ദൈനം ദിന ജീവിതത്തിൽ ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളെയും ഒത്തിരി ഒത്തിരി ആദരവോടെ നോക്കിക്കാണുന്ന ആളാണ് ഞാൻ.
ഓരോ ജീവനെയും നെഞ്ചോട് ചേർത്ത് പിടിക്കുന്ന പോലെ, എന്നെ എന്നും അത്ഭുതപെടുത്തുന്ന കുറെ കുട്ടി സാധനങ്ങൾ ഉണ്ട്
അവശ്യകതയാണ് സൃഷ്ടിയുടെ മാതാവ് എന്ന് പറയുന്നത് എത്ര ശരിയാണ്.
കടം കയറി ഗതി ഇല്ലാതെ വന്നപ്പോൾ അമേരിക്കയിലെ ഒരു സായിപ്പ് ഒരു കമ്പി പിണച് ഒരു കൊളുത്തുണ്ടാക്കി, മൂർച്ചയുള്ള കമ്പിയുടെ അറ്റം ദേഹത്തു കൊള്ളാതിരിക്കാൻ, നോവാതിരിക്കാൻ ബന്ധിപ്പിച്ചു. നീണ്ട ഒരു കൊളുത്തിലൂടെ കുത്താത്ത, നോവാത്ത, ബന്ധം.
അതാണ് നമ്മുടെ സാധാ സേഫ്റ്റി പിൻ
കുഞ്ഞുന്നാള് തൊട്ടേ കുട്ടി, കുട്ടി കാര്യങ്ങൾ നിധി പോലെ സൂക്ഷിച്ചു വെക്കുമായിരുന്നു, ആരെപ്പോൾ ചോദിച്ചാലും റെഡി മണിയായി
സാധനം കൈയ്യിൽ ഉണ്ടേയ്.
ആ ശീലം ഓഫീസിലും, വീട്ടിലും, യാത്രകളിലും ഇന്നും തുടർന്ന് കൊണ്ടേ പോകുന്നു.
സത്യത്തിൽ എന്റെ ശേഖരണത്തിലെ ഓരോ സാധനത്തിന്റെയും ഉത്ഭവത്തെ പറ്റി വിസ്മയത്തോടെ ഓർക്കുകയും, അത് കൂടെ കൂടെ ആത്മഘതമെന്നോണം പറയുന്നതും എന്റെ ഒരു സ്വഭാവമാണ്.
ഒരു പേപ്പർ ക്ലിപ്പിനും, കുഞ്ഞുന്നാളിൽ തലയിൽ തെന്നിച്ചു തിരുകി കയറ്റുന്ന കറുത്ത സ്ലൈഡിനും, വലിയമ്മച്ചിയുടെ തലയിലെ കൊണ്ടയിൽ കുത്തുന്ന ഹെയർ പിന്നിനും, 2 കടലാസ്സെടുത്തു ഒരുമിച്ചു വെക്കണേൽ അതിന്റെ മൂലയ്ക്ക് ചരിച്ചു കുത്തി വെയ്ക്കുന്ന മുട്ടു സൂചിക്കും, ആനയുടെ തുമ്പിക്കയ്യിൽ കുത്താനുപയോഗിച്ച തൈയ്യൽക്കാരന്റെ സൂചിക്കും, അങ്ങനെ എന്റെ ശേഖരണത്തിലെ ഒരു കൂട്ടം കാര്യങ്ങൾക്കു ജീവിതത്തിൽ ഉള്ള സ്ഥാനം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.
റബർ ബാൻഡ് പലതിനുമുള്ള ഒറ്റ മൂലിയാണെനിക്ക്, ഡബ്ബകളുടെ അടപ്പുകൾ ലൂസ് ആയാൽ ഉടനെ ഒരു റബർ ബാൻഡ് ചുറ്റും, സംഗതി മുറുകും, പിന്നെ ടാപ്പ് ചോരുമ്പോൾ വാഷറിന് പകരം, കതകിന്റെ ഉരുണ്ട പിടിയുണ്ടല്ലോ, ചില നേരത്തു പണ്ടാരം തുറക്കുകേല, അപ്പോൾ അവനെ നിലക്ക് നിർത്താൻ, ഒരു റബർ ബാൻഡ് ചുറ്റും. പണ്ടൊക്കെ മുടി പിന്നിയിട്ടു അടിയിൽ കെട്ടാൻ എന്ന് വേണ്ട, റബർ ബാൻഡ് ഇല്ലാത്ത ജീവിതം ശരിക്കും ഉപ്പില്ലാത്ത കഞ്ഞി പോലെ തന്നെ ആണ്.
