തണുപ്പ് അല്പം കുറഞ്ഞു , ഞാൻ കതകൊന്നു തുറന്നു
നേരം വെളുക്കാനിനിയും സമയം കിടക്കുന്നു
ദിവസങ്ങൾക്കു മുന്നേ, മഞ്ഞു പെയ്തപ്പോൾ
ഇലയില്ലാ മരക്കൊമ്പിലും പൈൻ മരത്തിന്റെ പച്ചില കൊമ്പിലും പറ്റി പിടിച്ചിരുന്നു തിളങ്ങിയ മഞ്ഞു തുള്ളി പോലെ
ഇന്നിതാ മാനം മുഴുവൻ നക്ഷത്രങ്ങൾ സ്വർണ്ണ വർണ്ണത്തിൽ മിന്നി തിളങ്ങുന്ന
നക്ഷത്ര കൂട്ടത്തിൽ ഒരെണ്ണം ചലിക്കുന്ന പോലെ, അതേ ഒരെണ്ണം മാത്രം
എന്റെ അടുത്തേയ്ക്കു പറന്നു വരുന്ന പോലെ തോന്നി
ഞാൻ പതുക്കെ പുറത്തോട്ടിറങ്ങി
ദേഹത്തു പുതച്ച ഘനംകുറഞ്ഞ കമ്പിളിപുതപ്പെടുത്തു തലയൊന്നു മറച്ചു, ‘അമ്മ പറയുന്നതോർത്തു , മഞ്ഞു കൊള്ളണ്ട പനി പിടിക്കും
വീണ്ടും തല ഉയർത്തി നോക്കിയപ്പോൾ
ഒരു നിമിഷം ഒന്നും ചലിക്കുന്നില്ല
എല്ലാം നിശ്ചലം
പെട്ടെന്ന്
മുന്നിൽ നിൽക്കുന്ന മഗ്നോളിയ മരക്കൊമ്പിൽ ഒരനക്കം
ഞാൻ ഒന്ന് രണ്ട് ചുവടു മുന്നോട്ടു വെച്ച്
അപ്പോഴേക്കും നിറങ്ങൾ വാരി വിതറിയ കുപ്പായമിട്ട്
സ്വർണ്ണകിന്നരി തൊപ്പി വെച്ച് തിളങ്ങുന്ന തളികയിൽ ദേ!!
കൊല്ലത്തു, കരിക്കോട്ടു എന്റെ കോളേജിന്റെ വളപ്പിൽ, പണ്ട് പണ്ട് ഞാൻ കണ്ട ജിന്ന്; പറന്നു പറന്നു ഏഴുകടലും, ഏലിമലയും കടന്നെത്തിയതാണ് സന്തോഷം കൊണ്ട്, എനിക്കൊന്നും മിണ്ടാനും വയ്യ, പറയാനും വയ്യ കൈ രണ്ടും നീട്ടി വിളിച്ചു ,
തിരിഞ്ഞു നോക്കി, എന്റെ പിന്നാലെ വരുന്നുണ്ടോ എന്ന്, ഉണ്ട്, എന്റെ തൊട്ടു പിറകെ, ഞാൻ ഓടി വീട്ടിന്റെ അകത്തു കയറി എന്റെ മേശക്കരുകിലെത്തി, ഭാഗ്യം, എന്റെ ഭാഗ്യം
പതുക്കെ പതുക്കെ ഒഴുകി ഒഴുകി എത്തിയ ജിന്ന്, എന്റെ മേശയുടെ മുകളിൽ കയറി ഇരിപ്പായി. എന്റെ മുഖത്തോട്ടു സൂക്ഷിച്ചു നോക്കി. എന്നിട്ട് ചോദിച്ചു:
എന്ത് പറ്റി, എന്താണ് നിന്റെ കവിളിനിത്ര തുടിപ്പ്?
എന്താണിന്നു നിന്റെ ഹൃദയം ഇങ്ങനെ ഉറക്കെ മിടിക്കുന്നതു?
