കാപ്പികുടിക്കാൻ പോയ കൂട്ടുകാർ തിരികെ വന്നു തുടങ്ങി, ആരൊക്കെയോ പരസ്പരം തിരക്കുന്നതു കേട്ടു, നമ്മളീ പോകുന്നിടത്തു സാമ്പിൾ നോക്കാൻ ഐസ് ക്രീം കിട്ടുമോ? അതോ കാശ് കൊടുത്തു വാങ്ങേണ്ടി വരുമോ?
നാസർ വരുമ്പോൾ കൂടെ തന്നെ നിൽക്കാം എന്ന് പറഞ്ഞു കുറച്ചു പേര് വാതിലിന്റെ അടുത്തു പോയി നിന്നു. ഇത് കേട്ട് നിന്ന ഹരി പറഞ്ഞു, കാശ് കൊടുത്തു എന്തായാലും ഐസ് ക്രീം വാങ്ങുന്ന പ്രശ്നമില്ല, ബീനയുടെ അമ്മ നല്ല ഉഗ്രൻ ഐസ് ക്രീം ഉണ്ടാക്കും തിരിച്ചു പോകുമ്പോൾ ഞാനതു കഴിച്ചോളാം.
ഞാനോർത്തു ശരിയാ , അമ്മ നല്ല ഐസ് ക്രീം ഉണ്ടാക്കും, എനിക്ക് മധുരം വല്യ പ്രിയമല്ലെങ്കിലും അമ്മയുടെ ഐസ്ക്രീം എളുപ്പമാണുണ്ടാക്കാൻ, പുറകിലത്തെ വീട്ടിലെ ചേച്ചി കൊണ്ടുവരുന്ന പാല് തിളപ്പിച്ച് ആറ്റി എന്നും പാട വെട്ടി ഫ്രിഡ്ജിൽ വെക്കാറുണ്ട്, രണ്ടാഴ്ച ആവുമ്പോഴേക്കും കുറച്ചേറെ ഉണ്ടാവും. അത് മീനു മിക്സിയിൽ കുറെ നേരം അടിച്ചാൽ വെണ്ണയുണ്ടാക്കാം, ആ വെണ്ണയാണ് ‘അമ്മ കേക്ക് ഉണ്ടാക്കാൻ ഉപയോഗിക്കുക, പാട വെട്ടിയത് ഇച്ചിരി നേരം അടിച്ചാൽ കട്ടിക്കുള്ള ക്രീം കിട്ടും, ഞാൻ കണ്ടിട്ടുള്ളപ്പോഴൊക്കെ അമ്മ 5 മുട്ടയുടെ വെള്ളയെടുത്തു നല്ലവണ്ണം ഹാൻഡ് മിക്സി കൊണ്ട് പതപ്പിച്ചു കട്ടി ആക്കിയതിൽ പൊടിച്ച പഞ്ചസാര ചേർക്കും, അതും 1/2 കപ്പ് അത്രെയേ ഇടാറുള്ളൂ. എന്നിട്ടു ഈ ക്രീമും ചേർക്കും ഏതാണ്ട് 2 കപ്പോളം, vanilla essence ഒഴിച്ച് ഫ്രീസറിൽ വെക്കും, ചിലപ്പോൾ ഒന്നോ രണ്ടോ സ്പൂൺ കോകോ പൊടിയോ instant കാപ്പിപ്പൊടിയോ ചേർക്കും, ചോക്ലേറ്റ് ഐസ്ക്രീം അല്ലെങ്കിൽ കോഫി ഐസ്ക്രീം , ആഹാരത്തിൽ ഉപയോഗിക്കുന്ന നിറങ്ങൾ ചേർത്താൽ കുട്ടികൾക്കിഷ്ടമുള്ള നിറത്തിലുള്ള ഐസ് ക്രീം ആയി. പുറത്തെടുത്തു അധികനേരം വെച്ചാൽ അലിയും അപ്പോൾ വീണ്ടും ഐസ് പെട്ടിയിൽ വെച്ച് തണുപ്പിക്കണം. പക്ഷെ നല്ല രുചിയാണ്.
