ഞങ്ങൾ താമസിക്കുന്ന ലോഡ്ജിന്റെ മുന്നിൽ വണ്ടി നിർത്തിയിട്ടും എന്റെ മനസ്സ് എന്നോട് ജീതേ രഹോ ബേട്ടി എന്ന് പറഞ്ഞ ശബ്ദത്തിനൊപ്പം ആയിരുന്നു.
മുഖം ഓർത്തെടുക്കാൻ പറ്റുന്നില്ല, ശബ്ദം കാതിൽ നിന്നല്ല, മനസ്സിൽ നിന്ന് മായുന്നുമില്ല . സാധാരണ കേൾക്കാറുള്ള ശബ്ദം അല്ല, കണ്ടിട്ടുള്ള കാഴ്ച്ചയുമല്ല.
ഈ യാത്രക്കു മുന്നേ ‘അമ്മ പറഞ്ഞ പലതും ഓർത്തു, ഇങ്ങനെ ഒരു സംഭവത്തെ പറ്റി ഒന്നും പറഞ്ഞിരുന്നില്ല.
ഞാൻ എന്റെ വീട്ടിലെ കാര്യങ്ങൾ ഓരോന്നായി ഓർത്തെടുക്കാൻ തുടങ്ങി, ഞങ്ങളുടെ വീട്ടിൽ രഹസ്യങ്ങൾ വളരെ കുറവായിരുന്നു, ഇല്ല എന്ന് പറയുന്നതാവും ശരി, മറ്റുള്ളവരെ പറ്റി ചർച്ച ചെയ്യാറില്ല , കുറ്റവും കുറവും പറയുന്ന ശീലവുമില്ല, സമയവുമില്ല. പോരാഞ്ഞിട്ട് വീട് നിറയെ ആൾക്കാരാണെപ്പോഴും, താമസിച്ചു പഠിക്കുന്നവർ, സ്വന്തക്കാർ, ബന്ധക്കാർ കൂട്ടുകാർ, പ്രെസ്സിലെ ജോലിക്കാർ പതുക്കെ വർത്തമാനം പറയുന്ന രീതി ഇല്ല, വീടിന്റെയോ പറമ്പിന്റയോ അറ്റത്തു നിൽക്കുന്നവരെ ഉറക്കെ കൂകി വിളിക്കുന്ന പോലെയാണ് കാര്യങ്ങൾ പറയാറ്.
നേരം വെളുക്കുമ്പോൾ മുതൽ സ്ഥിരം കേൾക്കാറുള്ള കുറച്ചു പല്ലവികൾ ഓർത്തു ഞാൻ അറിയാതെ ചിരിച്ചു പോയി.രാവിലെ scooter എടുക്കാൻ പോകുന്നതിനു മുന്നേ അപ്പ ചോദിക്കും, ഇവിടെ ഇരുന്ന വണ്ടിയുടെ താക്കോൽ എവിടെ പോയി, അപ്പോഴേക്കും അമ്മയുടെ വക, എന്റെ Inhaler ആരെങ്കിലും കണ്ടോ, കണ്ണാടി എവിടെ, ഇപ്പൊ ഇവിടെ വെച്ചതാണല്ലോ. ശിവൻ തേങ്ങാ അടത്താൻ വന്നോ, ഗേറ്റ് പൂട്ടിയോ, പട്ടിയെ കൂട്ടിൽ കയറ്റിയോ..
നേരം വെളുത്താൽ ഇരുട്ടുന്നതുവരെ എന്റെ വീട്ടിൽ എന്തൊക്കെയാണ് നടക്കുന്നത് എന്ന് കൃത്യമായി അറിയാമായിരുന്നു. ഒരു തുറന്ന പുസ്തകം, അതിന്റെ ഇടയ്ക്കു പ്രത്യേകതയുള്ളതു എന്തെങ്കിലും സംഭവിക്കുന്നത് ‘അമ്മ പേരെടുത്തു വിളിക്കുമ്പോൾ മാത്രമാണ്.
ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ അതായതു 1970-ൽ ഞങ്ങളുടെ പ്രസ് അന്ന് വീട്ടിൽ തന്നെയായിരുന്നു, പ്രെസ്സിലെ അണ്ണന്മാരാരെങ്കിലും വെള്ളമെടുക്കാനോ, മോരെടുക്കാനോ അടുക്കളയിലോട്ടു പോയാൽ, വീടിന്റെ സൈഡിലായി കസേരയിലിരുന്നു ഉച്ചക്കത്തെ കൂട്ടാന് എന്തെങ്കിലും അരിഞ്ഞോണ്ടിരിക്കുന്ന അമ്മ, ഞങ്ങളുടെ വീട്ടിൽ സഹായത്തിനു നിന്നിരുന്ന ലത ചേച്ചിയെ വിളിക്കും,
ലതേ, ഇങ്ങു വന്നേ ഇതൊന്നു പിടിച്ചേ, ഞാൻ പലപ്പോഴും ഓർത്തിട്ടുണ്ട് ഈ അമ്മക്ക് വേറെ പണിയില്ലേ അടുക്കളയിൽ അരച്ചോണ്ടു നിൽക്കുന്ന ലത ചേച്ചിയെ മുൻവശത്തോട്ടു വിളിക്കാൻ, ഞാൻ അമ്മയുടെ അടുത്ത് വെറുതെ നില്കുന്നു, ഒന്നും പിടിക്കാനുള്ളതായി കാണുന്നുമില്ല.
ലത ചേച്ചി വരുമ്പോൾ ‘അമ്മ പറയും അതെ എനിക്ക് നിന്നെ വിശ്വാസമാ പക്ഷെ ഇപ്പൊ അങ്ങോട്ട് വന്ന അവനെ എനിക്കത്ര വിശ്വാസം പോരാ, അങ്ങനെ അവർ രണ്ടു പേരും ചിരിക്കും.
‘അമ്മ എന്താണ് ഉദ്ദേശിച്ചതെന്ന് അന്ന് എനിക്ക് മനസ്സിലായില്ല, പത്താം ക്ളാസിൽ വെച്ച് സ്കൂളിൽ നിന്ന് മത്സരങ്ങൾക്കായി ആൺ കുട്ടികളുടെ സ്കൂളിൽ പോകാൻ തയ്യാറെടുത്തപ്പോൾ ഹിന്ദി പഠിപ്പിക്കുന്ന Sr. Edna ഞങ്ങളെ വിളിച്ചിട്ടു വളരെ ഗൗരവമായി ഉപദേശിച്ചു – Child be very careful eh, with the boys, don’t go near them, they will do something and go and you will suffer.. എന്ത് ചെയ്യാനാണെന്നു സംശയം ചോദിച്ചപ്പോൾ, സിസ്റ്റർ ഞങ്ങളെ ഒന്ന് തറപ്പിച്ചു നോക്കി “ Don’t go near them eh, don’t ask unnecessary questions eh. ഇത്ര മാത്രം പറഞ്ഞു.
പ്രീ ഡിഗ്രിയും കഴിഞ്ഞു എഞ്ചിനീയറിംഗ് കോളേജിൽ പോകാൻ തുടങ്ങിയപ്പോഴും, യാതൊരു മറവോ ഒളിവോ ഇല്ലാതെ ദിവസേനെ നടക്കുന്ന കാര്യങ്ങൾ വള്ളി പുള്ളി വിടാതെ അമ്മയോട് പറഞ്ഞോണ്ടിരുന്നതിന്റെ ഇടയ്ക്കാണ്, എല്ലാം തകിടം മറിഞ്ഞത്, എന്റെ വീട് നിറയെ കൂട്ടുകാരാണ് , പക്ഷെ ഒരാളുടെ വിശേഷം പറഞ്ഞപ്പോൾ ‘അമ്മ ആദ്യമായി എന്നോടൊരു കാര്യം പറഞ്ഞു കോളേജിൽ പോകുന്നത് പഠിക്കാനാണ്, പഠിക്കാൻ പോയാൽ പഠിച്ചിട്ടു തിരികെ വരണം.