നിന്റെ കണ്ണുകൾ വൈഡൂര്യകല്ലുകളെ പോലെ തിളങ്ങുന്നല്ലോ
നീ ഒരിടത്തും ഇരിക്കാതെ, നിൽക്കാതെ ഓടി നടക്കുന്നല്ലോ?
എന്തൊക്കെയോ ഓർത്തോർത്തു ചിരിക്കുന്നല്ലോ?
ആ ചിരി ഞാനങ്ങു കരിക്കോട്ടു TKM-ൽ പഠിച്ച ഒരായിരം പേരുടെ ചുണ്ടിൽ കണ്ടല്ലോ ?
എന്തുണ്ടായി ?എന്ത് പറ്റി?
അതെ, ഇന്നലെ ഒരു സംഭവമുണ്ടായി
ഞാനെന്റെ ഗുരുനാഥക്ക് ഗുരുദക്ഷിണ കൊടുത്തു.
ഗുരുദക്ഷിണയോ? ഈ വൈകിയ വേളയിൽ,
അതെ , മനസ്സുകൊണ്ട്
എനിക്കൊന്നും മനസ്സിലാവുന്നില്ല പറയൂ, കുറച്ചു കൂടി തെളിച്ചു പറയൂ, കേൾക്കട്ടെ
ഇന്നലെ ഞാനൊരു കഥ പറഞ്ഞു, ആ കഥയിൽ ഞാനെന്റെ ഗുരുനാഥയുടെ പേര് പറഞ്ഞു. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ
കിളി ചിലക്കുന്ന പോലെ ഒരു ശബ്ദം, എന്റെ മൊബൈൽ ഫോണിന്റെ ശബ്ദമാണ് , ഇന്ത്യയിൽ നിന്നുള്ള നമ്പറാണ്. ആരുമാവാം പേരൊന്നും വരുന്നുമില്ല. എന്തായാലും എടുക്കാം എന്ന് തീരുമാനിച്ചു, ഞാൻ ഫോൺ എടുത്തു
ഹലോ എന്ന് പറയുന്നതിന് മുന്നേ ; ഒരു മുന്നറിയിപ്പുമില്ലാതെ അങ്ങേത്തലക്കൽ നിന്നൊരു ചോദ്യം
ബീനയുണ്ടോ അവിടെ?
ഞാൻ ലാബിന്റെ മുന്നിൽ നിന്നു വിളിച്ചു കൂവിയ ബോബനെ പോലെ ഉച്ചത്തിൽ വിളിച്ചു കൂവി
മൃണാളിനി ടീച്ചർ
ടീച്ചർ ഞാൻ തിരിച്ചു വിളിക്കാം. ടീച്ചർ ആരാ മോള്, വിട്ടില്ല.
ഏതു മൃണാളിനി ആര് പറഞ്ഞു തന്നോട് ഞാൻ മൃണാളിനി ആണെന്ന്?
തനിക്കെങ്ങനെ അറിയാം?
