എറണാകുളം വിട്ടതും, ബോഗിയുടെ കതകുകളെല്ലാം ബന്ധവസ്സാക്കി, ബോഗിയുടെ ഒരു ഘടന ശ്രദ്ധിച്ചാൽ, നീണ്ട വരാന്തയുള്ള ഒരു ലൈൻ കെട്ടിടം പോലെയാണ്, മുറികളെല്ലാം ഒരു വശത്തു മാത്രം ഉള്ളതുപോലെ. ഒരു പ്രത്യേകത മുറികൾക്കൊന്നും വാതിലുകളില്ല എന്നുള്ളതാണ്. ഒരുമിച്ചു പഠിക്കുന്ന കൂട്ടുകാരെല്ലാം ഒരു കുടകീഴിൽ ഒത്തു ചേർന്നിരിക്കുന്നു. ചിലയിടങ്ങളിൽ ആരും ഇല്ല, ചീട്ടുകളി നടക്കുന്നിടത്തു ഉന്തും തള്ളും.
യാത്ര തുടങ്ങിയിട്ട് നാലു മണിക്കൂറോളം ആയി, അപ്പോൾ ഞാൻ വീണ്ടും നവാസിനെയും നാസറിനെയും പറ്റി ഓർത്തു. ആൽബിൻ സാറിന്റെ കൂടെ പോയ അവർ എന്ത് ചെയ്യുക ആയിരിക്കും. ഒരു കാര്യം തീർച്ച, ആൽബിൻ സർ എന്തെങ്കിലും ഒരു പോംവഴി കണ്ടു പിടിക്കും, അതിപ്പോൾ പുതിയ ഏതെങ്കിലും Assignment ആയിരിക്കുമോ,അതോ എന്തെങ്കിലും പരിശീലന പരിപാടി ആയിരിക്കുമോ? എനിക്ക് വലിയ ഇഷ്ടമുള്ള കാര്യമാണിങ്ങനെ സ്വപ്നം കാണാൻ. കൂടെ ഉണ്ടായിരുന്നവരെ പറ്റി ഓർക്കുമ്പോൾ എന്റെ ഭാവന തുടങ്ങുന്നത് ഇങ്ങനെ ആയിരിക്കും; ഇന്നലെ ഈ സമയം അവർ ഇവിടെ ഉണ്ടായിരുന്നു, ഇന്നവർ മറ്റെവിടെയോ, നാളെ എവിടെ ആയിരിക്കും, എന്ത് ചെയ്യുക ആയിരിക്കും, എന്നൊക്കെ സങ്കൽപ്പിച്ചു ഒരു തിരക്കഥ നെയ്തെടുക്കും, അതിൽ അവരെയും എന്നെയും ചുറ്റിപ്പറ്റിയുള്ള കഥാപാത്രങ്ങളെല്ലാം താരങ്ങളാകും, അതിന്റെ പശ്ചാത്തലത്തിൽ പല അനുഭവങ്ങളും തുന്നി ചേർക്കും, ഓരോരുത്തരുടെയും പെരുമാറ്റരീതികൾ മനസ്സിൽ കണ്ടുകൊണ്ട് ഒരായിരം മഴവില്ലു വിടർത്തി വെറുതെയിരുന്നിങ്ങനെ ആസ്വദിക്കും, എനിക്കൊരിക്കലും വിരസത തോന്നാറില്ല, തോന്നിയിട്ടുമില്ല, ഇനിയൊട്ടു തോന്നുകയുമില്ല അത്രയ്ക്ക് കഥാപാത്രങ്ങൾ ജീവിതത്തിൽ നിറഞ്ഞു നില്കുന്നു; ഇങ്ങനെ ഓരോന്ന് ആലോചിച്ചിരുന്നപ്പോൾ ട്രെയിനിന്റെ ഇടനാഴിയുടെ ഒരറ്റത്തു നിന്ന് വലിയ ചിരിയും, കൂക്കുവിളിയും അട്ടഹാസവും കേട്ടു.
രാജൻ പി ഡിയെ വെട്ടി നിരത്തിയതിന്റെ ആഹ്ലാദ പ്രകടനമായിരുന്നു. പുള്ളിക്കാരൻ ഗുലാൻപെരിശിന്റെ ഉസ്താത് ആണെന്നായിരുന്നു പൊതുവെ ഉള്ള അഭിപ്രായം, ആരൊക്കെയോ പറഞ്ഞു ബുദ്ധി ഉപയോഗിച്ചുള്ള കളിയാണിത്, വളരെ ശ്രദ്ധാപൂർവം കളിക്കുന്ന മുച്ചീട്ടു കളി, ഈ മിടുക്കൊക്കെ പഠിക്കുന്ന കാര്യത്തിൽ കാണിച്ചിരുന്നു എങ്കിൽ എന്ന് വീട്ടിലുള്ളവരും, സാറന്മാരും പണ്ട് പറയാറുള്ള ആത്മഗതമാണ്.
