കുട്ടിക്കാലത്തു, എനിക്കറിയാവുന്ന മിക്കവരും പരിസ്ഥിതിയെ പരമാവതി കാത്തു സൂക്ഷിക്കുന്ന, ഒന്നും തന്നെ പാഴാക്കാത്തവർ ആയിരുന്നു . മൂത്തവർ ഉപയോഗിച്ച വസ്ത്രങ്ങൾ, ബുക്കുകൾ ഇളയവർക്കു കൈമാറിയിരുന്നു. ആർക്കും അതൊരു മോശപ്പെട്ട കാര്യമായി തോന്നിയിരുന്നില്ല വലുപ്പച്ചെറുപ്പങ്ങൾ ഉണ്ടായിരുന്നില്ല . കടലാസും, തുണിയും ആഹാരവും എല്ലാം ഇത്രയധികം പാഴാക്കുന്ന, ധൂർത്തടിക്കുന്ന സമ്പ്രതായമൊന്നും അന്നുണ്ടായിരുന്നില്ല.
അമേരിക്കയിൽ പേപ്പറും, ഭക്ഷണവും തുണിത്തരങ്ങളും , തുടങ്ങി തൊടാൻ മോഹമുള്ളതെന്തിനെയും പാഴാക്കി കളയുന്നത് കാണുമ്പോൾ വളരെ അധികം വിഷമം തോന്നാറുണ്ട്. ഭക്ഷണം, എവിടെ പോയി കഴിച്ചാലും ഒരാൾക്ക് കഴിക്കാവുന്നതിന്റെ 4 ഇരട്ടി കാണും, ഇറങ്ങുമ്പോൾ ഒരു ശീലം പോലെ അത് പൊതിഞ്ഞു കെട്ടി, ഡബ്ബകളിലോ, പ്ലാസ്റ്റിക് പാത്രത്തിലോ ആക്കി, വീണ്ടും ഒരു പ്ലാസ്റ്റിക് കവറിൽ കെട്ടി വീട്ടിൽ കൊണ്ടുപോകും, ഫ്രിഡ്ജിൽ വെച്ചിട്ടു പിറ്റേന്ന് ഉപയോഗിക്കാമെന്ന് കരുതും, പക്ഷെ ഒരിക്കലും അതുപയോഗിക്കാൻ തോന്നില്ല, കാരണം അതിന്റെ ഗുണവും, മണവും, ഭാവവും മാറിയിട്ടുണ്ടാകും. എന്നാൽ പിന്നെ വില കുറിച്ചിട്ടു ഒരാൾക്ക് ആവശ്യത്തിനുള്ളത് വിളമ്പിയാൽ പോരെ എന്ന് പലപ്പോഴും തോന്നാറുണ്ട്.
പരിസ്ഥിതിയെ പരിരക്ഷിക്കുന്ന ഉത്തരവാദിത്വത്തിൽ നിന്ന് എത്രയോ കാതം അകലെ ആണ് നാമെല്ലാം എന്ന് ഓർത്തു പോകുന്നു. ആറ്റിൽ കളഞ്ഞാലും അളന്നു കളയണം, അധികമായാൽ അമൃതും വിഷം ഇങ്ങനെ ഉള്ള പഴഞ്ചൊല്ലുകൾ അക്ഷരം പ്രതി പാലിച്ചിരുന്ന കുട്ടികാലം. ഇപ്പോൾ പാഴ്ചിലവിന്റെ പര്യായമായിരിക്കുന്നു നമ്മുടെ സമൂഹം. എവിടെ നോക്കിയാലും ഒന്നുപയോഗിച്ചിട്ടു ദൂരെ കളയുന്ന രീതിയും; ഭൂമിക്കു തീരാ ദുഖമായ പ്ലാസ്റ്റിക്കും. .
Recylce, Reuse മാത്രകയാക്കിയ Nek Chand, Reduce എന്നുള്ള സൂക്തവാക്യം എന്നാണാവോ നമ്മൾ പഠിക്കുക?
