സീൻ 1
കല്ലമ്പലത്തെ ബസ് സ്റ്റാൻഡ് .
കരിക്കോട്ടുള്ള നമ്മുടെ കോളേജിലേക്ക് ബസ് കയറാൻ, റോഡ് മുറിച്ചു കടക്കാൻ നിന്ന എം. എ. നാസർ ഒരു കാഴ്ച കണ്ടു, കുറച്ചു പയ്യന്മാർ വാലെ വാലെ അണച്ചണച്ചു സൈക്കിൾ ചവുട്ടി വരുന്നു, ഒരു കൗതുകത്തിനു നോക്കിയതാണ് . പക്ഷെ അടുത്ത് വന്നപ്പോൾ S3E- ലെ Anwar Shah-യും കുറെ കൂട്ടുകാരും
മച്ചാ…………. എന്നു വിളിച്ചു നാസർ കൈ അടിച്ചു.
അവരെല്ലാവരും സൈക്കിൾ പതുക്കെ സൈഡിലോട്ടു ഒതുക്കി, കാല് കുത്തി .
എന്ത് പറ്റി? എങ്ങോട്ടാ?
ചോദിക്കണ്ട താമസം അവര് പറഞ്ഞു, ഞങ്ങൾ VC – യെ കാണാൻ യൂണിവേഴ്സിറ്റിക്ക് വെച്ച് പിടിക്കുവാ,
കുറച്ചു പേർ ട്രെയിനിലും ബസിലും ഒക്കെ ആയി പോയിട്ടുണ്ട്. തിരുവന്തപുരത്തെ കോളേജിൽ നിന്നുള്ളവർ നേരിട്ട് അങ്ങെത്തും
കാലത്തു 11 മണിക്ക് യൂണിവേഴ്സിറ്റിയുടെ മുന്നിൽ കൂടാനാണ് പരിപാടി. നേരിട്ട് കണ്ടു പുള്ളിക്കാരനാട് ഒരു കാര്യം പറയാൻ പോവുകയാണ്.
കേട്ട പാതി, കേൾക്കാത്ത പാതി
നാസർ അതിലെ വന്ന തിരുവനന്തപുരം ഫാസ്റ്റിന്റെ ഫുട്ബോര്ഡില് ഓടി കയറി
എന്നിട്ടു കൈവീശി വിളിച്ചു പറഞ്ഞു
അളിയാ തലസ്ഥാനത്തു കാണാം
നിങ്ങള് ആഞ്ഞു ചവുട്ടിക്കോ
സീൻ 2
ആന വണ്ടി, പാളയത്തു ഗിയറു മാറ്റാൻ ക്ലച്ച് പിടിച്ചതും
നാസർ മുന്നോട്ട് ഓടി ഇറങ്ങി കഴിഞ്ഞു, പള്ളിയുടെ മുന്നിലെത്തിയപ്പോഴാണ് കാലു രണ്ടും ഒന്ന് തറയിൽ നിന്നതു.
കാല് തറയിൽ തൊട്ടതും കീഴിലൂടെ പോയ ഓട്ടോറിക്ഷക്കാരനെ നാസർ കൂകി വിളിച്ചു
ഏയ് ഓട്ടോ!!!
