അവറാന്റെ പുന്നാര പെങ്ങൾ ദുബൈയിൽ നിന്ന് രണ്ടു T Shirt കൊണ്ടുവന്നു, പളപളാന്നു തിളങ്ങുന്ന, നീല നിറത്തില് പ്ലാസ്റ്റിക് പോലെ തെന്നുന്ന, നെഞ്ചത്ത് അഡിഡാസ് എന്ന് എഴുതിയത്.2 T shirt.
സമാന്തരമായ വരകൾ ഉള്ള ലോഗോ. നമ്മുടെ കോളേജ് ബസിന്റെ പോലെ വരകൾ, കുതിക്കുന്ന വരകൾ , ഒരു ലോഗോയുടെ പിന്നിലുള്ള പ്രേരണ എന്താണെന്നു അപ്പോഴാണ് മനസ്സിലായത്.
അവറാൻ അതിലൊരെണ്ണം പ്രിയ സുഹൃത്ത് ബോബൻ വി ജോർജിന് കൊടുത്തു, അത് കിട്ടിയ നാള് മുതൽ ബോബൻ കാത്തിരിക്കുകയായിരുന്നു, കമ്പത്തിനു നാട്ടിൽ പോകുമ്പോൾ ഈ T Shirt ഇട്ടൊന്നു വിലസണം.
മലനട അമ്പലത്തിന്റെ അടുത്ത് വയലിന്റെ പടിഞ്ഞാറ്റെ വീട്ടിലെ മിനിയോടും , തന്റെ വീടിന്റെ കിഴക്കുള്ള ജാൻസിയോടും TKM കോളേജിലെ ഒത്തിരി കഥകൾ പറയാൻ കിടക്കുന്നു , കണ്ടിട്ട് കുറെ നാളായി.
എഞ്ചിനീറിങ്ങിനു ചേർന്നതിൽ പിന്നെ കമ്പം കാണാൻ പറ്റിയിട്ടില്ല അപ്പോഴൊക്കെ എന്തെങ്കിലും ഒരു പ്രശ്നം വരും, ഒന്നുകിൽ പരീക്ഷ അല്ലെങ്കിൽ അസ്സയിൻമെൻറ് ഇത്തവണ ദൈവം സഹായിച് ഒന്നുമില്ല.
അവറാനോടും, മൂസയോടും കാര്യം പറഞ്ഞതും അവർക്കും ഒരാഗ്രഹം കൂടെ വരാൻ.
പെട്ടെന്നാണ് ഒരു ഉഗ്രൻ ലഡ്ഡു തലമണ്ടയിൽ പൊട്ടിയത്
നമ്മുടെ കോളേജ് ബസുമായി നാളെ വെള്ളിയാഴ്ച രാത്രി വിട്ടാൽ കമ്പവും കാണാം വീട്ടിലൊന്നു കയറാം, ശനിയാഴ്ച രാവിലെ തിരികെ എത്തുകയും ചെയ്യാം.
ബസ് കൊണ്ടുപോകാൻ അനുവാദം കിട്ടണമെങ്കിൽ കെ സി നായർ സാറിനെ പിടിക്കണം, രണ്ടും കല്പിച്ചു പിറ്റേ ദിവസം, ഉച്ചക്കത്തെ നീണ്ട ബ്രേക്കിന്റെ സമയത്തു, സാറിന്റെ മുറിയിൽ ചെന്നു;
ക്ലാസ്സിലൊരു പ്രശ്നവും ഉണ്ടാക്കാത്ത ബോബന് ഇതെന്തു പറ്റി? സാര് മനസ്സിലോർത്തു
വളരെ ഭവ്യതയോടെ ബോബന് പറഞു തുടങ്ങി
സാർ ഞാനൊരു പ്രത്യേക കാര്യം പറയാൻ വന്നതാ
നമ്മുടെ ബസ് വാങ്ങിയതിന്റെ അടുത്ത ദിവസം ഞാനൊരു നേര്ച്ച നേർന്നിരുന്നു, നമ്മുടെ കോളേജിൽ പഠിക്കുന്ന കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലുള്ള എല്ലാ കുട്ടികളുടെയും പേരിലുള്ള നേർച്ചയാണ്. 2 മാസത്തിനകം വണ്ടിയെയും, കുട്ടികളെയും കൂട്ടി മലനടയിൽ വന്നു ദർശനം നടത്താമെന്നാണ് നേർന്നത്.