വെറുതെ ചിരിച്ചു കളിച്ചു നടന്ന എനിക്ക് വീണ്ടും സംശയം. Sr. Edna-യെ പോലെ അമ്മയും തെളിച്ചൊന്നും പറഞ്ഞില്ല, തറപ്പിച്ചൊന്നു നോക്കി. സത്യമായിട്ടും ഞങ്ങൾക്കെല്ലാവർക്കും എന്റെ അമ്മയെ പേടിയായിരുന്നു. അമ്മയുടെ കൈയിലെങ്ങാനും റോങ്ങ് ആയിട്ട് പെട്ടുപോയാൽ പിന്നെ ഒരു രക്ഷയുമില്ല. ‘അമ്മ ശരിക്കും വലിച്ചു കീറി മതിലിൽ ഒട്ടിച്ചിരിക്കും.
ഈ ട്രെയിൻ യാത്ര കഴിയുമ്പോൾ, ഓർമ്മകൾ നുള്ളിപ്പെറുക്കി എടുക്കുമ്പോൾ, എഴുതണം. എന്തെല്ലാം കിടക്കുന്നു പറയാൻ, തീരാത്ത യാത്രകളുടെ കഥകൾ.
കൊല്ലത്തെ പ്രമുഖ ജൗളിക്കട ആയിരുന്നു Radhas, രാധാസിലെ ‘ ശകുന്തളാമ്മ ഞങ്ങൾക്കെല്ലാവർക്കും വളരെ പ്രിയപ്പെട്ട അമ്മ, ആയിരുന്നു, അമ്മക്ക് എന്റെ ‘അമ്മ ഗ്രേസ് ചേച്ചിയും. ഞങ്ങൾ ഒരു വീട് പോലെ ജീവിച്ചവരാണ്, വല്ലാത്തൊരു ആത്മബന്ധം. ഇവരെല്ലാവരും ആന്ധ്രയിൽ നിന്ന് കൊല്ലത്തു വന്നവരാണ്, തെലുങ്കും , തമിഴും നന്നായി പറയുന്നവർ അങ്ങനെ ഞങ്ങളെല്ലാം അല്ലറ ചില്ലറ തമ്ഴും തെലുങ്കും സംസാരിച്ചു തുടങ്ങി. Radhas –ലെ അമ്മക്കു പന്ത്രണ്ടാം വയസ്സ് മുതല്ക്കേ പ്രമേഹത്തിന്റെ അസുഖം ഉണ്ടായിരുന്നു. Juvennile Diabetes. 1977 ആയപ്പോഴേക്കും അമ്മയുടെ അസുഖം കൂടിയിട്ട് ബോംബെയിലുള്ള ജസ്ലോക് ആശുപത്രീയിൽ dialysis-നു പോകുമായിരുന്നു. എഞ്ചിനീറിങ്ങിനു പഠിക്കാൻ കയറിയ ശേഷം ഒരു തവണ അമ്മക്ക് എന്റെ ‘അമ്മ കൂടെ Bombay- ക്കു ചെല്ലണം എന്ന് നിർബന്ധം, അവിടെ ഒരു ഡോക്ടറിനെ കൊണ്ട് അമ്മയുടെ വലിവ് -കൊച്ചുചെറുക്കന്റെ ഭാഷയിലെ എക്സ്റ്റൻഷൻ ഒന്ന് കാണിക്കാം എന്നായിരുന്നു പരിപാടി.
