ഇളയ അമ്മാച്ചനായ അനിയച്ചായൻ ഹോമിയോ ഡോക്ടർ ആണ്, എനിക്ക് വേണ്ടി ലോകത്തിന്റെ ഏതറ്റം വരെയും മരുന്നുമായി വരും നിർത്താതെ സംസാരിക്കുമ്പോൾ എനിക്ക് വളരെ പെട്ടെന്ന് തൊണ്ടയിൽ കിച് കിച് വന്നിട്ട്, പനിയായി മാറും.
കപ്പലിൽ കയറുമ്പോൾ കടല്ച്ചൊരുക്ക് വന്നാൽ കഴിക്കാനുള്ള ഇംഗ്ലീഷ് മരുന്നായ അവോമിൻ ഉണ്ടെങ്കിലും, എനിക്ക് ഹോമിയോ മരുന്നാണ് ഇഷ്ടം, അതും അനിയച്ചായന്റെ മരുന്നിലാണെന്റെ വിശ്വാസവും. അനിയച്ചായൻ മരിച്ചിട്ടു വർഷങ്ങൾ ആയി, അനിയച്ചായൻ കുഞ്ഞുന്നാള് മുതൽ എനിക്ക് തരാറുള്ള. അത്ഭുത മരുന്ന് Wyethia- അതിശയ തുള്ളികൾ, ഇന്നിപ്പോൾ ഞാൻ ഡൽഹിയിലുള്ള ഹോമിയോ ഡോക്ടറായ എന്റെ അനുജത്തി രേഖയുടെ കൈയ്യിൽ നിന്ന് മരുന്നുകൾ വാങ്ങുന്നു. അഭിമാനപൂർവ്വം പറയുന്നു അവൾ മിടുക്കിയാണ്, കാര്യങ്ങളുടെ മൂലകാരണങ്ങൾ പഠിക്കുന്നു, എന്നിട്ടു കൃത്യമായ മരുന്നുകൾ തരുന്നു. ആവശ്യമില്ലാത്ത വാഗ്ദാനങ്ങളും പ്രലോഭനങ്ങളും ഇല്ലാതെ.
എറണാകുളം എത്താൻ വെറും 2 മിനിറ്റ് മാത്രം. വീണ്ടും തോമാച്ചനോട് പറഞ്ഞു, കതകു തുറന്നു മുറുക്കെ തള്ളി പിടിച്ചിട്ടു, ഡ്രൈവറും സ്റ്റേഷനിലെ ആളും തമ്മിൽ ചൂരൽ വളയം കൈമാറുന്ന അത്ഭുത കാഴ്ച കണ്ടു, എത്ര കണ്ടാലും എനിക്ക് കൊതി തീരാത്ത കാഴ്ച ആണിത്. സാമിച്ചായനാണ് ഈ കൈമാറ്റത്തിന്റെ വിവരങ്ങൾ എനിക്ക് ആദ്യം പറഞ്ഞു തന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ ഒരു സായിപ്പ് കണ്ടുപിടിച്ച സുരക്ഷക്കുവേണ്ടിയുള്ള സമ്പ്രദായം, അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന ട്രെയിനുകൾ സ്റ്റേഷനുകളുടെ ഇടയിൽ കൂട്ടി ഇടിക്കാതിരിക്കാൻ ഉണ്ടാക്കിയ ഒരു ഗംഭീര വ്യവസ്ഥിതി. ഓരോ കണ്ടുപിടിത്തങ്ങൾ നടത്തുമ്പോഴും മനുഷ്യ ജീവനെ പരിരക്ഷിക്കാനായി സമഗ്രമായ നടപടിക്രമങ്ങൾ പിന്തുടരുന്നു, അതൊക്കെ പ്രാവർത്തികമാക്കാൻ നമ്മൾ ചട്ടങ്ങൾ കൊണ്ടുവരുന്നു, പക്ഷെ അതൊക്കെ കാണാതെ, ശീലിക്കാതെ പോയാൽ ഉണ്ടാകുന്ന അപകടങ്ങൾ എത്ര ഭീകരങ്ങൾ ആവാറുണ്ട് പലപ്പോഴും.
