കുഞ്ഞുന്നാൾ മുതൽ എനിക്ക് ട്രെയിനുകളോട് തീരാത്ത അഭിനിവേശമാണ്
വളരെ വേഗതയിൽ പോകുന്ന KK എക്സ്പ്രസ്സ്, പത്തുമൂവായിരം കിലോമീറ്റര് ദൂരം, 2 രാത്രിയും രണ്ടു പകലും ചേർന്ന നീണ്ട ട്രെയിൻ യാത്ര ആണ്, അമ്പതു മണിക്കൂറുകളോളം, ഓടി വേണം ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിലെത്താൻ. അപ്പോൾ ഞാനെന്റെ ഹൃദയോത്തോട് ചേർന്ന് കിടക്കുന്നു ഒരു കൂട്ടം ട്രെയിൻ വിശേഷങ്ങൾ അറിയാതെ ഓർത്തുപോയി.
എല്ലാ ദിക്കിലേയ്ക്കും പോകുന്ന സമാന്തരമായ പാളങ്ങൾ, അതിന്റെ മുകളിലൂടെ സഞ്ചരിക്കുന്ന ജനാലകളും, കതകുകളുമുള്ള കമ്പാർട്മെന്റുകൾ , എന്റെ ചെറുപ്പത്തിൽ ഒരു കമ്പാർട്മെന്റിൽ നിന്ന് മറ്റൊന്നിലേക്കു നടക്കാൻ പറ്റില്ല ഇറങ്ങി കയറണം, പിൽക്കാലത്തു ട്രെയിനിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നടന്നു പോകാം, vestibule എന്ന വാക്കു ആദ്യമായി അറിയുന്നത് ട്രെയിൻ യാത്രയിലാണ് . ട്രയിനിലെ ബോഗികൾ, അല്ലെങ്കിൽ കംപാർട്മെന്റുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഇടനാഴികകളെ vestibule എന്നാണു പറയുക. വേഗത്തിൽ ഓടുന്ന തീവണ്ടിയിൽ എങ്ങും പിടിക്കാതെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഓടിയോടി നടക്കുന്നത് എനിക്കൊരു ഹരമായിരുന്നു.
എന്റെ കൈ പിടിച്ചു ആദ്യമായി കൊല്ലം സ്റ്റേഷനിലും, ട്രെയിനിലും കൊണ്ടുപോയത് എന്റെ അമ്മയുടെ ഉപ്പാപ്പനായ റെയിൽവേയ്സിലെ എല്ലാവരുടെയും പ്രിയങ്കരനായ കണ്ണാടി വര്ഗീസ് എന്ന് വിളിക്കുന്ന സാമിച്ചായൻ.
പരോപകാരത്തിനു കൈയ്യും കാലും വെച്ച ഒരു അസാധാരണ മനുഷ്യൻ, സ്നേഹിക്കാൻ മാത്രം അറിയാവുന്ന, ഏതു സങ്കീർണ പ്രശ്നവും സ്വതസിദ്ധമായ നർമത്തിൽ പൊതിഞ്ഞു രണ്ടു ഉദാഹരണത്തോടെ എല്ലാവരെയും ചിന്തിപ്പിച്ചും ഓർത്തോർത്തു ചിരിപ്പിച്ചും, എന്നാൽ ഒരിക്കൽ പോലും ആരെയും നോവിക്കാതെ കൈകാര്യം ചെയ്യുന്ന അപ്പച്ചൻ .
പള്ളികാര്യങ്ങൾ, നാട്ടുകാര്യങ്ങൾ, സ്വന്തക്കാരുടെയും അവരുടെ കൂട്ടുകാരുടെയും, ജോലിസ്ഥലത്തെ എല്ലാവരുടെയും കാര്യങ്ങൾ, എണ്ണി എണ്ണി ചെയ്യുന്ന ഒരു വലിയ മനസ്സിന്റെ ഉടമ.
