നിരത്തി വെച്ചിരിക്കുന്നു.
പല തരത്തിലെ മേശവിളക്കുകൾ, മുറിയുടെ മൂലയ്ക്ക് വെക്കാവുന്ന വിളക്കുകൾ. മടക്കാവുന്ന മറ, തടിയിൽ ചിത്രപ്പണികൾ കൊത്തിയെടുത്ത ലേസ്പോലെ കിഴുത്തയോട് കൂടിയ മറ, 5 പാളിയുള്ളതായിരുന്നു മിക്കതും വലിയ ഹാളുകൾ രണ്ടായി തിരിക്കാൻ, ഊണ് മുറിയിലെ വാഷ്ബേസിൻ മറയ്ക്കാൻ. വീടിന്റെ ഉൾഭാഗം അലങ്കരിക്കാൻ ഉതകുന്ന കൗതുകമേറിയതും കരവിരുതിനാൽ അതിശയിപ്പിക്കുന്നതുമായ പലതരം സാധനങ്ങൾ.
കടയിലെ ഒരു വിൽപ്പനക്കാരൻ മറ്റൊരു സഞ്ചാരിയെ കാണിക്കാനായി കട്ടിലിന്റെ ഒരു വശത്തുണ്ടായിരുന്ന കുറിയ മുക്കാലിയിൽ നിൽക്കുന്ന 5 അടി പൊക്കമുള്ള മെലിഞ്ഞ കറുപ്പും, ചുവപ്പും, മഞ്ഞയും, പച്ചയും നിറത്തിലുള്ള പൂക്കളാൽ അലംകൃതമായ തടിയുടെ സ്റ്റാൻഡിലുള്ള ഹോൾഡറിൽ ഒരു ബൾബിട്ടു, ബില്ലെഴുതുന്ന മേശയുടെ അടുത്തുള്ള പ്ലഗിൽ കുത്തി ON ആക്കി. ലൈറ്റ് കത്തി. സഞ്ചാരിക്കു സന്തോഷമായി അത് വാങ്ങാൻ തീരുമാനിച്ചു.. .
കടക്കാരൻ ബൾബ് ഊരി, വിളക്ക് പൊക്കി എടുത്തിട്ട് 3 കാലും വലിച്ചൂരി. അതിനു ശേഷം 5 അടി പൊക്കമുള്ള വിളക്കിന്റെ കമ്പു നാലായി ഊരി അകത്തൂടെയുള്ള വയറോട് കൂടി തലങ്ങും വിലങ്ങും മടക്കി മടക്കി ഒരു ചെറിയ പൊതി ആക്കി, തീരെ ഭാരമില്ലാത്ത പൊതി, അത് കണ്ട ഞാനും ഒരെണ്ണം വാങ്ങി, തിരികെ വന്നപ്പോൾ അതെന്റെ പഠിക്കുന്ന മേശയുടെ അടുത്ത് വെച്ചു, വിളക്കിന്റെ ഷെയ്ഡ് വാങ്ങിയില്ല, പകരം അമ്മക്കു തമ്പിച്ചായൻ സിങ്കപ്പൂർ നിന്നു വന്നപ്പോൾ കൊണ്ടുവന്ന പേപ്പറിന്റെ പടങ്ങളുള്ള കുട എടുത്തു ഈ വിളക്ക് മാടത്തിനു മുകളിൽ വെച്ചു കെട്ടി. മതിലിൽ കുടയിലെ ചിത്രങ്ങളുടെ നിഴൽ അടിക്കുന്നതു കാണാൻ നല്ല ഭംഗി ആയിരുന്നു. എനിക്ക് മാത്രമല്ല കാണുന്ന എല്ലാവര്ക്കും കൗതുകം തോന്നുന്ന ഒരു വിളക്ക്.
സഞ്ചാരികളെ ഉദ്ദേശിച്ചുള്ള സാധനങ്ങൾ ആണ് മിക്കതും. വളരെ ചെറിയ പാക്കറ്റ് ആക്കാവുന്ന പണികളാണ്.
കട്ടിലും മേശയുമൊക്കെ തന്നെ പല ഭാഗങ്ങളായി ഊരി മാറ്റാവുന്നതാണ്.