റോക്ക് ഗാർഡനിൽ നിന്ന് പുറത്തു വന്നപ്പോൾ എല്ലാവരും ഒന്നടങ്കം ഞങ്ങളുടെ ഗൈഡിനോട് നന്ദി പറഞ്ഞു ,ഇവിടെ വന്നില്ലായിരുന്നുവെങ്കിൽ അതൊരു തീരാ നഷ്ടമായേനെ എന്ന് എല്ലാവരും പരസ്പരം പറഞ്ഞു. ഇനിയുള്ളത് ഒരു നീണ്ട തീവണ്ടി യാത്രയാണ് ഒരു ദിവസത്തിൽ കൂടുതൽ, ഡൽഹി വഴി ബോംബയ്ക്കുള്ള യാത്ര .Chandigarh-ൽ നിന്ന് രാത്രി പുറപ്പെടുന്ന തീവണ്ടി വെളുപ്പിനെ ഡൽഹി എത്തും അവിടെ നിന്ന് വണ്ടി മാറി കയറണം അതിനുള്ള 2 മണിക്കൂറോളം സമയം ഇട്ടാണ് ടിക്കറ്റ് എടുത്തിരുന്നത്. ട്രെയിനിൽ കയറുന്നതും ഒറ്റ ഉറക്കം ഇതായിരുന്നു ഉദ്ദേശം.
ഇനി ബോംബെ- യിൽ ചെന്നിട്ടെ എന്തെങ്കിലും വാങ്ങുന്നുള്ളൂ എന്ന് നേരത്തെ തീരുമാനിച്ചിരുന്നതിനാൽ , Chandigarh പട്ടണത്തിലെ കടകളിൽ വെറുതെ കയറി ഇറങ്ങിയതല്ലാതെ ആരും ഒന്നും വാങ്ങിയില്ല, നല്ല വിശപ്പുള്ളതു കൊണ്ട് എത്രയും പെട്ടെന്ന് എന്തെങ്കിലും കഴിക്കാമെന്നായി എല്ലാവരും.
ഭക്ഷണം കഴിച്ചു ഹോട്ടലിൽ ചെന്ന് പെട്ടിയെടുത്തു, എല്ലാവരും സ്റ്റേഷനിലേക്ക് പോകാൻ തയ്യാറായി. 8 മണിയോടെ സ്റ്റേഷനിലെത്തി കാത്തിരിപ്പായി. ട്രെയിൻ വന്നതും, എണ്ണമെടുക്കുന്നവരും, സുരക്ഷിതത്വം നോക്കുന്നവരും വളരെ ജാഗ്രതയോടെ പെട്ടിയെല്ലാം കംപാർട്മെന്റിന്റെ അകത്തു കയറ്റി, എല്ലാവരും അകത്തു കയറി ഓരോരോ ബർത്തിലായി സ്ഥാനം പിടിച്ചു. ഒന്ന് കുലുങ്ങി, ഞരങ്ങി പിന്നെ വേഗത കൂടി പുറപ്പെട്ട തീവണ്ടിക്കൊപ്പം ഞങ്ങളുടെ മനസ്സും അടുത്ത ലക്ഷ്യത്തിലേക്കു സഞ്ചരിക്കാൻ തുടങ്ങി.
ചീട്ടുകളി സംഘത്തിന്റെ ആവശ്യം മാനിച്ചു അവസാനത്തെ ബേയിലുള്ള ബർത്തുകൾ നിവർത്തി ഇടേണ്ട എന്ന് തീരുമാനിച്ചു.
സാധാരണ, നാട്ടിൽവെച്ച് ട്രെയിനിൽ കയറിയാലുടനെ തന്നെ എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും നോക്കി ഒന്ന് പുഞ്ചിരിക്കും, അപ്പോൾ തന്നെ എന്തെങ്കിലും കുശലം പറയും, പത്രവാർത്ത, സിനിമ തുടങ്ങിയ പൊതുസ്വഭാവമുള്ള വാർത്തകൾ ചർച്ച ചെയ്യും, പെട്ടെന്ന് സുഹൃത്തുക്കളാകും.യാത്രയുടെ അവസാനം കൈ വീശി പോകയും ചെയ്യും, ഞങ്ങളുടെ യാത്രയിൽ കഴിവതും പുറത്തു നിന്നുള്ള ആരെയും ഞങളുടെ ബോഗിയിൽ കയറ്റാതിരിക്കാനുള്ള തത്രപ്പാടായിരുന്നു. ആന്ധ്ര വിട്ടു കഴിഞ്ഞാൽ വടക്കോട്ടുള്ള യാത്രയിൽ ഇത് മിക്കപ്പോഴും ഒരു നടക്കാത്ത സ്വപ്നമായിരുന്നു.