ഓട്ടോ നിന്നു, കയറുന്നതിനു മുന്നേ നാസർ പറഞ്ഞു
ക്ലിഫ് ഹൌസ്
ഓട്ടോ റിക്ഷാക്കാരൻ, പിന്നെ ശ്വാസം വിട്ടില്ല, ഒറ്റ വിടീലാണ്, ക്ലിഫ് ഹൌസ് അടുക്കാറായപ്പോൾ നാസർ പറഞ്ഞു ഒന്നു അടുപ്പിച്ചേ;
അങ്ങേരു തിരിഞ്ഞു നോക്കുന്നതിനു മുന്നേ ചില്ലറ രണ്ട് രൂപ കൊടുത്തിട്ടു പുള്ളിക്കാരൻ വലിഞ്ഞു,
കൊല്ലത്തു നിന്നുള്ള RSP- യുടെ ഐതിഹാസിക നേതാവ് ശ്രീ ബേബി ജോൺ സാറിന്റെ മന്ത്രിമന്ദിരത്തിലേക്ക് അതിവേഗത്തിൽ നടന്നു കയറി
ബേബി ജോൺ സാറിന്റെ വീട്ടിലെ ഏതു മുറിയിൽ എപ്പോൾ വേണമെങ്കിലും കയറി ചെല്ലാവുന്ന കെട്ടുറപ്പു ള്ള ബന്ധം
മന്ത്രിയുടെ PA -യോട് MLA ഹോസ്റ്റൽ-ലെ 101- ന്നാം നമ്പർ മുറിയിലേക്ക് വിളിക്കാൻ പറഞ്ഞു
വിളിച്ചു, മന്ത്രിയുടെ PA ആണെന്ന് പറഞ്ഞു
അങ്ങേ തലക്കൽ ആൾ എഴുന്നേറ്റു നിന്നു
നാസർ റിസീവർ കൈയ്യിൽ വാങ്ങി
പിന്നെ കണ്ടത്
കൊടി വെച്ച കാറിൽ MLA ഹോസ്റ്റലിന്റെ പോർട്ടിക്കോയിൽ ചെന്നിറങ്ങുന്ന നാസറിനെ ആണ്
പുള്ളിക്കാരനെ സ്വീകരിക്കാനായി അന്നത്തെ വളർന്നു വരുന്ന ഒരു Congress നേതാവ് എത്തി , പിന്നാലെ എല്ലാ പാർട്ടികളിൽ നിന്നുമുള്ള കുറെയധികം അണികളും, MLA ഹോസ്റ്റൽ യൂണിവേഴ്സിറ്റി ഓഫീസിന്റെ തൊട്ടടുത്താണ്
മന്ത്രി ആഹ്വാനം ചെയ്ത സ്വീകരണമാണ്, കൊല്ലത്തു നിന്നും വരുന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ വലിയ ഒരു സംഘത്തെ സ്വീകരിക്കാനാണ്,
അങ്ങനെ എല്ലാ പാർട്ടിക്കാരും സംയുക്തമായി യൂണിവേഴ്സിറ്റിയിലേക്ക് നീങ്ങി;
വിഘടന വാദികളും പ്രതിക്രിയാ വാദികളും പ്രഥമദൃശ്ടിയാൽ അകൽച്ചയിലായിരുന്നു എങ്കിലും അവർക്കിടയിലുള്ള അന്ധർധാര സജീവമായിരുന്നു.
ഇതാണ് ഞങ്ങളുടെ നാസർ
M. A. NAZER
സീൻ 3
മറ്റു വണ്ടി കയറി വന്നവരെല്ലാം എത്തി, ഓരോ ചായയും എത്തക്കാപ്പവും കഴിച്ചു യൂണിവേഴ്സിറ്റിയുടെ വാതുക്കൽ, കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് ചവുട്ടി ചവുട്ടി വരുന്ന സംഘത്തിനെ കാത്തു നിൽക്കാൻ തുടങ്ങി, ഇന്നത്തെ പോലെ മൊബൈൽ ഫോൺ ഒന്നും ഇല്ലല്ലോ, പുറപ്പെടുന്നിടം തൊട്ടു നിർത്താതെ വിളിച്ചിട്ടു എവിടെത്തി? എവിടെത്തി? എന്ന് ചോദിക്കാൻ.
