എറണാകുളം St. Teresas- ൽ നിന്ന് പ്രീഡിഗ്രി കഴിഞ്ഞു, മദ്രാസ്സിൽ പഠിക്കാൻ പോയ ഞാനാണ്, ദേ TKMCE-യിൽ.
ആദ്യത്തെ മിക്സഡ് കോളേജ് അനുഭവം, കുറെ അധികം മുതിർന്നവരെയും, സമപ്രായക്കാരെയും ഒത്തിരി ഒത്തിരി അറിയാമായിരുന്നുവെങ്കിലും ബുദ്ധിയെ ചോദ്യം ചെയ്യുന്ന ചില സിനിമ പോലെ, കുറച്ചൊരു ഞെട്ടൽ ഇല്ലെന്നു പറയാനാവില്ല, ആശ്ചര്യമേറിയ ഞെട്ടൽ…
അന്നത്തെ വേഷം, തലമുടിയുടെ സ്റ്റൈൽ, മീശയുടെ മട്ട് ഇതൊക്കെ ഒരു കാലഘട്ടത്തിന്റെ പൊലിപ്പും തൊങ്ങലും ആയിരുന്നു.
എന്റെ ക്ലാസിലെ ആണെങ്കിലും, മുതിർന്നവരുടെ ആണെങ്കിലും, എല്ലാവരുടെയും തലയിൽ പൊതുവെ ഇടതു ഭാഗത്തു ഒരു റോഡ്,( വകര്).
തൃശൂർ പൂരത്തിന് ആനയുടെ മുകളിരുന്നു വെഞ്ചാമരം വീശുമ്പോൾ മുക്കാൽ ഭാഗം ഒരു സൈഡിലൊട്ടും കാൽ ഭാഗം വേറൊരു സൈഡിലൊട്ടും വീഴത്തില്ലേ; അതുപോലെ തിങ്ങി നിറഞ്ഞ മുടി രണ്ടു സൈഡിലൊട്ടും.. അതിപ്പോൾ നെറ്റിയിൽ കുറച്ചേറെ, രണ്ടു ചെവിയും മറച്ചു കുറെ അങ്ങോട്ടും ഇങ്ങോട്ടും,
ചിലരാണേൽ നല്ല പച്ച വെളിച്ചെണ്ണ കുരുമുളകും ചുമന്നുള്ളിയും ഇട്ടു കാച്ചിയിട്ട് അപ്പം പോലെ പറ്റിച്ചു വെക്കും,
മറ്റു ചിലർ ആരുടെയൊക്കെയോ അടിച്ചു മാറ്റിയ ഷാംപൂ കൊണ്ട് കഴുകി പറപ്പിച്ചിടും; എന്തായാലും കുറെ നെറ്റിയിലൂടെയും, സൈഡിലൂടെയും, കഴുത്തേതിന്റെ പകുതി വരെയും. തൊണ്ണൂറു ശതമാനം പേർക്ക് കട്ടി മുടി ആയിരുന്നു ചുരുണ്ടതും, നീണ്ടതും, പറന്നു കിടക്കുന്നതും.
ഇന്നത്തെ പെൺ കുട്ടികൾക്ക് പോലും ഞങ്ങളുടെ സമയത്തെ ആണ്കുട്ടികൾക്കുള്ള അത്രയും ഉള്ള് ഉണ്ടായിരുന്നില്ല.
പെൺകുട്ടികൾക്ക് 3 സ്ഥിരം സ്റ്റൈൽ ഒന്നുകിൽ മുഴുവനായി ചേർത്ത് പിടിച്ചു പിന്നിക്കെട്ടി, അല്ലെങ്കിൽ കുളി പിന്നൽ, അതുമല്ലെങ്കിൽ എല്ലാംകൂടി പിടിച്ചൊരു Love in Tokyo..
വസ്ത്രങ്ങളുടെ ഡിസൈനർ; കവലയിലെ ശശി അണ്ണനോ അല്ലെങ്കിൽ മുക്കിലെ ഗോപി ആശാനോ ആയിരുന്നു, അവർ വെട്ടുന്ന തുണി തയ്ച്ചു ഇടുന്നതായിരുന്നു അന്നത്തെ കുട്ടികളുടെ ട്രെൻഡ്,
പാന്റിന്റെ കാര്യമാണേൽ പിന്നെ പറയണ്ട!!
PVC പൈപ്പിന്റെ കുഴലുപോലെ മുട്ട് വരെ നല്ല മുറുകെ, അത് കഴിഞ്ഞു, പാവാട പോലെ, ആശാൻ ഒരു കുട പോലെ അങ്ങ് വെട്ടും, അതായിരുന്നു സ്റ്റൈലൻ ബെൽ ബോട്ടം.
