അന്ന് രാത്രി പോസ്റ്റർ വരക്കാനിരുന്ന പയ്യൻ ചോദിച്ചു
സാറെ
നിങ്ങളുടെ കൂടെ നടക്കുന്ന ഒരാളുണ്ടല്ലോ പഴയ ഒരു ജനറൽ സെക്രട്ടറി
പുള്ളി ഒരു പാനൽ പോലും ഇല്ലാതെ, എങ്ങനെയാണ് വോട്ടു പിടിച്ചത് , ജയിച്ചത്
അതോ അത് പറയണമെങ്കിൽ, പല പല കാര്യങ്ങൾ പറയണം
രെജി കുമാർ ; ആനകളുടെ നാട്ടിൽ നിന്ന് വന്ന തോട്ടിയോളം പോകുന്ന ഒരു പയ്യൻ
സ്വന്തം സ്ഥലം: പത്തനാപുരം; കൊല്ലം ജില്ലയുടെ കിഴക്കായി, പശ്ചിമഘട്ടത്തിന്റെ ഇടയക്ക്, കല്ലട ആറിന്റെ തീരത്തുള്ള ഒരു മിന്നുന്ന ദേശം
പ്രായം: കൗമാരം.
വീട്: വലിയൊരു പറമ്പിന്റെ നടുക്കായി മട്ടുപ്പാവുള്ള ഒരു കെട്ടിടം , റബ്ബർ ഷീറ്റുകൾ വീടിന്റെ ഒരു വശത്തു അയയിൽ തുണി ഉണക്കാൻ ഇടുന്ന പോലെ നീളത്തിൽ വിരിച്ചിട്ടിരിക്കുന്നു.
കതകുകളുടെ സാക്ഷയിടാൻ മറക്കുന്ന തുറന്ന ലോകം, തുറന്നു മലർന്നു കിടക്കുന്ന ജനാലകൾ.
വ്യവഹാരം: കൃഷി, കൃഷി എന്ന് പറഞ്ഞാൽ ആടുണ്ട്, കോഴിയുണ്ട്, പശുവുണ്ട്, പോത്തുണ്ട്, സുഗന്ധ വ്യഞ്ജനങ്ങൾ ഏറെയുണ്ട്, നെല്ലുണ്ട് തെങ്ങുണ്ട്, മാവുണ്ട് പ്ലാവുണ്ട്, ആഞ്ഞിലിയുണ്ട്, കശുവണ്ടിയും, കാച്ചിലും , ചേനയും , അടുത്ത പറമ്പിൽ ആനപിണ്ഡവുമുണ്ട്. ഇതൊന്നും പോരാത്തതിന് ചേട്ടനങ്ങു ഇറാഖിലുമുണ്ട്
ഭക്ഷണം: കാലത്തെ ഒരു കലം പഴഞ്ചോറ്, പഴയ സാമ്പാറും, പുളിച്ച തൈരും, പുഴുക്കും കൂട്ടി മൃഷ്ടാനം
ദിനചര്യ: ഒരു തോർത്തുമുണ്ടുമുടുത്തു വീട്ടിലെ നാടൻ നായ്കുട്ടിയുമായി ഒരൊറ്റ ഓട്ടമാണ് ആറിന്റെ തീരത്തേക്ക് തീരത്തുള്ള മണൽതിട്ടയിൽ നിന്ന് മുൻപിൻ നോക്കാതെ കുതിച്ചൊരു ചാട്ടം
മുങ്ങാങ്കുഴിയിട്ടു ഒന്ന് പൊങ്ങുമ്പോൾ കേൾക്കുന്നത്, കൊച്ചുകോശി ഉപദേശിയുടെ പ്രസംഗമാണ്
1 പത്രോസ് അധ്യായം 4: വാക്യം 8 സകലത്തിലും മുമ്പേ തമ്മിൽ ഉറ്റ സ്നേഹം ഉള്ളവരായിരിപ്പിൻ, സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറയ്ക്കുന്നു.
അങ്ങനെ സ്നേഹം മാത്രം ആയി മനസ്സിൽ. എന്തെല്ലാം ചെയ്താലും ആരെയെങ്കിലും അങ്ങ് സ്നേഹിച്ചാൽ മതി, എല്ലാ പാപവും അപ്പൊ മറഞ്ഞില്ലാതാവും എന്ന് പൂർണമായി വിശ്വസിച്ചു.
