ടോഡരുടെ വിവാഹ ചടങ്ങുകൾ വളരെ ലളിതമാണ്, വട്ടത്തിൽ കൈകോർത്തു ചുവടു വെക്കുന്ന നൃത്തമാണ് ഞങ്ങൾ അതുവരെ കണ്ട ആകെ ആഘോഷം, പന്തലോ പരിവട്ടമോ ഒന്നുമില്ല,
നാട്ടിൽ, പണ്ടൊക്കെ ഒരു ചടങ്ങിൽ ഒതുങ്ങിയ താലികെട്ടിപ്പൊൾ വലിച്ചു നീട്ടി ആഴ്ചകളോളം നീളുന്ന സംഭവപരമ്പര ആയി. ആവശ്യത്തിലും അളവിലും കൂടുതൽ ആടയാഭരണങ്ങൾ വാങ്ങി അതിടാനായി മാത്രം കണ്ടുപിടിക്കുന്ന ചടങ്ങുകൾ കൊണ്ട് നിറഞ്ഞതാണിന്നത്തെ വിവാഹങ്ങൾ.
ഇവിടെ കണ്ടത് ധൂർത്തോ ആർഭാടങ്ങളോ ഇല്ലാത്ത വിവാഹം. എല്ലാവരും ഒരേ വേഷം. നീണ്ട വെള്ള പുതപ്പു അറ്റത്തായി സാരിയുടെ പല്ലുവിന്റെ പോലെ ചിത്രപ്പണി ചെയ്ത മേലങ്കി. ‘അമ്മ cross stitch തയ്ക്കാനുപയോഗിക്കുന്ന പോലെയുള്ള തുണി, അല്പം കൂടി മാർദ്ദവം ഉള്ളത്, ചുവപ്പും, നീലയും, കറുപ്പും നൂലുകൊണ്ട് തുന്നിയ ചിത്രപ്പണികൾ, വളരെ സ്പഷ്ടമായ രൂപകല്പനകൾ, ഓരോ രേഖയും തമ്മിൽ വളരെ കൃത്യമായ അനുപാതം പുലർത്തുന്നവ.
വരൻ ഗർഭിണിയായ വധുവിന്റെ ഒപ്പം ഒരു വല്യ മരത്തിന്റെ അടുത്തേക്ക് പോയി ആ മരത്തിൽ ഒരു പൊത്തുണ്ടാക്കി അതിൽ ഒരു വിളക്ക് തെളിച്ചു, ആചാരപ്രകാരം വധു കണ്ണിമയ്ക്കാതെ വിളക്കണയുന്നതു വരെ നോക്കിയിരിക്കണം, വരൻ ആ നേരം കൊണ്ട് കാട്ടിനുള്ളിൽ നിന്ന് ഒരു പ്രത്യേക കമ്പും ചില്ലയുമെടുത്തു അമ്പും വില്ലുമുണ്ടാക്കി തിരികെ വന്നു വധുവിന് കൊടുക്കണം, ഇന്നിപ്പോൾ ഓർത്തു ഓർത്തു ചിരിച്ചു പോകുന്നു, മോഹൻലാലിൻറെ കൈയ്യിൽ കൊളുത്തിവെച്ച കർപ്പൂര തിരിയും, രഞ്ജിനിയുടെ കാലിൽ കെട്ടിപ്പിച്ചുള്ള കിടത്തവും. മൂപ്പന്റെ ഡൈലോഗും അപ്പടി നിർപ്പന്തം പിടിക്ക കൂടാത് ഇന്ത ‘അമ്മ എണീറ്റാ താൻ …. പ്രിയദർശന്റെ ചിത്രം, എന്റെ പ്രായത്തിലുള്ളവരും, ചെറുപ്പക്കാരും ഒരു പോലെ ഇന്നും ആസ്വദിക്കുന്ന അഭ്രപാളിയിൽ ആക്ഷേപഹാസ്യപ്രധാനമായ ചുട്ട മറുപടികളുടെ അതിപ്രസരവുമായി വന്ന കാല്പനിക പ്രേമകാവ്യം.