വളയത്തിന്റെ ചരിത്രവും, ലക്ഷ്യവുമൊക്കെ പറഞ്ഞു തന്ന സാമിച്ചായനോട് അന്ന് ഞാനൊരു ചോദ്യം ചോദിച്ചു എന്റെ ഒരു സംശയം ഒരു ട്രെയിൻ X മറിഞ്ഞു അടുത്ത പാളത്തിൽ വീണാൽ, ആ പാളത്തിലൂടെ യാത്ര ചെയ്യുന്നതിന് അസൗകര്യമോ തടസ്സമോ ഇല്ല എന്നുള്ള അനുവാദം കിട്ടിയ ട്രെയിൻ Y, മറിഞ്ഞു കിടക്കുന്ന X ട്രെയിനിൽ ഇടിക്കില്ലേ.
അപ്പോൾ അപ്പച്ചൻ കൊല്ലത്തു മയ്യനാട്ടുള്ള അപ്പച്ചന്റെ ഒരു സുഹൃത്ത് മദ്രാസ് പോർട്ടിലെ ഹാർബർ മാസ്റ്റർ ആയ ക്യാപ്റ്റൻ ബലറാമും അദ്ദേഹത്തിന്റെ ഭാര്യയും മരണമടഞ്ഞ ദാരുണമായ അപകടത്തെ പറ്റി പറഞ്ഞു, എന്റെ സംശയം ദുരീകരിക്കാൻ വേറൊരു വിശദീകരണം വേണ്ടി വന്നില്ല, കുറച്ചു വര്ഷങ്ങള്ക്കു മുന്നേ മദ്രാസ് കാട്പാടി സ്റ്റേഷന്റെ അടുത്ത് രാത്രിയിൽ ഈ ദമ്പതികൾ സഞ്ചരിച്ച ട്രയിനിലെ ഫസ്റ്റ് ക്ലാസ് കംപാർട്മെന്റ് പാളംതെറ്റി അടുത്ത പാളത്തിൽ വീണു, കുറ്റാകുറ്റിരുട്ട്, ആൾതാമസമില്ലാത്ത വിജനമായ സ്ഥലം, ട്രെയിൻ മറിഞ്ഞതും പലരും പുറത്തെ ഇരുട്ടിലോട്ടു എങ്ങനൊക്കെയോ ഇറങ്ങി, ഇവർ രണ്ടാളും മകനും ആണുണ്ടായിരുന്നത്, മകൻ അമ്മയോട് പറഞ്ഞു നമ്മക്കും പുറത്തിറങ്ങാം, പക്ഷെ ‘അമ്മ മകനോട് പറഞ്ഞു വെറുതെ ഇരുട്ടത്ത് ഇറങ്ങി നിൽക്കണ്ട ഇവിടെ ചെരിഞ്ഞാണെങ്കിലും വലിയ പ്രശ്നമില്ല; ഉടനെ തന്നെ ആരെങ്കിലും വരും ഇത് മാറ്റാൻ നമ്മൾക്ക് ഇവിടെ തന്നെ ഇരിക്കാം, പറഞ്ഞു വായിൽ നാക്കിടുന്നതിനു മുന്നേ എതിരെ ചീറി പാഞ്ഞു വന്ന മറ്റൊരു തീവണ്ടി പാളത്തിൽകിടന്ന ബോഗിയെ ഇടിച്ചു പിളർന്നു തരിപ്പണമാക്കി, വളരെ ഭീകരമായ അന്തരീക്ഷമാണ് സൃഷ്ടിക്കപ്പെട്ടതു, ചുറ്റും ദീനരോദനം മാത്രമായി,
