ഇന്ന് ശനിയാഴ്ച, ഇവിടെ വസന്ത കാലം തുടങ്ങിയിരിക്കുന്നു, പ്രകൃതി ഒരു ഘടികാരത്തിന്റെ കൃത്യനിഷ്ഠയോടെയാണ് ഓരോ ദിവസവും , തന്റെ ജോലികൾ ചെയ്തു തീർക്കുന്നത്, കുറച്ചു ദിവസങ്ങൾക്കു മുന്നേ പറമ്പിൽ കട്ടപിടിച്ചു കിടന്ന മഞ്ഞിന്റെ ഒരു കണിക പോലും കാണാനില്ല, മൂടിക്കെട്ടിയ ആകാശം, ഇന്നലെ വൈകിട്ട് തുടങ്ങിയ കാറ്റാണ്, ദൂരെയുള്ള റെയിൽ പാളത്തിലൂടെ കുറെയധികം തീവണ്ടികൾ അങ്ങോട്ടുമിങ്ങോട്ടും പായുന്ന പോലെയുള്ള ശബ്ദം. ഉൾക്കടലിൽ ശോഭ ഉടുത്തിരുന്ന മനോഹരമായ വോയിൽ സാരിത്തുമ്പെടുത്തു പുതച്ച പോലെ മങ്ങി നിൽക്കുന്ന പൂന്തിങ്കൾ.
ഇതുപോലെ ഒരു മഴക്കാലത്തായിരുന്നു ഞങ്ങളുടെ കോളേജ് യൂണിയൻ ഉൽഘാടനം, ജൂൺ മാസത്തിലെ ഒരു ശനിയാഴ്ച.
നേരം വെളുത്തപ്പോൾ മുതൽ കോളേജിന്റെ അങ്കണം പൂക്കളാൽ അലങ്കരിക്കുന്ന ജോലിയിലേർപ്പെട്ടിരുന്ന ഞാൻ ഉച്ചയോടെയാണ് വീട്ടിൽ പോയി കുളിച്ചു മുണ്ടും നേര്യതും, ചന്ദന കുറിയുമൊക്കെ അണിഞ്ഞു തിരികെ വന്നത്, മനസ്സ് നിറയെ പ്രതീക്ഷയുടെ കനലുകളായിരുന്നു. സത്യം പറയാമല്ലോ സ്റ്റേജിൽ കയറാനൊന്നും ഒരു താല്പര്യമില്ലാത്ത ആളാണ് ഞാൻ.
പക്ഷെ അന്നത്തെ ദിവസം ഞാൻ വേണുവിനോട് പറഞ്ഞു ഇന്ന് വേണുച്ചേട്ടന് ഞാൻ പൂച്ചെണ്ട് കൊടുക്കാം, വീട്ടിലെ ചുവന്ന ആംതുര്യം പൂക്കൾ ,പതുപതാന്നുള്ള പച്ച ഇലകളുടെ മുകളിൽ അടുക്കിയ പൂച്ചെണ്ട്.
ഞങ്ങളുടെ കോളേജിന്റെ ഒന്നാമത്തെ നിലയിലുള്ള ആഡിറ്റോറിയത്തിന്റെ മുന്നിലെത്താൻ, പടി കയറി മുകളിൽ എത്തിയാൽ ഇടനാഴി വലത്തോട്ടൊന്നു തിരിഞ്ഞു ചതുരത്തിൽ മുന്നോട്ടു തള്ളിനിൽക്കുന്ന ഒരു ഭാഗമുണ്ട്, ഇവിടെകൂടിയാണ് സ്റ്റേജിലേക്ക് കയറുക, വീണ്ടും ഇടത്തോട്ട് തിരിഞ്ഞു പിന്നെ നീളത്തിലുള്ള ഇടനാഴി ആള്കാരെല്ലാം ഇരിക്കുന്ന ഹാളിന്റെ വശത്തൂടെ കോളേജിന്റെ അറ്റം വരെ നീണ്ടു പോകും.
ചതുരത്തിൽ മുന്നോട്ടു തള്ളി നില്കുന്നിടത്തു നിന്നാൽ രണ്ടു വശത്തു നിന്നും വരുന്നവരെ കാണാൻ പറ്റില്ല,
പൂച്ചെണ്ടുമായി ഞാൻ ആകാംഷയോടെ പുറത്തു കാത്തു നിന്ന്
മനസ്സിൽ ഒരായിരം പള്ളിമണിയുടെ കിലുക്കം.
കാണണം എന്നാഗ്രഹിക്കുമ്പോഴും വരല്ലേ എന്ന് പ്രാർത്ഥിക്കുന്ന പിരിമുറുക്കം.
