ശോഭ ചോദിച്ചു, ജോൺ ചെറിയാൻ സാറിനെ കണ്ടോ ബീനാ, ദേ നമ്മുടെ ബോഗിയിൽ TTE വന്നിരിക്കുന്നു, ബഹളത്തിന്റെ ഇടയ്ക്കു കറുത്ത കോട്ടിട്ട TTE, Travelling Ticket Examiner, ഞങ്ങളുടെ ബോഗിക്കുള്ളിൽ കയറിയതോ, ഉത്തരവാദിത്വമുള്ള മുതിർന്നവരെ തപ്പി നടന്നതോ ആരും ശ്രദ്ധിച്ചില്ല, അപ്പോഴാണ് പുള്ളിക്കാരൻ തന്റെകൂടെ ജോലി ചെയ്യുന്ന പരമേശ്വരൻ നായർ സാറിന്റെ മകൾ ശോഭയെ കണ്ടത്, അങ്ങനെയാണ് ശോഭ സാറിനെ തപ്പി അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങിയത്.
ചീട്ടുകളിയുടെ ചൂട് കൂടി വരികയും, വാശിയേറിയ മത്സരങ്ങളുടെ വെട്ടി നിരത്തലിന്റെ ഭാഗമായിട്ടുള്ള വെള്ളക്ക കുണുക്കുകൾ പലരുടെയും കാതിൽ തൂങ്ങാനും തുടങ്ങിയതോടെ ആരോ പോയി സാറിനെ പിടിച്ചു കൊണ്ടുവന്നു മദ്ധ്യസ്ഥനായി ജനാലയുടെ അരികെ ഇരുത്തി.
കുണുക്കിന്റെ കാര്യം പറഞ്ഞപ്പോൾ, ചെത്തി മിനുക്കിയ വള്ളി ഈർക്കിലിന്റെ അറ്റത്തു വരാല് മീൻ കോർക്കുന്ന പോലെ വെള്ളക്ക കോർത്ത് കുണുക്കുമായി വണ്ടി കയറിയത് മറ്റാരുമല്ല പക്വതയോടെ മാത്രം പെരുമാറുന്ന സതീഷ് ബാബുവാണ്. 3 ദിവസത്തെ ട്രെയിൻ യാത്ര അങ്ങോട്ട് പിന്നെ ഇങ്ങോട്ടും, പലയിടത്തുമുള്ള യാത്രകൾ; അപ്പോൾ ഒരുമിച്ചൊരിടത്തു തന്നെ എല്ലാ വിധ്വാൻമാരേയും പിടിച്ചിരുത്തണമെങ്കിൽ ഈ ഒരു വിശ്രമ കലാ വിനോദമല്ലാതെ മറ്റൊന്നും ഇല്ല, പിന്നെ സാക്ഷാൽ കുണുക്കിടുന്നത് കാണുന്നതും അത് ഇടീക്കുന്നതും ഒരു പ്രത്യേക സുഖമുള്ള കാര്യമാണ്. വാശിയേറിയ കളികൾ
പാട്ടും കവിതയും പാരടിയുമൊക്കെ ഉണ്ടെങ്കിലും അത് വാശിയേറിയ മുച്ചീട്ടു കളിയോളം എത്തില്ല!! അതുകൊണ്ടു എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്ന കാര്യം എപ്പോഴും നടക്കാറില്ല, അല്ലെങ്കിൽ പിന്നെ ഭക്ഷണത്തിന്റെ പേരിലുള്ള മോഹന വാഗ്ദാനങ്ങൾ നേരണം , പൊതിചോറും നല്ല പലഹാരങ്ങളുമെല്ലാം തീർന്നെന്നു കണ്ടതും പിന്നെ, പാട്ടിനും കവിതക്കുമൊന്നും വലിയ സ്ഥാനമില്ലാതായി. പ്രേക്ഷകരില്ലാത്തതിനാൽ പലപ്പോഴും ഒന്നോ രണ്ടോ പേരിൽ ചുരുങ്ങി ഈവിധത്തിലുള്ള നേരമ്പോക്കും, കലാപരിപാടികളുമെല്ലാം