ചിലപ്പോൾ എനിക്ക് തോന്നിയിട്ടുണ്ട് എന്റെ അമ്മക്ക് അറിയാൻ മേലാത്തതൊന്നുമില്ല എന്ന്. ഞങ്ങളുടെ ക്ളാസ്സിലെ എന്റെ പ്രിയകളി കൂട്ടുകാരനും, അമ്മയുടെയും, അപ്പയുടെയും എന്റെ വല്യമ്മച്ചിയുടെയും പ്രിയപ്പെട്ട കൊച്ചുചെറുക്കൻ അമ്മയെ കളിയാക്കി പറയുന്നതുപോലെ എക്സ്റ്റൻഷൻ ഇല്ലായിരുന്നുവെങ്കിൽ ‘അമ്മ ആരാ – സിവിൽ എഞ്ചിനീയറിംഗ് ഭാഷയിലുള്ള അവന്റെ പ്രയോഗമാണ് അമ്മയുടെ തീരാത്ത വലിവിന്, Asthma-യ്ക്ക്, എക്സ്റ്റൻഷൻ..
എന്റെ മനസ്സപ്പോഴും കൊല്ലത്തു തന്നെ കറങ്ങി നിൽകയായിരുന്നു.
ലോഡ്ജിലെ പയ്യൻ പറഞ്ഞതനുസരിച്ചു എല്ലാ പ്രായക്കാർക്കും, ഏതു ബഡ്ജറ്റിലും എന്തെങ്കിലും കുട്ടി കുട്ടി സമ്മാനങ്ങൾ വാങ്ങാൻ പറ്റിയ സ്ഥലമാണ് ബോംബെ.
ഞാൻ എനിക്ക് അറിയാവുന്ന എല്ലാവരുടെയും പേരോർത്തു തുടങ്ങി, ഒരു രക്ഷയുമില്ല. അയലത്തുള്ളവരും, പ്രെസ്സിലുള്ളവരും, സ്വന്തക്കാരും, ബന്ധുക്കാരുമെല്ലാം കൂടി നൂറിൽ കൂടുതലായി, ആരെയും ഒഴിവാക്കാൻ പറ്റില്ല, അത്രയ്ക്ക് ആത്മബന്ധമാണെല്ലാവരുമായി. സത്യം, അണ്ടിയാപ്പീസിൽ പോകുന്ന സരസ്വതി അക്കൻ തൊട്ടു, തേങ്ങയിടുന്ന ശിവനും, തുണിയലക്കുന്ന Dhobi ശ്രീധരൻ ചേട്ടനും, തയ്യൽക്കാരൻ ശശി അണ്ണനും, ഓട്ടോ ഓടിക്കുന്ന അയലത്തെ ഷറഫും എന്ന് വേണ്ട നിറയെ വേണ്ടപെട്ടവരാണ്. അമ്മ എപ്പോഴും ഓർമ്മിപ്പിക്കുന്ന കാര്യമോർത്തു, ഒന്ന് മറിഞ്ഞു വീണാൽ ദൂരെയുള്ള ബന്ധുക്കളല്ല, അടുത്തുള്ള അയൽക്കാരും നാട്ടുകാരുമാണ് ഓടി വരേണ്ടത്.
അമ്മക്കുള്ളത് കാശ്മീരിൽ നിന്ന് വാങ്ങിയത് കാരണം പ്രത്യേകിച്ചിനി ഒന്നും ആവശ്യമില്ല. അപ്പക്കെന്തെങ്കിലും വാങ്ങുന്നത് എന്നും ഒരു പ്ര ശ്നമാണ്, ആണുങ്ങൾക്കെന്താണ് സമ്മാനം കൊടുക്കുക, ഒരു കീറാമുട്ടി പ്രശ്നമാണിത്. Amul Factory-യിൽ ചെല്ലുമ്പോൾ കുരിയൻ സാറിന്റെ കൈയ്യൊപ്പുള്ള എന്തെങ്കിലും ഒരു memorabilia കിട്ടിയാൽ അപ്പക്ക് കൊണ്ടുകൊടുക്കാം എന്ന് മനസ്സിൽ കുറിച്ചിട്ട് വീണ്ടും ഓരോന്നോർത്തിരുന്നു.
