കോട്ടയം വിട്ടതും വീണ്ടും ഞാൻ ജനാലയുടെ അടുത്ത് തന്നെ സ്ഥാനം പിടിച്ചു, കേരളം വിട്ടാൽ പിന്നെ നേരം ഇരുട്ടും അപ്പോൾ പിന്നെ പച്ചപ്പുള്ള കാഴ്ചകൾ കാണാൻ തരപ്പെടില്ല, ജനാലയുടെ പുറത്തേക്കു നോക്കിയാൽ മരതക പച്ചയാണ്, നിറയെ തെങ്ങും, റബ്ബറും, കാച്ചിലും, ചേമ്പും, കപ്പയും, അച്ചിങ്ങ പയറും, പടവലവും, വാഴയും, നെല്ലുമൊക്കെ കൃഷിയിറക്കിയത് കാണാം, കുടിലും, മട്ടുപ്പാവുള്ള വീടും, പട്ടിയും, പൂച്ചയും, ആടും, കോഴിയും, താറാവും, എരുമയും, പശുവുമൊക്കെ സ്വര്യമായി വിഹരിക്കുന്നു കാണാം. ചിലയിടങ്ങളിൽ ഒറ്റ മുണ്ടുമുടുത്തു വയലിൽ കാളയെ പൂട്ടുന്ന പ്രായമുള്ളവരെ കാണുമ്പോൾ കൈ വീശി കാണിക്കും, അവരും തിരികെ കൈ വീശും. പലപ്പോഴും പാളത്തിന്റെ സമാന്തരമായി പോകുന്ന റോഡുകളിൽ സൈക്കിൾ ചവുട്ടി പോകുന്നവർ, ട്രെയിൻ പോകുമ്പോൾ സൈക്കിൾ നിർത്തിയിട്ടു, ഇറങ്ങാതെ, ഒരു കാലു തറയിൽ കുത്തി, മറ്റേ കാൽ പെടലിൽ തന്നെ ചവുട്ടി നിന്ന് നോക്കാറുണ്ട്, വളരെ ചെറുപ്പത്തിൽ തന്നെ അപ്പയുടെ റാലി സൈക്കിൾ ചവുട്ടി നടന്ന ഞാൻ ഒത്തിരി കൊതിച്ചൊരു കാര്യമാണിങ്ങനെ സ്റ്റൈലിൽ സൈക്കിളിൽ തന്നെ ഇരുന്നു കൊണ്ട് കാലു താഴെ കുത്താൻ, ഇന്നും എനിക്കെത്തില്ല. അരവണ്ടി അല്ലെങ്കിൽ BSA വണ്ടി ആണെങ്കിൽ അതും സീറ്റ് നല്ലവണ്ണം താഴ്ത്തി വെച്ചാൽ കാലു താഴെ തൊടാം.
അല്ലെങ്കിൽ സീറ്റിൽ നിന്നിറങ്ങി മെഷീൻ ബാറിന്റെ മുകളിൽ ഇരുന്നാലേ കാലു താഴെ തൊടാൻ പറ്റൂ. എനിക്കൊത്തിരി ഒത്തിരി ഇഷ്ടമുള്ള എന്റെ മയിൽവാഹനം സൈക്കിൾ. സൈക്കിൾ ചവുട്ടി പോകുന്നവരെ കാണുമ്പോൾ എന്റെ ഉത്സാഹം വർദ്ധിക്കുക മാത്രമല്ല, കൈ വീശുന്ന വേഗതയും കൂടാറുണ്ട്. പിന്നെ സ്കൂൾ വിട്ടു വരുന്ന കുട്ടികൾ, ജോലി കഴിഞ്ഞു വരുന്നവർ, റോഡരുകിലെ ചായക്കടയുടെ മുന്നിലെ ബെഞ്ചിലിരുന്നു കട്ടനും കുടിച്ചു ബീഡിയും വലിച്ചിരിക്കുന്നവർ, ഇങ്ങനെ പല പ്രായത്തിലും പല ജോലിയിലേർപ്പെട്ടിരിക്കുന്നവരും ഓടുന്ന ട്രെയിനിൽ നോക്കിയിരിക്കും, ഇന്നാരെന്നില്ലാതെ എല്ലാവരെയും ഇടയ്ക്കിടെ കൈ വീശി കാണിക്കുമ്പോൾ ആരൊക്കെയോ നമ്മളെ യാത്ര അയക്കുന്നു എന്നൊരു തോന്നൽ ഉണ്ടാവും.
