ഞാൻ അടുത്ത് ചെന്നപ്പോൾ, മുത്തച്ഛൻ ചട്ടക്കാരിയിലെ പാട്ടിന്റെ വരികൾ മൂളി കൊണ്ട്, അങ്ങനെ തന്നെ നിൽക്കുന്നു.
ഞാൻ പതുക്കെ വയറ്റിൽ തോണ്ടി,
മുത്തച്ഛന് ഇക്കിളി വന്ന്ചിരിക്കാൻ തുടങ്ങി. തോണ്ടാതെടാ എന്നും പറഞ്ഞു
എന്നെയും തോളിലേറ്റി വീട്ടിലേക്കു പറന്നു
ഞാൻ മുത്തച്ഛന്റെ ചെവിയിൽ ഒരു സ്വകാര്യം പറഞ്ഞു
മുത്തച്ഛാ
ഞാനിന്നു ഇവിടത്തെ ചേട്ടന്മാരുടെ മെസ്സിൽ പോയി, എന്ത് രസമാണെന്നോ, എല്ലാവരും ഒത്തിരി, ഒത്തിരി പ്രത്യേകതയുള്ളവർ
നമുക്ക് നാളെയും വരണേ
നാളെ ജനുവരി 26
പുതിയതായി വരുന്ന കുട്ടികൾക്ക് ആദ്യത്തെ ഒരു വര്ഷം പല തരം വിലക്കുകളാണ്, വേഷത്തിൽ, പെരുമാറ്റത്തിൽ; ഇതെല്ലം മുതിർന്ന ചേട്ടന്മാരുടെ നിയമങ്ങളാണ്. അത് മാറണമെങ്കിൽ ഒരു വര്ഷം കഴിയണം; അങ്ങനെ ഒരു വര്ഷം കഴിഞ്ഞു വരുന്ന ഇന്ത്യൻ റിപ്പബ്ലിക്ക് ദിനത്തിന്റെ, അന്ന് മാത്രമേ പൂർണമായ സ്വാതന്ത്യം കിട്ടുകയുള്ളു .
അന്ന് തൊട്ടു മെസ്സിൽ കള്ളിമുണ്ടുടുക്കാം ഏതു കതകിൽ കൂടി വേണമെങ്കിലും കയറാം എവിടെ വേണമെങ്കിലും ഇരിക്കാം, ഹോസ്റ്റലിൽ വാച്ച് കെട്ടാം, പിന്നങ്ങോട്ട് സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും ദിനങ്ങളാണ്.
പോരാഞ്ഞിട്ട് നാളെ അവരുടെ മെസ്സിലെ ഫീസ്റ്റ് ആണ്
എല്ലാ മാസവും മെസ് നടത്തുന്നവർ, ഒരു അടിപൊളി ഫീസ്റ്റ് നടത്തും,
വൈവിധ്യമുള്ള വിഭവങ്ങൾ, നൽകുന്ന മെസ് ഡ്യൂട്ടിയുടെ സൂത്രധാരകനെ, രാത്രി എല്ലാവരും ചേർന്ന് കൈയ്യടിച്ചു പാസ്സാക്കാറാണ് പതിവ്. ചിലവു കുറഞ്ഞിരുന്നാൽ കൈയ്യടിയുടെ കൂടെ ആർപ്പുവിളിയും മുദ്രവാക്യങ്ങളും ഉണ്ടാവും
ഫീസ്റ്റിന്റെ വിഭവങ്ങൾ സാധാരണ എല്ലാവര്ക്കും പ്രിയപ്പെട്ട ബിരിയാണി, കോഴി പൊരിച്ചത്, നെയ്ച്ചോറ്, പൊറോട്ട, ബീഫ് കറി എന്തെങ്കിലുമൊരു പച്ചക്കറി കൂട്ടാൻ.
അന്നത്തെ ദിവസം മാത്രം ഒരു മധുരം കിട്ടും മാസത്തിലൊരിക്കൽ മാത്രം ഐസ് ക്രീം, ആപ്പിൾ, പായസം ഇതിലേതെങ്കിലും ഒന്ന്.
ഹോസ്റ്റലിന്റെ പറമ്പു വളരെ പ്രായോഗികമായാണ് രൂപകൽപന ചെയ്തിരിക്കുന്നത്
മെസ് ഹാളിന്റെയും അടുത്ത ബ്ലോക്കിന്റെയും തറ നിരപ്പുകൾ തമ്മിൽ 1.5 മീറ്ററോളം വ്യത്യാസമുണ്ട്
അവിടെ നല്ല ഒരു ഭിത്തി കെട്ടിയിട്ടുണ്ട് ഉയർന്ന പ്രതലം താഴോട്ടിടിയാതെ താങ്ങി നിർത്താനായി
സന്ധ്യ ആയാൽ , ഇവിടെയാണെല്ലാവരും കൂടുക, അവിടെയാണ് പാർട്ടി പ്രേമിനെ കാത്തിരിക്കാറ്.
