കോളേജ് യൂണിയന്റെ അഭിവാജ്യ ഘടകമായ ആർട്സ് ക്ലബ്ബിന്റെ ഉൽഘാടനം നിർവഹിച്ചത് കേരളത്തിന്റെ അഭിമാനമായ MG രാധാകൃഷ്ണൻ സർ ആണ്.
രാധാകൃഷ്ണൻ സാറിന്റെ വേഷമായിരുന്നു എടുത്തുപറയേണ്ട ഒരു പ്രത്യേകത, വെള്ള മുണ്ടും, നീണ്ട കൈയുള്ള ജുബ്ബയും.
താടിയും, മീശയും, വെച്ച് ഏതാൾക്കൂട്ടത്തിൽ നിന്നാലും ആരും നോക്കിപോകുന്ന വശ്യശക്തിയുള്ള ഒരു സുമുഖൻ .
യൂണിയന്റെ ഉൽഘാടനം പ്രസംഗങ്ങളിലൂടെ ആയിരുന്നു എങ്കിൽ, ആർട്സ് ക്ലബ്ബിന്റെ ഉൽഘാടനത്തിനു കേരളത്തിന്റെ തനതായ നിലവിളക്കു തെളിയിക്കയായിരുന്നു.
വിളക്ക് തെളിയിക്കാൻ അദ്ദേഹത്തെ നയിച്ചത് ആർട്സ് ക്ലബ്ബിന്റെ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട മെലിഞ്കൊലുന്നനെ ഉള്ള, ഷാജി V
ഷാജിക്ക് എല്ലായിടവും പ്രകടനകലകളുടെ ഒരു തട്ടകമാണ് . എന്ത് തന്നെ ആയാലും, ധൈര്യമായി അവതരിപ്പിക്കുന്ന ഒരു സമ്പൂർണ കലാകാരനായിരുന്നു ഷാജി.
പാടാൻ, ആടാൻ, കവിതകൾ നിർത്താതെ ചൊല്ലാൻ, നാടകം എഴുതാൻ, നടിക്കാൻ, ഒരുങ്ങാൻ, ഒരുക്കാൻ, ഒരിടത്തും നിൽക്കാതെ ഓടി നടക്കാൻ, ആരോടും കൂസാതെ സംവദിക്കാൻ എല്ലാവരെയും കൈവെള്ളയിൽ ഇട്ടു അമ്മാനമാടാനുള്ള സാമർഥ്യമുള്ള കലാകാരൻ.
എഞ്ചിനീയറിംഗ് കോളേജിൽ കലാപരിപാടികൾക്ക് പരിമിതമായ അവസരങ്ങളെ ഉള്ളൂ, ആ സമയത്തു ഹൃദയഹാരിയായ പരിപാടികൾ സംഘടിപ്പിക്കുക മാത്രമല്ല അതിലെല്ലാം തന്നെ പങ്കെടുക്കാനും. പല കഴിവുകൾ ഉള്ളവരെകൂട്ടിയിണക്കി വ്യത്യസ്തമായ പ്രകനങ്ങൾ കാഴ്ച വെക്കാനും കഴിവുള്ള, ഒരു സംഘാടകൻ,
രാധാകൃഷ്ണൻ സർ വിളക്ക് തെളിയിച്ചതിനു ശേഷം ഞങ്ങളെ അഭിസംബോധന ചെയ്യാനായി മൈക്കിന്റെ അടുത്തെത്തി, ഇത്രയും നാൾ റേഡിയോയുടെ ഉള്ളിൽ നിന്ന് മാത്രം കേട്ട ശബ്ദത്തിന്റെ ഉടമയെ നേരിട്ട് കണ്ടപ്പോൾ എല്ലാവര്ക്കും വല്ലാത്തൊരു കൗതുകം. പറയുന്നത് ശ്രദ്ധിക്കുന്നതിനപ്പുറം പ്രിയ ശബ്ദത്തിന്റെ ഉടമയെ സൂക്ഷ്മമായി നിരീക്ഷിക്കയായിരുന്നു പലരും
