മക്കളെ ഡോക്ടർ ആക്കണം
അത് പറ്റിയില്ല എങ്കിൽ എഞ്ചിനീയർ ആക്കണം
എന്ന് കുട്ടികൾ ഉണ്ടാവുന്നതിനു മുന്നേ തീരുമാനിക്കുന്ന മാതാപിതാക്കളുടെ നാടാണ് നമ്മുടേത്
പിന്നെ ഇച്ചിരി എങ്കിലും കണക്കറിയാമെങ്കിൽ ഫസ്റ്റ് ഗ്രൂപ്പ് എടുത്തു വാശിയോടെ പഠിച്ചു നല്ല മാർക് വാങ്ങി, പാസായി, എഞ്ചിനീയറിംഗ് കോളേജിൽ ചേരുന്ന 17 വയസ്സുകാർ
17-ൽ പിടികിട്ടാത്തതു 20-ൽ പിടിച്ചടക്കുന്ന ഡിഗ്രിക്കാർ
കുടുംബത്തു കാശുണ്ടെങ്കിൽ, പിടിപാടുണ്ടെങ്കിൽ 50% മാർക്കുണ്ടെങ്കിൽ ആരെയെങ്കിലും തള്ളി മറിച്ചിട്ടു മാനേജ്മെന്റ് സീറ്റിൽ കയറി പറ്റുന്ന മാഫിയ
ഇവരുടെയെല്ലാം ഒരു മിശ്രിതമായിരുന്നു TKM -ലെ വിദ്യാർത്ഥികൾ
ഇതൊന്നുമില്ലാതെ അബദ്ധത്തിൽ വന്നു പെട്ട എന്നെ പോലെ ചിലരും ഉണ്ടാവാം എന്റെ കാര്യം പറഞ്ഞാൽ ഞാൻ പ്രീഡിഗ്രി കഴിഞ്ഞു മദ്രാസ് WCC -യിൽ Bcom -നു ചേർന്ന്, Chartered Accountancy പരീക്ഷ പാസ്സായിട്ടു, പിന്നെ പോലീസിൽ ചേരാനിരുന്നതാണ്.
വീട്ടുകാരും നാട്ടുകാരും അഭിപ്രായം പറയുന്ന കാലമാണ് അന്നൊക്കെ.
1977 കണക്കിന് 100 ൽ 150 മാർക്ക് വാങ്ങിയിട്ട് അമ്മയെയും അപ്പയെയും വിട്ടിട്ടു, വീട്ടിൽ നിന്ന് 10 പൈസ പോയിന്റിൽ വിശ്വവിഖ്യാതമായ TKM കിടക്കുമ്പോൾ, മദ്രാസിലേക്ക് വണ്ടി കയറുന്നു, അതും ബികോം പഠിക്കാൻ പോകുന്നു.
വീട്ടിലും നാട്ടിലും ആകെ ചർച്ച,
അതൊന്നും കേൾക്കാതെ പെട്ടിയും അടുക്കി ഇരുന്ന എന്നെ പിന്തിരിപ്പിച്ചത് പണ്ടൊരിക്കൽ എഴുതിയ ഫോൺ വിളി ആണ്!!
ഒരു ചരട് പോലത്തെ കേബിളിനാൽ ബന്ധിക്കപ്പെട്ട കറുത്ത കുന്ത്രാണ്ടത്തിനോട് Hypothecated ആണ് എന്റെ എഞ്ചിനീയറിംഗ് കോളേജ് പ്രവേശനം.
അന്നത്തെ ദിവസം ടെലിഫോൺ മണി അടിച്ചില്ലായിരുന്നുവെങ്കിൽ….
പാത്തുവിന്റെ അണ്ണൻ (Prem B Chempakasseril) എന്നെ വിളിച്ചിട്ടു, കറുത്ത കുന്ത്രാണ്ടം സുഹൃത്തിനു കൈ മാറിയില്ലായിരുന്നുവെങ്കിൽ
ഞാനിപ്പോൾ ഉദ്യോഗമൊഴിഞ്ഞ പോലീസായി എവിടെ എങ്കിലും കണ്ടേനെ.
അങ്ങനെ ഞാനും എത്തി TKM -ൽ…
പക്ഷെ കരിക്കോട്ടെ സ്റ്റാൻഡിൽ ബസ് ഇറങ്ങി പാലത്തിന്റെ abutment-നോട് ചേർന്ന് Water bound macadom- റോഡിലൂടെ, കൊല്ലം ചെങ്കോട്ട ട്രാക്കിന്റെ സൈഡ് പിടിച്ചു നടന്നു കോളേജിന്റെ ഗേറ്റ് കടന്നാൽ പിന്നെ ആരെങ്ങിനെ അവിടെ കയറി പറ്റി എന്നുള്ളതിന് യാതൊരു പ്രസക്തിയുമില്ല.