കാലം മാറി, അങ്ങനെ എങ്ങാനും ഇപ്പോൾ പറഞ്ഞാൽ പിള്ളാര് കോടതി കയറ്റും. ഇന്നിപ്പോൾ ആർക്കും ആരെയും ശാസിക്കാൻ അവകാശമില്ല.
വീട് വിട്ടാൽ പിന്നെ വൃത്തിയില്ല എന്ന് കണ്ടാൽ എന്തൊരു പ്രശ്നമാണെന്നോ ടോയ്ലറ്റ് എന്ന കീറാമുട്ടി, ഞങ്ങൾക്ക് മാത്രം അനുവദിച്ച ബോഗി ആയതിനാൽ വൃത്തി ഉണ്ടാവുമെന്ന സമാധാനത്തിൽ ആയിരുന്നു മിക്കവരും.
1909 – ൽ അതായത് ഇന്ത്യൻ റെയിൽവേ തുടങ്ങി 55 വർഷത്തിന് ശേഷം, ബഹുമാനപെട്ട ബാബു ഓഖിൽ ചന്ദ്ര സെൻ എന്ന യാത്രക്കാരൻ സാഹിബ്ജംഗ് Division Office ലേക്ക് എഴുതിയ പരാതി കത്തിന്റെ കോപ്പി, ഇവിടെ ചേർക്കുന്നു.ഈ കത്ത് റെയിൽവേയുടെ ഡൽഹിയിലുള്ള മ്യൂസിയത്തിൽ വെച്ചിട്ടുണ്ട്. ട്രെയിൻ നിർത്തിയപ്പോൾ സ്റ്റേഷനിൽ ഇറങ്ങി ടോയ്ലറ്റ് ഉപയോഗിച്ച നേരത്തിനു വിസിൽ അടിച്ചു ട്രെയിനിനെ യാത്ര അയച്ചതിനു ഗാർഡിന്റെ പേരിൽ എഴുതിയ പരാതിയാണ് നമ്മുടെ ട്രെയിനുകളിൽ ടോയ്ലറ്റ് ഉണ്ടാവാനുള്ള കാരണമായത്. തുടർന്നാണ് 50 മൈലുകൾപ്പുറം ഓടുന്ന ട്രെയിനുകളിൽ ടോയ്ലറ്റ് വെയ്ക്കാൻ തുടങ്ങിയത്. ഒരാൾ വിചാരിച്ചാലും പല ആൾക്കാർക്ക് പ്രയോജനമുള്ള നന്മകൾ വരുത്താൻ പറ്റും എന്നുള്ളതിനുള്ള ഉദാഹരണമാണിത്. ഒരാളുടെ നിവേദനം ഇന്ത്യയിലുള്ള എല്ലാവര്ക്കും നിശ്വാസമായി
Dear Sir
I am arrive by passenger train Ahmedpur station and my belly is too much swelling with jackfruit. I am therefore went to privy. Just I doing nuisance that guard making whistle blow for train to go off and I am running with Lotah in one hand & Dhoti in the next when I am fall over and expose all my shocking to man and female women on platform. I am got leaved Ahmedpur station.
