വണ്ടി റോഡരുകിലോട്ടു അടുപ്പിച്ചു , നാട്ടിലെ ചായക്കടയുടെ ചേട്ടനെ പോലെ തോന്നിക്കുന്ന ഒരു കടയുടെ മുന്നിലായി വണ്ടി നിർത്തി, ഇനി അങ്ങോട്ട് ഓരോ സ്ഥലങ്ങൾ കാണാൻ കയറി ഇറങ്ങി നടക്കാനുള്ളതാണ്, അപ്പോൾ പിന്നെ ഭക്ഷണം സമയത്തു കിട്ടിയെന്നു വരില്ല, ഇവിടെ നിന്നു ചപ്പാത്തിയും, സബ്ജിയും കഴിച്ചിട്ട് പോകാം, അതാണ് പതിവെന്ന് വഴികാട്ടി പറഞ്ഞു.
എല്ലാവരും വരിവരിയായി ഇറങ്ങി, പുറകിൽ ഇരുന്നത് കൊണ്ട് ഞാനാദ്യം ചാടി, വെളിയിലേക്കിറങ്ങി , നടുവൊന്നു നിവർത്തി . ആൽബിൻ സാറിന്റെ തിരക്കഥയുടെ സൗന്ദര്യത്തിൽ മനസ്സപ്പോഴും കോളേജിലും, കരിക്കോടുമായി നില്കയായിരുന്നു. മുന്നിൽ രണ്ടു ബെഞ്ച് ഇട്ടിട്ടുണ്ട്, സൈഡിലെല്ലാം ആൾക്കാരുണ്ട്, വേറെയും ബസുകൾ കിടക്കുന്നു, കടയുടെ മുന്നിൽ ഒരു വശത്തായി ഒരാൾ താഴെ ഇരിക്കുന്നു, അയാളുടെ മുന്നിലായി ഒരു വലിയ സ്റ്റീലിന്റെ തട്ടം നിറയെ ചപ്പാത്തി അടുക്കി വെച്ചിരിക്കുന്നു, കണ്ടാൽ അറിയാം അപ്പോൾ ചുട്ടു അടുക്കിയതാണെന്നു, പക്ഷെ ചപ്പാത്തി ചുടുന്ന കല്ല് കാണാനില്ല, പകരം മണ്ണിൽ ഒരു കുഴി, അടുത്തൊരു വലിയ ചരുവത്തിൽഗോതമ്പു മാവ് കുഴച്ചു ചെറിയ ഉരുളകളാക്കി വെച്ചിട്ടുണ്ട് പരത്താൻ പലകയുമൊന്നുമില്ല, വെറുതെ കൈ കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും അടിച്ചു പരത്തി, ആ കുഴിയുടെ ഉള്ളിലേക്ക് വെച്ചിട്ടു ഒരു കുട കമ്പി കൊണ്ട് പൊക്കി പൊക്കി എടുക്കുന്നു ചൂട് ചപ്പാത്തി, എണ്ണയില്ല, നല്ല കുമിളിച്ച പപ്പടം പോലെ പൊള്ളിയ ചപ്പാത്തി.
കാക്കി വള്ളി നിക്കറിട്ട, രണ്ടു മൂന്നു പയ്യന്മാർ ചെറിയ അലുമിനിയത്തിന്റെ തട്ടിൽ വട്ട ഇല പോലെ ഒരു ഇല വെച്ചിട്ടു ഈരണ്ടു ചപ്പാത്തി വെച്ച് അതിനു ശേഷം ഒരു വലിയ ചെമ്പിൽ നിന്നു മഞ്ഞ നിറത്തിലെ സബ്ജി, അങ്ങനെ ആണ് വടക്കോട്ടു കറിക്കു പറയുക. ഒരു കുഴിത്തവി കൊണ്ട് കോരി ഇട്ടു തന്നു. നാട്ടിൽ അത്ര സാധാരണ അല്ലാത്ത കോളിഫ്ളവറും, പിന്നെ നമ്മുടെ സ്വന്തം ഉരുളക്കിഴങ്ങും. മഞ്ഞ നിറം. ഞാൻ ചപ്പാത്തി മുറിച്ചു കറിയിൽ മുക്കി വായിൽ വെച്ചു, ജീരകം കൊണ്ടാറാട്ട്, പിന്നെ ഒത്തിരി മഞ്ഞളും. എനിക്കാകെ വാ കൈച്ചു. എണ്ണയും കടുകെണ്ണ. മുഖത്തിന്റെ മാറിയ ഭാവം ആരെയും കാട്ടാതെ തിരിഞ്ഞു നിന്നു ചപ്പാത്തി മാത്രം ചുരുട്ടി കഴിച്ചിട്ട് പാത്രം തിരികെ കൊടുത്തു. അവിടെ നിന്നു വെള്ളം കുടിച്ചില്ല, ചായയും കാപ്പിയും കുടിച്ചു ശീലമില്ലാത്തതിനാൽ ഒന്നും കുടിച്ചില്ല. പിന്നെ ഒരു കാര്യമുണ്ട് വെള്ളം കുടിച്ചാലും പ്രശ്നമാണ് അത് കൊണ്ട് എന്റെ ഓര്മ ശരിയാണെങ്കിൽ തിരികെ വരുന്ന വരെ വെള്ളം കുടിച്ചില്ല എന്ന് പറയുന്നതാവും ശരി.