ഓരോരുത്തരുടെയും മനസ്സിൽ പല പല ഓർമ്മകൾ
ആകാശവാണി, കുട്ടികൾക്കൊന്നും എത്തിപ്പിടിക്കാൻ പറ്റാത്ത പൊക്കമുള്ള മേശയുടെ മുകളിൽ കണ്ണുള്ള ഒരു വലിയ പെട്ടി, അത് വീട്ടിലെ മുതിർന്നവർ ആരെങ്കിലും പ്രവർത്തിപ്പിക്കുമ്പോൾ, കടുക് വറുക്കുന്ന, എണ്ണയിൽ വെള്ളത്തുള്ളികൾ വീണാൽ പൊട്ടിത്തെറിക്കുന്ന പോലെ ചീറ്റലും ഒരു പ്രത്യേക തരം മൂളലും,
ഇതെല്ലം കെട്ടടങ്ങുമ്പോൾ,
വാർത്തകൾ വായിക്കുന്നത് ഗോപൻ,
ആ സമയത്തു വീടുകളിൽ ഒരു മൊട്ടുസൂചി ഇട്ടാൽ കേൾക്കാൻ പറ്റും.
പല തരത്തിലുള്ള പരിപാടികൾ, അതിൽ പ്രാദേശിക വാർത്തകൾ, മഴ പെയ്യാനൊ പെയ്യാതിരിക്കാനോ സാധ്യതയുണ്ടെന്ന് പറയുന്ന ഇന്നത്തെ കാലാവസ്ഥ, ചലച്ചിത്ര ഗാനങ്ങൾ, ഏകാങ്ക നാടകങ്ങൾ, വാദ്യോപകരണസംഗീതം, അഭിമുഖങ്ങൾ, ഡോക്ടറോട് ചോദിക്കാം പംക്തി, പ്രേക്ഷകരുടെ കത്തുകൾ, പന്തുകളികളുടെ തത്സമയ കമന്ററി, സിനിമകളുടെ ശബ്ദരേഖ ഇതെല്ലം കൃത്യനിഷ്ഠയോടെ പ്രക്ഷേപണം ചെയ്തിരുന്ന കാലം
അതിൽ ഏറ്റവും ഹൃദയഹാരിയായ ഒന്നായിരുന്നു ലളിത ഗാനങ്ങൾ, 8മണിക്ക് മുന്നേ ഒരുവിധം എല്ലാ വീടുകളിലും കുറേ നേരം ഏകാഗ്രതയുടെ സമയമാണ്.
ആരൊക്കെയോ കടലാസും പെൻസിലും എടുത്തു എഴുതാറുണ്ട്, പെട്ടിയുടെ മുന്നിൽ കുത്തിയിരുന്ന് ശ്രദ്ധിക്കാറുണ്ട്,
സംഗീതം ഓരോ വീടിന്റെ ഉള്ളിലും കൊണ്ടുവന്ന വശ്യമായ ശബ്ദം, വളരെ ഇമ്പമായി ക്ഷമയോടെ പഠിപ്പിക്കുന്ന അധ്യാപകൻ. അതായിരുന്നു ലളിതഗാനങ്ങളുടെ ചക്രവർത്തി ആയ രാധാകൃഷ്ണൻ സർ,
പ്രായഭേദമന്യേ ആകാംഷയോടെ കാത്തിരുന്ന ഒരു പരിപാടിയായിരുന്നു രാവിലത്തെ ലളിത ഗാന പരിപാടി, വീട്ടിലുള്ള അപ്പൂപ്പനും, അമ്മൂമ്മയും, അച്ഛനും, അമ്മയും, സഹോദരങ്ങളും ഒരേ പോലെ ശ്രദ്ധിക്കയും, എല്ലാവരുടെയും ചുണ്ടിൽ തത്തി കളിക്കയും ചെയ്ത നിരവധി ഗാനങ്ങളുടെ സൃഷ്ടാവായിരുന്നു രാധാകൃഷ്ണൻ സർ.