This too much bad. If passenger go to make dung that dam guard not wait train minutes for him. I am therefore pray your honour to make big fine on that guard for public sake. Otherwise I am making big report to papers
Yours fauthfully servant
Okhil Ch. Sen
നമ്മുടെ റോഡരുകുകളിലും പൊതു സ്ഥലങ്ങളിലും വൃത്തിയുള്ള ടോയ്ലറ്റുകൾ സ്ഥാപിക്കേണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു. പ്രായമായവർക്കും, പ്രമേഹത്തിന്റെ അസുഖമുള്ളവർക്കും ദൂരെ യാത്രക്കിടയിൽ മാത്രമല്ല അല്ലാതെയും പ്രകൃതുടെ വിളി വന്നാൽ എന്താണ് ചെയ്യുക. സ്ത്രീകൾ എന്ത് ചെയ്യും, കേന്ദ്ര മന്ത്രിമാർ തോക്കുധാരികളായ പട്ടാളക്കാരുടെ സുരക്ഷയിൽ റോഡരുകിൽ നിന്ന് മൂത്രമൊഴിക്കുന്ന പോലെ, ആൺകുട്ടികളെ പോലെ ആകണമെന്ന് വാശി പിടിക്കാൻ പറ്റുന്ന കാര്യമല്ലല്ലോ, വൃത്തിയുള്ള toilets വേണം, ഉപയോഗിക്കുന്നതിനു കാശും വാങ്ങണം, വൃത്തിയായി സൂക്ഷിക്കണം. അടിസ്ഥാന സൗകര്യങ്ങൾ ആണെങ്കിലും, ഇനിയങ്ങോട്ട് എല്ലാവര്ക്കും വെറുതെ കൊടുത്തിട്ടു കാര്യമില്ല. വെറുതെ കിട്ടുന്ന ഒന്നിനും വില കൽപ്പിക്കാത്തതാന് നമ്മുടെ ജനാതിപത്യം. അതുകൊണ്ടു തുച്ഛമായ കാശാണെങ്കിലും ഒരു പ്രവേശന fees ഈടാക്കി പൊതു ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കണം. പാലങ്ങൾക്കു ചുങ്കം പിരിക്കാമെങ്കിൽ ഇങ്ങനെ ഒരു രീതി അവലംബിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല. വിദേശ രാജ്യങ്ങളിലെ റെയിൽവേ സ്റ്റേഷനിലും മറ്റുമുള്ള ടോയ്ലറ്റ് ഉപയോഗിക്കാൻ ചെറിയ ഒരു ചുങ്കം അടക്കണ്ടതുണ്ട്. ഒരിടം സ്വിറ്റസർലണ്ടിലെ Zurich railway station. പഴയ STD ബൂത്ത് പോലെ നടത്താൻ പറ്റിയ ഒരു സേവനമാണിത്.
166 വര്ഷങ്ങള്ക്കിപ്പറവും ഇന്ത്യൻ റെയിൽവേസിൽ പലയിടത്തും സായിപ്പു തുടങ്ങിയ കൊളോണിയൽ ഇരുമ്പു പെട്ടി ഉപയോഗിച്ചാണ് കാശു കൈമാറുന്നത് , ഇത്രയും സുരക്ഷയോടെ കാശെത്തിക്കുന്ന മറ്റൊരു രീതി ഉണ്ടായിട്ടില്ല.
ഈ ഇരുമ്പു പെട്ടിക്ക് രണ്ടര ക്വിന്റലിന് മേൽ ഭാരമുണ്ടു 4 പേരെങ്കിലും വേണം പൊക്കി മാറ്റാൻ, 3 താക്കോലിട്ടു മാത്രമേ ഇത് തുറക്കാൻ പറ്റൂ. ഈ ഇരുമ്പു പെട്ടിയിൽ നിക്ഷേപിച്ചാൽ പിന്നെ തിരികെ എടുക്കാൻ പറ്റില്ല, നല്ല രീതിയിലുണ്ടാക്കിയ കുടുക്കയിൽ കാശിട്ടാൽ പൊട്ടിച്ചാൽ മാത്രമേ കാശെടുക്കാൻ പറ്റൂ, അതുപോലെ ഓരോ സ്റ്റേഷനിലെയും കാശെണ്ണി തിട്ടപ്പെടുത്തി തുകൽ സഞ്ചിയിലാക്കി സ്റ്റേഷൻ മാസ്റ്ററിന്റെ ഉത്തരവാദിത്വത്തിൽ അരക്കിട്ടു ഉറപ്പിച്ചു, അന്നന്ന് ഓരോ സ്റ്റേഷന്റെയും കേന്ദ്രമായി പ്രവർത്തിക്കുന്ന സ്റ്റേഷനിൽ എത്തിക്കണം.എത്തേണ്ട ഇടത്തെത്തി ഉത്തരവാദിത്വപെട്ടവരുടെ സാന്നിധ്യത്തിൽ മാത്രമേ തുറക്കാൻ പറ്റുള്ളൂ. ഓരോ സ്റ്റേഷനിലെ കാശിനു സ്റ്റേഷൻ മാസ്റ്റർ മാത്രമാണ് ഉത്തരവാദി. കാശിന്റെ പെട്ടി വരുന്നത് ഏതു ട്രെയിനിൽ ആണെന്നുള്ളത് വളരെ രഹസ്യസ്വഭാവമുള്ള വിവരമാണ്.
