എത്ര താമസിച്ചു കിടന്നാലും കൊച്ചുവെളുപ്പാന്കാലത്തെ ഞാനുണരും , 6 മണി ആയപ്പോഴേ ഞാൻ താഴെയുള്ള റിസപ്ഷനിൽ വന്നു, ഇപ്പോഴത്തെ പോലെ സ്ഥലങ്ങളെ പറ്റിയുള്ള വിവരങ്ങൾ അടങ്ങിയ Pamphlets പണ്ടൊന്നും യഥേഷ്ടം വെളിയിൽ കാണാറില്ല, Front desk-ൽ നിൽക്കുന്ന റിസെപ്ഷനിസ്റ്റിനോട് ചോദിച്ചാൽ അവർ ആളും തരവുമൊക്കെ നോക്കി അകത്തു പോയി എടുത്തു തരും അതല്ലെങ്കിൽ നൈസ് ആയി നമ്മളെ ഒഴിവാക്കും.
വളരെ ഭവ്യതയോടെ, പല്ലു മുഴുവൻ വെളിയിൽ കാണിച്ചു ചിരിച്ചു കൊണ്ട് റിസപ്ഷൻ ഡെസ്കിൽ നിന്ന ആളിനോട് പതുക്കെ ചോദിച്ചു, ഈ കാഴ്ചകൾ കാണുന്നതിന്റെ വിവരങ്ങൾ അടങ്ങിയ എന്തെങ്കിലും അച്ചടിച്ചത് ഒരെണ്ണം ഒന്ന് നോക്കാൻ തരാമോ, നോക്കി എഴുതിയെടുത്തിട്ടു തിരികെ തരാമെന്നും പറഞ്ഞു. മറുപടി ഒന്നും പറയാതെ പുള്ളിക്കാരൻ അകത്തെ മുറിയിൽ പോയി ഒരു ഫൈലിൽ നിന്ന് നാലഞ്ച് Foolscap പേപ്പർ ഊരി എടുത്തു തന്നു. Semester Exams-ന്റെ Question Paper Cyclostyle ചെയ്ത പോലെ. പകുതി തെളിഞ്ഞട്ടില്ല എന്നാലും ഞാൻ മാറിയിരുന്നു എന്റെ കൈയ്യിലുള്ള കടലാസ്സിലോട്ടു പേരുകൾ പകർത്തി എടുത്തു.
ആറേമുക്കാലായതും പെൺകുട്ടികൾ എല്ലാവരും മുൻവശത്തെത്തി, അപ്പോഴേക്കും John Cherian സാറും Namboothiri സാറും എത്തി
ഹോട്ടലിലെ ഭോജന ശാലയിലേക്ക് പോകുന്നതിന്റെ ഇടയ്ക്കു John Cherian സാറ് വീണ്ടും ചോദിച്ചു: ബീന; ഇനി അടുത്ത visitor എവിടെ ആണുള്ളത്?
സാർ ഇനി ബോംബെ എത്തുന്ന വരെ ആരുമില്ല സാർ. തീർന്നു ഇനി Bombay, Goa അത്രമാത്രം.
Hotel-ലെ ബാക്കി താമസക്കാരോക്കെ വരുന്നതിനു മുന്നേ തന്നെ ഞങ്ങൾ കാപ്പി കുടിക്കുന്ന ധൃതിയായി
ചപ്പാത്തി, ഡാൽ, ഉള്ളി, പനീർ കൊണ്ടുള്ള വിഭവങ്ങൾ, എന്തൊക്കെയോ വറുത്തതും കരിച്ചതും പൊരിച്ചതും, പെട്ടെന്ന് കഴിച്ചിട്ടു എല്ലാവരും ബസ്സിൽ കയറി
Jammu- വിൽ ഒരു ദിവസമേ ഉള്ളൂ. ഒട്ടും സമയം കളയാതെ പോകാനുള്ള ഇടമെല്ലാം കാണണം, മാത്രമല്ല കാശ്മീരിൽ ഉണ്ടാക്കുന്ന ഏതെങ്കിലും ഉത്പന്നങ്ങൾ വാങ്ങാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ . മറ്റൊരു അവസരം കിട്ടുകയുമില്ല.
