John Cherian Sir and Sukki Chechy, Sumam and Rajan Thank you for being there for us…Happy Thanksgiving
Bombay-യിലേക്കുള്ള തീവണ്ടിയിൽ കയറാൻ നേരത്തു, ആരുടെ മുഖത്തും സാധാരണ കണ്ടു വരാറുള്ള ആകാംക്ഷ കണ്ടില്ല, പെട്ടികൾ വണ്ടിയിലേക്ക് കൈ മാറിയപ്പോൾ, തള്ളി കയറാൻ ശ്രമിക്കാതെ പലരും പ്ലാറ്റഫോമിൽ തന്നെ നിൽക്കുന്നതു കണ്ടു. പെട്ടികൾ എടുക്കാൻ സന്നദ്ധരായി കതകിന്റെ അടുത്ത് നിന്നവർ ആരും പറയാതെയും ചോദിക്കാതെയും കൈയ്യിൽ വാങ്ങിയ പെട്ടികൾ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ മാറ്റി വെക്കുന്നു,
മാറി നിന്നവർ അകത്തു കയറിയപ്പോൾ, ചേർന്നിരിക്കുന്ന പെട്ടികൾ കൈയ്യിലെടുത്തു ചേർന്നിരിക്കാൻ പറ്റിയ സീറ്റുകൾ തപ്പി പോയി .
യാത്ര തുടങ്ങി കുറെ ദിവസം ആയപ്പോഴേക്കും എല്ലാവരും ഒരു കുടുംബമായി, പരസ്പരം മനസ്സിലാക്കാനുള്ള പക്വത ആയി, ആരുടേയും സ്വർഗത്തിൽ കട്ടുറുമ്പാവണ്ട കാര്യമില്ല എന്നുള്ള തീരുമാനം സ്വയം എടുക്കുകയും, സംയമനം പാലിക്കുകയും ചെയ്തു തുടങ്ങി. അങ്ങനെ കണ്ണിന്റെ കോണിലൂടെ നോക്കി ഇരുന്നവർ നേരെ നോക്കി കളിയാക്കാനും, കഥ പറയാനും തുടങ്ങി. ഇനി അങ്ങോട്ട് തീവണ്ടിയിലുള്ള യാത്ര വളരെ കുറവാണ് , അവസാന പാദം നാട്ടിലൂടെ ആണ്, അത് പിന്നെ വിചാരിക്കുന്നതിനു മുന്നേ തീരും; മാത്രമല്ല മംഗലാപുരം എക്സ്പ്രസ്സ് രാത്രി കയറിയാൽ നേരം വെളുക്കുന്നതും കൊല്ലത്തെത്തും, കുത്തിയിരുന്ന് കഥ പറയാൻ പറ്റില്ല.
കൊല്ലത്തു നിന്ന് തീവണ്ടി കയറിയപ്പോൾ മിക്കവരും അധിക നേരവും പുറം കാഴ്ചകൾ കണ്ടും, ഓരോ സ്റ്റേഷനിൽ കൂടി വണ്ടി പോകുമ്പോൾ ആ സ്ഥലത്തിന്റെ പ്രത്യേകതകളെ പറ്റിയും, അവിടെ പോയപ്പോഴുള്ള അനുഭവങ്ങളെ പറ്റിയും ഒക്കെ വാ തോരാതെ പറഞ്ഞുകൊണ്ടേയിരുന്നു.
ഡൽഹിയിൽ നിന്നുള്ള യാത്രയിൽ പുറത്തോട്ടു നോക്കിയിരിക്കാൻ ആർക്കും നേരം കിട്ടിയില്ല എന്ന് പറയുന്നതാവും വാസ്തവം.
