ഞങ്ങൾ കയറിയ ടെമ്പോ വാൻ നേരെ ഹോട്ടലിലേക്ക് ആണ് പോയത്, ഹോട്ടൽ എന്ന് പറഞ്ഞാൽ ഇടുങ്ങിയ രണ്ടു നിലയിലുള്ള കെട്ടിടങ്ങൾ, അതും Dal തടാകത്തിന്റെ തീരത്തായി. വിമാനത്തിൽ നിന്നിറങ്ങിയപ്പോൾ മുതൽ നല്ല വിശപ്പായിരുന്നു. തണുപ്പും കൂടി ആയപ്പോൾ പറയുകയും വേണ്ട. നല്ല ചൂട് ചോറും കറിയും തിന്നാനുള്ള വിശപ്പും ആർത്തിയും ആയിരുന്നു.
എന്റെ രണ്ടു അമ്മാച്ചന്മാരും കാശ്മീരിൽ ആർമിയിൽ ഉദ്യോഗസ്ഥരായിരുന്നതിനാൽ അവരുടെ ധാരാളം പരിചയക്കാരായ ഓഫീസർമാർ അവിടെ ഉണ്ടായിരുന്നു. അതിൽ ഒരു ഓഫീസറിനെ എന്റെ വരവിനെ പറ്റി നേരത്തെ അറിയിച്ചിരുന്നു. എന്റെ അമ്മക്ക് കശ്മീരിലെ മനോഹരമായ പ്രിന്റഡ് സിൽക്ക് സാരി വേണം, ഷോപ്പിംഗ് എന്ന പ്രതിഭാസത്തിനോട് തീരെ താല്പര്യമുള്ള ആളല്ലെങ്കിലും അഴകുള്ള തുണിത്തരങ്ങൾ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ, അതായതു, കടയിലുള്ളതെല്ലാം വലിച്ചു പുറത്തിടാതെ തിരഞ്ഞെടുക്കാനുള്ളൊരു കഴിവ് എനിക്കുണ്ടായിരുന്നു.
അങ്ങനെ ‘അമ്മ തന്റെ ആങ്ങളയോട് പറഞ്ഞു കശ്മീരിലെ സാരി നെയ്യുന്ന ഫാക്ടറി കാണാനുള്ള ഏർപ്പാട് ചെയ്തു, രാജ സിൽക്ക് എന്നായിരുന്നു ആ ഫാക്ടറിയുടെ പേര്. അവിടെ എന്നെ കൂട്ടി കൊണ്ടുപോകാനാണ് ഓഫീസറിനെ അറിയിച്ചിരുന്നത്. അങ്ങനെ ഞങ്ങൾ ഹോട്ടലിൽ ചെന്നപ്പോഴേക്കും എന്നെ കാത്തു പുള്ളിക്കാരൻ അവിടെ എത്തിയിരുന്നു, തലപ്പാവ് കെട്ടിയ ഓഫീസറും സൽവാറും കമീസും ധരിച്ച അദ്ദേഹത്തിന്റെ പത്നിയും.
യാത്രയിലുടനീളം പലയിടത്തും പഠന സംബന്ധമായ യാത്രകൾ ഇല്ലാത്തപ്പോൾ മാതാപിതാക്കൾ അനുവദിച്ചവരുടെ വീടുകളിൽ പോകാനുള്ള അനുവാദം നേരത്തെ തന്നെ ജോൺ ചെറിയാൻ സാറിന്റെ അടുത്ത് നിന്ന് വാങ്ങിയിരുന്നു. ഞാൻ മാത്രമല്ല പലരും.
എന്റെ ഉരുട്ടുന്ന ബാഗിനൊരു പേരുണ്ടായിരുന്നു എന്റെ റെപ്രെസെന്ററ്റീവ് ഫാക്ടർ. കൂട്ടുകാർ അത് മുറിയിൽ എത്തിക്കാം എന്ന് വാക്കു തന്നു; അങ്ങനെ മുറിയിലൊന്നും പോകാതെ ബാഗിൽ നിന്ന് എന്നെ വിളിക്കാൻ വന്നവർക്ക് കൊടുക്കാനുള്ള ഉപ്പേരിയുടെ പൊതി കൈയ്യിലെടുത്തു, അവരുടെ ജീപ്പിൽ കയറി യാത്ര ആയി.