നമ്മുടെ നാടിന്റെ വലിയൊരു പ്രത്യേകതയാണ് മതിലുകളും വേലികളും, ഭൂമി മലയാളം മുഴുവൻ എല്ലാവരും വീതിച്ചു മതില് കെട്ടി തിരിച്ചു ബന്ധവസ്സാക്കും. പുറം രാജ്യങ്ങളിൽ വളരെ വിരളമായേ ഈ കാഴ്ച കാണാൻ പറ്റൂ. മിക്ക ഇടത്തും അതിരുമില്ല, വരമ്പുമില്ല, മതിലുമില്ല., ആരും അതിരു മാന്താനും വരില്ല. വഴിയോര കാഴ്ചകളുടെ ഭാഗമായി മതിലിന്റെ പുറമെല്ലാം ഓരോരോ രാഷ്ട്രീയ പാർട്ടിക്കാർ പതിച്ചെടുത്തിരിക്കുന്നതും, ചുവരെഴുത്തുകളും, കൊടിതോരണങ്ങളും കാണാം , കാഴ്ചകളുടെ തീരാത്ത വിസ്മയം.
അങ്ങനെ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നപ്പോൾ ആൺകുട്ടികൾ പതുക്കെ ചീട്ടു കളിക്കുള്ള ചട്ടവട്ടങ്ങൾ ഒരുക്കാൻ തുടങ്ങി.
എറണാകുളം, എത്തുമ്പോഴേക്കും എന്നെ കാണാൻ എന്റെ അമ്മയുടെ രണ്ടു ആങ്ങളമാരും വരുമെന്നെനിക്കറിയാമായിരുന്നു. എന്റെ മൂത്ത അമ്മാച്ചനായ പാപ്പച്ചാച്ചൻ ഞാൻ എറണാകുളം St. Teresas-ൽ പഠിക്കുന്ന കാലത്തു എനിക്ക് സ്ഥിരമായി പൊന്നമ്മാമ്മ ഉണ്ടാക്കുന്ന ഉഗ്രൻ കൊഞ്ചു അച്ചാറും, ചമ്മന്തിപൊടിയും കൊണ്ട് തരുമായിരുന്നു. ഇന്നും തുടരുന്നു. പക്ഷെ ഇന്നിപ്പോൾ വരുന്നത് മറ്റു ചില ഭക്ഷണ പദാര്ഥങ്ങളുമായിട്ടാണ്. ട്രങ്ക് കാൾ വിളിച്ചു ഒരാഴ്ചക്ക് മുന്നേ അറിയിച്ചതാണ് എന്റെ യാത്രയെ പറ്റി. 3 മിനിറ്റ് നേരം സംസാരിച്ചു, അത്യാവശ്യമുള്ള കാര്യങ്ങൾ പറഞ്ഞു, നീല നിറത്തിലെ ഇൻലണ്ടിൽ വിസ്തരിച്ചു കത്തുമെഴുതി അറിയിച്ചു. മൊബൈൽ ഫോണില്ലാത്ത കാലം, പക്ഷെ കാര്യങ്ങളൊന്നും നടക്കാതെ ഇരുന്നിട്ടില്ല, എഴുത്തുകൾ എഴുതിയിരുന്ന കാലം, Trunk, Lightning, STD, ISD തുടങ്ങിയ കോളുകളുടെ കാലം. ഞങ്ങളുടെ യാത്ര കഴിഞ്ഞു പതിനഞ്ചു വര്ഷങ്ങള്ക്കു ശേഷമാണ് 1996- ൽ വിശ്വവിഖ്യാതമായ ചെമ്മീൻ എഴുതിയ ആദരണീയനായ ശ്രീ തകഴി ശിവശങ്കര പിള്ളയുടെ ആദ്യത്തെ മൊബൈൽ സംഭാഷണം, Escotel- ന്റെ ഉദ്യോസ്ഥനുമായി
