ജിന്ന് അവസാനം പറഞ്ഞു ശരി നോക്കട്ടെ, എനിക്കെത്ര നാൾ ഇവിടെ നിൽക്കാൻ പറ്റുമെന്ന്, എന്തായാലും വന്ന സ്ഥിതിക്ക് ഓരോന്ന് ഓർത്തെടുക്കാം
എനിക്കന്നു ഏതാണ്ട് 6 വയസ്സ് പ്രായം, എന്റെ മുത്തച്ഛൻ എന്നും സന്ധ്യക്ക് ഒരു 7.30 മണിയാവുമ്പോ എന്നെയും തോളിലേറ്റി ഒരു പരവതാനിയിൽ കയറി പറക്കും, അപ്പൊൾ മുത്തച്ഛൻ പറയും, കുറച്ചു നേരം മുത്തശ്ശിയുടെ പരാതികളും ശകാരങ്ങളും ഇല്ലാതെ കുറച്ചു കാഴ്ചകൾ കണ്ടു വരാം
കുറ്റിച്ചിറ സ്റ്റാർ വരെ പോയിട്ട് സിനിമയ്ക്കു വന്നവരെ ഒക്കെ ഒന്ന് കണ്ടു ,തിരികെ പെൺകുട്ടികളുടെ ഹോസ്റ്റൽ വഴി വന്നു ആൺകുട്ടികളുടെ ഹോസ്റ്റലിന്റെ സൈഡിലുള്ള മതിലിൽ കയറി ഇരിക്കും,
ചെന്നാൽ ഉടനെ തന്നെ മുത്തച്ഛൻ എന്നെ താഴെ ഓടിക്കളിക്കുന്ന നായ്കുട്ടികളുടെ കൂടെ കളിയ്ക്കാൻ വിടും, ആ നായ്കുട്ടികളൊക്കെ തന്നെ TKM-ൽ ദശാബ്ദങ്ങളായി വളർത്തുന്ന പുന്നാര വളർത്തു നായ്ക്കളുടെ പരമ്പരയാണ്, എല്ലാവര്ക്കും ബഹുമാനസൂചകമായി ഓരോ പേരും കൊടുത്തിട്ടുണ്ട്. പേരിടീൽ കർമ്മം നടന്നത് ഏതാണ്ട് പത്തു പതിനഞ്ചു വര്ഷം മുന്നേ
ഒരു ദിവസം ഞാൻ കളിക്കുന്നിടത്തു നിന്ന് പള്ളിയുടെ മുന്നിലൂടെ താഴോട്ട് നടന്നു
കള്ളിമുണ്ടും കൈയ്യില്ലാത്ത ബന്യനും ഇട്ടു ചേട്ടന്മാരെല്ലാം തൊട്ടടുത്തുള്ള ഒരു കെട്ടിടത്തിലേക്ക് കയറി പോകുന്നു, ചിലരൊക്കെ വലിയ ധൃതിയിൽ, ചിലർ കൂട്ടം കൂട്ടമായി ഓരോ വർത്തമാനങ്ങൾ പറഞ്ഞു പൊട്ടി ചിരിച്ചു കൊണ്ട് നടക്കുന്നു ശ്രദ്ധിച്ചപ്പോൾ ഇവർ പറയുന്ന വിശേഷങ്ങളിലെല്ലാം നിറയെ പെൺകുട്ടികളുടെ പേരുകളായിരുന്നു
ഞാനോർത്തു ഇവർക്ക് പെണ്ണുങ്ങളുടെ കാര്യം പറയാനേ നേരമുള്ളോ
മുറിക്കകത്തോട്ടു നോക്കിയപ്പോൾ നിറയെ ഊണ് മേശയും ബെഞ്ചും, തറയിൽ ഉറപ്പിച്ചവ, അപ്പോൾ ഇതാണ് ഹോസ്റ്റലിലെ ഏറ്റവും പ്രധാനപ്പെട്ട ഇടം
എന്നാൽ പിന്നെ ഒന്ന് കയറി നോക്കിക്കളയാം എന്ന് കരുതി ഞാനും പതുക്കെ ഉള്ളിലേക്ക് ചെന്നു, മുത്തച്ഛൻ പഠിപ്പിച്ച ഒടിവിദ്യ പ്രയോഗിച്ചാണെന്റെ നടത്തം, ആരുമറിയാതെ, വേണ്ടപ്പോൾ മാത്രമേ ഞാൻ പ്രത്യക്ഷപെടാറുള്ളു, അങ്ങനെ ആരും കാണാതെ ഞാൻ ദൂരെ മാറി നിന്ന് കാഴ്ചകൾ കാണാൻ തീരുമാനിച്ചു