അതിന്റെ പുറത്തു കയറി കാലും താഴോട്ടു ഇട്ടിരുന്നാണ് പഞ്ചായത്തു കൂടാറ്, കഥകൾ പറയാറ്,
അപ്പോഴാണ് ബോബൻ താഴെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാറ്
മറ്റുള്ളവർ പൂര്ണചന്ദ്രനെ നോക്കി ഓരോന്ന് വിളിച്ചു പറയാറ്
അവിടെ ഇരുന്നാണ് എല്ലാവരും മെസ്സിലെ പാട്ടു കേൾക്കുന്നതും പുക വലിക്കുന്നതും
മെസ്സടിച്ചു കഴിഞ്ഞാലുടനെ തന്നെ പണ്ട് ചാലക്കുടിയിൽ നിന്ന് കട്ടിലും അലമാരയുമായി പൊറുതിക്കു വന്ന സ്വര്ണപ്പൻ മുറിയി ലേക്ക് പോകും, അൽപ നേരം വിശ്രമിക്കാൻ, അപ്പൊ എത്തും പാർട്ടി അവിടെ, സ്വര്ണപ്പനെ ഇക്കിളി കൂട്ടാൻ, മുത്തച്ഛനെ പോലെയാ ആരെങ്കിലും തൊട്ടാലുടനെ സ്വർണ്ണപ്പന് ഇക്കിളി വരും എന്നിട്ട് വിളിച്ചു കൂവും
ഒന്ന് വെറുതെ ഇരിക്കുന്നെ.. ഒന്ന് വെറുത്ത ഇരിക്കുന്നെ.
വിരുന്നിന്റെ ദിവസം ഒരാളു പോലും രാത്രിയിലെ ഭക്ഷണം മുടക്കില്ല, ചിലർക്കാണേൽ മാസത്തിൽ ഒരു ദിവസം കഴിക്കുന്ന മധുരം ദഹിക്കാൻ അല്പം ബുദ്ധിമുട്ടുണ്ടാകാറുണ്ട്
അത് മുൻകൂട്ടി അറിയാവുന്നതു കൊണ്ട് സന്ധ്യ മയങ്ങുമ്പോ കോളേജിന്റെ മുന്നിലുള്ള റയിൽവെയുടെ പുറമ്പോക്കായ ബംഗ്ലാദേശിൽ കൂടി നടന്നു അപ്പുറത്തുള്ള അപ്പോത്തിക്കരിയുടെ ക്ലിനിക്ക് അടയ്ക്കുന്നതിന് മുന്നേ പോയി അല്പം വാട്ടർ ബെറീസ് വാങ്ങി കുടിക്കും
അതാവുമ്പോൾ ദഹനക്കേടുണ്ടാവില്ല,
പക്ഷെ എന്താണെന്നറിയില്ല അത് അകത്തു ചെന്നാലുടനെ
എന്തെങ്കിലുമൊരു കുരുത്തക്കേട് കാണിച്ചില്ലെങ്കിൽ വല്ലാത്തൊരു വിമ്മിഷ്ടമാണ്
എല്ലിന്റെ ഇടയിൽ കുത്തുന്ന പോലെ
അങ്ങനെ അന്ന് രാത്രി വിരുന്നിനു തൊട്ടു മുന്നേ പുറത്തു പോയ അണ്ണന്മാർ
വാട്ടർ ബെറീസ് കഴിച്ചിട്ട് കോളേജിന്റെ ഗേറ്റിന്റെ മുന്നിലെ റോഡിലെത്തിയപ്പോൾ ദൂരെനിന്നു ഒരു സ്കൂട്ടറിന്റെ ലൈറ്റ് കാണാം , സ്കൂട്ടർ
അടുത്തെത്താറായപ്പോൾ, എല്ലാവരും കൂടി റോഡ് നിറഞ്ഞു നടന്നു, സ്കൂട്ടർ ഓടിച്ച ആളിന് കാലു തറയിൽ കുത്തണ്ട വന്നു മുന്നിൽ കണ്ണട വെച്ച ഒരാൾ, പുറകിൽ സുന്ദരിയായ ഒരു സ്ത്രീ, നേരത്തെ ഇവിടെങ്ങും കണ്ടിട്ടുള്ള ആളല്ല,
അപ്പോൾ പതുക്കെ വഴിമാറി കൊടുക്കുന്നതിന്റെ ഇടയിൽ ഒരണ്ണൻ അടിച്ചു വിട്ടു ഹോ കണ്ടിട്ട് ഉണ്ണിമേരിയെ പോലെ തന്നെ
വണ്ടി ഉരുണ്ടുരുണ്ടു മുന്നോട്ടു പോയി.