ടിക്കറ്റ് പരിശോധിക്കാൻ വന്ന TTE-യും ശോഭയും ഞാനും കൂടി നേരെ ചീട്ടുകളി സംഘത്തിന്റെ അടുത്ത് ചെന്നപ്പോൾ റെഫറിയായി ഇരുന്ന സാറിനെ അവർ EQ പോലെ റിലീസ് ചെയ്തു തന്നു. സാറ് TTE-യോട് ഞങ്ങളുടെ യാത്രയുടെ ഉദ്ദേശത്തെ പറ്റി പറയുകയും, ഞങ്ങളുടെ സംഘത്തിന്റെ റിസർവേഷൻ കടലാസ്സു കാണിക്കുകയും ചെയ്തു. പുള്ളിക്കാരൻ ഞങ്ങളോട് ജനാലയും കതകും അടച്ചിടുന്നതിനെ പറ്റി പറഞ്ഞു, കേരളം വിട്ടാൽപിന്നെ നിയമങ്ങൾ പാലിക്കുന്നതിൽ അത്ര കർശനം യാത്രക്കാർ കാണിക്കാറില്ല അതുകൊണ്ടു കരുതി ഇരിക്കണം എന്ന് പറഞ്ഞു. ഞങ്ങൾക്ക് സ്വന്തമായി ഒരു ബോഗി ഉള്ളതുകൊണ്ട് ആ പറഞ്ഞ കാര്യം അപ്പോൾ ആരുമത്ര കാര്യമാക്കിയില്ല.
അപ്പോഴേക്കും ട്രെയിൻ ആലുവയും കടന്നു, പെട്ടെന്നാണ് തൃശൂർ എത്തിയത് വൈകുന്നേരത്തെ ചായക്കുള്ള നേരം, ഒരു കുടിയും, രണ്ടു കടിയുമായി കച്ചവടക്കാർ ജനാലയുടെ സൈഡിലൂടെ ഓടി നടക്കുന്നു. ഞങ്ങളുടെ ബോഗി നിന്നതിന്റെ തൊട്ടടുത്തായി കഷണ്ടിതലയുമായി വെള്ളമുണ്ടുടുത്തു, വലിയപ്പച്ചൻ പുള്ളിക്കാരന്റെ തൊട്ടടുത്ത് വേഗത കുറഞ്ഞു നിർത്താറായ ട്രെയിനിന്റെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി വലിയമ്മച്ചി അവരുടെ അടുത്തായി കയറ് കൊണ്ട് വരിഞ്ഞു മുറുക്കിയ രണ്ടു കാർഡ്ബോർഡ് പെട്ടി, ആശുപത്രിയിൽ മരുന്ന് വരുന്ന പെട്ടി. വണ്ടി ഞരങ്ങി നിന്നതും, ഒട്ടും പ്രതീക്ഷിക്കാഞ്ഞ കാഴ്ച കണ്ടു അതിശയത്തോടെ, എന്നാൽ അതിയായ സന്തോഷത്തോടെ ഞാൻ കതകിന്റെ അടുത്തോട്ടു പാഞ്ഞു, ഇത്തവണ ആരെയും കൂട്ട് വിളിച്ചില്ല, ഒട്ടും സമയമില്ല കഷ്ടി 3 മിനിട്ടാണിവിടെ നിർത്തുക. എങ്ങനൊക്കെയോ കതകിന്റെ പിടി താഴോട്ടാക്കി തുറന്നു പുറത്തിറങ്ങി, ഓടി അടുത്ത് ചെന്നപ്പോൾ അവരുടെ രണ്ടുപേരുടെയും കണ്ണിൽ കണ്ട സന്തോഷത്തിന്റെ തിളക്കം എന്റെ കണ്ണ് നിറച്ചു. പ്രതീക്ഷിച്ചില്ല, തീരെ പ്രതീക്ഷിച്ചില്ല, കുന്നുംകുളത്തു നിന്ന് ഇവിടം വരെ വരുമെന്ന് തീരെ കരുതിയില്ല.