ഞാൻ വീണ്ടും പറഞ്ഞു’ ടീച്ചർ ഞാൻ തിരിച്ചു വിളിക്കാം
ഞാൻ എന്റെ ഫോണിൽ കണ്ട നമ്പറിൽ തിരികെ വിളിച്ചു
എടുത്ത ആൾ , വളരെ കർക്കശമായി, വീണ്ടും ചോദിച്ചു
എന്റെ പേര് പറയൂ
അടുത്ത 5 നിമിഷം ടീച്ചർ, എന്നോടൊരു നൂറു ചോദ്യങ്ങൾ ചോദിച്ചു,
എന്റെ മനസ്സിനെ കുഴപ്പിക്കത്തക്ക ചോദ്യങ്ങൾ ,
നാലു ദശാബ്ദത്തിനപ്പുറം പഠിപ്പിച്ച Strength of Materials- ന്റെ സിദ്ധാന്തങ്ങളെ അവലംബിച്ചുള്ള ചോദ്യങ്ങൾ
ഭൗതികത വസ്തുക്കൾക്കും, പദാര്ത്ഥങ്ങള്ക്കും, നെടുകെയും കുറുകെയുമുള്ള ഭാരത്താൽ, പരമമായ ഞെരുക്കത്താൽ, ചക്രീയമായ വീര്പ്പുമുട്ടിക്കുന്ന ചുമതലകളാൽ , വികാരങ്ങളാൽ , പിരിമുറുക്കങ്ങളും ക്ലേശങ്ങളും ഉണ്ടാക്കുന്ന ചോദ്യങ്ങൾ
ടീച്ചർ പണ്ട് പഠിപ്പിച്ചതൊക്കെ ഒരു മിന്നായം പോലെ തെളിഞ്ഞു വന്നു
പീഡനത്തെ താങ്ങാനുള്ള കഴിവിന്റെ അനുപാതം, ശാഠ്യം
ഓരോ ഗുരുക്കന്മാരും പഠിപ്പിച്ച സിദ്ധാന്തങ്ങളൊക്കെ തന്നെ ഇന്നും എന്നും ജീവിതത്തിൽ പ്രാവർത്തികമാക്കുന്ന എനിക്ക് ആ ചോദ്യങ്ങൾക്കു മുന്നിൽ പതറേണ്ടി വന്നില്ല
അന്ന് ചൊല്ലി തന്നതു പലതുണ്ട്
മനശ്ശക്തിയെ സങ്കോചിപ്പിക്കാനും, വലിച്ചു നീട്ടാനും, മുറുക്കാനും, ക്ഷീണിപ്പിക്കാനും ശ്രമിക്കുന്ന , ബാഹ്യ ശക്തികളെ എങ്ങനെ നേരിടണമെന്ന്.
എന്തെല്ലാം സംഭവിച്ചാലും നേർ വഴിയിൽ നിന്നു വളഞ്ഞു പോകാതിരിക്കാനുള്ള, പീഡനങ്ങളെ, താങ്ങാനുള്ള കഴിവിന്റെ അനുപാതം ഓരോ തവണയും കൂട്ടി കൂട്ടി സങ്കീര്ണ്ണമായ രൂപഘടനകളും, ഭരണഘടനകളും, യോജിപ്പിക്കണമെന്നുള്ള അടിസ്ഥാന തത്വം.
തടസ്സം, ആധി, ദുഃഖം, ഇതിലൊന്നും ഭാരപ്പെടാതെ കൃത്യവിലോപത്തിൽ നിന്നു മാറി നിൽക്കാതെ പ്രതിരോധിക്കണമെന്നു.
വഴങ്ങുന്ന, അടിപതറുന്ന, ചഞ്ചലപ്പെടുന്ന , കുനിയുന്ന ശിരസ്സല്ല, മനസ്സുമല്ല, വേണ്ടത് മറിച്ചു , പൊരുതാൻ, വിശ്വാസത്തോടെ പൊരുതാൻ. അതാണ് പഠിപ്പിച്ചത്
ഈ ലോകത്തു വേറെ ആർക്കും ഇങ്ങനെ ചോദിച്ചു വിരട്ടാൻ പറ്റില്ല
ഒരു സ്വകാര്യം പറയട്ടെ
ടീച്ചർ പുലി ആണ് കേട്ടോ
മാറിയിട്ടേ ഇല്ല
ഇന്നും ആ പഴയ പുലി തന്നെ
അപ്പോൾ പറഞ്ഞു വന്നത് എന്റെ ഗുരുദക്ഷിണയെ പറ്റി, എങ്ങനെ എന്നല്ലേ
എന്റെ ഗുരുനാഥയുടെ ശബ്ദം 37 വർഷത്തിനുശേഷം തിരിച്ചറിഞ്ഞു കൊണ്ട്
