കംപാർട്മെന്റിന്റെ ഉള്ളിലെ കിന്നരിയും പൊടിക്കൈയ്യുമൊന്നും അറിയാതെ തീവണ്ടി സമാന്തരമായ പാളത്തിലൂടെ ചീറിപ്പാഞ്ഞു ഓടി കൊണ്ടേ ഇരുന്നു. ജോമിയും, വേണുവും പോയ വശത്തേക്ക് നോക്കി നിന്നപ്പോൾ, ദേ വരുന്നു കറുത്ത കോട്ടിട്ട TTE , ഞങ്ങൾ പുഞ്ചിരിച്ചു , അദ്ദേഹം ഞങ്ങളുടെ Reservation Papers പരിശോധിക്കാൻ വന്നതാണ്, ഞങ്ങൾ അദ്ദേഹത്തെ സാർ ഇരിക്കുന്ന ബേയിലേക്കു കൂട്ടി കൊണ്ട് പോയി. ആരോ ഉറക്കെ ടൂർ കോർഡിനേറ്ററിനെ വിളിച്ചറിയിച്ചു,
പോകുന്ന വഴി ഞാൻ അദ്ദേഹത്തോട് ചോദിച്ചു, ഈ കോട്ട എത്താൻ ഇനി എത്രനേരം പിടിക്കും, നല്ല വിശപ്പുണ്ട് എന്താണവിടെ കിട്ടുന്ന സ്പഷ്യൽ , അദ്ദേഹം സന്തോഷത്തോടെ അറിയേണ്ട കാര്യങ്ങൾ പറഞ്ഞു തന്നു.
Kota-യിൽ നല്ല ബിരിയാണി കിട്ടും ചൂട് ബിരിയാണി. മാത്രമല്ല നല്ല കട്ടൻ ചായയും. അത് കഴിഞ്ഞാൽ പിന്നെ നിർത്തുന്ന ഇടം Vadodara ആണ്, ആ പേര് കേട്ടതും Suprabhas നെറ്റി ചുളിച്ചു, അപ്പോൾ TTE പറഞ്ഞു. നിങ്ങളൊക്കെ സ്കൂളിൽ പഠിച്ചിട്ടുള്ള ബറോഡ. ശരിക്കുള്ള പേര് വഡോദര എന്നാണ്, ആൽ മരങ്ങളുടെ നാട്. സായിപ്പി ന്റെ നാക്ക് വഴങ്ങാഞ്ഞത് കൊണ്ട് ബറോഡ ആയതാണ്.
ഞാനൊരു കഥ ഓർത്തു, കൊല്ലം കടപ്പുറത്തു കൂടി നടന്ന , സായിപ്പു തന്റെ അടുത്തു വന്ന പയ്യനോട്, തട്ടത്തിലിരുന്നതെന്താണെന്നു ആംഗ്യത്തിൽ ചോദിച്ചു; പയ്യൻ വിലയാണെന്ന് കരുതി പറഞ്ഞു കാശിനെട്ടു എന്ന് , സായിപ്പതിനെ Oh Cashoo Nut , നമ്മുടെ പറങ്കി അണ്ടിയെ Cashew Nut എന്ന് മാമോദീസാ മുക്കി, Vadodara, Baroda ആയ പോലെ. Baroda, Bombay, Madras, Calcutta, Quilon സായിപ്പു ചൊല്ലി വിളിച്ച പേരുകൾ, ചെറുപ്പത്തിൽ പറഞ്ഞും, കേട്ടും, പഴകിയും, പഠിച്ചും, മനസ്സിലാകെ കോറിയിട്ടിരുന്ന പേരുകൾ.
ഇനി ഒരു മണിക്കൂറേ ഉള്ളൂ കോട്ട എത്താൻ. ബിരിയാണി എന്ന് കേട്ടതും എന്റെ വയറ്റിൽ നിന്ന് കുറുകുറാന്ന് കൊതിയുടെ ശബ്ദം വരാൻ തുടങ്ങി. കൊതിയൂറുന്ന ബിരിയാണിയെ പറ്റി ഓർത്തു ഞാൻ ഒരു മൂലയ്ക്ക് കുത്തിരിക്കാൻ തീരുമാനിച്ചു; ഞൊടിയിടയിൽ പലഭാവത്തിലും രുചിയിലുമുള്ള എന്റെ എത്രയും പ്രിയപ്പെട്ട പലരുടെയും ബിരിയാണി കൺമുന്നിലൂടെ മിന്നി മറഞ്ഞു.