എനിക്കും കൂട്ടുകാർക്കും കഴിക്കാനുള്ള നല്ല നാടൻ ഏത്തക്ക, സ്വര്ണനിറത്തിലുള്ള ഏത്തക്ക, അതിന്റെ കൂടെ അപ്പച്ചന്റെ ഭാഷയിൽ പറഞ്ഞാൽ നല്ല കൊള്ളി അതായതു കപ്പപുഴുങ്ങിയതും എന്റെ ഭാഷയിൽ പറഞ്ഞാൽ നല്ല ചവുട്ടികൂട്ടിയ ചമ്മന്തിയും, പുളിയും, മുളകും ചുമന്നുള്ളിയും വെളിച്ചെണ്ണയും കൂടി ഉടച്ച ചമ്മന്തി. ചാക്കേട്ടനും പറഞ്ചുവും കൂടി കാർഡ്ബോർഡ് പെട്ടിയെടുത്തു ബോഗിക്കുള്ളിൽ കയറ്റി. അപ്പോഴേക്കും നല്ല സമരിയക്കാരായ എന്റെ കൂട്ടുകാർ അവരുടെ കൈയ്യിൽ നിന്നതു സ്നേഹപൂർവ്വം ഏറ്റുവാങ്ങി. വണ്ടി വിടാറായപ്പോൾ കെട്ടിപിടിച്ചൊരുമ്മ തന്ന വല്യമ്മച്ചി എന്റെ കൈയ്യിൽ ഒരു നൂറിന്റെ നോട്ടും തന്നു, അപ്പോഴേ ഞാൻ മനസ്സിലെ കണക്കുപുസ്തകത്തിൽ കാശ് വരവുവെച്ചു, സമ്മാനങ്ങൾ വാങ്ങേണ്ട ആളുകളുടെ കണക്കിൽ പേര് കൊള്ളിക്കയും ചെയ്തു. അപ്പയും അമ്മയും ചൊല്ലിക്കൊടുത്ത ശീലങ്ങൾ, ഒരില എപ്പോഴും കരുതിയിരിക്കണം, ഇങ്ങോട്ടു മാത്രം വാങ്ങിയാൽ പോരാ കൊടുക്കാനും പഠിക്കണം. ഒരു മുഴം കൂടുതൽ.
തൃശൂർ സ്റ്റേഷനിൽ വണ്ടി നിർത്തി എന്ന് കണ്ണ് പൂട്ടി ഇരുന്നാലും അറിയാൻ പറ്റും. ഭാഷയുടെ പ്രത്യേകത തന്നെയാണ് കാരണം, ചുള്ളിക്കമ്പു ഒടിച്ചു മടക്കി പെറുക്കി അടുക്കുന്ന പോലെ അക്ഷരങ്ങളെ പെറുക്കിയടുക്കി തടക്കോപിടക്കോ എന്നും പറഞ്ഞാണിവിടെ സംസാരിക്കാറ്, പ്രത്യേക ശൈലി, അതുപോലെ തന്നെ കാണാൻ ഭംഗിയുള്ള ആൾക്കാർ , ആകാര സൗകുമാര്യം ആവോളമുള്ള ആളുകൾ. സ്വഭാവത്തിലും അതെ നൈർമല്യം, തെക്കോട്ടുള്ളവരുടെ വക്രബുദ്ധി വടക്കോട്ടുള്ളവർക്കില്ല എന്നാണ് പൊതുവെ ഉള്ള അഭിപ്രായം, മിക്കവരും നേരെ വാ നേരെ പോ.
ട്രെയിൻ സ്റ്റേഷനിൽ നിന്നകന്നിട്ടും എന്റെ മനസ്സും വിചാരവും അവരെ ചുറ്റിപ്പറ്റിയും കുന്നംകുളത്തിനെ പറ്റിയും ആയിരുന്നു
എഞ്ചിനീയറിംഗ് കോളേജിൽ ചേരാനുള്ള ഇന്റർവ്യൂ തൃശൂർ വെച്ചായിരുന്നു, 1977-ൽ ഞങ്ങൾ കുട്ടികൾ എല്ലാവരും ഇവിടെ വന്നാണ് എഞ്ചിനീറിങ്ങിനു ചേർന്നതും, ഓരോരോ വിഭാഗം തിരഞ്ഞെടുത്തു പഠിക്കാൻ പോയതും, എനിക്കൊത്തിരി വേണ്ടപ്പെട്ട നാടാണ് തൃശൂർ, ജനിച്ച നാൾ മുതൽ സ്ഥിരമായി വന്നിരുന്ന പട്ടണം, ഇതുവഴിയാണ് കുന്നുംകുളത്തു പോകാറ്, എന്റെ അമ്മയുടെ ചേച്ചിയുടെ വീട്ടിലേക്കു. പീച്ചിയും മലമ്പുഴയും അണകെട്ട് സ്കൂളിൽ പഠിക്കുമ്പോൾ എത്ര തവണ കണ്ടിട്ടുണ്ടെന്ന് എനിക്ക് തന്നെ ഓർമ്മയില്ല.. കേരളത്തിന്റെ വൃന്ദാവനം എന്ന് വിളിച്ചിരുന്ന മലമ്പുഴയിലെ യക്ഷിയെ കണ്ടപ്പോൾ അന്തം വിട്ടു പോയിട്ടുണ്ട്, കണ്ട ഉടനെ എന്റെ ‘അമ്മ അമ്മയുടെ ചേച്ചിയോട് ചോദിക്കുന്ന കേട്ട്, ഇതുണ്ടാക്കിയവന് എന്തിന്റെ സൂക്കേടായിരുന്നു? വേറെ എന്തെല്ലാം ഉണ്ടാക്കാം , വല്ലാത്ത ദീനം തന്നെ.