ഇന്ത്യൻ റയില്വേസിൽ ജോലി ചെയ്ത എനിക്കറിയാവുന്ന നൂറുകണക്കിന് ഉദ്യോഗസ്ഥരും, അവർ ഏതു തട്ടിലുള്ളവരാണെങ്കിലും ശരി സ്വന്തമായിട്ടൊന്നും ആഗ്രഹിക്കാതെ റെയിൽവേ എന്ന സ്ഥാപനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചിരിക്കുന്നവരാണ്. അവരുടെ ജീവിതത്തിൽ റെയിൽവേ അല്ലാതെ മറ്റൊന്നുമില്ല
വേറിട്ട് നിൽക്കുന്ന ഒരുതരം ആവേശം, ഉത്സാഹം വളരെ പ്രത്യേകതയുള്ള ഒരു പാരമ്പര്യവും സംസ്കാരവുമാണ് ഞാൻ കണ്ടിട്ടുള്ള കേട്ടിട്ടുള്ള എല്ലാ റെയിൽവേ ജീവനക്കാരനും. അവരുടെ പെരുമാറ്റ രീതിയും ചട്ടങ്ങളും ഒന്ന് വേറെ തന്നെ ആയിരുന്നു. പരസ്പരം സഹായിക്കാനുള്ള മനസ്സും ഒത്തൊരുമയും റയില്വേക്കാരുടെ കുടുംബക്കാരിൽ കാണുന്ന ഒരു വലിയ പ്രത്യേകത ആണ്.
അച്ചടക്കമുള്ള, പ്രതിജ്ഞാബദ്ധരായ, ജോലിചെയ്യുന്ന സ്ഥാപനത്തിനോട് ഇത്രയധികം തീക്ഷ്ണമായ സമര്പ്പണബോധമുള്ള ഒരു കൂട്ടം ആൾക്കാരെ വേറെ കണ്ടിട്ടുള്ളത് മിലിറ്ററിയിൽ മാത്രമാണ്.
ട്രെയിൻ യാത്രകളും ട്രെയിനുകളും എന്റെ ജീവിതത്തിന്റെ ഭാഗമായതിനു കാരണം അപ്പച്ചനാണ്. അപ്പച്ചന്റെ മേൽവിലാസത്തിൽ കൊല്ലം സ്റ്റേഷനിലെ ഓരോ ജീവനക്കാരെയും എനിക്ക് അറിയാമായിരുന്നു, പെട്ടി എടുക്കുന്ന പോർട്ടർ മുതൽ സ്റ്റേഷൻ മാസ്റ്റർ വരെ,
അപ്പച്ചന്റെ കൂടെയുള്ള യാത്രയിൽ പേപ്പറും പെൻസിലും എടുത്തു ഓരോ സ്റ്റേഷന്റെ പേരെഴുതി വെക്കുന്നതും അത് പിന്നെ തിരിച്ചുള്ള യാത്രയിൽ കാണാതെ പറയുന്നതും എന്റെ ഒരു ശീലമായിരുന്നു, മിക്ക സ്ഥലങ്ങളെയും അടയാളം വെച്ച് ഓർക്കാറുമുണ്ടായിരുന്നു, ചില പ്രത്യേക പാലങ്ങൾ, കെട്ടിടങ്ങൾ ഒക്കെ സ്ഥലം നിർണയിക്കാനുള്ള അടയാളങ്ങളാണ്, ട്രെയിൻ നിർത്താത്ത സ്റ്റേഷന്റെ പേര് പറയാനുള്ള ആവേശം BGM കേൾക്കുമ്പോൾ പാട്ടു പറയുന്ന പോലെ ആണ്
കുഞ്ഞുന്നാളിൽ ട്രയിൻ യാത്രക്കു പുറപ്പെടുമ്പോൾ ഇരുണ്ട നിറമുള്ള കുപ്പായമെ ഇടീക്കാറുള്ളു, പഴയ കൽക്കരി കൊണ്ടോടുന്ന തീവണ്ടി യാത്ര കഴിഞ്ഞെത്തിയാൽ, ദേഹം മുഴുവൻ കരിയുടെ അഴുക്കുണ്ടാവും, തലമുടിയിൽ കരി, തലയിലും, ചീപ്പ് കൊണ്ട് ചീകി കുറെ കരി കളയും, പിന്നെ കിണറ്റിൽ നിന്ന് വെള്ളം കോരി ഒഴിച്ചോരു കുളിയുണ്ട്. എന്നിട്ടേ വേറെ കാര്യമുള്ളൂ.