ജീൻസ് എന്ന വിദേശിയുടെ നുഴഞ്ഞു കയറ്റം കീശയുടെ വലുപ്പമനുസ്സരിച്ചായിരുന്നു.
പിന്നെ ഷർട്ടിന്റെ കാര്യം; നല്ല കട്ടി തുണിയിൽ, ശ്വനകന്റെ നാക്ക് പോലെ തൂങ്ങി കിടക്കുന്ന കോളർ. രണ്ടു സൈഡിലും സ്റ്റിഫ് വെക്കാത്തവ,
എന്നിട്ടു ഇട ഒന്ന് പിടിച്ചു, ഇച്ചിരി മുറുക്കി ഒരു ടാട്ട്, എന്നിട്ടു നെഞ്ചത്ത് രണ്ടു സൈഡിലുമായിട്ടു പാള പോലെ രണ്ടു പോക്കറ്റ്; ആ പോക്കറ്റിന് ഒരു വാതിൽ, അടഞ്ഞിരിക്കും. താഴോട്ട് നടുക്കൊരു വലിയ ബട്ടൺ വെച്ച് ബന്തവസ്ഥയാക്കിയിരിക്കും. ഇതെങ്ങനൊക്കെയോ ചിലർ പാന്റിന്റെ വാറിനുള്ളിൽ ഇടിച്ചു കയറ്റിയിട്ടു നരച്ച തുകൽ കൊണ്ടുള്ള വീതിയുള്ള, ചിലപ്പോൾ നിറമുള്ള ബെൽറ്റ് കൊണ്ട് മുറുക്കി കെട്ടും.
ചെത്തി നടക്കുന്ന സിംപ്ലന്മാർ, അനശ്വരനായ ജയൻ സ്റ്റൈൽ.
ലാബിൽ അല്ലാതെ ഷൂസ് സ്ഥിരമായി ഇടുന്ന ശീലം പലർക്കും ഉണ്ടായിരുന്നില്ല, ബാറ്റയുടെ xx.99 വിലയുള്ള വാർ ചെരുപ്പുകൾ, നീല വള്ളിയുള്ള, വെളുത്ത റബ്ബർ ചെരുപ്പുകൾ സർവ സാധാരണം ആയിരുന്നു…………….
റാഗിങ് കഴിയുമ്പോൾ പലതരം മീശകൾ വെളിച്ചം കാണും, കട്ടിക്കും, പഴുതാര പരുവത്തിലും, നീട്ടിയും കുറുകിയും…
മറവിൽ തിരിവ് സൂക്ഷിക്കുക എന്ന് ഓർമ്മപ്പെടുത്തുന്ന പോലെ ചില ചട്ടങ്ങളും നിയമങ്ങളും ആധിപത്യം പുലര്ത്തിയിരുന്നു, ആരാണതിന്റെ പുറകിൽ എന്നറിയില്ല, പക്ഷെ ആരോ എന്നോ തീരുമാനിച്ച നിയന്ത്രണങ്ങൾ.
പ്രാക്ടിക്കൽസ് യൂണിഫോം Grey and Navy Blue പാന്റും, ഷർട്ടും, ഷൂസും, പക്ഷെ പെൺകുട്ടികൾ സാരി ഉടുത്താണ് വരിക എന്നിട്ടു കോളേജിലെ വെയ്റ്റിംഗ് റൂമിൽ വന്നു മാറും, എന്തിനായിരുന്നു അങ്ങനെ, അറിയില്ല, എന്തായാലും ഞാൻ വീട്ടീന്നേ പാന്റും ഷർട്ടും ഇട്ടു വരും, എന്റെ സന്തത സഹചാരിയായ തോളിൽ തൂങ്ങുന്ന തുണി സഞ്ചിയും.
ഷൂസ് ഇടാത്തപ്പോഴൊക്കെ, ഖാദി കടയിൽ നിന്ന് വാങ്ങിയ നാടൻ 12 രൂപയുടെ തുകൽ ചെരുപ്പ് (കോലാപൂരി), അതാണേൽ നടക്കുമ്പോൾ സിമന്റ് തറയിലെ മൺതരികളെ ഞെരിച്ചു ഞെരിച്ചു കിരു കിരു കിരാന്നു ശബ്ദം ഉണ്ടാക്കും, ആരാണ് വരുന്നതെന്ന് പലപ്പോഴും നാലാൾ അറിയുന്നത് ഓരോ ചെരുപ്പിന്റെ BGM –ലൂടെയാണ്.
അതൊക്കെ ഒരു ടൈം!!!
നമ്മുടെ കണ്മുന്നിലൂടെ, വിരൽത്തുമ്പിലൂടെ ലോകോത്തരമായ ഡിസൈൻസ് കണ്ടു, ലോകത്തിന്റെ നാനാ ഭാഗങ്ങളിലൂടെ സഞ്ചരിക്കുകയും, അവിടെ ഒക്കെ താമസിക്കയും ചെയ്യുന്ന നമ്മൾ പല പല വേഷവിധാനങ്ങൾ ഉപയോഗിക്കുന്നു.