കുറച്ചു കൂടി വലുതായപ്പോൾ നിധി പോലെ കത്രിക, സ്റ്റാപ്ലർ, സ്ക്രൂ ഡ്രൈവർ സെറ്റ്, അളക്കുന്ന ടേപ്പ് എന്ന് വേണ്ട. ഇങ്ങനെ കുറെ അധികം സാധനങ്ങൾ എന്റെ സന്തത സഹചാരികളായി. എന്റെ ശേഖരണത്തിലെ അമൂല്യ വസ്തുക്കളായി
എത്രമാത്രം സമഗ്രമായ രൂപരേഖയാണീ സാധനങ്ങൾക്കെല്ലാം വേണ്ടിയിരുന്നത്, ഈ കുട്ടി കുട്ടി സാധനങ്ങൾ ഉണ്ടാക്കിയ ആൾക്കാരാണ് ഏറ്റവും വലിയ എഞ്ചിനീയർമാർ.
പെട്ടെന്ന് ഒരു ദിവസം മാനത്തൂന്നു പൊട്ടി വീണതുമല്ല ഭൂമിയിൽ നിന്ന്പൊട്ടി മുളച്ചതുമല്ല.
ഓരോരോ ആവശ്യങ്ങൾക്കായി പിന്നെയും പിന്നെയും ലക്ഷോപലക്ഷം ആൾക്കാർക്കു ഉപകാരപ്രദമാവാൻ വേണ്ടി ഉണ്ടാക്കിയ സാധനങ്ങൾ. മിക്കതും 17, 18,19 നൂറ്റാണ്ടിനു സ്വന്തം.
ഇന്നും അതൊക്കെ യാതൊരു മാറ്റവുമില്ലാതെ തുടരുന്നു.
ഞാനിതൊക്കെ പ്രത്യേകിച്ച് ഓർക്കാൻ കാരണം
പലപ്പോഴും നമ്മൾ നമ്മുടെ ചുറ്റുമുള്ള പല സാധനങ്ങകളുടെ പ്രസക്തിയും അവ നമ്മുടെ ദൈനം ദിന ജീവിതത്തിൽ എത്ര മാത്രം അത്യന്താപേക്ഷിതമാണെന്നും പാടെ വിസ്മരിക്കാറുണ്ട്.
മനുഷ്യന് ഉതകുന്ന കണ്ടുപിടിത്തങ്ങൾ ഒട്ടുമുക്കാലും പണ്ട് പണ്ടുള്ളവർ ചെയ്താണ് , പക്ഷെ നമ്മൾ അതിനെ എല്ലാം എത്ര ലഘു ആയിട്ടാണ് കാണാറ്.
പല പല സൗഭാഗ്യങ്ങളും, നമ്മൾ അവലംബിക്കുന്ന രീതികളും എങ്ങനെ വന്നു ഭവിച്ചു എന്നത്, പലപ്പോഴും നമ്മൾ ഓർക്കാൻ മിനക്കെടാത്ത കാര്യങ്ങളാണ് ….
ഞാനിവിടെ ഓർത്തെടുക്കാൻ നോക്കുന്ന കുറെയധികം കാര്യങ്ങളും 1976- നു മുന്നേ ഇല്ലാതിരുന്ന കാര്യങ്ങളാണ്
ഒരു കൂട്ടായ്മയുടെ പരിണിത ഫലമായിരുന്നു ഞങ്ങൾ പഠിക്കാൻ ചെന്നപ്പോൾ കിട്ടിയ പല പല നേട്ടങ്ങളും, ഒറ്റകെട്ടായി നിന്ന് മാറ്റി മറിച്ച പല പല ചട്ടങ്ങളും.
ഒരു കൂട്ടം വിദ്യാർത്ഥികൾ; അവരുടെ പിന്നിൽ, അല്ല; തീർത്തും മുന്നിൽ തന്നെ മറ്റുള്ളവർക് അദൃശ്യരായി പരോക്ഷമായി നിന്ന് നയിച്ച സാറന്മാർ.
ഒരു പ്രയത്നവും വെറുതെ പോയിരുന്നില്ല
അതിന്റെ ആനുകൂല്യങ്ങൾ പിന്നെ പിന്നെ TKMCE-യിൽ മാത്രമല്ല കേരള യൂണിവേഴ്സിറ്റിയിലെ എല്ലാ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾക്കും നിർലോഭം ലഭിക്കുകയുണ്ടായി.
അതാണ് TKMCE-ൽ ഞാൻ പഠിച്ച പാഠങ്ങൾ.