നേരം വെളുക്കുവോളം മരിച്ചവരും. ജീവൻ അവശേഷിച്ചവരും കംപാർട്മെന്റിൽ. രാവിലെ രക്ഷാപ്രവർത്തനത്തിന് വന്നവർ കണ്ട ദാരുണ രംഗം അത്യന്തം ഹൃദയഭേദകമായിരുന്നു, മുഴുവൻ പരതിയിട്ടും ജീവനോടെ ആരും രക്ഷപ്പെട്ടതായി കാണാൻ കഴിഞ്ഞില്ല, അവർ മറ്റു പ്രവർത്തികളിൽ ഏർപ്പെടാൻ തുടങ്ങിയപ്പോൾ ആരോ ഒരാൾ ചോര വാർന്നൊഴുകിയ, ഒരു വളയിട്ട കൈ മുറിഞ്ഞ കമ്പികൾക്കിടയിലൂടെ അനങ്ങുന്നതു കണ്ടു ഓടി ചെന്നപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു ; കാലും ദേഹവും കമ്പികളുടെയും തകിടുകളുടെയും ഇടയിൽ പെട്ട് ചതഞ്ഞു അനങ്ങാൻ വയ്യാതായ മകൻ, അറ്റു പോയ, മരിച്ച അമ്മയുടെ കൈ പുറത്തോട്ടു എങ്ങനെയോ നീട്ടി ആരുടെയെങ്കിലും ശ്രദ്ധ പിടിച്ചു പറ്റാൻ ശ്രമിക്കുകയായിരുന്നു. രക്ഷ പ്രവർത്തകർ ഇരുമ്പും തകിടുമൊക്കെ വെട്ടി പൊളിച്ചു ആ മകനെ പുറത്തെടുത്തു രക്ഷിച്ചു, നിന്ന നിപ്പിലാണ് അമ്മയും അച്ഛനും നഷ്ടമായത്. എന്തെല്ലാം മുൻകരുതൽ എടുത്താലും ചില നേരത്തു ആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ സംഭവിക്കാറുണ്ട്, അതാണ് ജീവിതം.
ചൂരൽ വളയത്തിന്റെ വ്യാസം, അതിന്റെ കൈത്തണ്ടയിലെ കീശയിൽ നിക്ഷേപിക്കുന്ന ടോക്കൺ, എത്രമാത്രം സങ്കീർണ്ണമായ തത്വങ്ങളെ അവലംബിച്ചാണിതൊക്കെ ചെയ്തത്, ഓടിപ്പോകുന്ന ട്രെയിൻ നിർത്താതെ വേണം ഇത് കൈമാറാൻ, അപ്പോൾ സ്റ്റേഷൻ അടുക്കുമ്പോൾ മൊത്തമായിട്ടു വളയത്തിന്റെ അകത്തു കൈ ഇട്ടു പരുന്തു കോഴികുഞ്ഞിനെ റാഞ്ചി എടുത്തു പറക്കുന്ന പോലെ റാഞ്ചി എടുത്തു പോകാറാണ് പതിവ്, കൈയ്യിലുള്ള വളയം സ്റ്റേഷനിൽ നിക്കുന്ന ആളിന്റെ കൈയ്യിൽ കൊടുക്കും അല്ലെങ്കിൽ താഴെ ഇടും. ഒത്തിരി ഒത്തിരി ആൾക്കാരുടെ ജീവന്റെ ഉത്തരവാദിത്വമുള്ള വളയവും ടോക്കണും. ഏതു സ്റ്റേഷനിലാണെങ്കിലും റെയിൽവേ ജീവനക്കാർ വലിയൊരു നിധി പോലെയാണ് ഈ ഒരു വളയത്തിനെ മാനിക്കുന്നതും കരുതുന്നതും. പണ്ടൊക്കെ ഈ ഒരു ചൂരൽ വളയവും, അതിലൂടെ കൈമാറിയ ടോക്കണുമാണ് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിക്കാതെ കാത്തുരക്ഷിച്ചതു, അതിനാണ് എഞ്ചിനീയറിംഗ് എന്ന് പറയുക.