പക്ഷെ ഇന്നും സാരിയുടെ ബ്ലൗസ് തുന്നണമെങ്കിൽ എന്റെ നാട്ടിലെ എനിക്ക് പ്രിയപ്പെട്ട തുന്നൽക്കാരി തന്നെ വേണം. കാലം എത്ര കടന്നാലും എന്റെ സ്വകാര്യതയുടെ നിർബന്ധങ്ങൾ മാറുന്നില്ല ……….അത് മനസ്സിണങ്ങിയപോലെ സാധിച്ചു തരുന്ന കൂട്ടുകാരെയും അനിയത്തിമാരെയും സ്നേഹത്തോടെ ഓർക്കുന്നു.
കോളേജ് തുടങ്ങി ആദ്യത്തെ ആഴ്ചയിൽ തന്നെ മുതിർന്ന കുട്ടികൾ പുതിയതായി വന്നവരുടെ പശ്ചാത്തലം മണത്തറിയും, ഇതിനു പ്രത്യേകമായ ഏരിയല് പിടിപ്പിച്ച മുറിയന്മാരുണ്ട്
അവരുടെ പണി കുട്ടിയുടെ സാമ്പത്തിക സ്ഥിതി വിശേഷങ്ങളെ പറ്റിയുള്ള സമഗ്രമായ ഒരു വിലയിരുത്തൽ ആണ്.
പിന്നെ ഹോസ്റ്റലിൽ താമസിക്കുന്നവർ മാസാവസാനം ഉറ്റു നോക്കുന്ന ഒരു അഥിതി ഉണ്ട്, എല്ലാവർക്കും ജീവനെക്കാൾ വേണ്ടപ്പെട്ട ഒരാളുണ്ട്, സ്ഥലത്തെ സ്ഥിരം പോസ്റ്റ് മാൻ
കോളേജിന്റെ ഒന്നാമത്തെ നിലയിലെ വരാന്തയിലെ ബോര്ഡിന് ഓരോ വിദ്യാര്ഥിയുടെയും ജീവിതത്തിലുള്ള സ്ഥാനം പറഞ്ഞറിയിക്കാൻ പറ്റില്ല
അനുഭവിച്ചറിയണം
നോട്ടീസ് ബോർഡ്
ഞങ്ങളെ സംബന്ധിച്ച് നോട്ടീസ് ബോർഡിൻറെ പ്രസക്തി വളരെ വലുതാണ്
ഒന്ന്: പരീക്ഷയെ ചുറ്റി പറ്റിയുള്ള വിവരങ്ങൾ, അതായതു ടൈം ടേബിൾ , ഹാൾ ടിക്കറ്റിന്റെ വിവരങ്ങൾ, അറ്റൻഡൻസ് ഉണ്ടോ ഇല്ലയോ എന്ന വിവരം
സ്ഥിരമായി നോട്ടീസ് ബോർഡ് അരിച്ചു പെറുക്കി കാണാതെ പഠിച്ചിട്ട് പെൺകുട്ടികളെ അറിയിക്കുന്ന ഒരു കൂട്ടം നിസ്വാർത്ഥ സേവകരുണ്ട്.
You Have Got Mail
നാല് ജോർജ്കുട്ടി ഉണ്ടാക്കാൻ പറ്റുന്ന വല്ല ഉത്തരവുകൾ വന്നാൽ അത് ഇടുന്നതിനു മുന്നേ അടിച്ചു മാറ്റുന്നവരും ഉണ്ട്
പക്ഷെ പോസ്റ്റുമാനു മാത്രമായി താഴെ സിവിൽ ഡിപ്പാർട്മെന്റിന്റെ സൈഡിലായി വെങ്കിടിയുടെ ഓഫീസിന്റെ മുന്നിലായി ഒരു ബോർഡ് ഉണ്ടായിരുന്നു
മണി ഓർഡർ, ഡ്രാഫ്റ്റ് , കമ്പി ഇത്യാദിയുടെ അറിയിപ്പ്
കാലത്തു 10 മണിക്കും ഉച്ചക്ക് 3 മണിക്കുമുള്ള ബ്രേക്കിനാണ് പോസ്റ്റ് മാൻ എന്ന അത്ഭുത ജീവി വരാറ്,
മണി ഓർഡറും ഡ്രാഫ്റ്റും കൊണ്ടുവരുന്ന അദ്ദേഹത്തിനു, ഇന്ന് കൊച്ചു കുട്ടികൾ കാത്തിരിക്കുന്ന സാന്ത ക്ലോസ്സ് അപ്പൂപ്പന്റെ സ്ഥാനം ആയിരുന്നു. മണിയോര്ഡറിലും ഡ്രാഫ്റ്റിലും ഉള്ള പേരിന്റെ ഉടമയെക്കാൾ ജിജ്ഞാസ സഹമുറിയന്മാർക്കും മുതിർന്ന വിദ്യാർത്ഥികൾക്കും ആയിരുന്നു.
