ഒത്തിരി ഒത്തിരി യാത്രകൾ നടത്തിയിട്ടുള്ള എനിക്ക് അന്നും, ഇന്നും, എന്നും ഒരു കുസൃതി ചിരിയോടെ മാത്രമേ ഞങ്ങളുടെ അവസാന വർഷ മുഴു ഭാരത യാത്രയെ പറ്റി ഓർക്കാൻ പറ്റൂ .
കോളേജിൽ കാട്ടിക്കൂട്ടിയ വിചിത്രമായ, വിസ്മയിപ്പിക്കുന്ന, അമ്പരപ്പിക്കുന്ന കോപ്രായങ്ങൾക്കിടലെപ്പോഴോ എല്ലാവരും എന്തൊക്കെയോ പഠിച്ചു, പരീക്ഷകൾ പാസ്സായി, ജോലികൾ ചെയ്തുലോകമെമ്പാടും ജീവിക്കുന്നു.
പഠിച്ചിരുന്നപ്പോൾ കോളേജിൽ പോകുന്നതിനു കാരണം മിക്കപ്പോഴും പഠിത്തം ഒഴിച്ചുള്ള ഒരായിരം കാര്യങ്ങളായിരുന്നു.
ഭാരത യാത്ര: എല്ലാ കൂട്ടുകാരും ഒരുമിച്ചുള്ള യാത്ര ആയതിനാൽ, പുറപ്പെട്ടു തിരികെ വരുന്നവരെ, അവരവരുടെ ദിനചര്യകൾ കൂടെ ഉള്ളവരുടെ സൗകര്യങ്ങൾ നോക്കിക്കണ്ടു ചെയ്യണം; കുറച്ചു ദിവസം 24 മണിക്കൂറും ഒരുമിച്ചു സമയം ചിലവഴിക്കണം, പലതും സഹകരിച്ചു ചെയ്യണം, പിണങ്ങാതെ, ഇണങ്ങി, പ്രശ്നങ്ങൾ ഉണ്ടാക്കാതെ, പാര വെക്കാതെ ഒറ്റകെട്ടായി സന്തോഷമായി സ്ഥലങ്ങളെല്ലാം കണ്ട്, കാഴ്ചവിശേഷങ്ങളൊക്കെ കുറിച്ചെടുത്ത്, തിരികെ വന്നു യാത്രാവിവരണം തയ്യാറാക്കാനാവശ്യമായ വിവരങ്ങൾ ശേഖരിച്ചു വരണം.
1 മാസമാണ് യാത്രയുടെ ദൈര്ഘ്യം. എല്ലാ ബ്രാഞ്ചിലെ കുട്ടികളും ഒന്നോ രണ്ടോ ദിവസത്തെ വ്യത്യാസത്തിനാണ് യാത്ര പോകുന്നത്, പലസ്ഥലത്തും വെച്ച് കണ്ടു മുട്ടാറുണ്ട്, ചില ഇടങ്ങളിൽ ഒരേ സ്ഥലത്തു തന്നെ താമസിക്കാറുമുണ്ട്.
യാത്രക്ക് പോകുന്നതിനു മുന്നേ പേര് കൊടുക്കും, പോയ വർഷത്തെ കണക്കിന്റെ അടിസ്ഥാനത്തിൽ ഒരു നിശ്ചിത തുക പിരിച്ചെടുക്കുകയും ചെയ്യും. ഏതാണ്ട് 1000 രൂപയാണ് യാത്ര കൂലിക്കും, താമസത്തിനും, ഭക്ഷണത്തിനുമായി ആകുന്നത്.
കുട്ടികളുടെ കൂടെ യാത്ര ചെയ്യാൻ കോളേജിൽ നിന്ന് 2 സാറന്മാരും വരാറുണ്ട്. പ്രിയപ്പെട്ട ജോൺ ചെറിയാൻ സാറും, നമ്പൂതിരി സാറുമാണ് ഞങ്ങളുടെ കൂടെ വന്നത്,
വളരെ അധികം ആകാംഷയോടെയും പ്രതീക്ഷയോടെയുമാണീ യാത്രക്കുള്ള തയ്യാറെടുപ്പുകൾ ചെയ്തത്.