കോളേജിൽ നിന്നുള്ള വിനോദ യാത്രകൾ സ്ഥലങ്ങൾ കാണാനും, പഠിക്കാനും മാത്രമല്ല, ഇണങ്ങിയും പിണങ്ങിയും സഹകരിച്ചും സഹായിച്ചും കുറെ ദിവസം ഒരുമിച്ചു കഴിയാനുള്ളതാണ്. യാത്ര പോകുമ്പോഴാണ് നമ്മൾ കൂടുതൽ അടുക്കുന്നത്. പല ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനും, പുറം ലോകത്തെ ചട്ടവട്ടങ്ങൾ അനുഭവിച്ചറിയാനുമുള്ള അവസരങ്ങൾ ലഭിക്കുന്നത് ആരും കളയാറില്ല.
അതിന്റെ ഇടയ്ക്കു ചില പ്രേമങ്ങൾ പൂക്കും, ഒറ്റ വഴിയേ സഞ്ചരിച്ച പ്രേമങ്ങൾ കായ്ക്കും.
മറ്റു ചിലർ മോഹിച്ച പെണ്ണിനെ വേറെ ഡിപ്പാർട്മെന്റിലെ വില്ലന്മാർ കറക്കിയെടുത്തെന്നും, കൈവിട്ടു പോയെന്നുമുള്ള വാർത്ത അറിഞ്ഞ വേവലാതി കാരണം ഉറങ്ങാനും, ഉണ്ണാനും വയ്യാതെ വെരുകിനെ പോലെ കറങ്ങി നടക്കാൻ തുടങ്ങും; ക്ഷീണം മാറിയതും ഇനിയുള്ള പൂച്ചകളെ മണികെട്ടാൻ അര കൈ നോക്കാം എന്ന് പറഞ്ഞു. സമയം കളയാതെ അടുത്ത പരിപാടി തുടങ്ങും.
ഇതെല്ലം കണ്ടു മനസ്സിൽ ചിരിയുമായി ഒന്നുമറിയാത്ത പോലെ പാവം നമ്പൂതിരി സാർ ഇരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്തതൊക്കെ സംഭവിച്ചു; മിണ്ടാപൂച്ചകൾ കലമിട്ടുടച്ചു, ഇടവഴിയിലെ പൂച്ച കൾ മിണ്ടാപ്പൂച്ചകൾ ആയി.
രാഷ്ട്രീയവും പാർട്ടിയും ഇല്ലെങ്കിലും സിദ്ധാന്തങ്ങളുടെയും, ചില കൂട്ടുകെട്ടിന്റെയും പേരിൽ പല ഗ്രൂപ്പുകളായി പോരാടിയ ഉശിരുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ ഉള്ള യാത്ര ആയിരുന്നു ഞങ്ങളുടേത്, Chadigarh-ൽ നിന്ന് തീവണ്ടി കയറിയപ്പോൾ എതിരെ നിന്ന് മത്സരിച്ചവരും, ക്ലാസ്സ്മുറികളിൽ കയറി ഇറങ്ങി വോട്ടു പിടിച്ചവരുമെല്ലാം കുഴഞ്ഞു മറിഞ്ഞു ചക്കപ്പുഴുക്ക് പോലെ വേർപിരിയാൻ പറ്റാത്ത ബന്ധങ്ങളായി.
കുറച്ചു മാസങ്ങൾ കഴിയുമ്പോൾ, ഒറ്റയ്ക്ക് ജീവിതത്തെ നേരിടേണ്ടവരാണ്. ചിലർ നാട്ടിലോ, പുറംരാജ്യങ്ങളിലേക്കോ ജോലിയായി പോകും, ചിലർ ഉപരിപഠനത്തിനായി പോകും, ചിലരുടെ വിവാഹം നടക്കും, കുറച്ചു പേര് തനിയെ എന്തെങ്കിലും ബിസിനസ് തുടങ്ങാൻ തയ്യാറാവും, മറ്റു ചിലർ കുറച്ചു നാൾ വിശ്രമിക്കാമെന്നു തീരുമാനിക്കും. ഇങ്ങനെയൊക്കെ ആവും ഞങ്ങളുടെ ഒക്കെ ഭാവി എന്നറിയാം. ഉള്ള സമയംപാഴാക്കാതെ ഓരോ നിമിഷവും ഉല്ലാസകരമാക്കാൻ എല്ലാവരും പ്രതിജ്ഞാബദ്ധരായിരുന്നു.