ഞാൻ പറയാൻ പോകുന്ന സ്ഥലം തെക്കേ ഇന്ത്യയിലെ ഒരേയൊരു ദുര്യോധനന്റെ അമ്പലമാണ്, മലയിലൊരു നട, മലനട എന്ന് വിളിക്കും. തെക്കും പടിഞ്ഞാറും കണ്ണെത്താദൂരത്തോളം നെൽ പാടങ്ങളും, വടക്കും കിഴക്കുമായി കൃഷിയിടങ്ങളുമായി ധന്യമായ ഒരു പുണ്യ സ്ഥലം. ശ്രീകോവിലും പ്രതിഷ്ഠയും ഇല്ലാത്തതിനാൽ എല്ലാവരും ഒരു ഉയർന്ന പീഠത്തിന്റെ മുന്നിൽ ചെന്ന് മനസ്സിൽ ഓരോരുത്തരും അവരോരു വിശ്വസിക്കുന്ന സങ്കല്പത്തെ അല്ലെങ്കിൽ പ്രപഞ്ച ശക്തിയെ വിശ്വസിച്ചു പ്രാർത്ഥിക്കയാണ് പതിവ്,
ഇപ്പോൾ ഏകദേശം 2 മാസമാകാറായി , ഇനി അത് ചെയ്തില്ല എങ്കിൽ സങ്കല്പ മൂർത്തി കോപം ഉണ്ടാകും, അത് പിന്നെ പിടിച്ചാൽ നിൽക്കില്ല പല പല സങ്കല്പങ്ങളാണല്ലോ എല്ലാവര്ക്കും, അതെല്ലാം കൂടി കോപിച്ചാലുള്ള സ്ഥിതി വളരെ പരിതാപകരം ആയിരിക്കും
ഇത് കേട്ടതും സാറിനു ഒരു പ്രത്യേക ഇഷ്ടം തോന്നി, സാറിന്റെ കണ്ണുകളിലെ ജിജ്ഞാസ കണ്ട ഉടനെ ബോബൻ വീണ്ടും വാചാലനായി
സാർ ഇവിടത്തെ ഉത്സവം വളരെ പേര് കേട്ടതാണ് 10 ദിവസത്തെ പരിപാടിയാണ്, യേശുദാസിന്റെ ഗാനമേള, സാംബശിവന്റെ കഥാപ്രസംഗം, പിന്നെ ഉർവശി തീയേറ്റേഴ്സിന്റെ നാടകം പണ്ടത്തെ പോലെ അല്ല സർ മുഴുവൻ ടെക്നിക്കുള്ള നാടകമാ, പഠിത്തം, പരീക്ഷ, പരീക്ഷ പഠിത്തം, അസ്സയിൻമെൻറ് , ലാബ് ലാബ്, അസ്സയിൻമെൻറ് മെസ്സ്, ഹോസ്റ്റൽ ഇതൊക്കെയാണല്ലോ ഞങ്ങൾക്ക് ആകെ ഉള്ളത് , വല്ലപ്പോഴും ഒരു മാറ്റം വേണ്ടേ സാർ.