കല ആസ്വദിക്കാനുള്ളതാണെങ്കിലും കുറച്ചു അടക്കവും ഒതുക്കവും വേണമെന്ന് നിഷ്കര്ഷിച്ചിരുന്നു അന്നൊക്കെ. പ്രതിമകൾ കാണാനായി മാത്രം യാത്ര പോയിട്ടുള്ള ഒത്തിരി പേരെ എനിക്കറിയാം, അങ്ങനെയും ഒരു സമയം.
കുന്നംകുളത്തോട്ടുള്ള യാത്രക്കിടയിൽ കാറിൽ ഇരുന്നു ആരെങ്കിലും അറിയാതെ ഉറങ്ങിപോയിട്ടുണ്ടെങ്കിൽ, ആ ഉറക്കം അധികനേരം തുടരാൻ പറ്റില്ല വല്ലാത്തൊരു ശീല്കാര ശബ്ദം കേട്ട് ഉണർന്നിരിക്കും പുറത്തോട്ടു നോക്കിയാൽ ടയർ ടാറിൽ തൊടാതെ ചീറിപ്പായുന്ന പ്രൈവറ്റ് ബസ്സുകൾ മിന്നിമറയുന്ന കാണാം അപ്പോൾ സംശയിക്കണ്ട കാര്യമേ ഇല്ല, തൃശൂർ കുന്നംകുളം റൂട്ടായി, നീണ്ടു കിടക്കുന്ന റോഡ്, രണ്ടു സൈഡിലും വയൽ, വരമ്പിനെക്കാൾ ഇച്ചിരികൂടെ വീതി കാണും, കഷ്ടി ബസിന്റെ നാല് വീലും തൊട്ടു തൊടാൻ മാത്രമുള്ള വീതി, മൊബൈൽ ഫോണിന്റെ റിങ് ടോൺ പോലെ, ഓരോത്തരുടെ ഹിതമനുസരിച്ചു തിരഞ്ഞെടുത്തു നിർത്താതെ താളത്തോടെ സംഗതികൾ സംവദിക്കുന്ന AIR ഹോൺ -ന്റെ ശബ്ദം കേൾക്കുമ്പോൾ തീരുമാനിക്കാം ബസ്സുകൾ തമ്മിലുള്ള മത്സര ഓട്ടം തുടങ്ങിയെന്നു, പിന്നെ ഹൃദയം നെഞ്ചും കൂട്ടിൽ നിന്നെടുത്തു കൈയ്യിൽ മുറുക്കെ പിടിച്ചു വെച്ചുകൊണ്ടിരുന്നാൽ മതി തനിയെ മിടിക്കാൻ വിട്ടാൽ, മിക്കവാറും പൊട്ടിത്തെറിച്ചു പോകും, അത്രയ്ക്ക് പിരിമുറുക്കമുണ്ടാക്കുന്ന മരണപാച്ചിലാണീ റൂട്ടിലെ ബസ്സുകൾക്ക്.