നമ്മൾ കണ്ടിരിക്കുന്ന സാമ്പ്രദായികമായ, പരമ്പരാഗതമായ വിവാഹ ആചാരങ്ങളുടെ മര്യാദകള്ക്കു വിധേയമല്ലാത്ത സ്വതന്ത്രപ്രേമം അനുഷ്ഠിക്കുന്ന ഒരു സമൂഹമാണ് ടോഡ വംശജർ, ദൈവികമായ ജന്മം, പിതൃത്വം സ്ഥാപിക്കാൻ കഴിയാത്ത വംശജരാണ് ടോഡകൾ. പക്ഷെ ഒരു നിബന്ധന ഉണ്ടായിരുന്നു. അവരുടെ ആരാധനാലയത്തിന്റെ മുന്നിലെ വലിയ കല്ല് കൈകൊണ്ടു പൊക്കി തോളിൽ വെച്ചിട്ടു നിവർന്നു നിന്ന ശേഷം അത് താഴെ ഇടുന്ന പുരുഷന് മാത്രമേ പെണ്ണിനെ കിട്ടൂ. സ്ത്രീകൾ കുറവായതിനാൽ , വന്നു കയറുന്ന പെണ്ണ് ഒരു വീട്ടിലെ എല്ലാ സഹോദരന്മാർക്കും ഭാര്യ ആയിരിക്കും എന്നതായിരുന്നു ചിട്ട, ഏറ്റവും മൂത്ത സഹോദരനാണ് ഭാര്യയുടെ ഉത്തരവാദിത്വം.
ഒരു സെമസ്റ്റർ അവധിക്കു, Lovedale -ലെ സ്റ്റേഷൻ മാസ്റ്ററിന്റെ മകന്റെ കൂട്ടത്തിൽ ഊട്ടിയിൽ പോയി വന്ന ശേഷം മെൻസ് ഹോസ്റ്റലിലെ ആറാമത്തെ ബ്ലോക്കിന്റെ മുന്നിൽ കിടന്ന വലിയ പാറക്കല്ല് ദിവസേനെ രാത്രി പൊക്കാൻ ശ്രമിക്കുന്ന Chairman സ്ഥാനാർഥി ബാബുവിനെ കണ്ടിട്ട് ഹോസ്റ്റലിലുള്ള ചങ്ങാതിമാരൊക്കെ ഓർത്തതു, election പ്രമാണിച്ചു വല്ല ഗുസ്തി മത്സരമോ ഭാരോദ്വഹന മത്സരമോ മറ്റോ നടത്തുന്നതിനുള്ള പരിശീലനമായിരിക്കും എന്നാണ്.
എല്ലാ കാര്യവും കുറച്ചൊരു സാഹസികമായി ചെയ്യുന്ന ബാബുവിന്റെ മനസ്സിലെ ചെമ്പുപാത്രത്തിൽ വെച്ചിരുന്ന വെള്ളം എന്തിനാണെന്ന് മനസ്സിലാക്കിയ സ്റ്റേഷൻ മാസ്റ്ററിന്റെ മകൻ ഒന്നും പുറത്തു പറഞ്ഞുമില്ല. ഒരു ദിവസം രാത്രി വീട്ടിൽ പോയി അച്ഛന്റെ കൈയ്യിൽ നിന്ന് ചില്ലറ കാശും വാങ്ങി കംബൈൻഡ് സ്റ്റഡി എന്ന പേരും പറഞ്ഞു തിരികെ ഹോസ്റ്റലിലേക്ക് വന്ന പ്രേം, താൻ കണ്ട കാഴ്ച കണ്ടു ഞെട്ടി തരിച്ചു പോയി, ഒരു കരിമ്പടം തോളിലൂടെ ഇട്ടു ഒരു വലിയ കല്ലും പേറി ഒടിഞ്ഞുവളഞ്ഞു വീഴാൻ പാകത്തിന് S. B Babu.. ഈ കാഴ്ച കണ്ടു അന്താളിച്ചു അലറിക്കൊണ്ട് പിടിച്ചുമാറ്റാൻ ചെന്ന പ്രേമിനെ ബാബു വിളിച്ച ഓമനപ്പേരുകളുടെ അർഥം ഇന്നും മനസ്സിലായില്ല എന്നാണ് ഈയിടെ കണ്ടപ്പോഴും ബോബൻ പറഞ്ഞത്.