കരിവണ്ടി എൻജിൻ തിരിക്കുന്നതെങ്ങനെ ആണെന്നുള്ള എന്റെ ചോദ്യത്തിന് ഉത്തരം പറയുന്നതിന് പകരം സ്കൂളിൽ പഠിക്കുമ്പോൾ അപ്പച്ചൻ എന്നെയും കൂട്ടി കൊച്ചിൻ ഹർബിയർ ടെർമിനസും, ഗുഡ്സ് ട്രെയിൻ മാര്ഷലിങ് യാർഡും കാണിക്കാൻ കൊണ്ട് പോയി.
അവിടെ മുഴുവൻ അപ്പച്ചന്റെ സുഹൃത്തുക്കൾ, പ്രത്യേകിച്ച് ട്രയിനിലെ ഡ്രൈവര്മാരെല്ലാം വലിയ അടുപ്പക്കാർ അവരെല്ലാം ആംഗ്ലോ ഇന്ത്യൻസ് ആയിരുന്നു, Child How are you? Child be careful eh? , എന്നുള്ള വാചകങ്ങൾ വാത്സല്യത്തോടെ പറയുന്ന സായിപ്പുമാർ. അവരെന്നെ സ്നേഹപൂർവ്വം ട്രെയിനിന്റെ എൻജിനിൽ കയറ്റി കൊച്ചിൻ പോർട്ടിലേക്കു ഒരു യാത്രക്ക് കൊണ്ടുപോയി, കപ്പലും, തീവണ്ടിയും കാറും ലോറിയുമെല്ലാം അടുത്തടുത്ത് വരിവരിയായി നിർത്തിയിരിക്കുന്ന കാഴ്ച.
കപ്പലിൽ ബ്രേക്ക് ബൾക് കാർഗോ ആയി വരുന്ന പലതരം ചരക്കുകൾ, അത് വെക്കാനുള്ള ഗോഡൗൺ, പല സ്ഥലങ്ങളിലേക്കും കയറ്റി അയക്കാനുള്ള സംവിധാനങ്ങൾ, അതിനുള്ള ലോറികൾ, ചരക്കു തീവണ്ടിയിൽ കൊണ്ടുവരാനും കൊണ്ടുപോകാനുമുള്ള ഏർപ്പാടുകൾ ഇങ്ങനെ വളരെ ചിട്ടയോടെ കാര്യങ്ങൾ നടക്കുന്ന ഒരു സങ്കേതമാണിവിടെ.
പുറംരാജ്യങ്ങളിൽ നിന്ന് ചാക്കിൽ കെട്ടി കപ്പലിന്റെ ഉള്ളിൽ സ്ഥലമുള്ളിടത്തു ഇട്ടു കൊണ്ടുവരുന്ന ഒരു ചരക്കാണ് കശുവണ്ടി. അതിങ്ങനെ കപ്പലിൽ നിന്ന് പുറത്തെടുത്തു ഗോഡൗണിന്റെ ഒരു വശത്തായി തറയിൽ കൂന കൂട്ടി വെക്കും, ചില ചാക്കുകൾ പൊട്ടിപ്പോകും, അതെല്ലാം വാരിക്കൂട്ടി പാളത്തിന്റെ സൈഡിൽ കൂട്ടി ഇട്ടിരിക്കും.