അന്ന് രാത്രി എല്ലാവരും ആവശ്യത്തിൽ കൂടുതൽ ഭക്ഷണം കഴിച്ചു, അന്നത്തെ ദിവസം മധുരം ഐസ് ക്രീം ആയിരുന്നു
ഐസ് ക്രീം കഴിച്ചപ്പോൾ വാട്ടർ ബെറീസ് കയറി വയറ്റിനകത്തു അങ്ങ് പിരിഞ്ഞു പിന്നെ മുതിർന്ന അണ്ണൻ വാളോട് വാൾ
വാളെന്നു പറഞ്ഞാൽ ടിപ്പു സുൽത്താന്റെ വാൾ
അവസാനം ദേഹത്തെ ജലാംശമെല്ലാം നഷ്ടപ്പെട്ട് താഴെ തളർന്നു വീണു എല്ലാവരും പരിഭ്രാന്തരായി, തൂക്കിയെടുത്തു ഹനീഫയുടെ സൈക്കിളിന്റെ കാരിയറിൽ ഇരുത്തി കുറെ പേര് തള്ളി കൊണ്ട് ഓടാൻ തുടങ്ങി . ഹനീഫയാ പറഞ്ഞത് പുതിയൊരു ഡോക്ടർ ലേഡീസ് ഹോസ്റ്റലിന്റെ തൊട്ടടുത്ത് താമസമാക്കിയെന്നു.
ഓടി ഓടി ലേഡീസ് ഹോസ്റ്റലിന്റെ അടുത്തെത്തി , അല്ലെങ്കിൽ തന്നെ
വയ്യാതായാൽ ഒടുക്കത്തെ ഭാരമാ
ഹോസ്റ്റലിന്റെ തൊട്ടടുത്ത ഗേറ്റിന്റെ തൂണിൽ ഡോക്ടറിന്റെ പേരെഴുതി വെച്ചിരിക്കുന്നു
ഒന്നും നോക്കിയില്ല ഗേറ്റ് തുറന്നു അകത്തോട്ടു ഇടിച്ചു കയറി ചെന്നു
ഡോക്ടറിന്റെ വീട്ടു മുറ്റത്തു എത്തി, ഒരാൾ കതകിൽ തട്ടി വിളിച്ചു
ഡോക്ടറെ ഡോക്ടറെ
ബാക്കി എല്ലാവരും കൂടി അണ്ണനെ മുൻവശത്തിരുന്ന സ്കൂട്ടറിൽ ചാരി ഇരുത്തി
2 പേര് സ്കൂട്ടർ മറുവശത്തു നിന്ന് താങ്ങി പിടിച്ചു കൊണ്ട് നിന്നു
ഡോക്ടർ കതകു തുറന്നു പുറത്തു വന്നു
നോക്കിയപ്പോ കുറെ അധികം പിള്ളേർ
എന്താ
ഡോക്ടർ ചോദിച്ചു
അപ്പോൾ എല്ലാവരും കൂടി ഒരേ സ്വരത്തിൽ പറഞ്ഞു
ഡോക്ടറെ ഞങ്ങൾ ഒരു രോഗിയുമായി വന്നതാ
ദേ ഇവിടെ ചാരിയിരിത്തിയിരിക്കുന്നു
ഡോക്ടർ രോഗിയുടെ അടുത്തേക്ക് ചെന്ന്, കൈയിലെ നാടി പിടിച്ചു എന്നിട്ട് രോഗിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി, മുഖം കണ്ടതും ഡോക്ടറിന്റെ മനസ്സിലൂടെ ഒരു ഫ്ലാഷ് ബാക്
തിരിഞ്ഞിട്ടു പറഞ്ഞു
ഇവന് അസുഖമല്ല
ദീനമാണ്
നല്ല തല്ലു കൊള്ളാത്ത ദീനം
ഇവന്റെ അസുഖം മാറണേൽ തലവഴിയെ വെളളം കോരി ഒഴിക്ക്,
അവനെന്റെ ഭാര്യ ഉണ്ണിമേരിയെ പോലെ ആണ് പോലും
ഇവനെ പിടിച്ചു പോലീസിൽ കൊടുക്കുകയാ വേണ്ടത്
