വൈകുന്നേരം സ്കൂളിന്റെ പരിസരത്തു നിന്ന് തിരികെ വന്നപ്പോൾ വളരെ പ്രത്യേകതയുള്ള, മേലങ്കി പുതച്ച ഒരു കൂട്ടരേ കണ്ടു, എല്ലാവര്ക്കും ഒരേ വേഷം, കറുപ്പും, ചുവപ്പും, നീലയും നിറത്തിലെ നൂലുകൊണ്ട് ചിത്രപ്പണികൾ നെയ്ത വെള്ള മേലങ്കി.
അപ്പോൾ തന്നെ സ്റ്റേഷൻ മാസ്റ്റർ ഒരു കാര്യം പറഞ്ഞു, ബൊട്ടാണിക്കൽ ഗാർഡനും, തടാകവുമൊക്കെ എല്ലാവരും പോകുന്നിടമാണ്, അത് നിങ്ങൾക്കു തനിയെ പോയി കാണാം ടിക്കറ്റ് എടുത്താൽ മതി; പക്ഷെ നിങ്ങൾ കണ്ടിരിക്കേണ്ടതാണിവരുടെ താമസ സ്ഥലം, അറിഞ്ഞിരിക്കേണ്ടതാണിവരുടെ സംസ്കാരം, അതിനു പറ്റിയൊരാളെ കൂടെ അയക്കാമെന്നും പറഞ്ഞു.
സ്റ്റേഷൻ മാസ്റ്റർ അയച്ച ആൾ നേരം വെളുത്തതും വന്നു പുറത്തു കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങൾക്കുള്ള ടിഫിനും ആയിട്ടാണ് പുള്ളിക്കാരൻ വന്നത്. കൊണ്ടുവന്ന ഭക്ഷണത്തിൽ എനിക്കേറ്റവും ഇഷ്ടപെട്ടത് ചോറും പരിപ്പും എല്ലാം കൂടി ചേർത്ത് വെന്തു കുഴഞ്ഞിരുന്ന കിച്ചടിയാണ്, എന്റെ വീട്ടിൽ ഈ ഒരു കൂട്ടം ഒരിക്കലും ഉണ്ടാക്കിയിട്ടുണ്ടായിരുന്നില്ല, എനിക്കാണെങ്കിൽ ദിവസം മൂന്നു നേരവും കഴിക്കാനിഷ്ടമുള്ള ഒരേ ഒരു ഐറ്റം ആണ് ചോറ്.
ഞങ്ങൾ എല്ലാവരും വളരെ നേരത്തെ എഴുന്നേറ്റു തയ്യാറാവുന്ന ആൾക്കാരാണ്, അന്നും ഇന്നും എന്നും അങ്ങനെ തന്നെ ആയിരിക്കും. രാവിലെ 8 മണിക്ക് തന്നെ യാത്ര പുറപ്പെട്ടു, എവിടെ നോക്കിയാലും ദൂരെ എവിടെയോ കത്തി ആളുന്ന തീയുടെ പുക വന്നു നിറഞ്ഞു നിക്കുന്ന പോലെ തോന്നും. മൂടൽ മഞ്ഞു
ഞങ്ങൾ ആദ്യം പോയത് പൈകാര നദിയുടെ അടുത്തേക്കാണ് പണ്ട് പണ്ട് പണ്ട് മലമുകളിലുള്ള ഒരു തേനീച്ചക്കൂട് പൊട്ടി താഴോട്ട് ഒഴുകിത്തുടങ്ങി , കിലോമീറ്ററോളം നീളത്തിൽ കൊച്ചുകൊച്ചു വെള്ളച്ചാട്ടങ്ങൾ, പരന്നു കിടക്കുന്ന ഒരു പ്രദേശത്തു ആരെയും മോഹിപ്പിക്കുന്ന, വശീകരിക്കുന്ന വെള്ളച്ചാട്ടങ്ങൾ വി ശ്രമിക്കുന്ന കുറെയധികം പോത്തുകൾ കിടക്കുന്ന ഒരു മേച്ചില്പുറം അതിന്റെ പുറത്തൂടെ എല്ലാം വെള്ളം ഇങ്ങനെ കുതിച്ചു പതഞ്ഞു പൊങ്ങി ചാടി പോകുന്ന പോലെ തോന്നും, ഇടയ്ക്കു രണ്ടിടത്തു നല്ല താഴ്ചയിലേക്ക് വെള്ളം കുതിച്ചു ചാടുന്നത് കാണാം. പൈകാര വെള്ളച്ചാട്ടം, അതിമനോഹരമായ കാഴ്ചയാണ്, വെള്ളച്ചാട്ടത്തിന്റെ താഴെയുള്ള താഴ്വരയിലൂടെ നടന്നെത്തിയത്, ടോഡ വംശജരുടെ പവിത്രമായ ഗ്രാമത്തിലാണ്, ഗ്രാമം എന്ന് പറയാൻ പറ്റില്ല ശരിക്കും കുഗ്രാമം.