ഞങ്ങൾ ഓരോരോ സമിതികൾ രൂപീകരിച്ചു , വളരെ വിശദീകരിച്ചുള്ള സമിതികൾ. എല്ലാവര്ക്കും ഓരോരോ ഉത്തരവാദിത്വങ്ങളുണ്ടായിരുന്നു ഓരോരുത്തരും അവരവരുടെ ജോലികൾ വളരെ ഭംഗിയായി ചെയ്യുകയും ചെയ്തു
സാമ്പത്തികം എന്നുമുള്ള ചിലവിന്റെ കണക്കു, ഓരോ സ്ഥലത്തെത്തുമ്പോൾ, അടക്കേണ്ട യാത്രാകൂലികൾ, താമസത്തിന്റെ കാശ് ഓരോ സ്ഥലങ്ങൾ കാണുന്നതിനുള്ള പ്രവേശന ഫീസുകൾ ഇതൊക്കെ കൃത്യമായി കണക്കു വെക്കുകയും കാശ് സൂക്ഷിക്കയും ചെയ്യണ്ടത് ഇവരുടെ ചുമതലയാണ്.
ഗതാഗതം: റയിൽ, വിമാനം, കപ്പൽ, ബസ്, ഇങ്ങനെ എല്ലാ രീതിയിലുള്ള സഞ്ചാര മാർഗ്ഗങ്ങളും ചേർന്നതായിരുന്നു ഞങ്ങളുടെ യാത്ര.
ഞങ്ങൾ മിക്കവരും ആദ്യമായി വിമാനത്തിൽ കയറിയത് കോളേജിലെ ഈ യാത്രയുടെ ഭാഗമായിട്ടാണ്; ഡൽഹിയിൽ നിന്ന് കാശ്മീരിലേക്കു, ശ്രീനഗറിലേക്കു.
പിന്നെ ബോംബയിൽ നിന്ന് ഗോവയിലേക്കുള്ള കപ്പൽ. യാത്ര
ജമ്മുവിൽ നിന്ന് ചണ്ഡിഗർഹ്, ഡൽഹിയിൽ നിന്ന് ആഗ്ര തുടങ്ങിയ നീണ്ട ബസ് യാത്രകൾ
താമസിക്കാനുള്ള ഏർപ്പാടുകൾ കഴിവതും, നേരത്തെ തന്നെ പല സ്ഥലത്തുമുള്ള സ്വന്തക്കാരുടെ സഹായം സ്വീകരിച്ച്, ഉചിതമായ താമസ സ്ഥലങ്ങൾ തിരഞ്ഞെടുത്ത് അവരുമായി എഴുത്തുകുത്തുകൾ നടത്തിയാണ് ഏർപ്പാടാക്കിയത്. വിലപേശൽ എന്റെ ഒരു മേഖല ആയിരുന്നു. ഏറ്റവും അന്തസ്സായ, സ്ഥലങ്ങൾ, ആദായ വിലക്ക് അതായിരുന്നു ഞങ്ങളുടെ ഉദ്ദേശം.
