എഞ്ചിനീയറിംഗ് പഠനത്തോട് അനുബന്ധിച്ചു എല്ലാ വർഷവും ഓരോ ദിക്കിലേക്ക് യാത്ര പോയിരുന്നു
കേരളം, തെക്കേ ഇന്ത്യ, ഇന്ത്യ മുഴുവനായും.
ഞങ്ങളുടെ സിലബസിന്റെ ഭാഗമാണ് ഈ യാത്രകൾ
ഈ ഓരോ യാത്രയിലും കോളേജിന്റെ മേൽനോട്ടവും, കുറെ മാർഗനിർദ്ദേശങ്ങളൊക്കെ ഉണ്ടെങ്കിലും വിസ്തരിച്ചുള്ള പരിപാടികൾക്കൊക്കെ രൂപം കൊടുക്കുന്നത് കുട്ടികൾ തന്നെ ആയിരുന്നു. തിരികെ എത്തുമ്പോൾ , യാത്രാ വിവരണ ലേഖനം തയ്യാറാക്കണം അതിനെ ഒരു പ്രൊജക്റ്റ് റിപ്പോർട്ട് ആയി സമർപ്പിക്കുകയും വേണം. അതിനു മാർക്കുള്ളതുമാണ്. യാത്രക്ക് വരാൻ പറ്റാത്തവർ ഏതെങ്കിലുമൊരു വിഷയം തിരഞ്ഞെടുത്തു അതിനെ പറ്റി പ്രബന്ധം തയാറാക്കണം അതാണ് യൂണിവേഴ്സിറ്റി ചട്ടം.
പഠിത്തമൊക്കെ കഴിഞ്ഞു കോളേജിൽ നിന്നിറങ്ങി പുറംലോകത്തു ജോലി ചെയ്തു ജീവിക്കാൻ തയ്യാറെടുക്കുന്നതിനു മുന്നോടിയായി നടത്തുന്ന പരിശീലന യാത്രകൾ, വളരെ ആസ്വാദകരമായ അനുഭവങ്ങൾ.
യാത്രകൾക്ക് അദ്ധ്യയനത്തിലുള്ള പ്രസക്തി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്
യാത്രകൾ ഓരോ വ്യക്തിക്കും വേറിട്ടനുഭവങ്ങളാണ് പ്രദാനം ചെയ്യുക, എന്നാൽ ഒരു ദേശത്തിനു യാത്ര എന്നും വ്യവസായമാണ്
വ്യവസായം എന്ന് പറയുമ്പോൾ, നഷ്ടവും, ലാഭവും വരുത്തുന്ന കാര്യങ്ങൾ ഉണ്ടാകും അതൊക്കെ ഓരോന്നായി അക്കമിട്ടു പറയുകയും ചെയ്യാം.
ഏതൊരു രാഷ്ട്രത്തിനും, ദേശത്തിനും, ഒരു പോലെ ഏറ്റെടുത്തു നടത്താവുന്ന ഒരു വ്യവസായമാണ് വിനോദ സഞ്ചാരം.
പക്ഷെ ഇന്ന് വിനോദം, എന്നപോലെ തന്നെ സഞ്ചാരത്തിന്റെ കൂടെ നിഴല് പോലെ പിടികൂടിയിരുക്കുന്ന ഒരു ഘടകം ആണ് ഭയം .
സത്യത്തിൽ ഈ ലോകത്തു നമ്മൾ ഏറ്റവുമധികം ഭയക്കുന്നതും മനുഷ്യനെയാണ്.
മനുഷ്യനെ, മനുഷ്യനാൽ തീർക്കപെടുന്ന വിപത്തുകളെ….
കൂടുന്നതല്ലാതെ , ഒന്നും ഒട്ടും കുറയുന്നില്ല
പണ്ടാരോ പറഞ്ഞതോർക്കുന്നു അമ്മയെ വിറ്റും കാശുണ്ടാക്കുന്നവർ
അങ്ങനെ ഈ ഭയത്തെ വിറ്റും ലാഭം ഉണ്ടാക്കുന്നു പലരും.
