ഒരു രാത്രി വരക്കാനുള്ള മഷി തീർന്നു
അപ്പോൾ കുട്ടിയോട് മുതിർന്നവർ പറഞ്ഞു
കാശൊന്നും ഒത്തില്ല നീ ഇന്ന് പെന്സില് കൊണ്ട് വര
അപ്പോൾ കുട്ടി ചോദിച്ചു എങ്ങനെയാ നിങ്ങൾ കാശൊപ്പിക്കുന്നെ
2 ചേരിക്കാരും അവരവരുടെ കേന്ദ്രങ്ങളിൽ പ്രചരണ പദ്ധതികളും തന്ത്രങ്ങളും മെനഞ്ഞു കൊണ്ടിരുന്നു. സ്ഥാനാർത്ഥികളെ തീരുമാനിച്ചു കഴിഞ്ഞാൽ പിന്നെ കൺവീനറുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വം സാമ്പത്തിക സ്രോതസ്സ് ഏർപ്പാടാക്കുക, അതിനുള്ള വഴികൾ കണ്ടു പിടിക്കുക എന്നതാണ്.
ആരെയെങ്കിലും കറക്കി നാല് കാശുണ്ടാക്കാൻ ഏതറ്റം വരെ പോകാനും എന്ത് ചെയ്യാനും യാതൊരു ലജ്ജയുമില്ലാത്ത പ്രായം.
ലജ്ജ, മനഃസ്സാക്ഷി, സങ്കോചം, ഭയം, ഇങ്ങനെ തൊട്ടറിയാൻ പറ്റാത്ത ഒരു വികാരത്തിലും വലിയ വിശ്വാസം ഉണ്ടായിരുന്നില്ല
എന്നാൽ വിശപ്പ്, ദാഹം, പ്രേമം, ചുറ്റിക്കളി, മടി, ചതിയിൽ വഞ്ചന, മറ്റുള്ളവരുടെ പറമ്പിൽ വിളയുന്നവ എന്തായാലും അത് മൂടോടെ അല്ലെങ്കിൽ, കുലയോടെ പറിക്കുക , ഗുണ്ടായിസം ഇതിനൊന്നും ഒരു കുറവും ഉണ്ടായില്ല.
അന്നൊക്കെ വീട്ടിൽ നിന്ന് എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്ന കാശേ ഉള്ളൂ. അതുകൊണ്ടു മെസ്സിലെ ഫീസ് അടക്കണം. പിന്നെ നിർത്താത്ത വിശപ്പ് മാറ്റാൻ മാറി, മാറി, പറ്റിയും, ഒറ്റിയും, ചുരണ്ടിയും, മാന്തിയുമൊക്കെ പുറത്തു നിന്ന് ക ഴിച്ചതിന്റെ കടം വീട്ടണം..
എത്ര സങ്കീർണമായ സാഹചര്യത്തിലും പുതുമയുള്ള ആശയങ്ങൾ നിരന്തരമായി ആലോചിച്ചാലോചിച്ചു പുതിയ വഴികൾ കണ്ടുപിടിക്കുക കുറച്ചു പേരുടെ സ്ഥിരം ജോലി ആയിരുന്നു. എല്ലാ വർഷവും പുതിയ നമ്പറുകൾ വേണം, ഒരു തവണ പോലും അതൊന്നും ആവർത്തിക്കാൻ പാടില്ല. സത്യത്തിൽ അതായിരുന്നു ഞങ്ങളുടെ മുതൽക്കൂട്ട്. എന്നും പുത്തൻ പദ്ധതികൾ.