യൂണിവേഴ്സിറ്റിയുടെ മുന്നിലുള്ള കുമാരനാശാന്റെ പ്രതിമയുടെ മുന്നിൽ കൂടാനാണ് പറഞ്ഞുറച്ചതു,
പെട്ടെന്ന് ഇടതു നിന്നും വലതു നിന്നും അളിയാ എന്ന വിളി കേട്ട്
നടുക്ക് നിന്ന സെമസ്റ്റർ വിദ്യാർത്ഥികൾ ഞെട്ടി
ഒരു വശത്തു കൂടി കൂട്ടുകാർ സൈക്കിളിൽ, മറു വശത്തു വെള്ള ഖദറണിഞ്ഞ ഒരു പറ്റം പേർ
മുദ്രാവാക്യങ്ങളും ചുരുട്ടിയ മുഷ്ടിയുമായി
അഭിവാദനങ്ങൾ! അഭിവാദനങ്ങൾ!
എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് അഭിവാദനങ്ങൾ!
എണ്ണാമെങ്കിൽ എണ്ണിക്കോ ഞങ്ങളുണ്ട് പിന്നാലെ
മുഴുവൻ സെറ്റപ്പോട് കൂടിയാണ് നാസർ വന്നത്
പടക്കവും, പടം പിടിക്കുന്ന ആളുമായി.
നാസറിന്റെ കൂടെ വന്ന ചെന്നിത്തലയിൽ നിന്നുള്ള ഇപ്പോഴത്തെ ഒരു മുതിർന്ന അനിഷേധ്യ നേതാവ് കരാൾക്കടയിലെ ഒരു തോര്തെടുത്തു Anwar Shah- യുടെ കഴുത്തിൽ ചാർത്തി
എന്നിട്ടൊരു തീപ്പൊരി പ്രസംഗം കാച്ചി
എന്താണ് കാര്യമെന്നോ എന്തിനാണെന്നോ ചോദിയ്ക്കാൻ നിന്നില്ല ആരും
മുദ്രവാക്യങ്ങൾ വാതോരാതെ വിളിച്ചു
പടം പിടുത്തക്കാരൻ പടങ്ങൾ എടുത്തു
പടക്കം പൊട്ടി തെറിച്ചു
അങ്ങനെ സർവ ഭാവുകങ്ങളും നേർന്നിട്ട് ഖദറുകൾ മടങ്ങി
M. A. NAZER
ഞൊടിയിട കൊണ്ട്
തലസ്ഥാനം ഇളക്കി മറിക്കാൻ ബന്ധമുള്ള ആളാണ്
പഠിച്ചിരുന്ന കാലത്തു കുറെ ഏറെ മുദ്രവാക്യം വിളിച്ച ആളാണ്
ആരെപ്പോൾ ഏതു പാതിരാത്രിയിൽ ചെന്ന് വിളിച്ചാലും മുൻപിൻ നോക്കാതെ എന്ത് കാര്യവും എങ്ങനെയും സാധിച്ചെടുത്തു ആവശ്യക്കാരെ നിർലോഭം സഹായിക്കുന്ന ഒരു സഹജീവി.
തിരുവനതപുരം എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥികൾ കാഴ്ച കണ്ടു ഞെട്ടി
നാസറിനെ സാഷ്ടാംഗം പ്രണമിച്ചു
ശിഷ്യപെട്ടു
പിന്നെ പഠിച്ചു പഠിച്ചു പാസ്സാകുന്ന വരെ നാസർ തിരിഞ്ഞു നോക്കിയിട്ടില്ല
ആ സമയം അതിലെ കയറിപ്പോയ കൊടി വെച്ച അംബാസിഡർ കാറിലിരുന്ന് VC തല വെളിയിലേക്കിട്ടു നോക്കി, വ്യക്തമായിട്ടല്ലെങ്കിലും കുറെ പയ്യന്മാരെയും, മുദ്രവാക്യം വിളിയും കേട്ടു.