ബോംബെ, ബോളിവുഡ് സിനിമകളുടെ ഈറ്റില്ലം, സിനിമ എന്ന ഒറ്റ വ്യവസായം, താങ്ങിനിർത്തുന്ന എത്രയോ ജന്മങ്ങളാണിവിടെ. ബോംബെ നഗരത്തിൽ നടക്കാത്ത ഇടപാടുകളില്ല. നിഗൂഢതകൾ ഏറെ പതിയിരിക്കുന്ന നഗരം, എന്തെല്ലാമോ കാണണം എന്നുണ്ട് അറിയണം എന്നുണ്ട്. കുറച്ചു കാര്യങ്ങൾ ഞങ്ങൾ പരസ്പരം പറഞ്ഞു ഉറപ്പിച്ചിരുന്നു.
സിനിമയെ കുറിച്ചുള്ള ചിന്ത വീണ്ടും കുരിയൻ സാറിൽ ചെന്ന് നിന്നു; ദൃഢവിശ്വാസമുള്ള; അസാദ്ധ്യമായതെന്തും സാധ്യമാക്കുന്ന സവിശേഷവ്യക്തിത്വം ആയിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ ജീവിത ചരിത്രവും നാൾ വഴികളും വളരെയധികം ആവേശമുണർത്തുന്നതായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കി , സഹകരണ അടിസ്ഥാനത്തിലുള്ള ക്ഷീരവികസന പദ്ധതിയുടെ ആത്മകഥ അഭ്രപാളിയിൽ “Manthan” എന്ന പേരിൽ പകർത്താൻ ശ്യാം ബെനേഗൽ 1976 -ൽ തീരുമാനിച്ചപ്പോൾ പണം ഒരു പ്രശ്നമായി. കഥാകൃത്തിൽ ഒരാൾ കുരിയൻ സർ, കഥയിലെ നായകനായി ചിത്രീകരിച്ചിക്കുന്നത് കുരിയൻ സാറിനെ. ആ ഭാഗം അഭിനയിച്ചത് പ്രശസ്തനായ Girish Karnad.
സമൂഹമാധ്യമങ്ങൾ ഇല്ലാതിരുന്ന കാലത്തു ആയിരകണക്കിന്കർഷകരെ ഒരു കുടകീഴിൽ അണി നിരത്തി, ഓരോരുത്തരും ഈരണ്ടു രൂപ പിരിച്ചു നിർമ്മാതാക്കളായി, സിനിമ ഇറങ്ങിയപ്പോൾ എല്ലാ കർഷകനും അവന്റെ കുടുംബവും സിനിമ കണ്ടു, ഈ സിനിമ ജനസമൂഹം മൂലധനം മുടക്കിയ ലോകത്തിലെ ആദ്യത്തെ സിനിമ ആയി മാറി. വൻ വിജയമായി. ഇന്നിങ്ങനെ ഒരു സംരംഭം ചെയ്താൽ അതിനെ വിളിക്കുന്ന new gen പേരാണ് Crowdfunding.
ഇന്ത്യൻ സിനിമയിലെ പ്രഗത്ഭരായ Girish Karnad, Smitha Patil, Naseeruddhin Shah, Amrish Puri തുടങ്ങി പലരും ജീവിച്ച കല്പനാസൃഷ്ടി ആണീ സിനിമ. ഞാനും അപ്പയും കൂടി തിരുവന്തപുരത്തു പോയി കണ്ട സിനിമ ആണിത്. എന്റെ വീടിന്റെ തൊട്ടപ്പുറത്തെ ഹിന്ദി സാറിന്റെ മലയാളത്തിൽ പഠിപ്പിക്കുന്ന ഹിന്ദി മാത്രമായിരുന്നു ആകെ ബലം, പറഞ്ഞ സംഭാഷണമെല്ലാം മുഴുവനായും മനസ്സിലായില്ല എങ്കിലും ഞാൻ നെഞ്ചിലേറ്റി ആരാധിക്കുന്ന നടിയായ Smita Patil- നെ കണ്ടു കുളിരു കോരി. പൊ ടിപിടിച്ച ഗുജറാത്തിലെ ഗ്രാമപ്രദേശത്തിലൂടെ ചെരുപ്പില്ലാതെ നടക്കുന്ന smitha patil. അവരുടെ മുഖത്തെ ഭാവങ്ങൾ അനുസരിച്ചു, കണങ്കാലുകളിൽ പോലും വികാരങ്ങൾ അലയടിക്കുന്നത് കണ്ടപ്പോൾ ഗ്രാമത്തിന്റെ നൈർമല്യവും, പല വർണ്ണങ്ങളിലുള്ള ചേലകൾക്കുള്ളിലെ വിങ്ങിനിൽകുന്ന വികാരങ്ങളും കാണാനിടയായി.