ചുറ്റും കലപില എന്ന് പറഞ്ഞു പല പല വിനോദ സഞ്ചാര കൂട്ടരുടെ തിക്കും തിരക്കുമാണ്. ഹിന്ദി സംസാരിക്കുന്നവർ ആണേറെയും, ഞങ്ങളെ പോലെ ബസുകളിൽ വന്ന വിദ്യാർഥികൾ, നവ ദമ്പതികൾ, കമിതാക്കൾ, മദ്ധ്യവയസ്കരായ തീർത്ഥാടകർ, ഡൽഹിയിൽ നിന്ന് മഥുരയും, ശ്രീകൃഷ്ണ ഭഗവാന്റെ വൃന്ദാവനവും, താജ്മഹലും കണ്ടു മടങ്ങുന്നവർ.
കുറഞ്ഞ ചിലവിൽ കൂടുതൽ കാഴ്ചകൾ, അതായിരുന്നു ഞങ്ങളുടെ സഞ്ചാരത്തിന്റെ അടിസ്ഥാന തത്വം. അതനുസരിച് ആഗ്രയിൽ താജ്മഹലിനൊപ്പം മുഗൾ ചക്രവർത്തിമാരുടെ കോട്ടകൊത്തളങ്ങളൊക്കെ ഓടി ഓടി ആണെങ്കിലും കണ്ടു മടങ്ങാനായിരുന്നു പദ്ധതി.
ഇനി അടുത്ത കാലത്തൊന്നും ഒന്ന് കൂടി അങ്ങോട്ട് പോകില്ല എന്നറിയാം. ഒരു ദിവസത്തെ മുഴുനീള പരിപാടി, അതായിരുന്നു ഞങ്ങളുടേത്. താജ്മഹലിൽ മാത്രം കുറച്ചേറെ നേരം അനുവദിച്ചിരുന്നു, മുഗൾ തച്ചു ശാസ്ത്രത്തിൽ അവലംബിച്ചിട്ടുള്ള എല്ലാ തരംപണികളും ഒരു കുടകീഴിൽ കാണാനുള്ള അസുലഭ അവസരം ആയിരുന്നു അത്.
ഓരോ നിമിഷവും വളരെ വിലപെട്ടതാണെന്നറിഞ്ഞ ഞങ്ങൾ ഭക്ഷണം വളരെ വേഗത്തിൽ കഴിച്ചിട്ട് വണ്ടിയിൽ കയറി. വഴികാട്ടി കുറച്ചു കാര്യങ്ങൾ പറഞ്ഞു, ആദ്യം നമ്മൾ താജ് മഹാളിലേക്കു പോകുന്നു അതിനു ശേഷം യമുന നദിയുടെ അക്കരെയുള്ള കൊട്ടാരത്തിലേക്കു ചെറിയ ചുറ്റളവിൽ തന്നെ പല ചക്രവർത്തിമാർ പണിഞ്ഞ പല ഇടങ്ങളുണ്ട്, എല്ലാടവും വിസ്തരിച്ചു നടന്നു കാണാനുള്ള സമയം കിട്ടില്ല, മറിച്ചു ഓടി ഇറങ്ങി ഒന്ന് കറങ്ങി തിരികെ കയറാമെങ്കിൽ ഇരുട്ടുന്നതിനു മുന്നേ മഥുര വഴി പോകാം. എല്ലാവര്ക്കും സന്തോഷമായി, പറ്റുന്നത്ര കാണാം എന്നാലും താജ് മഹൽ എന്ന സ്നേഹത്തിന്റെ ദൃഷ്ടാന്തമായ സ്മാരകം കാണുക, അനുഭവിക്കുക എന്ന മോഹമായിരുന്നു എല്ലാവരുടെയും മനസ്സിൽ. സത്യത്തിൽ എഞ്ചിനീയറിംഗ് പഠിക്കാൻ ചേർന്നത് കൊണ്ട് മാത്രമാണിങ്ങനെ ഒരു സഞ്ചാരത്തിന് വഴി ഒരുങ്ങിയത്.