പിന്നെ സാറൊന്നും പറഞ്ഞില്ല, വൈകുന്നേരം ബസ് തിരികെ വന്നിട്ട് പോകാൻ അനുവാദം കൊടുത്തു. ഗിരിജ ടീച്ചറിന്റെ വീട്ടിൽ നിന്ന് വകയിലൊരമ്മാവൻ വന്നിട്ടുണ്ട് അല്ലെങ്കിൽ ഞങ്ങൾ രണ്ടാളും വന്നേനെ, തിരികെ വരുമ്പോൾ അമ്പലത്തിലെ നേർച്ചയുടെ പങ്കു കൊണ്ടുവരണമെന്ന് പ്രത്യേകം പറഞു
അത് കേട്ടതും ബോബന്റെ വയറാണോ നെഞ്ചാണോ എന്നറിയില്ല ഒന്ന് കാളി
ഇതിപ്പോ ശരിക്കും പണി പാളി , നേർച്ച !! പുറത്തിറങ്ങിയ ബോബന് ഉച്ചക്കത്തെ ക്ലാസ്സുകൾ തീരെ ശ്രദ്ധിക്കാൻ പറ്റിയില്ല . അതത്ര പുതുമയുള്ള കാര്യമല്ല എങ്കിലും ഒന്നും കേട്ടില്ല, ഹോസ്റ്റലിൽ തിരികെ എത്തി കുറെ നേരം മുറിയിൽ തന്നെ ഇരുന്നു. മെസ് അടിക്കാൻ ചെന്ന പ്പോൾ ബസിന്റെ ഡ്രൈവർ മെസ് ഹാളിൽ നില്കുന്നു, പുള്ളിക്കാരന്ബോബനെ അറിയില്ല , പക്ഷെ തൂക്കു ബഷീർ ഓടി വന്ന്ബോബനെ തൂക്കി; എല്ലാവരുടെയും മുന്നിൽ വെച്ച് പറഞു ബോബന് സാറേ, ദേ കോളേജ് ബസ് റെഡി ആയി , എന്നേം കൂടെ കൊണ്ടുപോകണേ ഞാനിതു വരെ നമ്മുടെ ബസിൽ കയറിയിട്ടില്ല
കള്ളി മുണ്ടും മടക്കി കുത്തി കൈയ്യില്ലാത്ത ബനിയനും ഇട്ട് ഉണ്ടോണ്ടിരുന്ന ബോബന്റെ ബാച്ചിലെ അണ്ണന്മാരെല്ലാം പെട്ടെന്ന് കൈ കഴുകി അപ്രത്യക്ഷരായി
നോക്കിയപ്പോ എല്ലാവരും കൂടി കോളേജിലേക്ക് നടക്കുന്നു
മുന്നിലായി അവറാനും മൂസയും, പിന്നെ കേട്ടത് ജോഹൻറെ വിളിയാണ്
വിദ്യാർത്ഥി ഐക്യം സിന്ദാബാദ്, കോളേജ് ബസ് സിന്ദാബാദ്, മലനട കമ്പം സിന്ദാബാദ്, കെ സി നായർ സാർ സിന്ദാബാദ്, ചലോ ചലോ മലനട, എണ്ണാമെങ്കിൽ എണ്ണിക്കോ, ഞങ്ങളെല്ലാം പിന്നാലെ
പിന്നെ നോക്കി നിന്നിട്ടു കാര്യമില്ല , അവറാന്റെ പെങ്ങൾ തന്ന നീല T Shirt-o പാന്റുമിട്ടു, ഒന്നുമില്ലെങ്കിൽ മിനിയെയും ജൻസിയെയും കാണേണ്ടതാണ് ഇവന്മാരെ പോലെ തുണി ഇല്ലാതെ ചെന്നാൽ ഉള്ള ഗമയെല്ലാം പോകും
പത്തന്പതു പേരുണ്ട് വണ്ടിക്കകത്തു, വണ്ടി പതുക്കെ കരിക്കോട് വിട്ടു , എല്ലാവരും കൈയ്യടിയും പാട്ടുമായി യാത്ര അങ്ങോട്ടു കൊഴുപ്പിച്ചു, ഡ്രൈവറിനും നല്ല ഉത്സാഹമായി അതിന്റിടയിൽ എവിടെ പോയാലും നേർച്ചയിടുന്ന ഗോപകുമാർ ചോദിച്ചു അളിയാ എന്താണ് അവിടെ നേര്ച്ച , സത്യത്തിൽ ബോബൻ വളരെ പതുക്കെ ആണ് പറഞ്ഞത് ജികെ യുടെ ചെവിയിൽ, ബഹളത്തിന്റെ ഇടയ്ക്കു കേട്ടത് ശരിയാണോ എന്ന സംശയവും അതിശയവും തോന്നിയ ജികെ ഉറക്കെ ചോദിച്ചു