Apprentice , മലയാളത്തിൽ പറഞ്ഞാൽ ശിങ്കിടി. റയില്വേസിൽ നിന്ന് പഠിച്ച മറ്റൊരു വാക്കാണ് Apprentice. പുള്ളിക്കാരന്റെ ജോലി കൽക്കരിയിൽ ഓടുന്ന തീവണ്ടിയുടെ എൻജിൻ മുറിയിലെ ഓരോ പൈപ്പും, ഗേജും വാൽവും തുടച്ചു മിനുക്കി പൊടി ഇല്ലാതെ തിളങ്ങുന്ന പോലെ വെക്കുന്നതാണ്. ഡ്രൈവർ എന്ത് പറഞ്ഞാലും ചോദ്യമോ ഉത്തരമോ ഇല്ലാതെ ചെയ്യുന്ന ആളാണ് Apprentice.
എൻജിൻ മുറിയിൽ ലൂസ് ആയിട്ടുള്ള തൊപ്പി വെക്കാൻ പാടില്ല, മറിച്ചു ഒരു തൂവാല എടുത്തു മുൻപിൽ നിന്ന് പുറകോട്ടു മുറുക്കെ കെട്ടിയിട്ടു ഒരു കടുംകെട്ടുമിട്ടു പുറകോട്ടൊരു വാലുമായി കാറ്റത്തങ്ങനെ പറക്കുന്ന തൂവാല. തലയിൽ കരി വരാതിരിക്കാനാണ്, പിൽക്കാലത്തു പാളങ്ങൾ എന്ന സിനിമ കണ്ടപ്പോൾ, അതിലെ ഡ്രൈവറിനെയും ശിങ്കിടിയെയും കണ്ടപ്പോൾ ഞാൻ അറിയാതെ നമിച്ചു പോയി ഭരതൻ എന്ന സംവിധായകനെ.
ഇടത്തുനിന്നു കൽക്കരി കോരി വലത്തുള്ള തീഗോളത്തിലേക്കിടുന്ന കൈക്കോട്ട്, തടിയുടെ പിടിയുള്ള സ്റ്റീലിൽ തീർത്ത കൈക്കോട്ട്, അതെടുത്തു driver, ശിങ്കിടിയുടെ കൈയ്യിൽ കൊടുത്തു, പുള്ളിക്കാരൻ താഴെ കൂന കൂട്ടിയിട്ടിരിക്കുന്ന കശുവണ്ടി കോരിയെടുത്തു ഡ്രൈവറിന്റെ കൈയ്യിൽ കൊടുത്തു. അത് എൻജിൻ മുറിയിൽ കൽക്കരി കത്തുന്നതിന്റെ മുകളിലോട്ടു പിടിച്ചു, കറയുള്ള കശുവണ്ടിത്തോടെല്ലാം കത്തി, ചിലതു ഒന്നാളി കത്തി പെട്ടെന്നു തന്നെ പുറംതോട് കരിഞ്ഞു വന്നു അപ്പോൾ അത് ഒരു ഉരുളൻ കമ്പു കൊണ്ട് തല്ലി പൊട്ടിച്ചു പരിപ്പെടുത്തു എനിക്ക് തിന്നാൻ തന്നു,
എന്നിട്ടു Eat my Child , Be careful eh fresh Cashew hot എന്നും പറഞ്ഞു കൈ നിറയെ തന്നു. പണ്ട് കായംകുളത്തെ പറങ്കിമാവിൽ നിന്ന് പറിച്ച പറങ്കിപ്പഴവും, അന്ന് ചിരട്ട കൊണ്ട് തല്ലി തിന്ന പറങ്കിയണ്ടിയുടെ രുചിയും ഇന്നും നാവിൻ തുമ്പത്തുണ്ട്; അതിനു ശേഷം ചൂട് കശുവണ്ടി സ്നേഹപൂർവ്വം കിട്ടിയത് കരിവണ്ടിയുടെ എൻജിന്റെ ഉള്ളിൽ നിന്നാണ്. വലിയ ആദിത്യ മര്യാദയുള്ള ആളുകളാണ് ആംഗ്ലോ ഇന്ത്യൻസ്.
