രണ്ടു മണിയോടെ ബാച്ച് ബാച്ച് ആയി എല്ലാവരും ഊണ് കഴിച്ചു കഴിഞ്ഞു, ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറഞ്ഞതനുസരിച്ചു, ഞങ്ങളും, സായിപ്പുമാരും, മദാമ്മമാരും, മറ്റു യാത്രക്കാരും എല്ലാവരും ഡൈനിങ്ങ് ഹാളിൽ നിറഞ്ഞു. വിനോദ യാത്രക്കാരായ ഞങ്ങളുടെ കൂട്ടത്തിലേക്കു കപ്പലിൽ ഉള്ളവരെല്ലാം ചേർന്നപോലൊരു അനുഭൂതിയായിരുന്നു.
ഡൈനിങ്ങ് ഹാളിൽ ഭക്ഷണം നിരത്തിവെച്ചിരുന്നതു ഒരടി പൊക്കത്തിലുള്ള ഒരു സ്റ്റേജിന്റെ പുറത്തായിരുന്നു. എല്ലാവരും ഉണ്ട് കഴിഞ്ഞതും, ലിംകാ വിറ്റു നടന്ന പയ്യന്മാർ ഭക്ഷണം നിരത്തി വെച്ചിരുന്ന മേശയെല്ലാം രണ്ടു സൈഡിലോട്ടു മാറ്റിയിട്ടു.
അപ്പോഴേക്കും പളപളാന്നു തിളങ്ങുന്ന ചുവന്ന സാറ്റിൻ നിറത്തിലെ മേലങ്കി ധരിച്ച, കറുത്ത പാന്റും തിളങ്ങുന്ന silver ബട്ടൺ പതിച്ച കോട്ടുമിട്ട , പൊക്കം കൂടിയ ഒരാൾ സ്റ്റേജിൽ പ്രത്യക്ഷപെട്ടു. കണ്ടാൽ ഒരു ജാലവിദ്യക്കാരൻ ആണെന് തോന്നി പോകും. കാക്കി നിക്കറിട്ട പയ്യന്മാരെല്ലാം നിറമുള്ള ബെൽബോട്ടവും കൈയ്യില്ലാത്ത ബന്യനുമായി സ്റ്റേജിൽ നിരന്നു. അവരുടെ കൈയ്യിൽ പലതരത്തിലെ വാദ്യോപകരണങ്ങൾ.
ആഴ്ചയിൽ 5 ദിവസം സ്കൂളിൽ കൂട്ടുകാരോടും അദ്ധ്യാപകരോടും ഒപ്പം , ശനിയാഴ്ച എപ്പോൾ നോക്കിയാലും വീട്ടിൽ അയലത്തുകാരും, സ്വന്തക്കാരും, ബന്ധക്കാരും, കൂട്ടുകാരും . ഞായറാഴ്ച നേരം വെളുത്താൽ ഉച്ച വരെ പള്ളിയും സൺഡേ സ്കൂളും, അങ്ങനെ 365 ദിവസവും എല്ലാവരുമായി ഒത്തൊരുമിച്ച് ജീവിച്ച എനിക്ക് ആൾക്കാരുമായി പരിചയപ്പെടാനും ഇടപഴകാനും അധിക നേരം വേണ്ടി വരാറില്ല.
എല്ലാകൂട്ടത്തിലും അന്തര്മുഖരായ ആൾക്കാരും, മസിലു പിടിച്ചിരിക്കുന്നവരും സാധാരണയാണ്. എന്നെ പോലെ ചലപില കല പില എന്ന് പറഞ്ഞു ചിരിച്ചു കളിച്ചു നടക്കുന്നവർക്ക് അവരെയൊക്കെ സംഘടിപ്പിച്ചു സ്റ്റേജിന്റെ നേരെ മുന്നിലല്ലെങ്കിലും മുറിക്കകത്തു കൊണ്ടെത്തിക്കുന്നതിൽ പ്രയാസമുണ്ടായില്ല . എല്ലാവരും ഒത്തുകൂടിയാലേ ഇങ്ങനെയുള്ള സന്ദർഭങ്ങൾ ആഘോഷമാക്കാൻ പറ്റുള്ളൂ. ക്ലച്ച് പിടിച്ചു കിട്ടിയാൽ പിന്നെ പലരെയും പിടിച്ചാൽ കിട്ടില്ല എന്ന് കഴിഞ്ഞ കുറെ ദിവസങ്ങളിലെ അനുഭവം സാക്ഷ്യപെടുത്തിയിരുന്നു.