ഒന്നുരണ്ടു മണിക്കൂർ ഉറങ്ങാമെന്നു തീരുമാനിച്ചു കിടന്നതോർമ്മയുണ്ട്, കണ്ണടച്ച് തുറക്കുന്നതിനു മുന്നേ ഡൽഹി എത്തി, ഞങ്ങൾ സാധനങ്ങളുമായി പുറത്തിറങ്ങി. പ്ലാറ്റഫോമിന്റെ സൈഡിലുള്ള റെയിൽവേ ഉദ്യോഗസ്ഥന്റെ മുറിയിൽ ചെന്ന് ഗ്രൂപ്പ് റിസർവേഷൻ കത്ത് കാണിച്ചു, അവർ അപ്പോൾ തന്നെ ഞങ്ങൾക്കു പോകാനുള്ള ട്രെയിൻ വരുന്ന പ്ലാറ്റഫോമിന്റെ നമ്പർ തന്നു. ഞങ്ങൾക്ക് വേണ്ടി മാറ്റിവെച്ചിരിക്കുന്ന ബോഗിയുടെ നമ്പറും അത് വന്നു നിക്കുന്ന സ്ഥാനവും പറഞ്ഞു തന്നു, പ്ലാറ്റഫോമിൽ ഓരോ ബോഗിയും വന്നു നില്കാനൊരിടം ഉണ്ട് അതിനൊരു പേരോ നമ്പറോ കാണും, ഇങ്ങനെ ആവുമ്പോൾ തെക്കോട്ടും വടക്കോട്ടും കിടന്നോടേണ്ട കാര്യമില്ല. പടി കയറി പാളങ്ങളുടെ മുകളിലൂടെ നടന്നു മറ്റൊരു പാളത്തിന്റെ അരികത്തൂടെ താഴേക്കിറങ്ങി.
KK എക്സ്പ്രസ്സ് -ൽ വന്നു ഇറങ്ങിയപ്പോൾ ചുറ്റുപാടും നോക്കാതെ നേരെ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങാനുള്ള ധൃതി ആയിരുന്നു.
ഇന്നിപ്പോൾ Bombay-ക്കുള്ള തീവണ്ടിയിൽ കയറുന്നതുവരെ ചുറ്റുമുള്ള കാഴ്ചകൾ കണ്ടേ മതിയാവൂ. കൊല്ലം സ്റ്റേഷനിലെ പോലെ തന്നെ ഡൽഹിയിലും ഉണ്ടായിരുന്നു Meter guage-0 Broad guage-o.
എയർബാഗുകൾ ഒരുമിച്ചു വെച്ചിട്ടു ട്രങ്ക് പെട്ടികൾ ചുറ്റും വെച്ച് ഒരു സുരക്ഷാവലയം തീർത്തു, എന്നിട്ടു കുറച്ചു പേര് പെട്ടിയുടെ പുറത്തു കയറി ഇരുപ്പായി.കുറച്ചു പേര് ദൂരെ മാറി നിന്ന് സിഗരറ്റ് കത്തിച്ചു, ഇനിയെന്ത് എന്നാലോചിക്കാൻ തുടങ്ങി, പല്ലുതേച്ചു മുഖം കഴുകാനായി, ബ്രുഷും പേസ്റ്റും, ഒരു കുപ്പിയും കൈയ്യിലെടുത് ടാപ്പ് തപ്പി ഞാനും വിജയശ്രീയും കൂടി പതുക്കെ പ്ലാറ്റഫോമിലൂടെ നടന്നു തുടങ്ങി, കുറച്ചു മുന്നോട്ടു നടന്നപ്പോൾ കടും നീലയുടുപ്പും കാക്കി നിക്കറും ഇട്ട ഒരു പോർട്ടറെ കണ്ടു, ഞങ്ങൾ മുറിഹിന്ദിയിൽ ചോദിച്ചു പാനി, പുള്ളിക്കാരൻ തൂണുകൾക്കിടയിലുള്ള ഒരു ടാപ്പ് കാണിച്ചു തന്നു, പ്ലാറ്റഫോമിന്റെ സൈഡിലായി, ഞങ്ങൾക്ക് സന്തോഷമായി, അതിരാവിലെ ഉമിക്കരിയും, ഈർക്കിലുമായി മുറ്റത്തു ഉലാത്തി പല്ലു തേക്കുന്ന പോലെ ഇന്ത്യയുടെ തലസ്ഥാനത്തെ പ്രഗല്ഭമായ Railway Station-ൽ നിന്ന് വെളുപ്പിനെ പല്ലു തേച്ചു, ഒഴിഞ്ഞു കിടന്ന റെയിൽ പാളത്തിലോട്ടു മുഖം കഴുകി, ഇതൊരു സുന്ദരമായ അനുഭവമായിരുന്നു. തിരികെ വന്ന് പെട്ടിക്കു കാവലിരിക്കുന്നവരുമായി പൈപ് കാട്ടികൊടുക്കാനായി മടങ്ങി. ഇങ്ങനെ എല്ലാവരും കൂട്ടം കൂട്ടമായി മുഖം കഴുകി തിരിച്ചെത്തി.