ആ യാത്ര കഴിഞ്ഞു വന്നിട്ട് രാധാസിലെ ‘അമ്മ അധിക നാൾ ജീവിച്ചിരുന്നില്ല, അമ്മ ഞങ്ങളെ വിട്ടു പോയതിനു ശേഷമാണ് എനിക്ക് മനസ്സിലായത്, ‘ രാധാസിലെ അമ്മ എന്റെ അമ്മയുമായി കുറച്ചു ദിവസങ്ങൾ സന്തോഷമായി കഴിയാൻ വേണ്ടിയാണ് Bombay- ലേക്ക് ഒരുമിച്ചു പോയതെന്ന്. ‘ പ്രമേഹം മൂർദ്ധന്യത്തിൽ നിൽക്കുമ്പോളും രാധാസിലെ ‘അമ്മ മധുരം കഴിച്ചിരുന്നു, ആരും കാണാതെ മധുരം കിനിയുന്ന പ്രസാദങ്ങൾ, ലഡ്ഡുവായും, ഉണ്ണിയപ്പമായും പല തരത്തിലെ പായസമായും ‘അമ്മ എങ്ങനെയും അകത്താക്കും. പരിശോധനയിൽ വശപിശകു കണ്ടാലുടൻ സൂചി എടുത്തു വയറ്റത്ത് insulin കുത്തിവെക്കും.
എനിക്കോർമ്മയുള്ള നാള് മുതൽ ആത്മാർത്ഥമായ, നിഷ്കളങ്കമായ സ്നേഹം, ‘അമ്മ എനിക്ക് വാരിക്കോരി തന്നിരുന്നു എന്ന് മാത്രമല്ല, അമ്മയുടെ നിസ്വാർത്ഥമായ പെരുമാറ്റ രീതികൾ എന്നെ ഒത്തിരി ഒത്തിരി സ്വാധീനിച്ചിരുന്നു.
രണ്ടാളും തിരികെ വന്നപ്പോൾ , ബോംബയിൽ ചികിത്സക്ക് പോയ കഥകൾ പറഞ്ഞു തന്നു, വീട്ടിൽ അധികം നടക്കാത്ത രാധാസിലെ ‘അമ്മ, അവിടെ കടപ്പുറത്തു നടന്നതും, കരിക്കു കുടിച്ചതും, റോഡരുകിലെ കടകളിൽ നിന്ന് പലതരം ഭക്ഷണം കഴിച്ചതുമെല്ലാം തമാശയും, ചിരിയുമായി വിശദമായി പറഞ്ഞു, ചില കച്ചവടക്കാർ പേർഷ്യയിൽ നിന്നുള്ള പെർഫ്യൂമും Watch-മൊക്കെ വിൽക്കാൻ വരുന്ന കഥയും അവർ ഹിന്ദിയിൽ ഇവരോട് മിണ്ടുന്നതും അപ്പോൾ എന്റെ ‘അമ്മ ഇവന്മാർക്ക് മലയാളത്തിൽ പറഞ്ഞുകൂടേ എന്ന് പറഞ്ഞതും; അവർ മലയാളത്തിൽമറുപടി പറയാൻ തുടങ്ങിയതും. ഇവർ വല്ലാതെ ചമ്മിയതുമെല്ലാം.
അപ്പോഴാണവർ ഓർത്തെടുത്ത പോലെ ഒരു കൂട്ടം പറയാൻ തുടങ്ങിയത്, ഒരു ദിവസം ഇവർ മലബാർ ഹിൽസ് കാണാൻ പോയി തിരികെ വരുന്ന വഴിക്ക് അമ്പലത്തിൽ പോകാൻ പരിപാടിയിട്ടു, നല്ല ഭക്ഷണം കിട്ടുന്ന തെലുങ്കരുടെ ഒരു മുന്നവർ അമ്പലം ഉണ്ട്; അവിടെ കയറിയിട്ട് തിരികെ വരാമെന്നായി. അങ്ങനെ അമ്പലത്തിൽ ചെന്ന് തൊഴുതു ആഹാരവും കഴിച്ചു തിരികെ പോരുന്ന വഴിയിൽ കണ്ട കാഴ്ചകകളാണ് പറയാൻ തുടങ്ങിയത്.