ട്രെയിൻ നല്ല സ്പീഡിൽ തന്നെയാണ് സ്റ്റേഷനിൽ കയറിയത്; പകുതിയോളം ബോഗികൾ പ്ലാറ്റുഫോമിൽ കയറിയതിനു ശേഷമാണ് വേഗത കുറഞ്ഞത്, എത്തി കുത്തി നോക്കിയപ്പോൾ പൊക്കം കൂടിയ അനിയച്ചായനെ കണ്ടു, കൂടെ പാപ്പച്ചാച്ചനും, അങ്ങനെ വണ്ടി എറണാകുളം ജംക്ഷനിൽ വീലുകൾ ഞരങ്ങി ഞരങ്ങി വന്നു നിന്നു. അവർ ഞങ്ങളുടെ ബോഗി പിടിച്ചിടുന്ന സ്ഥാനത്തു തന്നെ ആണ് നില്കുന്നത്, നേരത്തെ പ്ലാറ്റഫോമിലെ നോട്ടീസ് ബോര്ഡില് എഴുതി ഒട്ടിക്കും ഓരോ ബോഗിയുടെ സ്ഥാനം, തോന്നിയിടത്തു വണ്ടി നിർത്തിയാലുള്ള ഗതി ഒന്നാലോചിച്ചു നോക്കിക്കേ, ഒന്നും രണ്ടും മിനിട്ടു മാത്രം സ്റ്റേഷനിൽ നിർത്തുമ്പോൾ ഓരോ ബോഗിയും ഏർപ്പാടാക്കിയ ഇടത്തല്ലാതെ ട്രെയിനിന്റെ ഡ്രൈവർ തോന്നിയടത്തു നിർത്തിയാൽ എന്താവും യാത്രക്കാരുടെ ഗതി?. പല പല ചിട്ടകളും, നിയമങ്ങളും വളരെ അധികം ശ്രദ്ധയോടെ, മുൻകരുതലോടെ, ആയിരം കുഞ്ഞു കുഞ്ഞു കാര്യങ്ങളും, പരിതസ്ഥിതികളും, വിലയിരുത്തി ഉണ്ടാക്കിയിരിക്കുന്നത് പാലിക്കാൻ വേണ്ടിയാണ്, അത് മനുഷ്യനു സമാധാനമായി, സന്തോഷമായി ജീവിക്കാൻ വേണ്ടിയാണ്.
ഞാൻ പലപ്പോഴും ഓർത്തു പോകുന്ന ഒരു കാര്യമുണ്ട് എത്രയോ തവണ ജൂൺ മാസത്തിലെ മഴ സമയത്തു ബസിന്റെ പിറകെ തെക്കോട്ടും വടക്കോട്ടും ഓടിയിട്ടുണ്ട്, കുട്ടികളായ ഞങ്ങൾക്ക് പ്രശ്നമില്ല, പ്രായമായ ആൾക്കാർ ഉള്ളപ്പോൾ അവർ റോഡരുകിൽ നിന്ന് എത്ര മാത്രം വിഷമിക്കാറുണ്ട്, നമ്മുടെ സ്ഥായിയാ ഭാവം, നിയമം പാലിക്കില്ല എന്ന വാശി, പരസ്പര ബഹുമാനമോ, അനുകമ്പയോ ഇല്ലാത്ത സ്വാർത്ഥ രീതികൾ മാറി അന്തസ്സായിട്ടു, മാന്യമായിട്ടു പെരുമാറണം എങ്കിൽ അത് കുഞ്ഞുന്നാൾ മുതലേ പഠിക്കണം, ഇനിയും സമയം അതിക്രമിച്ചിട്ടില്ല. പൗരബോധം, സമൂഹത്തിൽ, എങ്ങനെ ജീവിക്കണം, പ്രകൃതിയെ എങ്ങനെ സ്നേഹിക്കണം, രാജ്യങ്ങളെ എങ്ങനെ സ്നേഹിക്കണം, എന്ന് ആശാൻ പള്ളിക്കൂടം മുതൽ മരിക്കുവോളം പഠിപ്പിക്കണം സ്കൂളിൽ കോളേജിൽ വീട്ടിൽ, എന്നാൽ മാത്രമേ നമ്മളുടെ രീതികൾ നമ്മൾ മാറ്റൂ അതും ഒരു 15 വര്ഷം കഴിഞ്ഞാൽ മാറ്റങ്ങൾ കാണാം.