യാത്രക്ക്, വിനോദ യാത്ര എന്നു പേരിട്ടത് ആരാണോ ആവോ, ഒരു കാര്യം നിശ്ചയം സ്കൂളിലും, കോളേജിലും ഒക്കെ പഠിക്കുമ്പോൾ നടത്തുന്ന യാത്രകളെ ആണ് വിനോദ യാത്ര എന്ന് വിളിക്കാറ്
യാത്രകൾ, എനിക്കെന്തു ? എന്നിവിടെ ഓർത്തെടുക്കാൻ ശ്രമിക്കുന്നു
എനിക്കോർമ്മയുള്ള കാലം മുതലേ എന്റെ വീട്ടിൽ, കുറെ സ്ഥലങ്ങളുടെ പട്ടിക ആരോ തയ്യാറാക്കി വെച്ചിട്ടുള്ളത് എല്ലാ അവധിക്കും പൊടി തട്ടി എടുത്തിട്ട്, ഒരു പോക്കാണ്.
മലമ്പുഴ, പീച്ചി, തേക്കടി, മൂന്നാർ, ഭൂതത്താൻകെട്ട്, കുറ്റാലം, പൊന്മുടി കന്യാകുമാരി, മധുര, കുടുംബ സുഹൃത്തുക്കൾ കുറെ പേര് ചേർന്നാണ് പോവുക, അല്ലെങ്കിൽ കുടുംബത്തിലുള്ള കുറച്ചു പേര് ചേർന്ന്
എന്തായാലും ഒറ്റയ്ക്ക് ഞങ്ങൾ എവിടെയും പോയതായി എനിക്കോർമ്മയില്ല.
അമ്മയും അപ്പയും എങ്ങനെ ആണ് സ്ഥലങ്ങളുടെ പേരും നാളും തീരുമാനിച്ചിരുന്നതെന്നറിയില്ല , യാത്രകളെല്ലാം കാറിലായിരുന്നു, വളരെ ചിട്ടയോടെ ചെയ്തിരുന്ന കുറെ അധികം സംഗതികളും ഉണ്ടായിരുന്നു.
ഓണം, ക്രിസ്തുമസ് അവധി 10 ദിവസമാണ് ആകെ കിട്ടുക. സ്കൂൾ അടച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ യാത്ര പുറപ്പെടും
തലേന്ന് രാത്രി ഞങ്ങളുടെ മോറിസ് മൈനർ കാറുമായി ‘ അമ്മയും അപ്പയും, ഞാനും എന്റെ അനുജനും ഞങ്ങളുടെ കുടുംബത്തിലെ അംഗമായ വണ്ടി ഓടിക്കുന്ന റെജിനാൾഡും കൂടി കർബല ജംഗ്ഷനിലുള്ള പള്ളിയിയുടെ അരമനയിൽ ചെല്ലും, പള്ളിയിലെ അച്ഛനെ ആണ് ആദ്യം യാത്രയുടെ വിവരം അറിയിക്കുക, സന്ധ്യാ നമസ്കാരത്തിന്റെ സമയത്തു ചെന്ന് പ്രാർത്ഥനയും കഴിഞ്ഞു അച്ഛനോട് , അടുത്ത ഞായറാഴ്ച പള്ളിയിൽ കാണില്ല, സൺഡേ സ്കൂളിൽ കാണില്ല തുടങ്ങിയ സംഗതികൾ അറിയിക്കും, ആ നേരം കൊണ്ട് റെജിനാൾഡ് പള്ളിയുടെ തൊട്ടു മുന്നിലുള്ള രാധാസ് പെട്രോൾ പമ്പിൽ നിന്ന് പെട്രോൾ അടിക്കും അന്നൊക്കെ 5 ലിറ്ററാണ് ഒരു നേരം ഒഴിക്കുന്നത്, അതിൽ കൂടുതൽ ഒഴിക്കുന്നത് എനിക്കോർമ്മയില്ല, പക്ഷെ ദൂരയാത്രക്ക് മുന്നേ ഇച്ചിരികൂടി ടാങ്ക് നിറയ്ക്കും.