സീൻ 4
11- മണി തൊട്ടു നിൽക്കാൻ തുടങ്ങിയതാണ്
എപ്പോളാണ് വിളിക്കുക എന്നറിയാത്തതിനാൽ
മുഖ്യധാരാ പുള്ളികൾ VC- യുടെ ചേംബറിന്റെ മുന്നിൽ നിന്ന് അനങ്ങിയില്ല
അണികൾ കൂട്ടം കൂട്ടമായി ജനകീയ ക്യാന്റീനിൽ നിന്ന് ഊണ് കഴിച്ചു വന്നു
പ്രധാന പുള്ളികൾക്ക് ഓഫീസിൽ ചായ കൊണ്ടുവരുന്ന അണ്ണനോട് പറഞ്ഞു, പരിപ്പ് വടയും, ചായയും ഒപ്പിച്ചു,
എഴുതി കൊണ്ട് വന്ന മെമ്മോറാണ്ടം പലവട്ടം മാറി മാറി എല്ലാവരും നോക്കി
പലവട്ടം നാസറിന്റെ കൈയ്യിൽ വായിക്കാൻ കൊടുത്തെങ്കിലും ഇതൊന്നും ഒരു പ്രശ്നമല്ല എന്ന് പറഞ്ഞു നാസർ VC-യുടെ PA-യുടെ അടുത്ത് പോയി, ക്ലിഫ് ഹൌസ്സിലെ ഒടുങ്ങാത്ത പ്രശ്നങ്ങൾ അവതരിപ്പിക്കാൻ തുടങ്ങി
ഉച്ചക്ക് 2 മണി ആയപ്പോൾ PA-യുടെ മേശപ്പുറത്തെ ഇന്റർകോം ശബ്ദിച്ചു പുള്ളിക്കു ഉത്തരം മുട്ടുന്നത് നാസറിന് കാണാമായിരുന്നു
VC ചോദിച്ചത് വന്ന പിള്ളേര് പോയോ എന്നായിരുന്നു
PA സത്യം പറഞ്ഞു
ഇല്ല സർ
അവർ ഉപദ്രവകാരികളല്ല സർ
ക്ലിഫ് ഹൌസ്സിൽ നിന്ന് പറഞ്ഞു വിട്ടവരാണ് സർ
എന്നാൽ പിന്നെ കയറ്റി വിടൂ എന്നായി
പക്ഷെ 3 പേർ അതിൽ കൂടുതൽ വേണ്ട
3 പേർ ഒരു വഴിക്കു പോയാൽ……… ആരോ ഉറക്കെ പറഞ്ഞു
അപ്പോൾ നീളത്തിൽ കുറുകിയ ഒരുത്തനെ കൂടി PA പിന്നാലെ കയറ്റി വിട്ടു
സീൻ 5
കുട്ടി ഒരു വെള്ള കടലാസിൽ വടിവൊത്ത അക്ഷരത്തിൽ എഴുതിയ നിവേദനപത്രിക VC യുടെ കൈയ്യിൽ ഭവ്യതയോടെ, അല്പം തലയൊന്നു താഴ്ത്തി കൊടുത്തു, സർ
VC ഒന്നേ നോക്കിയുള്ളൂ
ഒരു പെൺ കുട്ടിയുടെ കൈപ്പട
അപ്പോഴേ VC ചോദിച്ചു, ഇതെഴുതിയ ആളെവിടെ???
ഇതെന്തായാലും നിങ്ങളുടെ ആരുടേയും കൈയ്യക്ഷരമല്ല
YES SIR, NO SIR
സർ ആ കുട്ടിയുടെ ‘അമ്മ വിട്ടില്ല സർ
എന്നാൽ പിന്നെ കാര്യം പറയാൻ പറഞ്ഞു
വളരെ ഗൗരവത്തോടെ
തികഞ്ഞ ആത്മവിശ്വാസത്തോടെ
VC യുടെ കണ്ണുകളിലേക്കു കുട്ടി നോക്കി
എന്നിട്ടു പറഞ്ഞു
സർ ഞങ്ങൾക്ക്, പരീക്ഷക്ക് CALCULATOR ഉപയോഗിക്കാനുള്ള അനുവാദം തരണം സർ
പുറം രാജ്യങ്ങളിലെ കുട്ടികൾ കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ, ഞങ്ങൾ കേരള യൂണിവേഴ്സിറ്റിയിലെ കുട്ടികൾ ഇപ്പോഴും ലോഗരിതവും, സ്ലൈഡ് റൂളുമായി മല്ലിടുന്നു സർ,
കണക്കു കൂട്ടാൻ CALCULATOR ഇല്ലാത്ത ഒറ്റ കാരണത്താൽ, രണ്ടക്ഷരം പഠിക്കാൻ പറ്റാതെ, മനസ്സ് നൊന്ത്, പലർക്കും ഒരു തരം മാന്ദ്യം പിടിപെട്ടിരിക്കുന്നു സർ, ഞങ്ങൾ ആകെ തളർന്നിരിക്കുന്നു സർ.