ആരൊക്കെയോ എന്നോട് കുറച്ചു കാര്യങ്ങളുടെ പട്ടിക തന്നു, ഞാൻ വാങ്ങിയ സാധനങ്ങൾ കണ്ടിട്ട് തോന്നിയ ആഗ്രഹങ്ങൾ. പക്ഷെ ഞാൻ വാങ്ങിയതിലും വില കുറച്ചു വില പേശി വാങ്ങി കൊടുക്കണം . Bargaining- ൽ ഉസ്താദായി മാറിയ എനിക്ക് ഇഷ്ടപെട്ട പണി.
ബസ്സിൽ കയറിയതും ഗൈഡിനോട് ഒരു പൊതു ആവശ്യം അറിയിച്ചു, പ്രത്യേകതയുള്ള എല്ലാം കാണണം, ഞാൻ എഴുതി കുറിച്ചിട്ട സ്ഥലങ്ങളുടെ പേരുവിവരങ്ങൾ ഗൈഡിനെ ഏല്പിച്ചു, അതിൽ മുഗൾ ആർക്കിടെക്ചർ-ൽ നിന്നും വ്യത്യസ്തമായ ഒരു മ്യൂസിയം ഉണ്ട് അവിടെ എന്തായാലും പോകണം, പക്ഷെ ഒരു രണ്ടു മണിക്കൂറെങ്കിലും കടകമ്പോളങ്ങൾ ഉള്ള പട്ടണഭാഗത്തു കൊണ്ടുപോകണം, സാധനങ്ങൾ വിലപേശി വാങ്ങാവുന്ന മാർക്കറ്റുകൾ ഉള്ള സ്ഥലത്തു.
ഗൈഡ് ഞാൻ കൊടുത്ത പേര് വിവരങ്ങൾ വായിച്ചു നോക്കിയിട്ടു പറഞ്ഞു, ഇത് തന്നെയാണ് ഞങ്ങളും ഉദ്ദേശിച്ചത്, എല്ലാം തവി നദിയുടെ ഓരത്താണ്. ഒരു 15 Km ചുറ്റളവിൽ.
ഇനി എല്ലാം നിങ്ങളുടെ കൈയ്യിലാണ്, അവസാനം പോകുന്നത് മനോഹരമായ ഒരു ഉദ്യാനത്തിലാണ്. അവിടെ നിങ്ങള്ക്ക് സമയം കുറക്കാമെങ്കിൽ സാധനങ്ങൾ വാങ്ങാൻ കുറച്ചു കൂടി സമയം കിട്ടും.
എന്നാൽ പിന്നെ അങ്ങനെ ആവട്ടെ എന്ന് എല്ലാവരും ചേർന്ന് തീരുമാനിച്ചു, ഷാലിമാർ കണ്ട ഞങ്ങൾക്ക് അവിടെ ഒന്ന് ഓടി കണ്ടാൽ മതിയെന്നായി.
വണ്ടി പുറപ്പെട്ടു, ഫ്രഞ്ച് ആർക്കിടെക്ചർ പഠിക്കുമ്പോൾ മനസ്സിൽ ആദ്യം പതിയുന്നത് , നമ്മുടെ മനസ്സിൽ മതിപ്പു ഉളവാക്കാൻ വേണ്ടി Architecet അവലംബിക്കുന്ന വിശദാംശങ്ങളാണ്, അവരുടെ ഡിസൈൻ രീതികൾ , ഒരു അടയാളം വെക്കുന്ന പോലെയാണ്. കട്ടിക്കുള്ള കൽപണികൾ, പൊക്കം കൂടിയ ചിമ്മിനി, കണ്ടാൽ കോട്ട പോലെ തോന്നുന്ന ബ്രഹത്തായ കെട്ടിടങ്ങൾ.
ഞങ്ങൾ ആദ്യം പോയത് അങ്ങനെ ഒരു കെട്ടിടത്തിലേക്കാണ് . നൂറു വർഷങ്ങൾക്കപ്പുറം പണിഞ്ഞ കൊട്ടാരം, സർക്കാർ അത് മ്യൂസിയം ആയി സൂക്ഷിക്കുന്നു. പണ്ടുകാലത്തെ ജീവിത രീതിയും ശേഖരണങ്ങളും, നമ്മൾക്കൊക്കെ കാണാനായി പ്രദർശിപ്പിച്ചിരിക്കുന്നു. സ്വർണത്തിൽ തീർത്ത ഒരു സിംഹാസനം കണ്ണാടിക്കൂട്ടിലൂടെ കണ്ടതോർക്കുന്നു. അറിയില്ല ഇപ്പോഴും അതവിടെ തന്നെ ഉണ്ടോ എന്ന്.