പല തരം സംഘങ്ങൾ, ചീട്ടുകളി, പാരടി പാട്ടു, അന്താക്ഷരി അങ്ങനെ പല സംഘങ്ങൾ അതിന്റെ ഇടയിൽ അപ്പപ്പോൾ നടക്കുന്ന സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളെ കുറിച്ചുള്ള ചർച്ചകളുമായി ഒരു സംഘം അതിന്റെ leader സ്ഥാനം വഹിക്കുന്ന നാസർ, M. A. Nazer, ഈ സംഘത്തിൽ ആൾക്കാർ വന്നും പോയും ഇരുന്നു, പക്ഷെ മദ്ധ്യസ്ഥതവഹിക്കാൻ എപ്പോഴും ഒരാൾ മാത്രം സതീഷ് ബാബു, ഇടക്ക് സതീഷ് ബാബു ബാത്റൂമിലേക്കെങ്ങാനും പോയാൽ ജയചന്ദ്ര ബാബു നിശബ്ദനായി ആ സ്ഥാനം അലങ്കരിക്കാറുണ്ടായിരുന്നു , അപ്പോൾ എന്തെങ്കിലും തർക്കം മൂത്താൽ രാജൻ പി. ഡി., തന്റെ വഴുവഴുപ്പൻ ഡയലോഗ് കൊണ്ട് എല്ലാവരെയും എങ്ങനെയും ഒതുക്കി ഇരുത്താറുമുണ്ടായിരുന്നു.
ഇതിന്റെ ഇടയിൽ , നേരത്തെ തന്നെ ആരോ ചേർത്തുവെച്ച പെട്ടികളുടെ പിന്നാലെ കൂടിയ സ്നേഹപ്പൂക്കൾ തീവണ്ടിയുടെ ജനൽകമ്പിയഴിയിലോട്ടു തലയമർത്തി മുഖം ചെരിച്ചു എതിരെയുള്ള ആളിനെ നോക്കി മണിക്കൂറുകളോളം മൗനരാഗത്തിലൂടെ പ്രേമകാവ്യങ്ങൾ മീട്ടുന്നതു കാണാമായിരുന്നു.
ഈ രണ്ടുപേർ ഇരുന്ന സീറ്റിന്റെ അടുത്തേക്ക് ആരും ഇടിച്ചു കയറി പോകാൻ കൂട്ടാക്കിയില്ല, പക്ഷെ ഇവരെപ്പോഴെങ്കിലും എന്തെങ്കിലും മിണ്ടുമോ എന്നറിയാൻ കുശുമ്പരായ കട്ടുറുമ്പുകൾക്ക് വല്ലാത്ത ജിജ്ഞാസ, വണ്ടി സ്പീഡ് കുറച്ചു ഏതെങ്കിലും സ്റ്റേഷൻ എത്താറാവുമ്പോൾ ഒരു ബാത്റൂമിൽ പോക്ക്, അങ്ങനെ ഇവർ ഇരിക്കുന്ന ബേയുടെ മുന്നിലൂടെ പോകുന്നത് കണ്ടതും . ഇതൊന്നുമറിയാതെ ഞാൻ ഇവന്മാരുടെ പുറകെ ഓട്ടാടാ ഓട്ടം. അയ്യോ കൂട്ടുകാരേ പോകല്ലേ, അയ്യോ കൂട്ടുകാരേ പോകല്ലേ, ഇപ്പൊ ബാത്റൂമിൽ പോകല്ലേ,