അപ്പോൾ ഞാനോർത്തത് ഒരാളിനെ മാത്രം, അമ്മയുടെ പ്രിയ കൂട്ടുകാരി ജമീല ആന്റി യുടെ ഉപ്പയെ, അതായതു സാക്ഷാൽ A K Kaderkutty സാഹിബിനെ. അദ്ദേഹത്തെ ആദ്യമായി കാണുമ്പോൾ, ഞാൻ സ്കൂളിൽ പഠിക്കയാണ്. തൂവെള്ള പാന്റും ഷിർട്ടുമിട്ട് കറുത്ത കണ്ണടവെച്ച വെള്ള ബെൻസ് കാറിൽ തലശ്ശേരിയിലെ പള്ളിക്കുന്ന് ബംഗ്ലാവിൽ നിന്ന് വരുന്ന ഉപ്പുപ്പാ. ജമീല ആന്റി യുടെ യും കമാൽ അങ്കിളിന്റെയും മക്കളായ അമീനയും ,സായിദയും, ഫൈസലും വിളിക്കുന്നത് പോലെ ഞാനും വിളിച്ചു തുടങ്ങി.
കറ തീർന്ന മഹാൻ, മനുഷ്യ സ്നേഹി, ഉപ്പുപ്പാ ഒരു നിമിഷം പോലും വെറുതെ ഇരിക്കുന്നത് കണ്ടിട്ടില്ല, 1942-ൽ സോ മിൽ, തുടങ്ങി , കണ്ണൂരിൽ Valapattanam- ത്ത് തേയില കയറ്റി അയക്കുന്ന പെട്ടികൾ ഉണ്ടാക്കാൻ. അന്നൊക്കെ തേയില പെട്ടികൾ കൽക്കട്ടയിൽ നിന്നാണ് വന്നു കൊണ്ടിരുന്നത്.
അധികം താമസിയാതെ അദ്ദേഹം Saw Mill-നെ Western India Plywoods, WIP എന്ന പേരിൽ പ്ലൈവുഡ് ഉണ്ടാക്കുന്ന ഫാക്ടറി ആക്കി, എന്റെ അറിവിൽ അദ്ദേഹമാണ് പലതരത്തിലുള്ള വൈശിഷ്ട്യമേറിയ പ്ലൈവുഡുകളുടെ ഏഷ്യയിലെ തലതൊട്ടപ്പൻ .
ഞാനവിടെ ഒരു വേനൽ അവധി കാലത്താണ് ആദ്യമായി പോയത്, Kollam , SV ടാക്കീസ്-ന്റെ അടുത്തുള്ള സോ മില്ലുകളിലൂടെ കയറി ഇറങ്ങി പോയിട്ടുള്ള എനിക്ക് തടി അറക്കുമ്പോഴുള്ള അറക്കപ്പൊടിയെ പറ്റി നല്ല ധാരണയുണ്ടായിരുന്നു ; പക്ഷെ WIP-യിൽ ചെന്നപ്പോൾ കണ്ട വൃത്തിയും വെടിപ്പും എന്നെ ആശ്ചര്യപ്പെടുത്തി. വളപട്ടണം നദിയുടെ തീരത്താണ് ഫാക്ടറി , അതിന്റെ ഘടനയെയും സമ്പ്രദായങ്ങളെയും പറ്റി പറഞ്ഞാൽ തീരില്ല, അതൊക്കെ Western India Plywoods- ന്റെ വെബ്സൈറ്റിൽ കാണാം.
ഏറ്റവും മുഖ്യമായുള്ളതു അവിടത്തെ റിസർച്ച് ലാബ് തന്നെ ആണ്. ദീർഘവീക്ഷണം ഉള്ള ഒരു എഞ്ചിനീയർ വെറുമൊരു സ്വപ്നജീവി അല്ല എന്ന് വിസ്തരിക്കുന്നതിന്റെ ഉദാത്തമായ തെളിവാണ് ഈ ലാബും അവിടെ നടത്തുന്ന പരീക്ഷണങ്ങളിൽ നിന്ന് ഉരുത്തിരിയുന്ന ലോകോത്തര ഉത്പന്നങ്ങളും. പടി പടി ആയി പല തരത്തിലെ ഉത്പന്നങ്ങൾ ഉണ്ടാക്കി തുടങ്ങി.