ജമീല ആന്റിയുടെ തലശ്ശേരി ബിരിയാണി, തലശ്ശേരിയിലെ ഓരോ ഭക്ഷണത്തിനും വലിയ പ്രത്യേകതകളാണ്, അറബിക്കടൽ കടന്നു വന്ന പല വിദേശികളുടെയും സംസ്കാരവും ഭക്ഷണരീതികളും ഇവിടെ പ്രബലമാണ്. ജീരകശാല പച്ചരിയും, തൈരും, നാരങ്ങാനീരും , എല്ലിൽ നിന്ന് ഊർന്നിറങ്ങി വരുന്ന ഇളപ്പമുള്ള ആട്ടിറച്ചിയും, ഇഞ്ചിയും, വെളുത്തുള്ളിയും, പച്ചമുളകും, ഗരം മസാല-യും, തക്കാളിയും, മല്ലിയിലയും, ഒക്കെ ഇട്ട ഇളം നിറമുള്ള ബിരിയാണി. വെളുത്തിരിക്കുന്ന ബിരിയാണി എന്നാണ് ഞാൻ പറയാറ്. ശുദ്ധമായ പശുവിൻ നെയ്യിൽ ഉണ്ടാക്കിയത്, എത്ര തിന്നാലും അറിയില്ല, വയറു നിറഞ്ഞു പൊട്ടുന്ന പോലെ തോന്നില്ല .
ഉളിയക്കോവിലുള്ള എന്റെ വീടിരുന്ന സ്ഥലം വാങ്ങിയത് ഞങ്ങൾക്കെത്രയും വേണ്ടപ്പെട്ട ഉമ്മയുടെയും, വാപ്പയുടെയും കൈയ്യിൽ നിന്ന്. ആ ഉമ്മ ഉണ്ടാക്കുന്ന ബിരിയാണി. പിന്നെ ഞങ്ങളുടെ കൂടെ പഠിച്ച എത്രയും സ്നേഹം നിറഞ്ഞ വഹാബിന്റെ, ഞങ്ങളുടെ കൊച്ചിക്കയുടെ നെടുമ്പായിക്കുളത്തുള്ള ഉമ്മച്ച ഉണ്ടാക്കുന്ന ബിരിയാണി. ഓരോന്നായി ഓർത്തു പോയി. തെക്കോട്ടുള്ളവർ ബിരിയാണി ഉണ്ടാക്കുന്നത് ബസുമതി അരിയിൽ, മല്ലിപൊടിയും ചിലപ്പോൾ ലേശം മുളകുപൊടിയും പൈൻ ആപ്പിളും, റോസ് വാട്ടറും, പിന്നെ കുറെ അധികം സവാള കറുമുറാന്നു വറുത്തതും, കിസ്സ്മിസ്സും, അണ്ടിപ്പരിപ്പുമൊക്കെ നെയ്യിൽ മൂപ്പിച്ചതും ഇട്ട് പ്ലേറ്റിൽ വിളമ്പി തരുന്ന ബിരിയാണി.
മേശപ്പുറത്തു വെക്കുന്നതിനു തൊട്ടു മുന്നേ ഉമ്മയും, ഉമ്മച്ചയും ചെയ്യുന്ന ഒരു കാര്യമുണ്ട് , പുഴുങ്ങിയ കോഴിമുട്ട എടുത്തു ശടപടാന്നു തോട് പൊളിച്ചു നമ്മുടെ പ്ലേറ്റിലെ ചോറിന്റെ നടുക്കോട്ടു തിരുകി കയറ്റി വെക്കും. ഞാനാണെങ്കിൽ കഴിക്കുമ്പോൾ വിളക്കുമാടത്തിന്റെ വിളക്ക് പോലെ ഇരിക്കുന്ന മുട്ടയിൽ തൊടാതെ ഒരു വശത്തു നിന്ന് പയ്യെ പയ്യെ തിന്നു തുടങ്ങും. ഇതറിയാവുന്ന കൂടെ ഉള്ള വില്ലന്മാർ ആദ്യമേ അവരുടെ മുട്ട വിഴുങ്ങിയിട്ടു, എന്റെ പാത്രത്തിലെ മുട്ട കൂടി തട്ടി കൊണ്ട് പോകാറാണ് പതിവ്.
