വേണുവിന്റെ ശബ്ദമാണ് കേട്ടത്, വേണുവെത്ര ഉറക്കെ വിളിച്ചുകൂവിയാലും അശരീരി പോലെ കേൾക്കൂ, അത്രയ്ക്ക് സൗമ്യനാണ് വേണു,
അയ്യോ! നമ്മുടെ ഉണ്ണി
വേധാനന്ദ് വീണ്ടും ചോദിച്ചു ഉണ്ണി, ഉണ്ണിക്കെന്തു പറ്റി
ഓടി വാ, ഓടി വാ, നമ്മുടെ ഉണ്ണിക്ക് അനക്കമില്ല,
ഉണ്ണിക്കു ബോധമില്ല, എത്ര വിളിച്ചിട്ടും അനങ്ങുന്നില്ല
കേട്ട പാതി കേൾക്കാത്ത പാതി ഞാനാ പയ്യന്റെ കൈ പിടിച്ചിട്ടു വാ എന്ന് മലയാളത്തിലും, പിന്നെ മുറി ഹിന്ദിയിൽ “ആയിയെ” എന്നും പറഞ്ഞു ഓടാൻ തുടങ്ങി. ഞങ്ങളൊക്കെ അങ്ങനെയായിരുന്നു , ആർക്കെങ്കിലും ഒരു പ്രശ്നം ഉണ്ടെന്നറിഞ്ഞാൽ പിന്നെ വായും നോക്കി നിൽക്കില്ല . ഓടിയിറങ്ങി മുന്നിൽ തന്നെ നിന്ന് കാര്യങ്ങൾ നോക്കിക്കണ്ടു ചെയ്യുന്നതാണ് ഒരു രീതി, ഭവിഷ്യത്തുകൾ ആലോചിച്ചു അറച്ചു നിൽക്കാറില്ല. അതിനിപ്പോ ആണെന്നോ, പെണ്ണെന്നോ വ്യത്യാസമില്ല ആവശ്യത്തിന് ഉപകരിക്കാനുള്ളതാണ് നമ്മുടെ ജന്മം. അപ്പോഴവിടെ സമയമോ, കാലമോ, ഏറ്റക്കുറച്ചിലോ, വ്യക്തിയുടെ ജാതകമോ, കുലമോ, നോക്കാറില്ല, അന്നുമില്ല, ഇന്നുമില്ല. അങ്ങനെ പഠിപ്പിച്ച അമ്മയോടും അപ്പയോടും എന്നും കടപ്പെട്ടിരിക്കുന്നു. സ്വന്തം കാലിൽ നിൽക്കാനും, കാര്യങ്ങൾ ചെയ്യുന്നതിനുമാണ് 1965 മുതൽ സൈക്കിൾ ചവുട്ടാനും, പല തരം ഇരുചക്രവാഹനങ്ങൾ ഓടിക്കാനുമൊക്കെ പഠിപ്പിച്ചതും, തനിയെ ഓരോന്ന് ചെയ്യാനുള്ള പ്രോത്സാഹനവും, ധൈര്യവും തന്നതും.
പലരും പലതും പറയാൻ ശ്രമിച്ചിട്ടുണ്ട്, അതൊക്കെ ലോക സഹജമാണെന്നാണ് വീട്ടിൽ പറയാറുള്ളത്, അതും കേട്ട് മോങ്ങിക്കൊണ്ടു ചെന്നാൽ വലിയ സഹതാപമൊന്നും കിട്ടില്ല, നേരിടണം, എന്തിനെയും ധൈര്യമായി നേരിട്ടേ പറ്റൂ. വേറെ ജോലിയും കൂലിയും ഇല്ലാത്തവർ എന്നും, എപ്പോഴും ഓരോന്ന് കണ്ടുപിടിച്ചു പറഞ്ഞു കൊണ്ടേ ഇരിക്കും. എല്ലാവരെയും പ്രീതിപ്പെടുത്തി ജീവിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്.
പടി ഇറങ്ങി താഴെ ചെന്നപ്പോൾ അവൻ എന്നെ തള്ളി മാറ്റിയിട്ടു മുന്നേ കുതിച്ചു. ഞാൻ പിന്നാലെയും. തടാകത്തിന്റെ ഓരത്തു തിട്ട കെട്ടിയിട്ടുണ്ട്, Dal തടാകത്തിലെ വഞ്ചികൾ അടുപ്പിക്കാൻ . ഉണ്ണി വിറങ്ങലിച്ചു കിടക്കുന്നു. എന്റെ നെഞ്ചു കാളി.