എന്നും രാവിലെ പാട്ടുകൾ ചൊല്ലി പഠിപ്പിക്കയും ലളിത ഗാനങ്ങൾ മാത്രമല്ല പല പല പാട്ടുകൾ പാടി അവതരിപ്പിക്കയും ചെയ്യുന്ന അദ്ദേഹം, എല്ലാ മലയാളിയുടെയും വീട്ടിലെ ഒരു വിശിഷ്ട അതിഥി ആയിരുന്നു, ആകാശവാണിയിലൂടെ ഒഴുകി വരുന്ന ശബ്ദത്തെ എല്ലാവരും ഒത്തിരി ഒത്തിരി സ്നേഹിച്ചിരുന്നു.
അന്നത്തെ ഏറ്റവും വലിയ പ്രത്യേകത, ഒരു വീട്ടിൽ എല്ലാവര്ക്കും കൂടി ഒരു യന്ത്രമേ ഉള്ളൂ എന്നതാണ്, സംഗീതം ജനകീയമാക്കിയ അദ്ദേഹം ചിട്ടപ്പെടുത്തിയ പാട്ടുകൾ സ്കൂൾ വിദ്യാഭ്യാസ സമയത്തു എല്ലാ യുവജനോത്സവത്തിലും നിറഞ്ഞു നിന്നിരുന്നു.
30 പേര് മത്സരിച്ചാൽ 25 പേരും ഒരേ പാട്ടായിരിക്കും പാടുക അത്രയ്ക്ക് ഹൃദ്യമായ ചിട്ടപ്പെടുത്തലുകൾ പാടാനറിയാത്ത ഞങ്ങളും അറിയാതെ പാടി പോകുന്ന പാട്ടുകൾ
ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകി വരും ഒരു ദ്വാപര യുഗസന്ധ്യയില്‍… ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകി വരും. ഒരു ദ്വാപര യുഗസന്ധ്യയില്‍
പിന്നെ എത്രയോ തവണ കേട്ട
ജയദേവ കവിയുടെ ഗീതികൾ കേട്ടെന്റെ രാധേ ഉറക്കമായോ രാജീവനയനന്റെ വാർത്തകൾ കേട്ടെന്റെ രാധേ ഉറക്കമായോ
ഈ പാട്ടുകളൊക്കെ അതിന്റെ ഉധാഹരണങ്ങളാണ്, കവിതകൾ എഴുതിയ കടലാസ്സു കൈയ്യിൽ കിട്ടണ്ടേ താമസം, പാടുന്ന അതെ വേഗതയിൽ തന്നെ പാട്ടുകൾ ചിട്ടപ്പെടുത്തുന്ന ഒരു പ്രതിഭാശാലി, അദ്ദേഹത്തിന്റെ ആത്മാവ് നിറയെ സംഗീതമായിരുന്നു , മാന്ത്രികമായ സംഗീതമാണ് നമ്മൾക്കദ്ദേഹം തന്നതെല്ലാം
അദ്ദേഹത്തിന്റെ സംഗീതം ജീവിതത്തിന്റെ ഭാഗമാക്കിയവരാണ് ഓരോ മലയാളിയും,. കാലാകാലങ്ങൾക്കപ്പുറം മനസ്സിൽ നിറഞ്ഞു തുളുമ്പി നിൽക്കുന്ന ലളിതഗാനങ്ങൾ, അദ്ദേഹം സിനിമകൾക്കു സംഗീതം ചെയ്യാൻ തുടങ്ങിയപ്പോൾ നമുക്ക് കിട്ടിയ ഹൃദയഹാരിയായ സൃഷ്ടികൾ ഒന്നൊന്നിനേക്കാൾ മെച്ചമായിരുന്നു