പാപ്പച്ചാച്ചനോട് കുറച്ചു പേർക്കെങ്കിലും രാത്രിയിൽ കഴിക്കാനായി ഭക്ഷണം ആവശ്യപ്പെട്ടിരുന്നു., ചുറ്റും ഞൊറിവുള്ള പാലപ്പം അഥവാ ലേസ് അപ്പം, സാധാരണയായി ഞായറാഴ്ച ദിവസം പള്ളിയിൽ നിന്ന് വരുമ്പോഴുള്ള പലഹാരം, എല്ലാവരും വീട്ടിൽ തന്നെ ഉണ്ടാവും, പള്ളിയിൽ പോകുന്നതിനു മുന്നേ ‘അമ്മ മാവ് കലക്കി വെയ്ക്കും, വരുമ്പോൾ ഇച്ചിരി തേങ്ങാപ്പാലും കൂടി ചേർത്ത് ചുടും, കള്ളൊഴിച്ചാണ് എന്റെ വീട്ടിൽ തലേന്ന് രാത്രി മാവ് കുഴക്കാറ്, ലേശം പഞ്ചസാര ഇടും മാവിൽ അപ്പോൾ ഞൊറിവെല്ലാം നല്ലവണ്ണം മൊരിഞ്ഞു, തൊട്ടാൽ പൊട്ടുന്ന പോലെ, അടിയിൽ ഒരു സ്വർണ്ണനിറമുണ്ടാവും, പഞ്ചസാരയുടെ അളവ് കൂട്ടിയാൽ കറിയില്ലാതെ കഴിക്കാം. പലപ്പോഴും പ്ലേറ്റിലൊന്നും വെയ്ക്കാതെ അപ്പച്ചട്ടിയുടെ അടപ്പു തുറന്നു ചൂടോടെ കൈയ്യിൽ പിടിച്ചു ആദ്യത്തെ ഒന്ന് രണ്ടെണ്ണം കഴിക്കും ചൂടപ്പം അങ്ങനെ കഴിക്കുന്നതിന്റെ രുചി , ഒന്ന് വേറെയാണ്.
പൊതിഞ്ഞു കൊണ്ടുവരുമ്പോൾ ഞൊറിവു പൊടിയുന്ന പോലെ അല്ല ഇരിക്കുക, വളരെ ലോലമായി തളർന്നിരിക്കും, തമ്മിൽ ഒട്ടാത്ത അപ്പം, ഒട്ടാതിരിക്കാൻ, ഓരോ അപ്പവും ചുട്ടെടുക്കുമ്പോൾ മാറ്റി മാറ്റി വെക്കണം പണ്ടൊക്കെ വീട്ടിൽ അതിനായി തന്നെ ഒരു വലിയ മുറം ഉണ്ടായിരുന്നു, ചൂടപ്പം അട്ടി അടുക്കരുത്, ആറി കഴിയുമ്പോൾ മാത്രമേ ഒന്നിന്റെ പുറത്തായി മറ്റൊന്ന് വെക്കാവൂ.
കുട്ടി കുട്ടി കാര്യങ്ങൾ ശ്രദ്ധിക്കാൻ പഠിപ്പിച്ചവർ പഠിച്ച, പദാര്ത്ഥങ്ങളെ പറ്റിയുള്ള വിജ്ഞാനമാണിതെല്ലാം, ഫിസിക്സ്. പലപ്പോഴും നമ്മൾ ചോദിക്കാറുണ്ട് ഈ ഫിസിക്സ് എന്തിനാണ് പഠിക്കുന്നതെന്നു, ആകാശം എന്താണ് നീലിച്ചിരിക്കുന്നതു എന്ന ചോദ്യത്തിന് പോലും മറുപടി പറയുക ഫിസിക്സിലൂടെയാണ്. പക്ഷെ എന്തുകൊണ്ടോ പഠിക്കുമ്പോൾ, നമ്മൾക്ക് ചുറ്റുമുള്ള, നമ്മുടെ ദൈനംദിന ജീവിതത്തിലെ പലതിനെപറ്റിയും നേരാം വണ്ണം മനസ്സിലാക്കാതെ, എന്തൊക്കെയോ കാണാതെ പഠിച്ചു നമ്മൾ പരീക്ഷകൾ പാസ്സാകുന്നു.