നീണ്ട കോർഡിന്റെ അറ്റത്തുള്ള മൈക്കെടുത്തു കൈയ്യിൽ പിടിച്ചു ജാലവിദ്യക്കാരൻ Hello Everybody, I am all yours, your MC and DJ എന്ന് പറഞ്ഞപ്പോൾ ഹാളിൽ ഉണ്ടായിരുന്ന എല്ലാവരും സന്തോഷത്തോടെ ഓരിയിടാനും, കൈയ്യടിക്കാനും തുടങ്ങി.
എല്ലാവരുടെയും പെരുമാറ്റത്തിൽ ഒരയവ് വന്ന പോലെ തോന്നി. ഒരു കാര്യമുണ്ട് ഇറങ്ങി എങ്ങും ഓടാൻ പറ്റില്ല, പരന്നു കിടക്കുന്ന സമുദ്രത്തിന്റെ മാറിൽ, കടലിലെ ഓളങ്ങൾക്കൊപ്പം ഒരു വലിയ ഉരുളിയിൽ ഒത്തൊരുമയോട് സ്നേഹിച്ചും സല്ലപിച്ചും കുറെ മണിക്കൂറുകൾ. കരക്ക് അടുപ്പിക്കാതെ തന്നെ ഇടയ്ക്കു തീരത്തു നിന്ന് ചെറിയ വള്ളത്തിൽ ഒന്നോ, രണ്ടോ ആളിനെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ബാക്കി എല്ലാവരും പിറ്റേന്ന് രാവിലെ Goa എത്തുന്നിടം വരെ കപ്പലിൽ തന്നെ കഴിഞ്ഞേ പറ്റൂ. ഞങ്ങൾ യാത്രക്കാരെ എല്ലാം ഒരു കൊച്ചു സമുദായത്തിന്റെ ഭാഗമാക്കാൻ കപ്പലിലെ തൊഴിലാളികൾ സംഘടിപ്പിക്കുന്ന പല പല പരിപാടികളിൽ ഒന്നായിരുന്നു തംബോലയും, പാട്ടും, നൃത്തവും. ജാതിയോ മതമോ രാജ്യങ്ങളുടെ അതിർവരമ്പുകളോ ഇല്ലാത്ത ഒരു വലിയ കൂട്ടം, ഈ യാത്രയിലൂടെ എല്ലാവരും പരിചയക്കാരും, കൂട്ടുകാരുമൊക്കെ ആയി. ഒരു വലിയ കൂട്ടായ്മ ആയിരുന്നു. ഒരു ഉല്ലാസ മേള പോലെ, പാട്ടും കളിയും ചിരിയും കഥപറച്ചിലും അതിന്റെ ഇടയിൽ അല്പം വായ്നോട്ടവും.
തംബോല തുടങ്ങുന്നതിനു മുൻപായി കപ്പലിലെ ജോലിക്കാരുടെ ഒരു band മേളം ഉണ്ടായിരുന്നു, ഇംഗ്ലീഷിലെ പേരുകേട്ട ചില പാട്ടുകൾ പാടിത്തുടങ്ങിയപ്പോൾ ഗിറ്റാറുമായി സായിപ്പുമാരും, മദാമ്മമാരും കൂടെ കൂടി. വള്ളികയറ് പോലെ പിരിഞ്ഞു കിടക്കുന്ന ജടയും, തലയും ഈണത്തിൽ ആട്ടി, ശരീരം പതുക്കെ അങ്ങോട്ടുമിങ്ങോട്ടും ആടി,ഗിറ്റാറിന്റെ തന്ത്രികളിൽ ഈണങ്ങൾ മീട്ടി അവരും പാടി തുടങ്ങി.
മനസ്സിനും ശരീരത്തിനും വളരെയധികം ഉന്മേഷം തരുന്ന വ്യായാമമാണ് നൃത്തം. നൃത്തം എന്ന പദം കൊണ്ടുദ്ദേശിക്കുന്നത് ഭരതനാട്യവും, മോഹിനി ആട്ടവും അടങ്ങിയ ശാസ്ത്രീയ നൃത്തമല്ല. വെറുതെ കൊച്ചുകൊച്ചു ചുവടു വെച്ച് ശരീരം അങ്ങോട്ടുമിങ്ങോട്ടും മെല്ലെ സംഗീതത്തിന്റെ താളത്തിനൊപ്പം ചലിപ്പിച്ചാൽ മതി.