ഏതു ഗാനം പെറുക്കി എടുത്താലും, ഇതാണെനിക്കേറ്റം ഇഷ്ടം, അല്ല അതാണെനിക്കേറെയിഷ്ടം എന്ന് പറഞ്ഞുപോകുന്ന ഗാനങ്ങൾ
പ്രായമെത്ര ആയാലും,
നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ഞാനിരുന്നൂ താവകവീഥിയില്‍ എന്മിഴിപ്പക്ഷികള് തൂവല്‍ വിരിച്ചു നിന്നൂ
നാഥന്റെ കാലൊച്ച കേൾക്കുവാൻ കൊതിക്കാത്ത ആരെങ്കിലുമുണ്ടാവുമോ
പ്രണയത്തിന്റെ തരളിത ഭാവങ്ങൾ പ്രാണനിൽ സ്പര്ശിക്കന്ന പോലെ, ആരും കാണാതെ, കേൾക്കാതെ നമ്മുടെ മാത്രം സ്വന്തമായ സ്വകാര്യതയിലേക്കു കൊണ്ടുപോകുന്ന ചിട്ടപ്പെടുത്തലുകൾ, വരികൾ എഴുതിയ കവികളെ പറ്റി പറയാനാണെകിൽ എന്റെ മിച്ച ജീവിതം മുഴുവൻ വേണ്ടി വരും,
ഒരേ നേരം എത്രയോ ഹൃദയങ്ങളെ കവർന്ന അമൂല്യങ്ങളായ സംഗീതം നമുക്കു തന്ന അപൂർവ സംഗീതജ്ഞനായിരുന്ന അദ്ദേഹം,
ദൃശ്യങ്ങളില്ലാത്ത ലോകം ശബ്ദങ്ങൾ മാത്രം!!
ആ ശബ്ദത്തിലൂടെ ഈരേഴുലോകത്തിന്നപ്പുറമുള്ളതിനെ ഭാവനയിൽ വർണ്ണങ്ങളോടെ, ചമയങ്ങളോടെ സങ്കൽപ്പിക്കാൻ കഴിഞ്ഞിരുന്നു, പ്രകൃതിയെയും, എല്ലാ ജീവജാലങ്ങളെയും ബോധമനസ്സിൽ പുനരവതരിപ്പിക്കാൻ കഴിഞ്ഞിരുന്നു,
എത്രമാത്രം ഉല്‍ക്കടമായ ഭാവങ്ങളാണ് നമ്മളിൽ ഓരോരുത്തരിലും അദ്ദേഹത്തിന്റെ ഗാനങ്ങൾ ഉണർത്തിയിരുന്നത്.
മനസ്സിന്റെ സര്‍ഗ്ഗശക്തിയെയും , സങ്കല്പശക്തിയെയും പരമാവധി ഉപയോഗപ്പെടുത്തുന്ന തരത്തിലായിരുന്നു അന്നത്തെ സംഗീതം
അതാണ് ഇന്നും അതൊക്കെ മനസ്സിൽ മങ്ങാതെ മായാതെ കിടക്കുന്നതു, രാധാകൃഷ്ണൻ സർ ഒരു കവിതയ്ക്ക് സംഗീതം കൊടുക്കുമ്പോൾ, നമ്മൾ ആ കവിതയിലെ വരികളിലൂടെ ജീവിക്കാൻ തുടങ്ങുന്നു, നമ്മൾക്കോരോരുത്തർക്കും ആസ്വാദ്യകരമായ അനുഭവം ഉണ്ടാകുന്നു.