വണ്ടി നിർത്തിയതും ഞാൻ ചാടി ഓടി അവരുടെ രണ്ടാളുടെയും അടുത്തെത്തി
എന്റെ പുറകിനു ഇവരെ അറിയാവുന്ന എന്റെ കൂട്ടുകാരുമെത്തി, അവരുടെ കൈയ്യിലെ പൊതികെട്ടു വളരെ തന്മയത്വത്തോടെ കൈക്കലാക്കി. ഇനി വെറും 3 മിനിറ്റ് മാത്രമേ ഉള്ളൂ. ഞങ്ങൾ കതകിന്റെ അടുത്തേക്ക് നടന്നു, ഗാർഡിനെയും TTE മാരെയും മാറി മാറി നോക്കി , Station Master പ്ലാറ്റഫോമിൽ ഇറങ്ങി നില്കുന്നു കൊടിയുമായി. ആളുകൾ കയറുകയും ഇറങ്ങുകയുമൊക്കെ ചെയ്യുന്നു, യാത്ര അയക്കാനും വിളിക്കാനും വരുന്നവർ, പിന്നെ കൈയ്യിൽ ഒരു ചെമ്പിന്റെ തകിട് കെട്ടി ചുവന്ന ഉടുപ്പിട്ട പോര്ട്ടര്മാര്. എല്ലാംകൂടി ശബ്ദമുഖരിതമായ അന്തരീക്ഷം വെള്ളമെടുക്കാനായി പലരും പൈപ്പിന്റെ അടുത്തേക്ക് പോയി, ജനാലയിലൂടെ നിറച്ച കുപ്പികൾ കൈമാറി. പലരും ചായയും കാപ്പിയുമൊക്കെ വാങ്ങി കുടിച്ചു, എന്തോ വലിയ ഭാരിച്ച പണി ചെയ്ത പോലെ പ്ലാറ്റഫോമിൽ ഇറങ്ങി നിന്നു നടുവൊക്കെ നിവർത്തി ഒന്ന് ഞെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു രാജൻ P.D.
കേരളത്തിന്റെ വികസനങ്ങളെ പറ്റിയും, മാറ്റങ്ങളെ പറ്റിയും ഓർത്തെടുക്കുമ്പോൾ കൊച്ചിക്കും , എറണാകുളത്തിനും ഉള്ള പ്രസക്തി വളരെ വലുതാണ്. കുറെ വര്ഷങ്ങള്ക്കു മുന്നേ കേരളത്തിന് പുറത്തു എവിടെ പോകണമെങ്കിലും കൊച്ചി ഹാർബർ ടെര്മിനസ്സിൽ വന്നു മാറി കയറണം, എന്റെ കുഞ്ഞുന്നാളിൽ സാമിച്ചായന്റെ കൂടെ കണ്ട കാഴ്ചകളും, എനിക്കേതാണ്ട് 8 വയസ്സുള്ളപ്പോൾ പാപ്പച്ചാച്ചന്റെ കൂടെ വന്നു ഐലൻഡിൽ കണ്ട കാഴ്ചകളും ഓർമ്മ വന്നു.
എന്തെല്ലാം മാറിയിരിക്കുന്നു. പാപ്പച്ചാച്ചൻ, പുള്ളിക്കാരൻ ഉപയോഗിക്കുന്ന പുതിയ കംപ്യൂട്ടറിനെ പറ്റി പറഞ്ഞു, അതിശയത്തോടെ കേട്ട് കൊണ്ട് നിന്നു
എഞ്ചിനീയറിംഗ് കോളേജിലാണ് പടിക്കുന്നതെങ്കിലും ഞാൻ ആദ്യമായി കംപ്യൂട്ടർ കണ്ടത് പുള്ളിക്കാരൻ ജോലി ചെയ്ത മലയാളം പ്ലന്റഷന്സിന്റെ ഓഫീസിലാണ്, സ്കൂളിൽ പഠിക്കുമ്പോൾ , പത്തായപെട്ടി പോലത്തെ ഒരു സാധനം, എന്താണെന്നോ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നോ മനസ്സിലായില്ല എങ്കിലും അവിടെ നടന്നതൊക്കെ എന്നും ഓർത്തു അത്ഭുതപെടാറുണ്ടായിരുന്നു.
യാത്ര തുടരുന്നതായിരിക്കും
Leave A Comment