Royal Mech
Open Book ആണെന്ന്
ആരോ പറഞ്ഞതിന്റെ, അറ്റവും മുറിയും കേട്ടിട്ട് എല്ലാ വിഷയവും തുറന്ന പുസ്തകമാണെന്നു കരുതിയ കുറെ ഭൂലോക ഒഴപ്പന്മാരുണ്ടായിരുന്നു
പോകെ പോകെ അറിഞ്ഞു ഒരു വിഷയത്തിന് മാത്രമേ Open Book ഉള്ളൂ എന്ന്…. Machine Design
എന്നിട്ടെന്താ വിശേഷം
ലോകത്തുള്ള എല്ലാ പുസ്തകവും, കൈയ്യിൽ കിട്ടിയാലും, ചോദ്യങ്ങൾ കാണുമ്പോൾ, ഏതു വിഷയത്തിന്റെ, എവിടെ ആണെന്ന് പോലും അറിയാത്ത വിദ്ധ്വാന്മാരാണ്
കഷ്ടി നിരങ്ങി അപ്പുറത്തേക്ക് വീഴണം അത്രേ ഉള്ളൂ, എങ്ങനെയും ഒരു ഡിഗ്രി എടുത്തിട്ട് പറന്നു പറന്നു പോകാൻ ഉദ്ദേശിച്ചവർ
എങ്ങാനും തോറ്റാൽ പിന്നെ കുടുംബത്തു കയറാനും പറ്റില്ല, വട്ടചിലവിനുള്ള കാശ് വീട്ടിൽ നിന്ന് കിട്ടുകയും ഇല്ല.
എത്ര ശ്രമിച്ചിട്ടും, Numerator-o, Denominator- o വരയുടെ താഴെയാണോ മുകളിലാണോ എന്ന് മനസ്സിലാവാത്തവർ.
പിന്നെ Watt- നാണോ Volt നാണോ കൂടുതൽ Ampere ഉള്ളതെന്ന് എത്ര ശ്രമിച്ചിട്ടും പിടി കിട്ടാത്തവർ ,
ഒരു ധൈര്യത്തിന് വേണ്ടി മാത്രമാണ് കഷ്ടപ്പെട്ട് പഠിക്കേണ്ട നേരത്തു തുണ്ടെഴുതുന്നെ….
ആദ്യത്തെ ഒന്ന് രണ്ടു ഫോർമുല എവിടെ എങ്കിലും കണ്ടാൽ പിന്നെ ബാക്കി എങ്ങനെയും
” ഇപ്പൊ ശരിയാക്കി തരാം”
എന്ന് പറഞ്ഞു കണ്ണും പൂട്ടി എഴുതി തീർക്കുന്നവർ.
എന്തൊക്കെയോ Derivations ക്ലാസ്സുമുറിയിലെ വലിയ ബോര്ഡില് കുറിച്ചിട്ടു അതപ്പടി വിഴുങ്ങാൻ പറഞ്ഞാൽ എങ്ങനെ ഓർക്കാനാണ്
കണക്കും, ഫിസിക്സും, കെമിസ്ട്രിയും തീർന്നു, Calculus, Differentiation, Integration ഇത്യാദി ഇനി ഒരിക്കലും കാണേണ്ട ഗതി ഉണ്ടാവില്ല; പുതിയ പുതിയ കാര്യങ്ങൾ പഠിക്കാം;
ഉടനെ തന്നെ നിര്മ്മാണ പ്രവൃത്തിയിലും, വാസ്തുശിൽപകലയിലും, പ്രാവീണ്യം നേടാം,
യന്ത്രവിദ്യാവിദഗ്ധനാകാം,
വൈദ്യുതീമണ്ഡലങ്ങളെ നടുക്കാം,
ആർക്കും പിടികിട്ടാത്ത ഇലക്ട്രോണിക്സ് കീഴടക്കാം
എന്നൊക്കെ തീരുമാനിച്ചുറച്ചു, അയൽക്കാരോടും, കുടുംബക്കാരോടും, ഇന്ന് മുതൽ ഞാൻ സിവിൽ, മെക്കാനിക്കൽ, എലെക്ട്രിക്കൽ, ഇലക്ട്രോണിക്സ് എഞ്ചിനീയർ ആണെന്ന് പറഞ്ഞു വന്നവർ ആദ്യത്തെ ആഴ്ച തന്നെ ഞെട്ടി
അപ്പോൾ പിന്നെ കൈയിലോ കാലിലോ ഓര്മിക്കാനായി എന്തെങ്കിലും 2 വരി എഴുതുന്നത് ഇത്ര വലിയ പാതകമാണോ?? …..കോപ്പി അടി വലിയ കൊലകുറ്റമോ, അപരാധമോ ആണോ?
പരീക്ഷയുടെ കാര്യം പറയുമ്പോൾ
പ്രൊഫഷണൽ കോളേജിന്റെ ഒരു അഭിവാജ്യ ഘടകമാണ് പ്രാക്ടിക്കൽസ് .
