ഇനിയുള്ള യാത്രയിൽ കുറച്ചു സ്റ്റേഷനുകൾ മാത്രമാണ് നേരത്തെ കേട്ട് പരിചയിച്ച പേരുള്ളവ, ഇരുട്ടികഴിഞ്ഞാണവയെല്ലാം വന്നത്, ഓറഞ്ചുകളുടെ നാടാണ് നാഗ്പുർ, വണ്ടി നിർത്തിയതും, കൂടകളിൽ ഓറഞ്ചുമായി കച്ചവടക്കാർ തീവണ്ടിയുടെ ജനാലക്കരുകിൽ വന്നു തുടങ്ങി. യാത്ര പോകുമ്പോൾ അണുബാധയില്ലാതെ കഴിക്കാൻ പറ്റിയ ഉടുപ്പിന്റെ ഉള്ളിലുള്ള പഴങ്ങളാണ് ഓറഞ്ച്, ഏത്തക്ക, ചെറുപഴം, എന്നിവ. കഴുകാൻ വെള്ളം കിട്ടാത്തപ്പോൾ ഈ പഴങ്ങളാണ് എപ്പോഴും ഭദ്രം. കുടിക്കാൻ പറ്റിയ വെള്ളം കരിക്കിൻ വെള്ളവും ഞങ്ങളും കുറെ ഓറഞ്ചു വാങ്ങി. പാതിരാത്രിയിൽ എപ്പോഴോ ഭോപ്പാലിൽ കൂടി കടന്നു പോയി, സ്കൂളിൽ സോഷ്യൽ സ്റ്റഡീസിൽ പഠിച്ചിരുന്ന തലസ്ഥാനങ്ങളുടെ പേരുകളിലൂടെ കേട്ട് മറന്ന സ്ഥലം മധ്യപ്രദേശിന്റെ തലസ്ഥാനം ഭോപ്പാൽ. യാത്ര പുറപ്പെടുന്നതിനു മുന്നേ റെയിൽവേയിലെ ഗാഥചേച്ചി എന്നോട് പറഞ്ഞിരുന്നു അങ്ങ് വടക്കു എന്റെ പേരുള്ള ഒരു സ്റ്റേഷൻ ഉണ്ടെന്നു മഞ്ഞ ബോര്ഡില് കറുത്ത അക്ഷരത്തിൽ എന്റെ പേരെഴുതിയതു വായിക്കാനായി ഭോപ്പാൽ കഴിഞ്ഞതും ഉണർന്നു ജനാലയുടെ അടുത്തായി ഇരിപ്പുറപ്പിച്ചു. മുകളിലത്തെ ബെർത്തിൽ ആളുള്ളതുകാരണം പാടുപെട്ടാണ് ഇരുന്നത്. നേരം പരപരാന്നു വെളുക്കുന്നതിനു മുന്നേ തീവണ്ടി ഒരു വലിയ ജംക്ഷനിൽ എത്തി. നാലു ദിക്കിലേക്കും പോകുന്ന തീവണ്ടികൾ സമ്മേളിക്കുന്ന ഒരു ജംക്ഷൻ. Bina പുറംരാജ്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ ആൾകാർ എന്റെ പേര് ഇംഗ്ലീഷിൽ എഴുതുന്ന അക്ഷരകൂട്ടാണീ സ്റ്റേഷന്റെ പേരിനു, ഹിന്ദിയിൽ ശരിയായി തന്നെ എന്റെ പേരെഴുതിയിരിക്കുന്നു
കണ്ടു മനസ്സിൽ ഒരു കുളിർമ അനുഭവപെട്ടു, വീണ്ടും യാത്ര തുടർന്നു.
അപ്പോഴേക്കും ആരൊക്കെയോ പതുക്കെ അനക്കം വെക്കാൻ തുടങ്ങി, അവരോടൊക്കെ ഞാൻ പറഞ്ഞു ഇപ്പോൾ കഴിഞ്ഞത് എന്റെ പേരിലുള്ള സ്റ്റേഷൻ ആയിരുന്നു എന്ന്.