വളരെയധികം സംരക്ഷിച്ചു വളർന്ന കുട്ടികളായിരുന്നു ഒട്ടു മുക്കാലും
പഠിച്ച സ്കൂളിലും കോളേജിലും അച്ചടക്കത്തോടെ, ഭയത്തോടെ സാറന്മാർ പറയുന്നതൊക്കെ അപ്പടി കേട്ട് ജീവിച്ച പ്രീഡിഗ്രിക്കാരാണ് ഒട്ടു മുക്കാലും.
പകുതി പേരും വരുന്നത് പലവിധ പ്രതീക്ഷകളും, സ്വപ്നങ്ങളും, അഭിലാഷങ്ങളും ആയിട്ടാണ്
സ്വാതന്ത്ര്യം
മുന്തിയ പ്രൊഫഷണൽ കോളേജ് പഠനം
മിക്സഡ് കോളേജ്: ആൺകുട്ടികളും , പെൺകുട്ടികളും ഒരുമിച്ചുള്ള പഠനം
സമൂഹത്തിൽ, കുടുംബത്തിൽ വലിയ അംഗീകാരം
സർക്കാരുദ്യോഗത്തിൽ കയറി പറ്റി പലതും ചെയ്യണം, സാമ്രാജ്യങ്ങൾ പണിയണം, എന്ന് സ്വപ്നം കണ്ടവർ
ഒന്നും വേണ്ട ഇവിടെ തന്നെ കുടിയേറി ഇനിയുള്ളവരെ പഠിപ്പിച്ചു പഠിപ്പിച്ചു നേരേയാക്കണം എന്ന് കരുതിയവർ
അങ്ങ് ദൂരെ ഗഫൂർക്കയുടെ കൂടെ കാലിഫോർണിയയിൽ പോകുന്ന ഉരുവിൽ കയറി അറബി നാട്ടിൽ പോകാനായി ഒരു സർട്ടിഫിക്കറ്റ് സംഘടിപ്പിക്കാൻ മുതിർന്നവർ
എങ്ങനെയും 4 വര്ഷം തള്ളി നീക്കി ഡിഗ്രി യുമായി നല്ല സ്ത്രീധനം വാങ്ങാൻ നോട്ടമിട്ടവർ.
ചെത്തി നടക്കാൻ കച്ച കെട്ടിയ വില്ലന്മാർ
അടിച്ചു പൊളിച്ചു വിലസി നടക്കണം, ജീവിതം ആസ്വദിച്ചു മരിക്കണം എന്ന് തീരുമാനിച്ചുറച്ചവർ
കുതിരവട്ടം പപ്പു ചേട്ടൻ എണ്ണുന്ന പോലെ, മൂന്നു, നാലു പേരുടെ കാലിലെയും കൈയ്യിലേയും വിരലിൽ എണ്ണാവുന്നത്ര പെൺ കുട്ടികളും നൂറു കണക്കിന് ആൺ കുട്ടികളും നിറഞ്ഞ കോളേജ്. കൃത്യമായി പറഞ്ഞാൽ ഞങ്ങൾ ചേരുന്ന വര്ഷം വരെ ആകെ മൊത്തം 3 ബ്രാഞ്ച് മാത്രമേ ഉണ്ടായിരുന്നുള്ളു !! ആദ്യത്തെ ദിവസം തന്നെ മുതിർന്നവർ ചൊല്ലിപ്പടിപ്പിച്ച 3 ബ്രാഞ്ച്
കഞ്ഞി സിവിൽ , റോയൽ മെക്കാനിക്കൽ , വെറും ഇലക്ട്രിക്കൽ
ഞങ്ങൾ ചേർന്നപ്പോൾ 1977-ൽ ഇലൿട്രോണിക്സും കൂടി ചേർത്ത്
ഒരു വര്ഷം ശരാശരി 170 പേർ
ഒരു മൈലോളം നീളമുള്ള, അര മൈലോളം വീതിയുള്ള കോളേജ്, ഞങ്ങൾ കുട്ടികളും സാറന്മാരും എല്ലാവരും കൂടി 1000 പേർക്ക് സ്വന്തം.