ഇതെന്തൊരു ശല്യമാണെന്നും പറഞ്ഞു അവർ എന്റെ നേരെ തിരിയാനും, ഞാനോടിച്ചെന്നു അവരുടെ കൈ പിടിച്ചു നിർത്തി എന്നിട്ടു തുടങ്ങി, ദേ നിൽക്കൂ ഒരു കാര്യം പറയട്ടെ, തീവണ്ടി സ്റ്റേഷന്റെ അടുത്തെത്തുമ്പോൾ, സ്റ്റേഷനിൽ നിർത്തിയിടുമ്പോൾ, നദിയുടെയോ പുഴയുടെയോ കായലിന്റെയോ മുകളിലുള്ള പാലത്തിലൂടെ പോകുമ്പോൾ ടോയ്ലറ്റ് ഉപയോഗിക്കരുത്, നോക്കൂ അതൊരിക്കലും ശരിയായ പ്രവർത്തിയല്ല
നിങ്ങൾ ഓർക്കുന്നില്ലേ നമ്മൾ കൊല്ലത്തു തീവണ്ടി കയറാൻ നിന്നപ്പോൾ, പാളത്തിൽ… ഇത്രയും പറഞ്ഞപ്പോഴേ അവരെന്നോട് സുല്ലിട്ടിട്ട് പറഞ്ഞു.. ട്യൂബ് ലൈറ്റെ, ഞങ്ങൾ ടോയ്ലറ്റ് ഉപയോഗിക്കാൻ പോയതല്ല, ഈ പ്രണയവർണ്ണങ്ങൾ എപ്പോഴെങ്കിലും വാ തുറക്കുമോ എന്നറിയാൻ വെറുതെ ഇതിലെ ഒന്ന് നടന്നു എന്നെ ഉള്ളൂ
എനിക്കെന്നിട്ടും അത്ര വിശ്വാസം പോരാ, ഞാൻ ആലോചിച്ചു ഒരു കടലാസ്സിൽ ഇതെഴുതി കതകിൽ ഒട്ടിച്ചാലോ എന്ന്. അല്ലെങ്കിൽ അതുവേണ്ട; ഇവിടെ ഈ ബേയിൽ ഇവർ രണ്ടു പേര് മാത്രമല്ലെ ഉള്ളൂ ഇതിന്റെ തൊട്ടപ്പുറത്താണ് ബാത്രൂം ഞാനിവിടെ ഈ ഒറ്റക്കുള്ള സീറ്റിൽ മാറി ഇരിക്കാം അതാ നല്ലതു, എന്നും പറഞ്ഞു എന്റെ ചാടുള്ള ബാഗുമായി പുറപ്പെട്ടു വന്നതും; ശ്രീകുമാർ എന്റെ അടുത്തേക്ക് ഓടി വന്നിട്ട് പറഞ്ഞു, ഞാനെന്തു വേണമെങ്കിലും ചെയ്യാം, ഞാനിവിടെ ഒരു കയറു കെട്ടാം ആരും ഇതുവഴി പോകാതെ, പക്ഷെ അവിടെ വന്നിരിക്കരുത് ഇതൊരപേക്ഷയാണ്, ഉള്ള കഞ്ഞിയിൽ പാറ്റ ഇടരുത്, ഞാനൊന്നു ഗിയര് പിടിച്ചു വരുന്നതേ ഉള്ളൂ
അപ്പോഴല്ലേ എനിക്ക് ബോധം വന്നത്, ചാടുള്ള സഞ്ചിയും ഉരുട്ടി തിരികെ നടന്നപ്പോൾ ആരൊക്കെയോ ഓരിയിട്ടു, ഇവന്മാരുടെ കൂടെ നാല് വർഷത്തോളം പഠിച്ചതുകൊണ്ടു തൊലിക്ക് നല്ല കട്ടി ആണ്, ഒന്നുമറിയാത്ത പോലെ നേരെ ജോൺ ചെറിയാൻ സാറിന്റെ അടുത്തുള്ള ഒഴിഞ്ഞ സീറ്റിൽ പോയി ഇരുന്നിട്ട്, ചമ്മൽ മാറ്റാനായി സാറിനോട് ബോംബയിൽ എത്തിയാലുള്ള പരിപാടിയെ പറ്റി ചർച്ച തുടങ്ങി..
