1001 രാവുകൾ, അഥവാ അറബി കഥകൾ, പുരാണവും, ഐതിഹ്യവും ചേർത്ത് കോർത്തിണക്കിയ പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ പഴങ്കഥകൾ.
അലാഡിൻറെ അത്ഭുത വിളക്ക്, അലിബാബയും നാല്പതു കള്ളന്മാരും ഇത്യാദി കഥകൾ പറഞ്ഞു തുടങ്ങുമ്പോൾ പലപ്പോഴും ഭാവിയിൽ വരാനിരിക്കുന്ന കഥകളുടെ മുന്നോടിയായി , കഥക്കുള്ളിൽ വരുന്ന കഥകൾ; പറയണം.
ഇന്നിവിടെ അങ്ങനെ ഒരു കഥ പറയാം
കോളേജിലെ ഞങ്ങളുടെ ഓരോ ദിവസവും സംഭവബഹുലമായിരുന്നു,.
കോളേജിന്റെ പൊതുവായ കാര്യങ്ങളെല്ലാം തന്നെ, ഓരോ മത്സരത്തിലൂടെയോ, അല്ലെങ്കിൽ സാറന്മാരും, കുട്ടികളും ചർച്ച ചെയ്തോ, ആണ് ചെയ്തിരുന്നത്. സമയമുള്ളപ്പോഴെല്ലാം വളരെ ജനകീയമായി എല്ലാ കുട്ടികൾക്കും പങ്കെടുക്കാൻ പറ്റുന്ന വിധം നോട്ടീസ് ബോര്ഡില് ഇട്ടു ആവശ്യത്തിന് സമയം കൊടുത്താണ് കാര്യങ്ങൾ തീരുമാനിക്കാറ്,
കോളേജ് സ്വന്തമായി ഒരു ബസ് വാങ്ങാൻ തീരുമാനിച്ചു
KSRTC-യിൽ നിന്ന് ഒരു സെക്കന്റ് ഹാൻഡ് ബസ് വാങ്ങി, മാനേജ്മന്റ് അതിന്റെ ചുമതല കെ സി നായർ സാറിനെ ഏല്പിച്ചു, തീരെ സമയം ഇല്ല എത്രയും വേഗം പെയിന്റ് അടിച്ചു കുട്ടപ്പനാക്കി ബസ് നിരത്തിൽ ഇറക്കണം.
സാർ ഒട്ടും സമയം കളയാതെ , തന്റെ പ്രിയപ്പെട്ട മെക്കാനിക്കലിലെ പോസ്റ്റർ വീരൻ പ്രേമിനെ വിളിച്ചു,
സാറിന്റെ മനസ്സിലുള്ള ആഗ്രഹങ്ങൾ ഓരോന്നായി പറഞ്ഞു, വ്യത്യസ്തമായ ഒരു ഡിസൈൻ ആയിരിക്കണം, പെൺ കുട്ടികളും, ആൺകുട്ടികളുമായി നമ്മുടെ ബസ് കൊല്ലത്തെ റോഡിലൂടെ ഓടി ഓടി, പോകുമ്പോൾ ഫോർ പീപ്പിൾസ് നോക്കണം, ഒത്തിരി കടുപ്പമുള്ള നിറം വേണ്ട, എന്നാൽ നല്ല ഐശ്യര്യവും, പ്രൗഢിയും ഘാംഭീര്യവും വേണം. നമ്മൾക്ക് അഭിമാനിക്കാനുള്ള ഒരു അടയാളം ആയിരിക്കണം, എല്ലാവര്ക്കും സന്തോഷം തരുന്ന ഒരു ചലിക്കുന്ന ചിഹ്നം, സാധനങ്ങൾ ബ്രാൻഡ് ചെയ്യുന്ന പോലെ..
ഇനിയും സാറിനെ പറയാൻ വിട്ടാൽ, INS വിക്രാന്ത് പോലെ എന്ന് പറയുന്ന കോളായി,
പക്ഷെ നമ്മുടെ പ്രശ്നം ബഡ്ജറ്റ് വളരെ പരിമിതമാണ്. കുറഞ്ഞ ചിലവിൽ കൂടുതൽ മെച്ചമുള്ള, ഒരു ഉഗ്രൻ സംഭവം ആയിരിക്കണം. പ്രമാദമായിരിക്കണം…
ബസ് കൊല്ലത്തുള്ള ഒരു വർക്ഷോപ്പിലേക്കു മാറ്റിയിരിക്കയാണ് മൊത്തത്തിൽ ഒന്ന് കണ്ടീഷൻ ആക്കി , പെയിന്റ് അടിച്ചു ഇറക്കാൻ.