ഇന്നിപ്പോൾ ബോർമയിൽ നിന്നുള്ള കശുവണ്ടി കിട്ടും കപ്പലണ്ടി പോലെ പൊളിച്ചു തിന്നാൻ പറ്റിയത്.
സമാന്തരമായി ഓടുന്ന പാളങ്ങൾ യാർഡിന്റെ അറ്റത്തു വന്നു നില്കുന്നു അപ്പോൾ എൻജിൻ തിരിക്കുന്നതെങ്ങനെ എന്നുള്ള ചോദ്യം വീണ്ടും അവശേഷിച്ചു, അപ്പച്ചന്റെ കൂട്ടുകാരനായ സായിപ്പെന്നെ ഒരു വലിയ കോൺക്രീറ്റ് വട്ടത്തിന്റെ അടുത്ത് കൊണ്ടുപോയി, ആഴമില്ലാത്ത വലിയ കോൺക്രീറ്റ് ടാങ്ക് ഒരു എൻജിൻ ഓടിച്ചു കൊണ്ടുവന്നു ഇതിന്റെ നടുക്കുള്ള പാളത്തിലേക്ക് കയറ്റി ഒരു പാലം പോലെ ഉള്ള പാളം. കോൺക്രീറ്റിന്റെ സൈഡിലായി ഒരു കൈ നിവർന്നു വന്നു, ഒരാൾ ഈ കൈ പിടിച്ചു ചക്കാട്ടുന്നപോലെ വട്ടത്തിൽ തള്ളിക്കൊണ്ട് നടക്കാൻ തുടങ്ങി , അപ്പോഴുണ്ട് ഈ പാലവും പാളവും കറങ്ങാൻ തുടങ്ങി, വട്ടത്തിലുള്ള കോൺക്രീറ്റിന്റെ അതിരിലൂടെ ഓടുന്ന ചക്രത്തിലൂടെ അങ്ങനെ എൻജിൻ മുഴുവനായി തിരിഞ്ഞു വന്നു നിന്ന് അപ്പോൾ ഡ്രൈവർ ട്രെയിനിന്റെ എൻജിൻ ഓടിച്ചിറക്കി മറ്റൊരു ദിക്കിലേക്ക് യാത്ര ആയി. എത്ര അനായാസമായി ചെയ്യുന്ന ഒരു പ്രക്രിയ, ഇന്നിപ്പോൾ ഡീസലും electric-ക്കും എൻജിൻ ആയപ്പോൾ ഇങ്ങനെ ഒരു സമ്പ്രദായത്തിന്റെ ആവശ്യമില്ല. പക്ഷെ എന്നെ വളരെയധികം അത്ഭുതപ്പെടുത്തിയ ഒരു കാഴ്ച ആയിരുന്നു ഇത്. Engine Turn Table. എന്നാണിതിന് പറയുക
അന്ന് അവിടെ ഉണ്ടായിരുന്ന ഒരു ഡ്രൈവർ സായിപ്പെന്നോടു അദ്ദേഹത്തിന്റെ ഒരനുഭവം പറഞ്ഞു
ആദ്യമായി ഡീസൽ എൻജിൻ കൊച്ചിയിൽ വന്നപ്പോൾ എറണാകുളം സൗത്തിൽ നിന്ന് ഓടി തേവര കഴിഞ്ഞു, മട്ടാഞ്ചേരി ഹാൾട് റെയിൽവേ സ്റ്റേഷനിൽ വന്നു. ഐലൻഡിൽ ഇടത്തോട്ടുള്ള പാളങ്ങൾ ചരക്കു വണ്ടിയുടേതാണ്, വലതു വശത്തൂടെയുള്ള പാളം യാത്രക്കാരുമായി കൊച്ചിൻ ഹാര്ബറിലോട്ടു പോകും. അങ്ങനെ ഇടത്തെ പാളത്തിൽ അദ്ദേഹം ഒരു കൽക്കരി എഞ്ചിനുമായി കാത്തു നിന്ന്