സാറന്മാരും കുട്ടികളും എല്ലാവരും ഹാളിനകത്താണ്, പെട്ടെന്ന് ഒരു കാൽപ്പെരുമാറ്റം, സിമന്റ് തറയിൽ മണ്തരികൾ ഞെരിഞ്ഞമരുന്ന ശബ്ദം താടിയും മീശയും ഒക്കെ വളർത്തി വേണുച്ചേട്ടനെ പോലെ അന്നത്തെ നിരാശാകാമുകന്റെ അതെ ഭാവത്തിൽ , എന്റെ കൈയ്യുടെ തൊട്ടടുത്ത് ഞാൻ ഇവിടത്തെ മഞ്ഞു പോലെ അലിഞ്ഞില്ലാതെ ആയി, ഒന്നേ പറഞ്ഞുള്ളൂ
അയ്യോ ഇവിടെ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് എന്ന് നിങ്ങൾക്കറിയില്ല , മിണ്ടാൻ പറ്റില്ല,
എന്നും പറഞ്ഞു വേണുച്ചേട്ടന്റെ പേര് വിളിക്കുന്നതിന് മുന്നേ ഞാൻ ജീവനും കൊണ്ടോടി സ്റ്റേജിൽ കയറി
എന്നെ കണ്ടു ഞങ്ങടെ വേണു ഒരു നിമിഷം ഒന്ന് പകച്ചു.
എന്നിട്ടു സ്വതസിദ്ധമായ പുഞ്ചിരിയോടെ പറഞ്ഞു ഞാൻ എന്റെ പേരിലും, കോളേജിന്റെ പേരിലും, ഓരോ വിദ്യാർത്ഥിയുടെ പേരിലും ശ്രീ വേണു നാഗവള്ളിയെ ഹൃദയപൂർവം ക്ഷണിക്കുന്നു
ഞങ്ങളുടെ അതിഥിയായി, വേണുച്ചേട്ടൻ വരുമ്പോൾ, അദ്ദേഹം ചെറുപ്പക്കാരുടെ ഇടയിൽ തരംഗമായ വിഷാദ കാമുകനാണ്, എല്ലാവരുടെയും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഉൾക്കടലിലെ രാഹുലൻ ആണ് .
തുടക്കത്തിൽ അഭിനയിച്ച സിനിമയിലെല്ലാം, കണ്ണുകളിൽ നിറഞ്ഞു തുളുമ്പി നിന്ന ഭാവം ശോകം, നിരാശ, വിഷാദം. അന്നത്തെ നല്ല നല്ല കവിതകൾ അതി മനോഹരമായ സംഗീതത്തിൽ ചിട്ടപ്പെടുത്തിയത് അശരീരിയായും, തനിയെ പാടിയും, പറമ്പിലൂടെയും, പുഴയരികിലൂടെയും, നടക്കുന്ന ഒരു സാധു.
വേണുച്ചേട്ടനെ കണ്ടാൽ നമ്മൾക്കെല്ലാം സഹതാപവും സ്നേഹവുമല്ലാതെ മറ്റൊന്നും തോന്നില്ല. അന്നത്തെ കാമുക സങ്കൽപം.
പക്ഷെ പ്രസംഗിച്ചു തുടങ്ങിയപ്പോൾ, വീട്ടിൽ ചെല്ലുമ്പോൾ ഞാൻ കാണാറുള്ള നൈര്മല്യമുള്ള, കാര്യങ്ങൾ ലാഘവത്തോടെ പറയുന്ന യഥാർത്ഥ മനുഷ്യനായി.
എല്ലാവരും വളരെ അതിശയത്തോടെ അദ്ദേഹത്തിന്റെ നർമ്മത്തിൽ പൊതിഞ്ഞ പ്രഭാഷണം കേട്ടുകൊണ്ടിരുന്നു
അദ്ദേഹം അന്ന് ഞങ്ങളോടെല്ലാമായി കുറെ അധികം കാര്യങ്ങൾ പറഞ്ഞു., ആകാശവാണിയിലെ ജോലി നോക്കിയിരുന്ന വേണുച്ചേട്ടൻ, റേഡിയോ പ്രക്ഷേപണത്തിൽ നിന്ന് ദൃശ്യ മാധ്യമത്തിലേക്കു വരാനുള്ള കാരണങ്ങൾ, മലയാളികളുടെ മറ്റൊരു സ്വകാര്യ അഹങ്കാരമായ പി. പദ്മരാജൻ സർ, അദ്ദേഹവും അന്ന് വേണുച്ചേട്ടന്റെ കൂടെ ആകാശവാണിയിൽ ജോലി നോക്കിയിരുന്നു, അദ്ദേഹത്തിന്റെ പ്രേരണയിലാണ് വേണുച്ചേട്ടൻ അഭിനയിക്കാൻ പോയത് തന്നെ.