സങ്കൽപ്പിക്കാൻ പഠിപ്പിച്ചിരുന്ന കാലം, ശബ്ദവും സങ്കല്പങ്ങളും ഒരു തരം രാസപ്രക്രിയയിലൂടെ വിളക്കുകയായിരുന്നു അദ്ദേഹത്തിന്റെ സംഗീതം, ഒരേ സമയം കേൾക്കുന്ന ശബ്ദം ഓരോരുത്തരുടെ ഹൃദയത്തിലും പല വികാരങ്ങളാണ് മീട്ടിയിരുന്നുതു
ദൃശ്യങ്ങളില്ലാത്ത, ചിത്രങ്ങളില്ലാത്ത ലോകത്തു, ശബ്ദത്തിലൂടെ ഓരോ വാക്കിന്റെയും വികാരത്തെ തൊട്ടറിയാൻ നമ്മുടെ മനസ്സിനെ പ്രാപ്തനാക്കിയ പ്രതിഭ
അദ്ദേഹത്തിന്റെ മനസ്സ് നിറയെ സ്നേഹവും പ്രണയവും നന്മയും ആയിരുന്നു, അതെല്ലാം സംഗീതത്തിന്റെ രൂപത്തിൽ നമ്മൾക്ക് പകർന്നു തന്നു, അതിന്നും നമ്മളിലോരോരുത്തരിലും ജീവിക്കുന്നു.
ഇപ്പോൾ നമ്മൾ എല്ലാം ദൃശ്യ രൂപത്തിൽ കണ്മുന്നിൽ കാണുകയാണ് , അതുകൊണ്ടു തന്നെ പാട്ടു കേൾക്കുമ്പോൾ , ആർദ്രതയോടെ ഓരോന്ന് സങ്കല്പിക്കണ്ട കാര്യമില്ല,
എന്റെ സമപ്രായക്കാരും എന്റെ മുന്നേ ഉള്ളവരും അനുഭവിച്ച വികാരങ്ങളുടെ ഊഷ്മളത വരും തലമുറയ്ക്ക് ഗ്രഹിക്കാൻ ബുദ്ധിമുട്ടുണ്ടാകും.
രാധാകൃഷ്ണൻ സാറിനെ ഞങ്ങളുടെ കോളേജിൽ കൊണ്ടുവരാനുള്ള ഏർപ്പാടുകൾ ചെയ്തത് എന്റെ ബാച്ചിലെ വിജയശങ്കർ ആയിരുന്നു, വളരെ സ്നേഹത്തോടെ ഞങ്ങൾ കൂട്ടുകാരെല്ലാം ശംഖു എന്ന് വിളിക്കുന്ന വിജയശങ്കർ
പാട്ടു പാടുന്ന, ഗിറ്റാർ വായിക്കുന്ന, ടെന്നീസ് കളിക്കുന്ന, ക്വിസ് ടീമിലെ അംഗമായ, വളരെ അധികം വായിക്കുന്ന തിരുവന്തപുരത്തുകാരൻ. കോളേജിന് വേണ്ടി എന്ത് ചെയ്യാനും യാതൊരു മടിയുമില്ലാത്ത ഒരു ഉല്ലാസപ്രിയൻ.
ഏതിനും എന്തിനും കൂടെ കൂടുന്ന മാറിനിൽകാത്ത പ്രകൃതം. എന്റെ അപ്പയുടെയും അമ്മയുടെയും അടുത്ത ആൾ, കൂടെ പഠിച്ചു എന്നതിലുപരി ഒത്തിരി ഒത്തിരി വേണ്ടപ്പെട്ട സഹോദരന് തുല്യനായ കൂട്ടുകാരൻ.
എം ജി രാധാകൃഷ്ണൻ സാറിന്റെ സംഗീതം കാലത്തിനു അതീതമായി എന്നും മലയാളികളുടെ മനസ്സിൽ നിലകൊള്ളും; അദ്ദേഹം ഇന്നും എന്നും ജീവിക്കുന്നു സംഗീതത്തിലൂടെയും അദ്ദേഹം നമ്മൾ മലയാളികൾക്ക് തന്ന പ്രതിഭകളിലൂടെയും.
അതിലെന്നെന്നും തിളങ്ങുന്ന കോഹിനൂർ ആണ് നമ്മളുടെ സ്വന്തം കെ എസ് ചിത്ര
ഇതിവിടെ അവസാനിക്കുന്നില്ല തുടരുന്നതായിരിക്കും
.
Leave A Comment