എനിക്കാണേൽ ഒരാനയെ തിന്നാനുള്ള വിശപ്പ്. എന്റെ മുഖഭാവം കണ്ടിട്ടാവാം അവർ പറഞ്ഞു നമ്മൾ ആദ്യം ഞങ്ങളുടെ വീട്ടിൽ പോയി ആഹാരം കഴിച്ചിട്ട് ഫാക്ടറിയുടെ ഷോ റൂമിൽ പോകാം. സമാധാനമായി. ആർമി ഉദ്യോഗസ്ഥരുടെ വീടുകളിൽ വളരെ അച്ചടക്കത്തോടെ കൂടിയ ചിട്ടകൾ ആണ്. യൂണിഫോമിൽ കുറെ പേരുണ്ടാവും.
അന്ന് അവർ അവിടെ ഒരുക്കിയത് നല്ല പൂ പോലത്തെ ബസ്മതി അരിയുടെ ചോറും, കാശ്മീരികൾ വളരെ അധികം ശ്രദ്ധയോടെ അതീവ ജാഗ്രതയോടെ പാകം ചെയ്യുന്ന ഇരുണ്ട നിറത്തിലെ ചാറുള്ള ഇറച്ചി കറിയും പേര് Roghan Ghosht, പിന്നെ പച്ച നിറത്തിലുള്ളപുതിന അരച്ച ഇറച്ചി കറി, തൈരിൽ എന്തൊക്കെയോ നിറങ്ങളും, ഇലകളും ഉള്ള ഒരു കൂട്ടം, ഞാൻ അതുവരെ കണ്ടിട്ടില്ലാത്ത ചപ്പാത്തി പോലെ ഉള്ള ചൂട് ചൂട് റോട്ടികൾ, അവരങ്ങനെ ആണ് പറയുക, അമേരിക്കൻ മാവാണ്, അതിൽ നിറയെ എള്ള് ഇട്ടിട്ടുണ്ട് , അത് പാത്രത്തിൽ വെക്കുന്നതും കുറെ വെണ്ണയും പുരട്ടും.
കുങ്കുമപ്പൂ ഇത്രയധികം ഉപയോഗിക്കുന്നത് ആദ്യമായി കണ്ടറിഞ്ഞത് അവിടെ വെച്ചാണ്. കൊതിയൂറുന്ന മണമുള്ള ചോറിന്റെ മുകളിൽ പൂക്കളുടെ ഉള്ളിലെ പരാഗമിരിക്കുന്ന നൂല് പോലെ ഉള്ള ഭാഗമുണ്ടല്ലോ അതുപോലെയുള്ള നീണ്ട നാരുകൾ വിതറിയിരിക്കുന്നു, ഞാനതു വിരല് കൊണ്ട് നുള്ളി എടുത്തു അപ്പോൾ ആതിഥേയ പറഞ്ഞു അത് കുങ്കുമപ്പൂ ആണെന്ന്. എന്റെ ‘അമ്മ രണ്ടോ മൂന്നോ പൊടിപോലത്തെ നാരെടുത്തു പാലിൽ ചാലിച്ചു ചില വിശേഷപ്പെട്ട ആൾക്കാർക്കു ബിരിയാണി ഉണ്ടാക്കുമ്പോൾ കലക്കി ഒഴിക്കുന്നത് കണ്ടിട്ടുണ്ട്, ഇങ്ങനെ ചോറിന്റെ മുകളിൽ കുറെയധികം വിതറിയിട്ടിരിക്കുന്നതു ആദ്യമായി കാണുകയായിരുന്നു ഞാൻ. ഇറച്ചി എന്റെ പ്രിയപ്പെട്ട വിഭവമേ അല്ല, എന്നിരുന്നാലും ആടിന്റെ വാരിയെല്ലിന്റെ ഭാഗം, അധികം മാംസമില്ലാതെ ഇരുന്ന ഒരു കഷ്ണം ഞാൻ എടുത്തു എനിക്ക് ഏറ്റവും ഇഷ്ടമുള്ള ചോറിന്റെ കൂടെ തൈരും കൂട്ടി കഴിച്ചു, അത്ര രുചിയോടെയുള്ള ബസ്മതി ചോറ് പിന്നെ എവിടെയെങ്കിലും കഴിച്ചതായി ഓർമയില്ല.
