വെളിയിലോട്ടു കണ്ണും നട്ടിരുന്ന ഞാൻ തമിഴിൽ എഴുതിയ രണ്ടു ബോർഡ് കണ്ടെന്നാ തോന്നുന്നേ, അപ്പോഴേക്കും തിരക്കുള്ള റോഡും കെട്ടിടങ്ങളുമൊക്കെ കാണാൻ തുടങ്ങി, കോയമ്പത്തൂർ എത്തിയിരിക്കുന്നു, പാളത്തിന്റെ സൈഡിലിരുന്നു റെയിൽവേയിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പരിശോധകൻ ഞങ്ങളുടെ ട്രെയിനിന്റെ അടിയിലോട്ടു നോക്കിയിരിക്കുന്നു, ട്രെയിനിന്റെ ചലനങ്ങൾ നിയന്ത്രിക്കുന്ന ഏതെങ്കിലും ഭാഗങ്ങൾക്ക് കേടുപാട് വന്നിട്ടുണ്ടോ ഏതെങ്കിലും സ്പ്രിങ്ങോ വീലോ മറ്റോ ഒടിഞ്ഞിട്ടുണ്ടോ, എന്ന് നോക്കാനാണിവർ വളരെ ശ്രദ്ധയോടെ ഇരുന്ന് ട്രെയിനിന്റെ ബോഗികളുടെ കീഴോട്ട് നോക്കുന്നത്, ഇങ്ങനെ നിരവധി ഉത്തരവാദിത്വങ്ങളുടെ ഒരു പരമ്പര തന്നെയുണ്ട് റെയിൽവേ എന്ന ബ്രഹത്തായ സംവിധാനത്തിന്, എല്ലാം ജനങ്ങൾക്ക് സുഖവും, സുരക്ഷതയും ഉള്ളതുമായ യാത്ര നേരുന്നതിനു വേണ്ടി മാത്രം.
ദീര്ഘദൃഷ്ടിയുടെ, അതീവ ശ്രദ്ധയോടെ, വിശദാംശങ്ങൾ അതിസൂക്ഷ്മമായി ശ്രദ്ധിച്ചു ചെയ്യുന്ന, നൈപുണ്യമേറിയ വൈദഗ്ദ്ധ്യത്തിന്റെ പര്യായമാണ് റെയിൽവേ
വഴിയോരകാഴ്ചകൾ എന്ന പോലെ വഴിയോര സ്റ്റേഷനുകൾ ഉണ്ട്, പാഞ്ഞു പോകുന്ന ട്രെയിനുകൾ തീരെ ശ്രദ്ധിക്കാത്ത സ്റ്റേഷനുകൾ ഒരിക്കൽ പോലും നിർത്തുകയില്ല എന്ന് മാത്രമല്ല വേഗത ഒരല്പം പോലും കുറയ്ക്കില്ല, അതേ പോലെ തന്നെ ധാരമുറിയാത്ത ആൾ പ്രവാഹവും പ്രവർത്തികളും നടക്കുന്ന വലിയ ജംഗ്ഷനുകളും ഉണ്ട്, ഏക്കറുകളോളം സ്ഥലത്തു, എന്തൊക്കെയാണിവിടെ നടക്കുന്നത്, തീവണ്ടികൾ ഒരു പാളത്തിൽ നിന്ന് മറ്റൊന്നിലേക്കു പോകുന്നു, ചുവന്ന ഉടുപ്പിട്ട പോര്ട്ടര്മാര് ഭാരമേറിയ കെട്ടും പെട്ടിയുമായി പ്ലാറ്റഫോമിലൂടെ അങ്ങോട്ടും ഇങ്ങോട്ടു നടക്കുന്നു. ആൾക്കാർ പല വേഷവിധാനത്തിൽ, പലതരം കിലുകിലാരവം ബോഗികളുടെയും എഞ്ചിന്റെയും ലോഹങ്ങൾ തമ്മിൽ തട്ടുന്ന ശബ്ദം കുട്ടികളുടെയും മുതിർന്നവരുടെയും ശബ്ദം, ചായ കാപ്പി വടൈ എന്ന് വിളിച്ചു പ്ലാറ്റഫോമിലൂടെ അങ്ങോളമിങ്ങോളം നടക്കുന്നവരുടെ ശബ്ദം, ഒരു ഉത്സവ പ്രതീതിയാണ് തിരക്കുള്ള ജംക്ഷനിൽ.
ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററിനെ ഓർമിപ്പിക്കുന്ന തെക്കൻ ഇന്ത്യയിലെ പട്ടണമാണ് കോയമ്പത്തൂർ, വ്യാവസായിക വിപ്ലവം തെക്കൻ ഇന്ത്യയിൽ ആരംഭിച്ചത് കോയമ്പത്തൂർ ആയിരുന്നിരിക്കാം
Coimbatore , കുഞ്ഞു ഇഡലിയും കട്ട ചമ്മന്തിയും കിട്ടുന്ന ഇടം, ചമ്മന്തി പരിപ്പും കൂടി ചേർത്ത് അരച്ചതാണ്, തേങ്ങാ കുറവാണ്, അതൊരു വട്ട ഇലയിൽ പൊതിഞ്ഞാണ് തരാറു, അതിന്റെ കൂടെ നല്ല പൊടികാപ്പിയോ കടുപ്പമുള്ള മസാല ചായയോ കിട്ടും.
ചെറുപ്പത്തിൽ പല തവണ ഇവിടെ വന്നിട്ടുണ്ട് അപ്പയുടെയും അമ്മയുടെയും കൂടെ, രണ്ടു വശവും ചോലമരങ്ങളുള്ള വീതികൂടിയ കോളേജ് റോഡ്, പേരിനെ അന്വർത്ഥമാക്കുന്ന ഇടം; റോഡിൻറെ രണ്ടു വശത്തും പേരുകേട്ട കോളേജുകൾ അവിടെയുള്ള അമ്മയുടെ അടുത്ത ബന്ധുവിന്റെ വീട്ടിൽ സ്കൂളിൽ പഠിക്കുമ്പോൾ പോയതും താമസിച്ചതും ഇന്നലത്തെ പോലെ ഓർക്കുന്നു,
എനിക്ക് 9 വയസ്സുള്ളപ്പോഴാണ്, പലതരത്തിലുള്ള യന്ത്രങ്ങൾ ഉണ്ടാക്കുന്ന ഇടമാണ് Coimbatore. Meenumix ഉണ്ടാക്കുന്ന ആളിന്റെ ചെറിയ ഒറ്റമുറി കടയിൽ ചെന്നിട്ടു പൊട്ടാത്ത സ്റ്റൈൻലെസ്സ് സ്റ്റീൽ ജാറുള്ള മിക്സി വാങ്ങി, അതുണ്ടാക്കുന്ന ആളിനെ അമ്മയുടെ ബന്ധുവിന് അറിയാമായിരുന്നു. പുള്ളിക്കാരൻ അന്ന് മിക്സി ഉണ്ടാക്കാൻ തുടങ്ങിയിട്ടേ ഉളളൂ, ആദ്യത്തെ Meenumix വാങ്ങിയവരിൽ ഞങ്ങളും ഉണ്ടായിരുന്നു. കൂടെ തന്നെ യന്ത്രവത്കരിച്ച ആട്ടു മെഷീൻ വാങ്ങി, കല്ലിന്റെ വലിയ കുഴവിയും, ആട്ടുകല്ലും സ്റ്റീലിന്റെ വലിയ പുറം ചട്ടയും ഉള്ള 10 ലിറ്ററിന്റെ ആട്ടു മെഷീൻ. ആന്ധ്ര പൊന്നി അരി കൊണ്ടുള്ള ദോശയും പൂ പോലത്തെ ഇഡ്ലിയും, 365 ദിവസവും വീട്ടിൽ റെഡി.