മൂന്നാലു ദിവസത്തിനുള്ളിൽ പെയിന്റ് അടിക്കാൻ തുടങ്ങണം അടുത്ത തിങ്കളാഴ്ച ബസ് റെഡി ആയിരിക്കണം
സാറിന്റെ നിർദ്ദേശങ്ങളുടെ പട്ടികയുമായി പ്രേം നേരെ പോയത് എല്ലാ പ്രശ്നങ്ങൾക്കും, എന്തെങ്കിലും ഒരു പോംവഴി കണ്ടുപിടിക്കുന്ന സുഹൃത്തിന്റെ അടുത്തേക്ക്, രണ്ടാളും പരസ്പരം വിളിക്കുന്ന പേരാണ് പാർക്ക്,
പ്രേം പറഞ്ഞു ഒരു കുരിശു വന്നു തലയിൽ വീണിട്ടുണ്ട്, എങ്ങനെ പോയാലും പാര, നമ്മൾ എന്തെങ്കിലും ചെയ്താൽ അത് എല്ലാവര്ക്കും ഇഷ്ടപ്പെടണം എന്നില്ല അത് പിന്നെ ജീവിത കാലം മുഴുവൻ തീരാ തലവേദന ആവും, ചെയ്യാതിരിക്കാനും പറ്റില്ല.
പ്രേം പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ തന്നെ, പുള്ളിക്കാരൻ പ്രതിവിധി നിർദേശ്ശിക്കയും ചെയ്തു.
നമുക്ക് ഉടൻ തന്നെ തലസ്ഥാനത്തേക്ക് വിടാം, അങ്കിളിനെ കാണാം
പുള്ളിക്കാരൻ സഹായിക്കും, നമ്മൾ കിടന്നു തല പുണ്ണാക്കണ്ട. എന്തെങ്കിലും ഒന്ന് കിട്ടാനിരിക്കയാണ് തിരുവന്തപുരത്തേക്കു പോകാൻ, ബ്രിട്ടീഷ് കൌൺസിൽ ലൈബ്രറിയിൽ പോകാം, ശ്രീകുമാർ തിയേറ്ററിൽ ഓടുന്ന വൂഡി അലന്റെ സ്ലീപ്പർ എന്ന പുത്തൻ ഇംഗ്ലീഷ് പടം കാണാം,
അങ്കിളിന്റെ വീട്ടിലാണെങ്കിൽ ഒരു ഉത്സവപ്രതീതിയാണെപ്പോഴും, ഏതു നേരത്തു കയറി ചെന്നാലും അമ്മയുടെ കൈയ്യിൽ നിന്നുള്ള സ്നേഹത്തിൽ പൊതിഞ്ഞ രുചിയേറിയ ഭക്ഷണം കഴിക്കാം, ഒരു യാത്രയും ആവും
എപ്പോഴും ഓരോരോ ദിക്കിലേക്ക് സഞ്ചരിച്ചു കൊണ്ടേ ഇരിക്കണം പുത്തൻ പുതിയ കാര്യങ്ങൾ ചെയ്തു കൊണ്ടേ ഇരിക്കണം
അപ്പോൾ പ്രേം പറഞ്ഞു, എനിക്കിവിടെ നിന്ന് അനങ്ങാൻ പറ്റില്ല, പോയി അങ്കിളിനെ കണ്ടു എല്ലാം പറഞ്ഞു ഒരു ആശയവുമായി വാ, ബാക്കി കാര്യം ഞാൻ നോക്കിക്കോളാം. യാത്രയിൽ നിന്ന് എന്നെ ഒഴിവാക്കിയേ പറ്റൂ
അങ്ങനെ സീനിയർ പാർക്ക് അടുത്ത വണ്ടിയിൽ തലസ്ഥാനത്തേക്ക് വെച്ച് പിടിച്ചു.
അങ്കിൾ, Vijay Kumar, BSc-ക്ക് ശേഷം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, NID അഹമ്മദാബാദ്-ൽ നിന്ന് ബിരുദമെടുത്ത സര്ഗ്ഗശക്തിയുള്ള ഒരു മലയാളി.