കൊല്ലത്തെ സ്റ്റേഷനിൽ സാമിച്ചായന്റെ കൂടെ എല്ലായിടവും കയറി ഇറങ്ങിയിരുന്ന എനിക്ക്, ടിക്കറ്റ് കൊടുക്കുന്ന മുറിയും, കിളി വാതിലും, എന്നെന്നും അത്ഭുതം ഉളവാക്കുന്നതായിരുന്നു. ഇന്ത്യയുടെ അങ്ങോളമിങ്ങോളമുള്ള നൂറുകണക്കിന് സ്ഥലത്തേക്ക് ചെറിയ കാർഡിൽ അച്ചടിച്ച ടിക്കറ്റ് കൊടുക്കുന്ന മുറി, അതിന്റെ ഉള്ളിൽ പൊക്കമുള്ള കസേരയിൽ ഇരിക്കുന്ന എനിക്കെത്രയും പ്രിയപ്പെട്ട കുറെ സുഹൃത്തുക്കൾ അതിൽ പ്രിയപ്പെട്ട ഗാഥ ചേച്ചി.
മുറിക്കകത്തു കയറിയാൽ കാണുന്നത് രണ്ടു പാളിയുള്ള കതകുള്ള തടിഅലമാര, അത് തുറക്കുമ്പോൾ, കതകിന്റെ ഉള്ളിലും അലമാരിയിലും വളരെ സൂക്ഷമമായി പണിത പിള്ള മുറികൾ. അതിൽ പല ദിക്കിലേക്കുള്ള ടിക്കറ്റുകൾ അടുക്കി വെച്ചിരിക്കുന്നു. പണ്ട് കാലത്തു ഉപയോഗിച്ചിരുന്ന ഘനം ഉള്ള കാർഡ്ബോര്ഡില് സീരിയൽ നമ്പർ അച്ചടിച്ച കാർഡ് ടിക്കറ്റ്. അലമാരയിലെ അറകളിൽ അടുക്കി വെച്ചിരിക്കുന്ന ടിക്കറ്റ്, താഴെ നിന്നാണ് കൊടുക്കാനുള്ള ടിക്കറ്റ് എടുക്കുക, താഴെ നിന്ന് ഓരോന്ന് വലിച്ചെടുക്കുമ്പോൾ അടുത്ത ടിക്കറ്റ് താഴോട്ട് വീഴും, നമ്പർ ക്രമത്തിൽ. വലിച്ചെടുത്ത ടിക്കറ്റിൽ അന്നത്തെ തിയതി പഞ്ച് ചെയ്തു യാത്രക്കാർക്ക് കൊടുക്കും. എല്ലാ ദിവസവും ടിക്കറ്റിൽ ദിവസം കുറിക്കുന്ന ഒരു സമ്പ്രദായമുണ്ട്, അതെല്ലാം വളരെ അധികം സമഗ്രമായ നിയമങ്ങളാൽ കെട്ടിപ്പടുത്തതാണ്. ആലോചിച്ചാൽ ചിലപ്പോൾ ഒരെത്തും പിടിയും കിട്ടില്ല. എല്ലാ ദിവസവും രാത്രി 12 മണിക്ക് സ്റ്റേഷൻ മാസ്റ്ററിന്റെ ഉത്തരവാദിത്വമാണ് തിയതി പഞ്ച് ചെയ്യുന്ന യന്ത്രത്തിലെ തിയതി മാറ്റുന്നത്.
Thomas Edmondson എന്ന അതിസമര്ഥനായ ഒരു സായിപ്പാണ് ഈ അലമാര ആദ്യമായി ഉണ്ടാക്കിയതും, ഇങ്ങനെയുള്ള രീതിയിൽ ടിക്കറ്റ് വെക്കുന്ന ഏർപ്പാട് തുടങ്ങിയതും.
കൊല്ലം സ്റ്റേഷനിൽ നിന്ന് വളരെ അധികം സ്ഥലത്തേക്ക് ആൾക്കാർ നിരന്തരമായി പോകുന്നത് കാരണം, ഒന്നിൽ കൂടുതൽ വലിപ്പമേറിയ അലമാരയുണ്ടായിരുന്നു. അതിന്റെ അകത്തും കതകിന്റെ ഉള്ളിലും പല സ്ഥലത്തോട്ടുള്ള ടിക്കറ്റുകൾ അട്ടിയായി കാണാം. ടിക്കറ്റുകളുടെ തരം നിർണ്ണയിക്കാൻ പല പല നിറങ്ങൾ ഉണ്ടായിരുന്നു. AC Class- വെള്ള, First Class AC Sleeper പച്ച- AC Chair Car – ഓറഞ്ച്, Second class mail അല്ലെങ്കിൽ express തവിട്ടു നിറം Second class ordinary മഞ്ഞ ഇങ്ങനെ വെവ്വേറെ നിറങ്ങളാണ് ടിക്കറ്റിനു.
