വണ്ടി പുറപ്പെടുന്നതിനു മുന്നേ ബസ്സിലെ ഗൈഡിനോട്, ഞാൻ ഒരു കൂട്ടം ചോദിച്ചു പോകുന്ന വഴിയിൽ ചായ കുടിക്കാൻ Patnitop -ൽ നിർത്തുമോ എന്ന്? കൂടെ ഉണ്ടായിരുന്ന വേദാനന്ദിനൊരു സംശയം ചായയും പലഹാരവും കഴിക്കാത്ത ഞാനെന്തിനാണീ ഗൈഡിനോടിത്ര കാര്യമായി ചായക്കടയുടെ കാര്യം തിരക്കുന്നതു? ഭാഗ്യം വേദാനന്ദ് എന്നോടെന്തെങ്കിലും ചോദിക്കുന്നതിനു മുന്നേ ഞാൻ ഗൈഡിനോട് മറ്റൊരു ചോദ്യം ചോദിച്ചു, ഒരു തുരങ്കം ഉണ്ടല്ലോ അതിന്റെ അടുത്തെങ്ങാനും നിർത്തുമോ അത് കേട്ടതും, ആ എന്തെങ്കിലും ആകട്ടെ, എന്ന് പറഞ്ഞു അധികം തല പുകക്കാതെ vedanand എന്ന ഞങ്ങളുടെ മാസ്സ് കട്ട് എന്നെ കട്ട് ചെയ്തു പതുക്കെ ബസിൽ കയറി. എനിക്കാശ്വാസമായി!!! പറയാൻ പറ്റില്ലല്ലോ ചായക്ക് വേണ്ടിയല്ല ഞാൻ ഈ സ്ഥലത്തിനെ പറ്റി ചോദിക്കുന്നതെന്നു.
അപ്പോൾ guide പറഞ്ഞു പോകുന്ന വഴിയിൽ കാണാനും ആസ്വദിക്കാനുമായി പലപല ഇടങ്ങളുണ്ട്, അവിടെ എല്ലാം നിർത്തി കഴിയുന്നത്ര കാഴ്ചകൾ കണ്ടാവും നമ്മുടെ യാത്ര. ഇന്ത്യയുടെ പറുദീസയാണ് ഈ സംസ്ഥാനം, നിങ്ങൾ ഉടനെ എങ്ങും ഇത്ര ദൂരം യാത്ര ചെയ്തു തിരികെ വരുമെന്ന് തോന്നുന്നില്ല. കഴിയുന്നത്ര കാഴ്ചകൾ കണ്ടു മടങ്ങുക.
അന്നദ്ദേഹം പറഞ്ഞത് സത്യമായി ഭവിച്ചു, പിന്നൊരിക്കൽ പോലും കാശ്മീരിൽ പോകാൻ പറ്റിയിട്ടില്ല, കാരണം നമ്മൾക്കെല്ലാം അറിയാവുന്നതായതിനാൽ ഞാനൊന്നും പറയുന്നില്ല.
വീണ്ടും പ്രാർത്ഥിക്കുന്നു, എത്രയും പെട്ടെന്ന് ആഗ്രഹമുള്ളവർക്കെല്ലാം ഭൂമിയിലെ ഈ പറുദീസ കാണാനുള്ള അവസരം ഉണ്ടാവട്ടെ എന്ന്.
ഒരു വശം മുഴുവൻ മാനത്തെ മേഘങ്ങളെ മുത്തം വെക്കുന്ന മലകളും, മറുവശത്തു മദാലസയായി മയങ്ങി കിടക്കുന്ന മലയിടുക്കുകളുമാണ്.
കണ്ണിമയ്ക്കാതെ നോക്കിയിരുന്ന കാഴ്ചകൾ, അന്ന് മനസ്സിലെ കണ്ണാടിയിൽ പതിഞ പ്രതിബിംബങ്ങൾ ഇന്നും പച്ചപിടിച്ചു നില്കുന്നു.