രാധാസിലെ ‘അമ്മ എന്റെ അമ്മയോട് പറഞ്ഞു ഗ്രേസിച്ചേച്ചി പറ, അപ്പോൾ എന്റെ ‘അമ്മ അതുവേണ്ട ‘അമ്മ പറയൂ എന്നായി. പിന്നെ രണ്ടാളും കൂടി ഒത്തുതീർപ്പായി, ഒരുമിച്ചു പറയാമെന്നായി. ഞാനുണ്ട് അമ്മയുടെ ഇളയ മകൾ സാവിത്രിയുമുണ്ട്, സാവിത്രി എന്നെക്കാൾ മൂത്തതാണെങ്കിലും ഓടിച്ചാടി ഉല്ലസിച്ചു നടക്കുന്ന സന്തോഷവതിയായ കുട്ടിയായിരുന്നു.
റോഡിൻറെ ഇരുവശത്തുള്ള കെട്ടിടങ്ങളുടെ മുന്നിലും, ഒന്നും രണ്ടും നിലയിലുള്ള മുറികളുടെ അഴികളിലൂടെയും പുറത്തോട്ടു നോക്കി നിൽക്കുന്ന കുട്ടികൾ, ചെറുപ്പക്കാരികൾ, മദ്ധ്യവയസ്കർ, കാഴ്ചബംഗ്ളാവിലെ പോലെ. അവർ വഴിയേ പോകുന്നവരെ നോക്കി എന്തൊക്കെയോ പറയുന്നു, അതിലെ നടന്നു ചെല്ലുന്ന പുരുഷന്മാരിൽ ചിലർ അവരുടെ കൂടെ കെട്ടിടങ്ങളിലേക്കു പോകുന്നു.
കേരളത്തിലിങ്ങനെ ഒരു തെരുവ് ആരും കണ്ടിട്ടില്ലാത്ത കൊണ്ട് അല്പം അതിശയത്തോടെ ആണിവർ രണ്ടുപേരും ഇത് കണ്ടത്, പക്ഷെ അവിടെ ഉള്ളവരെല്ലാം കടപ്പുറത്തുകൂടി കാറ്റ് കൊണ്ട് ,തിര എണ്ണി,കാഴ്ചകൾ കണ്ടു നടക്കുന്ന പോലെ യാതൊരു കൂസലും ഇല്ലാതെ വളരെ സാധാരണ ആയി നടന്നു പോകുന്നു.
അന്ന് തിരികെ ചെന്നപ്പോൾ അവർ രണ്ടാളും ആശുപത്രിയിലെ മലയാളികളായ നഴ്സുമാരോട് അവർ കണ്ട കാഴ്ചകളെ പറ്റി പറഞ്ഞു, അപ്പോൾ അവർ പറഞ്ഞ കരൾ അലിയിപ്പിക്കുന്ന കഥകൾ കൂട്ടിച്ചേർത്തു വായിച്ചപ്പോൾ ഒരു കാര്യം ബോദ്ധ്യമായി, പലതും ഇന്ത്യക്കാർക്ക് തന്നിട്ട് പോയ വെള്ളക്കാർ ലോകമഹായുദ്ധസമയത്തു അവരുടെ പട്ടാളക്കാർക്കുവേണ്ടി പുറത്തുനിന്നും ഇന്ത്യയുടെ പലകോണിൽ നിന്നും യുവതികളെ കൊണ്ടുവന്നു പാർപ്പിച്ചിരുന്ന തെരുവുകളിൽ ഒന്നാണ് ബോംബയിൽ അവർ കണ്ടത്, ഇത് പോലെ കൽക്കട്ടയിലും ഉണ്ട് പോൽ.
ചതിയിൽ പെട്ട് നിരവധി പെൺകുട്ടികൾ നാട്ടിൽ നിന്ന് ഇവിടെ എത്തിപെടാറുണ്ട്, ഒരിക്കൽ അകപെട്ടുപോയാൽ രക്ഷപെടുന്ന കാര്യം വലിയ ബുദ്ധിമുട്ടാണ്.