പുള്ളി അന്നേ ഒരു ഉരുപ്പടി ആണ്, National Institute of ഡിസൈൻ- ലുള്ള സാറുമ്മാരും, വിദ്യാർത്ഥികളും വിളിച്ചിരുന്ന വിളിപ്പേരാണ് അങ്കിൾ, അതങ്ങു പതിച്ചു കിട്ടി അന്നും ഇന്നും പോകാതെ.
ഇരുപത്തിനാലു മണിക്കൂറും ഏതു സൃഷ്ടിപരമായ പ്രശനത്തിനും പരിഹാരങ്ങൾ നിർദ്ദേശ്ശിക്കുന്ന ഒരു പരോപകാരി
ഞാൻ ഈയിടെ പുള്ളിക്കാരനെ Chicago-യിൽ കണ്ടിരുന്നു, കുറച്ചു നല്ല നാളുകൾ അങ്കിളിന്റെയും ഭാര്യ അയിഷയുടെയും കൂടെ ചിലവഴിക്കാൻ സാധിച്ചു, അറബിക്കഥകൾക്കുള്ളിലെ പല കഥകൾ പറഞു.
നമ്മുടെ കോളേജിലെ പല പല നൂതന സംഭവവികാസങ്ങളുടെയും ജനകനാണ്, അങ്കിൾ കൊടുത്ത രൂപകല്പനകളുടെ പരിണിത ഫലമാണ്, പലരുടെയും അവസാന വർഷ പ്രൊജെക്ടുകൾ
അപ്പോളാണ് ഈ കഥക്കുള്ളിലെ കഥ ആദ്യമായി കേട്ടത്,
ഒരു ദിവസം കോളേജ് ബസിന്റെ ഡിസൈൻ എന്ന പുതിയ സംരംഭവുമായി തന്റെ വീട്ടിൽ വന്ന TKM കോളേജിലെ വിദ്യാർത്ഥി, കെ. സി നായർ സാറിന്റെ ആവശ്യങ്ങളെല്ലാം അതെ പടി അവതരിപ്പിച്ചു.
സമയമില്ല ഉടൻ വേണം.
കോളേജ് ബസിനെ അലങ്കരിക്കാൻ, ആവരണം ചെയ്യാൻ. പേപ്പറും പെൻസിലും എടുത്തു ഒരു ഡിസൈൻ വരച്ചു കൊടുത്തു,
വിദ്യാർത്ഥി വിശദീകരണം ആവശ്യപ്പെട്ടു, അപ്പോൾ അങ്കിൾ പറഞു
ഞാനീ വരച്ചത് ഇനിയും വരാനിരിക്കുന്ന, വാങ്ങാനിരിക്കുന്ന, ബസുകൾക്കു മുന്നോടിയായി വരയന്പുലിയെ പോലെ കുതിക്കുന്ന ഒരു രൂപരേഖയാണ്.
വീതിയുള്ള വെള്ളയും,സിൽവറും വരകൾ ബസിനെ പൊതിയുന്ന പോലെ, മുന്നോട്ടു കുതിക്കുന്നവ
അഭിവൃദ്ധിയും, വേഗതയും ഒക്കെ ചിത്രീകരിക്കുന്ന , ലക്ഷ്യങ്ങൾ ഉന്നം വെച്ച് മുന്നോട്ടു പായുന്ന പോലെ ഒരു രൂപരേഖ
വെറും വരകൾക്കും ഇത്രയധികം മാനങ്ങളോ?
എത്രമാത്രം കാര്യങ്ങൾ മനസ്സിൽ അമ്മാനമാടിയിട്ടാണ് ഒരു ഡിസൈൻ ഉണ്ടാക്കുന്നത് . പലതും പഠിക്കയായിരുന്നു,
അപ്പോൾ അങ്കിൾ വീണ്ടും പറഞു ഇത് പ്രപഞ്ചത്തിലേയും, പ്രകൃതിയിലെയും ഭൂതഗണങ്ങളെ ഉൾക്കൊണ്ടുള്ള ഒരു രൂപരേഖ ആണ്.
അങ്കിൾ വരച്ച രേഖകളുമായി നേരെ കൊല്ലത്തെത്തി വിവരങ്ങെല്ലാം പ്രേമിനു കൈമാറി. പ്രേം അപ്പോഴേയ്ക്കും തടികൊണ്ടുള്ള ഒരു ബസ് വാങ്ങിയിരുന്നു. പറയുന്നതിലും നൂറു മടങ്ങു എളുപ്പമാണ് വർക്ഷോപ്പിലുള്ളവരെ വരച്ചു കാണിക്കുന്നത്.