MH- ലെ ഒരു സഹകര ബാങ്ക് ആയിരുന്നു, കാഷ്യർ, മാനേജർ, മെസ്സിലെ തൂക്കു ബഷീറും, ചോറ് ബഷീറും , ഫോൺ വിളിക്കുമ്പോൾ എടുക്കുന്ന കമാലും, ഹനീഫയും ഒക്കെ. ആൺകുട്ടികളുടെ കൂട്ടത്തിൽ പറ്റില്ലാത്തവന്റെ റേറ്റിംഗ് വളരെ പരിതാപകരമായിരുന്നു.
ഇന്നത്തെ കാലത്തു ക്രെഡിറ്റ് കാർഡും ക്രെഡിറ്റ് റേറ്റിങ്ങും, ഇല്ലാത്തവവരുടെ നഷ്ടം അവരവർക്കു തന്നെ ആണ്. ആ ഒരു സ്ഥിതി വിശേഷം ആയിരുന്നു അന്ന് പറ്റില്ലാത്തവർക്കെല്ലാം. പറ്റുള്ളവന്റെ പറ്റിൽ പറ്റുക എന്നത് ചുറ്റി പറ്റി നടക്കുന്ന മുറിയന്മാരുടെ അവകാശമായിരുന്നു
പോസ്റ്റ് മാന് വേണ്ടി കാത്തു നിന്ന് കൈയ്യോടെ കാശോ ഡ്രാഫ്റ്റോ വാങ്ങിയാൽ, ആദ്യം തന്നെ മെസ് ഫീസ് അടക്കണം പിന്നെ കടം തിരിച്ചടക്കുന്നതിനു മുന്നേ അടുത്ത കടം വാങ്ങാനുള്ള വഴികൾ സഹമുറിയന്മാർ ഒപ്പിക്കും, അങ്ങനെ പഠനകാലം മുഴുവൻ ബാധ്യതകളുടെ വൃത്തത്തിൽ കിടന്നു കറങ്ങി കൊണ്ടിരുന്നു.
പെൺകുട്ടികളെ വളച്ചൊടിച്ചു കാശ് പിടുങ്ങാൻ ശ്രമിച്ചവർക്കൊന്നും വലിയ രക്ഷ ഉണ്ടായിട്ടില്ല, എണ്ണി ചുട്ടപ്പം പോലെ കിട്ടുന്ന കാശ് വെറുതെ കൊടുക്കാൻ കാണില്ലായിരുന്നു.
ഒരിക്കൽ മാത്രം അതിനൊരു മാറ്റമുണ്ടായി!! ഇനി ഒരിക്കലും തീർക്കാൻ പറ്റാത്ത കടം.. പിന്നാലെ വരുന്ന കഥ
ഇപ്പോഴുള്ള നമ്മുടെ പേരകുട്ടികൾക്കു സങ്കൽപ്പിക്കാൻ പറ്റാത്തത്ര മാറ്റങ്ങളാണ് ബാങ്കിങ്ങിൽ, ആശയവിനിമയത്തിൽ, പഠിത്തത്തിൽ, വേഷവിധാനങ്ങളിൽ, രൂപഭാവങ്ങളിൽ, നമ്മൾ അനുഭവിച്ചതും, കണ്ടറിഞ്ഞതും, മാറ്റിമറിച്ചതുമായ സാങ്കേതികവിദ്യകൾ.
അതെല്ലാം തന്നെ ഗൂഗിൾ ചെയ്തു വായിച്ചറിയാം
പക്ഷെ
നമ്മൾ അനുഭവിച്ച നമ്മളുടെ മാത്രം ആത്മബന്ധങ്ങളും, കുസൃതികളും, കുറുമ്പുകളും, മുൻപിൻ നോക്കാതെ മനസ്സുകൾ കോർത്ത്, തീർത്ത നുറുങ്ങു നിമിഷങ്ങളും, നമ്മൾക്ക് മാത്രം സ്വന്തം.
ഇനി ഒരിക്കലും ആവർത്തനമില്ലാത്തവ.
ഓർമ്മകൾ മാത്രം..
എന്റെ ഈ ഓർമ്മകൾ, നിങ്ങൾ ഓരോരുത്തരുടെയും ആർദ്രമായ വികാരങ്ങളെ തൊട്ടുണർത്തുമെങ്കിൽ
ഈ ജന്മം സഫലമായി
Leave A Comment