ഡീസൽ എൻജിനെ കണ്ടതും ചൂളം വിളിച്ചു സ്വീകരിച്ചു മുന്നോട്ടു ഓടി തുടങ്ങി അങ്ങനെ രണ്ടു എൻജിനും രണ്ടു വശത്തായി ചൂളം വിളിച്ചു മുന്നോട്ട് പോയി. വലത്തൂടെയുള്ള ഡീസൽ എൻജിൻ ടെർമിനലിൽ എത്തിയതും കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ചെയർമാനും, പ്രമുഖ രാഷ്ട്രീയക്കാരും നാട്ടുകാരും ഉദ്യോഗസ്ഥരും, പ്രമാണിമാരുമെല്ലാം ചേർന്ന് മാലയിട്ടു പൂജകളും പടക്കവുമായി പ്രാർത്ഥനയോടെ വലിയ സ്വീകരണം കൊടുത്തു് . കൽക്കരിയുടെ മലിനീകരണത്തിൽ നിന്ന്പ്ര കൃതിയെ പരിരക്ഷിക്കാനായി തുടങ്ങിയ ഡീസൽ തീവണ്ടിയുടെ ഒരു പുതു യുഗം ആരംഭിച്ചു,
ഇന്നിപ്പോൾ പഴയ പ്രൗഢിയുള്ള തീവണ്ടി ആപ്പീസെല്ലാം കാലഹരണപ്പെടാൻ അനുവദിക്കുന്നു നമ്മൾ, പുറം രാജ്യങ്ങളിൽ പഴയതു മാത്രമല്ല ഇപ്പോഴും ട്രെയിൻ പോകുന്ന സ്റ്റേഷൻ പോലും മുതിർന്നവർ കുട്ടികളുമായി വന്ന്, പഴയ ചരിത്രങ്ങളും പുരാവസ്തുക്കളും മ്യൂസിയം പോലെ കണ്ടു പോകുന്നു. ചെറിയ കാപ്പികടയും കുട്ടികൾക്ക് കളിക്കാനൊരു പാർക്കുമായി രൂപകൽപന ചെയ്തിട്ടുള്ള ഇടങ്ങൾ. നമ്മൾ ഇനിയെങ്കിലും ചരിത്രത്തിന്റെ ഏടുകളിലൂടെ പഴമയുടെ നേട്ടങ്ങളിൽ അഭിമാനം കൊള്ളാനുള്ള അവസരങ്ങൾ ഉണ്ടാക്കണം
ട്രെയിൻ യാത്രകളിൽ നമ്മൾ നൂറുകണക്കിന് ആൾക്കാരെ കാണുന്നു, എത്രയോ പേരെ പരിചയപ്പെടുന്നു, കയറികൂടിയാലുടനെ തന്നെ പരസ്പരം നോക്കി ചിരിക്കുന്നു, ഒതുങ്ങി കൊടുത്തിട്ടു അടുത്തുള്ള പ്രായമായവരെ ഇരുത്തുന്നു, ഹായ് ബൈ കൂട്ടുകാർ
ചർച്ചചെയ്യാനും ചൂടോടെ അന്നത്തെ വിവരങ്ങൾ പങ്കിടാനുമുള്ള വേദികൾ, ജാതിയോ മതമോ സ്ഥാനമോ മാനമോ നോക്കാത്ത ചർച്ച, മിക്കവാറും അന്നത്തെ പത്രവാർത്തയാവും പ്രധാന വിഷയം. ആർക്കും ദോഷം വരാത്ത ചർച്ചകൾ. അന്നൊക്കെ ഇന്ത്യൻ തീവണ്ടികളിൽ യാത്രചെയ്യുമ്പോൾ ആർക്കും എന്തും സംസാരിക്കാം ചർച്ചചെയ്യാം, ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന എല്ലാ മൗലികാവകാശങ്ങളും ബഹുമാനിച്ചിരുന്നു,