വിവാഹത്തിന് മുന്നേ വധു ഗർഭിണി ആയിരിക്കണം എന്ന് അനുശാസിക്കുന്ന സംസ്കാരം, കണ്ടത് ആഫ്രിക്കയിലെ Botswana-യിലാണ്, വിരോധാഭാസം എന്ന് പറയട്ടെ വര്ഷങ്ങള്ക്കു ശേഷം കല്ല് പൊക്കിയ ചെയർമാനും, കണ്ടു വിളിച്ചുകൂവിയ പ്രേമും, വീണ്ടും കണ്ടുമുട്ടി, അന്നും മൂക സാക്ഷിയായി സ്റ്റേഷൻ മാസ്റ്ററിന്റെ മകനുണ്ടായിരുന്നു. നിശ്ശബ്ദയായി കാഴ്ചകൾ കണ്ടു കണ്ണ് തള്ളാൻ ഞാനും. ആ കഥകൾ പിന്നാലെ പറയുന്നതായിരിക്കും
പരമ്പരാഗതമായി ഇടയന്മാരാണ് ടോഡ വംശജർ . പോത്താണിവരുടെ അത്താണി, ചന്ദ്രക്കലയുടെ അഗ്രം വളഞ്ഞിരിക്കുന്ന പോലെ നീണ്ടു വളഞ്ഞ കൊമ്പുള്ള പോത്തും എരുമയും ആണിവരുടെ എല്ലാം.
എല്ലാവിധ ജീവിതചര്യകളുടെയും സിരാകേന്ത്രം പോത്തുകൾ ആയിരുന്നു. ഐശ്വര്യവും, സമൃദ്ധിയും, ധനവും പോത്തുകളിൽ നിക്ഷിബ്ദമായിരുന്നു ഇത്തരം പോത്തുകൾ ഇന്ത്യയിലെ തന്നെ വളരെ അപൂർവ്വമായ കാഴ്ചയാണ്.
എരുമ പാലും, വെണ്ണയുമാണ് ഇവരുടെ മുഖ്യ ആഹാരവും, വരുമാനമാർഗവും. സസ്യഭുക്കുകളായ ഇവരുടെ ഭക്ഷണരീതിയും, ഭക്ഷണം ഉണ്ടാക്കുന്ന രീതിയും പ്രത്യേകത ഉള്ളതായിരുന്നു. തേനും, പഴങ്ങളും, മറ്റു ഗോത്രക്കാർ കൃഷിചെയ്തുണ്ടാക്കുന്ന ധാന്യങ്ങളുമാണ് ഇവരുടെ ഭക്ഷണം
തലേന്നത്തെ എരുമ പാൽ ഉറകൂടാൻ വെച്ചത് രാവിലെ കടഞ്ഞു വെണ്ണയെടുക്കാൻ ഉപയോഗിച്ച മത്തു കണ്ടപ്പോൾ എനിക്ക് വലിയ ആഗ്രഹമായിരുന്നു അതുപോലെ ഒരെണ്ണം വേണമെന്ന്, പക്ഷെ കിട്ടിയില്ല, വളരെ അധികം പവിത്രതയോടെയാണവർ ഈ മത്തിനെ കാത്തു സൂക്ഷിക്കുന്നത്.
