ഞാൻ ജിന്നിനോട് പറഞ്ഞു, ഇത്ര ദൂരം പറന്നു പറന്നു വന്നതല്ലേ, കുറച്ചു ദിവസം കഴിഞ്ഞു പോകാം
അപ്പൊ ജിന്ന് പറഞ്ഞു ബുദ്ധിമുട്ടാണ്, എനിക്കൊരുപാട് ജോലിയുള്ളതാ.
സത്യം പറയട്ടെ എനിക്കറിയാവുന്ന എല്ലാ മലയാളിയുടെയും സ്ഥിരം ഡയലോഗ് ആണിത്, എപ്പോഴും ധൃതിയാണ്
എങ്ങോട്ടെങ്കിലും ഒന്ന് പോകാനോ കുറച്ചു ദിവസം മാറി നിൽക്കാനോ വിളിച്ചാൽ ആദ്യം പറയുക
അയ്യോ ഒരു രക്ഷയുമില്ല, ഇവിടെ നിന്ന് മാറിനിൽക്കാൻ പറ്റില്ല
ഒന്നാമതിപ്പൊ ഇലക്ഷൻ വരുന്നു, ഞാനവിടെ ഇല്ലെങ്കിൽ വോട്ടു കുത്തുന്ന ചൂണ്ടു വിരൽ ഇല്ലാത്ത പോലെ ആയിപ്പോവും. പിന്നെ പോരാഞ്ഞിട്ട് എന്നാ ചൂടാ ഇവിടെ, ഞാനിവിടെ നിന്ന് മാറിയാൽ വരാനിരിക്കുന്ന മഴയും വരില്ല, എല്ലാത്തിലും എന്റെ ഒരു കണ്ണ് വേണം.
ഒരിടത്തും പോയി സമാധാനമായി 10 ദിവസം നിൽക്കില്ല
പെട്ടെന്ന് എന്തോ ഓർത്തെടുത്ത പോലെ ജിന്ന് ചോദിച്ചു
ഒരു വര്ഷം കോളേജിലെ കായിക മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ നിങ്ങളൊരു കാപ്പി കട നടത്തിയിരുന്നില്ലേ
ആ അതോർക്കുന്നുണ്ടോ
പിന്നെ അവിടെ കുറെ നല്ല ഐറ്റംസ് ഉണ്ടായിരുന്നല്ലോ, അതൊക്കെ ഓർമ്മയുണ്ടോ?
ഉണ്ടല്ലോ
കടയുടെ പേര് കുളിർമ്മ
ഞാനിട്ട പേരാണ്
അപ്പോൾ ജിന്ന് പറഞ്ഞു ങാ
ഞാനോർക്കുന്നു
ആ ദിവസങ്ങളിൽ എന്തൊരു കച്ചവടമായിരുന്നു നിങ്ങളുടെ കടയിൽ
അത് പിന്നെ ആരൊക്കെയാ കടയുടെ മേൽനോട്ടം വഹിച്ചത്
ശോഭ, ടെസ്സി, റഹുമാ, ഷേർളീ, വിജയശ്രീ, മായ, ശ്രീജ , ആലിസ്, സാറാ , ഗൗരി , ശോഭന, റീബ, രുഷാ, പിന്നെ എന്തെങ്കിലും കുറയുമോ
എന്തെങ്കിലും ഒരു കാര്യം വന്നാൽ, ഞങ്ങൾ ഒറ്റ കെട്ടല്ലേ, പൊളിച്ചടുക്കത്തില്ലേ
കൊതിയാണെല്ലാവരെയും ഒന്ന് കൂടി കാണാനും പഴയ പോലെ അടിച്ചു പൊളിക്കാനും.
ഞങ്ങളുടെ കടയുടെ ആകൃതി വട്ടത്തിലായിരുന്നു, അതുകൊണ്ടു തന്നെ കടയിൽ നിൽക്കുന്ന ഓരോരുത്തരുടേയും അനുയായികൾ കടയുടെ ചുറ്റും തടിച്ചു കൂടി, സാധനങ്ങൾ വാങ്ങാൻ തമ്മിൽവലിയ മത്സരവുമായി.