അപ്പോഴും ശ്രീകുമാർ പറഞ്ഞ കഞ്ഞിയും പാറ്റയും എന്ന പ്രയോഗം എന്റെ ചെവിയിൽ മുഴങ്ങി കൊണ്ടിരുന്നു, അതിലെ കഞ്ഞി എന്ന പ്രയോഗം എന്റെ ഉള്ളിൽ കൊതിയുടെയും വിശപ്പിന്റെയും അലയടികൾ ഉയർത്തി. ഗതികെട്ട് ഞാനതങ്ങു ഉറക്കെ പറയുകയും ചെയ്തു, വല്ലാതെ വിശക്കുന്നു. അപ്പോൾ സാർ പറഞ്ഞു ഇനി എന്തെങ്കിലും കിട്ടണമെങ്കിൽ kota എത്തണം അവിടെ പത്തു മിനിറ്റോളം ഉണ്ട്.
സാറെന്നോടു ചോദിച്ചു, കൈയ്യിൽ ഒരു സുപ്രീം ബേക്കറി ഉണ്ടായിരുന്നല്ലോ? Sir, എന്റെ കൈയ്യിൽ കരുതിയതെല്ലാം തീർന്നു, സാധനങ്ങൾ വാങ്ങിയതെല്ലാം വെക്കാനായി ബാഗിൽ ഇടമുണ്ടാക്കാൻ പലർക്കും പലപ്പോഴായി കൊടുത്തു തീർത്തതാണ്.
അപ്പോൾ സാറ് പതുക്കെ Sir- ന്റെ ബാഗ് തുറന്നു, കേക്ക് ഉണ്ടാക്കുമ്പോൾ ‘അമ്മ Baking Tray-യുടെ അടിയിൽ വെട്ടിയിടാറുള്ള ബട്ടർ പേപ്പറിൽ പൊതിഞ്ഞ റവ ലഡ്ഡു എടുത്തു എനിക്ക് വെച്ച് നീട്ടി, സാറിന്റെ ഭാര്യ, Sukki Chechy ഉണ്ടാക്കി സാറിനു കൊടുത്തുവിട്ടതാണ്, അധികം മധുരമില്ലാത്ത റവ ലഡ്ഡു, ഓരോ ലഡ്ഡുവിന്റെയും മുകളിലായി കൊല്ലത്തു കടപ്പാക്കടയിലെ Priya Theatre-ന്റെ അടുത്തുള്ള ഇന്ത്യൻ ബേക്കറിയിൽ 3 മണിക്ക് കിട്ടുന്ന ചൂടുള്ള, പാല് ചേർക്കുന്നത് കാരണം അസാധ്യ മണവും, പഞ്ഞി പോലെ വായിലിട്ടാൽ അലിഞ്ഞു പോകുന്ന നെറുകയിൽ ഒരു കറുത്ത ഉണക്കമുന്തിരി വെച്ച Bun പോലെ ഉച്ചിയിൽ ഉണക്ക മുന്തിരി; അതായത് നമ്മുടെ സ്വന്തം കിസ്സമീസ് വെച്ച റവ ലഡ്ഡു.
ഈ നിമിഷം ഒരു കാര്യം പറയാതെ വയ്യ, തെറ്റിക്കാൻ പറ്റാത്ത Soil Mechanics Practicals-ൽ മണ്ടത്തരങ്ങൾ എഴുന്നള്ളിക്കുന്നവരോടും നിഷ്കളങ്കമായ നുറുങ്ങു നർമ്മത്തിൽ പൊതിഞ്ഞ എന്തെങ്കിലും പറയുന്ന ജോൺ ചെറിയാൻ Sir.