ആദ്യത്തെ സെമസ്റ്റർ തുടങ്ങിയപ്പോഴാണ് ഒരു ദിവസം ഉണ്ണിയും, ഹരിയും, വേണുവും കൂടി എന്റെ വീട്ടിൽ വന്നത്, ക്ലാസ് തുടങ്ങുന്നതിനു മുന്നേ തന്നെ വേണുവിനെ ‘അമ്മ പരിചയപ്പെട്ടിരുന്നു. ഹരി രാമകൃഷ്ണൻ, ഹരിയുടെ അച്ഛൻ, സ്കൂളിലെ പ്രധാന അധ്യാപകനാണ്, ഹരിയുടെ വീട് കരിക്കോട്ട്ഞങ്ങളുടെ കോളേജിന്റെ പുറകിലായി വരും. ഒരു വലിയ പറമ്പും അതിൽ നിറയെ മരങ്ങളും അതിന്റെ നടുക്കായി ഒരു സ്വപ്ന വീടും. അവിടെ അച്ഛനും അമ്മയ്ക്കും ഒരേയൊരു മകൻ, നേര്ച്ച നേർന്നുണ്ടായ മകൻ തന്നെയാണ്, അച്ഛന്റെയും അമ്മയുടെയും കണ്ണിലുണ്ണിയായ ഹരി എന്നും വീട്ടിലെ കുഞ്ഞു വാവ ആയിരുന്നു, വെളിയിലിറങ്ങിയാൽ ആരെയും മയക്കുന്ന വിധേയത്വവും, നിഷ്കളങ്ക പരിവേഷം അണിഞ്ഞ ഒരു നിര്ദ്ദോഷി. എന്റെ അമ്മയ്ക്കും അപ്പക്കും ഹരി എന്ന് പറഞ്ഞാൽ വല്ലാത്തൊരു വാത്സല്യം ആയിരുന്നു, അതുകൊണ്ടു തന്നെ അമ്മയുണ്ടാക്കുന്ന പലഹാരങ്ങളുടെ കലവറയായ മീറ്റ് സേഫിൽ എന്തൊക്കെ എവിടെ ഒക്കെ ഉണ്ടെന്നുള്ള വിവരം അറിയാം എന്ന് മാത്രമല്ല അതെപ്പോൾ വേണമെങ്കിലും എടുക്കാൻ സ്വാതന്ത്ര്യമുള്ള ആളും ഹരി മാത്രമായിരുന്നു.
ഇവരുടെ രണ്ടു പേരുടെയും കൂടെയാണ് ഉണ്ണി വന്നത്, സർവ്വേയുടെ പുസ്തകവും, ക്ലാസ് പരീക്ഷക്ക് തയ്യാറാവാനുള്ള നോട്ടും വാങ്ങാൻ. അതിനു മുന്നേ എങ്ങും കണ്ടിട്ടില്ലാത്ത കുട്ടി ആയതു കൊണ്ട് ‘അമ്മ സ്റ്റാൻഡിൽ പിടിച്ചു. താമസം എവിടെ എന്ന് ചോദിച്ചപ്പോൾ ഉണ്ണി പറഞ്ഞത് തേവള്ളി ക്വാർട്ടേഴ്സ് എന്നാണ് അപ്പോൾ ‘അമ്മ കുറച്ചു കൂടി കടുപ്പിച്ചു ചോദിച്ചു, അച്ഛനെന്തു ചെയ്യുന്നു? അച്ഛൻ പൊലീസിലെ കൂടിയ ആളാണെന്നു പറഞ്ഞതും ചോദ്യങ്ങൾ അവസാനിച്ചു അപ്പോളാണ് വേണു കയറി ഇടപെട്ടത് അമ്മേ, ഇവനും ചവറക്കാരനാണ്, പിന്നെ കഥ മാറി, ചവറയെ തൊട്ടു കളിക്കാൻ സമ്മതിക്കില്ല, അത്രക്കൊരു ആത്മ ബന്ധമാണ് അമ്മക്ക് ചവറയോട്. കുഞ്ഞുന്നാളിൽ അമ്മയുടെ കണക്കിലുള്ള വിശ്വാസമില്ലായ്മ മാറ്റാൻ വളരെ അധികം ആത്മവിശ്വാസം നൽകിയ ഈശ്വരപിള്ള സാറിന്റെ നാടാണ്ചവറ. അപ്പോൾ ഉണ്ണി പറഞ്ഞു എന്റെ ‘അമ്മയുടെ പേര് തങ്കമണി അച്ഛന്റെ പേര്.. അതൊന്നും പറയാനോ കേൾക്കാനോ നില്കാതെ ‘അമ്മ ഒരു വീട്ടു പേര് ചോദിച്ചു, ചവറയിലെ പേരുകേട്ട ഒരു കുടുംബത്തിലെ തങ്കമണി ആണോ എന്നും, അതേ എന്ന് മുഴുവൻ പറയണ്ട വന്നില്ല