ബസ്പുറപ്പെട്ടു കുറച്ചെത്തിയപ്പോൾ അങ്ങൂന്നും ഇങ്ങൂന്നും ഓരോരുത്തരായി പതുക്കെ എഴുന്നേറ്റു തുടങ്ങി, ചിലരാണെങ്കിൽ എന്തോ അത്യാവശ്യമായി ചെയ്യാനുള്ള പോലെ എഴുനേറ്റു ഇടനാഴിയിലൂടെ മുന്നോട്ടു നടന്നു.
നടന്നു അഞ്ചാറ് സീറ്റിന്റെ മുന്നിലെത്തി, ആരോടും മിണ്ടാതെ കുനിഞ്ഞു ജനാലയിലൂടെ പുറത്തോട്ടു നോക്കുന്നത് കണ്ടു, അപ്പോൾ രാജൻ പി. ഡി, വിളിച്ചു ചോദിച്ചു, എന്തുവാടേ ഇവിടിരുന്നിട്ടു കാണാൻ പറ്റാത്ത കാഴ്ച അവിടെ പോയി കാണുന്നത്, ഞാനും കൂടി കാണട്ടെ എന്നും പറഞ്ഞു രാജൻ പി ഡി യും എഴുന്നേറ്റു
എന്നാൽ പിന്നെ ഞാനും കൂടെ ഉണ്ടെന്നു പറഞ്ഞു ജയപ്രകാശും കൂടി, 3 പേര് എഴുന്നേറ്റപ്പോൾ പിന്നെ മുന്നിലെ സീറ്റുകളിൽ ഇരുന്നവർ പുറകോട്ടും ഇടക്കിരുന്നവർ സൈഡിലുള്ള സീറ്റിലേക്കും മാറി ഇരിക്കാൻ തുടങ്ങി, യാത്ര പുറപ്പെട്ടു ഒരു മണിക്കൂറിനകം എല്ലാവരും അവരവർക്കു ഇഷ്ടമുള്ളവരുടെ കൂട്ടത്തിൽ ഇരിപ്പായി, പിന്നെ പാട്ടായി, ഉറക്കെയുള്ള ചിരിയായി, വർത്തമാനമായി, അതിന്റെ ഇടയിൽ മൗനങ്ങളുമായി.
ആദ്യം പോയത് ഗുൽമാർഗ് എന്ന സ്ഥലത്തേക്കാണ്. മലകയറുന്ന പോലെയുള്ള ഒരനുഭൂതി ആയിരുന്നു, 9000 അടി ഉയരത്തിലാണ് ഗുൽമാർഗ്.
യാത്ര പുറപ്പെടുന്നതിനു എത്രയോ നാൾ മുന്നേ തന്നെ ഞങ്ങളിൽ പലരും മനസ്സിൽ താലോലിച്ച ഒരു സ്വപ്നമാണ് കശ്മീരിലെ ഗുൽമാർഗിലുള്ള ഹൈലാൻഡ് ഹോട്ടൽ കാണണമെന്നുള്ള പരസ്യമായ രഹസ്യം.
എന്റെ സമപ്രായക്കാരെയും, എന്നേക്കാൾ മുതിർന്നവരെയും കാല്പനികമായ പ്രേമത്തിന്റെ കൊടുമുടിയിൽ എത്തിച്ച ഒരു പ്രേമകാവ്യമായിരുന്നു രാജ് കപൂറിന്റെ 1973-ൽ ഇറങ്ങിയ Bobby എന്ന സിനിമ.