എവിടെ ചെന്നാലും എല്ലാവരെയും നിരുപാധികം നിർലോഭം സ്നേഹിച്ചു. ആളും തരവും ഒന്നും നോക്കാതെ , അതായി പിന്നെ ജീവിത ലക്ഷ്യം.
എഞ്ചിനീയറിംഗ് പഠിക്കാൻ കരിക്കോട്ടു വന്നപ്പോളാണ് സ്വതന്ത്ര ഇച്ഛ, നിര്വിഘ്നം നടത്താനായി സ്നേഹിച്ചാൽ മതി എന്ന് രേഖപ്പെടുത്തിയ ഫ്രഞ്ച് കാരൻ ഉപദേശി Jean-Paul Sartre – യുടെ മുന്നിൽ നിരുപാധികം പാർക്ക് ചെയ്തു ശിഷ്യപ്പെട്ടതു. “Being and Nothingness” എന്ന വേദപുസ്തകം , സ്ഥിരമായി കക്ഷത്തു വെച്ച് നടക്കാനും തുടങ്ങി.
ഒരു ദിവസം പുള്ളിക്കാരൻ തീരുമാനിച്ചു, കോളേജിലുള്ളവരെ സ്നേഹിക്കാൻ ഇഷ്ടം പോലെ ആളുണ്ട് , പോരാത്തതിന് പകല് മുഴുവൻ താനിവിടെ തന്നെ ഉണ്ട് താനും.
സായംസന്ധ്യകൾ അര്ത്ഥപൂര്ണ്ണമാക്കാൻ കൊല്ലത്തു ശങ്കരന്റെ ആശുപത്രിയുടെ മുന്നിലായുള്ള നഴ്സുമാരെ സ്നേഹിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തു.
താമസം ഹോസ്റ്റലിൽ നിന്ന് നേരെ ആശുപത്രിയുടെ മുന്നിലുള്ള ലോഡ്ജിലേക്ക് മാറ്റി. ഓരോ ഷിഫ്റ്റിലെ നഴ്സുമാർ പോകുമ്പോഴും, ചേട്ടൻ ഇറാഖിൽ നിന്ന് കൊണ്ട് വന്ന പല നിറത്തിലെ മിന്നുന്ന ഉടുപ്പിട്ട് ലോഡ്ജിന്റെ അരമതിലിൽ കയറി ഇരിക്കാൻ തുടങ്ങി.
കുറച്ചു കഴിഞ്ഞപ്പോൾ അവരുടെ കെട്ടിടത്തിന്റെ വാതുക്കലെ പെട്ടിക്കടയിൽ പറ്റുകാരനായി. പരോപകാരിയായ രെജി, ആർക്കെന്തു കേടു പറ്റിയാലും നേരെ പൊക്കിയെടുത്തു ശങ്കരന്റെ ആശുപത്രിയിൽ എത്തിക്കും, വരുന്ന റോയൽ മെക് കാർക്കു മാത്രമല്ല എല്ലാവര്ക്കും രെജിയുടെ പേരിൽ റോയൽ ചികിത്സാ.
റെജിയുടെ സ്നേഹത്തിന്റെയും, സേവനത്തിന്റെയും ചില്ലകൾ പടർന്നു പന്തലിച്ചു കൊണ്ടേ ഇരുന്നു.
പുള്ളിക്കാരന്റെ തിരഞ്ഞെടുപ്പിന് 4 ദിവസം മുന്നേ, നാട്ടിലുള്ളവരെ സ്നേഹിച്ചു സ്നേഹിച്ചു ഒരു വഴിയായ സ്ഥിതിക്ക് ഇനി അല്പം കാടും മലയും ചവുട്ടി കയറി, പാലരുവിയും, തേനരുവിയും താണ്ടി കല്ലട ആറിന്റെ മറ്റൊരു സൗകുമാര്യം നുകരാൻ തീരുമാനിച്ചു.
എങ്ങനെ പോയാലും കാശാണ് പ്രശ്നം, ഇലക്ഷൻ തുടങ്ങിയതോടെ കാശിനു നല്ല ഞെരുക്കമാണ് , പല വേലകൾ ആലോചിച്ചിരുന്നപ്പോഴാണ്
മറ്റേ കൂട്ടുകാരൻ പാർക്കിന്റെ ദുബായിലുള്ള ഒരു സുഹൃത്ത് സന്ധ്യാനേരത്തു ലോഡ്ജിന്റെ മുന്നിൽ പ്രത്യക്ഷപെ ട്ടതു.