‘അമ്മ അപ്പോൾ തന്നെ ഉണ്ണിയെ മാറ്റി നിർത്തി വീട്ടിലെ ഫോൺ നമ്പര് വാങ്ങി, അപ്പയുടെയും അമ്മയുടെയും മുറിയുടെ മൂലക്കിരിക്കുന്ന കറുത്ത കുന്ത്രാണ്ടം, എടുത്തു കറക്കി വിളിക്കാനും തുടങ്ങി. പിന്നെ കുറെ നേരത്തേക്ക് എന്റെ അമ്മക്ക് സ്വർഗം കിട്ടിയ പോലെ ആയിരുന്നു. അടുത്ത ദിവസം തന്നെ ‘അമ്മ വണ്ടിയെടുത്തു തങ്കമണി ആന്റിയെ കാണാൻ പോയി, ഞാനും പിന്നാലെ കൂടി. എന്റെ അമ്മയുടെ കൂടെ ചവറ ഹൈസ്കൂളിൽ ഒരുമിച്ചു പഠിച്ച കളികൂട്ടുകാരിയാണ് തങ്കമണി ആന്റി. അമ്മക്ക് വലിയ സ്നേഹമാണ് തങ്കമണി ആന്റി യെ. അന്ന് മുതൽ തുടങ്ങിയ ഒരാത്മബന്ധമാണ് ഉണ്ണിയുമായി. കൂടെപ്പിറപ്പിനെ പോലെ, ആ ഉണ്ണി ആണ് വെട്ടിയിട്ട മരകൊള്ളിപോലെ തണുത്തു മരവിച്ചു വിറങ്ങലിച്ചു ബോധമറ്റു കിടക്കുന്നതു.
തങ്കമണി ആന്റിയോടെന്തു പറയും.; . എന്റെ കൂടെ വന്ന പയ്യനോട് ഞാൻ ബചാവോ, ബചാവോ മേരി ഭൈയ്യാ കോ ബചാവോ എന്ന് വിളിച്ചു കൂവാൻ തുടങ്ങി, ഇച്ചിരിയും പോന്ന അവൻ എല്ലാവരെയും അങ്ങോട്ട് തള്ളി മാറ്റിയിട്ടു അവന്റെ തോളിൽ പുതച്ചിരുന്ന മിലിറ്ററി കാരുടെ പച്ച കരിമ്പടം വലിച്ചൂരി എടുത്തു, എന്നിട്ടു പൊറോട്ട വീശുന്ന പോലെ വീശിയെടുത്തു ഉണ്ണിയുടെ ദേഹം പുതപ്പിച്ചു; അതിനു ശേഷം അവൻ ഉണ്ണിയുടെ കാലിൽ കയറി പിടിച്ചിട്ടു അടുത്തു നിന്ന വേദാനന്ദിനോടും, തോമാച്ചനോടും ആംഗ്യ ഭാഷയിൽ ഉണ്ണിയെ തൂക്കി എടുക്കാൻ പറഞ്ഞു, എടുത്തു, അടുത്തുള്ള ഓഫീസ് മുറിയിലേക്ക് കൊണ്ടുപോയി തീകൂട്ടിയിരിക്കുന്ന കോണിൽ കിടത്തിയിട്ട് ഉണ്ണിയുടെ ദേഹത്തൊട്ടു പൊത്തോന്ന് കിടന്നു, അള്ളി പിടിച്ചു, വീണ്ടും ആംഗ്യ ഭാഷയിൽ ഉണ്ണിയുടെ ശരീരം മറയത്തക്ക വിധം എല്ലാവരോടും ചേർന്ന് കിടക്കാൻ പറഞ്ഞു കിട്ടിയ അവസരം ഹരിയും, വേണുവും, രാജൻ പി ഡി യും കൂടി തലങ്ങും വിലങ്ങും കിടന്നു ഉണ്ണിയുടെ ശരീരം കാണാൻ പറ്റാത്ത വണ്ണം ചേർന്ന് കിടന്നു, അപ്പോഴേക്കും എന്താണെന്നു മനസ്സിലാവാതെ ടോം തോമസും നവാസുമെല്ലാം ഓടിയെത്തി പയ്യന്റെ പുറത്തേക്കു മറിഞ്ഞു അവന്റെ ശ്വാസം നിന്നെന്നു തോന്നി പക്ഷെ ആരും വിട്ടില്ല എല്ലാവരും അള്ളിപ്പിടിച്ചു ഉണ്ണിയെ വിടാതെ കിടന്നു. 30 മിനിറ്റിനകം ഉണ്ണിയുടെ ദീനരോദനം പുറത്തു വന്നു എടാ എന്നെ കൊല്ലല്ലേ എന്ന്, അപ്പോളേക്കും കൗണ്ടറിലെ തൊപ്പിക്കാരൻ ഓടി വന്നു എല്ലാവരെയും പിടിച്ചു പൊക്കി.