അടുത്ത സ്റ്റേഷനിൽ വെള്ളം പിടിക്കാൻ തയ്യാറായി ഇരിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നതാണ് കാരണം പത്തു മിനിറ്റിൽ കൂടുതൽ അവിടെ തീവണ്ടി നിർത്തും. ജാൻസി. അതാണ് അടുത്ത സ്റ്റേഷൻ; ജാൻസി ജംക്ഷൻ. തലമുറകൾക്കു പ്രചോദനമായ ധർമ്മിഷ്ഠയുടെ ആസ്ഥാനം
സ്വരാജ്യസ്നേഹത്തിന്റെ സംക്ഷിപ്തരൂപമായ നെഞ്ചുറപ്പുള്ള ജാൻസി റാണി, ധീര, ജീവിച്ചിരുന്നതു 160 വർഷങ്ങൾക്കപ്പുറം വെറും 3 ദശാബ്ദം, ഇന്നും ജാൻസി എന്ന് കേട്ടാൽ മനസ്സിൽ ഒരു കൂട്ടം വികാരങ്ങൾ തിരയടിക്കും. കണ്ടിട്ടില്ലാത്ത, എത്രയോ നീതിജ്ഞന്മാരെ ഓർത്തു നമ്മളുടെ മനസ്സുകൾ വികാരം കൊള്ളാറുണ്ട്, അതിൽ ഒരാളാണ് ജാൻസി റാണി. സ്വന്തം സുരക്ഷനോക്കാതെ യാതൊരു ഭയവുമില്ലാതെ തന്റെ രാജ്യത്തിനുവേണ്ടി ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ പോരാടി വീരമൃത്യു പ്രാപിച്ച ധീരയായ ഭാരത വനിത;.രാജ്ഞി, റാണി ലക്ഷ്മി ഭായ് !!
കവി ഭാവനയിൽ ഉരുത്തിരിഞ്ഞ കഥാപാത്രം പോലെ അതഭുതാവഹകമായ ജീവിതം; വളരെ അധികം സങ്കീർണമായ ജീവിതം, വിധവ ആയ നാൾ മുതൽ തുടർച്ചയായ ബ്രിട്ടീഷ് ആക്രമണത്തെ ചെറുക്കാനായി പലയിടത്തായി മാറി മാറി പറിച്ചു നടേണ്ട വന്ന നാളുകൾ. സ്വന്തം പ്രജകളെ നെഞ്ചോട് ചേർത്ത് പിടിച്ച രാജ്ഞി. അവസാന ശ്വാസം വരെ ഭാരതത്തിനു വേണ്ടി പോരാടിയ ധീര വനിത. പിൽക്കാലത്തു പലപ്പോഴും നമ്മൾ പറഞ്ഞു കേട്ട പേര്. അമർ ചിത്രകഥകളിലൂടെ ഒത്തിരി ഒത്തിരി ആസ്വദിച്ച നൈപുണ്യം.
ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നിഷ്ഠുരവാഴ്ചയും സ്വേച്ഛാധിപത്യവും തീർത്ത ബന്ധനങ്ങളിൽ നിന്നും, പീഡനങ്ങളിൽ നിന്നും, ഭാരതത്തിനെയും ഭാരതീയരെയും മോചിപ്പിക്കാനായി പോരാടിയ ധീര വനിത. ദൃഢമായ ഇച്ഛാശക്തി മട്ടിലും, ഭാവത്തിലും, മനഃസ്ഥിതിയിലും പ്രകടിപ്പിച്ച അതുല്യ; പല നാട്ടുരാജാക്കന്മാർ അടിയറവു വെച്ച സ്ഥാനത്താണ് , കീഴടങ്ങാൻ തയ്യാറാവാതെ, തോൽക്കാൻ തയ്യാറാവാതെ, ഭാരതത്തിലെ തന്റെ കൈവശമുള്ള ഭൂമിക്കു വേണ്ടി പൊരുതി മരിക്കാൻ തയ്യാറായത്. ധാര്മ്മികത്വം ഒന്ന് മാത്രമാണ് ഈ ധീര വനിതയെ മുന്നോട്ടു നയിച്ചത്, ബ്രിട്ടീഷ്കാരുടെ നക്കാപ്പിച്ച വാങ്ങി പില്കാലമത്രയും സുഖമായി ജീവിക്കാമായിരുന്നു, പക്ഷെ അവർ അതിനു തയ്യാറായില്ല. മറിച്ചു തന്റെ രാജ്യത്തെ പ്രജകൾക്ക് പ്രചോദനമായി, ജാൻസി റാണി ഒരു രാജ്ഞിയോ ഒരു നേതാവോ മാത്രം ആയിരുന്നില്ല, സ്ത്രീകൾ കുടുംബത്തിന്റെ നാല് ചുവരുകൾക്കുള്ളിൽ മാത്രം നിലകൊണ്ടിരുന്ന കാലത്തു, അവിചാരിതമായി അന്തരിച്ച ഭർത്താവിന്റെ സ്ഥാനം അലങ്കരിക്കാൻ ബാധ്യസ്ഥയായ സ്ത്രീ രത്നം ആയിരുന്നു. ധൈര്യശാലിയായ സ്ത്രീയുടെ മൂർത്തീഭാവം ആയിരുന്നു. പലപ്പോഴും ഓർത്തു പോകാറുണ്ട് നമ്മുടെ ചുറ്റുമുള്ള ജാൻസി റാണിമാരെപറ്റി, പലവിധ ദുഷ്കരങ്ങളായ വെല്ലുവിളികൾക്കെതിരെ വാളെടുക്കുന്ന അമ്മമാരെ പറ്റി. ധീര വനിതകളെ പറ്റി. അവരെല്ലാം എന്നും ഭാരതത്തിന്റെ എക്കാലത്തെയും ധീരയായ ജാൻസിറാണിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മാത്രക ആവട്ടെ
പെട്ടെന്ന് തന്നെ ഗ്വാളിയർ എത്തി, അധികമൊന്നും കേട്ടിട്ടില്ല എങ്കിലും, അമർ ചിത്ര കഥയിലെ അക്ബറിന്റെ കൊട്ടാരത്തിലെ നവരത്നങ്ങളിൽ ഒരാളായ വിശ്വവിഖ്യാത സംഗീതജ്ഞൻ ആയ താൻസെന്റെ നാടാണ് ഗ്വാളിയർ. ബ്രിട്ടീഷ് കാരുടെ പല അക്രമത്തിനും സാക്ഷ്യം വരിച്ച നാട്. ഇനി അടുത്തതു ആഗ്ര ആണ്, ടാജ്മഹലിനെ കുറിച്ച് കേൾക്കാത്ത ഒരു ഇന്ത്യൻ പൗരനും ഉണ്ടാവില്ല. ഏതൊരു ഭാരതീയനും നെഞ്ചോട് ചേർത്ത് വെക്കുന്ന പ്രേമത്തിന്റെ കുടീരമായ താജ്മഹൽ നിലകൊള്ളുന്ന ഇടമാണ് ആഗ്ര. യാത്രയുടെ ഭാഗമായി നിര്ബന്ധമായി കാണാൻ പരിപാടി ഇട്ട സ്ഥലം.
എന്നിരുന്നാലും അത് വഴി പോകുമ്പോൾ ജനാലയുടെ വെളിയിലേക്കു കണ്ണും നട്ടിരുന്നു, തീവണ്ടിയിൽ നിന്ന് കാണാവുന്ന ഇടത്തു വല്ലതും ആയിരിക്കുമോ താജ്മഹൽ എന്ന ചിന്തയോടെ.