ഭംഗിയായി ഒരുക്കിയ പലഹാരങ്ങൾ കൊണ്ട് വന്നു അതിലും കുങ്കുമപ്പൂ, പിന്നെ ഒരു പ്രത്യേക തരം ചായയും, സോഡാ പൊടി ഇട്ട ചായ, മധുരപലഹാരങ്ങളും, ചായയും, കാപ്പിയും, കഴിക്കാത്ത ഞാൻ അതെല്ലാം നോക്കി കണ്ടിരുന്നു. അമ്മാച്ചന്മാർ വരുമ്പോഴെല്ലാം കൊണ്ടുവരാറുള്ള Walnut മാത്രം ഞാനെടുത്തു കടിച്ചു പൊട്ടിച്ചു അകത്തെ പരിപ്പെടുത്തു കഴിച്ചു. അത് കണ്ടപ്പോൾ അവർക്കു മനസ്സിലായി അത് ഞാൻ നേരത്തെ കഴിച്ചിട്ടുണ്ടെന്നു. പല്ലുകൾ പാക്കുവെട്ടിപോലെ ഉപയോഗിച്ച് വേണം Walnut പൊട്ടിക്കാൻ അതൊരു മിടുക്ക് അല്ല, knack ആണ്.
ഏറ്റവും പുതുമയുള്ള അനുഭവം അവരുടെ മുൻവശത്തെ ആപ്പിൾ മരത്തിൽ നിന്ന് ആപ്പിൾ പൊട്ടിച്ചു എടുത്തതായിരുന്നു. എന്റെ ആദ്യത്തെ അനുഭവം. ഒരു ചെറുനാരങ്ങയെ ക്കാൾ ഇച്ചിരിയും കൂടി വലുപ്പമുള്ള ആപ്പിൾ. കൈയെത്തി പൊട്ടിച്ചതും വിരലുകൾക്കിടയിലൂടെ സത്ത് കൈമുട്ടിന്റെ ഭാഗത്തേക്ക് ഒലിച്ചിറങ്ങാൻ തുടങ്ങി. എന്റെ ഉടുപ്പിന്റെ സ്ലീവ് നനഞ്ഞു. അതിശയം കൊണ്ട് മൂക്കത്തു വിരൽ വെച്ച് പോയി. കാരണം നാട്ടിൽ അസുഖമുള്ളവരെ കാണാൻ പോകുമ്പോഴാണ് ആപ്പിൾ, ഓറഞ്ച് പൊതികൾ വാങ്ങാറ്.
പാട് വീണ ചുക്കി ചുളിഞ്ഞ ആപ്പിൾ. സത്യമായിട്ടും ഞാൻ ഒരിക്കൽ പോലും ഒരു പൂളെടുത്തു വായിൽ വെയ്ക്കാൻ മുതിരാത്ത സാധനം. പക്ഷെ കശ്മീരിലെ മരത്തിൽ നിന്ന് പറിച്ച ആപ്പിൾ ഞാൻ ഒന്നല്ല അഞ്ചാറെണ്ണം തിന്നു, മാത്രമല്ല കൂട്ടുകാർക്കു കൊടുക്കാൻ കുറച്ചു കൈയ്യിൽ എടുക്കുകയും ചെയ്തു.