ലൈഫ് മാഗസിനിൽ ആണ് ആദ്യമായി എസ്കിമോ വർഗ്ഗക്കാരുടെ ഇഗ്ലൂ എന്ന മഞ്ഞിന്റെ വീട് കണ്ടത്, അന്നേ ഉള്ള സംശയമാണ് ഐസ് കട്ടകൊണ്ടെങ്ങനെ വീടുണ്ടാക്കും, പിൽക്കാലത്തു എവിടെനിന്നോ ഒരു പുസ്തകം കിട്ടിയതിൽ ഐസ് കട്ട വെട്ടി പല അളവിൽ പെറുക്കി വെച്ചുണ്ടാക്കുന്ന പടം കണ്ടു, അതിനു ശേഷം അതേ പോലെ റാ പോലത്തെ കെട്ടിടം കാണുന്നത് നീലഗിരിയിലാണ്, ഇത്യാദി കെട്ടിട നിർമ്മാണങ്ങൾ പണ്ട് നടന്നിരുന്നത് ഈജിപ്തിലും റോമിലുമൊക്കെ ആണ്, ഇതിനു ബാരൽ വാൾട് നിർമ്മാണ രീതി എന്നാണ് പറയുക. തോക്കിന്റെ ബാരൽ പോലെ, വലിയ ഇടയകലത്തിൽ റെയിൽവേ സ്റ്റേഷൻ തുടങ്ങിയവ മഴവില്ലിന്റെ ആകൃതിയിൽ ഒരൊറ്റ മേൽക്കൂരയുടെ കീഴെ പണിയാൻ ഉപയോഗിക്കുന്ന ഒരു നിർമ്മാണ രീതി.
എഞ്ചിനീയറിംഗ് കോഴ്സ് പഠിച്ചുതുടങ്ങിയപ്പോഴാണ് എന്തെല്ലാം ഘടകങ്ങളുടെ, രൂപ രേഖകളുടെ സംഗമ കേന്ത്രമാണ് ഞാൻ പഠിക്കുന്ന സിവിൽ എഞ്ചിനീയറിംഗ് വിഭാഗം എന്ന് ബോദ്ധ്യപ്പെട്ടത്. റ്റണലുകൾ, പാലങ്ങൾ, അംബരചുംബികളായ കെട്ടിടങ്ങൾ, അണക്കെട്ടുകൾ, എന്തെടുത്താലും ഇങ്ങനെ മഴവില്ലിന്റെ ആകൃതിയിലും പ്രകൃതിയിൽ നിന്ന് ഉരുത്തുരിയുന്ന പലതരം ഘടനയിലുമുള്ള പണികൾ കാണാം, ഞങ്ങൾ യാത്ര ചെയ്തെത്തിയ വഴിയിൽ ഉയരങ്ങളിലേക്ക് മലയിടുക്കുകളിലൂടെ കയറി പറ്റിയ സ്ഥലത്തെത്താൻ എത്ര എത്ര റ്റണലും പാലവും വളവും ചെരിവുമൊക്കെ കടന്നു, പറയത്തക്ക യന്ത്രങ്ങളൊന്നും ഇല്ലാതിരുന്ന കാലത്തു മനുഷ്യന്റെ ഇച്ഛാശക്തിയാലും,ദൃഢമായ, വ്യക്തതയുള്ള സമർപ്പണത്താലും പണിതീർത്ത എഞ്ചിനീയറിംഗ് വിസ്മയങ്ങൾ, എല്ലാ എഞ്ചിനീയറിംഗ് വിഭാഗക്കാരും കൈകോർത്തു വിന്യസിച്ചപ്പോൾ വിരിഞ്ഞ വൈശിഷ്ട്യമേറിയ അത്ഭുതങ്ങൾ. ഒരു റ്റണലിന്റെ കാര്യമെടുത്താൽ തന്നെ തുരക്കാനുള്ള യന്ത്രങ്ങൾ മെക്കാനിക്കൽ കാരുടെ വക ഇതൊക്കെ പ്രവർത്തിപ്പിക്കാനുള്ള പവർ ഇലക്ട്രിക്കൽകാരുടെ, എല്ലാം കണ്ട്രോൾ ചെയ്യാൻ ഇലക്ട്രോണിക്സ് കാരും,