ഇവനൊന്നും ഇത്ര വന്നാൽ പോരാ
എങ്ങനൊക്കെയോ ആരൊക്കെയോ ക്ഷമ ചോദിച്ചു,
ഡോക്ടർ രക്ഷിക്കൂ എന്ന് ദയനീയമായി പറഞ്ഞു,
മനസ്സലിഞ്ഞ ഡോക്ടർ അവരോടു മുൻവശത്തെ കിണറ്റീന്ന്
അഞ്ചാറ് തൊട്ടി വെള്ളം കോരി അണ്ണന്റെ തലയിൽ ഒഴിക്കാൻ പറഞ്ഞു
കിട്ടിയ അവസരം പാഴാക്കാതെ ഓരോരുത്തരും ഈരണ്ടു തൊട്ടി വീതം വെള്ളം കോരി അണ്ണന്റെ തലവഴിയെ ഒഴിച്ചു
അപ്പോഴേക്കും അകത്തു പോയി ഡോക്ടർ പശുവിനെ കുത്തിവെക്കുന്ന പോലത്തെ ഒരു മുഴുത്ത സൂചി നിറയെ എന്തോ ഒരു മരുന്നുമായി വന്ന് കള്ളി മുണ്ടു പൊക്കി പൃഷ്ഠത്തിൽ ആഞ്ഞൊരു കുത്തു കുത്തി മരുന്ന് മുഴുവൻ ഉള്ളിൽ
തള്ളി കേറ്റി
അണ്ണൻ അലറലോടലറൽ, ലേഡീസ് ഹോസ്റ്റലിൽ കേൾക്കാതിരിക്കാൻ അണ്ണന്റെ വാ ആരോ മുറുക്കെ പൊത്തി പിടിച്ചു,
കൂടെ പഠിക്കുന്നവരുടെ ബഹളവും ശബ്ദവുമെല്ലാം കേട്ട് ലേഡീസ് ഹോസ്റ്റലിലെ മുകളിലത്തെ മുറിയിൽ ലൈറ്റ് കത്തി. ഒരു കാര്യം തീർപ്പായി അടുത്ത ദിവസം കോളേജിൽ ചെല്ലുമ്പോൾ പണി കിട്ടിയെന്ന്.
അപ്പോഴേക്കും സ്വര്ണപ്പൻ പോക്കറ്റിൽ നിന്നു 10 രൂപയെടുത്തു ഡോക്ടറിന്റെ കൈയ്യിൽ കൊടുത്തു.
തിരികെ നനഞ്ഞു കുളിച്ച അണ്ണനെയും സൈക്കിളിൽ ഇരുത്തി ഉന്തിക്കൊണ്ടു ഹോസ്റ്റലിൽ എത്തിയപ്പോ എല്ലാവരും മുൻവശത്ത് തന്നെ ആകാംക്ഷയോടെ
കാത്തു നിൽക്കുന്നു
ആരൊക്കെയോ ഓടി വന്ന്താങ്ങി എടുത്തു മുറിയിൽ കൊണ്ടുപോയി കിടത്തി
അപ്പൊ അണ്ണൻ പതുക്കെ പറഞ്ഞു
അളിയാ വിശക്കുന്നെടാ ബാക്കി വല്ലതും ഉണ്ടോ ?
ഒരു ചൂടൻ സീനിയർ ഒരൊറ്റ വിരട്ട് മിണ്ടാതെ അടങ്ങി കിടന്നോണം നിനക്കിനി നേരം വെളുക്കുന്ന വരെ ഒരു കുന്തവും തരില്ല
ഇവിടെ എല്ലാം കുളമാക്കിയത് ഞങ്ങളാ വൃത്തിയാക്കിയത്
നാളെ നേരം വെളുക്കട്ടെ വെച്ചിട്ടുണ്ട്
അപ്പോഴും മെസ്സിന്റെ വെളിയിലെ പാട്ടു പാടി കൊണ്ടേ ഇരുന്നു
ചന്ദ്രികാചര്ച്ചിതമാം രാത്രിയോടോ? ചമ്പകപ്പൂവനക്കുളിരിനോടോ? ഏതിനോടേതിനോടുപമിക്കും ഞാന് ? ഏഴഴകുള്ളോരു ലജ്ജയോടോ?
കടപ്പാട് : ഷായി, ഡൊമിനിക്
Leave A Comment