എനിക്കേറ്റവും ഇഷ്ടമുള്ള വിഷയം. Survey Practical’s, Smithy, Carpentry, Electrical, Soil Mechanics Lab, ഇങ്ങനെ പോകുന്നു practical’s -ന്റെ നീണ്ട പട്ടിക
സർവ്വേ പ്രാക്ടിക്കൽസ്-നുള്ള Theodolite, Spirit Level, Staff, Chain, Tape, Tripod, എല്ലാം വെച്ചിരിക്കുന്ന മുറിക്ക് കാവൽക്കാരായി അറ്റൻഡർമാരുണ്ട്.
സാറെന്നു വിളിച്ചും, Thank you , Please എന്നുള്ള മാന്ത്രിക വാക്കുകൾ ഉച്ചരിച്ചും വളരെ അധികം വിധേയത്വത്തോടെയും, അനുസരണയോടെയും കൂടി വേണം കൂട്ടം കൂട്ടമായി ചെന്ന് ഓരോ പ്രാക്ടിക്കൽസിന്റെ സാധനങ്ങൾ എടുക്കാൻ..
സത്യം പറയട്ടെ
ഇമ്മിഗ്രേഷൻ, കസ്റ്റംസ്, ഓഫീസറുമാരുടെ മുന്നിൽ ചെല്ലുമ്പോൾ എങ്ങനെ പെരുമാറണം എന്ന് പഠിച്ചിരിക്കണം, ലോകത്തെവിടെ ആണെങ്കിലും. അതിന്റെ ഒരാദ്യപടിയാണിത്
വളരെ ഭവ്യതയോടെ മുഖത്ത് യാതൊരു അഹങ്കാരവും ഇല്ലാതെ, ഭാവത്തിൽ ഗർവ്വില്ലാതെ, ഊച്ചാളി ചിരി ഇല്ലാതെ, ആവശ്യമില്ലാത്ത കോമഡി ഒന്നും പറയാതെ, കള്ള ദൃഷ്ടിയെ പോലെ നില്കാതെ, വലിയ ബുദ്ധിമാനാണെന്നു കാട്ടാതെ, ഒരു തരം അയ്യോ പാവം പോലെ നിൽക്കുക
കോട്ടയം കാരെ പോലെ മറു ചോദ്യം ചോദിക്കാതെ, പറയുന്നത് ശിരസ്സ് നമിച്ചു കേട്ട് , എത്രയും പെട്ടെന്ന് സംഗതി മുദ്ര കുത്തി പുറത്തിറങ്ങുക
ആളാകാനോ മറ്റോ പോയാൽ പിന്നെ കാര്യം കട്ടപ്പുക
ഇത് ആദ്യം പഠിക്കുന്നത് കോളേജിലെ ലാബുകളിൽ നിന്നാണ്.
സാറന്മാരെ കാട്ടി പുലികളാണ് അറ്റെൻഡറന്മാർ
അവർ വിചാരിച്ചാൽ മതി ഞൊടിയിടയിൽ നമ്മളെ ഒടിക്കാനും, നൂക്കാനും, മുട്ട് കുത്തിക്കാനും..
അതുകൊണ്ടു, ഇച്ചിരി എങ്കിലും ആൾ താമസം ഉള്ളവരെല്ലാം, ഇവരോട് വളരെ മര്യാദയക്കെ പെരുമാറൂ .
സർവ്വേ പ്രാക്ടിക്കലിന് രണ്ടു പേരെന്തായാലും വേണം, സ്റ്റാഫ് പിടിക്കണം മറ്റേ ആൾ spirit level, theodolite-ൽ റീഡിങ് എടുക്കണം
ക്ലാസ്സിലൊന്നും ചെയ്യാതെ പരീക്ഷ സമയത്തു കട്ട കടിക്കാതിരിക്കാൻ അസ്സിസ്റ് ചെയ്യുന്നവരെ നേരത്തെ ചട്ടം കെട്ടും, കൊണ്ട് വെക്കുമ്പഴേ എല്ലാം സെറ്റപ്പ് ആക്കാൻ, എന്നിട്ടു സാറ് വരുമ്പോൾ കാണിച്ചു റെഡി ആക്കും..
പിന്നാണല്ലോ പ്രശ്നം റീഡിങ് എടുക്കാൻ അറിയണ്ടേ
കോളേജിന്റെ Dome- ന്റെ, പൊക്കം സ്ഥിരം ചോദ്യമാണ് അതിന്റെ ഉത്തരവും അറിയാം , പക്ഷെ റീഡിങ്സ് വേണം
അതിനാണ് മാർക്ക്
എന്തെല്ലാം തിരിമറികളാണ്
ഇതൊന്നു ജയിച്ചു കിട്ടാൻ …
പകുതി കഴുത്തു മുറിച്ചിട്ട് കൈ വിട്ടു പോകുന്ന കോഴിയെ നിങ്ങൾ കണ്ടിട്ടുണ്ടോ, അതിന്റെ ഒരു മരണപ്പാച്ചിൽ ഉണ്ട് പുരപ്പുറത്തും, മുറ്റത്തും, മരത്തിലും, എല്ലാം ഓടിയോടി ..