പക്ഷെ വന്നു കയറിയത് ശരിക്കും
പുലിമടയിലായിരുന്നു
പുലികൾ പലവിധം
റാഗിങ്
ആ ഒരു കടമ്പ ആദ്യത്തെ ഒന്ന് രണ്ടാഴ്ച നീണ്ടു നിന്നിരുന്നു, പലപ്പോഴും പെൺകുട്ടികളെ Waiting Room – ൽ നിന്നിറക്കി പുറത്തു തൂണിൽ ചാരി നിർത്തി ഇല്ലാത്ത പ്രേമം പറഞ്ഞു മോഹിപ്പിക്കുക, ഒരു നിഘണ്ടുവിലും കണ്ടട്ടില്ലാത്ത മലയാള പദപ്രയോഗങ്ങൾ ഉപയോഗിക്കുക
കുറുക്കന്മാരെ പോലെ ഓരിയിടുക എന്ന് വേണ്ട ഇപ്പോൾ ആലോചിച്ചാൽ ഒരെത്തും പിടിയും കിട്ടാത്ത കുറച്ചു പൊടികൈകൾ
പക്ഷെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ എന്തൊക്കെയോ നടന്നിരുന്നു, ഒരു കാര്യം മാത്രം അറിയാം ഒന്ന് രണ്ടാഴ്ചകം എല്ലാവരും മച്ചാനും മച്ചാനുമായി ഇലക്ഷന് വോട്ടു പിടിക്കാൻ തുടങ്ങിയിരുന്നു
പിന്നത്തെ പ്രശ്നം എല്ലാ വാദ്യാന്മാർക്കും , പല കുട്ടികളുടെയും ആരെ എങ്കിലുമൊക്കെ വളരെ അടുത്തറിയാം
മിക്ക കുട്ടികളും കൊല്ലങ്കാർ, പിന്നെ കുണ്ടറ കൊട്ടാരക്കര പ്രദേശങ്ങളിൽ നിന്നുള്ളവർ
നീണ്ടു നിവർന്നു പരന്നു കിടക്കുന്ന കോളേജിൽ എതിലെ മുങ്ങിയാലും, പൊങ്ങിയാലും, ആരുടെ എങ്കിലും കണ്ണിലോ കൈയ്യിലോ പെട്ടിരിക്കും, പോരാത്തതിന് ലാബുകളിൽ ജോലിചെയ്യുന്ന അറ്റൻഡറുമാർ, ഡ്രോണുകൾ പോലെ അതിലെയും ഇതിലേയും സഞ്ചരിച്ചു അപ്പപ്പോഴുള്ള GPS coordinates ഓഫീസിൽ അറിയിച്ചിരിക്കും അത് പിന്നെ ഏതൊക്കെ ഡിപ്പാർട്മെന്റിൽ എത്തുമെന്ന് ഒരു പിടിയുമില്ല
കെമിസ്ട്രിയും ഫിസിക്സും പ്രൊഫസര്മാരാണേൽ
എഴുപതുകളിൽ ദുബൈയിൽ നിന്നുള്ള എല്ലാവരും സ്വർണ ബിസ്ക്കറ്റ് വിഴുങ്ങിയവരാണെന്ന ധാരേണ, പിടിച്ചു പരിശോധിച്ച്, കുലുക്കുന്ന കസ്റ്റംസ് ഓഫീസറന്മാരെ പോലെ ആയിരുന്നു
സത്യം
ചുറ്റികളികൾക്കിടയിൽ അവരുടെ കൈയ്യിൽ പെടാതെ രക്ഷപ്പെടണമെങ്കിൽ
കുറെയധികം തേങ്ങാ ഗണപതിക്കടിക്കണമായിരുന്നു.
പിന്നെ ഞങ്ങളുടെ പാഠ്യപദ്ധതിയിൽ ഒരു ബ്രഹ്മാസ്ത്രം ഉണ്ടായിരുന്നു.
മഹാഭാരതത്തിലും, രാമായണത്തിലും , പുരാണങ്ങളിലും കണ്ടിരുന്ന സാക്ഷാൽ ബ്രഹ്മാവിന്റെ ഈരേഴുപതിന്നാല് ലോകവും ഉന്മൂലനം ചെയ്യാൻ പാകത്തിലുള്ള ബ്രഹ്മാസ്ത്രം
അതിന്റെ പേരായിരുന്നു
Sessional Marks
അത് എടുത്തങ്ങു പ്രയോഗിച്ചാൽ ഏതു കൊടിവെച്ച കാറിൽ സഞ്ചരിക്കുന്നവരും വീണിരിക്കും…
അതിനെ മൂന്നായി വിഭജിച്ചിരുന്നു.
ഒന്ന് ഹാജർ
രണ്ടാമത് Assignment
മൂന്നാമത് Test Papers
ആകെ മൊത്തം 50 മാർക്കാണിതെല്ലാം കൂടി
തുടരും ……………………
Leave A Comment