ഭാഗ്യം ഇപ്പോൾ വിവരങ്ങൾ എല്ലാവരുടെയും വിരൽത്തുമ്പിലാണ്, Internet ഉപയോഗിച്ച് വിവരങ്ങൾ അറിയാൻ തീരെ ബുദ്ധിമുട്ടില്ല, എന്നിരുന്നാലും സ്വയം ചികില്സിക്കരുതെന്നു മാത്രമേ എനിക്കോർമ്മിപ്പിക്കാനുള്ളു.
പിൽക്കാലത്തു ഞാൻ ഇന്ത്യക്കു വെളിയിൽ പോയപ്പോൾ ചെയ്തത് പോലെ, നിങ്ങൾക്കും ഇന്ന് തന്നെ അപ്പം ഉണ്ടാക്കി ആസ്വദിക്കാം.
ഒരു കപ്പ് അരിപൊടിക്കു, അര കപ്പു ജലാംശം നീക്കിയ തേങ്ങാപ്പീര, Desiccated Coconut അതിന്റെ കൂടെ ഡ്രൈ യീസ്റ്റ് ഒരു ടീസ്പൂൺ, മിക്സിയുടെ ജാറിൽ ഇട്ടു നല്ലവണ്ണം അടിക്കുക, എന്നിട്ടു ഈ ഉണങ്ങിയ കൂട്ട് ഒരു വലിയ കുഴിഞ്ഞ ചരുവത്തിൽ ഇട്ടിട്ടു വെള്ളം ഒഴിച്ച് കൈ കൊണ്ട് ഇളക്കുക, വെള്ളം ഇളം ചൂടായാൽ കുഴപ്പമില്ല, അധികം അയക്കേണ്ട, തണുപ്പില്ലാത്ത ഒരിടത്തു വെക്കുക, 3 മണിക്കൂറിൽ മാവ് പൊങ്ങും, അപ്പോൾ വെള്ളമൊഴിച്ചു അപ്പത്തിന്റെ പരുവത്തിൽ അയവോടെ കലക്കി, ലേശം ഉപ്പും പഞ്ചസാര ആവശ്യത്തിനിട്ടു, ചൂടായ അപ്പ ചട്ടിയിൽ ഒരു തവി കോരിയൊഴിച്ചു ചുറ്റിച്ചെടുത്തിട്ടു അടച്ചു വെച്ച് അപ്പം ഉണ്ടാക്കാം. Zambia- യിൽ ചെന്നപ്പോൾ ഞാനിങ്ങനെ ആണ് അപ്പം ഉണ്ടാക്കിയത്. അവിടെ കള്ളുമില്ല, പച്ച തേങ്ങയുമില്ല. പാക്കറ്റിൽ Desiccated Coconut കിട്ടും. അരിപൊടി നാട്ടിൽ നിന്ന് കൊണ്ടുവന്നതുണ്ടാവും.
അപ്പത്തിന്റെ കൂടെ കഴിക്കാൻ കോഴി റോസ്റ്റുണ്ടായിരുന്നു, പിരണ്ടിരിക്കുന്ന കോഴി റോസ്റ്റ്, സാധാരണ വീട്ടിലൊക്കെ നമ്മൾ സ്റ്റ്യൂ ആണുണ്ടാക്കാറ്; ട്രെയിനിൽ, പൊതി തുറന്നു അപ്പം മുറിച്ചെടുത്തു, കൂട്ടാനിൽ ഒന്ന് തോണ്ടി, കക്ഷണം പിച്ചിയും പറിച്ചും എടുത്തു കഴിക്കാനേ പറ്റൂ, ചോറ് പോലെ ഉരുള ഉരുട്ടാൻ പറ്റില്ല. അപ്പോൾ പിന്നെ പിരണ്ടിരിക്കുന്ന റോസ്റ്റ് ആണ് നല്ലതു.