പുള്ളിക്കാരൻ എല്ലാവരെയും ഒന്ന് നോക്കി
എല്ലാം ശരിയാക്കാം
എല്ലാത്തിനും അതിന്റെതായ സമയമുണ്ട് കുട്ടീ
ആദ്യമായി നിങ്ങളുടെ നിവേദനം, ബോർഡ് ഓഫ് സ്റ്റഡീസ് -ലെ എല്ലാ കോളേജ് മെമ്പർമാറും പഠിച്ചു,
അവരുടെ അഭിപ്രായങ്ങൾ യൂണിവേഴ്സിറ്റി ഓഫീസിൽ എഴുതി അറിയിച്ചു,
ആ തപാലെല്ലാം എന്റെ PA-യും സെക്ഷൻ ക്ലാർക്കും കൂടി നോക്കി
അടുക്കി, പെറുക്കി, എന്നിട്ടു,
ചർച്ചയും, അഭിപ്രായ വോട്ടെടുപ്പും നടത്തി, സാവധാനം എല്ലാം പ്രായോഗികമാക്കാം
കുട്ടികൾ പരസ്പരം നോക്കി
മനസ്സിൽ എല്ലാവരും ഒരു പോലെ ഉരുവിട്ട്
ഇതിങ്ങനെ ഒക്കെ ചെയ്തിട്ട് നടക്കാനാണെങ്കിൽ
നമ്മുടെ ഒക്കെ പതിനാറടിയന്തരം കഴിഞ്ഞാലും നടക്കുകേല
അപ്പോൾ എല്ലാവരും കുട്ടിയെ നോക്കി
നീ ഇപ്പോൾ ഈ നിമിഷം ഇങ്ങേരുടെ തലയിലൂടെ വൈകാരികതയെ തൊട്ടുണർത്തുന്ന,
ജഗതി ശ്രീകുമാർ, ശ്രീനിവാസന് പഠിപ്പിച്ചു കൊടുത്ത നവരസത്തിന്റെയും അപ്പുറത്തുള്ള ഏതെങ്കിലുമൊരെണ്ണം എടുത്തു പ്രയോഗിച്ചില്ലെങ്കിൽ … നമ്മൾ ഈ ജന്മം എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് CALCULATOR കാണില്ല
കുട്ടി ഒരു വലിയ ചാക്ക് VC യുടെ തലവഴിയെ ഇട്ടു
സർ, ഒരു കാര്യം ചെയ്യൂ സർ,
സർ ഞങളുടെ സ്ഥാനത്തു നിന്നൊരു നിമിഷം ഒന്ന് ചിന്തിക്കൂ ,
സാറിന്, പരീക്ഷക്ക് മുന്നേ ഈ CALCULATOR കിട്ടിയാൽ സാറിന്റെ ജീവിതം തന്നെ മാറി മറിയില്ലേ ?
പരീക്ഷ എളുപ്പമാവില്ലേ?
കുറച്ചു കൂടി കാര്യക്ഷമതയോടെ വിഷയങ്ങൾ പഠിക്കാൻ പറ്റില്ലേ ?
കൂടുതൽ സൃഷ്ടിപരമായ കാര്യങ്ങൾ ചെയ്യാൻ പറ്റില്ലേ?
സർ ഈ അവസരത്തിനായി എന്തും ചെയ്യില്ലേ സർ?