സൂക്ഷ്മാകാരമായ, ചിത്രങ്ങളുടെ പകർപ്പുകൾ ആദ്യമായി എനിക്ക് സ്വന്തമായി കിട്ടിയത് Readers Digest- പുസ്തകങ്ങളുടെ വരി പുതുക്കിയപ്പോൾ ആണ് 6 പടങ്ങൾ, പിന്നെ കിളികളുടെയും മൃഗങ്ങളുടെയും 6 പടങ്ങൾ. അതിൽ ചെറുതാക്കി വരച്ചവ കശ്മീരിലെ കൊട്ടാരങ്ങളിലെ പടങ്ങളുടെ പകർപ്പാണെന്നു എഴുതിയിരുന്നു.
ഞാനെപ്പോഴും ഓർക്കാറുണ്ട്, നമ്മുടെ നാട്ടിലാണ് ലോകത്തെ ഏറ്റവും വിലമതിക്കപെട്ട ശേഖരണങ്ങൾ ഉള്ളത്, കെട്ടുറപ്പുള്ള ഒരു കെട്ടിടത്തിൽ ആവശ്യത്തിനുള്ള കാവലുമായി പ്രദർശനത്തിന് വെച്ചാൽ ലോകമെമ്പാടുമുള്ള സഞ്ചാരികളും, നമ്മൾ നാട്ടുകാരും വരും ടിക്കറ്റ് എടുക്കും, പഴമയുടെ പ്രൗഢിയും, നമ്മുടെ ശ്രേഷ്ടമായ സംസ്കാരവും, പൈതൃകവും കാണും പഠിക്കും, മാത്രമല്ല നാടിനു സുസ്ഥിരമായ ഒരു വരുമാന മാർഗമാവും ആകും. ഭൂമിക്കടിയിലെ അറകളിൽ കുഴിച്ചിട്ടു നിധി കാക്കുന്ന ഭൂതങ്ങളെ പോലെ ഇരുന്നാൽ ആർക്കാണ് പ്രയോജനം, ഇതു നമ്മുടെ നാടിന്റെ സ്വന്തമല്ലേ, അവകാശി ആരോ ആവട്ടെ പൂട്ടികെട്ടി വെക്കുന്നതിലും എത്രയോ നല്ലതാണ് നാല് പേര് കണ്ടു ആസ്വദിക്കാനായി കെട്ടുറപ്പുള്ള മ്യൂസിയത്തിൽ വെക്കുന്നത്. എന്തോ എന്റെ ഉത്തരം കിട്ടാത്ത പല ചോദ്യത്തിൽ ഒന്നായി ഇത് അവശേഷിക്കുന്നു.
ഞങ്ങൾ എത്തുന്നതിനു ഒരു വർഷം മുന്നേ ഉണ്ടായഭൂമി കുലുക്കത്തിൽ ഈ പ്രൗഢഗംഭീരമായ Mubarak Mandi കോട്ടയുടെ കുറെ അധികം ഭാഗങ്ങൾ തകർന്നിരുന്നു, ഏറ്റവും സങ്കടകരമായ കാര്യം നശിച്ചതൊന്നും തന്നെ പുനരുദ്ധാരണം ചെയ്യാനോ പുതുക്കിപ്പണിയാണോ ശ്രമിച്ചിട്ടില്ല, പോയത് പോകട്ടെ, ആർക്കു ചേതംഎന്നൊരു മനോഭാവമാണ് കണ്ടത്.
റോഡരുകിലുള്ള കവാടത്തിന്റെ അരികിൽ വണ്ടി നിർത്തി ഇറങ്ങിയെങ്കിലും പല ഭാഗവും പുറത്തു നിന്ന് നോക്കി കാണാനേ സാധിച്ചുള്ളു അത്രയ്ക്ക് താറുമാറായി കിടക്കുകയായിരുന്നു, അത്ര സുരക്ഷിതവും ആയിരുന്നില്ല. കുറെ സ്ഥലം സർക്കാർ ആപ്പീസായി പ്രവർത്തിക്കുന്നു . പക്ഷെ സങ്കടം തോന്നും ഒട്ടും സൂക്ഷിക്കാതെ കരുതാതെ ഓരോന്നായി നശിക്കുന്നത് കാണുമ്പോൾ .