ഓരോരുത്തർ വന്നിരിക്കുന്നത് അനുസരിച്ചു് മേശയുടെ മുകളിൽ സ്റ്റീലിന്റെ ഉണ്ണുന്ന പാത്രങ്ങളും സ്റ്റീൽ ഗ്ലാസുകളും വരും
അപ്പോൾ ദേ ഒരാൾ രണ്ടു കൈയ്യിലും മുകളിലായി പിടിയുള്ള നീണ്ടു വളഞ്ഞ ചുണ്ടുള്ള കെറ്റിലുമായി വരുന്നു
രണ്ടിലും വെള്ളമാണ്
ചിലർ ഊതികുടിക്കുന്നു ചിലർ ഒറ്റ വലിക്കു കുടിക്കുന്നു
ഞാൻ മനസ്സിലോർത്തു ഈ ആൾക്കെങ്ങനെ അറിയാം ആർക്കൊക്കെയാണ് ചൂടും തണുപ്പും വേണ്ടതെന്നു
പുതുതായി വന്ന ഒരു ചേട്ടനോട് പുള്ളി ചോദിക്കുന്നു, ചൂടോ തണുപ്പോ
ചേട്ടൻ പറഞ്ഞു ചൂട് , ഇനി നാല് നാലര വർഷത്തേക്ക് ഒരിക്കലും ഒരു മാറ്റമുണ്ടാവില്ല
ഈ പുള്ളിക്കാരൻ ചെറിയ ഒരു മനുഷ്യൻ, ഒരു പാവം,വെള്ള ഷർട്ടും വെള്ള മുണ്ടും വേഷം, ഷിർട്ടിന്റെ കൈ മടക്കി വെച്ചിരിക്കുന്നു, പൊക്കം കുറഞ്, മെലിഞ്ഞു, പുള്ളിയുടെ സമതുലനാവസ്ഥ നിയന്ത്രിക്കുന്നത് രണ്ടു കൈയ്യിലുള്ള വെള്ളത്തിന്റെ കെറ്റിലുകൾ ആണ്. അതൊരിക്കലും താഴെ വെക്കാറില്ല, വെള്ളം കൊടുക്കാത്തപ്പോൾ രാവിലെയും വൈകുന്നേരവും ചായയും കാപ്പിയും
പുള്ളിയുടെ പേര് വാട്ടർമാൻ
പുള്ളി മറ്റൊരു ലോഹ്യവും ചോദിക്കാറില്ല, പറയാറില്ല തന്റെ ജോലി ആത്മാർത്ഥതയോടെ ചെയ്തുകൊണ്ട് ഇരിക്കും
അപ്പൊ മുതിർന്ന ചേട്ടന്മാര് തമ്മിൽ പറയുന്നു
എടാ ഇദ്ദേഹത്തിന്റെ ഓര്മ ശക്തിയുടെ കോശം അല്പം നമ്മൾക്ക് കിട്ടിയിരുന്നുവെങ്കിൽ എന്നേ രക്ഷപെട്ടേനെ ,
അടുത്തത് ചപ്പാത്തി, ആരോ ഒരു ചേട്ടൻ പറയുന്ന കേട്ടു ഇന്നലത്തെ പൊറോട്ട ഉഗ്രൻ ആയിരുന്നു നല്ല ഇതള് പോലെ ഇളകി വന്ന , എണ്ണ അധികം ഇല്ലാഞ്ഞ പൊറോട്ട
അപ്പോൾ ഇവർക്കു രാത്രിയിൽ ചപ്പാത്തിയുമുണ്ട്, പൊറോട്ടയുമുണ്ട്
വിളമ്പുന്ന ആൾ നല്ല വെള്ള ഉടുപ്പും പാന്റും വേഷം, എപ്പോഴും ഒരു പാൽ പുഞ്ചിരിയോടെ, പുള്ളിക്കാരന്റെ ഒരു കണ്ണ് പട്ടോഡിയുടെ പോലെ, ഒരറ്റത്ത് നിന്ന് വിളമ്പി വരുമ്പോഴേക്കും ആദ്യം കൊടുത്ത ആളുടേതു തീർന്നിട്ടുണ്ടാവും.