ടീച്ചർ ക്ലാസ്സിൽ ചോദിക്കുന്ന പോലെ തന്നെ കുഴപ്പിക്കുന്ന ചോദ്യങ്ങൾ ഒന്നിന് പിറകെ ഒന്നായി വിട്ടു നോക്കി
യാതൊരു സങ്കോചവുമില്ലാതെ ഞാൻ ഉറച്ചു നിന്നു
ഇതെന്റെ മൃണാളിനി ടീച്ചർ തന്നെ
ഒരു നിമിഷം ടീച്ചർ എന്നെ ആശ്ലേഷിച്ച പോലെ തോന്നി
എന്നിട്ട് എന്നോട് ചോദിച്ചു
താനെവിടെ ആയിരുന്നു
തന്നെ ഞാൻ എവിടെയെല്ലാം അന്വേഷിച്ചു
താനിപ്പോൾ എന്ത് ചെയ്യുന്നു
എന്താണിപ്പോ ജോലി
എഞ്ചിനീയറിംഗ് ആണോ
അതോ പഴയ ജോലി ആണോ? പരോപകാരം
ടീച്ചർ വീണ്ടും ചോദിച്ചു ആ പാർട്ടി എങ്ങനെയുണ്ട്
എന്നെ ഓർക്കുന്നുണ്ടോ എന്ന് ചോദിക്ക്?
എന്റെ ദൈവമേ ടീച്ചർ പഴയ പോലെ തന്നെ
അതേ ധ്വനി, അതേ ശൈലി, ടീച്ചറിന്റെ ശ്രുതി കട്ട പണ്ടുള്ളതു പോലെ തന്നെ
ഒരു മാറ്റവുമില്ല
അരമണിക്കൂറിൽ ഒരായിരം സംവത്സരങ്ങളിലെ കാര്യങ്ങൾ പറഞ്ഞു
മകളെയും, മകനെയും, ടീച്ചറിന്റെ ഭർത്താവിനെയും, പറ്റി,
കുട്ടീ നിനക്കെല്ലാം അറിയാം
ഞങ്ങൾ TKM-ൽ പഠിപ്പിച്ചതൊക്കെ നീ അതുപടി ചെയ്യുന്നുമുണ്ടു
പക്ഷെ ഒരു കാര്യത്തിൽ നീ ഇന്നും
ഒരു പൊട്ടിക്കാളി തന്നെ, ഈ മെക്കാനിക്കൽകാരന്മാര്
പറയുന്ന തട്ടിപ്പുകൾ നീ അപ്പാടെ വിശ്വസിക്കുന്നു
ഈ താക്കോൽ പോയ ലാബ്, Strength of Materials ആണ്, Soil Mechanics അല്ല
ഇവന്മാർക്ക് അന്നും ഇന്നും
മണ്ണും, പെണ്ണും തമ്മിലുള്ള വ്യത്യാസം അറിയില്ല
ടീച്ചർ അങ്ങനെയാ തെറ്റു കണ്ടാൽ തിരുത്തിയിരിക്കും
അല്ലാതെ പാലം വലിക്കില്ല
ടീച്ചർ കടുപ്പിച്ചെന്നോടൊരു കാര്യം പറഞ്ഞു ആ ബോബൻ; അവനെവിടെ അവനോടെന്നെ വിളിക്കാൻ പറ
അവനെ ശരിക്കും ഒന്ന് ഗെറ്റ് ഔട്ട് അടിച്ചിട്ടേ വേറെ കാര്യമുള്ളൂ
അവന്റെ ഒരു Soil Mechanics ലാബ്
ടീച്ചറിന്റെ സ്നേഹവും ചുറുചുറുക്കും ആവേശവും എന്നെ
ഓരോ മലയാളിയും, ആർദ്രമായി മനസ്സിൽ താലോലിക്കുന്ന ഓർമകളിലേക്ക് കൊണ്ടുപോയി
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിൻ തൂവൽ കൊഴിയും തീരം
ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരു ജന്മം കൂടി…
ഈ വർണ്ണസുരഭിയാം ഭൂമിയിലല്ലാതെ
കാമുകഹൃദയങ്ങളുണ്ടോ …
സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ
ഗന്ധർവഗീതമുണ്ടോ….