അത് പറഞ്ഞപ്പോഴാണ് ഓർത്തത് നാളെ കൊല്ലം കടപ്പുറത്തു ഞങ്ങളുടെ തൊട്ടു മുതിർന്ന ക്ലാസ്സിൽ പഠിച്ചവർ ഒത്തു ചേരുന്നു, കടപ്പുറത്തെ പഴയ Terminus സിനിമ കൊട്ടകയിൽ, അതിപ്പോൾ ബീച്ച് ഓർക്കിഡ് എന്ന പേരിൽ ഒരു ഹോട്ടൽ ആണ്.
Thangal Kunju Musaliar കോളേജിലെ ആദ്യ സെമസ്റ്റർ ബാച്ച്! 38 വര്ഷങ്ങള്ക്കു ശേഷം വീണ്ടും കൊല്ലത്തു ഒത്തുചേരുന്നു.
പുനഃസമാഗമം 2019 ഡിസംബർ 20, 21 തീയതികളിൽ.
ഒട്ടുമുക്കാൽ പേരും 17 വയസ്സിൽ കണ്ടുമുട്ടി 23 വയസ്സുള്ളപ്പോൾ എഞ്ചിനീയറിംഗ് പഠിത്തം പൂർത്തീകരിച്ചു, ലോകത്തങ്ങോളമിങ്ങോളം മികവുറ്റ സേവനം കാഴ്ചവെച്ച, ഇപ്പോഴും കാഴ്ചവെക്കുന്ന മിടുക്കർ.
കേരള യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് പഠനം നാല് വര്ഷം എന്നുള്ളത് മാറ്റി 8 സെമസ്റ്റർ അധ്യയനക്രമം ആക്കി, പാഠ്യപദ്ധതിയും, പരീക്ഷയും, അസ്സയിൻമെന്റും, മാർക്കിടീലും, തോൽവിയും, ജയവുമെല്ലാം തന്നെ പുതുമയുള്ള പരീക്ഷണങ്ങൾ ആക്കിയ ബാച്ച് ആണിവർ.
സംഭവബഹുലം ആയിരുന്നു ഇവരുടെ പഠന കാലം, തൊട്ടടുത്ത വര്ഷം വന്ന ഞങ്ങളുടെയും കലാലയ ജീവിതം അവിസ്മരണീയമാക്കിയതിൽ ഇവരുടെ പങ്കു ചെറുതല്ല, എല്ലാ ദിവസവും എന്തെങ്കിലും സംഭവിച്ചു കൊണ്ടേ ഇരിക്കും. ഒരു കാര്യം പറയാതെ വയ്യ; ഇവര് ഒരു ഒന്നൊന്നര കൂട്ടരാണ്. എന്തുകൊണ്ടും വ്യത്യസ്തരായവർ, അന്നും, ഇന്നും, എന്നും.
കോളേജിൽ വീണ്ടും ഒത്തുചേരാൻ തിരഞ്ഞെടുത്തതോ, അസാമാന്യത നിറഞ്ഞ മറ്റൊരു ദിവസം. ഡിസംബർ 21, ഭൂമിയുടെ വടക്കൻ ധ്രുവത്തിലുള്ളവർക്കു ഏറ്റവും കുറവ് സമയവും, തെക്കുള്ളവർക്കു ഏറ്റവും കൂടുതൽ സമയവുമുള്ള ദിവസം.
1976-ൽ TKM College-ൽ പഠിക്കാൻ വന്നിറങ്ങിയത്, പൗരസ്വാതന്ത്യ്രത്തിനു കടിഞ്ഞാണിട്ടു കൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി, ഇന്ദിര ഗാന്ധി പ്രഖ്യാപിച്ച State of Emergency-യുടെ ഒത്ത നടുക്ക്.
2019-ൽ പുനഃസമാഗമത്തിനു വീണ്ടും കോളേജിൽ വരുമ്പോൾ ഇന്ത്യാ മഹാരാജ്യം പൗരത്വത്തിന്റെ. പേരിൽ അകലുന്നു, അടുക്കുന്നു. ഒരുതരം State of Confusion- ന്റെ ഒത്ത നടുക്ക്.