പെട്ടെന്നാണ് കുട്ടൻ ഒരു കടലാസുമായി വന്നത് ഓഫീസിൽ നിന്നൊരു ഇണ്ടാസ്
കളിക്ക് പേര് കൊടുത്തവരെ കാണാനില്ല അവരിവിടെ ചുറ്റി പറ്റി നില്കുന്നു; അതുകൊണ്ടു കളി കഴിഞ്ഞു കാപ്പികട നടത്തിയാൽ മതി എന്നായിരുന്നു ഇണ്ടാസ്
കുട്ടനെ മാറ്റി നിർത്തി ഒരു ചോറ്റുപാത്രം നിറയെ പരിപ്പ് വടയും ഏത്തക്ക അപ്പവും സ്പെഷ്യൽ കരിക്കു പുഡിങ്ങും ഒരു വലിയ പാത്രം കാപ്പിയും, സാലിക്ക് കൊടുത്തു വിട്ടു പ്രിൻസിക്ക് കൊടുത്തു പറഞ്ഞൊതുക്കാൻ
അല്ലെങ്കിൽ എല്ലാം പൂട്ടി കെട്ടണ്ട വന്നേനെ
വീട്ടിൽ നിന്ന് എന്റെ കൈയ്യിലെ കാശ് തെറ്റി എന്റെ വീട്ടുകാരുടെ കൈയ്യിലെ കാശ് ചിലവാക്കി ഉണ്ടാക്കിയ കുറെ ഐറ്റംസ് !!
പ്രിൻസ് സിനിമാകൊട്ടകയിലെ ചൂട് നെസ്കഫേ , അതൊരു ഒന്നൊന്നര കാപ്പി ആയിരുന്നു മാറ്റിനി തുടങ്ങുന്നതിനു തൊട്ടു മുന്നേ കിട്ടും, മുസ്ലിയാരുടെ സ്ഥാപനം ആയതു കൊണ്ട് നേരത്തെ ചട്ടം കെട്ടി വക്കും, അല്ലെങ്കിൽ കിട്ടില്ല അത്രയ്ക്ക് പ്രിയം ആയിരുന്നു ആ കാപ്പിക്ക്.
ഒന്നോർത്തോണെ, വീട്ടിൽ നിന്ന് കാറും വലിയ രണ്ടു സ്റ്റീലിന്റെ താഴെ ടാപ്പ് ഉള്ള തെർമോസുമായി പോയി കാപ്പി വാങ്ങി കൊണ്ട് വരും കരിക്കോട് വരെ.
ഉദ്ദേശം ഒന്നേ ഉള്ളു
കൊല്ലത്തു കിട്ടാവുന്ന ഏറ്റവും നല്ല കാപ്പി വേണം കച്ചവടം നടത്താൻ
ഇന്നും ആ കാപ്പിയുടെ രുചി നാവിന്റെ തുമ്പത്തു
ഞങ്ങളുടെ മറ്റു ഐറ്റംസ് ആണ് ചായയുടെ കൂടെ കഴിക്കുന്ന സാധാരണ കേക്ക്, അതൊരു ഉഗ്രൻ കേക്ക് ആണ് റ്റീ കേക്ക് എന്നാണ് പേര്, കൂടാതെ, അമ്മയുടെ സ്വന്തം, കാരറ്റ് കേക്ക്, കട്ലറ്റ്, അച്ചപ്പം, കുഴലപ്പം, മുന്തിരി കൊത്ത്, നല്ല ചൂട് പരിപ്പ് വട, ഉഴുന്ന് വട, ഏത്തക്കാപ്പം , ഇതൊക്കെ കുട്ടി കുട്ടി സൈസ് രണ്ടാമത് കടിക്കണമെങ്കിൽ ഒന്ന് കൂടി വാങ്ങണം
അതായിരുന്നു ഞങ്ങളുടെ ഐറ്റംസിന്റെ പ്രത്യേകത
തീരുന്നതനുസരിച്ചു വീട്ടിൽ പോയി കൊണ്ടുവരാനുള്ള ചുമതല എന്റെ ബാച്ചിലെ ആണ്പിള്ളേര്ക്കാണ് . എന്റെ വീട്ടിൽ പോകാൻ ഉന്തും തള്ളും , പ്രിൻസിൽ പോയി കാപ്പി കൊണ്ടുവരാൻ ഒരുത്തനും താല്പര്യമില്ല, അത് ഞാൻ തന്നെ വീട്ടിൽ നിന്ന് ഏർപ്പാടാക്കണം.