പെട്രോൾ തീർന്നാൽ നിറക്കാനുള്ള ദീര്ഘചതുരാകൃതിയിലുള്ള ഒരു പാട്ട എപ്പോഴും വണ്ടിയിൽ കാണും അതിന്റെ വായിൽ ഘടിപ്പിക്കുന്ന ഒരു ട്യൂബും.
പള്ളിയിൽ നിന്ന് തിരികെ വരുന്ന വഴി പ്രതിഭ ജംഗ്ഷനിലെ രാധാസിന്റെ വീട്ടിൽ കയറി ശകുന്തളാമ്മയെ കണ്ടു കാര്യങ്ങൾ പറയും, ചിലപ്പോൾ അമ്മയും ഞങ്ങളുടെ കൂടെ വരാറുണ്ട്, പ്രത്യേകിച്ച് കുന്നുംകുളം സൈഡിലോട്ടു പോകുക ആണെങ്കിൽ ‘അമ്മ തീർച്ച ആയും കൂടെ വന്നിരിക്കും
ഗുരുവായൂരമ്പലത്തിൽ നിർമാല്യം തൊഴാൻ.
വലിയപ്പച്ചൻ എനിക്ക് തന്ന ഒരു ചെറിയ തോല്പെട്ടിയിലാണെന്റെ ചില പ്രത്യേക സാധനങ്ങൾ വെക്കുക. അതിനു ഒരു നരച്ച ചെങ്കല്ലിന്റെ നിറമാണ്, രണ്ടു സൈഡിലും പെട്ടിയിൽ തന്നെ ഘടിപ്പിച്ച ഒരു വാറുണ്ട്. എന്നിട്ടു മുന്നിലായി ഒരു കൊളുത്തും, പാന്റിന്റെ ബെൽറ്റ് പോലെ പക്ഷെ ഊരി എടുക്കാൻ പറ്റില്ല; സ്കൂളിൽ പഠിച്ചപ്പോൾ ഇട്ടിരുന്ന ബക്കിൾ ഉള്ള ഷൂസിന്റെ കൊളുത്തിടുന്ന പോലെ ബന്തവസ്ഥയാക്കിയ ഒരു കൊച്ചു പെട്ടി.
ഞാൻ അതിന്റെ ഉള്ളിൽ നിധി പോലെ സൂക്ഷിക്കുന്ന കുറെ സാധനങ്ങൾ കരുതും. കുന്നുംകുളത്തെ വലിയപ്പച്ചൻ തന്ന സ്റ്റീൽ കത്രിക, ഒരു തീപ്പെട്ടി, പള്ളിയിൽ കത്തിക്കുന്ന വലിയ മെഴുകുതിരി, പഞ്ഞി, ബെൻസോയ്ൻ, അമൃതാഞ്ജൻ, അപ്പയുടെ പഴയ ഡബിൾ അലക്കി തേച്ചത്, ഇത് പനിയോ ജലദോഷമോ വന്നാൽ മൂക്ക് ചീറ്റാനാണ്, പെന്സില്, പ്രെസ്സിൽ നിന്ന് ഒരു പോലെ വെട്ടിയ നോട്ടീസ് പേപ്പർ സുഷിരങ്ങൾ ഇടുന്ന മെഷീനിൽ, കുഞ്ഞു കുഞ്ഞു സുഷിരങ്ങൾ ഉണ്ടാക്കി, തുന്നികെട്ടിയ ബുക്ക്, മായിക്കാനുള്ള റബര്, ഒരു സ്കെയിൽ, സൂചിയും, വെള്ളയും കറുപ്പും നൂൽ, പ്രസ് ബട്ടൺ, ഹൂക് പെന്സില് വെട്ടാനൊരു കുഞ്ഞു കത്തി,
എല്ലാവരുടെയും തുണികളൊക്കെ മടക്കി വേറൊരു ചെറിയ പെട്ടിയിൽ നിറയ്ക്കും
അമ്മയുടെ മരുന്നെടുക്കുന്ന ചുമതല എന്റേതാണ്
അത് ഒരു ചുമടുണ്ടാവും