ആഗ്ര സ്റ്റേഷൻ കഴിഞ്ഞതോടെ എല്ലാവരും ബാഗൊക്കെ അടുക്കി റെഡി ആവാൻ തുടങ്ങി, ഫരീദാബാദ് കഴിഞ്ഞതും ഞങ്ങൾ ഏതു നിമിഷവും തീവണ്ടിയിൽ നിന്നിറങ്ങാൻ തയ്യാറായിരുന്നു. KK എക്സ്പ്രസ്സ് ഡൽഹിയിൽ എത്തുന്നതിനു ഒരു മണിക്കൂർ മുൻപ് അവരവരുടെ പെട്ടിയെല്ലാം ഒതുക്കി പൂട്ടിയിട്ടു, സീറ്റുകൾക്കടിയിൽ നിന്ന് പുറത്തെടുത്തു വരിവരിയായി വെച്ചിട്ടു എണ്ണി തിട്ടപ്പെടുത്തി. രണ്ടു സാറന്മാരുടെ പെട്ടികളുടെ ചുമതല ഞങ്ങൾ ഏറ്റെടുത്തു, അവർ ടിക്കറ്റും മറ്റുമായി തയ്യാറായി നിന്നു
ഒരു പകൽ മുഴുവൻ പാട്ട്, വാചകമടി, ചീട്ടു കളി, അന്താക്ഷരി, കുറെ പഞ്ചാര, അവിടെയുമിവിടെയുമിരുന്നുള്ള കഥ പറച്ചിൽ, കഥപറയുന്നവരുടെ ഇടയിൽ സ്വർഗ്ഗത്തിലെ കട്ടുറുമ്പാവാൻ തയാറായി നടക്കുന്ന കുറെ പാരകൾ, അങ്ങനെ ട്രെയിൻ യാത്ര വലിയ സംഭവവികാസങ്ങളൊന്നുമില്ലാതെ സമാധാനമായി തീർന്നു. ഇടക്കെപ്പോഴോ ഞാൻ നാസറിനെയും നവാസിനെയും ഓർത്തു, ആൽബിൻ സർ എന്താവും ചെയ്യുക എന്നോർത്തു, എന്തും പ്രതീക്ഷിക്കാം, എന്ത് തന്നെ ആയാലും യാത്ര കുട്ടിച്ചോറാക്കുന്നതൊന്നും ഉണ്ടാവില്ല എന്ന് നല്ല ബോധ്യമായിരുന്നു, ആ വിശ്വാസത്തിൽ ഞാൻ കാത്തിരുന്നു.
അങ്ങനെ ജീവിതത്തിൽ ആദ്യമായി രണ്ടു രാത്രിയും മൂന്നു പകലും തീവണ്ടിയിൽ കഴിച്ചു കൂട്ടിയ ഞങ്ങൾ ഭാരതത്തിന്റെ തലസ്ഥാനത്തു കാലുകുത്താൻ തയ്യാറായി നിന്നു. ഇനി കുറച്ചു നേരം മാത്രം. ചെന്നിറങ്ങിയാലുടനെ ചെയ്യാനായി മിക്കവരുടെയും മനസ്സിൽ രണ്ടു നാളായി താലോലിച്ച ഒരാഗ്രഹം ഉണ്ടായിരുന്നു.! മലയാളിയുടെ പ്രിയപ്പെട്ട കുളി! എല്ലാവരും കുളിച്ചിട്ടു 2 നാൾ ആയിരിക്കുന്നു. താമസ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത് ചാണക്യപുരിയിലെ ഇന്റർനാഷണൽ യൂത്ത് ഹോസ്റ്റലിൽ ആണ്. അവിടെ എത്തിപ്പറ്റാൻ ടെമ്പോ വണ്ടി വിളിച്ചു, 4 എണ്ണത്തിൽ ഞങ്ങളും പെട്ടികളും കയറി. ഉദ്ദേശം 20 മിനിറ്റ് എടുത്തു യൂത്ത് ഹോസ്റ്റലിൽ എത്താൻ, വീതികൂടിയ റോഡുകൾ, ഇതൊരു പുതുമയേറിയ കാഴ്ച ആയിരുന്നു. ഇതുവരെ പോയിട്ടുള്ള എല്ലാ സംസ്ഥാനങ്ങളിലെക്കാളും വീതി കൂടിയ, അങ്ങോട്ടും ഇങ്ങോട്ടും കൂടുതൽ പാതകളുള്ള വിശാലമായ റോഡുകൾ, കുറച്ചു കഴിഞ്ഞപ്പോൾ ഒരു സൈഡിൽ കെട്ടിടങ്ങളൊന്നും ഇല്ല കാടുപോലെ ഇടതൂർന്ന മരങ്ങളും പുൽമേടുകളും ഉള്ള ഒരു പ്രദേശം, അത് കഴിഞ്ഞപ്പോൾ Architecture and Town Planning- ൽ പഠിച്ച Boulevarde, അത്രയധികം വണ്ടികളൊന്നുമില്ലാത്ത ഒരിടം, കൊടിപാറുന്ന കാറുകൾ, പിന്നെ പല രാജ്യങ്ങളുടെയും പേരെഴുതി വെച്ചിരിക്കുന്ന മതില്കെട്ടും ഉറപ്പുള്ള കെട്ടിടങ്ങളും. അപ്പോൾ ഡ്രൈവർ പറഞ്ഞു, ഇതാണ് ചാണക്യപുരി, ഇവിടെയാണ് എല്ലാ വിദേശകാര്യാലയങ്ങളും ഉള്ളത്, വളരെ സുരക്ഷിതമായ ഇടമാണ്, എപ്പോഴും പോലീസും പട്ടാളവും ഉള്ള ഭദ്രമായ സ്ഥലം.