കണ്ണടച്ചായാലും മതി, അതാണ് എളുപ്പം, നമ്മൾ അല്ലെങ്കിലും പൊതുവെ നാണക്കാരാണല്ലോ. ആരെങ്കിലും കാണുന്നതാണ് നമ്മുടെ ഏറ്റവും വലിയ പ്രശ്നം. ചെറുപ്പം മുതലേ നമ്മൾ കേൾക്കാറുള്ള ഓർമ്മിപ്പിക്കലുകൾ, തലയിൽ കുത്തിക്കയറ്റി വെച്ചിരിക്കുന്ന ശാസനകൾ.
ആരെങ്കിലും കാണും ശ്ശൊ ..
അതുകൊണ്ടു കണ്ണടച്ച് പതുക്കെ പതുക്കെ താളത്തിൽ ചലിക്കാമെങ്കിൽ ഇതിൽ പരം ഒരു ആനന്ദമില്ല.
പുറം രാജ്യക്കാരുടെ ജീവിതത്തിന്റെ ഭാഗമാണ് നൃത്തം. ആഫ്രിക്കയിലുള്ളവരുടെ അത്രയും ആസ്വദിച്ചു നൃത്തം ചെയ്യുന്നവരെ ഞാൻ വേറെ കണ്ടിട്ടില്ല. അവരുടെ ചടുല നൃത്ത ചുവടുകൾക്കു മുന്നിൽ പിടിച്ചു നിൽക്കാൻ കഴിവുള്ള വേറെ ഏതെങ്കിലും വംശക്കാരുണ്ടോ എന്നെനിക്കറിയില്ല. കുഞ്ഞു കുട്ടി ആബാലവൃദ്ധം ആൾക്കാരും ചുവടു വെക്കുന്ന ഭൂഖണ്ഡം.
പാട്ടിലൂടെയും നൃത്തത്തിലൂടെയും എല്ലാവരും ഒന്ന് ഉഷാറായപ്പോൾ MC തംബോല തുടങ്ങാൻ പോകുന്ന വിവരം വിളിച്ചറിയിച്ചു. യാത്രക്കാരെല്ലാം ഒരു വലിയ കൂട്ടായ്മയുടെ ഭാഗമായി, ഇവിടെ എല്ലാവരെയും ബന്ധിച്ച കണിക ഉല്ലാസവും, സ്നേഹവും മാത്രം. ചിരിയും കളിയും ബഹളവുമായി ,മാറിയും, തിരിഞ്ഞും, കൂട്ടം തെറ്റിയും കിട്ടിയ സ്ഥലത്തൊക്കെ ഇരുപ്പും നിൽപ്പുമായി. എന്റെ തൊട്ടു പുറകിലായി ആരോ ഗിറ്റാറിന്റെ കമ്പിയിൽ സ്ട്രൈക്കർ വെച്ച് പടാപടാന്നു കൊട്ടുന്ന ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കിയപ്പോ മദാമ്മയുടെ ഗിത്താര് തോളിൽ തൂക്കിയ നവാസാണ് .
അപ്പോഴും ഞാൻ ഓട്ടോറിക്ഷ സ്റ്റാർട്ട് ആക്കുന്ന പോലെ അമർത്തിപ്പിടിച്ചു ചിരിച്ചു പോയി. ഈ നവാസിന്റെ ഒരു കാര്യം. ഇപ്പുറത്തു നിന്ന നാസറിനോട് ഞാൻ പറഞ്ഞു നാസറെ നവാസിന്റെ പുറത്തൊരു കണ്ണ് വേണേ , Goa- യിൽ ഇറങ്ങുമ്പോ അവരുടെ കൂടെ പോകാതെ നോക്കിക്കോണേ, നമുക്ക് തിരികെ കൊണ്ടുപോയി ഉമ്മാനെ ഏല്പിക്കേണ്ട ആളാണ്, അല്ലെങ്കിൽ സുലൈമാൻ ഇക്ക ബെൻസിൽ വന്നു നമ്മളെ പൊക്കും.