ഇന്നും ഞാനതെല്ലാം നെഞ്ചോട് ചേർത്ത് വെക്കുന്നു, കൃത്യമായ, കുറ്റമറ്റ സൃഷ്ടികൾ ചെയ്യാനുള്ള നിര്ബന്ധബുദ്ധി, വെല്ലുവിളികളെ സധൈര്യം നേരിടാനുള്ള ആത്മധൈര്യം.
പ്രതിപാദനശൈലിയിലുള്ള നൈപുണ്യം നിര്ബന്ധമാക്കിയിരുന്ന സാറന്മാർ, അവർ ഉപദേശിച്ചു തന്ന പ്രവര്ത്തനസമ്പ്രദായങ്ങൾ.
ഞങ്ങൾ എഞ്ചിനീയറിംഗ് കോളേജിൽ ചേരുന്നത് രണ്ടാമത്തെ സെമസ്റ്റർ ബാച്ച് ആയിട്ടാണ്
മാറ്റങ്ങളുടെ ശൃംഖലയിൽ പെട്ട ഒരു വലിയ മാറ്റം
ഞങ്ങളുടെ മുന്നേ ചേർന്നെങ്കിലും ഞങ്ങളുടെ കൂടെ തന്നെ കിട്ടെകിട്ടെ പഠിച്ചു കുറച്ചു മാസത്തെ വ്യത്യാസത്തിൽ പുറത്തിറങ്ങിയ, കേരള യൂണിവേഴ്സിറ്റിയിലെ ആദ്യ പരീക്ഷണ സെമസ്റ്റർ ബാച്ച് 1976 – 1981, ഞങ്ങൾക്ക് സീനിയർസ് മാത്രമല്ലായിരുന്നു. അവരിൽ പലരും ഒരു സംഭവം ആയിരുന്നു, മൊത്തമായിട്ടു പറഞ്ഞാൽ ഞങ്ങൾ പഠിച്ച കാലഘട്ടം ഒരു സുവർണ്ണ കാലഘട്ടം ആയിരുന്നു.
പിൻഗാമികളായ ഞങ്ങൾ പലതിനും അവരുടെ കൂടെ ചേർന്നു, മാറ്റങ്ങൾക്കു ചുക്കാൻ പിടിക്കുന്ന കുശാഗ്രബുദ്ധികൾ, രാത്രിയുടെ അന്ത്യ യാമങ്ങളിൽ, നത്തുകളെ പോലെ, ഉണർന്നിരിക്കുമ്പോൾ മാത്രം സര്ഗ്ഗശക്തി സടകുടഞ്ഞെഴുന്നേൽക്കുന്ന സംഘം.
വീട്ടിലുള്ളവർ പിറകെ നടക്കാതെ പഠിച്ചു; ആവശ്യത്തിന് മാർക് വാങ്ങി വന്നവർ, അന്ന് ഇന്നത്തെ പോലെ പ്രവേശന പരീക്ഷ എന്ന കുരിശില്ല അതുകൊണ്ടു ആരും അങ്ങനെ മരിച്ചു പഠിച്ചുമില്ല.
എഞ്ചിനീയർ ആകണം എന്ന് കുട്ടി മോഹിച്ചിരുന്നു, പക്ഷെ മിനക്കെട്ടില്ല, വീട്ടിൽ ഇച്ചിരി മുതലും, പിടിപാടും ഉണ്ടെങ്കിൽ ഞങ്ങളുടെ കോളേജിൽ ഇഷ്ട കാര്യ സാധ്യതക്കുള്ള വകുപ്പുണ്ടായിരുന്നു, മാനേജ്മന്റ് ക്വോട്ട, ആരെയും കൈവിടാത്ത സ്ഥാപനം .
പക്ഷെ പറയാതെ വയ്യ, ഓരോ സെമസ്റ്റർ കഴിയുന്തോറും ആരും മോഹിച്ചു പോകുന്ന പ്രത്യേക വൈദഗ്ധ്യമുള്ള ഒരു കൂട്ടമായി രൂപാന്തരപെട്ടു പുതിയ സെമസ്റ്റർ വിദ്യാർത്ഥികൾ.
പലയിടത്തു നിന്നും ചേക്കേറിയവരെല്ലാം ഒത്തുകൂടി
വലിയ കഷ്ടപാടില്ലാതെ മുന്നോട്ടു പോകാനും, എന്നാൽ ഉല്ലസിച്ചു പാഠങ്ങൾ പഠിക്കാനും എങ്ങനെ എങ്കിലും ജയിച്ചു പുറത്തിറങ്ങാമെന്നും തീരുമാനിച്ചു, ഒരേ ചിന്തയുള്ള കുറെപേരും അവരുടെ ശാഖകളും ഉപശാഖകളും ആയിട്ട് കുറെ അധികം പേർ.