വീട്ടിൽ ചെന്നാൽ അമ്മയുടെ ഭക്ഷണം കഴിക്കാം അതാണ് അവരുടെ ഏറ്റവും വലിയ പ്രേരണ. അല്ലാതെ കാപ്പികടയെ സഹായിക്കനല്ല
ജിന്ന് കൊതിയോടെ ഓർത്തു പറഞ്ഞു
അവിടെ ഒരു പ്രത്യേക തരം നാരങ്ങാ വെള്ളമുണ്ടായിരുന്നല്ലോ,
ഇപ്പോഴും എന്റെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം വരും
ഓ എന്റെ അമ്മയുടെ സ്പെഷ്യൽ നാരങ്ങയും ഇഞ്ചിയും
ദഹനത്തിന് പറ്റിയ ഒരു പാനീയം
കണ്ടോ കണ്ടോ എന്റെ കൈയ്യിലോട്ട് നോക്കിയേ
കുളിരു വരുന്നത് കണ്ടോ
അപ്പൊ ജിന്നിനും ചിരി വന്നു
പണ്ടത്തെ പോലെ തന്നെ
രോമാഞ്ചം
എന്തായാലും അതെങ്ങനെ ഉണ്ടാക്കണമെന്ന് ഞാൻ പറഞ്ഞു തരാം
2kg വെള്ള നിറത്തിലെ പഞ്ചസാര,
തലേന്ന് രാത്രി അടുപ്പിൽ വെക്കാവുന്ന ഒരു വലുപ്പമുള്ള പാത്രത്തിൽ, കറി ഉണ്ടാക്കിയതാവരുത് വൃത്തിയുള്ള പാത്രം, അല്ലെങ്കിൽ കറിയുടെയും, മസാലയുടെയും രുചി ഇറങ്ങും, അതിൽ പഞ്ചസാര ഇടണം. ഒരു കുപ്പി , അതായതു 750ml. വെള്ളം ഒഴിക്കണം
നേരം വെളുക്കുമ്പോൾ അത് അലിഞ്ഞിരിക്കും. അടുപ്പേൽ വെച്ച് ചെറിയ തീയിൽ ചൂടാക്കണം, അലിയണമെന്നേ ഉള്ളു, പഞ്ചസാര മുഴുവൻ അലിയണം, അപ്പോൾ അടുപ്പിൽ നിന്ന് വാങ്ങി വെച്ചിട്ടു ഇടക്കൊന്നു ഇളക്കണം ഒത്തിരി പരലുകൾ ഉണ്ടാവാതിരിക്കാൻ.ആറാൻ വെക്കണം, നല്ലവണ്ണം തണുത്തു കഴിയുമ്പോൾ മാത്രമേ ഇഞ്ചിയും നാരങ്ങയും തയ്യാറാക്കാവൂ
25 നല്ല മുഴുത്ത പഴുത്ത നാരങ്ങാ, പിഴിഞ്ഞ് ഒരു സ്റ്റീൽ പാത്രത്തിൽ ഒഴിക്കണം, ഒരു വലിയ കണ്ണിയുള്ള അരിപ്പയിൽ അരിച്ചെടുക്കണം, കുരുവില്ലാതെ.
തോട് എടുത്തു തലയിൽ താരണമുള്ളവർക്കു പുരട്ടാം, ഫ്രിഡ്ജിൽ മണം വരാതിരിക്കാൻ വെക്കാം , വേണമെങ്കിൽ അച്ചാറിടാം
150gm പച്ച ഇഞ്ചി തൊലിയെല്ലാം ചുരണ്ടി, ചെറുതായി നുറുക്കി മിക്സിയിലിട്ട് അരയ്ക്കണം ലേശം വെള്ളം ചേർത്ത്, എന്നിട്ടു അതൊരു സ്റ്റീൽ പാത്രത്തിൽ മിക്സിയുടെ പാത്രം ലേശം വെള്ളമൊഴിച്ചു കഴുകിയിട്ടു ഒട്ടും കളയാതെ അരിച്ചെടുക്കണം
തയ്യാറാക്കിയ നാരങ്ങാ നീരും ഇഞ്ചിയും കൂടെ പഞ്ചസാര ലായനിയിൽ ചേർത്തിളക്കി ഉണങ്ങിയ കുപ്പികളിൽ സൂക്ഷിക്കാം, ഫ്രിഡ്ജിൽ വെച്ചിട്ടു ഗ്ലാസിൽ 15ml ഒഴിച്, ആവശ്യസുസരണം സോഡാ ചേർത്തോ, അല്ലെങ്കിൽ വെള്ളത്തിൽ ഐസ് ഇട്ടോ, ഉപയോഗിക്കാം പണ്ടത്തെ കിസാൻ സ്ക്വാഷ് പോലെ.