എല്ലും തൊലിയും മാത്രമുള്ള നാടൻ കോഴിയുടെ, കഴുത്തും, കറുമുറാ എന്നുള്ള വയറും മാത്രമാണ് ഞാൻ പണ്ട് കഴിക്കാറ് എനിക്ക് പണ്ടേ തുണ്ടം തുണ്ടമായുള്ള മാംസം വലിയ പിടിത്തമില്ല. മീനാണ് പ്രിയം അതും ചാള. വീടുകളിൽ മാത്രമേ ഇപ്പോൾ ശോഷിച്ച കോഴി കാണൂ, പുറം രാജ്യത്തൊക്കെ കിട്ടുന്ന നപോളിയൻറെ കാലത്തെ കോഴി, ലോക മഹായുദ്ധ സമയത്തു ഏതെങ്കിലും ഐസ്പെട്ടിയിൽ കയറി എവിടുന്നോ യാത്ര പുറപ്പെട്ട കോഴി, ഒരു കോഴി വലിയ കക്ഷണമാക്കി മുറിച്ചാൽ 8 കഷണമാണ് കിട്ടുക. അത് വീണ്ടും ചെറുതാക്കാം, വാങ്ങുമ്പോൾ 1 കിലോ യുടെ കോഴി വാങ്ങുന്നതാണ് നല്ലതു. ഞാനിപ്പോൾ ഉണ്ടാക്കിയാൽ എങ്ങനെ എന്ന് പറയാം. പ്രഷർ കുക്കറിൽ, ചെറിയ സവാള 3 എണ്ണം ഘനംകുറഞ്ഞു അരിഞ്ഞത് ലേശം എണ്ണയിൽ വഴറ്റണം.
ഇഞ്ചി തള്ളവിരലിന്റെ വലുപ്പത്തിൽ , വെളുത്തുള്ളി ഒരു കൊടം , പുതിനയില ഒരു കൈപിടി , ഇതെല്ലം ഒന്ന് ചതച്ചിട്ട് വഴറ്റാം.
ഒരു പരന്ന താച്ചിയിൽ എണ്ണയൊന്നുമില്ലാതെ, ആദ്യം ഇച്ചിരി പട്ട, ഒരു ചെറിയ കഷ്ണം, ഗ്രാമ്പൂ 6 , ഏലക്ക 2, കുരുമുളക് 2 Table Spoon, കറുത്ത ജീരകം ഒരു നല്ലൊരു നുള്ളു ഇതെല്ലാം ഒന്നനത്തണം, മുളകുപൊടി 1 Table spoon, മഞ്ഞൾപൊടി ലേശം അടുപ്പണച്ചതിനു ശേഷം താച്ചിയിൽ ഇടണം, ഇളക്കുകയും വേണം അല്ലെങ്കിൽ കരിഞ്ഞു കുളമാകും. ഇതെല്ലാം ചതച്ചത്, അല്ലെങ്കിൽ മിക്സിയുടെ ചെറിയ ജാറിൽ ഒന്നരച്ചു സവാളയുടെ കൂടെ വഴറ്റണം അതും കഷ്ടി ഒരു മിനിറ്റ്. ഇറച്ചി ഒരു തവണയെ കഴുകാവൂ, ചോരമയമെല്ലാം കഴുകി വെളുപ്പിക്കാത്ത ഇറച്ചി, അതിട്ടിളക്കി എല്ലാടവും ഒന്ന് പുരണ്ടു വരണം എന്നിട്ട് പ്രഷർ കുക്കർ അടച്ചു വെയ്റ്റുമിട്ടു 2 വിസിൽ കഴിയുമ്പോൾ തീ കെടുത്തണം. എരിവ് കൂട്ടാൻ കുരുമുളക് കൂട്ടാം, ചുമന്ന മുളക് പൊടി കൂട്ടണ്ട കാര്യമില്ല.