എനിക്ക് നേരിട്ടറിയാവുന്ന പലരും, കാണുമ്പോൾ പറയാനും, കൂടുമ്പോൾ ചെയ്യാനുമുള്ള കാര്യങ്ങൾ സ്വപ്നം കാണാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇവരിൽ പലരും പല ഇടത്തും സ്ഥിരമായി കൂടാറുള്ളവരാണ്, കാണാറുള്ളവരുമാണ്.
എന്നാൽ ഇവർ എന്റെ കൊല്ലത്തു എന്റെയും കൂടെ കോളേജിൽ ഒത്തുചേരുന്നു എന്ന് കേട്ടപ്പോൾ, SV ടാക്കീസിന്റെ മുന്നിൽ നിന്ന് 10 പൈസ ടിക്കറ്റുമെടുത്തു ഞാൻ വീണ്ടും കരിക്കോട്ടുള്ള പ്രതിഭ ബേക്കറിയുടെ മുന്നിലുള്ള ബസ് സ്റ്റോപ്പിൽ എത്തി.
കൂട്ടുകാരെ കണ്ടും, മിണ്ടിയും ബസ് സ്റ്റോപ്പിൽ നിന്ന് നടന്നു പാളത്തിന്റെ സൈഡിലുള്ള റോഡിലൂടെ കോളേജിന്റെ ഗേറ്റ് കയറിയപ്പോൾ അറിയാതെ ഞാൻ നമിച്ചു പോയി ആ വലിയ മനുഷ്യനെ.
മനുഷ്യ സ്നേഹിയായ, നിസ്വാര്ത്ഥനായ, ദീർഘ വീക്ഷണമുള്ള, പോരാഞ്ഞിട്ട് കൊല്ലങ്കാരനായ കറ തീർന്ന മനുഷ്യൻ, ജനാബ് തങ്ങൾ കുഞ്ഞു മുസ്ലിയാർ , അദ്ദേഹം തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മുന്നിലാണ് ഞാൻ.
അന്ന് പഠിക്കാനുള്ള അവസരം കിട്ടിയപ്പോൾ കോളേജിന്റെ അധികാരികൾ ആരും ഞങ്ങളോട് ജാതി ചോദിച്ചില്ല. ഞങ്ങളുടെ ഒക്കെ മുജ്ജന്മ സുകൃതം. ജാതിയും, മതവും പണവും, പ്രതാപവും ഒന്നും അന്ന് ആരെയും ബാധിച്ചിരുന്നില്ല. അന്ന് ഞങ്ങൾ ഒന്നായിരുന്നു. ഇന്ത്യക്കാർ, വിദ്യാർത്ഥികൾ , ഉശിരുള്ള, എന്തിനും ഒരുമ്പെട്ടിറങ്ങുന്ന താന്തോന്നികൾ.
ആരും കാണാതെ എന്റെ ആത്മാവ് അതിലെ ഇതിലെ എല്ലാം ക്രാവി ക്രാവി നടക്കാൻ തീരുമാനിച്ചു. 1973- ൽ പുറത്തിറങ്ങിയ Woody Allen എന്ന പ്രഗത്ഭനായ സിനിമാക്കാരൻ ചെയ്ത Sleeper എന്ന സിനിമയിലെ പോലെ കുറെയധികം വര്ഷങ്ങളായി കുറഞ്ഞ താപത്തിൽ മരവിപ്പിച്ചു വെച്ചിരുന്ന സുഖമുള്ള ഓർമ്മകൾ സട കുടഞ്ഞെഴുന്നേറ്റു. കലാലയ കവാടത്തിൽ കാല് കുത്തുമ്പോൾ നാലു ദശാബ്ദത്തിനപ്പുറം തോളിൽ കൈയിട്ടും, ഹോസ്റ്റലിലെ മുറികളിൽ അടിപൊളി പരിപാടികൾ മെനഞ്ഞെടുത്തും, പഠിത്തമൊഴിച്ചു ബാക്കി എല്ലാം വളരെ സൂക്ഷ്മതയോടെ ചെയ്ത കൂട്ടുകാരെ കണ്ടു. പലരുടെയും മുഖ ലക്ഷണങ്ങൾ പലതും ഓർമിപ്പിച്ചു.