കുഞ്ഞുനാളിൽ വളരെ കുറച്ചു സിനിമകളെ ഞാൻ കണ്ടിട്ടുള്ളൂ എക്കാലത്തെയും ഹിറ്റ് ആയ മ്യൂസിക്കൽ; സൗണ്ട് ഓഫ് മ്യൂസിക്, കരഞ്ഞു കരഞ്ഞു ഹൃദയം കലങ്ങിയ ശാരദയുടെ തുലാഭാരം, ബേബി സുമതിയുടെ നദി, ശ്രീദേവിയുടെ ഭക്തിസാന്ദ്രമായ കുമാരസംഭവം ഇങ്ങനെ പോകുന്നു വിരലിൽ എണ്ണാവുന്ന സിനിമ കളുടെ കണക്കു. അതിൽ ഇന്നും മറക്കാനാകാത്ത, പുതുമ നഷ്ടപ്പെടാത്ത, പാട്ടുകളുടെ പറുദീസയായ സിനിമയാണ് Bobby.
അതിലെ “ഹം തും ഏക് കമരെ മേം ബന്ദ് ഹോ” എന്ന പാട്ടു ചിത്രീകരിച്ചത് Gulmarg-ലുള്ള Highland- Hotel- ലെ Bobby Suite ലാണ്,
സിനിമയിലെ കമിതാക്കളുടെ പ്രണയ അനുഭവങ്ങൾ അനുവർത്തിക്കാനും പുനര്ജ്ജീവിക്കാനും Bobby Suite-ൽ താമസിക്കാവുന്നതാണ്.
നാട്ടിൽ ആവശ്യത്തിന് കുട്ടിയും കോലും, 7 tile-സും, ഷട്ടിൽകോക്കും റിങ്ങും, ഹോക്കിയും ഫുട്ബോളും ഒക്കെ കളിച്ചിട്ടുണ്ട് പക്ഷെ ഈ ഗോൾഫ് എന്ന് പറയുന്ന കാര്യം കളിച്ചിട്ടുമില്ല, അറിയുകയുമില്ല. ആദ്യമായി ഗോൾഫ് കളിക്കുന്ന കോഴ്സ് കാണുന്നത് സ്കൂളിൽ നിന്നു ബാംഗ്ലൂരിൽ പോയപ്പോഴാണ്. പച്ചപട്ടുപരവതാനി വിരിച്ച സ്ഥലം; ഇടയ്ക്കിടെ ചെറിയ കുന്നും, വെള്ളവും, മരങ്ങളും, കണ്ണെത്താദൂരത്തോളം ചെത്തി മിനുക്കിയ പുൽത്തകിടിയും. ഞങ്ങൾ താമസിച്ച ബാംഗ്ലൂർ St. Josephs കോളേജിലെ കന്യാസ്ത്രീ ആണ് പറഞ്ഞു തന്നത് ഇതൊരു ഗോൾഫ് കോഴ്സ് ആണെന്ന്.
പിൽക്കാലത്തു Zambia-യിൽ പോയപ്പോഴാണ് ആദ്യമായി ഞാനീ ഗോൾഫ് കിറ്റ് കാണുന്നതും, തൊട്ടു നോക്കുന്നതും, ഗോൾഫ്ക്ലബ് എടുത്തു അത്യാവശ്യം വീശി നോക്കിയതും, അടിച്ചു തെറിപ്പിച്ച വെള്ള പന്ത് കുഴിയിൽ വീണത് പെറുക്കാൻ പോയപ്പോൾ ഗുൽമാർഗിലെ കാക്കകളെ ഓർത്തു, മുട്ടയാണെന്നു കരുതി ഗോൾഫ് പന്തുകൾ സ്ഥിരമായി കൊത്തിയെടുത്തു പറന്നു പോകുന്ന കാക്കകൾ ഉള്ള ഇടമാണ് ഗുൽമാർഗ്. വളരെ പേര് കേട്ട ഗോൾഫ് കോഴ്സ് ആണ് ഗുൽമാർഗിലെ 18 hole കോഴ്സ്, അത്യുത്സാഹിയായ കളിക്കാരനെ വെല്ലുവിളിക്കുന്ന കളിസ്ഥലം; ലോകത്തെ ഏറ്റവും ഉയരം കൂടിയ ഗോൾഫ് കോഴ്സ് സ്ഥിതിചെയ്യുന്നത് Gulmarg- ലാണ്.