രണ്ടു സൈഡിലും നിശ്ചിത അകലത്തിൽ വെച്ച് പിടിപ്പിച്ച ചോലമരങ്ങളുള്ള റോഡ്, ആൾ താമസം ഇല്ലാത്ത കുറെ ദൂരം, ആ റോഡ് അവസാനിക്കുന്നിടത്തു തൃശൂർ നിന്ന് വരുമ്പോൾ വലതു വശത്തായി വലിയ ഒരു പാറക്കെട്ട്, ഒരു വലിയ കുന്നു അതിന്റെ താഴെയായി തെളിനീരുള്ള വലിയ കുളം, കുന്നംകുളം ആകാറായി. പിന്നങ്ങോട്ട് വീടുകളുടെ ഘടനയും വളരെ പ്രത്യേകത ഉള്ളതാണ്, ജനാലയും ജാളികളും മട്ടുപ്പാവുമൊക്കെ ഒരു പ്രത്യേക തരത്തിലുള്ളവ ചെത്തിമിനുക്കിയ വെട്ടുകല്ലിൽ പണിഞ്ഞവ, മട്ടുപ്പാവിലെ മൂലക്കുള്ള വെട്ടുകല്ലുകൾക്കു കടും നീലയും ചുവപ്പും നിറം , കുറെയധികം ജനാലകൾ, മേല്ക്കൂരയുടെ പുറത്തോട്ടു തള്ളി നിൽക്കുന്ന ഭാഗം, രണ്ടടിയെങ്കിലും ഉണ്ടാവും, ഇങ്ങനെ തള്ളി നിൽക്കുന്ന മോന്തായം ഉള്ളതിനാൽ വെയിൽ നേരെ വീട്ടിനകത്തേക്ക് കടക്കില്ല, തണൽ ഉറപ്പാക്കുന്ന ലളിതമായ ഒരു വിശദാംശം. ഒട്ടുമുക്കാൽ വീടുകൾക്കും രണ്ടു നിലയുണ്ടാവും, മച്ചുള്ള പുരകൾ; പിന്നെ സംസാരം കേട്ടാൽ സംശയിക്കയെ വേണ്ട, ആരോഹണവും അവരോഹണവുമായി വളരെ വികാരത്തോടെ, ഭാവത്തോടെ, അനൗപചാരികമായ നാടൻ ശൈലികൾ നിർലോഭം കുത്തിനിറച്ച രസിപ്പിക്കുന്ന ശൈലി, ആർക്കും ഒന്നു അനുകരിക്കണം എന്ന് തോന്നിപ്പോകുന്ന നിർദോഷങ്ങളായ പ്രയോഗങ്ങൾ.
നല്ല ഒന്നാന്തരം ഏത്തക്ക കിട്ടുന്ന ഇടമാണ് കുന്നംകുളം, ഏറ്റവും നല്ല പപ്പടവും, വെള്ളത്തിലിട്ടാലും , നല്ല ബലൂൺ പോലെ വീർത്തു പൊങ്ങി വരുന്ന പപ്പടം, ലോലമായ രണ്ടു പുറങ്ങൾക്കിടയിൽ കാറ്റ് കയറി കുമിളിക്കുന്ന പപ്പടം. കുന്നംകുളത്തു പോയാൽ പപ്പടവും ഏത്തക്കയുമില്ലാതെ ആരും തിരികെ വരാറില്ല.
കുന്നംകുളത്തു ടൗണിനു പാറഎന്നാണ് പറയുക, വെട്ടുകല്ല് ചെത്തി മിനുക്കി കെട്ടിപ്പൊക്കിയ രണ്ടും മൂന്നും നിലയുള്ള വീടുകൾ ലൈൻ കെട്ടിടം പോലെ നിരന്നു നിൽക്കുന്ന അങ്ങാടി, വളരെ വീതി കുറഞ്ഞു റോഡ്, എല്ലാ വീടിന്റെയും താഴത്തെ നിലയുടെ മുൻവശത്തു എന്തെങ്കിലും കച്ചവടം പുറകിൽ കൃഷി ഇറക്കിയത് ഉണക്കാനും, സംഭരിക്കാനും ഒക്കെ ഉള്ള തളം. പ്രെസ്സുകളുടെ നാടാണ് കുന്നംകുളം, നോട്ട്ബുക്കുകൾ പാഠപുസ്തകങ്ങൾ ഇതെല്ലം കുടിൽ വ്യവസായം പോലെ മിക്ക വീടുകളിലും ഉണ്ടാക്കി