പണ്ട് പണ്ട് കൊച്ചീന്നും, കൊട്ടാരക്കരേന്നും, കടമ്പനാട്ടൂന്നും, പത്തനാപുരത്തൂന്നും, കോതമംഗലത്തൂന്നും വന്നു, കട്ടനും ബീഡിയുമടിച്ചു കടവും പറഞ്ഞു കാൽനടയായി നടന്നവരാണ് ഇന്നിപ്പോൾ ഇന്നോവയിലും, ബെൻസിലും, പിന്നെ തറയിൽ നിരത്തി ഇട്ടിരിക്കുന്ന ബോയിങ്ങിൽ നിന്നിറങ്ങാതെയും ഉലകം ചുറ്റുന്നത്.
പ്രൈവറ്റ് വണ്ടിയിൽ കയറി ഇറങ്ങി കോളേജിൽ വന്നവർ, കൊല്ലം ജില്ലയുടെ പ്രാന്തപ്രദേശത്തു വീടുള്ളവർ, ജില്ല വിട്ടു എറണാകുളത്തു നിന്നും, മലയോര പ്രദേശത്തു നിന്നുമൊക്കെ വന്ന ആഷ് പൂഷ് കൂട്ടർ. ചിന്നക്കടയിലുള്ള കുഞ്ഞമ്മ പാലത്തിൽ കയറുമ്പോൾ വേഗത കുറക്കുന്ന ആന വണ്ടിയിൽ സ്ഥിരമായി , പാതിരാത്രി ഓടിക്കയറി കരിക്കോട്ടു ചാടി ഇറങ്ങുന്നവർ, കോളേജിന്റെ ചുറ്റുവട്ടത്തും, കുറ്റിച്ചിറയിലുമുള്ള ലോഡ്ജുകളിൽ താമസിച്ചവർ. കരിക്കോട്ടുള്ളവരെ വളച്ചു പാർക്ക് ചെയ്തിട്ട്, SN College, Fathima, Jyothi Nikethan, Sankars Nursing College- ൽ പഠിക്കുന്നവർ ബസിറങ്ങുന്ന മുക്കിലുള്ള ലോഡ്ജുകളിൽ പഞ്ചാര അടിക്കാനുള്ള സൗകര്യത്തിനു പാർക്ക് ചെയ്തവർ.
മുതിർന്ന ക്ളാസ്സിലെ മൊഞ്ചത്തിയായ ചേച്ചിയെ കണ്ട് ധ്യാനിക്കാൻ, കൊച്ചുവെളുപ്പാൻ കാലത്തു എഴുന്നേറ്റു കരിക്കോട്ടുള്ള കന്യാസ്ത്രീ മഠത്തിൽ പാട്ടു കുർബാനയ്ക്കു എല്ലാ ദിവസവും മുടങ്ങാതെ പോകുന്ന അച്ചായന്മാർ. അവർക്കു കൂട്ടു പോകുന്ന സഹമുറിയന്മാർ.
കണ്ട്, മിണ്ടി, പുഞ്ചിരിച്ചു, കോളേജിന്റെ വാതിൽക്കൽ ആക്കിയിട്ടു നേരെ പോയി ചുരുണ്ടുകൂടി കിടക്കുന്ന പ്രേമഭാജനങ്ങൾ.
കോളേജിൽ ചേർന്നപ്പോൾ വോട്ടു പിടിക്കാനെന്ന വ്യാജേന, ഒരുമിച്ചും ഒറ്റക്കും മണപ്പിക്കാനും, വളക്കാനും നടന്നവരാണ് ഒട്ടു മുക്കാൽ പേരും. നാല് വര്ഷം പിന്നിട്ടപ്പോഴേക്കും എല്ലാവര്ക്കും എല്ലാവരുടെയും ചുറ്റി കളികൾ നന്നായി ബോധ്യമുണ്ടായിരുന്നു. കഴിഞ്ഞ 4 ദശാബ്ദ കാലം എന്റെയും എന്റെ കൂട്ടുകാരുടെയും ജീവിതത്തിൽ വന്ന മാറ്റങ്ങളെ പറ്റി ഓർത്തു, കൂടെ പഠിച്ചവരെയും, മുതിർന്നവരെയും, അനിയന്മാരെയും, അനിയത്തിമാരെയും, സാറന്മാരെയും, എല്ലാ വിഭാഗത്തിലെ ജീവനക്കാരെയും ഓർത്തു, ജീവിതത്തിന്റെ ഗതി മാറ്റി വിട്ട കോളേജും കൂട്ടുകാരും.