വീട്ടിൽ നിന്നുള്ള വിനോദസഞ്ചാരങ്ങളെല്ലാം, പട്ടണങ്ങൾ, സ്വന്തക്കാരുള്ള സ്ഥലങ്ങൾ, സുഖവാസ കേന്ദ്രങ്ങൾ, അണക്കെട്ടുകൾ, ഉദ്യാനങ്ങൾ, മ്യൂസിയം ഇങ്ങനെയുള്ള ഇടങ്ങളിലോട്ടുള്ള യാത്ര ആയിരിന്നു പിൽക്കാലത്തു പുറം രാജ്യങ്ങളിൽ യാത്ര പോയപ്പോൾ പലതരത്തിലുള്ള കാഴ്ചകൾ കോർത്തിണക്കിയ വഴികൾ തിരഞ്ഞെടുത്തിരുന്നു.
പുരാവസ്തുക്കളും, കെട്ടിടങ്ങളുടെയും, പട്ടണങ്ങളുടെയും അവശിഷ്ടങ്ങളും നമ്മുടെ പൈതൃകത്തിന്റെ ഭാഗമായി കാത്തുസൂക്ഷിക്കുന്ന ചരിത്രപ്രധാനമായ സ്ഥലങ്ങളും കാണാൻ ഇടയായത് സ്കൂളിൽ നിന്നും കോളേജിൽ നിന്നുമുള്ള യാത്രകളിലൂടെയാണ്.
ആദ്യമായി സൂര്യഭഗവാന്റെ നാലുകെട്ടും, എട്ടുകെട്ടുമൊക്കെയുള്ള അമ്പലം കണ്ടത് ആനന്ദ്നാഗിലാണ് Martand Sun Temple. ഈ അമ്പലം സ്ഥാപിച്ചിരുന്നത് ഉയർന്ന് നിരപ്പായ ഒരു സ്ഥലത്താണ് ഇവിടെ നിന്നു നോക്കിയാൽ കാശ്മീർ താഴ്വര മുഴുവനും കാണാം അത്രയ്ക്ക് തന്ത്രപ്രധാനമായ ഇടത്താണ് അമ്പലം പണിഞ്ഞിരുന്നത്.
ഗ്രീക്ക്, റോമൻ Architecture-ന്റെ ഭാഗമായി ഞങ്ങൾ പഠിച്ച നിർമ്മാണ രീതികളെ അവലംബിച്ചാണ് ചുറ്റുമുള്ള വരാന്തയിലെ തൂണുകളും അകത്തളങ്ങളും രൂപകൽപന ചെയ്തിരുന്നതും പണിഞ്ഞതും.
നൂറു കണക്കിന് വര്ഷങ്ങള്ക്കു മുന്നേ പണിഞ്ഞ അമ്പലവും നടുമുറ്റവും, പതിഞ്ചാം നൂറ്റാണ്ടിലെ ഒരു Sultan-ന്റെ ഉത്തരവിൻ പ്രകാരം പാടെ നശിപ്പിച്ചു. ഒരു വര്ഷം എടുത്തു നശിപ്പിക്കാൻ.
പഴയ വാസ്തുശില്പകലയുടെ അവശിഷ്ട്ടം കാണാൻ പോയ എന്റെ മനസ്സ് തേങ്ങി, ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ!! എങ്ങനെ ഇങ്ങനെ നശിപ്പിക്കാൻ തോന്നി.. ഇന്നും പലതിനെയും യാതൊരു വീണ്ടുവിചാരമില്ലാതെ നശിപ്പിക്കുന്നത് കാണുമ്പോൾ, മനസ്സ് വിങ്ങുന്നു, എന്തെങ്കിലും ചെയ്യാൻ പറ്റിയാൽ ചെയ്യണം എന്ന് അതിയായ മോഹം മനസ്സിൽ നുരഞ്ഞു പതഞ്ഞു പൊങ്ങുന്നു, വേദന തുടരുന്നു.