തിരികെ നടന്നപ്പോൾ അടുത്ത പാളത്തിലൂടെ ഒരു ചരക്കു വണ്ടി സാവധാനം വന്നു നിന്ന്. ഏറ്റവും പുറകിലെ ബോഗിയുടെ പിന്നിലെ ഗുണനചിഹ്നം കണ്ടപ്പോൾ ഞാൻ ചോദിച്ചു എന്താണീ ചിഹ്നം കൊണ്ടുദ്ദേശ്ശിക്കുന്നതു എന്നറിയാമോ.ഉടനെ തന്നെ ഉണ്ണി മറുപടി പറഞ്ഞു ഇവൻ ഈ ബോഗി ഇവനെന്തോ റോങ്ങ് ആയിട്ട് ചെയ്തിരിക്കുന്നു അതുകൊണ്ടാണിങ്ങനെ!!!!
അപ്പൻ പോലീസിലെ കൂടിയ ഉദ്യോഗസ്ഥനാണ് എല്ലാം റോങ് ആയിട്ടേ തോന്നൂ. കൂടുതൽ സങ്കൽപ്പിക്കാൻ അവസരം കൊടുക്കാതെ samichayan പറഞ്ഞു തന്ന കാര്യം ഞാൻ പറഞ്ഞു. എല്ലാ തീവണ്ടിയുടെയും അവസാനത്തെ ബോഗിയിൽ ഇങ്ങനെ ഒരു ഗുണനചിഹ്നം ഉണ്ടാവും ഒരു ചുവന്ന വിളക്കും ഉണ്ടാകും, ഗുണന ചിഹ്നം ഇല്ലാതെ ഒരു തീവണ്ടി കണ്ടാൽ തീർച്ചയായും പ്രശ്നം ഉണ്ടെന്നുള്ളതാണ് കാര്യം, ഉടനെ അത് അധികൃതരെ അറിയിക്കണം. ബോഗികൾ എവിടെയോ വിട്ടു പോയിരിക്കുന്നു, ഇത് വളരെയധികം അപകടകരമായ കാര്യമാണ്, Railway- യിലെ lineman പ്രത്യേകമായി ഗൗനിക്കുന്ന ഒരു വസ്തുതയാണിത്.
അപ്പോഴേക്കും പ്ലാറ്റഫോമിലുള്ള ഒരു ചെറിയ കട തുറന്നു, ചൂട് ചായയും പാവ് ഭാജിയും, ബ്രഡ് ഓംലറ്റും. എന്നാൽ പിന്നെ ഭക്ഷണം കഴിക്കാമെന്നായി, പെട്ടിയുടെ അടുത്തെപ്പോഴും അത്യാവശ്യം ആള് നിന്നിട്ടു ഞങ്ങൾ മാറി മാറി ആഹാരം കഴിച്ചപ്പോഴേക്കും ബോംബെ ട്രെയിനിന്റെ പേര് മൈക്കിലൂടെ വിളിച്ചു പറയുന്നത് കേട്ടു. പിന്നെ ആരും താമസിച്ചില്ല പെട്ടികളുടെ അടുത്തെത്തി അവരവരുടെ പെട്ടിയിൽ കൈവെച്ചു, പ്ലാറ്റഫോമിലേക്കു ഒഴുകി വന്ന തീവണ്ടിയിൽ കയറാൻ തയ്യാറായി.
ഈ യാത്ര തുടരുന്നതായിരിക്കും
Leave A Comment