അങ്ങനെ അവസാനം ഞങ്ങൾ ഇന്റർനാഷണൽ യൂത്ത് ഹോസ്റ്റലിന്റെ കവാടത്തിലെത്തി.
ഓരോരുത്തരായി ഇറങ്ങി, ഉന്തും തള്ളും ഇല്ലാതെ സാധനങ്ങൾ ഒക്കെ ഇറക്കി വെചു സാറന്മാർ രണ്ടുപേരും ഓഫീസ് മുറിയിലേക്ക് കയറി ചെന്ന്. റിസർവേഷൻ കടലാസ്സെല്ലാം എടുത്തു, അവിടെയാണെങ്കിൽ അവർ ഒന്നുകിൽ മാതൃഭാഷ പറയും അല്ലെങ്കിൽ രാഷ്ട്ര ഭാഷ. ഹിന്ദി മയം. റിട്ടയർ ചെയ്ത ഉയർന്ന ഒരു മിലിട്ടറിഉദോഗസ്ഥനാണ് ഇവിടത്തെ മേലധികാരി. അവിടെ ജോലിചെയ്യുന്നവർ മിക്കവരുംതലപ്പാവ് കെട്ടിയ പഞ്ചാബികൾ, പിന്നെ കുറെയധികം ഹിന്ദിക്കാർ. ജോൺ ചെറിയാൻ സാർ തന്റെ സ്വതസിദ്ധമായ ശാന്തതയോടെ ആംഗലേയ ഭാഷയിൽ പറഞ്ഞു We are from Kerala, Kollam TKM College of Engineering , We have a reservation here for 3 days. അപ്പോഴേക്കും തൊട്ടടുത്ത അക്കൗണ്ട്സ് മുറിയിൽ നിന്ന് ഒരാൾ എത്തി നോക്കി . ഒരാളെങ്കിലും മലയാളി ഉണ്ടാവും എന്ന് തീർച്ച ആയിരുന്നു. അവിടത്തെ കണക്കു നോക്കുന്ന ഒരാളിന്റെ പേര് വര്ഗീസ് മറ്റൊരാൾ ഒരു ശ്രീകണ്ഠൻ നായർ.
ഞങ്ങൾ കുറച്ചു പേര് പതുക്കെ അവരെ ചെന്ന് കണ്ടു കാര്യങ്ങളൊക്കെ പറഞ്ഞു അങ്ങ് തെക്കു കൊല്ലത്തു നിന്ന് വന്ന പിള്ളേരാണ്, നല്ല രുചിയുള്ള ഭക്ഷണം എവിടെ കിട്ടുമെന്നും, ഇവിടെ എന്തെല്ലാം ചെയ്യാമെന്നുമുള്ള കാര്യങ്ങളും തിരക്കാൻതുടങ്ങി.
ആൺകുട്ടികളും പെൺകുട്ടികളും അടങ്ങിയ ഒരു വലിയ കൂട്ടം കണ്ടപ്പോൾ അവർ പറഞ്ഞു ഇവിടെ വേറെ വേറെ മുറികളല്ല , പൊതുവെയുള്ള നീണ്ട ശയനമുറികൾ ആണ്. കുളിമുറികൾ പൊതുവേയുള്ളവയാണ്. കോളേജിലെ ഹോസ്റ്റൽ പോലെ. ഞങ്ങൾക്കങ്ങനെ 3 വലിയ മുറികൾ ആണ് കിട്ടിയത് ഒരെണ്ണം പെൺകുട്ടികൾക്കും 2 എണ്ണം ആൺകുട്ടികൾക്കും.
ഈ യാത്ര തുടരുന്നതായിരിക്കും..
Leave A Comment