കാലത്തെഴുന്നേറ്റ് മുൻവശത്തെ വരാന്തയിലോട്ടു ചെന്നപ്പോൾ മുറ്റം കാണാൻ മേല, എന്ന് മാത്രമല്ല കുന്നിന്റെ നിറുകയിൽ നിൽക്കുന്ന വീടിന്റെ ഉള്ളിലൂടെ മേഘം, അതെ വെളുത്ത മേഘം കയറി ഇറങ്ങി പോകുന്നു. ആരൊക്കെയോ ആകാശം മുട്ടി നിൽക്കുന്ന മരങ്ങളുടെ മുകളിൽ ഇരുന്ന് വിശറി കൊണ്ട് വീശി, വീശി, പഞ്ഞികെട്ടു പോലെയുള്ള മേഘങ്ങളെ, ഞാൻ നിൽക്കുന്നിടത്തേക്കു പറത്തി വിടുന്ന പോലെ.
ഞാൻ എന്റെ കൈ നീട്ടി, മേഘപാളികളെ ഒന്ന് തൊടാൻ, തൊട്ടു, ശരിക്കും തൊട്ടു, വിരലുകൾ കൂട്ടിച്ചേർത്തു പിടിച്ചു നോക്കി, പിടിച്ചു ,ശരിക്കും പിടിച്ചു,
പക്ഷെ, എന്റെ വിരലുകളിലും കൈക്കുള്ളിലും ഒതുങ്ങാതെ, മേഘം എന്റെ ആത്മാവിലേക്കു നീർകുഴി ഇടുന്ന പോലെ ഞൊടിയിടയിൽ ആഴ്ന്നിറങ്ങി.
ആത്മാവിലാകെ ഒരു പ്രകാശ വലയം, ഞാനെന്റെ അമ്മയെയും, അപ്പയെയും ഓർത്തു, കാണണമെന്ന് തോന്നി, ഒരു മാസത്തോളമായി വീട്ടിൽ നിന്ന് മാറി നിന്നിട്ടു, ഇത്രയും നാൾ അടുപ്പിച് ഇന്ന് വരെ മാറി നിന്നിട്ടില്ല.
പയ്യെ, പയ്യെ, മേഘങ്ങളുടെ ഈർപ്പം, എന്റെ മൂക്കിന്റെ തുമ്പത്തു അനുഭവപ്പെടാൻ തുടങ്ങി, Ernakulam, St Teresas College-ൽ കടുവ മത്തായി സാറും, പുഞ്ചിരി മത്തായി സാറും പഠിപ്പിച്ച Physics ഓർമ്മ വന്നു.
എന്താണ് മേഘം? അയ്യോ അപ്പോഴേക്കും Physics Department HOD Sr. Merita -യെ ഓർത്തു. അതോടെ മേഘത്തിന്റെ മാസ്മരികതയെ പറ്റിയുള്ള ഭാവനകൾ വിയർപ്പു കണങ്ങളായി എന്റെ മൂക്കിന്റെ തുഞ്ചത്തൂടെ ഒഴുകി ഇറങ്ങി.
തലേന്ന് എല്ലായിടവും നടന്നു കണ്ടതുകൊണ്ടു അന്നത്തെ ദിവസം ഞാൻ പറമ്പിലൂടെ നടക്കാൻ തീരുമാനിച്ചു. പറമ്പിൽ പല തരത്തിലെ കൃഷിയാണ്. പോരാഞ്ഞിട്ട് പാമ്പുണ്ട്, മുള്ളൻ പന്നിയുണ്ട് പലതരത്തിലെ വന്യ മൃഗങ്ങൾ ഉണ്ട്. എനിക്ക് കൂട്ടായി ഇടവും, വലവും രണ്ടു പടയാളികളുമായിട്ടാണ് നടക്കാൻ ഇറങ്ങിയത് . 10 നില കെട്ടിടത്തിന്റെ അത്രയും ഇറക്കം, പിന്നെ അതുപോലെ കയറ്റം ഇങ്ങനെ കുന്നും മലയുമുള്ള ഇടം, മൂന്നാലു മണിക്കൂറു നടന്നു, തിരികെ വന്നത് വീടിന്റെ പുറകു വശത്തു കൂടിയാണ്. വീടിന്റെ താഴെയായി ഒരിടത്തെത്തിയപ്പോൾ, മുകളിൽ നിന്നുള്ള ഒരു ഉറവിയിൽ നിന്ന് വെള്ളം വരുന്നുണ്ടായിരുന്നു. അതിങ്ങനെ ഒഴുകി ഒരു കൽമതിലിന്റെ പുറത്തൂടെ ചാടി ചെറിയൊരു വെള്ള ചാട്ടം പോലെ വന്നിട്ട് താഴെ ഒരു കുളത്തിൽ വന്നു വീണിട്ടാണ് താഴോട്ട് ഒഴുകി പോകുന്നത്
ഇവിടെ കുളത്തിന്റെ സൈഡിലായി കൽപ്പടവുകൾ കെട്ടിയിട്ടിരുന്നു. രണ്ടു വശത്തായി കൈവരികളും.