ബ്രിട്ടീഷ് കാരുടെ വിമാന കമ്പനിയിൽ ജോലി ചെയ്യുന്ന ജോൺസൻ. മരുഭൂമിയിലെ ചൂടിൽ കിടന്നു വെന്തു നീറുമ്പോഴെല്ലാം ആകെ ഉള്ള ഒരു പ്രതീക്ഷ ഇങ്ങു ശങ്കരന്റെ ആശുപത്രിയുടെ മുന്നിൽ വൈകുന്നേരങ്ങളിൽ കുറ്റി അടിച്ചു നിൽക്കുന്ന കൂട്ടുകാരനിൽ മാത്രം ആയിരുന്നു.
പുള്ളിക്കാരൻ ഒരു പരിപാടി മുന്നോട്ടു വെച്ച്
1 ദിവസത്തെ ഒരു യാത്ര. ഇലക്ഷന്റെ മുന്നേ , മനസ്സിനൊക്കെ ഒരു ഉന്മേഷം കിട്ടുകയും ചെയ്യും.
കാട്ടിലൂടെ, പ്രാചീനമായ, പരിസ്തിതി പരമായി പ്രാധാന്യമുള്ള തെന്മലയിലൂടെ ഒരു യാത്ര. മനോഹരമായ അഗസ്ത്യ മലയിലൂടെ ,
മരുഭൂയിൽ നിന്ന് മരക്കൂട്ടങ്ങളിലേക്കു.
4ആൾ കൂടി , പഠിത്തം 1 നാളത്തേക്ക് മാറ്റി വെച്ചിട്ടു കുറച്ചു ഭക്ഷണവും വെള്ളവും കരുതി, ഗൾഫിലെ പച്ചനോട്ടുകളുമായി പുറപ്പെട്ടു.
ജോൺസൻ കല്പിച്ചതും രെജി ഇച്ഛിച്ചതും ഒന്ന് തന്നെ , വിടുതൽ
തെന്മലയിൽ ട്രെയിൻ ഇറങ്ങി നടക്കാൻ തുടങ്ങി
കാട്ടിലെ മരങ്ങളുടെ ഏറ്റവും മുകളിലെ ചില്ലകൾ വെണ്കൊറ്റക്കുട പിടിച്ചു നില്കുന്നു. പതുക്കെ പതുക്കെ മലയിറങ്ങാൻ തുടങ്ങി. . കുറച്ചു നടന്നപ്പോൾ സ്നേഹിക്കാനായി മാത്രം ജനിച്ച രെജി വിറകിന്റെ കെട്ടുകൾ തലയിൽ വെച്ച് പോകുന്ന ആദിവാസികളെ കണ്ടു,
പെട്ടെന്ന് രെജിയുടെ ഉള്ളിലെ സ്നേഹം സടകുടഞ്ഞെഴുന്നേറ്റു, അവരുടെ കൂട്ടത്തിലെ വയസ്സായ പാട്ടി റെജിയെ അടുത്തോട്ടു വിളിച്ചു
റെജി അങ്ങനെയാ, ആര് കണ്ടാലും അവർക്കു രെജിയെ ഇഷ്ടപെടും. ഒരു പാവം. പത്തു പേരുള്ള വീട്ടിലെ പത്തുപേർക്കും രെജിയോടൊരു പ്രത്യേക സ്നേഹം തോന്നും.