ഈ മാറ്റം അനിവാര്യമാണ് സർ
നേരത്തെ ചെയ്താൽ നാല് പേർക്ക് പ്രയോചനമുണ്ടാവും സർ
ഇങ്ങനെ ആവുമ്പോൾ കേരള യൂണിവേഴ്സിറ്റിയുടെ പേര് ഇന്ത്യയിൽ അങ്ങോളം ഇങ്ങോളം മുഴങ്ങി കേൾക്കില്ലേ സർ?
ഞങ്ങൾ അത്രയേ ആവശ്യപെടുന്നുള്ളൂ സർ..
അപ്പോൾ VC ചോദിച്ചു
പേരെന്താണ്?
നിങ്ങൾ ഏതു കോളേജിൽ നിന്നുള്ളവരാണ്?
സർ ഞങ്ങൾ TKM കോളേജിലെ വിദ്യാർത്ഥികളാണ്
ശരിയാണ് ഞങ്ങളാണ് മുൻകൈയെടുത്ത്
പക്ഷെ ഇതെല്ലാവർക്കും വേണ്ടിയാണ് സർ
സർ ഇത് ഞങ്ങളുടെ കോളേജിന്റെ ഒരു പ്രത്യേകത ആണ്
എല്ലാവര്ക്കും പ്രയോജനമുള്ള എന്ത് കാര്യത്തിനും ഞങ്ങൾ ഏതറ്റം വരെയും പോകും സർ
ഞങ്ങൾ ഒന്നേ ആവശ്യപെടുന്നുള്ളു സർ
ഇപ്പോൾ ചേർന്ന കുട്ടികളുടെ ആദ്യത്തെ പരീക്ഷ 1 മാസത്തിനകം തുടങ്ങും, ഞങ്ങളുടെ 3rd സെമസ്റ്റർ പരീക്ഷ യും
അതിനു മുന്നേ അനുവദിച്ചാൽ എല്ലാവര്ക്കും പ്രയോചനമാകും
സർ ഇത് സാറിന്റെ വിവേചനാധികാരപരിധിയിൽ വരുന്ന കാര്യമാണ്
ആർക്കും ഒരിക്കലും സാറിന്റെ ഈ നടപടിയെ ചോദ്യം ചെയ്യാൻ പറ്റില്ല
സർ പതുക്കെ തലകുലുക്കി
സിമ്പിൾ പെൻഡുലം പോലെ അങ്ങോട്ടും, ഇങ്ങോട്ടും, അല്ല
മുകളിലോട്ടും താഴോട്ടും
PA- യെ അകത്തു വിളിച്ചിട്ടു കുട്ടികൾക്ക് ചായ കൊടുത്തിട്ടു വിടാൻ പറഞ്ഞു
സീൻ 6
സുകുമാരൻ നായർ സർ
നാഗപ്പൻ നായർ സാറിനെ
ഫോണിൽ വിളിച്ചു
നാഗപ്പൻ നായർ സർ
ബോർഡ് ഓഫ് സ്റ്റഡീസ്- ലെ മെമ്പര്മാരെ ഓരോരുത്തരെയായും അറിയിച്ചു
പക്ഷെ അതാരുടെയും അഭിപ്രായം ചോദിചുള്ള കടലാസായിരുന്നില്ല,
മറിച്
എല്ലാ കോളേജിലും സർക്കാരിന്റെ മുദ്രവെച്ച തപാലെത്തി; VC, കേരള യൂണിവേഴ്സിറ്റിയുടെ എല്ലാ എഞ്ചിനീറിങ്ങ് കോളേജിലും 1977-ൽ കയറിയ 1st സെമസ്റ്റർ ബാച്ചിന്റെ ആദ്യ പരീക്ഷ തൊട്ടും , 3rd സെമസ്റ്റർ പരീക്ഷക്കും SCIENTIFIC CALCULATOR ഉപയോഗിക്കാനുള്ള അനുവാദം കൊടുത്തതായുള്ള അറിയിപ്പ്.