സാറിന്നും ഞങ്ങൾ കുട്ടികളെ കരുതുന്നു സ്നേഹിക്കുന്നു, കുറച്ചു നാൾ മുന്നേ സാറു വീണ്ടും ഞങ്ങളെ കാണാൻ വന്നു. എന്നും എപ്പോഴും ചെറുപ്പമായി മനസ്സിനെ കൊണ്ട് നടക്കുന്ന സാറും, സാറിന്റെ താളമായി കൂടെയുള്ള Sukki ചേച്ചിയും.അതിന്റെ രഹസ്യം സാറിന്റെയും Sukki ചേച്ചിയുടെയും പരിചയക്കാരെല്ലാം വെറും 50-60 വയസ്സുള്ള ചെറുപ്പക്കാർ. എന്റെ കൂടെ സ്കൂളിൽ പത്തു വര്ഷം പഠിച്ച സുമവും ഭർത്താവ് രാജനും ആണ് സാറിന്റെ പല കുട്ടികൂട്ടുകാരിൽ മുഖ്യർ. അങ്ങനെ അവരെല്ലാവരും കൂടി ആണ് ഞങ്ങളെ കാണാൻ ബോസ്റ്റണിൽ നിന്ന് വണ്ടി ഓടിച്ചു ഇവിടെ വന്നതും കൂടെ താമസിച്ചതും, ഞങ്ങൾ ഒത്തിരി പേരുടെ കാര്യം പറഞ്ഞു, പ്രത്യേകിച്ച് ഞാനെഴുതിയ നമ്മുടെ ടൂറിന്റെ അനുഭവങ്ങൾ…
എന്റെ വിശപ്പിന്റെ വിളിയുടെ സമയത്തു സാറു തന്ന അതേ റവ ലഡ്ഡു അതേ ഭാവത്തിൽ, രുചിയിൽ, രൂപത്തിൽ Sukki Chechy കൊണ്ട് വന്നു; ഇത്തവണ രണ്ടല്ല ഒരു വലിയ പൊതി നിറയെ, മാത്രമല്ല നല്ലൊരു പ്ലം കേക്കും, ചേച്ചി ഒരു അസാദ്ധ്യ മിടുക്കിയാണ്, നല്ലൊരു പാചക വിദഗ്ദ്ധയും. അവരെല്ലാവരും തിരിച്ചു പോയ ദിവസം തന്നെ ലഡ്ഡു ആവി ആയി. എന്റെ ‘അമ്മ ഉണ്ടാക്കുമായിരുന്നു, പക്ഷെ ഞാൻ ഒരിക്കൽ പോലും തനിയെ ഉണ്ടാക്കിയിട്ടില്ല, കഴിച്ചിട്ടുമില്ല.
Sukki ചേച്ചിയെ വിളിച്, പാചകക്കുറിപ്പ് വാങ്ങി റവ ലഡ്ഡു ഉണ്ടാക്കി, തേങ്ങാപ്പീരയും നിറങ്ങളും ചേർത്തു, ഇപ്പോൾ ഏതു നേരവും ആര് വന്നാലും റവ ലഡ്ഡു റെഡി. എനിക്ക് ആവശ്യത്തിന് കഞ്ഞിയും ചോറും ഉള്ളത് കൊണ്ട് ഞാൻ ലഡ്ഡു പൊട്ടിക്കാറില്ല.
ചുറ്റുവട്ടത്തു നടക്കുന്ന എല്ലാത്തിനെയും പറ്റി ആധികാരികമായി രാഷ്ട്രീയ വത്കരിച്ചു സംസാരിക്കുന്ന Nazer ബോംബയിൽ ചെന്നാലുടനെ തന്റെ സ്വന്തത്തിലുള്ള Iqbal-നെ കൊണ്ട് Amul Ice cream ഫാക്ടറി കാണാൻ ഏർപ്പാടാക്കാമെന്നു പറഞ്ഞതും എല്ലാവര്ക്കും വലിയ ഉത്സാഹമായി; തുടർന്നുള്ള യാത്രയിൽ നാസറിന്റെ വാദമുഖങ്ങൾ തിരുത്തലുകൾ ഇല്ലാതെ അംഗീകരിക്കാനും തീരുമാനിച്ചു, ഐസ് ക്രീം എന്ന് കേട്ടതും സ്കൂളിലെ കളി വാചകം ഓർത്തു പോയി. I Scream, You Scream, We all Scream for Ice Cream.