ഇദ്ദേഹമാണ് ഉച്ചക്ക് ലോഡ് മറിയുന്നത് പോലെ മലയാളിയുടെ പ്ലേറ്റിൽ വീഴുന്ന ഒരു ഐറ്റം, ചോറ്, വിളമ്പുന്ന ആൾ.
നിർത്താതെ ഓടി നടന്നെല്ലാവർക്കും അന്നം വിളമ്പുന്ന എല്ലാവരുടെയും പ്രിയപ്പെട്ട ചോറ് ബഷീർ.
ചേട്ടന്മാരെ പോലെ തന്നെ കള്ളിമുണ്ടും കള്ളി ഷർട്ടും, ധരിച്ചു, മെലിഞ്ഞു തൊലിഞ്ഞു, അല്പം ഇരുണ്ടു, ചുരുളൻ മുടിയുമായി തൂക്കുമായികറികൾ വിളമ്പുന്ന തൂക്കു ബഷീർ
പുള്ളിക്കാരന്റെ കൈയിലാണ് കറികളെല്ലാം
തൂക്കു ബഷീറിന്റെ മുഖത്തും എപ്പോഴും ഒരു ചിരിയാണ്
മലക്കറി വിളമ്പുമ്പോൾ ആരും നിവർന്നു തൂക്കിലോട്ടു നോക്കാറേ ഇല്ല പക്ഷെ ആടും പശുവുമൊക്കെ വിളമ്പുമ്പോൾ എല്ലാവരുടെയും കണ്ണ് തൂക്കിലാണെന്നു മാത്രം
മലക്കറിക്കു ആരും ആക്രാന്തം കാണിക്കാറില്ലല്ലോ
എല്ലാം തൊട്ടു തൊട്ടു വെച്ച് പോകും,
ദോഷം പറയരുത് രണ്ടാമതു ചോദിച്ചാലും കിട്ടും കേട്ടോ
ഞാൻ പെട്ടെന്നു നോക്കിയപ്പോ മാനേജരും ഒരു പാത്രവുമായി വിളമ്പാൻ ഇറങ്ങുന്നു
പുള്ളിക്കാരൻ വളരെ ഗൗരവമായിട്ടാണ് നടത്തം
അപ്പോഴല്ലേ കാര്യം മനസ്സിലായത്
കോഴി വിളമ്പുകയാ
എന്റെ ദൈവമേ ഈ കോഴിയോടുള്ള പ്രിയം ലോകസഹചമാണല്ലോ?
ഇറച്ചിയും, മീനും, മലക്കറിയും വാങ്ങാൻ പോകുന്ന ഒരാളുണ്ട്
പുള്ളി ഒരു സംഭവമാണ്
നേരം വെളുക്കുമ്പോൾ കമ്പോളത്തിൽ പോയി ജീവനുള്ള കോഴികളെ പിടിച്ചു സൈക്കിളിന്റെ ഹാൻഡിൽ ബാറിൽ തലകീഴായി കാല് കൂട്ടികെട്ടിയതു കോർത്തിട്ടു, പുറകിൽ കാരൃറിൽ മീന്കുട്ടയും,മലക്കറിയും, വാങ്ങി കൊണ്ടു വരുന്ന ഒരു കാക്കി നിക്കറിട്ട ഉരുപ്പടി
കമ്പോളത്തിൽ പോകുന്ന വഴി ആർക്കെങ്കിലും എന്തെങ്കിലും എത്തിക്കണമെങ്കിൽ പുള്ളിക്കാരനെ ഏൽപ്പിച്ചാൽ മതി, ഇരു ചെവി അറിയാതെ കാര്യം നടത്തിയിരിക്കും.