രെജിക്കൊന്നും ആലോചിക്കാനില്ലായിരുന്നു, ഒറ്റ ഓട്ടത്തിന് അവരുടെ അടുത്തെത്തി. അവരാണേൽ, നല്ല മുറുക്കി ചുവപ്പിച്ച ചുണ്ടും, പല്ലില്ലാത്ത മോണയും കാണിച്ചു ചിരിച്ചിട്ട് തൊട്ടടുത്തുള്ള അഴകുള്ള സെൽവി യുടെ തലയിലെ വിറകിന്റെ കെട്ടെടുത്തു, പതുക്കെ രെജിയുടെ തലയിൽ വെച്ചു കൊടുത്തു,
സാരമില്ല, ഇവരുടെ കൂടെ നടക്കാമല്ലോ – ഇച്ചിരി പൊക്കിയാലും വേണ്ടില്ല എന്ന് മനസ്സിൽ പറഞ്ഞതും, ദേ മുന്നേ പോയ തേന്മൊഴിയുടെ തലയിലെ കെട്ടെടുത്തു ഇടത്തെ കൈയ്യിൽ കൊടുത്തു, പിന്നെ പുറകെ വന്ന ഏതോ പെണ്ണിന്റെ തലയിൽ നിന്നെടുത്തു വലത്തേ കൈയ്യിലും പിടിപ്പിച്ചു
നടന്നു നടന്നു വശം കെട്ട് കുറെയധികം കുടിലുള്ളിടത്തെത്തി, ഓരോന്നായി താഴെ ഇറക്കിയപ്പോഴേക്കും;
ചേട്ടൻ ഇറാക്കിൽ നിന്ന് കൊണ്ടുവന്ന നിറമുള്ള റ്റെർലിൻ ബന്യൻ വിയർപ്പിൽ നനഞു കുളിച്ചിരുന്നു.
ബാക്കി 3 പേർ മലയിറങ്ങി താഴോട്ട് നടന്നു നടന്നു അരുവിയുടെ താഴെ എത്തി, ഉരുളൻ കല്ലുകൾ വെള്ളത്തിന്റെ ഇടയിൽ പൊങ്ങിയും താണും കിടക്കുന്നു, അരുവിയുടെ മാറിലൂടെ ചാടി ചാടി അവരങ്ങനെ നടന്നു.
ഇടയ്ക്കിടെ ഉറക്കെ ഉറക്കെ വിളിച്ചു
രെജി…….. രെജി …. രെജി ….
വിളികൾ മലയിടുക്കിലൂടെ കുഞ്ഞുന്നാളിൽ പാടിയ ഈണമായി
ഉപ്പാ ഉപ്പാ ഉപ്പന്റെ അപ്പൻ വടിയും കൊണ്ട് വരുന്നേ ഓടിക്കോ…………………
ദൂരെ എവിടെ നിന്നോ ഒരു അശരീരി കേട്ടു തുടങ്ങി
ഓടാൻ വയ്യടാ ഇവരെന്നെ ഇവിടെ കെട്ടിയിട്ടേക്കുവാടാ
ഓടിവാടാ
കേട്ട പാതി കേൾക്കാത്ത പാതി
3 ആളും കൂടി ആഴം കുറഞ്ഞ വെള്ളം ചവുട്ടി തെറിപ്പിച്ചു ദീനരോദനം കേട്ടിടത്തോട്ടു ഓടി കയറി
ദൂരെ നിന്ന് മരങ്ങൾക്കിടയിലൂടെ പുക വരുന്നത് കണ്ടു
തീ ഇല്ലാതെ പുക വരില്ല , എന്ന് ബോധ്യപ്പെട്ടു പുക ലക്ഷ്യമാക്കി വീണ്ടും ഓടി
ചെന്നു നോക്കിയപ്പോൾ ഒരു കൂട്ടം ആദിവാസികൾ
ഒരു മുള്ളുമുരുക്കിന്റെ ചുറ്റും കൂടി നിന്നിട്ടു എന്തൊക്കെയോ തീയും പുകയുമായി ചുവടു വയ്ക്കുന്നു
കുറച്ചു കൂടി അടുത്ത് ചെന്നപ്പോൾ
രെജിയെ മുള്ളുമുരുക്കിൽ കയറു കൊണ്ട് കെട്ടിയിട്ടിരിക്കുന്നു
തമിഴ് കലർന്ന മലയാളത്തിൽ അവര് പറഞ്ഞു
ഇവൻ ഇന്ത തിരിട്ടു പയ്യൻ
നമ്മ തേവർ പൊണ്ണു മുന്നാടിയേ……..