നടന്നവിടെ എത്തിയതും മഴ പെയ്യാൻ തുടങ്ങി. മരങ്ങളുടെ ചില്ലകളിൽ നിന്നു ഇറോന്നു വെള്ളമിങ്ങനെ വീണുകൊണ്ടിരുന്നു. നീർ ചാലുപോലെ നിർത്താതെ, നീന്താനറിയില്ല പക്ഷെ മുട്ടുവരെ മാത്രമേ വെള്ളമുള്ളൂ. ധൈര്യമായിറങ്ങി. അസ്സലായി മഴ നനഞ്ഞു കുളിച്ചു. ഒരായിരം രാവ് തപസ്സിരുന്നാൽ കിട്ടാത്ത അസുലഭ സൗഭാഗ്യം. തിരികെ വന്നു വേഷമൊക്കെ മാറി നനഞ്ഞ തുണിയെല്ലാം പിഴിഞ്ഞ് വരാന്തയിൽ വിരിച്ചിട്ടു.
അന്ന് രാത്രി ഞങ്ങൾ എല്ലാവരും കുറെ നേരം ഉണർന്നിരുന്നു നാട്ടിലെ കഥകളും കാര്യങ്ങളും പറഞ്ഞു, തിരികെ ചെന്നിട്ടു അമ്മയെയും അപ്പയെയും സാമിച്ചായനെയും അമ്മച്ചി യേയുമൊക്കെ പറഞ്ഞു വിടണം എന്ന് പറഞ്ഞു. അതെന്തായാലും ചെയ്തിരിക്കും, യാതൊരു സംശയവും വേണ്ട എന്ന് ഞാൻ പറഞ്ഞപ്പോൾ അവർക്കെല്ലാം വലിയ സന്തോഷമായി.
വെളുപ്പിനെ 5 മണിക്ക് തന്നെ ഉണർന്നു, പോകാൻ തയ്യാറായി, വീട്ടിൽ സഹായത്തിനു നിൽക്കുന്ന പയ്യൻ എനിക്കെത്രയും പ്രിയപ്പെട്ട ഏത്തക്കയും താറാമുട്ടയും പുഴുങ്ങി വെച്ചിരുന്നു. അത് പൊതിഞ്ഞെടുക്കാൻ തീരുമാനിച്ചു. കുറച്ചു പഴങ്കഞ്ഞി കുടിക്കാതെ പോകുന്ന പ്രശ്നമില്ല എന്ന് തലേന്നേ പറഞ്ഞത് കൊണ്ട് അത് റെഡി ആയിരുന്നു. ഇനി എന്റെ വീട്ടിൽ ചെന്നാലേ വായ്ക്ക് രുചിയായി വല്ലതും കഴിക്കാൻ പറ്റൂ.
കൂട്ടുകാർക്കു കൊടുക്കാൻ കുറെയധികം പച്ചണ്ടി പൊളിച്ചതും, കുറെ ഏത്തക്കയും, പഴവും പറങ്കിപ്പഴവും കെട്ടിപ്പെറുക്കി എടുത്തു. കറ പറ്റരുതെന്നു അപ്പച്ചൻ പ്രത്യേകം പറഞ്ഞപ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു. എന്ത് കിട്ടിയാലും അപ്പൊ തന്നെ വായിലിടുന്ന ഞങ്ങൾക്ക് കറയൊന്നും ഒരു പ്രശ്നമല്ല.