പോന്നിരുന്നു. അച്ചടിയുടെ ഈറ്റില്ലം, വലിയ അച്ചടിയന്ത്രങ്ങൾ ഉപയോഗിച്ചാണ് ഇവിടെ അച്ചടി നടന്നിരുന്നത്, മുറികൾക്ക് ഉയരം ഇല്ലാത്തതിനാൽ തറ താഴോട്ടു കുഴിച്ചാണ് യന്ത്രങ്ങൾ ഇറക്കി വെച്ച് പ്രവർത്തിച്ചിരുന്നത്. എന്റെ അപ്പ കൊല്ലത്തു പ്രസ് തുടങ്ങാനുള്ള പ്രചോദനം കുന്നംകുളത്തെ അച്ചടി വ്യവസായം ആയിരുന്നു കുന്നംകുളം ദേശത്തു കിട്ടാത്ത സാധനങ്ങൾ ഉണ്ടായിരുന്നില്ല, അച്ഛനും അമ്മയും ഒഴികെ എല്ലാം കിട്ടുന്ന ഇടം, കുന്നംകുളം ദേശം വലിയൊരു കച്ചവട കേന്ദ്രമായിരുന്നു. വളരെയധികം പരിശ്രമശാലികളും, ഉല്സുകരുമായ പ്രാഗൽഭ്യമുള്ള ആൾക്കാർ, ഒന്നിനും പിന്നോക്കം നിൽക്കാത്ത നൈപുണ്യം,
അടക്കമരത്തിന്റെ തുഞ്ചത്തു നിന്ന് ഊക്കോടെ മറ്റൊരു തുഞ്ചത്തേക്ക് ആകാശത്തൂടെ പറന്നാടി കയറി അടയ്ക്ക പറിക്കുന്ന കാഴ്ച കണ്ടു കൊതിതീർന്നിട്ടില്ല ഇന്നും, നീളമുള്ള വടം പോലെയുള്ള കയറ് പുരയിടത്തിലെ വലിയമരത്തിന്റെ കൊമ്പിൽ, അല്ലെങ്കിൽ രണ്ടു തെങ്ങിൽ കൂട്ടി കെട്ടിയുണ്ടാക്കുന്ന ഊഞ്ഞാലിന്റെ മടലിലോ ഉലക്കയിലോ ഉള്ള ഇരിപ്പിടത്തിൽ ഇരുന്ന് പൊക്കംകൂടിയവർ തറയിൽ കാലു കുത്തി ആക്കം കൂട്ടി നീലാകാശത്തേക്കു പറക്കുമ്പോൾ, ആകാശം മുട്ടെ പോയി വരുമ്പോൾ എന്തൊക്കെയോ മനസ്സ് നിറയെ കിട്ടിയ പ്രതീതിയാണ്, നിഷ്കളങ്കമായ ആഹ്ലാദം മാത്രമാണ് മനസ്സ് നിറയെ, മറ്റൊന്നും ഓർക്കാനോ ആലോചിക്കാനോ പറ്റില്ല, വെറുതെ അപ്പൂപ്പൻ താടി പോലെ പറക്കാനേ പറ്റൂ, അതുപോലെ ഒരനുഭൂതിയാണ് ഓരോരോ അടയ്ക്ക മരത്തിന്റെ തുഞ്ചത്തുനിന്ന് പറന്നുപറന്നു നടക്കുന്നവരെ താഴെ നിന്ന് നോക്കി കാണുമ്പോൾ.
ഇത് കുന്നംകുളത്തിന്റെ മാത്രം പ്രത്യേകത.
കുന്നംകുളത്തുള്ളവരുടെ അതിസൂക്ഷ്മമായ കൈവിരുതിന്റെ ചാരുത അനുഭവിച്ചറിയാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. കുന്നംകുളത്തെ വല്യപ്പച്ചൻ തുടങ്ങിയ Royal Smiths എന്ന സ്ഥാപനത്തിലുണ്ടാക്കിയ കത്രിക, കത്തി, പാത്രങ്ങൾ ഇന്നും ഉപയോഗിക്കുമ്പോൾ അറിയാതെ നമിച്ചു പോകുന്നു കുന്നംകുളത്തെ പ്രതിഭകളെ. എഞ്ചിനീയറിംഗ് വിസ്മയങ്ങൾ, വൈശിഷ്ട്യമേറിയ സൃഷ്ടികൾ..
ഈ യാത്ര തുടരുന്നതായിരിക്കും
Leave A Comment