ഭക്ഷണം കഴിച്ചിട്ട് ഞങ്ങൾ നേരെ രാജ സിൽക്ക് ഫാക്ടറിയുടെ ഷോ റൂമിൽ പോയി. ‘അമ്മ ഒരു കാര്യം പ്രത്യേകം പറഞ്ഞിരുന്നു, സാരിക്ക്തീരെ കട്ടി പാടില്ല, പിന്നെ മടക്കിയാലും ചുരുട്ടിയാലും ചുളിവ് വീഴാൻ പാടില്ല, പ്രധാനമായി കാണുന്ന നിറം, വെള്ള അല്ലെങ്കിൽ നമ്മുടെ കവണി സാരിയുടെ നിറം ആയിരിക്കണം അതിൽ കുഞ്ഞു കുഞ്ഞു പൂക്കൾ അല്ലെങ്കിൽ മാങ്ങയുടെ പോലെ തോന്നിക്കുന്ന ചിത്രങ്ങൾ, ഇഷ്ടപെട്ട നിറങ്ങൾ മയില്പീലിയുടെ നീല, കരിഞ്ചുവപ്പു, അല്ലെങ്കിൽ മരതക പച്ച, അധികം കറുപ്പ് പാടില്ല, നല്ല ഇനം സാരി ആവണം.
കായംകുളത്തെ വലിയമ്മച്ചിയ്ക്കു ചട്ടയുടെയും മുണ്ടിന്റെയും കൂടെ ഇടാൻ പറ്റിയ നേര്യതു പോലെ നല്ല ഷാളും വാങ്ങാൻ തീരുമാനിച്ചിരുന്നു, അപ്പോൾ പിന്നെ കുന്നുംകുളത്തെ വലിയമ്മച്ചിയ്ക്കും അത് തന്നെ വാങ്ങാം എന്ന് മനസ്സിൽ കണ്ടു. രണ്ടിടത്തെ വലിയപ്പച്ചന്മാർക്കും അത് തന്നെ വാങ്ങുന്നതാണ് യുക്തി എന്ന് തീരുമാനിച്ചു, അത്രയ്ക്ക് നല്ല സാധനങ്ങൾ ആയിരുന്നു അവിടെ, വളരെ മെച്ചപ്പെട്ടതെന്നു മാത്രമല്ല ഓഫീസറിന്റെ പരിചയക്കാരായതിനാൽ വിലയിലും പ്രത്യേക പരിഗണന കിട്ടി
അവിടെ തണുപ്പ് സമയത്തു ഉപയോഗിക്കാവുന്ന മങ്കി ക്യാപ്, കൈ ഉറ, മുൻവശം തുറന്ന സ്വെയ്റ്റർ, ഇറക്കമുള്ളതും മുട്ടിന്റെ മുകളിലായി നിൽക്കുന്ന കോട്ടുകളും കണ്ടു, എന്തെല്ലാം തരത്തിലെ കമ്പിളിത്തുണിത്തരങ്ങൾ. ഓഫീസറിന്റെ ഭാര്യ എനിക്കൊരു മങ്കി ക്യാപ്പും, കൈ ഉറയും, കമ്പിളിയുടെ സോക്സും ഒരു സ്വെയറ്ററും സമ്മാനമായി വാങ്ങി തന്നു. ‘അമ്മ പറഞ്ഞ പോലെ തന്നെ രണ്ടു സാരി വാങ്ങി. ചെറിയ ചെറിയ പൂക്കളും വള്ളികളുമുള്ള സാരി. അതുകൂടാതെ വെള്ള നിറത്തിലെ മർദവമേറിയ പട്ടു തുണിയിൽ ഇരുണ്ടനിരത്തിലെ നൂല് കൊണ്ട് മനോഹരമായ പടങ്ങൾ തുന്നിയ shawl-കൾ. 5 എണ്ണം . ഒന്നെന്റെ അപ്പക്കും .