അതിൽ സാമ്പിൾ പെയിന്റ് വാങ്ങി അങ്കിൾ വരച്ച പോലെ വരച്ച് അതും കൊണ്ട് വർക്ക് ഷോപ്പിൽ പോയി, അവിടെ നിന്ന് ബസിനെ നൂതനമായ പുരോഗമനപരമായ വരകളാൽ ഉടുത്തൊരുക്കി സുന്ദരിയാക്കി .
പ്രേമിനെ ഏല്പിച്ച ജോലി വളരെ ഭംഗിയായി തന്നെ നിറവേറ്റി .
ബസ് കോളേജിന്റെ പടിവാതിൽ കടന്നു അകത്തോട്ടു കയറിയതും, വെള്ളിയാഴ്ച ഉച്ച ഊണ് കഴിഞ്ഞു വരാന്തയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്ന കുട്ടികളെല്ലാം അമ്പരപ്പോടെ ഓടി കൂടി
ബസിന്റെ അകത്തു നിന്നിറങ്ങിയ പ്രേം നേരെ പോയത് K C നായർ സാറിന്റെ മുറിയിലേക്ക്, അപ്പോഴേക്കും വിവരമറിഞ്ഞു ചമഞ്ഞൊരുങ്ങി വന്ന ബസിനെ സ്വീകരിക്കാൻ ഞങ്ങളെല്ലാവരും പൂമുഖത്തെത്തി. സാറിനും എല്ലാവര്ക്കും തൃപ്തിയായി.
ഇന്ന് , Vijay Kumar, Professor ആണ്, വിശ്വ വിഖ്യാതമായ Institute of Design, Illinois Institute of Technology യിൽ.
മാസ്റ്റേഴ്സ് എടുത്തതും ഇതേ യൂണിവേഴ്സിറ്റി യിൽ നിന്ന്, Charles Owen Endowed Chair in Design എന്ന ബഹുമതിക്ക് അർഹനായ ഒരേ ഒരു മലയാളി
ലോകവ്യാപകമായി പല രാജ്യങ്ങളുടെയും ഭരണത്തലവന്മാർക്ക്
വിദഗ്ദ്ധോപദേശം നൽകുന്ന ഉപദേഷ്ടാവാണ്.
അദ്ദേഹത്തിന്റെ പല പല നൂതന കണ്ടുപിടിത്തങ്ങളും തിയറികളും ലോകത്തിന്റെ പല ഭാഗത്തുള്ള വിദ്യാർത്ഥികളും, അധ്യാപകരും, ബിസിനസ്സുകാരും, വര്ഷങ്ങളായി ഉപയോഗിക്കുന്നു. പല പല അന്താരാഷ്ട്ര ബഹുമതികളുടെ ജേതാവും പേരുകേട്ട അധ്യാപകനും, പ്രഭാഷകനുമായ അദ്ദേഹം എഴുതിയ
101 Design Methods: ലോകരാഷ്ട്രങ്ങൾ ഒട്ടു മിക്കതും താങ്കളുടെ ആസൂത്രണ പദ്ധതികളുടെ വേദപുസ്തകമായി ഉപയോഗിക്കുന്നു.
നൂതനമായ ആശയങ്ങൾ ചിട്ടയോടു കൂടി, ഉപഭോക്താവിന് എത്തിച്ചു കൊടുക്കുന്ന രീതികളാണ് അദ്ദേഹം അവലംബിക്കാറ് ,
മലയാളികൾക്ക് എന്നെന്നും അഭിമാനിക്കാവുന്ന ഒരു വ്യക്തിത്വം, ഞങ്ങളുടെ പഠന കാലത്തുണ്ടായ പല സൃഷ്ടിപരമായ ഉന്നത ആശയങ്ങളുടെ പിന്നിലെ നിശ്ശബ്ദ കരങ്ങൾ അദ്ദേഹത്തിന്റെതായിരുന്നു .
ഞാനെഴുതുന്ന നമ്മുടെ TKM കഥകൾ മുടങ്ങാതെ കേട്ട് അദ്ദേഹവും ഭാര്യ അയിഷയും സന്തോഷിക്കാറുണ്ട്.
പല ആശയങ്ങൾ കൈ മാറാറുമുണ്ട്.
Leave A Comment