ആരാണീ ടോഡ വംശജർ. നമ്മുടെ ഇന്ത്യാ മഹാ രാജ്യത്തിനെ സംരക്ഷിക്കാനായി ഭടന്മാരെ പരിശീലിപ്പിക്കുന്നിടത്തു നിന്നത്രക്കു ദൂരത്തല്ലാതെ, സങ്കോചമോ, ലജ്ജയോ ഇല്ലാത്ത യുദ്ധമോ, വഴക്കോ ദുരാഗ്രഹമോ, അനീതിയോ, അധർമ്മമോ, പട്ടിണിയോ, പരിവട്ടമോ, ഇല്ലാത്ത ഒരു സ്വതന്ത്ര സമൂഹം, പ്രപഞ്ചത്തിനേയും ആത്മീയതേയും ആരാധിക്കുന്ന ദൈവത്തിന്റെ സ്വന്തം ആൾക്കാർ. അവരാണ് ടോഡ വംശജർ.
ദൂരെ നിന്ന് തന്നെ കുറെ റാ പോലത്തെ കുടിലുകൾ കണ്ടു തുടങ്ങി, കൂടെ വന്ന ആളിന് അറിയാവുന്ന കാര്യങ്ങളൊക്കെ തമിഴിൽ പറഞ്ഞു തന്നു കൊണ്ടിരുന്നു, അപ്പച്ചന് തമിഴ് നന്നായി അറിയാം, അമ്മക്കും അപ്പാക്കും ഒരുവിധം അറിയാം, എനിക്ക് തമിഴ് വളരെ ഇഷ്ടമാണ്, കൊടും തമിഴല്ലാത്തതൊക്കെ മനസ്സിലാവുകയും ചെയ്യും, പറയാനും പ്രശ്നമില്ല . എന്റെ വീട്ടിൽ ഓർമ്മയുള്ളപ്പോൾ മുതൽ തമിഴ്നാട്ടിൽ നിന്നുള്ള രണ്ടു മൂന്നു ശിങ്കിടികളുണ്ടായിരുന്നു, പ്രെസ്സിൽ അല്ലറ ചില്ലറ ജോലിക്കും, അമ്മയുടെ പിറകെ നടക്കാനും.
ദൂരെ നിന്ന് തന്നെ ഒരശരീരി പോലെ കൂട്ടത്തോടെയുള്ള പാട്ടുകേൾക്കാമായിരുന്നു, വലിയ ഈണമോ മാധുര്യമോ ഒന്നും എനിക്ക് തോന്നിയില്ല, പക്ഷെ ഒരുമിച്ചുള്ള ശബ്ദം, നേരത്തെ പറഞ്ഞ കുടിലുകളുടെ അടുത്തെത്തിയതും ഒരു വലിയ തട്ടകം പോലെയുള്ള പുൽമേട, നിറയെ ആളുകൾ. ആണുങ്ങളുടെ കൈയ്യിൽ, ഇടയന്മാർ മേയ്ക്കാനുപയോഗിക്കുന്ന വളഞ്ഞ ഊന്നു വടി പോലെയുള്ള ചൂരൽവടി, കൈകോർത്തു വട്ടത്തിൽ ചുവടു വെക്കുന്നു, പാടുന്നു.