ചിലരുടെ വർത്തമാനം കേട്ടപ്പോൾ മനസ്സിലായി പഠിത്തവും, പരീക്ഷയും, ഓർക്കുന്നതിലും കൂടുതൽ എല്ലാവരും ഓർക്കുന്നത് ഒരുമിച്ചു ഒരുകുടക്കീഴിൽ കളിച്ചും, ചിരിച്ചും, അടിച്ചും, പിരിഞ്ഞും, അല്ലറ ചില്ലറ പാര വെച്ചും, ഇസ്കിയും, ഓസിയും, Assignment-കൾ കോപ്പി അടിച്ചും, അങ്ങോട്ടുമിങ്ങോട്ടും മിക്കവരുടെ വീടുകളിലും കയറി ഇറങ്ങി, ഒരുമിച്ചിരുന്നു പഠിച്ചതും, കഞ്ഞിയും കറിയും കഴിച്ചതും, സമരങ്ങളും, പാട്ടും കൂത്തുമൊക്കെയാണ്.
പരീക്ഷക്ക് പഠിക്കാതെ, എന്തെങ്കിലും ലൊട്ടുലൊടുക്ക് വേലയിറക്കി സമരിച്ചു പരീക്ഷ അസാധുവാക്കിയ വില്ലന്മാരുണ്ട്. പഞ്ചാര അടിച്ചു കറക്കി മണപ്പിച്ചു വശം കെട്ടവർ വേറെ, കെട്ടിയവരുണ്ട്, ഇപ്പോഴും പ്രേമിക്കുന്നവരുണ്ട്. പണ്ട് പ്രേമിച്ചവരെ ഒന്നുകൂടെ കണ്ടാൽ കൊള്ളാമെന്നുള്ള നിഷ്കളങ്കരുണ്ട്.
സാറന്മാരെ ആവശ്യത്തിനും അനാവശ്യത്തിനും ചക്രശ്വാസം വലിപ്പിക്കാൻ മിടുക്കുള്ള ഇവർ എന്നും ഞങ്ങളുടെ ആരാധ്യർ.
സ്നേഹമുള്ള സിംഹങ്ങൾ …..
കോളേജിന്റെ പുറകിലുള്ള ഗേറ്റ് കടന്നു കൊച്ചാപ്പിയുടെ കടയുടെ അടുത്ത് ചെന്നപ്പോൾ അവിടെ ഒരാൾക്കൂട്ടം. അകാലത്തിൽ പൊലിഞ്ഞവർ കൊച്ചാപ്പിയുടെ കടയുടെ അടുത്ത് രാവിലെ വന്നു നില്പാണ്; അന്നും ഇന്നും എല്ലാവരുടെയും സുരക്ഷിത താവളം, ഇടയ്ക്കിടെ ഓരോ ബോഞ്ചിയും കുടിക്കാം ഊണിന്റെ സമയമാവുമ്പോൾ ക്യാന്റീനിലേക്കു എളുപ്പത്തിൽ ചെല്ലുകയും ചെയ്യാം. അത് വഴി ആര് പോയാലും വന്നാലും കാണാം, കൊച്ചു വർത്തമാനം പറയാം പഞ്ചാര അടിക്കാം.