പ്രാക്ടിക്കൽസ് പരീക്ഷക്ക് മുന്നേ, എന്റെ കൂട്ടുകാർ, അതുപോലെ ഹോസ്റ്റലിൽ ഓട്ടത്തോടെ ഓട്ടമാണ്
കഷ്ടപ്പെട്ട് ബുദ്ധിമുട്ടി പഠിക്കുന്ന പട്ടുവിനെയും, കിട്ടുവിനെയും, കിർമാണിയെയും ഒക്കെ വ്യാമോഹിപ്പിച്ചിട്ടു മൂന്നേ മൂന്ന് experiment പഠിക്കും
പിന്നെ ഭജ ഗോവിന്ദം എന്ന് നാമം ജപിച്ചു നടക്കും, അതിലൊന്നെങ്കിലും ലാബിലെ കുടുക്കക്കുള്ളിൽ സാറന്മാർ എഴുതി ഇടണമെ എന്ന് പ്രാർത്ഥിക്കും.
ഹാൾ ടിക്കറ്റ് കാണിച്ചിട്ട് നേരെ പോയി തുണ്ടെടുക്കും…
ആ തുണ്ടിലാണ് നമ്മുടെ എല്ലാം.
നേരത്തെ സഹമുറിയന്മാരുമായി ചട്ടം കെട്ടും, എനിക്കറിയാവുന്നതു നിനക്ക് കിട്ടിയാൽ മോനെ ആ തുണ്ടു നീ താഴെയിടണെ
ഏയ് ഓട്ടോയിൽ
ശ്രീനിവാസൻ
ബാറ്റൺ താഴെയിടുന്നു
ജഗദീഷ് എടുക്കുന്നു
വീണ്ടും ഇടുന്നു എടുക്കുന്നു
അതുപോലെ
ഇവിടെ രണ്ടു പേരും താഴെ ഇടുന്നു
മാറ്റി പെറുക്കുന്നു
എന്നിട്ടു നേരെ പോകുന്നു
വയറിങ് ചെയ്യാൻ
Screw driver കൊണ്ട് പിരിച്ചു കയറ്റണ്ടത്
ചുറ്റികൽ കൊണ്ട് അടിച്ചു കയറ്റുന്നു
നീലയും പച്ചയും ചുവപ്പും വയറെടുത്തു ഇപ്പോൾ കിട്ടുന്ന നൂഡിൽസ് പോലെ തലങ്ങും വിലങ്ങും വലിച്ചു കെട്ടുന്നു
അള്ളോ എന്ന് ഒരു വിളി
അറ്റന്ററാണ്
അത് കേട്ടിട്ട് പാവം ചന്ദ്രൻ സാർ അടുത്തേക്ക് വരുന്നു
എന്താടോ ഇത്
സാറെ
ഇത് ആ സായിപ്പു Swinburne -ന്റെ DC Machine Test ആണ്
സാറെ
കൈവിട്ടു പോയി
സാറ് നോക്കുന്നു
കുട്ടി വീണ്ടും കണ്ണ് തള്ളി നില്കുന്നു
അപ്പോൾ സാറിന്റെ മനുഷ്വത്വം സട കുടഞ്ഞെഴുന്നേൽക്കുന്നു
എന്തും വരട്ടെ
External Examiner കണ്ടാലും വേണ്ടില്ല
താനങ്ങോട്ടു മാറി നില്ക്കു
ഞാൻ വലിച്ചു കെട്ടിത്തരാം എന്ന് പറഞ്ഞു
ഡാ ഡൂ ഡീ
എന്ന് പറയുന്നതിന് മുന്നേ കണക്ട് ചെയ്തുകൊടുത്തു
മോട്ടർ ശീല്കാര ശബ്ദത്തോടെ ഓടി തുടങ്ങി
ഇനി താൻ റീഡിങ് എടുക്കൂ എന്ന് പറഞ്ഞു
അപ്പോഴാണ് പാട്ടുപാടുമ്പോൾ വെള്ളി വീഴുന്നതുപോലെ ഒരു ചെറിയ മുരടനക്കം കേട്ടത്
സാറെ എനിക്ക് റീഡിങ് എടുക്കാൻ അറിയില്ല
എന്നാൽ പിന്നെ തന്റെ കാര്യം കട്ടപുകയാണെന്നു പറഞ്ഞു
സാർ തലയിൽ കൈ വെക്കുന്നു
എടോ
തന്നെയൊക്കെ എങ്ങനെയും കര പറ്റിക്കാമെന്നു കരുതിയ എന്നെ പറഞ്ഞാൽ മതി………..
Leave A Comment