കാണാത്തവർ കാണണം. കാര്യമുണ്ട്. യാതൊരു സൗകര്യങ്ങളും ഇല്ലാതിരുന്ന സാഹചര്യങ്ങളുടെ ഇടയിലേക്ക്, കടന്നു ചെന്ന മലയാളിയുടെ സമർപ്പണത്തിന്റെ കഥയാണിത്. അദ്ദേഹം താമസിച്ച ഗ്രാമപരിസരവും, അവിടത്തെ മനുഷ്യരുടെയും കന്നുകാലികളുടെയും ജീവിതവും അഭ്രപാളിയിൽ കാണാൻ സാധിക്കും.
അത്രയും നേരം ശബ്ദമുഖരിതമായിരുന്നിടം പെട്ടെന്ന് നിശ്ശബ്ദമായി വാതിൽക്കൽ നിന്നവർ ഒന്നൊതുങ്ങി നിന്നു, ആരെയോ അകത്തോട്ടു കയറ്റി വിടാനായി, ഞാനൊന്നേ നോക്കിയുള്ളൂ ആളിനെ മനസ്സിലായി
നാസറിന്റെ സ്വന്തക്കാരൻ ഇക്ബാൽ, ഒരു കൊച്ചു കുട്ടപ്പൻ, ഞാനെളുപ്പം പുള്ളിക്കാരന്റെ അടുത്തേക്ക് ചെന്നു. ആരോ പുറകിൽ നിന്നു പറയുന്ന കേട്ടു, ഇതിപ്പോ ആരാണപ്പാ ബീനയെ കൂട്ടി കൊണ്ടുപോകാൻ വന്നിരിക്കുന്നെ, അപ്പോൾ ഞങ്ങളുടെ കൂടെ വരുന്നില്ലേ. ഞാൻ ഓട്ടോറിക്ഷ സ്റ്റാർട്ടാക്കുന്ന പോലെ ചീറ്റിയും മുക്കിയും ചിരിച്ചു പോയി, ഇത് എന്നെ മാത്രം കൊണ്ടുപോകാൻ വന്നതല്ല നമ്മളെ എല്ലാവരെയും അമുൽ ഐസ്ക്രീം ഫാക്ടറി കാണിക്കാൻ വന്നതാ, നാസറിന്റെ കസിനാ.
എല്ലാവര്ക്കും സമാധാനമായി, അപ്പോഴേക്കും കടിയും കുടിയുമൊക്കെ കഴിഞ്ഞു നാസറും എത്തി. ജോൺ ചെറിയാൻ സാറെവിടെ, അപ്പോൾ tikku അതായതു ലക്ഷ്മി പറഞ്ഞു; സാറും നമ്പൂതിരി സാറും കൂടി നടക്കാൻ പോയി. ഇപ്പോൾ വരും.
ബോംബയിൽ ഞങ്ങൾ ബസോ ടെംബോയോ ഒന്നും ഏർപ്പാടാക്കിയിരുന്നില്ല. ഇത്രയും ദിവസം സ്കൂൾ കുട്ടികളെ പോലെ വളരെ ആസൂത്രണം ചെയ്ത യാത്രകൾ ആയിരുന്നു, എന്നാൽ വിസ്മയിപ്പിക്കുന്ന ഈ പട്ടണത്തിലെ ജീവിതം കലർപ്പില്ലാതെ അനുഭവിക്കാനുള്ള തീരുമാനം എടുത്തത് ഐകകണ്ഠ്യേന ആയിരുന്നു. പരീക്ഷ പാസായിട്ടു വണ്ടി കയറി ജോലി അന്വേഷിച്ചു വരേണ്ടി വന്നാൽ , എല്ലാം ഒന്ന് പരിചയപ്പെട്ടിരിക്കുന്നതു നല്ലതാണെന്നു തോന്നി.