TKMCE- ൽ ആ കാലയളവിൽ സംഭവിച്ച എല്ലാ വിപ്ലവകരമായ സംഭവ വികാസങ്ങളുടെയും പുറകിൽ കൂർമ്മ ബുദ്ധിയും, ബുദ്ധിവൈഭവവും, കൗശലത്തോട് കൂടിയ പ്രയോഗങ്ങളും, വൈദക്ത്യമേറിയ തന്ത്രങ്ങളും കു-തന്ത്രങ്ങളും ഉണ്ടായിരുന്നു.
കേരള യൂണിവേഴ്സിറ്റിയും, ടെക്നിക്കൽ എഡ്യൂക്കേഷൻ ഡൈറക്ടറേറ്റും തീരുമാനിച്ചതാണ് സെമസ്റ്റർ സമ്പ്രദായം. സവിസ്തരം കഴിയുന്നത്ര വിശദാംശങ്ങള് ശ്രദ്ധിച്ചുണ്ടാക്കിയ സെമസ്റ്റർ കോഴ്സ്.
ബോർഡ് ഓഫ് സ്റ്റഡീസ് എന്നൊരു സംഘടന കൂലംകക്ഷമായി ചർച്ച ചെയ്തു തീരുമാനങ്ങളും സിലബസും ഒക്കെ തിട്ടപ്പെടുത്തി തുടങ്ങാൻ തീരുമാനിച്ചു; 1976-ൽ പഠിക്കാൻ വന്ന ബാച്ച് ആയിരുന്നു തുടക്കക്കാർ.
ആദ്യത്തെ പരീക്ഷണ കൂട്ടം ആവുമ്പോൾ അതിന്റെതായ പ്രായോഗിക ബുദ്ധിമുട്ടുകൾ ധാരാളമായിരുന്നു.
സാറന്മാരും കുട്ടികളും പലപ്പോഴും ത്രിശങ്കു നരകത്തിലായ അവസ്ഥ.
സിലബസ്, Assignments, പരീക്ഷ രീതികൾ, മാർക്ക് ഇടുന്ന രീതി ഒന്നിനെ പറ്റിയും വലിയ ഗ്രാഹ്യമില്ല. യൂണിവേഴ്സിറ്റിയിൽ ചോദിച്ചാൽ സംശയ നിവാരണം, ഗോവിന്ദ!!!
ഞങ്ങളെ സ്വീകരിച്ചത് സുദീര്ഘകാലം എഞ്ചിനീയറിംഗ് പഠിച്ചു പഠിച്ചു മൂത്ത, മുന്നോറോളം സീനിയർസ്, ഒരു വർഷത്തിൽ ഒരു വലിയ പരീക്ഷ, അങ്ങനെ 4 വര്ഷം,
1976 ൽ വന്ന ഞങ്ങളുടെ തൊട്ടു മുന്നേ ഉള്ളവർ, നൂറ്റമ്പതോളം വരുന്ന സെമസ്റ്റർ ആദ്യ ബാച്
ഒരു വർഷത്തിൽ 2 വലിയ പരീക്ഷ, അങ്ങനെയും 4 വര്ഷം. 8 വലിയ പരീക്ഷ
ഇവരാണേൽ
ഇന്ദിര ഗാന്ധിയുടെ എമർജൻസി കഴിഞ്ഞു വന്ന ബാച്ച്, അവർക്കു സത്യത്തിൽ പറയത്തക്ക റാഗിങ്ങും കിട്ടിയിട്ടില്ല
എന്നാലും അവര് വിട്ടില്ല
പറ്റുന്നിടത്തൊക്കെ മൂത്ത വര്ഷക്കാരുമായി ചേർന്നു ഞങ്ങൾക്കിട്ടു പാരവെച്ചുകൊണ്ടിരുന്നു……….
കോളേജിലെ റാഗിങ്ങ് ഇന്നാലോചിക്കുമ്പോൾ, ഞങ്ങൾ മാത്രം അനുഭവിച്ചറിഞ, ഒന്നിനോടും താരതമ്യം ചെയ്യാൻ പറ്റാത്ത കുറെ കുറുമ്പുകളും, അല്ലറ ചില്ലറ സാഹസികതകളും ആയിരുന്നു. എവിടെ എങ്കിലും ഒരു അപസ്വരം കേട്ടാൽ അപ്പോഴേ ആരെങ്കിലും ഒറ്റിയിട്ടോ ചൂണ്ടി കാണിച്ചിട്ടോ സാറന്മാർ ആളിനെ പൊക്കിയിരിക്കും.
തുടരും………………………
Leave A Comment