യൂത്ത് ഹോസ്റ്റലുകൾ, പൊതുവായ ശയന മുറികളുള്ള ഹോട്ടലുകൾ , ലോഡ്ജുകൾ, കോളേജ് ഹോസ്റ്റൽ ഇത്യാദി സ്ഥലങ്ങളിലാണ് പൊതുവെ താമസിച്ചിരുന്നത്
എല്ലാം വിവരങ്ങളും, ഫോൺ നമ്പറും, അവിടെ എത്തിപ്പെടേണ്ട വഴിയും ഒക്കെ രേഖപ്പെടുത്തിയ കത്തുകളും, വിവരങ്ങളും, വളരെ കൃത്യമായി ഫൈലിൽ സൂക്ഷിച്ചു ഞങ്ങളുടെ കൂടെ വന്ന സാറിന്റെ കൈയ്യിലും, താമസ സൗകര്യങ്ങൾ നോക്കുന്ന സമിതിയുടെ നായകന്റെ കൈയ്യിലും വെച്ചിരുന്നു
ഭക്ഷണത്തിന്റെ സമിതി, വൃത്തിയുള്ള ആഹാരം, പൊതുവെ സസ്യാഹാരം, ശുദ്ധ ജലം , ഇതൊക്കെ കഴിവതും ശ്രദ്ധിച്ചിരുന്നു.,
ഭടന്മാരെ പോലെ ഓടി വരാനും സംരക്ഷിക്കാനും ചുമതലപ്പെട്ട; തടിയും തണ്ടുമുള്ള സുരക്ഷാ സമിതിക്കാർക്ക് തേരാ പാരാ ഇറങ്ങി നടക്കുന്നവരെ ശ്രദ്ധിക്കുന്നതും, ട്രെയിനിന്റെ കതകിന്റെ അടുത്ത് ഒറ്റയ്ക്ക് പോയി നിൽക്കുന്നവരെ തൂക്കിയെടുത്തു സീറ്റിൽ ഇരുത്തുന്നതും, യാത്രയുടെ ഇടയിൽ പുറത്തു നിന്നുള്ളവരുടെ കൈയ്യേറ്റമോ മറ്റോ വരാതെ സൂക്ഷിക്കുന്നതും,, പെൺകുട്ടികൾക്കു പുറത്തുനിന്നുള്ളവരിൽ നിന്ന് ബുദ്ധിമുട്ടുണ്ടാവാതെ നോക്കുന്നതും., ഒരു മുഴുനീള ജോലി ആയിരുന്നു,
ആരോഗ്യം: വലിച്ചു വാരി എന്തെങ്കിലും കഴിച്ചിട്ടുണ്ടാകുന്ന വയറു വേദന, ദഹനക്കേടുകൾ, തല, പല്ലു, ചെവി വേദനകൾ, പനി, ജലദോഷം, ചെറിയ മുറിവ് , തുമ്മൽ, അലര്ജി, ഇത്യാദി ദീനങ്ങൾക്കുള്ള മരുന്നുകൾ, പലതരം ബാൻഡേജ്, പഞ്ഞി , ഡെറ്റോൾ, വിക്സ്, ഇങ്ങനെ അത്യാവശ്യമുള്ള സാധങ്ങളുമായി ഒരു First Aid Box. കരുതിയിരുന്നു
എല്ലാവരുടെയും പെട്ടിയുടെയും, പ്രമാണത്തിന്റെയും മുകളിൽ പേരെഴുതി ഒട്ടിക്കുക, അല്ലെങ്കിൽ പേരെഴുതിയ ചീട്ടോ, തൊങ്ങലോ, പെട്ടിയുടെ പിടിയിൽ തൂക്കിയിടുക എന്നുള്ളത് നിർബന്ധമായിരുന്നു. ഓരോ സ്ഥലത്തിറങ്ങുമ്പോഴും കയറുമ്പോഴും പെട്ടിയുടെ പേരും, എണ്ണവും പരിശോധിക്കുന്ന ശീലം ഉടനീളം പിന്തുടർന്നിരുന്നു.
കാണാൻ പോകേണ്ട സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നസമിതി, ഓരോ സ്ഥലത്തെത്തുമ്പോഴും, എന്ത് കാണണം, എവിടെയെല്ലാം പോകണം, ഷോപ്പിങ്ങിനു സമയം കണ്ടെത്തുക, ഇതൊക്കെ ഗൗരവപൂർവം ചെയ്തിരുന്നു.