ഒരു ദിവസം നാല് കാശില്ലാതെ എല്ലാവരും വലഞ്ഞു, പറ്റുന്നിടത്തെല്ലാം പോയി ചോദിച്ചു. ഒരു രക്ഷയുമില്ല, അന്ന് ക്ളാസ് പരീക്ഷയുടെ മാർക്ക് ലിസ്റ്റ് കിട്ടി, സാധാരണ പേരും നാളുമൊക്കെ മുകളിൽ എഴുതിയിട്ടുണ്ടാവും, അതിന്റെ അടിയിലായി എല്ലാ വിഷയങ്ങളുടെയും പേരെഴുതിയിട്ട അടുത്ത കോളത്തിൽ മാർക്കും . തനിക്കു കിട്ടിയ മാർക്കുകൾ, എല്ലാം ഇരുപതിൽ താഴെ മൊത്തം ഏതാണ്ട് 120. ക്ലാസ്സിലെ നല്ല മാർക് വാങ്ങിയ ബോബന്റെ മാർക്ക് ഷീറ്റ് എടുത്തു എല്ലാത്തിനും മുന്തിയ മാർക്, മൊത്തം മാർക്കാണേൽ 400-ൽ കൂടുതൽ. രണ്ടും കൂടി എടുത്തിട്ട് വീട്ടിൽ കൊണ്ടുപോയി, ‘
അമ്മ അടുക്കളയിലൊട്ടു പോയി, മീൻ വെട്ടാൻ തുടങ്ങിയതും, സാമർത്യക്കാരൻ മോൻ അടുത്തോട്ടു ചെന്ന് തൻ കൈവരിച്ച വീര ശൂര നേട്ടം അവതരിപ്പിച്ചു,
‘അമ്മാ നോക്കൂ, Fluid Mechanics – ന് , എനിക്ക് അടക്കേണ്ടത് 17 രൂപ; കഴിഞ്ഞ ഓണത്തിനിവിടെ വന്ന ബോബനില്ലേ വലിയ പഠിത്തക്കാരൻ, അവനു അടക്കേണ്ടത് 55, Mechanics of Machines എനിക്ക് അടക്കേണ്ടത് 15, അവനു അടക്കേണ്ടത് 75
പാവം ‘അമ്മ, എന്തൊരു മിടിക്കൻ മോൻ, ‘അമ്മ ശ്രദ്ധിച്ചത് മുകളിലുള്ള പേരിലും അക്കങ്ങളിലും,
ഇതിവിടെ ഇരിക്കട്ടെ അച്ഛൻ വരുമ്പോൾ കാണിക്കാം അച്ഛന് എന്തൊരു സന്തോഷവും അഭിമാനവും ആയിരിക്കും നിന്നെ ഓർത്തു. അമ്മയുടെ കൈയ്യിലാണേൽ മീനാ , നീ ആ കടലാസ്സും കൊണ്ട് ഇച്ചിരി മാറി നില്ല് അച്ഛൻ വന്നെടുക്കുമ്പോ മീൻ നാറും ,
അത് ‘അമ്മ ഞാൻ അടുത്ത തവണ ഇതിലും കുറവുള്ള ഒരെണ്ണം കൊണ്ടുവരാം, അപ്പൊ അച്ചന് വലിയ സന്തോഷം വരും, ഇത് തിരിച്ചു കൊണ്ടുപോയിട്ട് വേണം കാശ് അടക്കാൻ.
ഇങ്ങനെ ഓരോന്നിന്റെയും കണക്കു പറഞ്ഞു, അച്ഛൻ വരുന്നതിനു മുന്നേ മേശ വലിപ്പിൽ നിന്ന് 120 രൂപയുമായി മുങ്ങി.
കരിക്കോട്ടു ബസ് ഇറങ്ങിയ ഉടനെ തന്നെ പ്രതിഭ ബേക്കറി, ഉണ്ണിയപ്പ കട, കൊച്ചാപ്പി ഇവരുടെയെല്ലാം കണക്കു തീർത്തു,
കൊച്ചാപ്പിക്കു, കുട്ടികളുടെ കടം, ജീവിതകാലം മുഴുവൻ താങ്ങാൻ ഒരു സിദ്ധാന്തം ഉണ്ടായിരുന്നു. മാസത്തിന്റെ ആദ്യത്തെ 10 ദിവസം മുന്തിയ ഇനം വിൽസ് വിൽക്കും
പനാമ ചാർമിനാർ തുടങ്ങിയവ മാസത്തിന്റെ മുക്കാൽ സമയവും കാണും, പക്ഷെ കാജാ, ദിനേശ് ഇനത്തിൽ പെട്ടവ ഏതു പാതിരാത്രിക്കും കാണും.
പുറത്തേക്കു തള്ളി വിടുന്നത് പുക ആണെങ്കിലും , ചിന്തയുടെ തീവ്രത കൂടുകയും കൈയ്യിലുള്ള കാശ് കുറയുകയും ചെയ്യുന്നതു അനുസരിച്ചു വലിക്കുന്നതിന്റെ വലിപ്പം കുറഞ്ഞുകൊണ്ടേയിരിക്കും.
എല്ലാവരും കൊച്ചാപ്പിയുടെ കടയിൽ പറ്റി പറ്റി, പാവം കൊച്ചാപ്പി ബോഞ്ചിയും പഴവും, തൂങ്ങി കിടക്കുന്ന വള്ളികയറിന്റെ അറ്റത്തെ നെരുപ്പും, അത് കൊളുത്താനുള്ള, വെറും രണ്ടു വിരലുകൾക്കിടയിൽ ഒതുങ്ങുന്ന. മോഹങ്ങളും മോഹഭംഗങ്ങളും
വേറെ എവിടെ എങ്കിലും ആയിരുന്നെങ്കിൽ, ഇത്രയും ആൾകാർ ദിവസേനെ വന്നു ഇടപാട് നടത്തുന്ന ഇടത്തു, ഇപ്പോൾ വലിയ മാൾ വന്നേനെ, കൊച്ചാപ്പി എന്നും ഒരേ പ്രായം, കൊച്ചാപ്പിയുടെ മനസ്സെന്നും ആ കൊച്ചു ശരീരത്തിൽ തുള്ളി തുള്ളി കളിച്ചു കൊണ്ടേയിരുന്നു, കൊച്ചാപ്പിയുടെ കണ്ണിന്റെ മുന്നിൽ വളർന്നു വലുതായ ശിഖരങ്ങളാണ് അന്നവിടെ കുറ്റിയടിച്ചു നിന്നവരെല്ലാം..