പിന്നെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു തരം കാര്യങ്ങൾ
ഒന്ന് യാത്രക്കുള്ള ഭക്ഷണം പല തരം, യാത്ര പോകുമ്പോൾ പഴം, ഏത്തക്ക ഓറഞ്ച് ഇങ്ങനെ കുപ്പായമുള്ള പഴവർഗങ്ങളാണ് ഉത്തമം, പിന്നെ തൈര് സാദം, അച്ചാർ, ഇഡലി പുഴുങ്ങിയത്, ദോശ പൊടി എണ്ണ, നല്ല ചുട്ടരച്ച കട്ട ചമ്മന്തി വാഴയിലയിൽ പൊതിഞ്ഞതു, ഭക്ഷണം പല തരമാണ്, ഒരുമിച്ചെല്ലാം കൂടി ഇവിടെ എഴുതുന്നില്ല; ഓരോ യാത്രയിൽ ഓരോന്ന് ഓർത്തെടുക്കാം
വേറെ ഒരു കൂട്ടം കാര്യമാണ് വളരെ പ്രധാനമായി അന്നൊക്കെ കൊണ്ട് പോയത് അതെടുക്കുന്ന ചുമതല അമ്മയ്ക്കും
‘അമ്മ ആദ്യം തന്നെ പുറത്തെ പ്രെസ്സിന്റെ സൈഡിലെ മുറിയിൽ നിന്ന് കഴുകി കമഴ്ത്തി വെച്ച ഒരു പ്ലാസ്റ്റിക് ബേസിനും, ബക്കറ്റും എടുക്കും, എന്നിട്ടു ഒരു പോണി, പിന്നെ ഈർക്കിലിന്റെ ഒരു കുറ്റി ചൂല്, ഫെറടോളിന്റെ വലിയ ഒരു കുപ്പിയിൽ സോഡാകാരം, പിന്നെ കക്കൂസ് കഴുകുന്ന പിടിയുള്ള ബ്രഷ് അത് വെക്കാനൊരു പ്ലാസ്റ്റിക് തൊട്ടി, തേഞ്ഞു പോകാത്ത പഴയ പല്ലു തേക്കുന്ന ബ്രഷ്, കുളിമുറിയിലെ ടൈലിന്റെ ഇടയും, വാഷ് ബസിന്റെ പൈപ്പിന്റെ ഇടയും കഴുകാൻ, ആശുപത്രിയുടെ മണമുള്ള ലോഷൻ, പഴയ വിമ്മിന്റെ ഒരു ഡബ്ബ, കുറച്ചു ചകിരി, ഞങ്ങളുടെ സന്തത സഹചാരിയായ ലൈഫ് ബോയ് സോപ്പും, 501 ബാർ സോപ്പും, 2 പ്ലാസ്റ്റിക് സോപ്പ് പെട്ടി, അത്യാവശ്യത്തിനു പാത്രം കഴുകാനും, തുണി കഴുകാനും ഓരോ ബ്രഷുണ്ടാവും എപ്പോഴും കൈയ്യിൽ.
കുറച്ചേറെ പത്രം, കുറച്ചു പഴംതുണി തറ തുടക്കാൻ, വേറെ കുറച്ചു നല്ല പഴംതുണി. വീട്ടിൽ നിന്ന് പുറപ്പെടുന്നതിനു മുന്നേ പത്രം വെച്ചുണ്ടാക്കിയ ടോയ്ലറ്റ് സീറ്റ് കവറുകൾ ഉണ്ട് ഇപ്പോൾ വിമാനങ്ങളിൽ കാണാറുള്ളത് പോലെ, ഞാനിന്നതൊക്കെ കാണുമ്പോൾ ഓർക്കും 1960 – ൽ എന്റെ ‘അമ്മ ഇതുണ്ടാക്കിയിരുന്നു, ഒരു പക്ഷെ അതിനു മുന്നേ തന്നെ.