തംബോല കളി തുടങ്ങിയപ്പോൾ ഉണ്ടായ യോജിപ്പും ആഹ്ലാദവും ഒന്ന് കാണേണ്ടതായിരുന്നു, ആർക്കെങ്കിലും ഒരു വരി കിട്ടിയാൽ, ഒരു കളം കിട്ടിയാൽ വലിയ വായിൽ വിളിച്ചു കൂവി സ്റ്റേജിലേക്കോടി കയറി , രണ്ടു കൈയും ആകാശത്തേക്ക് ചുരുട്ടി എറിഞ്ഞുള്ള, ആവേശ തിമിർപ്പായിരുന്നു. എല്ലാവരും കൂവലും, വിളിയും, പറച്ചിലുമായി കൊച്ചുകുട്ടികളെ പോലെ ആർത്തുല്ലസിക്കാൻ തുടങ്ങി. ഒരു വല്ലാത്ത അനുഭൂതി ആയിരുന്നു.. ആരെങ്കിലും ജയിച്ചു വരുമ്പോൾ ബാൻഡ് മേളക്കാർ പടാപടാന്നു ചെവിക്കല്ല് പൊട്ടുന്ന പോലെ Drums കൊട്ടി ആഘോഷിക്കുന്നുണ്ടായിരുന്നു.
അവസാനത്തെ Full House നു വേണ്ടിയുള്ള കളി ആയി. ഓരോ നമ്പർ വിളിക്കുമ്പോഴും ആവേശം മൂത്തു മൂത്തു ഗിത്താര് ഉള്ള എല്ലാവരും ഒരുമിച്ചു കൊട്ടാൻ തുടങ്ങി,
ഇടക്കൊരു വ്യതാസത്തിനായി MC ഒരു സുന്ദരി Goa-ക്കാരി കൊച്ചിനെ സ്റ്റേജിലേക്ക് വിളിച്ചു, കപ്പലിൽ കയറിയപ്പോ മുതൽ ആരെയും മൈൻഡ് ചെയ്യാതെ ചെത്തി നടന്ന കുട്ടി, ഒന്ന് മുട്ടാൻ പലരും ശ്രമിച്ചതാ നടന്നില്ല
കൊച്ചു സ്റ്റേജിൽ കയറി നമ്പർ എടുത്തു, MC മൈക്ക് കൊച്ചിന്റെ കൈയ്യിൽ കൊടുത്തു. 9 and 6, 96. പെട്ടെന്ന് കൂവലോടു കൂവൽ. കൊച്ചിന്റെ മുഖം ചുവന്നു. ചമ്മിയ മുഖഭാവത്തോടെ തിരുത്തി 6 and 9, 69. തംബോലയുടെ അക്കങ്ങൾ 0 മുതൽ90 വരെ ആണ്.
ചമ്മൽ മാറ്റാനായി സ്റ്റേജിൽ നിന്നിറങ്ങിയ പെൺകൊച് അടത്തുകൂടിയവരോടൊക്കെ മിണ്ടാനും പറയാനും തുടങ്ങി. കുറെ പേർക്ക് സ്വർഗം കിട്ടിയ പോലെ ആയി.
അടുത്ത നമ്പർ വിളിച്ചതും രാവിലെ മുകളിലത്തെ തട്ടിൽ കണ്ട മണവാളൻ ചെക്കൻ, മണവാട്ടിപ്പെണ്ണിനെ പൊക്കി എടുത്തു കൊണ്ട് സ്റ്റേജിലേക്കോടി. ബഹളത്തിന്റെ ഇടയിൽ എല്ലാവരും കൈയ്യിലിരുന്ന പേപ്പറിൽ നമ്പർ ഉണ്ടോന്നു പോലും നോക്കാതെ അവരുടെ ആഹ്ലാദത്തിൽ മുഴുകി ഇരുന്നു പോയി
സ്റ്റേജിൽ കൊണ്ടുപോയി മണവാട്ടിയെ നിർത്തിയതും MC അടുത്ത് വന്നു കടലാസ് വാങ്ങി, കറുത്ത ബോര്ഡില് വിളിച്ച നമ്പറുകൾ അടയാളപ്പെടുത്തിയിരുന്നതുമായി ശരിയാണോ എന്ന് താരതമ്യപ്പെടുത്തി നോക്കി. എല്ലാം ശരിയായിരുന്നു. വീണ്ടും വലിയ ഹർഷാരവം. ചട പടാന്നു കൊട്ടും പാട്ടും മേളവും. സമ്മാനം എന്തായിരിക്കുമെന്നറിയാൻ എല്ലാവരും ആകാംഷയോടെ കാത്തിരുന്നു, കപ്പലിലെ കപ്പിത്താൻ വന്നു ഒരു കവർ മണവാട്ടിക്കു സമ്മാനിച്ചു . കൂടെ ഒരു കുപ്പി ഫെനിയും. കവറിന്റെ ഉള്ളിൽ കാശാണെന്നു ബോധ്യമായി. പക്ഷെ എത്ര എന്നുള്ളത് ഒരു കടംകഥ ആയി അവശേഷിച്ചു .