വണ്ടി പത്തു മിനിറ്റിനുള്ളിൽ വിശ്വവിഖ്യാതമായ ഇന്ത്യയിലെ എല്ലാ ഭാഷയിലെയും കവികളും വിശേഷിപ്പിച്ചിട്ടുള്ള സൗദത്തിന്റെ കവാടത്തിലെത്തി, വണ്ടി നിർത്തിയതും എല്ലാവരും ഒരുമിച്ചെഴുന്നേറ്റു, പുറത്തിറങ്ങി കൂട്ടമായി നിന്നു, വഴികാട്ടി നേരെ പോയി അവരുടെ കമ്പനിയുടെ പ്രതിനിധിയുടെ കൈയ്യിൽ നിന്നും നേരത്തെ വാങ്ങി വച്ച പ്രവേശന ടിക്കറ്റ് വാങ്ങി, അങ്ങനെ ഒരു ഏർപ്പാടില്ല എങ്കിൽ കുറഞ്ഞത് 1 മണിക്കൂറെങ്കിലും എടുക്കും അകത്തു കയറാൻ. അവരവരുടെ ടിക്കറ്റുമായി ഇനി അകത്തു കയറാം, വിശേഷപ്പെട്ട സ്ഥലങ്ങളില്ലാം തന്നെ കൂടെ വരുന്ന വഴികാട്ടികൾ അവർ ചൊല്ലിപ്പടിച്ച ഒരു തിരക്കഥ പറഞ്ഞു തരും, അറിയണ്ട കാര്യങ്ങളെല്ലാം തന്നെ ഒരു ഗുളിക പരുവത്തിൽ, എന്റെ ഒരു രീതി ആദ്യം അവരുടെ കൂടെ നടന്നു കേൾക്കുക; പിന്നെ സമയം ഉണ്ടെങ്കിൽ തനിയെ ഇഷ്ടമുള്ളത് ഒന്ന് കൂടി പോയി കാണുക എന്നതാണ്. ചില ഇടങ്ങളിൽ, പ്രത്യേകിച്ച് കൊട്ടാരങ്ങളിലും മറ്റും തിരികെ പോകാൻ പറ്റില്ല അപ്പോൾ, പിന്നെപ്പോഴെങ്കിലും ഒന്ന് കൂടി വന്നാൽ മാത്രമേ വീണ്ടും കാണൽ നടക്കൂ.
താജ്മഹൽ സ്ഥിതി ചെയ്യുന്ന സമുച്ചയത്തിനൊരു വലിയ പ്രവേശന കവാടമുണ്ട്. അതിലൂടെ അകത്തോട്ടു കാലെടുത്തു വെക്കുമ്പോൾ നമ്മുടെ മനസ്സിനെ ഒരു കുളിർ തെന്നൽ വന്നു തഴുകുന്ന ഒരനുഭൂതി ഉണ്ടാവും, ഒരു തരം നിശ്ശബ്ദത, ഇതനുഭവിച്ചറിയണം. സ്നേഹത്തിന്റെ പര്യായങ്ങളായ വികാരങ്ങൾ അല്ലാതെ മറ്റൊന്നും തന്നെ നമ്മൾക്കവിടെ നിൽക്കുമ്പോൾ അനുഭവിക്കാൻ പറ്റില്ല.അതാണവിടത്തെ ഒരു പ്രത്യേകത.
ആരെയെങ്കിലും പ്രേമിക്കാത്ത, എന്തിനെയെങ്കിലും സ്നേഹിക്കാത്ത ആരും ഉണ്ടാവില്ല,
പ്രേമം, പ്രതീക്ഷ, സ്നേഹം, ഉത്കണ്ഠ, കുസൃതിയോടു കൂടിയ സ്നേഹം, ഇങ്ങനെയും സ്നേഹിച്ചവരുണ്ടല്ലോ എന്നുള്ള അതിശയം, നമ്മളെ ഇങ്ങനെ ആരെങ്കിലും സ്നേഹിക്കുമോ, നമ്മൾക്കിങ്ങനെ സ്നേഹിക്കാൻ പറ്റുമോ എന്നൊക്കെയുള്ള ചിന്ത ഇതൊക്കെ ആയിരിക്കാം പലരുടെയും മനസ്സിലൂടെ പോയ ചിന്തകൾ. പിന്നെ ചിലർക്ക് നിരാശ തോന്നാം. എന്തായാലും ഒരു വല്ലാത്ത ഊര്ജ്ജം ആണിവിടെ കാലു കുത്തുമ്പോൾ.