അതിനു ശേഷം അവർ എന്നെ തിരികെ ഹോട്ടലിൽ കൂട്ടുകാരുടെ അടുത്താക്കി. വിചാരിച്ച പോലെ അല്ല , തിരികെ വന്നപ്പോൾ നല്ല തണുപ്പായിരുന്നു. കൈയ്യിലുള്ള കമ്പിളി ഉടുപ്പൊക്കെ ഇട്ടു, മങ്കി ക്യാപ് ജീവിതത്തിൽ ആദ്യമായിഉപയോഗിച്ചത് ഇവിടെ വെച്ചാണ് . വെള്ളത്തിന്റെ കരയിലായതുകൊണ്ടു തണുത്ത കാറ്റും വീശുന്നുണ്ടായിരുന്നു. ഞാൻ റിസെപ്ഷനിലുള്ള തൊപ്പിക്കാരനോട് എന്റെ കൂടെയുള്ളവരുടെ മുറി ചോദിച്ചു. അദ്ദേഹം അടു ത്തു നിന്ന പയ്യനോട് ഹിന്ദിയിൽ കോളേജിലെ കുട്ടികളുടെ മുറി കാണിച്ചു തരാൻ പറഞ്ഞു കൂടെ വിട്ടു.
മുൻപിലുള്ള സ്വീകരണ മുറി പോലത്തെ ഓഫീസ്മുറിയുടെ പുറകിലോട്ടുള്ള കതകു കടന്നുചെന്നാൽ കെട്ടിടത്തിന്റെ ഒരു വശത്തൂടെ മുകളിലേക്കുള്ള പടിയാണ് മറ്റേ വശത്തു Dal തടാകം, തടാകത്തിന്റെ തീരത്താണീ ഹോട്ടൽ, ഇത് മാത്രമല്ല വരി വരിയായി കുറെഏറെ ഹോട്ടലുകൾ, പടി കയറി മുകളിലേക്ക് പോയപ്പോൾ, നല്ല തണുപ്പനുഭവപ്പെട്ടു, സമയം അത്ര ആയിട്ടില്ല എങ്കിലും ചുറ്റുപാടും നല്ല ഇരുണ്ടിരുന്നു. തടിയുടെ പടികൾ, മുകളിൽ എത്തിയതും ഇടുങ്ങിയ ഇടനാഴി മൊത്തം തടി പണി ആണ്, ഒരു മുറിയുടെ വാതിൽക്കൽ എത്തി, ഞാൻ കതകിൽ തട്ടി, കതകു തുറന്നപ്പോൾ അകത്തു മൂലയ്ക്ക് തീ കത്തുന്നു, വിറകു കത്തിച്ച അടുപ്പു കൂട്ടിയ പോലെ. എന്റെ വാ പൊളിഞ്ഞു വന്നത് കണ്ടിട്ട് വിജശ്രീ പറഞ്ഞു Beena ഇത് നമ്മൾ കത്തിച്ചതല്ല ഹോട്ടലിലെ, ങ്ങാ ദേ ഈ പയ്യൻ നേരത്തെ വന്നു കത്തിച്ചു തന്നതാണ്, തണുപ്പ് മാറ്റാൻ. ഞാൻ തിരിഞ്ഞു നിന്ന് പയ്യനോട് ചോദിക്കാനും ഒരു വലിയ അലർച്ച കേട്ടു, അലർച്ച വലിയ വെപ്രാളത്തിലായിരുന്നെങ്കിലും മലയാളത്തിലൊരു, അയ്യോ ന്ന് അലർച്ച യുടെ അറ്റത്തു വാല് പോലെ കേട്ടു
ഞാൻ നോക്കിയപ്പോൾ നല്ല ഇരുട്ട് ആരൊക്കെയോ തൊട്ടടുത്തുള്ള മുറികളുടെ വശത്തുള്ള പടിയിലൂടെ താഴോട്ടോടുന്നു. അപ്പോൾ ഞങ്ങളുടെ ക്ലാസ്സിലെ വേദാനന്ദ് , അതായതു ഞങ്ങളുടെ സ്വന്തം മാസ്സ് കട്ട് വിളിച്ചു കൂവി; വേണൂ ഏതു പറ്റി. വേണുവിൻറെ മറുപടി അശരീരി പോലെ കേട്ടു, അളിയാ അളിയാ ഓടി വാ നമ്മുടെ……
ഈ യാത്ര തുടരുന്നതായിരിക്കും
Leave A Comment