കുഞ്ഞുന്നാളിൽ ട്രെയിനിൽ കയറിയാലുടനെ ജനല് തുറക്കുന്നതും അത് രണ്ടു വശത്തുമുള്ള പ്രത്യേകതരം കൊളുത്തുപ്രയോഗിച്ചു പല ലെവലിൽ തുറന്നു വെക്കുന്നതും എന്റെ ജോലിയായിരുന്നു, വളരെ ചെറിയ ഒരു യന്ത്രപ്രക്രതം, നഖം നീട്ടിവളർത്തിയ വിരലിന്റെ അറ്റം വളച്ചു പിടിച്ച പോലെ അതിങ്ങനെ ഒരു പല്ലിൽ ഘടിപ്പിച്ചു നിൽക്കും. രാത്രിയിൽ യാത്ര ചെയ്യുമ്പോൾ പുറത്തുനിന്നു തുറക്കാതിരിക്കാനുള്ള സംവിധാനവും ഉണ്ട്
ബ്രിട്ടീഷുകാരുടെ സംഭാവനയാണ് റെയിൽവേ, എത്ര മാത്രം വിശദാംശങ്ങൾ അടങ്ങിയതാണീ ട്രെയിനിന്റെ ഓരോ ഭാഗവും എന്ന് ആലോചിച്ചു അത്ഭുതപ്പെട്ടിരുന്ന ഞാൻ പുറത്തോട്ടു നോക്കിയതും ട്രെയിൻ കരുനാഗപ്പള്ളി കടന്നിരിക്കുന്നു ഇനിയിപ്പോ പെട്ടെന്ന് കായംകുളമെത്തും
എന്റെ വലിയപ്പച്ചനും വല്യമ്മച്ചിയും പടീറ്റതിലെ ശോശാമ്മമ്മയുമെല്ലാം വീടിന്റെ സൈഡിൽ കാത്തു നിൽക്കും കൈവീശാനായി.
ഞാൻ ഞങ്ങടെ തടിയും തണ്ടുമുള്ള തോമാച്ചനോട് കാര്യം പറഞ്ഞിട്ട് ടോം തോമസിനെയും കൂട്ടി കതകു തുറന്നു പിടിച്ചു. കതകിന്റെ രണ്ടു കമ്പിയിലും മുറുകെ പിടിച്ചു കാത്തു നിന്ന്, വീടിന്റെ അടുത്തെത്തുന്നതിന് മുന്നേയുള്ള വയലും കലിങ്ങുമൊക്കെ എനിക്ക് കാണാപ്പാഠമാണ് ദൂരെനിന്നേ ഒരു കൈ വിടുവിച്ചു വീശാൻ തുടങ്ങി
എല്ലാവരും നിരന്നു നിൽക്കുന്നു
ഹോ എന്തൊരു സന്തോഷമാണെന്നോ
കൈ വീശി യാത്ര പറഞ്ഞു. വണ്ടി നോക്കെത്താ ദൂരെത്തെത്തും വരെ അവരവിടെത്തന്നെ നിന്ന് കൈ വീശി, എനിക്കുവേണ്ടിയും കൂടെയുള്ള ഞങ്ങൾക്കെല്ലാവർക്കുവേണ്ടിയും ശുഭയാത്ര നേർന്നു കൊണ്ട്
Leave A Comment