പ്രഷർ പോയി കഴിഞ്ഞു, ആദ്യം എടുത്ത താച്ചിയിൽ ലേശം എണ്ണ ഒഴിച്ച് ഒരു Fork കൊണ്ടു കുത്തിയിട്ടു, അല്ലെങ്കിൽ ഒരു കുടില് കൊണ്ടോ ഓരോ കഷ്ണം എടുത്തു താച്ചിയിൽ ഇട്ടിട്ടു തിരിച്ചും മറിച്ചുമിട്ടു ഒന്ന് മൂപ്പിക്കണം. തവി കൊണ്ട് കോരി ഇട്ടാൽ ചാറും ഉള്ളിയുമെല്ലാം വരും അത് വേണ്ട കഷ്ണം മാത്രം മതി, കൂടുതൽ ചാറെല്ലാം വന്നാൽ പൂത്തിരി കത്തുന്ന പോലെ പൊട്ടി തെറിക്കും.
മൊരിഞ്ഞ കഷ്ണങ്ങൾ വീണ്ടും പ്രഷർ കുക്കറിലെ ചാറിൽ ഇടണം , എന്നിട്ടു ചെറിയ തീയിൽ കിടന്നു തുറന്നു വെച്ച് വേവിക്കണം ചാറെല്ലാം പറ്റി കുഴഞ്ഞു ഇറച്ചിയുടെ നാലുപാടും പുരണ്ടിങ്ങനെ കറുത്ത നിറത്തിൽ ഇരിക്കും, അപ്പം മുക്കിതിന്നാനുള്ള അരപ്പുണ്ട്, നാരങ്ങാ അച്ചാറ്തൊട്ടു നാക്കിന്റെ അറ്റത്തു കഞ്ഞി കുടിക്കുമ്പോൾ വെക്കുന്ന പോലെ ഇച്ചിരി മതി, അപ്പമോ, പുട്ടോ, ചോറോ, ചപ്പാത്തിയോ, ഫ്രൈഡ് റൈസോ, എന്തിന്റെ കൂടെ വേണമെങ്കിലുംഉപയോഗിക്കാം. ശരിക്കും നല്ല രുചിയാണ് കേട്ടോ.
പ്രഷർ കുക്കർ വേണ്ട എങ്കിൽ സാധാരണ പാത്രത്തിൽ വേവിക്കാം ഇറച്ചി പകുതി വേകുമ്പോൾ, താച്ചിയിലിട്ടു മൂപ്പിക്കാം, പിന്നെ ഉരുളക്കിഴങ്ങു പുഴുങ്ങിയത് നീളത്തിൽ ചീളുപോലെ വെഡ്ജ്സ് ആയി അരിഞ്ഞിട്ടു ഇറച്ചിമൂപ്പിച്ച താച്ചിയിൽ മൂപ്പിച്ചിട്ടു കറിയിൽ ഇടാം പക്ഷെ കുത്തി ഇളക്കി പൊടിക്കരുത്.
വിളമ്പുമ്പോൾ പാത്രത്തിന്റെ മുകളിൽ ഭംഗിയായി പെറുക്കി വെക്കണം.
കുട്ടികൾക്കും വലിയവർക്കും ഇഷ്ടമുള്ള സാധനമാണ് ഉരുളക്കിഴങ്ങു.
ഇതെത്ര ദിവസം വേണമെങ്കിലും ഇരിക്കും തവി കൊണ്ട് കിണ്ടികിളച്ചിളക്കരുത്, കൂടുതൽ കറി ഉണ്ടാക്കുമ്പോൾ ആദ്യമേ തന്നെ ആവശ്യാനുസരണം പകർത്തി വേറെ വേറെ വെക്കണം. ഇരിക്കുന്തോറും രുചി കൂടാറുണ്ട്, ഉപ്പും എരിയും പുളിയുമൊക്കെ പിടിച്ചിട്ടു.
ട്രെയിൻ അപ്പോഴേക്കും മുളന്തുരുത്തി കഴിഞ്ഞു, എനിക്കാണേൽ എന്റെ രണ്ടു അമ്മാച്ചന്മാരെയും കാണാനുള്ള ആവേശമായി, എറണാകുളം എത്താനിനി നിമിഷങ്ങൾ മാത്രം.
യാത്ര തുടരുന്നതായിരിക്കും
Leave A Comment