സ്റ്റേഷൻ മാസ്റ്റർ വിട്ട ആളിന് ഇവരിൽ പലരെയും നേരിട്ടറിയാമായിരുന്നു വലിയ പ്രശ്നം അവരുടെ ഭാഷ ആയിരുന്നു, ഒരുതരത്തിൽ പറഞ്ഞാൽ വഴിതെറ്റിയ ഭാഷയും, പ്രയാസമേറിയ സ്വരങ്ങളും ചേർന്നതാണിവരുടെ ലിപിയില്ലാത്ത ഭാഷ. ഭാഗ്യത്തിന് അതിലൊരാൾക്കു അല്പം തമിഴ് വശമുണ്ടായിരുന്നു, കൂടെ വന്ന ആളും അദ്ദേഹവും കൂടി ഒരുവിധം പരസ്പരം ആശയവിനിമയം നടത്തിക്കൊണ്ടിരുന്നു.
നേരിൽ കണ്ടു മനസ്സിലാക്കിയ കാര്യങ്ങളാണ് ഒട്ടു മുക്കാലും. അതിവിടെ എഴുതിചേർക്കുന്നു. ഭക്ഷണ രീതിയുടെ പ്രത്യേകത ആവാം, ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ധാരാളം തലമുടി ഉണ്ടായിരുന്നു, സ്ത്രീകൾ തലമുടി നീട്ടി വളർത്തിയിരുന്നു. ഒരാളുടെ മുടി മറ്റൊരാളോ അതല്ലെങ്കിൽ തനിയെ ഇരുന്നോ കുറേശ്ശേയായി എടുത്തിട്ട് സ്പ്രിങ് പോലെ ചുരുട്ടി ചുരുട്ടി ഇടുന്നു,
ആഫ്രിക്കൻ വംശജർ ചെറിയ ചെറിയ ഇഴയായി പിന്നി ഇടുന്നതു പോലെ കുറച്ചു കട്ടിക്ക് മുടി എടുത്തിട്ട് കയറു പിരിക്കുന്ന പോലെ പിരിച്ചിടുന്നു തലയിലുള്ള മുഴുവൻ മുടിയും ഇങ്ങനെ പത്തിരുപതു കയറായി സ്പ്രിങ് പോലെ കിടക്കും.
അന്ന് അവിടെ ഒരു വിവാഹത്തിന്റെ ആഘോഷം നടക്കുക ആയിരുന്നു. ഞങ്ങളുടെ വഴികാട്ടി, അടുത്ത് വന്നിട്ടു വധുവിനെ കാണിച്ചു തന്നു, ഞാൻ നോക്കിയപ്പോൾ വധു ഒരറ്റത്ത് നിന്ന് ഓരോ പ്രായമായവരുടെയും മുന്നിൽ തല കുമ്പിടുന്നു , മുതിർന്നവർ കാലിന്റെ തള്ളവിരലുകൊണ്ടു നിറുകയിൽ തൊട്ടു ആശീർവദിക്കുന്നു .
മറ്റു ടോഡ സ്ത്രീകൾ പ്രായമായ പുരുഷന്മാരെ കാണുമ്പോൾ തറയിൽ മുട്ടുകുത്തി അവരെ വന്ദിക്കുകയും പുരുഷന്മാർ അവരുടെ കാലിന്റെ തള്ളവിരലുകൊണ്ടു നിറുകയിൽ തൊട്ടു അവരെ ആശീർവദിക്കയും ചെയ്യുന്നത് കണ്ടു.