രണ്ടു അമ്മമാർക്കും ഞങ്ങളോട് പറയാനുണ്ടായിരുന്നത്, ഞങ്ങളുടെ ഭാഗ്യത്തിനെ പറ്റിയാണ്. ആർക്കും വന്ന് ഭവിക്കാവുന്ന നിലയാണവിടെ കണ്ടത്.
നമ്മുടെ നാട്ടിലെ ഒരു സമ്പ്രദായം അനുസരിച്ചു, മുതിർന്നവർ കുട്ടികളുടെ മുന്നിൽ പറയാൻ മുതിരാത്ത കാര്യങ്ങളുടെ പട്ടികയിൽ കുറഞ്ഞത് ഒരു പത്തു, പതിനഞ്ചു കൂട്ടം കാര്യങ്ങൾ ഉണ്ടായിരുന്നു, കുട്ടികൾ ആരെങ്കിലും സംശയം ചോദിച്ചാലോ അവരെ അപ്പോൾ തന്നെ ശാസിച്ചു ഒരു വഴിയാക്കും. സംശയങ്ങൾ ഇല്ലാത്തവരും കുറവല്ല.
പിന്നെ ചേച്ചിമാർ ഉള്ളവർ അവരിൽ നിന്നോ, അല്ലെങ്കിൽ കൂട്ടുകാരിൽ നിന്നോ, വീട്ടിൽ ജോലിക്കു വരുന്നവരിൽ നിന്നോ ഒക്കെ അറ്റവും മുറിയുമൊക്കെ അറിഞ്ഞു എന്തെങ്കിലും ഒക്കെ ഭാവന ചെയ്തു അവരവരുടെ സംശയങ്ങൾക്കു ഉത്തരം മെനഞ്ഞെടുക്കാറുണ്ട്. ചിലതൊക്കെ പരീക്ഷിച്ചു നോക്കാം എന്നും കരുതി ഓരോ ഗുലുമാലിൽ ചെന്ന് പെടാറുമുണ്ട്.
മര്യാദക്ക് സ്കൂളിലും വീട്ടിലും കാര്യങ്ങൾ പറഞ്ഞു കൊടുത്തിരുന്നുവെങ്കിൽ ഒഴിവാക്കാൻ പറ്റിയ എത്രയോ സംഭവങ്ങൾക്കു ഞങ്ങൾ സാക്ഷ്യം വഹിച്ചിരിക്കുന്നു.
ഈ ഒരു യാത്ര കഴിഞ്ഞു വന്നതും രണ്ടു അമ്മമാരും കൂടി പെൺകുട്ടികൾ അറിഞ്ഞിരിക്കേണ്ടതും, പൊതുവെ ശ്രദ്ധിക്കേണ്ടതായ പെരുമാറ്റച്ചട്ടങ്ങളുടെ പട്ടികയിൽ കുറച്ചു കാര്യങ്ങൾ കൂടി ചേർത്തു വെച്ചു. അതിൽ ഒന്നായിരുന്നു ആരെയും അന്ധമായി വിശ്വസിച്ചു കെണിയിൽ പെടരുത് എന്നുള്ളത്.
അപ്പോഴാണെന്റെ വക സംശയം ‘അമ്മേ ഈ ആവശ്യക്കാരില്ല എങ്കിൽ ഇത് നിലനില്കില്ലല്ലോ, അപ്പോൾ ആവശ്യക്കാരെ ശിക്ഷിച്ചാൽ പോരെ, ‘അമ്മ എന്നെ കടുപ്പിച്ചു നോക്കിയിട്ടു ഒരു താക്കീതു തന്നു, നിന്റെ സിദ്ധാന്തങ്ങളും വാദങ്ങളുമൊക്കെ ഈ കാര്യത്തിൽ ശരിയാവത്തില്ല, പറയുന്നത് കേട്ടാൽ മതി
സൂക്ഷിക്കണം എന്ന് പറഞ്ഞാൽ സൂക്ഷിക്കണം.
ഈ യാത്ര തുടരുന്നതായിരിക്കും
Leave A Comment