ആട്ടു മെഷീനും, മീനു മിക്സും വന്നപ്പോൾ വീട്ടിലെ അടുക്കളയിൽ ഒരു ഉത്സവമായിരുന്നു. പക്ഷെ മിക്സിയിൽ വര്ഷങ്ങളോളം ആകെ ചെയ്തത് എന്നും മാറ്റി വെക്കുന്ന പാലിന്റെ പാട എടുത്തു Ice-മിട്ടു അടിച്ചു വെണ്ണ ഉണ്ടാക്കുന്ന പ്രക്രിയ മാത്രമായിരുന്നു, ഇടയ്ക്കിടെ പാവക്ക അടിച്ചു അരിച്ചു അപ്പ പ്രമേഹം ഉണ്ടാവാതിരിക്കാൻ വെളുപ്പിനെ കുടിക്കുന്നത് കാണാം. അപ്പ അങ്ങനെ ആയിരുന്നു, വല്ലപ്പോഴും ടെസ്റ്റ് ട്യൂബിൽ മൂത്രം പരിശോധിച്ചിട്ടു നിറം അല്പം മാറിയോ എന്ന് സംശയിച്ചു പാവക്ക നീരും, ചക്കര കൊല്ലിയും അരച്ചുരുട്ടി കഴിക്കും. സത്യത്തിൽ എന്റെ ‘അമ്മ ഒരു കൊട്ടഗുളിക വിഴുങ്ങുന്നതും വലിവിന്കുത്തിവെക്കുന്നതും കണ്ടു കണ്ടു മനം മടുത്താണ് അപ്പ ഈ പാവയ്ക്കാ സാഹസത്തിനൊരുങ്ങിയത്, MeenuMix ഒരു അടി പൊളി മിക്സി ആയിരുന്നു. നല്ല മഷി പോലെ പെട്ടെന്ന് അരയുന്ന മിക്സി. വര്ഷങ്ങള്ക്കു ശേഷം കുറച്ചു കൂടി ഉപയോഗിക്കാൻ തുടങ്ങി എങ്കിലും, ‘അമ്മ അരകല്ലിൽ തന്നെയാണ് കറിക്കുള്ള അരപ്പൊക്കെ അരച്ചത്, ഇന്നും എന്റെ വീട്ടിലെ മിക്സി വാങ്ങിയപോലെ കേടാകാതെ ഇരിക്കുന്നു, പല യന്ത്രങ്ങളും ഉപയോഗിച്ചിരുന്നത് ഞാനാണ്, Food Processor, Hand Mixi, Microwave, Washing Machine, TV, Tape Recorder, ഇതൊക്കെ സ്ഥിരമായി ഉപയോഗിക്കാൻ അമ്മക്കെന്നും പേടിയായിരുന്നു, കേടായാൽ എന്ത് ചെയ്യും എന്ന ഭയം. പഴയ ആള്കാരെല്ലാം അങ്ങനെ ആയിരുന്നിരിക്കാം. വളരെ സൂക്ഷിച്ചു മാത്രം കാര്യങ്ങൾ കൈ കാര്യം ചെയ്തിരുന്നവർ. 2009-ൽ എന്റെ അമ്മയും അപ്പയും മരിക്കുന്നത് വരെ രണ്ടാളും ഒരു തവണ ഉപയോഗിച്ചിട്ട് സാധനങ്ങൾ കളയുന്ന രീതിയുമായി പൊരുത്തപ്പെട്ടിട്ടുണ്ടായിരുന്നില്ല, 1988-ൽ ഞാൻ ആദ്യമായി ഓസ്ട്രേലിയയിൽ പോയപ്പോൾ മുട്ടുകുത്തണ്ട വന്നാൽ നോവാതിരിക്കാനൊരു ഫോമിന്റെ ചെറിയ സാധനം വാങ്ങിയിരുന്നു, ‘അമ്മ അത് ഉപയോഗിച്ചിരുന്നു എന്നെനിക്കറിയാം, കട്ടിലിന്റെ അടിയിൽ താക്കോലോ, ഗുളികയോ, ഇൻഹേലറോ വീണാൽ എടുക്കുമ്പോൾ മുട്ട് വേദനിക്കാതെ തറയിൽ കുത്താം എന്ന് പറഞ്ഞിരുന്നു, പക്ഷെ അതിന്റെ പ്ലാസ്റ്റിക് ഊരിയിരുന്നില്ല, പുത്തനായി തന്നെ സൂക്ഷിച്ചിരുന്നു, രണ്ടാളും ഇല്ലാഞ്ഞ വീട്ടിലെ സ്റ്റീൽ അലമാര തുറന്നപ്പോൾ ‘അമ്മ തുന്നിയ ഷീറ്റുകൾക്കൊപ്പം ഇതും സൂക്ഷിച്ചു വെച്ചിരിക്കുന്നു, പൂട്ടി കെട്ടി ഭദ്രമായി, ഞാനതു എന്റെ കൈയ്യിൽ എടുത്തപ്പോൾ അറിയാതെ ചിരിച്ചു പോയി, എന്റെ അമ്മയുടെ ഒരു കാര്യം, ഇന്നും അതെന്റെ കൂടെ എനിക്കേറ്റവും പ്രയോചനമായി സഞ്ചരിക്കുന്നു.