ഒരു വലിയ പുല്മേടിന്റെ ചുറ്റും ഇരുന്ന ഓരോരുത്തരുടെയും മുന്നിൽ പോയി വധു കുമ്പിട്ടു നിവർന്നു, അതിനു ശേഷം അവർ എഴുന്നേറ്റു ഒരു വലിയ മരത്തിന്റെ അടുത്തേക്ക് നടന്നു തുടങ്ങിയപ്പോൾ എനിക്കെന്തോ ഒരു പന്തികേട് തോന്നി, അവരുടെ വയറു വല്ലാതെ വീർത്തിരിക്കുന്നു. അപ്പോൾ അമ്മയോട് ഞങ്ങളുടെ വഴികാട്ടി പറയുന്നത് കേട്ട് ഞാൻ അതിശയിച്ചു പോയി. വധു ഏഴു മാസം ഗർഭിണിയാണ്, ഇവരുടെ സംസ്കാരം വളരെ പ്രത്യേകത ഉള്ളതാണ്.
പാട്ടും, നൃത്തവും, പാചകവും, പോലെ ഋതുമതിയായ പെൺകുട്ടിയെ അമ്മയാകാനും പഠിപ്പിക്കുന്നു. ചെറുപ്രായത്തിലേ പെൺകുട്ടികൾ ഗര്ഭിണിയാവുന്നു. മാത്രമല്ല പെൺകുഞ്ഞുങ്ങളെ നശിപ്പിക്കുന്നു, ഭ്രൂണഹത്യ! ഞെട്ടി .
നമ്മൾക്കു ചുറ്റും കാണുന്ന മനുഷ്യരുമായും, നമ്മൾക്കറിയാവുന്ന നരവംശശാസ്ത്രവും, സംസ്കാരവുമായും താരതമ്യപ്പെടുത്തുമ്പോൾ വിലക്ഷണമായ പല ആചാരങ്ങളും കണ്ടു നാം അന്തം വിടാറുണ്ട്, ഇങ്ങനെയും ആൾക്കാരുണ്ടോ എന്ന് ചിന്തിച്ചുപോകാറുണ്ട്. അന്നും ഇന്നും..
അപ്പോൾ ‘എന്റെ അമ്മ എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്, നീ ഞെട്ടണ്ട, പണ്ട് നമ്മളുടെ ഇടയിലും എന്തെല്ലാം ആചാരങ്ങളുണ്ടായിരുന്നു, നമ്മുടെ വലിയ വലിയമ്മച്ചിയുടെ സമയത്തു പള്ളിക്കൽ നെല്ലുകുത്താൻ വരുന്ന കാളിത്തള്ള മാറ് മറച്ചിരുന്നില്ല, എത്രയോ വര്ഷം കഴിഞ്ഞാണ് അവർക്കു നെഞ്ചത്തൊരു തോർത്തിടാൻ പറ്റിയത്.
അന്നത് അവിടത്തെ ശരി ആയിരുന്നു, വര്ഷങ്ങള്ക്കു ശേഷം അതൊരു ന്യായമല്ലാത്ത, വിലക്ഷണമായ ആചാരമായി, കാലവും, വിശേഷ ബുദ്ധിയുള്ള ആൾക്കാരും ഒത്തുചേർന്നു ആ ശീലം മാറ്റി. ഇതും മാറിവരും, കാലം എല്ലാം മാറ്റും. അതുവരെ പലതും നടക്കും. കുറെ വര്ഷങ്ങള്ക്കു ശേഷം ഇതൊക്കെ അനാചാരങ്ങളായി മാറും, അടുത്ത തലമുറ മാറ്റങ്ങൾ ഏറ്റെടുക്കും.
ഞങ്ങൾക്കറിയേണ്ട കാര്യങ്ങൾ അങ്ങോട്ട് ചോദിക്കയും അവർ അതിനുള്ള ഉത്തരം പറയുകയോ, കാട്ടിത്തരുകയോ ചെയ്തു. ചുറ്റുമുള്ള കാഴ്ചകൾ കണ്ടു അതിശയത്തോടെ നോക്കിയപ്പോഴൊക്കെ അവർ ഞങ്ങളെ നോക്കി വെറുതെ പുഞ്ചിരിച്ചു.
ഈ യാത്ര തുടരുന്നതായിരിക്കും
Leave A Comment