എന്നും പാതിരാത്രിക്ക് ഓരോ സ്ഥലത്തോട്ടുള്ള ടിക്കറ്റിന്റെ അവസാന നമ്പർ രേഖപ്പെടുത്തി, കാശെല്ലാം എണ്ണി ഓരോ ഗണത്തിൽ പെട്ട രൂപയും പ്രത്യേകം പ്രത്യേകം തരം തിരിച്ചു, ചില്ലറയും എണ്ണി തിട്ടപ്പെടുത്തി കണക്കു പൊരുത്തപ്പെടുത്തി വേണം കാശ് തുകൽ സഞ്ചിയിൽ ഇട്ടു സീൽ ചെയ്യാൻ. കാശ് കുറഞ്ഞാൽ കൈയ്യിൽ നിർന്നിട്ടു കണക്കു ശരിയാക്കാനല്ല ആദ്യം നോക്കുക എങ്ങനെയാണ് കുറഞ്ഞത് അല്ലെങ്കിൽ കൂടിയത് എന്നുള്ള കാരണം കണ്ടുപിടിക്കയാണ് ആദ്യം ചെയ്യുക. പോസ്റ്റ് മാസ്റ്റർ സ്റ്റാമ്പ്, ഇന്ലാന്ഡ്, കവർ തുടങ്ങിയവയുടെ കണക്കു കൃത്യമായി വൈകുന്നേരം എണ്ണി തിട്ടപ്പെടുത്തുന്ന പോലെ, സ്റ്റേഷൻ മാസ്റ്ററിനാണ് അന്നന്നുള്ള ടിക്കറ്റിന്റെ വില്പനയുടെ ഉത്തരവാദിത്വം
ഒരു സ്റ്റേഷനിൽ നിന്ന് ഭാരതത്തിന്റെ ഏതു മൂലയിലുള്ള സ്റ്റേഷനിലേക്കും ടിക്കറ്റ് കൊടുക്കണം, അതിന്റെ വില നിശ്ചയിച്ചത് ശരിയായി വാങ്ങണം, ഇന്ത്യയിലുള്ള എല്ലാ സ്റ്റേഷനിലേക്കുമുള്ള ടിക്കറ്റ് കാർഡിൽ അച്ചടിച്ച് ഓരോ സ്റ്റേഷനിലും കൊടുക്കാറില്ല, മറിച്ചു ഓരോ സ്റ്റേഷനിൽ നിന്ന് കൂടുതൽ പോകുന്ന സ്ഥലങ്ങളുടെ ഒരു പട്ടിക തയ്യാറാക്കിയതനുസരിച്ചാണ് സ്റ്റേഷൻ മാസ്റ്റർ മേലാപ്പീസിലേക്കു ഇൻഡന്റ് കൊടുക്കുക . ബാക്കി സ്ഥലങ്ങളിലേക്ക് പേപ്പറിൽ എഴുതുന്ന ടിക്കറ്റ് ആണ് യാത്രക്കാർക്ക് കൊടുക്കാറ്
ഇൻഡന്റ് അതായതു ഉടമ്പടി, ഇൻഡന്റ് എന്ന വാക്കു ആദ്യമായി കേട്ടത് ട്രെയിനിന്റെ ടിക്കറ്റുകൾ എവിടെനിന്നു എങ്ങനെ കിട്ടുന്നു എന്ന് ചോദിച്ചപ്പോഴാണ്
ഇത്രയധികം, ചിട്ടകളും, സംവിധാനങ്ങളും, സമഗ്രമായ ചട്ടങ്ങളും ഉള്ള മറ്റൊരു സംഘടിത സംവിധാനം ഉണ്ടോ എന്നെനിക്കറിയില്ല, കോടികണക്കിന് ആൾക്കാർ നിരന്തരം യാത്ര ചെയ്യുന്നു, എണ്ണാനാവാത്തത്ര ചരക്കു കൈമാറുന്നു, കോടിക്കണക്കിനു രൂപ കൈമാറുന്നു. യന്ത്രങ്ങളും, മനുഷ്യരും, ഉന്നത സാങ്കേതികവിദ്യയും, നൂറു കണക്കിന് വര്ഷം പഴക്കമുള്ള രീതികളും അവലംബിച്ചുള്ള ഒരു ബ്രഹത്തായ സംരംഭം. ഇന്ത്യൻ റെയിൽവേ എന്നെന്നും അത്ഭുതം ഉളവാക്കുന്ന ഒരു മഹാ പ്രസ്ഥാനം
യാത്ര തുടരുന്നതായിരിക്കും
Leave A Comment