ഞങ്ങളുടെ മനസ്സിലെ ആഗ്രഹം ഇക്ബാലിനോട് പറഞ്ഞതും പുള്ളിക്കാരനും സന്തോഷമായി, ശരിയാ എല്ലാം ഒന്നനുഭവിച്ചറിയുന്നതു പിൽക്കാലത്തു ഗുണം ചെയ്യും.എന്നാൽ പിന്നെ ഓട്ടോറിക്ഷയിൽ പോകാമെന്നായി
നാട്ടിലെ പോലെ അല്ല, ഇവിടെ എല്ലാം back engine ഓട്ടോയാണ്, പൊടിപ്പും, തൊങ്ങലും, കണ്ണാടിയും, പലനിറത്തിലെ കിന്നരിയും, മാലയും, പാട്ടുമൊക്കെ ഉള്ള ഓട്ടോ, മാത്രമല്ല ഞങ്ങളുടെ ലോഡ്ജിലെ സഹായി പയ്യന്മാരുടെ പ്രത്യേക സ്വാധീനത്തിന്റെ പുറത്തു എണ്ണം നോക്കിയല്ല മറിച്ചു വണ്ണം നോക്കിയാണ് ആള് കയറിയത്.
ഒരു ഓട്ടോ റാലി ആയി ഞങ്ങൾ അമുൽ ഫാക്ടറി ലക്ഷ്യമാക്കി പുറപ്പെട്ടു. ഏറ്റവും മുന്നിലെ ഓട്ടോയിൽ തലയായി ഇക്ബാലും, നാസറും, ജോമിയും, നവാസും, ഏറ്റവും അവസാനത്തെ ഓട്ടോയിൽ വാലായി ഞാനും, ഗിരിജയും, വേണുവും, ഉണ്ണിയും.
ഞങ്ങളുടെ ജോലി കൂടെ ഉള്ളവരെല്ലാം എപ്പോഴും മുന്നിൽ തന്നെയുണ്ടോ എന്ന് ശ്രദ്ധിക്കലാണ്, കൂട്ടം തെറ്റാൻ പാടില്ല. പ്ലാനും പദ്ധതിയുമൊക്കെ കിറുകൃത്യമായിരുന്നു. പക്ഷെ 3 മിനിറ്റ് കഴിഞ്ഞില്ല, അതിനു മുന്നേ ഹിന്ദിക്കാരൻ ഡ്രൈവർ കുത്തിക്കയറ്റി എവിടൊ ക്കെകൂടി വണ്ടി ഓടിക്കാൻ തുടങ്ങി .കൂടെ ഉള്ള ആരെയും ഞങ്ങൾ കണ്ടില്ല. തൊട്ടു തൊട്ടില്ല എന്ന് പറഞ്ഞു പല വണ്ടികളുടെയും ഇടയിലൂടെ ഒരിക്കൽ പോലും brake പിടിക്കാതെ ഓടിയ വണ്ടി അവസാനം നിന്നത് പുള്ളി ഉടുപ്പിട്ട അമുൽ ബേബി എന്ന വാണിജ്യ മുദ്ര. ഉള്ള കെട്ടിടത്തിന്റെ ഗേറ്റിന്റെ മുന്നിൽ.
ഇന്ത്യയുടെ ജീവന്റെ തുടിപ്പായ സാധാരണക്കാരിൽ സാധാരണക്കാരായ കർഷകന്റെ, സഹകരണ അടിസ്ഥാനത്തിലുള്ള പ്രസ്ഥാനത്തിന്റെ മുന്നിൽ.
അഭിമാനത്തോടെ, അഹങ്കാരത്തോടെ, ആഹ്ലാദത്തോടെ ഞാൻ ഞങ്ങളുടെ മയിൽ വാഹനത്തിൽ നിന്നു രാജകീയമായി പുറത്തിറങ്ങി.
അമുൽ കെട്ടിടത്തിന്റെ സ്വീകരണ ഹാളിൽ പ്രമുഖരായ പലരുടെ പടങ്ങളും അവർ പറഞ്ഞ പ്രസിദ്ധമായ വാചകങ്ങളും എഴുതി വെച്ചിരിക്കുന്നു.
അതെ ഒരു മലയാളിയാണ് ഈ നേട്ടത്തിന്റെ പിന്നിൽ, കറതീർന്ന ഇന്ത്യക്കാരൻ, ഭാരതീയൻ. Verghese Kurien
ഓരോ കുഞ്ഞിനും ഓരോ ഗ്ലാസ് പാൽ അതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
താൻ എത്ര നല്ലതാണെന്നുള്ളതിനല്ല പ്രസക്തി, തനിക്കു എത്രമാത്രം നല്ലതാവണം എന്നുള്ളതിലാണ് കാര്യം എന്ന ഉൾവിളി ഉണ്ടായതാവാം എല്ലാത്തിനും മാറ്റമുണ്ടാവാൻ കാരണം.