മറക്കാനാവാത്ത പലതും നമ്മുടെ ജീവിതത്തിലുടനീളം കണ്ടു; അതിലൊന്നാണ് കാണ്ഡഹാറിലെ, ലോകത്തിലെ ഏറ്റവും വലിയ ബുദ്ധന്റെ പ്രതിമകൾ താലിബാൻകാർ പൊട്ടിച്ചു തകർത്തത്.
പക്ഷെ ഇന്നിപ്പോൾ ആർക്കും തകർക്കാൻ പറ്റാത്ത വിധം സാങ്കേതിക വിദ്യയുടെ ബലത്തിൽ ബുദ്ധൻ പ്രൗഢഗംഭീരമായി ജ്വലിക്കുന്നു 3 D light Projection-ലൂടെ.
ഇനിയിപ്പോൾ ഇതാവും വഴി നശിപ്പിക്കുന്നതെല്ലാം ഒന്ന് തൊടാൻ മോഹിച്ചാൽ തൊടാൻ പറ്റാതെ പ്രകാശമായി സോഫ്റ്റ്വെയർ ഉപയോഗിച്ച് പുനര്ജീവിപ്പിക്കുമായിരിക്കും.
അടുത്തതായി വണ്ടി നിർത്തിയത് ഒരു സിവിൽ എഞ്ചിനീയറിംഗ് വിസ്മയത്തിന്റെ മുന്നിലാണ്..
പാര വെക്കുക – ഈ ഒരു പ്രയോഗം മലയാളിയുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്, ആ പ്രയോഗത്തിനെ ഒന്ന് കൊഴുപ്പിച്ചാൽ പാലം വലിക്കുക , തുരങ്കം വെക്കുക എന്ന് പറയാം, സത്യത്തിൽ ഞങ്ങൾ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി രൂപകല്പന ചെയ്യാനും പണിയാനും പഠിച്ച, പാലത്തിനെയും, തുരങ്കത്തിനെയും സരസമായി ഉപയോഗിക്കുന്ന എന്റെ മാതൃഭാഷയെ നമിക്കുന്നു.
പാഠ്യ പുസ്തകങ്ങളിൽ Civil Engineering വിഷയങ്ങൾ പഠിക്കുമ്പോൾ പ്രത്യേകതകളുള്ള സ്രേഷ്ടമായ പണികളൊന്നും നേരിട്ട് കണ്ടിരുന്നില്ല, കോളേജിൽ നിന്നുള്ള യാത്രകളിൽ ആണിതൊക്കെ നേരിട്ട് കാണാനും പ്രത്യേകതകൾ പഠിക്കാനും അവസരം ഉണ്ടായത്.
അങ്ങനെ ഞങ്ങൾ ഭാരതത്തിന്റെ തന്ത്രപ്രധാനമായ ജവഹർ തുരങ്കത്തിന്റെ വാതിൽപ്പടിയിൽ എത്തി.
365 ദിവസവും ശ്രീനഗറിൽ നിന്നു ജമ്മുവിലേക്കു യാത്ര ചെയ്യാൻ വേണ്ടി പണിഞ്ഞ തുരങ്കമാണിത്. 24 മണിക്കൂറും നമ്മുടെ സേന കാവൽ നിൽക്കുന്ന തുരങ്കം. ഇന്ത്യയുടെ ആദ്യത്തെ പ്രധാന മന്ത്രി ആയിരുന്ന ജവാഹർലാൽ നെഹ്റുവിന്റെ പേരിൽ അറിയപ്പെടുന്ന തുരങ്കം.
ജവാഹർലാൽ നെഹ്റു എന്ന് കേൾക്കുമ്പോൾ എന്റെ ഓർമ്മകൾ ചെന്ന് നില്കുന്നത് എന്റെ സ്കൂളിന്റെ; കൊല്ലത്തുള്ള St Josephs Convent-ന്റെ പൂമുഖത്താണ്.