അപ്പോൾ ജിന്ന് ചോദിച്ചു
അമ്മയുടെ പാചക കുറിപ്പുകൾ സൂക്ഷിച്ചിട്ടുണ്ടോ
എവിടെ
എല്ലാത്തിന്റെയും രുചി എന്റെ മനസ്സ് നിറയെ ഉണ്ട്
അന്നൊക്കെ വയറു നിറയെ ഭക്ഷണം കഴിക്കണം എന്നല്ലേ ഉള്ളൂ
‘അമ്മയും വല്യമ്മച്ചിയും എന്നെ വിട്ടു പോകും എന്നൊരു ധാരണ ഇല്ലല്ലോ
പിന്നെ ഒരിക്കൽ, 1977- ൽ ഞാൻ തനിയെ ഒരു കേക്ക് ഉണ്ടാക്കി
ചോറും മീനും മോരും മലക്കറിയും മാത്രം ഇഷ്ടമുള്ള ഞാൻ ആദ്യമായി അമ്മയുടെ റ്റീ കേക്ക് ഉണ്ടാക്കി
പാർട്ടിക്ക് വേണ്ടി.
സത്യം ‘അമ്മ അറിയാതെ .
അതൊരു ഭയങ്കര അപായസാധ്യത ഉള്ള ഉദ്യമം ആയിരുന്നു.
വീട്ടിൽ പറ്റില്ല എന്ന് മനസ്സിലാക്കിയ ഞാൻ സൈക്കിളും എടുത്തു ശങ്കരന്റെ ആശുപത്രിയുടെ അടുത്തുള്ള സുശീല ആന്റിയുടെ വീട്ടിൽ പോയാണ് ഉണ്ടാക്കിയത്
പാവം കുട്ടികളില്ലായിരുന്ന സുശീല ആന്റിക്കു എന്നെ ജീവനായിരുന്നു.
എനിക്കന്നൊക്കെ ഏറ്റവും ഇഷ്ടമുള്ള പണി വിളമ്പുന്നതായിരുന്നു
സത്യം എന്റെ ഓർമയിൽ ഞാൻ ആദ്യം ഒരു പൊതു സ്ഥലത്തു വിളമ്പുന്നത് എന്റെ പള്ളിയിലാണ് ദുഃഖ വെള്ളിയാഴ്ച കഞ്ഞിയുടെ പപ്പടം എനിക്കന്നു 5വയസ്സ്
പിന്നെ ഒരിക്കലും മാറി നിന്നിട്ടില്ല
കൂട്ടുകാരുടെ വീടുകളിൽ കല്യാണത്തിന് വിളമ്പാൻ മാത്രമായി കുറ്റിയും പറിച്ചു പോകുമായിരുന്നു
മനസ്സ് നിറയുന്ന ഒരനുഭൂതിയാണ്
ചുമ്മാതല്ല നമ്മുടെ വീട്ടിലെ അമ്മമാർ എന്നും സംതൃപ്തരായിരുന്നത് , എപ്പോൾ ചെന്നാലും ചോദ്യങ്ങളില്ലാതെ എല്ലാവര്ക്കും ഭക്ഷണം കൊടുത്തിരുന്ന അമ്മമാർ
കൊണ്ട് പോകില്ല ചോരന്മാർ
കൊടുക്കും തോറും ഏറിടും
മേന്മ തന്നെ നശിച്ചാലും
വിദ്യ തന്നെ മഹാ ധനം
മേല്പറഞ്ഞത് നമ്മുടെ അമ്മമാർ ചൊല്ലിയാൽ
കൊടുക്കും തോറും ഏറിടും
സ്നേഹത്തോടെ നൽകും ഭക്ഷണം
മനസ്സിന് ഏകും കുളിർമ്മ
Leave A Comment