നീണ്ട ഒരു കമ്പു, അതാണ് മത്തിന്റെ പിടി ; കഴുകന്റെ കൈയും വളഞ്ഞിരിക്കുന്ന നഖങ്ങളും പോലെ പരന്നിട്ടു 2 cm വീതിയിലുള്ള 4 ഈറ കഷണങ്ങൾ കമ്പിലേക്കു വള്ളികളൊക്കെ ഉപയോഗിച്ച് ബലവത്താക്കി കെട്ടി വെച്ചിരിക്കുന്നു. ചൂരൽ കസേരയുടെ കാലുകൾ ഇരിപ്പിടത്തിൽ വരിഞ്ഞു ബന്ധിപ്പിക്കുന്ന പോലെ, ഓരോ തവണ കടഞ്ഞതിനു ശേഷം ഈ ഓരോ കമ്പിലും പിടിച്ചു വടിച്ചെടുക്കും. ഒരിത്തിരി പോലും കളയാതെ എളുപ്പത്തിൽ മുകളിൽ നിന്ന് താഴെ വരെ വടിച്ചെടുക്കുന്ന വെണ്ണയാണ് ചോറിനും, വിൽക്കാ നും അമ്പലത്തിൽ വിളക്ക് കത്തിക്കാനുമൊക്കെ ഉപയോഗിക്കുന്നത്.
അത്ഭുതത്തോടെ വായും പൊളിച്ചു നോക്കി നിന്നപ്പോൾ അവർ നല്ല തൂവെള്ള നിറത്തിലെ വെണ്ണ കൈയ്യിലോട്ട് തന്നു, ആദ്യമായിട്ടാണ് എരുമപ്പാലിൽ നിന്നെടുത്ത വെണ്ണ തിന്നത് നല്ല രുചിയുള്ള കൊഴുപ്പുള്ള വെണ്ണ,
എനിക്കേറ്റവും ഇഷ്ടപെട്ടത് അവര് തന്ന ചോറും ചമ്മന്തിയുമാണ്, ഇവർ ചോറുണ്ടാക്കുന്ന രീതി വളരെ പ്രത്യേകത ഉള്ളതാണ്, വെള്ളം വാർക്കില്ല, ചെറിയൊരു ക്രിക്കറ്റ് ബാറ്റ് പോലുള്ള തടി കഷ്ണം കൊണ്ടിളക്കി ചോറ് ഉടക്കും എന്നിട്ടു അതിലോട്ടു എരുമപ്പാലിൽ നിന്നുണ്ടാക്കിയ മോരൊഴിച്ചു ഇളക്കും നല്ല വൃത്തിയായി വെന്തുടക്കും. അതിങ്ങനെ ഒരു വലിയ ഉരുള പോലെ പാത്രത്തിൽ വെച്ചിട്ടു നടുക്ക് ഒരു കുഴിയുണ്ടാക്കി അതിൽ എരുമ നെയ് കടഞ്ഞതിടും അതിന്റെ മുകളിൽ മുളകും, മല്ലിയും ചുട്ടത്തിന്റെ കൂടെ വെളുത്തുള്ളിയും, പുതിനയിലയും ഉപ്പും ലേശം പുളിയും വെച്ചരച്ച ചമ്മന്തി വെക്കും, ഇതാണ് ഒരു പ്രധാന ഭക്ഷണം, നല്ല എരിയും പുളിയുമുള്ള വെന്ത ചോറ്, വെണ്ണയും കൂടി ചേരുന്നതിനാൽ നല്ലൊരു രുചിയാണ്.
ആഭരങ്ങളോട് ആസക്തിയോ ആഭരണങ്ങൾ ഉപയോഗിക്കുന്ന ശീലമോ ഇല്ലാത്തവർ, കൈയ്യിലും കണങ്കാലിലും കലാസുന്ദരമായ പച്ചകുത്തിയിരുന്നു, ഇതാണെങ്കിൽ മരിക്കുവോളം മായാത്ത അലങ്കാരങ്ങളും.