ഉണ്ണിയുടെ ശരീരം ചൂടായിരിക്കുന്നു , ജീവൻ രക്ഷിക്കാനുള്ള പ്രായോഗികമായ തന്ത്രം ഫലിച്ചിരിക്കുന്നു. ഞാനന്ന് പഠിച്ചതാണീ CPR. തണുത്തു വിറച്ചു കോച്ചിയ മനുഷ്യനെ പുനര്ജീവിപ്പിക്കാൻ മനുഷ്യന്റെ ചൂടിനോളം പോന്ന ഒരു പ്രായോഗിക CPR വേറെയില്ല. വൈദ്യസഹായം കിട്ടുന്നിടം വരെ തണുത്തു കോച്ചിയ ഏതൊരു ജീവിക്കും നൽകേണ്ട പ്രഥമശുശ്രൂഷ ചൂടാണ്, യന്ത്രങ്ങളും ചികിത്സയും കിട്ടുന്നതിന് മുന്നേ ചെയ്യാവുന്ന പ്രാഥമിക ചികിത്സയാണു ഞങ്ങളുടെ ഹോട്ടലിലെ കൊച്ചു പയ്യൻ പഠിപ്പിച്ച പാഠം. അത് ഫലിച്ചു. ഉണ്ണി ഉണർന്നു. രക്ത ഓട്ടം തുടങ്ങി.
ചൂടുള്ള എന്തോ ഒരു ദ്രാവകം ഉണ്ണിക്കു കുടിക്കാൻ കൊടുത്തു. 10 minute കഴിഞ്ഞപ്പോൾ ഉണ്ണി ഹിന്ദി പാട്ടു പാടാൻ തുടങ്ങി. ധം ആരോ ധം, ആ പാട്ടങ്ങനെ ആണോ ധമ്മരോധം എന്നൊറ്റക്കു പാടണ്ട സംഗതി അല്ലേ? എന്ന് ഞാൻ മനസ്സിൽ പറഞ്ഞു, പുറത്തു പറഞ്ഞില്ല. ഉണ്ണി ഉണർന്നല്ലോ എന്നുള്ള സന്തോഷമായിരുന്നു എനിക്ക് .
ആരൊക്കെയോ തൊപ്പിക്കാരനോട് അവർക്കും ആ മരുന്ന് കൊടുക്കാമോ എന്ന് ചോദിക്കുന്നത് കേട്ടു, തൊപ്പിക്കാരൻ ഇപ്പൊ ശരിയാക്കിത്തരാം എന്ന് പറഞ്ഞൊരു മുങ്ങു മുങ്ങി, പിന്നെ പൊങ്ങിയപ്പോൾ അദ്ദേഹത്തിന്റെ കൂടെ ഞങ്ങളുടെ 2 സാറന്മാരും ഉണ്ടായിരുന്നു.
അതി സാഹസികമായ സംഭവവികാസങ്ങൾക്കു സാക്ഷ്യം വഹിച്ച ഞങ്ങൾ ഓരോരുത്തരും ശ്വാസമടക്കി പിടിച്ചു നിന്നു. സാറ് ചോദിക്കുമ്പോൾ എങ്ങനെ ഇത് സംഭവിച്ചു എന്ന് ഉണ്ണിക്കു മാത്രമേ പറയാൻ പറ്റൂ. അങ്ങനെ എല്ലാവരും യാഥാർഥ്യം അറിയാനായി വളരെ ആകാംഷയോടെ കാത്തിരുന്നു.
നമ്പൂതിരി സാറപ്പോൾ ഞങ്ങളുടെ അടുത്തെത്തി, എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു. ആരും ഒന്നും മിണ്ടിയില്ല, ഗൗരി അന്തർജനം മാത്രം അപ്പോഴും മൃതസഞ്ജീവനി സ്തോത്രം ഉരുവിട്ടുകൊണ്ടു പരംപൊരുളായ ഭഗവാൻ ശിവനോട് പ്രാർത്ഥിക്കയായിരുന്നു. എല്ലാവരെയുംകാത്തുകൊള്ളണേ എന്ന്.
സൗമ്യനായ John Cherian സാർ ഉണ്ണിയുടെ അടുത്തിരിപ്പായി. എന്നിട്ടു പതിയെ ചോദിച്ചു എന്താണ് സംഭവിച്ചത് .
ഉണ്ണി പതുക്കെ കഥയുടെ ചുരുളഴിച്ചു .
ഈ യാത്ര തുടരുന്നതായിരിക്കും
Leave A Comment