നവംബര് 14, ചാച്ചാ നെഹ്രുവിന്റെ പിറന്നാൾ. കുട്ടികളുടെ ദിനം, Childrens Day. എല്ലാ സ്കൂളുകളും ചേർന്ന് നടത്തുന്ന ഘോഷയാത്രയും, അലങ്കരിച്ച ലോറിയിലെ പലതരം കാഴ്ചദൃശ്യങ്ങളും.
കുട്ടികൾക്ക് സ്കൂളിൽ നുട്രിൻ മുട്ടായി വിതരണം ചെയ്യുന്ന ദിവസം. രാഷ്ട്രീയമോ, പാർട്ടിയോ, ചേരിപോരോ, വഴക്കോ, വയ്യാവേലിയോ ഇല്ലാതെ ഓരോ ജില്ലാ തലത്തിൽ, കലാമത്സരങ്ങൾ നടത്തി സമ്മാനങ്ങൾവിതരണം ചെയ്യുന്ന ദിവസം. വെള്ള ഉടുപ്പ് ധരിച് നെഞ്ചത്ത് ചുവന്ന റോസാപൂ കുത്തി വെച്ച് എല്ലാവരും അച്ചടക്കമായി റോഡിലൂടെ അലങ്കരിച്ച ലോറിക്ക് മുന്നേ നടന്നു മത്സരം നടക്കുന്ന പ്രധാന സ്കൂളിലെ മൈതാനത്തു ഒത്തു കൂടുന്ന ദിവസം.
അലങ്കരിച്ച ലോറികൾക്കുള്ളിൽ ഭാരത മാതാ, മഹാത്മാ ഗാന്ധി, ഇന്ദിര ഗാന്ധി, ചാച്ചാ നെഹ്റു, സുഭാഷ് ചന്ദ്ര ബോസ്, കർഷകൻ, ഡോക്ടർ, എഞ്ചിനീയർ, വക്കീൽ, പോലീസ്, കള്ളൻ, പട്ടാളക്കാരൻ, പുരോഹിതൻ ഇങ്ങനെ നമ്മുടെ രാഷ്ട്രത്തിലെ പ്രമുഖരുടെയും സമൂഹത്തിലെ പല തരം തട്ടിലുള്ള ആൾക്കാരുടെയും പരിച്ഛേദം അവതരിപ്പിക്കുന്ന വര്ണ്ണശബളമായ നിശ്ചലദൃശ്യങ്ങൾ,.
ഞാനും എന്റെ കൂട്ടുകാരും എത്രയോ തവണ ഓരോ വേഷം കെട്ടി, കൊല്ലം പട്ടണത്തിലൂടെ പര്യടനം നടത്തിയിരിക്കുന്നു.
ഓരോ കഥാപാത്രങ്ങളോട് സാമ്യമുള്ളവരെ യാതൊരു പക്ഷഭേദമില്ലാതെ തിരഞ്ഞെടുത്തു ഒരുക്കി നിര്ത്തുന്നു . ഭാഗ്യം!!! കുടുംബക്കാരും പരിശീലകരും ഇല്ലാതിരുന്ന കാലം എല്ലാം തനിയെ ചെയ്തിരുന്ന കാലം, കൂടെ പഠിക്കുന്നവർ പരസ്പരം ഒരുക്കി, മിനുക്കി സ്കൂളിന് വേണ്ടി മരിക്കാൻ തയ്യാറായിരുന്നു കാലം.
കൂടെ വരാൻ ഞങ്ങളുടെ പ്രിയപ്പെട്ട Bernie ടീച്ചർ, സ്നേഹപൂർവ്വം ഞങ്ങൾ സാവിത്രി ചേച്ചി എന്ന് വിളിച്ചിരുന്ന Bernie ടീച്ചർ.
ഈ യാത്ര തുടരുന്നതായിരിക്കും
Leave A Comment