പറഞ്ഞ സമയത്തിന് മുന്നേ തന്നെ ഞങ്ങൾ ബസ് സ്റ്റാൻഡിൽ എത്തി, ഞാൻ ചെന്ന് പത്തു മിനിട്ടു കഴിഞ്ഞതും സാറും എന്റെ കൂട്ടുകാരും എത്തി, കഴിഞ്ഞ രണ്ടു ദിവസം അവിസ്മരണീയമാക്കിയ കുന്നുംപുറത്തെ കൊച്ചു സാമിച്ചായനോടും കൊച്ചമ്മയോടും യാത്ര പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു. നാട്ടിൽ വരുമ്പോൾ വീണ്ടും കാണാം എന്ന് പറഞ്ഞു കൈ വീശി യാത്ര പറഞ്ഞു.
വീണ്ടും ഒരു ബസ് യാത്ര. വണ്ടി വിട്ടു അൽപ നേരം കഴിഞ്ഞതും ഞാനെന്റെ കൈയ്യിലുള്ള ഭക്ഷണ പൊതിയുടെ കാര്യം അവതരിപ്പിച്ചു. പിന്നെ എന്ത് നടന്നു എന്ന് എനിക്കോർമ്മയില്ല . ആകെ ഓർക്കുന്നത് ആളില്ലാത്ത സ്ഥലമെത്തുമ്പോൾ ബസിന്റെ ജനാലയിലൂടെ പുറത്തേയ്ക്കു പറക്കുന്ന പഴത്തൊലികളെയാണ്.
പച്ചപറങ്കിയണ്ടി ആദ്യമായി കഴിച്ചവർക്കു തീരെ വിശ്വാസം വന്നില്ല; കടി കൊള്ളുന്ന പറങ്കിയണ്ടി പച്ചക്കു തിന്നുമ്പോൾ ഇത്ര അധികം രുചിയുണ്ടെന്നു, അമുൽ വെണ്ണ മുട്ടായി പോലെ ആക്കി വായിലിട്ട് അലിയിക്കുന്ന പോലെ എന്തൊരു മാർദ്ദവമാണ്.
ചുറ്റുമുള്ള കാഴ്ചകൾ കാണുമ്പോൾ കേരളത്തിലൂടെ യാത്ര ചെയ്യുകയാണോ എന്ന് സംശയിച്ചു പോകും. അതേ പച്ചപ്പ്, അതേ മരങ്ങൾ, റോഡ് സൈഡിലെ മുറുക്കാൻകടകളിലെ ബെഞ്ചുകളിൽ, കൈലിയും മടക്കിക്കുത്തി, കട്ടനും അടിച്ചു, ബീഡിയും വലിച്ചിരിക്കുന്ന ബുദ്ധിജീവികളുടെ അഭാവം ഒന്ന് മാത്രമാണൊരു വ്യത്യാസം.
കുറച്ചു കഴിഞ്ഞപ്പോൾ മിക്കവരും മയങ്ങാൻ തുടങ്ങി. ഉച്ച കഴിയുന്നതും മംഗലാപുരത്തെത്തും, സന്ധ്യക്കാണ് അടുത്ത തീവണ്ടി.നാല് മണിയോടെ Railway Station- ൽ എത്തണം. ഇതായിരുന്നു പരിപാടി.
ബസ് മംഗലാപുരത്തെത്തിയപ്പോൾ ഉച്ച കഴിഞ്ഞിരുന്നു; ബസ് സ്റ്റാൻഡിൽ തന്നെ ഉള്ള ഒരു ഉഡുപ്പി ഹോട്ടലിൽ കയറി നല്ല ശാപ്പാട് അടിക്കാനായിരുന്നു ആദ്യത്തെ പരിപാടി. പെട്ടികളും, കുട്ടികളുമായുള്ള ഞങ്ങളുടെ പട മുഴുവനും കൂടി ഒറ്റ അടിക്കു കയറുന്ന കാര്യം ബുദ്ധിമുട്ടാണെന്ന് മനസ്സിലായി. മരണ വിശപ്പില്ലാത്തവർ വെളിയിൽ പെട്ടികൾക്കു കാവൽ നിന്നു. സീറ്റ് ഉള്ളതനുസരിച്ചു ബാക്കി ഉള്ളവർ കയറി ഭക്ഷണം കഴിച്ചു.