വസുന്ധരേ…. വസുന്ധരേ……
കൊതി തീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ…..
ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാതെ
മാനസസരസ്സുകളുണ്ടോ ….
സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടൊ
സ്വർണ്ണമരാളമുണ്ടോ
വസുന്ധരേ….. വസുന്ധരേ……….
മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ….
കുറച്ചു നേരത്തിനു ശേഷം എന്നെ ഓർക്കുന്നു , സ്നേഹിക്കുന്നു, എന്ന് പറഞ്ഞു മകൾ രേഖയും മകൻ സാജുവിന്റെയും സന്ദേശങ്ങൾ വന്നു
ഞാനവരുടെ ബീനച്ചേച്ചി അന്നും ഇന്നും
അപ്പോൾ ജിന്നെന്നോട് ചോദിച്ചു നിനക്കറിയാമോ
ഞാനിന്നു നിന്നെ കാണാൻ വന്നതെന്താണെന്നു
ഒരു സുവർണ്ണ ഓര്മക്കായിട്ടാണ്
ഇന്ന് 50 നാളായി നീ എഴുതാൻ തുടങ്ങിയിട്ട്
ഞാൻ വരുന്ന വഴിയിൽ പലരെയും കണ്ടു
അവരൊക്കെ ഇപ്പോൾ പണ്ടത്തെ കൂട്ടുകാരെ വിളിക്കുന്നു, കാണുന്നു
സ്വകാര്യങ്ങൾ പറയുന്നു, ചിരിക്കുന്നു, കുറെയധികം പേർ ദൂരെയുള്ള സങ്കേതങ്ങളിൽ ഒത്തു കൂടാൻ പദ്ധതി ഇടുന്നു ,
കുഞ്ഞുങ്ങളെയും, പേരകുട്ടികളെയും, പഴയ പടങ്ങൾ കാണിച്ചു കൊടുക്കുന്നു.
എന്നെ ഏറെ ആശ്ചര്യപെടുത്തിയത് നിന്റെ ഗുരുക്കന്മാർ പലരും, കഥകൾ വായിച്ചും കേട്ടും അവരുടെ TKM കാലത്തിലൂടെ യാത്ര ചെയ്യാൻ തുടങ്ങിരിക്കുന്നു
അതിർ വരമ്പുകളില്ലാത്ത സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും
തുടിപ്പുകൾ കണ്ടു
ഞാൻ ജിന്നിനോട് പറഞ്ഞു
ഇനിയും എന്തെല്ലാം കിടക്കുന്നു പറയാൻ TKM കഥകൾ
എന്റെ മനസ്സിന്റെ നിർവൃതിയാണ് നിങ്ങളെന്നിൽ കണ്ട ഭാവ മാറ്റങ്ങൾ
ഈ സന്തോഷം സംതൃപ്തി,
അതാണ് ഗുരു ശിഷ്യ ബന്ധം
അതൊരു പ്രത്യേക സുഖമാണ്
ഈ വേദിക, എന്റേത് മാത്രമല്ല, നമ്മളെല്ലാവരുടെയും കൂട്ടായ്മയാണ്, ഒരു ലക്ഷ്യമേ ഉള്ളു, മസിലുപിടിക്കാതെ, മാറിനിൽക്കാതെ നാമെല്ലാവരും കൂടെ, കൈകോർത്തു,ഒത്തുകൂടി, സന്തോഷത്തോടെ കഥകൾ പറയുമ്പോൾ നിലനിൽക്കുന്നത് നമ്മുടെ സ്വന്തം TKM സ്വപ്നങ്ങളാണ്
Leave A Comment