കാലെടുത്തു വെച്ചതും കണ്ട കാഴ്ച വിസ്മയം എന്ന് മാത്രമേ വിശേഷിപ്പിക്കാനാവൂ
ഷാജഹാൻ ചക്രവർത്തിക്കു തന്റെ പ്രിയ പത്നി മുംതാസ് മഹലിനോടുള്ള അഗാധമായ, അനന്തമായ, അപരിമിതമായ, അഭിനിവേശത്തിന്റെ ആഴം വിളിച്ചോതുന്ന ഒരു നിഗൂഢമായ നിശ്ശബ്ദത നമ്മുടെ മനസ്സിനെ വന്നു കീഴ്പെടുത്തും.
ഒരു നേർവര വരച്ചാൽ രണ്ടു വശവും ഒരേ പോലെ തന്നെ അനുപാതമുള്ള വെണ്ണക്കൽ വിസ്മയം. അനശ്വര പ്രേമത്തിന്റെ, വിരഹത്തിന്റെ, ഓർമ്മക്കായി, പടുത്തുയർത്തിയ സാക്ഷാത്ക്കാരം. അഞ്ചാമത്തെ സെമെസ്റ്ററിൽ മുഗൾ ആർക്കിടെക്ചറിന്റെ പ്രത്യേകതകളെ പറ്റി വിശദമായി പഠിച്ചിരുന്നു, അന്ന് പഠിച്ച കോട്ടയും, കൊത്തളങ്ങളും, വൻ മതിലുകളും, പള്ളിയുടെ ഗോപുരങ്ങളും, കുന്തമുന പോലെ മാനം മുട്ടി നിൽക്കുന്ന ഗോപുരങ്ങളും, വളരെ സങ്കീർണ്ണമായ ചിത്രപ്പണികളോട് കൂടിയ കെട്ടിടങ്ങളും കാണാൻ സാധിക്കുക മാത്രമല്ല; പണ്ട് പണ്ടത്തെ ചരിത്രത്തിന്റെ വഴിയിലൂടെ മനസ്സിനെ തെളിച്ചു വിടാനും സാധിച്ചു, ഒറ്റക്കാ വഴികളിലൂടെ നടക്കണമെന്ന് തോന്നി, ഒന്നും മിണ്ടാതെ, കഥകളിൽ വായിച്ച പുരാണങ്ങളുടെ ഭാഗമായി..
ചക്രവർത്തിയുടെ മനസ്സിലെ സങ്കല്പം പിരിഞ്ഞു പോയ പ്രിയതമക്ക് പാരിൽ ഒരു പറുദീസ തീർക്കുക എന്നതായിരുന്നു. മനുഷ്യ മനസ്സിന്റെ ഉള്ളിലെ വികാരങ്ങളുടെ വേലിയേറ്റങ്ങളെ പോലെ ഓരോ വിനാഴികയിലും ഓരോരോ ഭാവങ്ങൾ വിന്യസിക്കുന്ന വിസ്മയം അതായിരുന്നു താജ് മഹൽ. പുലരുമ്പോൾ ഒരു നിറം, പല കോണിൽ നിന്നും പല നേരങ്ങളിൽ പതിക്കുന്ന സൂര്യ കിരണങ്ങൾ അനുസരിച്ചു നിറങ്ങൾ മിന്നി മറയുന്ന പ്രേമകുടീരം. മെല്ലെ നടന്നു, പിന്നെ വേഗത്തിൽ നടന്നു, നേരെ നോക്കി, എല്ലാ വശവും നോക്കി, തറയിലും പിന്നെ കഴുത്തു കഴക്കുവോളം മുകളിലോട്ടു നോക്കി, എത്ര മാത്രം സങ്കീർണമായ പണികളാണ്, കൈവിരുതും, കലാവിരുതും ചേർന്നൊരുക്കിയ അനശ്വരമായ സ്നേഹത്തിന്റെ, ആനന്ദത്തിന്റെ പ്രതീകം.
ഹൃദയത്തിനും, വികാരങ്ങൾക്കും, ഭാവനകൾക്കും, ഭാഷയില്ല, അവിടെ ഉണ്ടായിരുന്ന എല്ലാവരുടെയും ജീവന്റെ തുടിപ്പ് കൊട്ടിയ താളം ഒന്ന് മാത്രം ആയിരുന്നു സ്നേഹത്തിന്റെ, പ്രേമത്തിന്റെ. ഞങ്ങളും അതാസ്വദിച്ചു.