അയ്യയ്യോ സൊല്ലതുക്കു
വെക്കംആവതു
രെജി കൂട്ടുകാരോട് പറഞ്ഞു
എടാ ഞാനൊന്നും ചെയ്തില്ലെടാ
ആ കിളവി എന്നെ കൊണ്ട് വിറകെല്ലാം പൊക്കിച്ചു ഈ മലയെല്ലാം കയറ്റി, ഇവിടെ വന്നപ്പോൾ എന്റെ ഉടുപ്പെല്ലാം വിയർത്തു കുളിച്ചു ആ അരുവിയിലൊന്നു മുങ്ങി നിവരാനായി, ഞാൻ ആദ്യം എന്റെ ബന്യൻ ഊരി പിന്നെ പാന്റ് ഊരാൻ പോയതും ഈ കാട്ടാളന്മാരെന്നെ തൂക്കിയെടുത്തു ഈ മുള്ളുമുരിക്കിൽ കൊണ്ട് കെട്ടിയിട്ടു
എന്നെ ഒന്ന് അഴിച്ചു വിടാൻ പറയടാ ഇവന്മാരോട്.
അതിൽ മുതിർന്ന ഒരു അണ്ണാച്ചി പറഞ്ഞു
ഒടമ്പു നല്ലായിരിക്കണെന്നാ കൊഞ്ചം കൈ വണങ്കി
മാപ്പു സൊല്ലുങ്കോ
കൈയെല്ലാം കൂടി കെട്ടിവെച്ചാ,
എങ്ങനാടാ ഇവന്മാരെ തൊഴുന്നേ
മാപ്പിന് ഞാൻ എന്തുവാടേ പറയുന്നേ
ഇച്ചിരി മലയാളം മനസ്സിലായ ഒരു അണ്ണാച്ചി പറഞ്ഞു
ലേലു അല്ലു ലേലു അല്ലു
എന്ന് സൊന്നാ പോതും
രെജി നിർത്താതെ പറഞ്ഞു
ലേലു അല്ലു ലേലു അല്ലു
ഒരു പാളയെടുത്തു തറയിൽ വെച്ചിട്ടു ഒരു കട്ടപ്പ 3 പേരോടായി പറഞ്ഞു
നീങ്ക കയ്യിലെ ഇരിക്കെ എല്ലാം ഇങ്ക പോടുങ്കോ
പിന്നെ 3 പേര് കൂടി ട്രെയിൻ ടിക്കറ്റ് എടുക്കാനുള്ള കാശ് വെച്ചിട്ടു ബാക്കി കാശും, ജോൺസൻ ദുബായിൽ നിന്ന് വാങ്ങിയ റെയ്ബാൻ കണ്ണാടിയും, ഇട്ടിരുന്ന തിളങ്ങുന്ന ഉടുപ്പും, ഇലക്ട്രോണിക്സ് വാച്ചും, കൈയ്യിലുണ്ടായിരുന്ന സ്വർണ ബ്രേസ്ലെറ്റും, കഴുത്തിലെ സ്വർണ മാലയും, ബാക്കി രണ്ടാളുടെ ജീൻസുമൊക്കെ അഴിച്ചു കൊടുത്തിട്ടു രെജിയെം താങ്ങി ഓടി.
സ്റ്റേഷനിൽ എത്തിയതും ടിക്കറ്റും എടുത്ത്, ട്രെയിൻ പിടിച്ചു കരിക്കോടിന് തൊട്ടു മുന്നേ ഇറങ്ങി, കരിക്കോടെങ്ങാനും ഉള്ളവർ കണ്ടാൽ പിന്നെ കാര്യം കട്ടപുകയാകും , ഓട്ടോ പി ടിച്ചു ഹോസ്റ്റലിൽ എത്തി
രെജിയെ ലോഡ്ജിലേക്ക് വിട്ടില്ല
രണ്ടു ദിവസം കഴിഞ്ഞു ഇലക്ഷൻ ദിവസം
എല്ലാവരും കോളേജിൽ വരുന്നതിനു മുന്നേ
ഒരു ഇരുമ്പു കട്ടിലിൽ ഒരു മെത്തപ്പായിൽ മെയിൻ ഗേറ്റിന്റെ മുന്നിലായി
ദേഹമാസകലം കീറി മുറിഞ്ഞ പാടുമായി രെജി കുമാർ കിടന്നു
ഞാൻ നിങ്ങളെ സ്നേഹിക്കുന്നു
ഹൃദയപൂര്വ്വം! നിഷ്കളങ്കമായി! സ്നേഹിക്കുന്നു.
ഒരു വോട്ടു തരൂ
എന്നൊരു പോസ്റ്ററുമായി
എല്ലാവരും ഒരു വോട്ടു മാറ്റി വെച്ചു
രെജി ജയിച്ചു
Leave A Comment