ഹോട്ടലിൽ നിന്നിറങ്ങിയ ടോം തോമസും, തോമാച്ചനും കൂടി വയറു തടവിയിട്ടു, ഒരു സോഡാ കുടിച്ചിട്ടിപ്പോ വരാമെന്നു പറഞ്ഞു ഹോട്ടലിന്റെ സൈഡിലെ ഇടവഴിയിലോട്ടു പോയി, അപ്പോഴേക്കും Rajan P D പറഞ്ഞു, സോഡാ കുടിക്കാനൊന്നുമല്ല , പുകക്കാൻ പോകുവാ.
PD- യുടെ പരദൂഷണം കേട്ട് ഞങ്ങൾ വെറുതെ പുഞ്ചിരിച്ചു.
ഊണ് കഴിഞ്ഞതും എല്ലാവരും ഉഷാറായി. ഇനി ഓട്ടോയോ, ടാക്സിയോ വിളിച്ചു റെയിൽവേ സ്റ്റേഷനിൽ പോകാം എന്നായി. നേരത്തെ തീരുമാനിച്ചത് പോലെ 4 മണിക്ക് തന്നെ സ്റ്റേഷനിൽ എത്തി. സ്റ്റേഷൻ മാസ്റ്ററിന്റെ മുറിയിൽ ചെന്ന് ഒരുമിച്ചിരിക്കാനുള്ള കംപാർട്മെന്റിന്റെ കാര്യമൊക്കെ തിരക്കി.
ഞങ്ങൾ അങ്ങനെ ഓൾ ഇന്ത്യ ടൂറിന്റെ അവസാന പാദത്തിലെത്തി. ഒന്നൊന്നര മണിക്കൂറിനകം തീവണ്ടി പാളത്തിൽ പിടിച്ചിടും; അപ്പോഴേക്കും പെട്ടികളെല്ലാം കയറ്റി വെക്കാം, കയറി ഇരിക്കയും ചെയ്യാം. Transport, Luggage, Security കമ്മറ്റിക്കാരെല്ലാം ഒന്ന് കൂടി ഒത്തു കൂടി, പെട്ടികളുടെ എണ്ണമെടുത്തു. തീവണ്ടി വരാൻ കാത്തു നിന്നു.
യാത്ര പുറപ്പെട്ടപ്പോളുണ്ടായിരുന്ന ജിജ്ഞാസയോ, പിരുപിരുപ്പോ, ആരിലും കണ്ടില്ല. കഴിഞ്ഞ 30 ദിവസത്തെ ഓർമ്മകളുമായി, മൂകരായി, വലിയ മിണ്ടാട്ടമില്ലാതെ എങ്ങോട്ടൊക്കെയോ നോക്കി നിൽക്കയായിരുന്നു എല്ലാവരും.
ഏതാനും മണിക്കൂറുകൾ കഴിയുമ്പോഴേക്കും എല്ലാവരും അവരവരുടെ വീടെത്തിയിരിക്കും, 2 ദിവസത്തെ അവധിക്കു ശേഷം വീണ്ടും ക്ലാസ് തുടങ്ങുകയും ചെയ്യും.
മനസ്സിൽ മാത്രം സ്വരുക്കൂട്ടി വെ ച്ചതും, കടലാസ്സിൽ കുറിച്ചിട്ടതുമായ ഓർമ്മകളെല്ലാം പെറുക്കി എടുത്ത്, പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കണം, പഠനവുമായി ബന്ധപ്പെട്ട കാഴ്ചകൾക്ക് മുൻതൂക്കം കൊടുത്തു വേണം റിപ്പോർട്ട് തയ്യാറാക്കാൻ. എന്നാലേ മാർക്കു കിട്ടൂ, ഇടക്കെപ്പോഴോ ജോൺ ചെറിയാൻ സാർ പറഞ്ഞതോർത്തു.