നല്ല ഇനം തുണിത്തരങ്ങൾ സഹായ വിലക്ക് കിട്ടുന്ന ഇടമാണ് കോയമ്പത്തൂർ, അപ്പക്ക് ഏറ്റവും ഇഷ്ടം അവിടെ നിന്ന് പമ്പ് സെറ്റ്, മോട്ടോർ, പിന്നെ പ്രെസ്സിലേക്കുള്ള അല്ലറ ചില്ലറ ഉപകരണങ്ങൾ, വീട്ടിലേക്കു നല്ല മണ്ണെണ്ണ സ്റ്റോവ്, ഗ്യാസ് അടുപ്പു എന്ന് വേണ്ട നല്ല ഈടുറപ്പുള്ള പലതരം സാധനങ്ങളും വാങ്ങുന്നതായിരുന്നു. പിൽക്കാലത്തു വേണ്ടപ്പെട്ടവർ പുറം രാജ്യങ്ങളിൽ ജോലി നോക്കാനും കുടിയേറി പാർക്കാനും പോയി തുടങ്ങിയപ്പോളാണ്, ഈടുറപ്പുള്ള ബലവത്തായ അടുക്കള സാധനങ്ങൾ പ്രത്യേകിച്ച് നല്ലയിനം കത്തികൾ ജര്മനിയുടെതു, പാട്ടുപെട്ടികൾ ജപ്പാന്റേതു വേണമെന്ന് ശാഠ്യം പിടിക്കാൻ തുടങ്ങിയത്.
സാമിച്ചായന്റെ കൂടെയാണ് ഞങ്ങൾ കോയമ്പത്തൂർ പോയത്, ട്രെയിനിൽ എവിടെ പോയാലും അപ്പച്ചന്റെ കൂടെ മാത്രമേ പോകാറുള്ളു അതിന്റെ പ്രൗഢി ഒന്ന് വേറെയാണ് ഏതു സ്റ്റേഷനിൽ ചെന്നാലും രാജകീയ സ്വീകരണം. അതുപോലെ തന്നെ ആ പ്രദേശത്തെ നാട്ടുമട്ടുകൾ അറിയണമെങ്കിൽ അവിടെയുള്ള ഗ്രാമീണരുടെ അടുത്ത് ഇടപഴകണമെങ്കിൽ അപ്പച്ചൻ കൂടെയുണ്ടെങ്കിൽ ഒരു പ്രശ്നമേയല്ല, സ്റ്റേഷൻ മാസ്റ്ററിനോട് പറഞ്ഞാൽ ഉടനെ തന്നെ അവിടെ ജനിച്ചു വളർന്നു അവിടെ ജോലിചെയ്യുന്ന വരെ പരിചയപ്പെടുത്തും, പിന്നെ അവരുടെ പിന്നാലെകൂടിയാൽ മതി എല്ലാ നാട്ടു വിശേഷങ്ങളും അറിയാൻ. ഇങ്ങനെ കിട്ടുന്ന ഒരവസരവും ഞാൻ പാഴാക്കിയിരുന്നില്ല. അതുകൊണ്ടു തന്നെ ട്രെയിനിൽ യാത്ര പോകുന്ന സുഖം ഒന്ന് വേറെ തന്നെ ആയിരുന്നു. ഗ്രാമങ്ങളുടെ ഹൃദയത്തിലേക്ക് ഇറങ്ങി ചെല്ലാനുള്ള ഭാഗ്യം കിട്ടിയതെല്ലാം അപ്പച്ചന്റെ കൂടെയുള്ള യാത്രകളിൽ ആയിരുന്നു.
കോയമ്പത്തൂർ പോകുന്നവർ എങ്ങനെയും സമയം ഉണ്ടാക്കി ഊട്ടി വരെ പോകാതെ തിരികെ വരാറില്ല. ഊട്ടിയിൽ പോകാനുള്ള ട്രെയിൻ പിടിക്കാൻ മേട്ടുപ്പാളയം സ്റ്റേഷനിൽ എത്തണം. മേട്ടുപ്പാളയം സ്റ്റേഷന്റെ തൊട്ടു വെളിയിലായി ഒരു വലിയ Mangosteen മരമുണ്ട്, കായംകുളത്തു എന്റെ അമ്മയുടെ വീട്ടിൽ ഒരു കൊടംപുളിയുടെ മരമുണ്ടായിരുന്നു, ഈ Mangosteen കസിനായി വരും, ഒരേ കുടുംബക്കാർ. Mangosteen ഒരു പ്രത്യേക സ്വാദുള്ള പഴമാണ്. സ്റ്റേഷൻ മാസ്റ്ററിന്റെ പ്രത്യേക നോട്ടത്തിൽ വളരെ വേണ്ടപ്പെട്ടവർക്ക് പറിച്ചു കൊടുക്കാറുണ്ട്, അങ്ങനെ അപ്പച്ചന്റെ പേരിൽ എനിക്കും കിട്ടിയിട്ടുണ്ട്, രുചിയോടെ കഴിച്ചിട്ടുമുണ്ട്.