തംബോലകളി കഴിഞ്ഞതും രാത്രിയിലെ ഭക്ഷണത്തിന്റെ നേരം ആവുന്നത് വരെ Dining hall-ൽ തന്നെ പാട്ടും നൃത്തവുമായി ആഘോഷിക്കാമെന്നു MC പറഞ്ഞു.
എല്ലാവരും സന്തോഷത്തോടെ പാട്ടു പാടിയും, നൃത്തച്ചുവടുകൾ വെച്ചും, അവിടെയും ഇവിടെയുമിരുന്നു സല്ലപിച്ചും, നേരം പോക്കാൻ തുടങ്ങി. കുറച്ചു പേര് വീണ്ടും മുകളിലേക്ക് പോയി. അടുക്കി വെച്ച ചങ്ങാടം മേശ ആയി ചീട്ടു കളിയ്ക്കാൻ തുടങ്ങി, ഞാൻ വെള്ളത്തിന്റെ ശാന്തതയും ഓളങ്ങളും നോക്കികൊണ്ട് നിന്നു, കടൽപ്പന്നിയെന്നു വിളിക്കുന്ന Dolphin-നെ കാണാനുള്ള ആഗ്രഹത്തിൽ.
6 മണിയായതോടെ വീണ്ടും മണി മുഴങ്ങി. ഇത് ആരും എങ്ങും കൂടാനുള്ള മണിയല്ലായിരുന്നു. മറിച്ചുപ്രാർത്ഥനയുടെ മണിമുഴക്കം . ഉച്ചഭാഷിണിയിലൂടെ പ്രാർത്ഥനയുടെ സമയം ആണെന്ന് പറഞ്ഞതിന് ശേഷം കത്തോലിക്കരുടെ റോസറി ചൊല്ലാൻ തുടങ്ങി, കന്യാസ്ത്രീകളുടെ സ്കൂളിലും കോളേജിലും പഠിച്ചത് കൊണ്ട് ഇത് കാണാപ്പാഠമായിരുന്നു. ഞാനും റോസറി ഏറ്റു ചൊല്ലി, കടലിലെ ഓളങ്ങളുടെ താളത്തിനൊപ്പം Our Father- 0 Hail Mary-യും പറഞ്ഞു.
എല്ലാവര്ക്കും അവരവരുടെ വിശ്വാസങ്ങൾക്കനുസരിച്ചു പ്രാർത്ഥിക്കാനുള്ള നേരമായിരുന്നു, സന്ധ്യക്കുള്ള പ്രാർത്ഥന, ഇത്രയും നേരം ഞങ്ങളെ കാത്ത ദൈവം തമ്പുരാനെ ഓർക്കുന്ന പ്രാർത്ഥന. ഇനിയും കാത്തുകൊള്ളണമേ എന്നുള്ള പ്രാർത്ഥന.
ഗൗരി നാമം ജപിക്കുന്നതു കേൾക്കാൻ നല്ല രസമാണ്, ശ്ലോകങ്ങൾ ഉരുവിടുമ്പോൾ അറിയാതെ ലയിച്ചിരുന്നു പോകും. വാങ്ക് വിളി കേൾക്കാനില്ലെങ്കിലും സമയാസമയം നിസ്കരിക്കുന്ന കൂട്ടുകാരാണ് കൂടെ ഉള്ളത്.
അപ്പോൾ മാത്രമാണ് നവാസ് തോളിലെ ഗിത്താര് താഴെ വെച്ചത്.
ഈ യാത്ര തുടരുന്നതായിരിക്കും
Leave A Comment