ഒരശരീരി പോലെ ഞാനൊരു ചോദ്യം കേട്ടു, മറ്റാരുമല്ല ആദ്യമേ എത്തിയ ശാസ്താംവളപ്പിൽ ഭാസ്കരൻ ബാബു, S. B. Babu പുള്ളിക്കാരന് ആകെ ഒരു കാര്യമേ അറിയേണ്ടു: ജോഷുവ പാടുന്നുണ്ടോ? ഇത്തവണ തനിയെ പാടാതെ മീരയും കൂടി ചേർന്ന് യുഗ്മ ഗാനം പാടാമെങ്കിൽ transformer- ന്റെ ഫ്യൂസ് ഊരില്ല എന്ന്, അടുത്ത് നിന്ന അള്ളിയുടെ തലയിൽ കൈവെച്ചു ആണയിട്ടു പറയുന്നു. അള്ളിയാണെങ്കിൽ ചെവിയിൽ തൂക്കി ഇട്ട ട്രാന്സിസ്റ്ററിൽ കേൾക്കുന്ന , ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിന്റെ സ്കോർ വിളിച്ചറിയിക്കാനായി നീണ്ട ഒരു പൈപ്പുമായി ബാബുവിന്റെ അടുത്ത് സ്ഥാനമുറപ്പിച്ചിരിക്കുന്നു.
അത് വഴി വന്ന Shai-ക്കു അപ്പോൾ ഒരാശ. ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ അഞ്ചു വർഷത്തോളം താമസിച്ചിടം ഒന്ന് പോയി നോക്കണമെന്ന്, ഇപ്പോൾ ലേഡീസ് ഹോസ്റ്റല് ആണ്. നോക്കാൻ തീരുമാനിച്ചതും മെസ്സിന്റെയും ഹോസ്റ്റൽ ബ്ലോക്കിന്റെയും ഇടക്കുള്ള മതിലിനെ പറ്റി ഓർമിപ്പിച്ചത്കടയുടെ സൈഡിൽ ചാരി നിന്ന Chairman Alexander ആണ്. Shai നീ രാജഗോപാലിന്റെ കറുത്ത അംബാസ്സഡറിൽ പോകുന്നതാ നല്ലതു, അല്ലെങ്കിൽ ചുറ്റി നടക്കേണ്ടി വരും. പണ്ട് പകൽ മുഴുവൻ Contractor കെട്ടിപൊക്കുന്ന മതില് പാതിരാത്രിക്കു കൂട്ടം കൂടി, ചാരി നിന്ന് രായിക്കുരാമാനം കുലുക്കിയും ആട്ടിയും തള്ളിയിട്ടതോർമ്മയില്ലേ, അതിപ്പോൾ അവിടെ കാണും. പിന്നെ പോകുന്ന വഴിക്കു ക്യാന്റീനിന്റെ അടുത്തുള്ള കിടങ്ങിലെങ്ങും വീഴാതെ Johan-നെ നോക്കിക്കോണേ.
ആരും അറിയാതെ അതിലെ ഇതിലെ എല്ലാം നടന്നു, എല്ലാവരുടെയും സന്തോഷം കണ്ട ഞാൻ പ്രാർത്ഥിച്ചു.
ഇന്നിപ്പോൾ മനസ്സ് നിറയെ പഴയ സ്നേഹബന്ധം പച്ചപിടിച്ചു നിൽക്കട്ടെ, ഇവിടെ ചിലവഴിക്കുന്ന കുറച്ചു മണിക്കൂറുകൾക്കു സ്നേഹമുള്ള ഓർമകളുടെ ലഹരി മാത്രം ഉണ്ടാവട്ടെ. പരസ്പരം സ്നേഹിച്ചും കരുതിയും മുന്നോട്ടു പോകാനുള്ള പക്വത ഉണ്ടാവട്ടെ.
നാടകത്തിന്റെ റിഹേർസൽ തുടങ്ങാറായി എന്ന് വിളിച്ചു പറഞ്ഞത് സോമൻ, പക്ഷെ നായകനെവിടെ? അണ്ണനെവിടെ ?
Sheelaaa, Sheebaaa, Veenaaa ആരെങ്കിലും അണ്ണനെ കണ്ടോ?
അപ്പോൾ ജനറൽ സെക്രട്ടറി രജി കുമാർ ഉറക്കെ വിളിച്ചു കൂകി…
എടാ സമയമില്ല; എനിക്കൊരു കോൺഫെറെൻസിനു ലഡാക്കിൽ പോകാനുള്ളതാ
ലവനെ വിളി
ഷാജിയെ
അവൻ കലക്കും, അവൻ നാട്യ ശിരോമണിക്കു പഠിക്കുവാ
ഏതു വേഷവും അവൻ കലക്കും.
ഈ യാത്ര തുടരുന്നതായിരിക്കും….
Leave A Comment