അച്ചടക്കം കൊണ്ട് എന്ത് ഉദ്ദേശിച്ചുവെന്നു സത്യമായും അറിയില്ല, എന്തായാലും ഞങ്ങൾ അച്ചടക്കത്തോടെ ഒരുമിച്ചാണ് എല്ലാ കുരുത്തക്കേടും ചെയ്തത്, തമ്മിൽ തല്ലാതെ, പ്രേമിക്കുന്നവരെ പ്രേമിക്കാൻ അനുവദിച്ചു, പഞ്ചാരയും, കുസൃതികളും എല്ലാം സമ്മതിച്ചു, പാട്ടു പാടി, പാരഡി പാടി, പരസ്പരം കരുതി, ശ്രദ്ധിച്ചു, സ്നേഹിച്ചുള്ള യാത്ര.
വീട്ടിൽ നിന്നു പോകുന്ന യാത്രയിലുടനീളം, വണ്ടി ഓടിക്കുന്നവർ ഉറങ്ങാതിരിക്കാൻ പാട്ടു പാടുന്നത് സ്ഥിരമായിരുന്നു, കോളേജിലെ യാത്രകളിൽ പാട്ടു പാടിയിരുന്നത് ഒരു നിമിഷം പോലും ഉറങ്ങി നഷ്ടപെടുത്താതിരിക്കാനാണ്, ഒരുമിച്ചുല്ലസിച്ചു രസിക്കാനായി, ട്രെയിനിലും, ബസ്സിലും മുഴുനീളം പാട്ടോടു പാട്ട്. മുറിയിൽ കയറികിടക്കുന്ന നേരം മാത്രമാണ് പാട്ടില്ലാതിരിക്കുക
ഞങ്ങൾ കയറേണ്ട ബോഗി, തിരുവനന്തപുരത്തു നിന്നും ഒഴിഞ്ഞു വരുമെന്നും, അത് കൊല്ലം സ്റ്റേഷനിൽ എവിടെ ആയിരിക്കും പിടിച്ചിടുന്നതെന്നും ഉള്ള വിവരം നേരത്തെ തന്നെ റയിലാപ്പീസിൽ നിന്നും എടുത്തിരുന്നു.
പെട്ടികളെല്ലാം നിരത്തി പ്ലാറ്റഫോമിൽ വെച്ചത് എണ്ണി തിട്ടപ്പെടുത്തി,
എന്റെ ബാഗ് ആണേൽ ഒരു ചുവപ്പും കറുപ്പും ചെക്സ് ഉള്ള ക്യാൻവാസ്സിന്റെ ഡഫിൽ ബാഗ്, അത് ഒരു ചാക്ക് നിറയെ അരിയോ തേങ്ങയോ ഇട്ടിട്ടു നേരെ നിർത്തിയ പോലെ, 4 ചാടുമുണ്ട്, എവിടെ വേണമെങ്കിലും ഉരുട്ടി കൊണ്ട് പോകാം നല്ല പൊക്കം ഉള്ളതുകൊണ്ട് നടുവ് കുനിക്കാതെ വലിച്ചോണ്ടു നടക്കാം.
ഓരോത്തരുടേയും വീട്ടുകാർ ആകാംക്ഷയോടെ എന്നാൽ, കുട്ടികളുടെ സന്തോഷത്തിന്റെ മുന്നിൽ പ്രതീക്ഷയോടെ വണ്ടി വരാൻ ആയി കാത്തു നിന്നു, ചിലർ അവസാന നിമിഷം പോക്കറ്റുകൾ തപ്പി ചില്ലറ കാശും കൂടി മക്കളുടെ കൈയ്യിൽ കൊടുക്കുമുന്നുണ്ടായിരുന്നു.
പെട്ടെന്നു ഒരു വിളിയും ബഹളവും കേട്ടു. നാസറിന്റെ ശബ്ദം…
യാത്രാവിവരണം തുടരുന്നതായിരിക്കും….
Leave A Comment