പടിപടിയായി ഇന്ത്യയുടെ യശസ്സുയർത്താൻ അദ്ദേഹം കർഷകരെ സഹകരിപ്പിച്ചു എന്ന് മാത്രമല്ല അവരാണ് നമ്മുടെ നാടിന്റെ ശക്തി എന്ന് തെളിയിക്കുകയും ചെയ്തു, എല്ലാവരുമായി യോജിച്ചു പ്രവർത്തിക്കുന്ന സമ്പ്രതായം 1940- കളിൽ തുടങ്ങിയതാണ്, ആ പ്രസ്ഥാനത്തിൽ അടിയുറച്ചു വിശ്വസിക്കുക മാത്രമല്ല അതിനു വേണ്ടി വാദിച്ചു, ആർക്കും പൊളിക്കാൻ പറ്റാത്ത സമരമുറകളിലൂടെ, വിജയക്കൊടി പാറിച്ച ധര്മ്മനീതിയും, സത്യസന്ധതയുമുള്ള നേതാവായിരുന്നു ഉരുക്കു മനുഷ്യൻ എന്ന് ഇരട്ടപ്പേരുള്ള സർദാർ പട്ടേൽ, കുരിയൻ സാറിന് താങ്ങായത് അതെ ഉരുക്കു മനുഷ്യന്റെ പിന്തുണയാണ്. താൻ ജനിച്ചു വളർന്ന നാട്ടിൽ നിന്ന് എത്രയോ കാതം അകലെ ദശാബ്ദങ്ങൾ താമസിച്ചു, ഗ്രാമവാസികളുടെ ജീവിത നിലവാരം ഉയർത്തി, അവരെ ശാക്തീകരിച്ച മഹാനാണ് കുര്യൻ സാർ.
ഇന്ന് നാനാ ജാതിമതസ്ഥരെ അടിച്ചു പിരിക്കാൻ ബുദ്ധിമുട്ടുന്നവരുടെ നാട്ടിലാണ് ഒരു മലയാളി ചെന്ന് കൂട്ടി യോജിപ്പിച്ചു ലോകത്തിന്റെ നിറുകയിൽ തൊടുകുറി ചാർത്തിയത്; അമുൽ എന്ന തിലകം ചാർത്തിയത്. നിരാലംബരായ ചൂഷണത്തിന് വിധേരായിരുന്ന സാധാരണ കർഷകരിൽ സ്വാധീനം ചെലുത്തിയ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം ഇന്ത്യക്കു മാത്രമല്ല ലോകത്തിനു തന്നെ മാത്രക ആയി.
ഏതു പ്രതിസന്ധിയും നേരിടാനുള്ള ഊർജ്ജം, അതായിരുന്നു അദ്ദേഹത്തിന്റെ മുതൽക്കൂട്ട്. എത്ര സങ്കീർണ്ണമായ പ്രശ്നങ്ങൾക്കും വളരെ ലളിതവും പ്രായോഗികവുമായ പരിഹാരങ്ങൾ നിർദ്ദേശിക്കയും അത് പ്രവർത്തികമാക്കുകയും ചെയ്യുന്നതിൽ അഗ്രഗണ്യനായിരുന്നു അദ്ദേഹം.
എല്ലാം പിടിച്ചടക്കി ചെറുകിടക്കാരുടെ സ്വപ്നങ്ങൾ നശിപ്പിച്ചു സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കുന്ന ബഹുരാഷ്ട്ര സമുച്ഛയങ്ങളെ കാണുമ്പോൾ അവരെ മാത്രം വളരാൻ അനുവദിക്കുന്ന ഇന്നത്തെ സർക്കാരുകളെ കാണുമ്പോൾ അവർക്കു വളം വെച്ച് കൊടുക്കുന്ന ഉദ്യോഗസ്ഥമേധാവികളെയും വ്യവസ്ഥകളെയും കാണുമ്പോൾ; ഞാൻ എന്റെ നീണ്ട മൂക്കത്തു അറിയാതെ എന്റെ കുഞ്ഞു വിരൽ വെച്ച് പോകുന്നു.
ഈ യാത്ര തുടരുന്നതായിരിക്കും
Leave A Comment