കാലഗതിക്കനുസരിച്ചുള്ള ജോലി, അതായിരിക്കണം ലക്ഷ്യം, ഞാൻ പഠിച്ചതേ പാടൂ എന്നുള്ളതല്ല, കൂടുതൽ പഠിക്കുക, പഠിച്ചുകൊണ്ടേയിരിക്കുക, പുതിയ പതിയ കാര്യങ്ങൾ ചെയ്യാൻ മുതിരുക, ഇതെല്ലാമാണ് ജീവിതം ശ്രേഷ്ഠമാക്കുന്നത്,
ഞങ്ങളുടെ പ്രസരിപ്പും, ആവേശവും അദ്ദേഹത്തെ സന്തോഷവാനാക്കി , അദ്ദേഹം പറഞ്ഞു , എന്ത് ചെയ്യുമ്പോഴും നമ്മൾ ഓർക്കേണ്ട ഒരു കാര്യമാണ് നമ്മൾക്ക് സമൂഹത്തിനോടുള്ള പ്രതിബദ്ധത,
വിദ്യാഭ്യാസം കൊണ്ടുള്ള നേട്ടം, നമ്മൾക്കും കുടുംബത്തിനും മാത്രമല്ല , സമൂഹത്തിനു കൂടി ഗുണം ചെയ്യുന്നതാവണം, അപ്പോൾ മാത്രമേ ഈ ജീവിതം കൊണ്ട് അർത്ഥമുള്ളൂ , 3 നേരം കളിച്ചു ശുദ്ധിയായി പുറത്തിറങ്ങി നടക്കുന്ന റോഡിലെല്ലാം കുപ്പകളുടെ കൂമ്പാരം ചീഞ്ഞു കിടന്നാൽ, നമ്മളുടെ ദേഹശുദ്ധി കൊണ്ടെന്തു നേട്ടം. കൊതുകിനും, അണുക്കൾക്കും വേര്തിരിവില്ലല്ലോ.
എത്രമാത്രം പഠിത്തമുണ്ടായിട്ടും നമ്മൾ ഇന്നും ഈ ഒരു കൊച്ചു കാര്യം അവഗണിക്കുന്നതെന്തുകൊണ്ടാണ്?, പ്രളയം വന്നെല്ലാം നശിച്ചാലും ഞാനും എന്റെ താണ്ടാനും മാത്രം മതി – തേങ്ങാ ഇട്ടിട്ട്, ഇവിടെ നീണാൾ ജീവിക്കും എന്ന മൂഢമായ വിശ്വാസം, അത് കൊണ്ടല്ലേ നമ്മൾ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ കൂട്ടാക്കാത്തത് ? പ്രകൃതിയെ സ്നേഹിക്കാത്തതു?
ഏതു ജോലി ആയാലും, ആ ജോലിയോടുള്ള പ്രതിജ്ഞാബദ്ധത, , സമർപ്പണം അതുള്ളപ്പോൾ മാത്രമാണ് ലോകോത്തരമായ സൃഷ്ടികൾ ഉണ്ടാവുന്നത്.നിങ്ങൾക്കത് സാധിക്കും, നിങ്ങൾക്കൊരുത്തർക്കും അത് സാധിക്കണം
പിന്നെ വേണ്ടത് പങ്കാളിത്തം, ഏതൊരു പദ്ധതി ചെയ്യുമ്പോഴും, പൂർണമായ പങ്കാളിത്തം അത്യന്താപേക്ഷിതമാണ്, ഒരാൾ മാറി നിന്നാൽ ആ പദ്ധതിയുടെ അന്തിമ ഫലത്തിന് കോട്ടം തട്ടും. എല്ലാവരും കൂടെ ഒത്തു ചെയ്യുമ്പോൾ, ഏതു പദ്ധതി ആയാലും അതിന്റെ എല്ലാ കാര്യങ്ങളും കൃത്യമായി പഠിക്കയും അറിയുകയും ചെയ്യുമ്പോൾ അതിന്റെ പൂര്ണതക്ക് മറ്റൊരു മാനം വരും, സൗന്ദര്യം വർദ്ധിക്കും.