വന്യമൃഗങ്ങളുടെയും പക്ഷികളുടെയും വിഹാരസങ്കേതം, പ്രശാന്തവും പരിശുദ്ധവുമായ ശ്രീകോവിൽ പോലെ ആയിരുന്നു ഈ ഇടങ്ങളൊക്കെ, ഇവരാണ് നീലഗിരിയുടെ ആത്മാക്കൾ.
100 വർഷങ്ങൾക്കപ്പുറം നീലഗിരിയിലെ സുന്ദരമായ നീലമലകളിൽ സ്വര്യമായി വാണിരുന്ന ടോഡ വംശജരുടെ സ്ഥലം അന്നത്തെ ബ്രിട്ടീഷ്കാർ ഒരു രൂപയ്ക്കു വാങ്ങി ഇവരുടെ ഗോത്രത്തിന്റെ നടുക്കായി ഒരു സുഖവാസകേന്ദ്രം തുടങ്ങി , അതാണ് ഊട്ടി. അവിടേക്കു പിന്നെ പലയിടത്തുനിന്നുമുള്ള ആളുകൾ ചേക്കേറി ഫലപുഷ്ടിയുള്ള മണ്ണ് വളച്ചുകെട്ടി പൊറുതി തുടങ്ങി,
അധികാരക്രമം ഇല്ലാത്ത, ആർക്കും പ്രത്യേകമായി സ്ഥലങ്ങൾ ഇല്ലാത്ത ഗിരിവർഗക്കാർ, സ്ഥലം സമുദായത്തിന്റേത് എന്നാണ് ചിട്ട; അത് കൊണ്ട് ഇവർ യുദ്ധം ചെയ്യാനോ വഴക്കിടാനോ പോകാറില്ല. അവർക്കു മാരക ആയുധങ്ങളുമില്ല.
ഇത്രയൊക്കെ ആയപ്പോഴേ നേരം വൈകി, ഞങ്ങൾ തിരികെ സ്റ്റേഷനിലെ മുറിയിലെത്തി, പിറ്റേന്ന് പേരുകേട്ട ഊട്ടിയിലെ ഉദ്യാനവും, തടാകവുമൊക്കെ കണ്ട് ഒത്തിരി ഒത്തിരി ഓർമ്മകളുമായി കോയമ്പത്തൂരെത്തി,
പെട്ടെന്ന് ഞങ്ങളുടെ ട്രെയിൻ ഒന്ന് കുലുങ്ങി, നോക്കിയപ്പോൾ സ്റ്റേഷനിലെ വിളക്കുകളും ആൾക്കാരും പിന്നോട്ട് പോകുന്നു, ഞങ്ങളുടെ വണ്ടി ദേ വീണ്ടും മുന്നോട്ടു പോകാൻ തുടങ്ങി, തീവണ്ടിയിലെ ആദ്യത്തെ പകൽ ഇരുട്ടിനു വഴിമാറികൊടുത്തിട്ടു കുറെ നേരം ആയിരിക്കുന്നു.
അബ്ദുൽ ഹമീദും കൂട്ടരും ഒരറ്റം മുതൽ മറ്റേ അറ്റം വരെ നടന്നു , എല്ലാവരുടെയും എണ്ണം എടുത്തു, ഇനി നേരം വെളുക്കുന്നതു വരെ ഒരു സ്റ്റേഷനിലും ഇറങ്ങരുതെന്നു പറഞ്ഞു കഥകെല്ലാം അടച്ചു പൂട്ടി. കുറച്ചു നേരം കൂടി കഴിഞ്ഞാൽ ഉറങ്ങാൻ കിടക്കാം, ചിലരൊക്കെ അവരോരുടെ ബെർത്തിൽ കയറി പറ്റി ഉറങ്ങാനുള്ള വട്ടം കൂട്ടിത്തുടങ്ങി.
അടുത്ത സ്റ്റേഷൻ ഉടനെ എത്തും. വളരെ വേണ്ടപ്പെട്ട സ്റ്റേഷൻ തിരുപ്പൂർ.
ഈ യാത്ര തുടരുന്നതായിരിക്കും
Leave A Comment