ഉരുളക്കിഴങ്ങു മെഴുക്കുപുരട്ടി എന്നെന്നും ഒരു ബലഹീനതയാണ്, അതുപോലെ തന്നെ കുഞ്ഞുന്നാളിൽ, സാമ്പാറിലും സ്റ്റുവിലുമൊക്കെ കിടക്കുന്ന ഉരുളക്കിഴങ്ങു പെറുക്കി എടുത്തപ്പോഴൊന്നും അറിഞ്ഞിരുന്നില്ല നമ്മുടെ നാട്ടിലേക്കു വരുന്ന ഉരുളക്കിഴങ്ങും ,കാരറ്റും, ബീൻസും, ബീറ്ററൂട്ടുമൊക്കെ വരുന്നത് മേട്ടുപ്പാളയത്തു നിന്നാണെന്നു
ഒരു തവണ കാരറ്റിന്റെ വിളവെടുപ്പ് കാണാനുള്ള അവസരം ഉണ്ടായി, പാതിരാത്രിയിൽ പുതച്ചു മൂടി കമ്പിളിയുടുപ്പും, മങ്കി ക്യാപ് ഒക്കെ ഇട്ടാണ് പോയത് ഒരു ക്രിസ്തുമസ് അവധിക്കു.
ശീതകാലത്താണ് കാരറ്റ് വിളവെടുപ്പ്.വെളുപ്പിനെ ഒന്നര മണിയോടെ കമ്പിളിപുതപ്പിൽ പൊതിഞ്ഞു മാർക്കറ്റിന്റെ വളപ്പിൽ എത്തുന്ന സ്ത്രീകളും, പുരുഷന്മാരും ചെറിയ ട്രക്കുകളിൽ കയറി കൃഷി ഇടങ്ങളിലേക്ക് പോകും, ചെറുപ്പത്തിൽ ചെടി നടാനും കള പറിക്കാനും പശുവിനു പോച്ച പറിക്കാനും പോകുമ്പോൾ പോച്ചയുടെ മൂടിളക്കി ഇടാനും എനിക്ക് വലിയമ്മച്ചി ഒരു ചെറിയ മുപ്പല്ലി കൊല്ലനെ കൊണ്ട് ഉണ്ടാക്കി തന്നിരുന്നു, പറമ്പിലെ ജോലി കഴിഞ്ഞു വരുമ്പോൾ, വൃത്തിയായായി കഴുകി ചെളിയെല്ലാം കളഞ്ഞു ചിലപ്പോഴൊക്കെ ഇച്ചിരി എണ്ണയും പുരട്ടി വെക്കുമായിരുന്നു, എന്റെ മുപ്പല്ലിയുടെ പല്ലുകൾക്ക് 5cm നീളമേ ഉണ്ടായിരുന്നുള്ളു, ക്യാരറ്റിന്റെ മൂട് ഇളക്കുന്ന മുപ്പല്ലിയുടെ പല്ലിനു 10cm എങ്കിലും നീളം കാണും. ആണുങ്ങൾ മുപ്പല്ലിയുമായി മുന്നിൽ നടന്നു മൂടിളക്കി ഇടുന്ന ക്യാരറ്റ്, പുറകിൽ വരുന്ന സ്ത്രീകൾ ഇലയും തണ്ടും വേർപെടുത്തി ക്യാരറ്റ് മാത്രം ശേഖരിച്ചു വലിയ ഗോഡൗണുകളിൽ കൊണ്ടുവന്ന്കഴുകി തരം തിരിച്ചു ലേലം വിളിച്ചു വിൽക്കാനായി തയ്യാറാക്കും. രാവിലെ 10 മണിയോടെ വേല അവസാനിക്കും, വിളകൾ മാർക്കറ്റിൽ ലേലം വിളിച്ചു തെക്കേ ഇന്ത്യയുടെ പല ഭാഗത്തായി കൊണ്ടുപോകും. അങ്ങനെയാണ് കേരളത്തിലെ തീന്മേശകളിൽ ഇത്യാദി മലക്കറിയെല്ലാം എത്തിയിരുന്നത്
ഈ യാത്ര തുടരുന്നതായിരിക്കും
മുട്ടുകുത്താൻ എന്റെ ‘അമ്മ ഉപയോഗിച്ച ഫോമിന്റെ പടമാണ് പ്രൊഫൈലിൽ ഇട്ടിരിക്കുന്നത്
Leave A Comment