ഈ ഉരുപ്പടിയാണ് പഴയ TKM ഹോസ്റ്റലിലെ, DHL കൊടുക്കൽ, വാങ്ങൽ , വിതരണം ഇതെല്ലം ഏറ്റെടുത്തു നടത്തുന്ന ഒരു പ്രത്യേക ദൂതൻ
പെട്ടെന്ന് ജിന്ന് എന്റെ മുഖത്തോട്ടു സൂക്ഷിച്ചു നോക്കിയിട്ടു ചോദിച്ചു
എന്താ ഒരു ചമ്മൽ മുഖത്ത്
ഞാൻ പറഞ്ഞു
ഏയ് ഒന്നുമില്ല
അല്ല അല്ല
അപ്പോൾ ജിന്ന് പറഞ്ഞു
എനിക്കറിയാം
ഞാനോർക്കുന്നു എന്റെ മുത്തച്ഛൻ പറഞ്ഞ ഒരു കഥ
ഈ ഉരുപ്പടി ഒരു ദിവസം സൈക്കിളിന്റെ ഹാന്ഡിലിൽ ഊട്ടിയിലെ പർപിൾ നിറത്തിലെ വാടാ പൂക്കളുമായി, കൊല്ലത്തു SV ടാക്കീസിന്റെ മുന്നിലെ വഴിയിലൂടെ പഴയ ബീന പ്രിന്റേഴ്സിന്റെ വീട്ടിലോട്ടു തിരിയുന്നത് GD George സാറ് കണ്ടു സ്റ്റാൻഡിൽ പിടിച്ചെന്നോ
പിന്നെ കോളേജിൽ വന്ന് പാർട്ടിയെ കസ്റ്റഡിയിൽ എടുത്തു ക്വസ്റ്റിയൻ ചെയ്തെന്നോ ഒക്കെ
അതോർത്തല്ലേ ചമ്മിയത് ?
ഉം
പിന്നെ ജോർജ് സാറിനോട് അങ്ങ് ലഡാക്കിലുള്ള പുതിയ കാറിന്റെ കാര്യം പറഞ്ഞാണ് പാർട്ടി രക്ഷപെട്ടത് അല്ലേ??
സാറിന്റെ ഒരു ബലഹീനത ആയിരുന്നു കാറുകൾ
അതൊക്കെ ഒരു കാലം
വരുന്ന സാധനങ്ങളുടെ മേന്മയും, കണക്കും നോക്കണ്ട ചുമതല അതാതു മാസങ്ങളിൽ മെസ് നോക്കുന്ന കുട്ടികൾക്കാണ്
കോഴിയുടെ എല്ലു കടിച്ചു പറിക്കുന്നതിന്റെ ഇടയ്ക്കു ആരോ ചോദിക്കുന്ന കേട്ടു
ഇന്നാരാടാ കോഴിയുടെ കണക്കു ഒത്തുനോക്കിയത്
ഇത് പോളിയോ വന്ന കോഴിയാണെന്നാ തോന്നുന്നേ
എടാ ഞാനെത്ര ഓടിയെന്നോ ആ കോഴിയുടെ പുറകെ
ഒരു രക്ഷയുമില്ല
വേലപ്പന്റെ പേര് അറിഞ്ഞിട്ടതാണെ
പുള്ളി പറയുന്ന കണക്കാണ് കണക്കു
തൂക്കത്തിനാണ് വില
ഓടിനടക്കുന്ന കോഴിക്ക് മതിച്ചൊരു വിലയാണ്
കഠിനമായ പ്രയത്നത്താൽ സ്ഥാനക്കയറ്റം കിട്ടി കണക്കപിള്ളയും സ്പെഷ്യൽ ഐറ്റംസിന്റെ ചുമതലയുള്ള ആളാണ്
പേരിലും പുസ്തകത്തിലും സത്യം പാലിക്കുന്ന
സത്യശീലൻ
ഞാൻ നോക്കിയപ്പോ പുള്ളി ഓരോരുത്തരുടെ അടുത്ത് വന്നു കണക്കു പറയുന്നു,
ഇന്ന് മുട്ട പുഴുങ്ങിയത്
ഇന്നലെ ബുൾസ് ഐ
അപ്പൊ മൊത്തം ഒരു രൂപ
ഒരു കാര്യം മനസ്സിലായി സ്പെഷ്യൽ ഐറ്റം എല്ലാം കോഴിമയം
നാല് മണിക്കുള്ള ചായയുടെ കാര്യങ്ങൾ നോക്കുന്നതാണ് സത്യശീലന്റെ പ്രധാന ജോലി