വിവരം അറിയിക്കൽ ഇണ്ടാസ് ആയിരുന്നു.
സീൻ 7
പരീക്ഷയുടെ സ്റ്റഡി ലീവിന് എനിക്ക് കറുത്ത കൂട്ടിൽ ഒരു പെട്ടി കിട്ടി
സോപ്പ് പെട്ടിയെ കാട്ടിലും 2 സൈഡും വലുപ്പമുള്ള ഒരു സാധനം
തുറന്നപ്പോൾ
തിളങ്ങുന്ന കറുത്ത നിറത്തിലുള്ള, മുകളിലായി കൂളിംഗ് ഗ്ലാസ് ഡിസ്പ്ലേ ഉള്ള ഒരു Calculator, പച്ച നിയോൺ വെളിച്ചത്തിലുള്ള ഡിസ്പ്ലേ.
അതിന്റെ ദേഹത്തു മുഴുവൻ വെള്ള ബട്ടണിൽ ആലേഖനം ചെയ്ത അക്കങ്ങളും ചിന്ഹങ്ങളും
10 ഡെസിമൽ വരെ കൃത്യത
ആദ്യമൊക്കെ എന്റെ സ്ഥിരം ജോലി
ചില കണക്കുകൾ ഗുണിച്ചും ഹരിച്ചും നോക്കും
ശരിക്കും വരുന്നുണ്ടോ എന്ന്
അഥവാ കണക്കെങ്ങാനും പെട്ടിക്കു തെറ്റിയാലോ എന്നൊരു സംശയം
അങ്ങനെ ആദ്യമായി പരീക്ഷക്ക് കൊണ്ട് പോകാൻ എനിക്ക് കിട്ടിയ Scientific Calculator SHARP – Made in Japan
തന്ന ആളിന് ഒറ്റ ഉദ്ദേശമേ ഉണ്ടായിരുന്നുള്ളൂ പെട്ടെന്ന് ഞാൻ എന്റെ പരീക്ഷ എഴുതി തീർത്താൽ, പിന്നെ എന്നെകൊണ്ട് പുള്ളിക്കാരന്റെ Drawing Sheets, Assignments, ഒക്കെ വരപ്പിക്കയും, എഴുതിക്കയും ചെയ്യാമല്ലോ
1st സെമസ്റ്റർ ആണ്
പറയുന്നതെല്ലാം കേൾക്കുകയെ നിവർത്തിയുള്ളൂ
പക്ഷെ, പരീക്ഷ തുടങ്ങുന്നതിന്റെ തലേന്ന്
എന്റെ വീട്ടിൽ ആദ്യമായി കള്ളൻ കയറി……………………………
സാങ്കേതിക വിദ്യയും, ഡിജിറ്റൽ പരിവര്ത്തനവും, ലോകമെമ്പാടുമുള്ള എല്ലാത്തിനെയും നിയന്ത്രിക്കുന്ന ഈ യുഗത്തിൽ, 1977- ൽ ഞങ്ങളുടെയും പിന്നാലെ വന്ന എല്ലാ വിദ്യാർത്ഥികളുടെയും ജീവിതത്തിൽ വിപ്ലവകരമായ മാറ്റം ഉണ്ടാക്കിയ ആദ്യത്തെ ഇലക്ട്രോണിക് ഉപകരണം.
1977-ൽ TKM- ലെ ഒരു കൂട്ടം പുരോഗമനചിന്താഗതിയുള്ള, ഊര്ജ്ജസ്വലരായ കുട്ടികൾ നൽകിയ നേതൃത്വത്തിന്റെ ആത്യന്തികഫലം
42 വര്ഷങ്ങള്ക്കു ശേഷവും
നമ്മൾ ആ ഡിജിറ്റൽ ലോകത്തിന്റെ ഒരറ്റത്ത് പകച്ചു നില്കുന്നതേ ഉള്ളൂ
1 comment(s)