ചില ഉപകരണങ്ങൾ എപ്പോഴും കരുതും കൈയ്യിൽ എന്തെങ്കിലും പഴങ്ങൾ വാങ്ങിയാൽ മുറിക്കാനുള്ള കത്തി, സ്റ്റീലിന്റെ പ്ലേറ്റ്, ഗ്ലാസ്, കോപ്പ, പ്ലേറ്റ് തുടക്കാനുള്ള തുണി, വെള്ളത്തിനുള്ള കുപ്പി , ഇതൊന്നുമില്ലാതെ ഒരു യാത്ര പോയതായി എനിക്കൊര്മയില്ല.
അത് കൊണ്ട് തന്നെ ഇന്നും എവിടെ പോയാലും എന്റെ കൈയ്യിൽ കൊണ്ടുപോകുന്ന അവശ്യ സാധനങ്ങളുടെ ഒരു ലിസ്റ്റുമുണ്ട്
അലാസ്കയിലും, അന്റാർട്ടിക്കയിലും, മാച്ചിപ്പിച്ചുവിലും , കിർകിനസിലുമൊക്കെ പോകുമ്പോൾ ഒരു സൂചിക്കും നൂലിനും, കണ്ണാടിയുടെ സ്ക്രൂ മുറുക്കുന്ന ചെറിയേ ഒരു സ്ക്രൂ ഡ്രൈവറിനുമുള്ള പ്രസക്തി എന്താണെന്ന് വഴിയേ പറയാം.
ഞങ്ങൾ യാത്ര പോയപ്പോഴൊന്നും നക്ഷത്രങ്ങൾ ഉള്ള ഹോട്ടലുകളിൽ താമസിച്ചിരുന്നില്ല അങ്ങനെ ഒരു സങ്കല്പം അറിയുകയും ഇല്ല, മധുരയിലെ കോളേജ് ഹോസ്റ്റൽ എന്ന് പറയുന്ന ഹോട്ടൽ അവിടെ ചെന്നിറങ്ങി മുറിയെടുത്തു സാധനങ്ങൾ മുറിക്കകത്തു വെച്ചാൽ ‘അമ്മ ആദ്യം സോഡാ കാരം കുളിമുറിയിൽ വിതറി അല്പനേരത്തിനു ശേഷം കുറ്റിച്ചൂല് വെച്ചു കഴുകും, പിന്നെ പിന്നെ ഞാനീ പണിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തു, എന്റെ ‘അമ്മ പിൽക്കാലത്തു പറയും അവൾക്കു കുളിക്കാൻ 2 മിനിറ്റ് കുളിമുറി കഴുകാൻ 10 മിനിറ്റ്
ശരിയാണ് ഇന്നും ഞാൻ കൃത്യമായി ചെയ്യുന്ന ഒരു പണി ആണ് എന്റെ കുളിമുറി കഴുകുന്നത് എവിടെ ചെന്നാലും ഈ ഒരു കാര്യം കഴിഞ്ഞേ വേറെ കാര്യമുള്ളൂ
പിന്നെ മുറിയിലെ മേശയുടെ മുകൾ ഒന്ന് കൂടി തുടച്ചിട്ട്, പത്രം മേശവിരി പോലെ ഇട്ടിട്ട് സാധനങ്ങളെല്ലാം പെറുക്കി വെക്കും
അലമാരിക്കകവും വൃത്തിയാണോ എന്ന് നോക്കും, എന്നിട്ടു തട്ടിൽ പത്രം ഇട്ടിട്ടേ സാധനങ്ങൾ പിറക്കി വെക്കൂ. ഒരു സത്യം പറയാം ലോകമെമ്പാടും സഞ്ചരിക്കുന്നവരാണെല്ലാവരും; പഞ്ച നക്ഷത്ര ഹോട്ടലുകളും ഇപ്പോൾ എയർ ബി&ബി യുമുണ്ട് സോഡാകാരവും, കുറ്റിച്ചൂലും, തറ തുടക്കുന്ന തുണിയും ആവശ്യമില്ല .
പുറം രാജ്യങ്ങളിൽ കുളിമുറികളിൽ ഓവില്ല, അപ്പോൾ വെള്ളം ഒഴിച്ച് കഴുകാറില്ല. അവർ ഒരു രോഗാണുനാശിനി തളിച്ചിട്ടു തുടക്കാറേ ഉളളൂ.
ഈ യാത്ര തുടരും
Leave A Comment