ഇവിടെ ഒരു പിങ്ക് മുറിയുണ്ട് ആദ്യമായിട്ടാണ് രാജസ്ഥാനി ആർക്കിടെക്ചർ കണ്ടത്. അതിൽ ഒരു മ്യൂസിയം! ദോഗ്ര ആര്ട്ട് മ്യൂസിയം എന്നാണ് പേര്, വളരെ വിലപിടിപ്പുള്ള പല വസ്തുക്കളുടെ ശേഖരണം, സൂക്ഷ്മാകാരമായ ചിത്രങ്ങൾ, വിലപ്പെട്ട കൈയെഴുത്തു രേഖകൾ, പഴയകാലത്തെ ആഭരണങ്ങൾ, നാണയങ്ങൾ, വേഷങ്ങൾ, തോക്കുകൾ, പലതരം ആയുധങ്ങൾ ഇതൊക്കെ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.
ഞങ്ങളുടെ ഭാരത യാത്രകൾക്കിടയിൽ പഴമയുടെ പ്രൗഢി വിളിച്ചോതുന്ന പ്രദർശനാലയങ്ങൾ പലയിടത്തും കണ്ടിരിക്കുന്നു.
കുറച്ചു വര്ഷങ്ങള്ക്കു മുന്നേ മാചിപ്പിച്ചുവിൽ പോയ അവസരത്തിൽ ഞാൻ പെറുവിന്റെ തലസ്ഥാനമായ ലീമയിൽ പോയി. എയർപോർട്ടിൽ ഇറങ്ങി പട്ടണത്തിലൂടെ പോയപ്പോൾ സത്യം പറയാല്ലോ, മദിരാശിയിലെ ഏതോ റോഡിലൂടെ പോകുന്ന അതേ അനുഭവമായിരുന്നു. അവിടെ ഒരു വ്യക്തിയുടെ ശേഖരണങ്ങൾ ഉള്ള ഒരു മ്യൂസിയം കാണാൻ പോയി ലാർക്കോ മ്യൂസിയം.
ഭാരത യാത്രക്കിടയിൽ പലയിടത്തും കണ്ട സാധനങ്ങൾ ഇവിടെ കണ്ടു. പക്ഷെ, ഓരോ സാധനങ്ങളും പ്രദര്ശിപ്പിച്ചിരിക്കുന്ന രീതി, കണ്ണാടി ചില്ലിന്റെ കൂട്ടിലെ രാജോചിതമായ ഇരുപ്പു, കാഴ്ചവസ്തുക്കൾക്കു ആവശ്യത്തിനുള്ള എടുപ്പ് കിട്ടാനുതകുന്ന വെളിച്ചം, പശ്ചാത്തലം, ഇതെല്ലം വളരെ സൂക്ഷമതയോടെ ചെയ്തിരിക്കുന്നു. എല്ലാ പ്രദർശന വസ്തുവിന്റെയും ചരിത്രം പറയുന്ന ഫലകങ്ങൾ, ഇതൊക്കെ കാണുമ്പോൾ നമ്മളുടെ മനസ്സിലും ഒരു സംതൃപ്തി തോന്നും. ആ ഓർമ്മകൾ നമ്മൾ മനസ്സിൽ കൊണ്ട് നടക്കും.