ഞാൻ നോക്കിയപ്പോ നവാസ് ജോൺ ചെറിയാൻ സാറിനോട് പ്രൊജക്റ്റ് റിപ്പോർട്ടിനെ പറ്റി വളരെ ഗൗരവമായി സംസാരിക്കുന്നു.
സാറെ അപ്പഴേ, ഞങ്ങൾ എല്ലാവരും ഒരേ കാഴ്ചയല്ലേ കണ്ടത്, അങ്ങനെയുള്ള സ്ഥിതിക്ക് ആരെങ്കിലും ഒരാൾ വൃത്തിയായിട്ടങ്ങു എഴുതിയാൽ പോരെ സാറെ, മുൻപിലത്തെ കവർ ഓരോരുത്തരുടെ ഭാവന പോലെ മാറ്റികൊടുക്കാം.
പക്ഷെ അകത്തുള്ളതു ഞങ്ങൾ ഒരുമിച്ചെഴുതി ഒരു വലിയ സംഭവം ആക്കി സാറിന്റെ മേശപ്പുറത്തു വെക്കുന്നതായിരിക്കും.
സാറ് നോക്കിക്കോ ഇന്ന് വരെ ആരും സമർപ്പിച്ചിട്ടില്ലാത്ത ഒരു അടിപൊളി യാത്രാ വിവരണം ആയിരിക്കും 1977- ൽ TKM കോളേജിൽ ചേർന്ന സിവിൽ ബാച്ചിന്റെ ഓൾ ഇന്ത്യ ടൂർ റിപ്പോർട്ട്.
ഇത് ഞങ്ങളുടെ എല്ലാവരുടെയും ജീവിതത്തിന്റെ പരിച്ഛേദം ആയിരിക്കും, ഞങ്ങൾ കണ്ട കാഴ്ചകൾ, അനുഭവിച്ച വികാരങ്ങൾ, കൊച്ചു കൊച്ചു നർമ്മങ്ങൾ, നൊമ്പരങ്ങൾ, കുസൃതികൾ, എല്ലാം അടങ്ങിയ ഒരു പരമ്പര. പതിറ്റാണ്ടുകൾക്ക് ശേഷം അറുപതിന്റെ മികവിലും വായിച്ചു ചിരിക്കാനും രസിക്കാനുമൊരു കാവ്യം. സാറിനെപ്പോൾ വേണമെങ്കിലും മാർക്കിടാം, പക്ഷെ ഞങ്ങൾക്കെല്ലാവർക്കും ഒരേ മാർക്കായിരിക്കണം.
തീവണ്ടി വന്നു, ആദ്യം എണ്ണി തിട്ടപ്പെടുത്തിയ പെട്ടികൾ കയറ്റി, പിറകെ ആളുകളും കയറി.
ആരാരുടെ കൂടെ ഇരിക്കുന്നു, എന്നാരും ശ്രദ്ധിച്ചില്ല, വണ്ടി സ്റ്റേഷൻ വിട്ടപ്പോൾ, ആരുടേയും മുഖത്തു വലിയ പ്രസരിപ്പൊന്നും കണ്ടില്ല.
ഇത് ശരിയാവില്ല. യാത്ര ഉഷാറാക്കിയെ പറ്റൂ, മുൻകൈ എടുത്തത് ഹരിയും നാസറുമാണ്. ഈ രാത്രി നമ്മളാരും ഉറങ്ങുന്നില്ല, ഈ രാത്രി നമ്മളുടേതു മാത്രം..എല്ലാവരും കംപാർട്മെന്റിന്റെ നടുക്കോട്ടു വന്നു.
കൊല്ലത്തെത്തുന്നത് വരെ നമ്മൾ അന്താക്ഷരി കളിക്കുന്നു, നമ്മുടെ ഓരോരുത്തരുടെയും ഓർമ്മച്ചെപ്പിലെ മലയാള ഗാനങ്ങൾ ഓർത്തിണക്കിയ അന്താക്ഷരി.