1977- ൽ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സിലെ കതകും, കട്ടിലും, മേശയുമൊക്കെ ബ്രൗൺ പേപ്പറിൽ പൊതിഞ്ഞു വന്നപ്പോളാണ് പരന്ന പൊതികെട്ടിൽ നാല് കാലിൽ നിവർന്നു നിൽക്കുന്ന Furniture കയറ്റി അയക്കാം എന്ന് പഠിച്ചത്, ഞാനും ആശാരിമാരും കൂടിയാണ് 4 കട്ടിലും, ഫോൺ വെക്കുന്ന മേശയും, കസേരകളും യോജിപ്പിച്ചത്,
എനിക്കേറ്റവും ഇഷ്ടമുള്ള പണിയാണിത്, നല്ല രസമുള്ള ജോലി
വൃത്തിയുള്ള തറയിൽ പൊതിഞ്ഞു കൊണ്ടുവന്ന പേപ്പർ വിരിച്ചിട്ടു അതിന്റെ മുകളിൽ എല്ലാം ശീര്ഷാസനത്തിൽ നിൽക്കുന്ന പോലെ വേണം കൂട്ടി ചേർക്കാൻ എന്നാലേ ബലത്തിൽ ചെയ്യാൻ പറ്റൂ. മേശയുടെ മുകൾ ഭാഗം താഴെ വെച്ചിട്ടു കാലുകൾ യോജിപ്പിക്കണം അപ്പോൾ, എളുപ്പം പണി തീരും ബലമായി മുറുക്കാനും പറ്റും. ഓരോ ഭാഗങ്ങളും അതാതു സ്ഥാനത്തു വെക്കണം പിന്നെ അതാതു ബോൾട്ടും നട്ടും ചേർത്ത് വെക്കണം അതാണാദ്യ പടി.
രണ്ടു ആശാരിമാരും അത് കണ്ടപ്പോൾ പറഞ്ഞു കുഞ്ഞേ ഇത് അറക്കപ്പൊടിയാണ്, ഞാൻ അവരോടു പറഞ്ഞു ഇതുണ്ടാക്കുന്ന ആളിന്റെ തലശ്ശേരിയിലെ ഫാക്ടറിയിൽ ഞാൻ പോയി, അവിടെയാണ് ഞാൻ ആദ്യമായി വിമാനങ്ങളിലും കപ്പലിലും ഉപയോഗിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും മുന്തിയ, വളരെ പ്രത്യേകതയുള്ള പ്ലൈവുഡ് കണ്ടത്.
തേക്കും കരിവീട്ടിയും ആഞ്ഞിലിയും പ്ലാവുമൊക്കെ മുറിച്ചു ഉരുപ്പടി ആക്കി മാത്രമേ furniture ഉണ്ടാക്കാൻ പറ്റൂ എന്ന ധാരണ മാറ്റി മറിച്ച അനുഭവമായിരുന്നു ഉപ്പുപ്പയുടെ പ്ലൈവുഡ് ഫാക്ടറിയിൽ നിന്ന് കിട്ടിയ അറിവും വിജ്ഞാനവും പകർന്നു തന്നത്. ആശാരിമാരോട് ആണയിട്ടു പറയണ്ട വന്നു അവിടെ നിന്നു കൊണ്ടുവന്ന ഉത്പന്നങ്ങളെല്ലാം അത്യന്താധുനികമായ നടപടിക്രമങ്ങൾ അനുസരിച്ചു നിർമ്മിച്ചവയാണ്, ഏറ്റവും ബലവത്തായതാണ്, ഒരു ജീവിത കാലം മുഴുവൻ നിൽക്കുന്നവയുമാണ്, ഇതിന്റെ ഈടും, ഉറപ്പും , അഴകും ഒരിക്കലും നശിക്കില്ല.
ഞാൻ ചോദിച്ചറിഞ്ഞു പഠിക്കാതെ ഒന്നും ചെയ്യില്ല എന്നൊരു വിശ്വാസം ഉള്ളത് കൊണ്ട് അവർ മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു, എന്നിരുന്നാലും ആശാരിമാര് രണ്ടും കൂടി ബോൾട്ടിലും നട്ടിലുമെല്ലാം ഫെവിക്കോൾ കൂടി ഇട്ടിട്ടാണ് മുറുക്കിയത്.
10വർഷത്തിൽ കൂടുതൽ നിൽക്കില്ല എന്നവർ ആത്മഗതമെന്നോണം പറഞ്ഞു, അങ്ങനെ ഞങ്ങൾ പന്തയം വെച്ച്, 10 വര്ഷം ഞൊടിയിടയിൽ പറന്നു പോയി, ഇന്ന് 2019-ലും 4 ദശാബ്ദകാലത്തിനപ്പുറവും യാതൊരു കേടുപാടുമില്ലാതെ എല്ലാം തന്നെ കൊല്ലത്തേ വീട്ടിൽ ഉണ്ട് താനും. ഇല്ലാത്തതു എന്റെ പ്രിയപ്പെട്ട ആശാരിമാരും ,അമ്മയും, അപ്പയും മാത്രം.
ഈ യാത്ര തുടരുന്നതായിരിക്കും
Leave A Comment