ഇത്രയും ആയപ്പോഴേക്കും 4 മണിയായി ഇനിയിപ്പോ Bagh E Bahu ഉദ്യാനത്തിൽ പോയി ബസ്സിൽ നിന്ന് ഇറങ്ങിയാൽ, ഇറങ്ങുന്നതിനും കയറുന്നതിനും തന്നെ ഒരു മണിക്കൂർ പോകും അപ്പോൾ ജമ്മുവിലെ കടയിൽ പോക്ക് കുളമാകും, അതുകൊണ്ടു എല്ലാവരും കൂടി ഒന്ന് തീരുമാനിച്ചു അവിടം വരെ പോകാം; ഇറങ്ങേണ്ട, വണ്ടിയിൽ ഇരുന്നു കാണാം. ഇറങ്ങാത്തതു കൊണ്ട് എന്തെങ്കിലും തീരാ നഷ്ടം സംഭവിക്കുമോ എന്ന ചോദ്യത്തിന് ഗൈഡ് പറഞ്ഞു ഷാലിമാർ പുലിയാണെങ്കിൽ ഇത് വെറും എലി മാത്രം. എന്നാൽ പിന്നെ പോട്ടെ എന്നായി എല്ലാവരും;
അഞ്ചു മണിയോടെ ലൊട്ടുലൊടുക്ക് സാധനങ്ങളും തുണിയുമൊക്കെ കച്ചവടം നടത്തുന്ന നഗരത്തിന്റെ ഹൃദയ ഭാഗത്തെത്തി, എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ കശ്മീരിലെ സാധനങ്ങൾ വാങ്ങാനുള്ള അവസാന അവസരമാണ്.
എല്ലാവരും കൂടി ചേർന്ന് ഒരു തീരുമാനമെടുത്തു രണ്ടു കാര്യം മൊത്തമായിട്ടുള്ള എണ്ണമെടുത്തിട്ടു വില പേശി ആദായത്തിൽ വാങ്ങാമെന്നു.
ആഭരണങ്ങളും, പഴങ്ങളും, പരിപ്പുകളും മേശപ്പുറത്തു അലങ്കരിച്ചു വെക്കാനായി പക്ഷികളുടെയും, പഴങ്ങളുടെയും, ഇലകളുടെയും ആകൃതിയിൽ Walnut-ന്റെ തടിയിൽ ഉണ്ടാക്കിയപാത്രങ്ങൾ, ഒരു വീട്ടിലേക്കു ഒരു ഷോൾ, ക്രീം നിറത്തിലെ മൃദുലമായ കമ്പിളിയിൽ ചാര നിറത്തിലെ നൂല് കൊണ്ട് സ്റ്റം സ്റ്റിച്ചും, സാറ്റിൻ സ്റ്റിച്ചും തൈയ്ച്ച ഷോൾ. മുറി ഹിന്ദിയും ആംഗ്യവുമൊക്കെ കാണിച്ചു ഞങ്ങൾ വേണ്ടുന്ന സാധനങ്ങൾ ആദായ വിലക്ക് വാങ്ങി,
ഞങ്ങൾ കുറച്ചു പേര് അവിടെയുള്ള അമ്പലങ്ങളിൽ കയറി തൊഴുതു, കുറെ പേര് വെറുതെ അങ്ങോട്ടുമിങ്ങോട്ടും തേരാ പാരാ നടന്നു. സന്ധ്യ മയങ്ങിയപ്പോഴേക്കും വിശപ്പ് അരിച്ചു കയറാൻ തുടങ്ങി. ഇന്നിപ്പോൾ റോഡരുകിലെ തട്ട് കടകളിൽ നിന്നെന്തെങ്കിലും കഴിക്കാമെന്നായി എല്ലാവരും.
ബസ് കാരന്റെ സമയം രാത്രി 8 മണി വരെ യാണ്. അതിന്റെ ഉള്ളിൽ പരിപാടിയെല്ലാം അവസാനിപ്പിച്ചു ബസിൽ കയറി ഹോട്ടലിൽ എത്തണം.
പിറ്റേന്നു രാവിലെ ഒൻപതു മണിക്ക് Chandigarh- ലേക്ക്. പോകേണ്ടതാണ് ഇനിയങ്ങോട്ട് തീവണ്ടി യാത്ര ആണ്; അത് കൊണ്ട് സാധനങ്ങൾ എല്ലാം അടുക്കി പെട്ടിയെല്ലാം പൂട്ടി റെഡി ആക്കി വെക്കണം. രാവിലെ ഒന്നിനും നേരമുണ്ടാവില്ല
എല്ലാവരും നേരെ മുറികളിലേക്ക് പോയി.
രാവിലെ 6.30-ക്കു താഴെ കാണണം എന്നായിരുന്നു നിർദ്ദേശം.
ഈ യാത്ര തുടരുന്നതായിരിക്കും
Leave A Comment