കൊച്ചാപ്പി എനിക്കൊരു വിൽസ് തരുമോ ? ഒരെണ്ണം ഒരു വിൽസിന്റെ പാക്കറ്റിൽ ഇട്ടു തരുമോ ?
കൊച്ചാപ്പി കൊടുത്തു, കടം തീർത്തതല്ലേ, ഒരെണ്ണം വലിക്കട്ടെ, അതിന്റെ സുഖം ഒന്നറിയട്ടെ,
എന്നും ദിനേശ് ബീഡി വലിക്കണ്ടവന്റെ പിരിമുറുക്കങ്ങളും, ക്ലേശങ്ങളും എന്താണെന്നു മറ്റുള്ളവർക് അറിയില്ലല്ലോ
അടുത്ത മാസവും കടം കിട്ടാനുള്ള വിശ്വാസം ഉറപ്പിച്ചു. നേരെ ഹോസ്റ്റലിലേക്ക് ഓടി
എല്ലാവരുടെയും മുന്നിൽ ചെന്നിട്ടു വേണം ഇതൊന്നു പുറത്തെടുക്കാൻ
ഹോസ്റ്റലിൽ ചെന്നപ്പോ എല്ലാവരും വലിയ ആഘോഷത്തിൽ ബെൻസിനെയും നവാസിനെയും പൊക്കി എടുക്കുന്നു, ആരോ പറഞ്ഞു ലോട്ടറി അടിച്ചെടാ, നമ്മൾ പുറത്തു പോകുന്നു ചിന്നക്കടയിൽ അടിച്ചു പൊളിക്കാൻ.
മാറി നിന്ന് ഇതെല്ലം കണ്ടു സന്തോഷിക്കുന്ന ഹനീഫയോട് ചോദിച്ചു; എന്താ ഉണ്ടായേ?
അതോ അത് , നവാസിനോട് ആരോ പറഞ്ഞു കൊല്ലത്തെ ഒരു പേരുകേട്ട മുതലാളിയുടെ ആപ്പീസിൽ ചെന്ന്, എഞ്ചിനീറിങ്ങ് കോളേജിലെ വിദ്യാർത്ഥികൾ ചെയ്യാൻ ഏറ്റെടുക്കുന്ന ഏതെങ്കിലും ഒരു പദ്ധതിയെ പറ്റി അവതരിപ്പിച്ചാൽ പുള്ളിക്കാരൻ സംഭാവന കൊടുക്കുമെന്ന്,
നവാസ്, ഉടനെ തന്നെ പടച്ചോന്റെ കത്തിയുടെ തിരക്കഥയുമായി, മുതലാളിയുടെ അടുത്തേക്ക് വിട്ടു എന്തെങ്കിലും ചോദിച്ചാൽ ഉത്തരവാദിത്വമായി ഉത്തരം പറയാനും, ഇടിച്ചും, പിടിച്ചും, നിൽക്കാനും ഒരു മുതിർന്ന വിദ്യാർത്ഥിയെയും കൂട്ടി. നാടകത്തിന്റെ ആവശ്യത്തിന് കുറച്ചു കാശ് അത്യാവശ്യമായി വേണം, ആമിനയുടെ കുപ്പായം, പിന്നെ ഇറച്ചിവെട്ടുകാരൻ വാപ്പയുടെ ഇറച്ചി പിന്നെ അല്ലറ ചില്ലറ കടമുള്ളതു വീട്ടുകയും ചെയ്യാം, ബാക്കി ഉള്ളത് ലിബറേഷൻ 80- യുടെ ഇലക്ഷൻ ചിലവിനും. അപ്പൊ മുതിർന്ന വിദ്യാർത്ഥി പറഞ്ഞു എന്തായാലും ചോദിക്കുമ്പോ ഇച്ചിരി വെയിറ്റ് ഇട്ടു ഒരു ആയിരം ചോദിക്കാമെന്ന്.