കൂടെ സമ്പൂർണ കണക്കനും
എവിടെ പോയാലും സമയാസമയങ്ങളിൽ വന്നു ഭക്ഷണത്തിന്റെ മുന്നിൽ ഇരിക്കുമ്പോൾ വിളമ്പുന്നവരുടെ കൈയ്യിലാണെല്ലാം
ഞാൻ പതുക്കെ പതുക്കെ അടുക്കളവശത്തേക്ക് പോയി നോക്കി അവിടെ എന്തെല്ലാമാണ് നടക്കുന്നത്
വലിയ ചെമ്പും വാർപ്പും അടുപ്പും പാത്രങ്ങളും
തട്ടും മുട്ടുമായി ആകെ മൊത്തം ബഹളം,
ഭക്ഷണം തീരുന്നതനുസരിച്ചു തൂക്കും പാത്രങ്ങളുമായി അകത്തോട്ടു വരുന്നവർക്ക് സാധനങ്ങൾ പകർന്നു കൊടുക്കുന്ന രണ്ടു കുടവയറന്മാരെ കണ്ടു, വെപ്പുകാരാണെന്നു പറയാതെ തന്നെ മനസ്സിലായി
കുറച്ചു നേരം അവിടെ ഇരുന്നു എല്ലാം കാണണമെന്ന് തോന്നി
പാചകം ഒരു കലയാണ്, വെക്കുന്നതും, വിളമ്പുന്നതും, ഭക്ഷണം കഴിക്കുന്നതും, പിന്നെ വൃത്തിയാക്കുന്നതും
ഞാൻ മനസ്സിൽ പറഞ്ഞു, ഇവിടെ കണ്ടവരെല്ലാം വര്ഷങ്ങളായി ഒരേ പോലെ ഈ ചേട്ടന്മാരെയെല്ലാം സ്നേഹിച്ചും കരുതിയും ജീവിക്കുന്നു
അപ്പോഴേക്കും ഒരു പാട്ടു കേൾക്കുന്നു
ഞാൻ ഓടി മുൻവശത്തേക്കു ചെന്നു തെങ്ങേൽ വെച്ച് കെട്ടുന്ന പഴയ കോളാമ്പിയിൽ കൂടി
അപ്പൊ ഒരു ചേട്ടൻ പറഞ്ഞു
ഹനീഫയും കലാമും ഉള്ളത് നമ്മുടെ ഭാഗ്യം
രാത്രി നല്ല പാട്ടു കേൾക്കാമല്ലോ.എന്ന്
പാട്ടിന്റെ ആദ്യ വരികൾ കേട്ടപ്പോൾ ഞാൻ മുത്തച്ഛന്റെ അടുത്തേക്ക് ഓടി
അയ്യേ എന്തൊക്കെയോ നാണം വരുന്നതൊക്കെ പറയുന്ന പാട്ട്
ഇതുമതി മുത്തശ്ശന്റെ കൈയ്യിൽ നിന്ന് കിട്ടാൻ
മതിലിന്റെ അടുത്ത് ചെന്നപ്പോൾ മുത്തച്ഛൻ ആ പാട്ടിന്റെ കൂടെ
പുരുഷസ്വരത്തിലുള്ള വരികൾ ആർദ്രമായി പാടുന്നു
ഓ മൈ ജൂലീ ജൂലീ നിന്റെ ഗിറ്റാറിന് മാറിലെത്ര കമ്പി ?
ആ പൊന് കമ്പിയിലിപ്പോള് വിടരുന്നതേതൊരു ഗാനം
ഓ മൈ ജൂലീ ജൂലീ നിന്റെ സ്വപ്നത്തിന് കൂടിനെത്ര വാതില് ?
ആ കിളിവാതിലില് ഇപ്പോള് പടരുന്നതെത് വള്ളി ?
ഞാൻ മനസ്സിലോർത്തു മുത്തച്ഛൻ ആള് കൊള്ളാമല്ലോ
എല്ലാ മുത്തശ്ശന്മാരും ഇങ്ങനെ തന്നെ സംശയം വേണ്ട
പഴയതൊക്കെ അയവിറക്കി കഴിയുന്നു
മെസ്സിലെ ആൾക്കാരുടെ വിശേഷങ്ങൾ പറഞ്ഞു തന്നത് പ്രിയപ്പെട്ട ഷായി
Leave A Comment