ആദ്യത്തെ പാട്ടു ഐശ്വര്യമായി സാറ് തുടങ്ങട്ടെ എന്ന് നവാസ് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു, പള്ളിയിലെ choir-ലെ പ്രധാന പാട്ടുകാരനാണ് ജോൺ ചെറിയാൻ സർ, സാറേ സന്ധ്യ ആകുന്നു ആദ്യത്തെ പാട്ടു നമ്മൾക്ക് ഈ സന്ധ്യക്ക് നേരാം.
മുഖത്തെ ചമ്മിയ ഭാവം മറക്കാൻ സാർ അമര്ത്തിച്ചിരിച്ചു.
എന്നിട്ടു പാടി
സന്ധ്യ മയങ്ങും നേരം
ഗ്രാമ ചന്ത പിരിയുന്ന നേരം
ബന്ധുരേ രാഗ ബന്ധുരേ…
സത്യം പറയാല്ലോ, ഓരോരുത്തരും അവരോർക്കു പ്രിയപെട്ടവരെ ഓർത്തു ഏറ്റുപാടി .. നീ എന്തിനീ വഴി വന്നു, എനിക്കെന്തു നൽകാൻ വന്നു
ഇനി അടുത്ത ആളിന്റെ ഊഴമാണ്. അപ്പോൾ വീണ്ടും നവാസിന് സംശയം
ഇതിപ്പോ “ന്നു” എന്നു വെച്ച് തുടങ്ങുമോ അതോ “വ” വെച്ച് തുടങ്ങുമോ
എല്ലാവരും കൂടി ഒരു തീരുമാനത്തിലെത്തിയെ പറ്റൂ. എന്നാൽ പിന്നെ അവസാനത്തെ വാക്കിന്റെ ആദ്യത്തേതോ, അവസാനത്തെയോ അക്ഷരം ആയാൽ മതി എന്നായി. ഇതിപ്പോ റിയാലിറ്റി ഷോ ഒന്നുമല്ലല്ലോ. യുഗ്മ ഗാനങ്ങൾ രണ്ടു പേര് ചേർന്ന്പാടാമെന്നു പറഞ്ഞതും ശ്രീകുമാറും, ശ്രീജയും പാടി
വാല്ക്കണ്ണെഴുതി വനപുഷ്പം ചൂടി
വൈശാഖ രാത്രിയോരുങ്ങും
മന്ദസ്മിതമാം ചന്ദ്രികചൂടീ
വനമല്ലിക നീ ഒരുങ്ങും….
എന്നാലിനി അടുത്ത പാട്ടു “ഒ” വെച്ച്
ഒരു പുഷ്പം മാത്രമെൻ ……
പൂങ്കുലയിൽ നിർത്താം ഞാൻ
ഒടുവിൽ നീയെത്തുംബോൾ ചൂടിക്കുവാൻ.
പാട്ടു പാടിയതാരാണെന്നു നോക്കുന്നതിനു മുന്നേ പാട്ടു നിന്നു…. once more, once more എന്നു എല്ലാവരും കൂടി ഒച്ച വെച്ചപ്പോൾ അനക്കമില്ല, അപ്പോൾ വേണു വിളിച്ചു പറഞ്ഞു ജോമി, ജോമി. പക്ഷെ അപ്പോഴേക്കും പിടി തരാതെ ജോമി ഇടനാഴിയുടെ അങ്ങേ
അറ്റത്തെത്തിയിരുന്നു.
അടുത്തതു് “ച”
ചന്ദ്രികാചര്ച്ചിതമാം രാത്രിയോടോ?
ചമ്പകപ്പൂവനക്കുളിരിനോടോ?
ഏതിനോടേതിനോടുപമിക്കും ഞാന് ?
ഏഴഴകുള്ളോരു ലജ്ജയോടോ?
ശ്രുതിയില്ലാതെ, സംഗതി, ഇല്ലാതെയുള്ള സ്നേഹസംഗീതം, തീവണ്ടിയുടെ താളത്തിനൊപ്പം നേരം പുലരുവോളം,
കൊല്ലം എത്തുന്നത് വരെ ഒഴുകി കൊണ്ടേയിരുന്നു.
ഈ യാത്ര ഇവിടെ അവസാനിക്കുന്നു.
Leave A Comment