നവാസിന്റെ ജീവാത്മാവും പരമാത്മാവും നാടകം ആണ് ഇതിലും വലിയ എന്ത് പദ്ധതി ഉണ്ടാവാനാ. , എഞ്ചിനീറിങ്ങ് കോളേജില്? കൂടുതലൊന്നും ആലോചിച്ചില്ല, തല പുണ്ണാക്കിയുമില്ല
മുതലാളിയുടെ ആപ്പീസിൽ ചെന്നപ്പോ അവിടെ ഒരു കമ്പത്തിനുള്ള ആളുണ്ട്, അവിടെ നിന്ന ഒരു നടത്തിപ്പുകാരൻ ബെൻസ് കാറിൽ വന്ന രണ്ടു നല്ല ചെത്ത് ആൺ പിള്ളേരെ കണ്ടതും ഓടി അടുത്തോട്ടു വന്നു, പുള്ളിക്കാരൻ ചോദിക്കുന്നതിനു മുന്നേ നവാസ് പറഞ്ഞു, എഞ്ചിനീയറിംഗ് കോളേജ് നിന്ന് വന്നതാണ്
അപ്പൊ തന്നെ അകത്തോട്ടു കയറി ചെല്ലാൻ പറഞ്ഞു; മുതലാളി മുറിയിലേക്ക് ക്ഷണിച്ചു,
എന്താണ് പ്രൊജക്റ്റ് എന്ന് ചോദിച്ചതും നവാസ് പറഞ്ഞു അത് പടച്ചോന്റെ കത്തി ആണ്, അദ്ദേഹം ഒന്ന് കൂടി എടുത്തു ചോദിച്ചു
ഇതപ്പോൾ നിങ്ങളുടെ എഞ്ചിനീയറിംഗ് പ്രോജക്ടിന് – ഓപ്പറേഷൻ ഗരുഡ എന്നൊക്കെ പറയുന്ന പോലത്തെ പേരാണോ മിടുക്കൻ
പടച്ചോനെ തന്നെ പിടിച്ചല്ലോ ,നല്ലതു ദൈവവിചാരമുള്ള കുട്ടികൾ
എന്ന് പറഞ്ഞു കൂടുതലൊന്നും ചോദിച്ചില്ല, പുള്ളി മേശപ്പുറത്തിരുന്ന ബെൽ ഒന്നമർത്തി, ഒരു പ്രായമായ ആൾ വന്നു, ഈ കുട്ടികൾക്ക് വേണ്ടുന്ന കാശ് കൊടുത്തേര്, അവര് നമ്മുടെ പേര് ഇവരുടെ വലിയ പദ്ധതിയുടെ കൂടെ ചേർക്കും
പോയ രണ്ടാളും പരസ്പരം ഒന്നേ നോക്കിയുള്ളൂ നേരെ അടുത്ത മുറിയിലെ കഷണ്ടിക്കാരൻ കണക്കപിള്ളയുടെ കൈയ്യീന്ന് 1000 രൂപയും വാങ്ങി ശ്വാസം വിടാതെ ഇറങ്ങി
നേരെ ബെൻസ് കാറിൽ ഹോസ്റ്റലിലേക്ക് വിട്ടു കടം വാങ്ങിയവരുടെ കാശെല്ലാം തിരികെ കൊടുക്കാൻ തുടങ്ങിയപ്പോഴേക്കും ലോട്ടറി അടിച്ച കാര്യം പാട്ടായി.
അത്രയും കേട്ടതും വിൽസിന്റെ പാക്കറ്റ് ഷർട്ടിന്റെ അകത്തോട്ടു ഇട്ടിട്ടു ഓടി ചെന്ന് നവാസിന്റെ കൂടെ ചിന്നക്കടക്ക് പോകാൻ
അന്ന് എല്ലാവരും ടാക്സി പിടിച്ചാണ് ചിന്നക്കടയിൽ പോയത്, കാർത്തികയിലെ ഫ്രൈഡ് റൈസും അതുമിതുമെല്ലാം കഴിച്ചു, പോയവന്മാരെല്ലാം കൂടി അവിടെ ഇരുന്ന കിസാൻ തക്കാളി സോസ് മുഴുവനായി കമഴ്ത്തി തൂത്തു വാരി കഴിച്ചു, വെറുതെ മേശപുറത്തിരുന്നതല്ലേ ഓർഡർ ചെയ്തതല്ലല്ലോ. ബില്ല് വന്നപ്പോൾ അതിനും കൂടി ചേർത്ത് കാശെണ്ണി കൊടുക്കേണ്ടി വന്നു.. ചമ്മി പോയി.
അവസാനം നവാസ് കിട്ടിയതിന്റെ ഇരട്ടി കടക്കാരനായി, പിന്നെയും കൊച്ചാപ്പി തന്നെ ശരണം
Leave A Comment