ഒന്നും തീരാതിരിക്കില്ലല്ലോ, ഈ വിസ്മയമേറിയ അനുഭവവും പെട്ടെന്നു അവസാനിച്ചു, എന്നിരുന്നാലും, ജീവൻ നിറഞ്ഞു നിന്ന ഓർമകളുടെ ഊർജവുമായി, ഞങ്ങൾ വണ്ടി കയറി. ചക്രവർത്തിയെ മകൻ തടങ്കലിൽ പാർപ്പിച്ചു നീണ്ട വർഷങ്ങൾ മാനസികമായി പീഡിപ്പ്പിച്ച കൊട്ടാരത്തിൽ പോയി, നിലാവുള്ള രാത്രികളിൽ യമുനയിൽ പതിക്കുന്ന താൻ പണിയിച്ച പ്രേമകുടീരത്തിന്റെ നിഴൽ വീഴുന്നത് കണ്ടു കിടന്ന മുറിയിലെ ജനാലയിലൂടെ നദിക്കരയിലെ സൗധം കണ്ടു, അപ്പോൾ ഞങ്ങളുടെയും മനസ്സ് വിങ്ങി. വീണ്ടും വണ്ടിയിൽ കയറി പലയിടവും പോയി പല തരം കൊട്ടാരങ്ങളിലൂടെ, പക്ഷെ അവിടെ എങ്ങും ചെന്നപ്പോൾ താജ് മഹൽ കണ്ടപ്പോഴുള്ള ഉത്സാഹമോ, ഉത്തേജനമോ തോന്നിയില്ല. ഞങ്ങൾ വീണ്ടും യാത്ര ആയി സൂര്യൻ അസ്തമിക്കാറായി, മഥുരയിലെത്തി, ഒരായിരം വര്ണങ്ങളുള്ള ദാവണി അണിഞ്ഞ ഗോപികമാരുടെ വൃന്ദാവനം,
ബസിനു പോകാൻ പാകത്തിനുള്ള ഇടുങ്ങിയ വഴികൾ രണ്ടു സൈഡിലും ഉയരം കൂടിയ തൂണുകളും, കമാനങ്ങളുള്ള കെട്ടിടങ്ങളെ കൊണ്ട് നിറഞ്ഞു നിന്നൊരിടം. ഇവിടെ കണ്ട ഒരു പ്രത്യേകത നെറ്റിയിൽ ഭസ്മം ഇടുന്ന പോലെ ഇവിടുത്തെ മണ്ണിന്റെ പൊടി ഭക്തിപുരസ്സരം നെറ്റിയിൽ ചാർത്തുന്നു എന്നതാണ്, വഴികാട്ടി അതിനെ പറ്റി പറയുകയും ചെയ്തു ഭഗവാൻ ശ്രീകൃഷ്ണൻ ഓടിനടന്ന ഇടമാണ് മണ്ണ് പോലും പവിത്രമാണ്.
ഭഗവാന്റെ ലീലാ വിലാസങ്ങൾ അരങ്ങേറിയ പുണ്യഭൂമിയിലൂടെ ഒരു യാത്ര. ഒരു വലിയ അമ്പലത്തിന്റെ മുന്നിൽ വണ്ടി നിർത്തി ഞങ്ങൾ ഇറങ്ങി, അതിന്റെ ഓരത്തായി ഒത്തിരി ഒത്തിരി കൽപ്പടവുകൾ കെട്ടിയ ഒരു കുളം കണ്ടു, ഞാനപ്പോൾ ആത്മഗതമെന്നോണം ഓർത്തു ഇവിടെ നിന്നാവുമോ ചേല മോഷ്ടിച്ചത്?
രാധയും, കൃഷ്ണനും അവിടെ എല്ലാം നിറഞ്ഞു നിൽക്കുന്ന ഒരു പ്രതീതി, നിറങ്ങളും, പാട്ടും, നൃത്തവും, കുസൃതിയും, താലവും, വിളക്കും ,എല്ലാം ചുറ്റിനും ഉള്ള പോലെ
എവിടെ നിന്നോ ഉച്ചത്തിൽ ഒരു ഓടകുഴൽ വിളി കേട്ടു , എല്ലാവരും പുറകോട്ടു നോക്കി ഞങ്ങൾ വന്ന ബസിന്റെ ഡ്രൈവർ Airhorn അടിച്ചതാ ഞങ്ങൾക്ക് തിരികെ പോകാൻ നേരമായി എന്നറിയിക്കാൻ
ഈ യാത്ര തുടരുന്നതായിരിക്കും
Leave A Comment