യാത്ര തുടങ്ങിയപ്പോൾ ഉണ്ടായ ധാരണകളെ മറക്കാനും പൊറുക്കാനും തയ്യാറായ നാസറിനും, നവാസിനും മാത്രകാവിദ്യാർത്ഥികൾ എന്ന പേര് കാത്തുസൂക്ഷിക്കുക എന്ന ദൗത്യം മാത്രമല്ല; ആൽബിൻ സാറിന്നു കൊടുത്ത വാക്കു പാലിക്കേണ്ട ധാര്മ്മികബാദ്ധ്യത കൂടി ഉണ്ടായിരുന്നു . അതുകൊണ്ടു അവർ രണ്ടു പേരും നല്ല നടപ്പു തുടർന്നുകൊണ്ടേ ഇരുന്നു
ഏതു കാര്യത്തിനെ പറ്റിയും തുറന്ന മനസ്സോടെ, സുവ്യക്തമായി, സ്വതന്ത്രമായി ചിന്തിച്ചിരുന്ന പ്രായം, ഞങ്ങളുടെ ഇടയിൽ ജാതിയും, മതവും ഉണ്ടായിരുന്നില്ല, പണത്തിന്റെ ഏറ്റക്കുറച്ചിലോ, രാഷ്ട്രീയമോ പാർട്ടിയോ ഒരു പ്രശ്നമായിരുന്നില്ല സ്നേഹപൂർവമായ സൗഹൃദം മാത്രം. ആരെയും വേദനിപ്പിക്കാത്ത, ക്ഷമയുടെ, കരുതലിന്റെ, കൊടുക്കൽ വാങ്ങലിന്റെ സൗഹൃദം.
ഒരാഴ്ചയോളമായി ഇച്ചിരി കഞ്ഞി കുടിച്ചിട്ട്, ഞാനാണെങ്കിൽ ബോംബെ എത്താൻ കാത്തിരിക്കയായിരുന്നു സ്വന്തത്തിലുള്ള ഒരു അമ്മാവന്റെ വീട്ടിൽ പോകാനായി, അപ്പോഴാണ് ഞങ്ങളുടെ കൂടെയുള്ള ,അധികമൊന്നും സംസാരിക്കാത്ത ഒരു പ്രിയ സുഹൃത്ത് എന്നോടൊരു ആവശ്യം ഉന്നയിച്ചത്.
Beena, നാളെ ബോംബയിൽ എത്തും ; പകലുള്ള പരിപാടികൾ കഴിഞ്ഞാൽ രാത്രിയിൽ തന്റെ പരിപാടിയിൽ ഒരു ചെറിയ ഭേദഗതി വരുത്തണം, തനിക്ക് ആവശ്യം കഞ്ഞിയും എന്തെങ്കിലുമൊരു മീനിന്റെ ചാറോ, ചമ്മന്തിയോ, അച്ചാറോ, ആണല്ലോ അത് ഞങ്ങൾ തന്റെ അമ്മാവന്റെ വീട്ടിലല്ല വേറൊരു അമ്മാവന്റെ വീട്ടിൽ ഏർപ്പാട് ചെയ്യാം, ഞങ്ങളുടെ കൂടെ വരണം; മാത്രമല്ല ജോൺ ചെറിയാൻ സാറിനെയും കൂടെ വിളിക്കണം. താൻ വിളിച്ചാൽ സാറ് വരും, സാറു കൂടെയുള്ളത് ഒരു ഗമ ആണ്, ഒരു weight . പിന്നൊരാൾ M. S. Lakshmi ആണ് . മറ്റുള്ളവർക്ക് Gandhi, എനിക്ക് മുളവന ശാന്താദേവി ലക്ഷ്മി ബീനക്ക് റ്റിക്കു.
മീൻ ചാറില്ലെങ്കിലും വേണ്ടില്ല, കഞ്ഞിയും പയറും അച്ചാറും തരാമെങ്കിൽ പരിപാടിയിൽ ഭേദഗതി വരുത്താം എന്ന് ഞാൻ.
ഈ യാത്ര തുടരുന്നതായിരിക്കും
Leave A Comment