സിനിമയുടെ ചട്ടക്കൂട്ടിൽ നിന്ന് പറഞ്ഞതാണെങ്കിലും, അത് വളരെ പ്രധാനമായ ഉപദേശം ആയിരുന്നു, പിൽക്കാലത്തു ഓരോ ജോലി ചെയ്യുമ്പോഴും, എല്ലാം കൃത്യമായി എഴുതി അതെല്ലാവർക്കും ഒരു പോലെ മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചിരുന്നു, ഒരാൾ ഒന്ന് പിഴച്ചാലും താങ്ങാൻ മറ്റു പല കരങ്ങൾ ഉണ്ടാവും. എല്ലാം തന്നിലോട്ടു മാത്രം ഒതുക്കി, മറ്റാരുമായും പങ്കു വെക്കാത്ത ഞാൻ ഞാൻ മാത്രം എന്ന മനോഭാവം കൊണ്ട് ആർക്കും പ്രത്യേകിച്ചൊരു ഗുണം ചെയ്യില്ല.
പിൽക്കാലത്തു അദ്ദേഹം സൃഷ്ടിച്ച സുഖമോ ദേവി, സർവകലാശാല, ഏയ് ഓട്ടോ, കിഴക്കുണരും പക്ഷി, കളിപ്പാട്ടം തുടങ്ങിയ സിനിമകൾ കണ്ടു സന്തോഷിക്കാത്ത, തൃപ്തരാവാത്ത മലയാളി ഉണ്ടോ എന്നെനിക്കറിയില്ല.
എല്ലാവരുടെയും സമ്പൂർണ പങ്കാളിത്തമാണ് ആ കാവ്യശില്പങ്ങളുടെ ഒക്കെ വിജയം .
ജീവിതത്തിൽ കൂട്ടുകാർക്കുള്ള സ്ഥാനത്തെ പറ്റി വളരെയധികം ഊന്നി പറയുകയും, അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ വിജയത്തിന്റെ പുറകിൽ പ്രവർത്തിച്ച സുഹൃത്തുക്കളെ പറ്റി വളരെ അധികം വാചാലനാവുകയും ചെയ്തു.
സുഹൃത്ബന്ധങ്ങൾ, മത്സരബുദ്ധിയോടെ ആകാൻ പാടില്ല, കൊടുക്കാനും, വാങ്ങാനും മനസ്സുള്ള ബന്ധങ്ങളാണ് യഥാർത്ഥ സുഹൃത് ബന്ധം, മുൻവിധികളില്ലാതെ വേണം നല്ല സുഹൃത്തുക്കളെ കാണാനും, ആ ബന്ധങ്ങൾ നടത്തിക്കൊണ്ടു പോകാനും, ഏറ്റക്കുറച്ചിലുകൾ സഹിക്കാനും, പൊറുക്കാനും, മനസ്സുണ്ടാവണം.
സുഹൃത്തുക്കൾ പുണ്യമാണ്, എത്ര വര്ഷം കഴിഞ്ഞാലും കൂടെ പഠിച്ചവർ, കൂടെ കളിച്ചു വളർന്നവർ, കൂടെ ജോലിചെയ്ത ചിലർ, ഇവരെല്ലാം നമ്മുടെ സമ്പാദ്യങ്ങളാണ്
വേണുച്ചേട്ടൻ അത് പറഞ്ഞപ്പോൾ, എല്ലാവരും അത് മനസ്സിലേറ്റുക ആയിരുന്നു, അതാണ് പ്രബുദ്ധരായ ആളുകളുടെ പ്രഭാഷണങ്ങളും രചനകളും നമ്മളിൽ വരുത്തുന്ന മാറ്റങ്ങൾ, ചെറിയ ചെറിയ കാര്യങ്ങൾ മനസ്സിൽ പതിയുന്നത് ഓർത്തെടുക്കുമ്പോൾ അത് പ്രാവർത്തികം ആക്കുമ്പോൾ എന്തൊക്കെയോ നന്മ ഉണ്ടാവുന്നു, ഒരായിരം നന്മകൾ കൂട്ടിച്ചേർക്കുമ്പോൾ നമ്മുടെ സമൂഹം നന്മയുടെ വഴിയെ സഞ്ചരിക്കുന്നു.
പുറകോട്ടു നോക്കുമ്പോൾ, കാലമെത്ര കഴിഞ്ഞാലും ഒരിക്കലും തീരാത്ത കിലുക്കം, ആകാശത്തുനിന്നുള്ള മഴത്തുള്ളികൾ പോലെ, നിർത്താതെ ചിലങ്ക മണികൾ വർഷിക്കുമ്പോഴുള്ള കിലുക്കം, അങ്ങനെ ഒരു സിനിമ നമ്മൾക്കെല്ലാം തന്ന ഒരു വലിയ കലാകാരൻ. അദ്ദേഹത്തിന്റെ സംഭാവനകൾ കാലത്തിനപ്പുറം ജീവിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ പൊന്നായി എന്റെ മനസ്സിൽ ഇന്നും ജീവിക്കുന്നു.