എന്തുവാടേ പറഞ്ഞത് കള്ളും കോഴിയോ
മയങ്ങിയ പോലെ ഇരുന്ന തൊമ്മൻ ദുര്യോധനനെ കാട്ടിലും വീര്യത്തോടെ ചാടി എഴുനേറ്റു ഒരു വിളി
എടാ ജോഹാ രക്ഷപെട്ടു അമ്പലത്തിലെ നേര്ച്ച കള്ളും കോഴീം
പിന്നെ ആരും ഉറങ്ങിയില്ല, പോകുന്ന വഴിക്കു ബോബൻ ഡ്രൈവറോട് പറഞ്പുത്തൂരുള്ള ഒരു കടയിൽ നിർത്തി; നിർത്തിയതും ബോബന് എല്ലാവരോടുമായി ചോദിച്ചു; നിങ്ങള്ക്ക് ബോണ്ട വേണോ? ബോണ്ടാക്കു പ്രസിദ്ധി ആർജിച്ച കടയാണ്
അപ്പോഴ് പേര് പറയാൻ പറ്റാത്ത ആരോ ബസിന്റെ അകത്തൂന്ന് വിളിച്ചു പറഞു, എടാ കള്ളും കോഴിയും അടിക്കാൻ പോകുമ്പോഴാണോ നിന്റെ ബോണ്ട? മാങ്ങാത്തൊലി; കേറടാ വണ്ടിയില് , പെട്ടെന്ന് കമ്പത്തിന്റെ അങ്ങോട്ട് വണ്ടി വിടെടാ
വണ്ടി വയലിന്റെ വരമ്പത്തെത്തി, ഭയങ്കര ആൾക്കൂട്ടം, എവിടെ ചെന്നാലും പീപ്പിയും ഊത്തും വാങ്ങിക്കുന്ന കുറെ നിർദോഷികളുണ്ട്; അവർ കൈയിലുള്ള ചില്ലറ കൊടുത്തു്വയലിന്റെ സൈഡിലെ ഉരുട്ടുന്ന വണ്ടിയിൽ നിന്ന് കുറെ കുട്ടി കുട്ടി സാധനങ്ങൾ വാങ്ങി
അപ്പോൾ എല്ലാവരും ഒരു വിളി കേട്ടു ; ഒന്നല്ല രണ്ടു വിളി
ബോബാ, ബോബാ
ബോബനെക്കാൾ മുന്നേ ബാക്കി 49 തലകൾ ശബ്ദം കേട്ടിടത്തേക്കു തിരിഞ്ഞു. ബോബനെ എവിടെന്നോ പൊക്കിയെടുത്തു ബാക്കി അണ്ണന്മാരെല്ലാം കൂടി ശബ്ദത്തിന്റെ ഉറവിടത്തിന്റെ മുന്നിൽ കൊണ്ട് പ്രതിഷ്ഠിച്ചു
കള്ളിമുണ്ടുകൾ ബോബനെ പൊക്കുന്നതു കണ്ട്കൂട്ടുകാരികൾ അന്തം വിട്ടു, ബോബൻ ചെറിയ ചമ്മലോടെ പറഞ് ഇവരെല്ലാം എന്റെ ക്ലാസ്സിൽ പടിക്കുന്നവരാ
ഞങ്ങൾ കമ്പം കാണാൻ വന്നതാ, പിന്നെ എല്ലാവരും കൂടി കലപില ,കലപില, കലപില
മിനിയുടെയും, ജാൻസിയുടേയും, പിന്നെ അവരുടെ കൂടെ ഉണ്ടായിരുന്ന വേറെ കുറെ കൂട്ടുകാരികളുടെയും കൂടെ ചേർന്ന് ആഹ്ലാദത്തോടെ എല്ലാവരും വയലിലേക്ക് നടന്നു
ദൂരെ ആകാശത്തു ആദ്യത്തെ വർണ്ണകുട വിടർന്നു, കൂട്ടുകാരികൾ ധൃതി കൂട്ടി ,