അന്ന് പരിപാടി കഴിഞ്ഞു വേണുച്ചേട്ടന്റെ ഒപ്പം പടി ഇറങ്ങിയപ്പോൾ ദേ വീണ്ടും വരുന്നു, പക്ഷെ ഇപ്പോൾ നിരാശാകാമുകനായി അല്ല ഞാനൊന്നു മിണ്ടിയതിന്റെ നിർവൃതിയിൽ താടിയും മീശയുമൊക്കെ വടിച്ചിറക്കി പണ്ട് ലോ കോളേജിൽ പ്രസംഗിക്കാൻ വന്ന അതെ ഗെറ്റപ്പിൽ.
ഞങ്ങളുടെ ജനറൽ സെക്രെട്ടറിയുടെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ ശ്ലാഘനീയമായിരുന്നു, പല പല പരിപാടികൾ നടത്തി,.
വേണു ഞങ്ങളുടെ കോളേജിന്റെ ക്വിസ് ടീമിന്റെ നെടുംതൂണായിരുന്നു വർഷാവസാനത്തോടെ വളരെ പ്രത്യേകതയുള്ള ഒരു പരിപാടി കോളേജിൽ അരങ്ങേറി.
കവിയരങ്. U. ജയചന്ദ്രൻ, , കൃഷ്ണൻ കുട്ടി, വിനയചന്ദ്രൻ, കവിതകൾ ജനകീയമാക്കിയ കടമ്മനിട്ട, തുടങ്ങിയ ജനപ്രീതിയുള്ള കവികൾ പങ്കെടുത്ത ഒരു അപൂർവ സംഗമം. കുട്ടികളുടെ ജന്മസിദ്ധമായ കഴിവുകളെ തൊട്ടുണർത്തിയ ഒരു സാഹിത്യ വിരുന്ന്
ഫിസിക്സ് ബിരുദധാരിയായ വിനയചന്ദ്രൻ, എങ്ങനെ കവിയായി എന്ന് പറഞ്ഞപ്പോൾ പലർക്കും ഒരു കൈ നോക്കാം എന്നൊരു ചിന്ത തോന്നാതിരുന്നില്ല, അദ്ദേഹം മലയാളത്തിൽ റാങ്കോടു കൂടി ബിരുദാനന്തര ബിരുദം എടുക്കയും, കൊല്ലത്തെ തീരദേശത്തിന്റെ സൗന്ദര്യം കണ്ടിട്ട് മലയാളത്തിൽ കവിതകൾ എഴുതാൻ തുടങ്ങുകയുമായിരുന്നു.
കവിതയുടെ ചൈതന്യം മലയാളികളുടെ മനസ്സിൽ പുനര്ജ്ജനിപ്പിച്ച കടമ്മനിട്ട രാമകൃഷ്ണൻ; സദസ്സിന്റെ മുന്നിൽ പദ്യങ്ങൾ ഉറക്കെ ചൊല്ലി, തൊണ്ടപൊട്ടികീറുന്ന പോലെ ഹൃദയത്തിന്റെ ആഴത്തിൽ കുറത്തിയെയും കുറത്തിയുടെ മക്കളുടെ കണ്ണുകൾ ചൂഴ്ന്നെടുക്കുന്ന കരങ്ങളെയും പതിപ്പിച്ചു, വികാരങ്ങളുടെ വേലിയേറ്റങ്ങൾ സൃഷ്ടിച്ച അനശ്വര. കവിതകളെ സർവ കലാശാലകളുടെ മതില്കെട്ടുകളിൽ നിന്ന്, പുറം ലോകത്തുള്ള സാധാരണ മനുഷ്യന്റെ ഹൃദയത്തിലേക്കെത്തിച്ച കവിതകൾ,
വെന്തമണ്ണിന് വീറില്നിന്നു-
മുറഞ്ഞെണീറ്റ കുറത്തി ഞാന്
കാട്ടുകല്ലിന് കണ്ണുരഞ്ഞു പൊരി-
ഞ്ഞുയര്ന്ന കുറത്തി ഞാന്.
നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള് ചുഴന്നെടുക്കുന്നോ?
നിങ്ങള് ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ ?..
നിങ്ങൾ അറിയുക നിങ്ങൾ എങ്ങനെ നിങ്ങൾ ആയെന്നു
നിങ്ങൾ അറിയുക നിങ്ങൾ എങ്ങനെ നിങ്ങൾ ആയെന്നു
Leave A Comment