കള്ളിമുണ്ടും, കൂട്ടുകാരികളും, ഒറ്റകെട്ടായി നടന്നു നീങ്ങുന്നത് കണ്ട ബോബൻ നേര്ച്ച ഒരുക്കാൻ പോയി
ആദ്യമായി തന്റെ നാട്ടിലേക്ക് വന്നതാ
കടമ്പനാടിന്റെ ആദിത്യ മര്യാദ കൊണ്ടറിയട്ടെ എല്ലാവനും എന്ന്മനസ്സിലോർത്തു കള്ളും കോഴിയും ഏർപ്പാടാക്കാൻ വയലിന്റെ വരമ്പിലൂടെ നടന്നു മറഞ്ഞു
ഇവിടെ വയലിന്റെ നടുക്ക് കിടന്നാണ് കമ്പം കാണുന്നത് ; കിഴക്കു നിന്നും പടിഞ്ഞാട്ടു നിന്നും മത്സരിച്ചുള്ള കമ്പം; കമ്പം അങ്ങനെ കൊഴുത്തപ്പോ
ബോബന്റെ കൂടെ സ്കൂളിൽ പഠിച്ച കുറെ പയ്യന്മാർക്ക് തീരെ സഹിച്ചില്ല അവരുടെ പൈങ്കിളികളെ പുറത്തു നിന്ന് വന്ന വിരുതന്മാർ പഞ്ചാര അടിക്കുന്നെ
ബോബൻ കണ്ണെത്താ ദൂരത്തു എത്തിയതും, അവരിലൊരു വില്ലൻ തൊമ്മന്റെ അടുത്ത് വന്നിട്ട് ഒരു വിളി വിളിച്ചു
ആന വിരണ്ടേ അമ്പല പറമ്പിലെ ആന വിരണ്ടേ എന്ന്, എല്ലാവരും നാലു പാടും ഓടാൻ തുടങ്ങി, തൊമ്മനാണേൽ അഗസ്റ്റിനെ വലിച്ചു കൊണ്ടോടി
മൂസയും റഫീഖും തോമായും എല്ലാവരും ഓടി, ആരോ മിനിയുടെയും ജാന്സിയുടെയും കൈയും പിടിച്ചോടി , വയലിന്റെ സൈഡിൽ കിടന്ന കോളേജ് ബസിലേക്ക് ഇടിച്ചു കയറി.
ഡ്രൈവർ എങ്ങനൊക്കെയോ വണ്ടി എടുത്തു വയലിന്റെ സൈഡിലെ വരമ്പിലൂടെ ഓടിച്ചു വിട്ടു , ഒരു ഫർലോങ് കഴിഞ്ഞപ്പോ ഒരു കലിംഗിന്റെ മുന്നിൽ, വീതിയില്ലാത്ത കലുങ്ക്, വണ്ടി നിർത്തി ,
അടുത്ത് കണ്ട വീട്ടിന്റെ മുന്നിൽ ചട്ടയും മുണ്ടുമുടുത്തു മാനത്തോട്ടു നോക്കി കമ്പം കണ്ടോണ്ടു നിന്ന അമ്മച്ചിയോടു ചോദിച്ചു
അമ്മച്ചി കരിക്കോട്ടേക്കുള്ള വഴിയേത്, അപ്പൊ അടുത്തിരുന്ന പെൺപിള്ളേരെ കണ്ടിട്ട് ആരോ ചോദിച്ചു
ഇവരെങ്ങിനെ ഇതിനകത്തു കയറി
അപ്പൊ അൻവർ പറഞു; ആന വിരണ്ടെന്നു കേട്ടതും ആരാണ്ടടയൊക്കെ കൈയും പിടിച്ചു , മരണവെപ്രാളത്തിന്നോടി വണ്ടീ കയറിയതാ,
മിനിയും ജൻസിയും ഒരേ ശ്വാസത്തിൽ ചോദിച്ചു
എന്തുവാ പറഞ്ഞെ , ആന വിരണ്ടെന്നോ, അതിനു ഈ അമ്പലത്തിൽ ആന ഇല്ലല്ലോ
എല്ലാവരും നിശ്ശബ്ദരായി
അപ്പൊ ഡ്രൈവർ ചോദിച്ചു
ബോബനെവിടെ? ബോബനെവിടെ?
ആരൊക്കെയോ തേങ്ങി
പോയെടാ കള്ളും കോഴിയും പോയെടാ
ഇന്നത്തെ കഥയുടെ കടപ്പാട് ബോബൻ വി ജോർജിനോട്
Leave A Comment